Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 11

ബോഡോ വംശീയതയും അഹോം മുസ്ലിംകളും

ഇഹ്സാന്‍

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും സോണിയാ ഗാന്ധിയുമൊക്കെ അടിയന്തര പ്രാധാന്യത്തോടെ സന്ദര്‍ശനം നടത്താനിടയാക്കിയ ആ പ്രത്യേകത എന്തായിരുന്നു ഇത്തവണത്തെ ബോഡോ വംശീയകലാപത്തില്‍? ബോഡോകള്‍ക്ക് സ്വന്തമായി സംസ്ഥാനം വേണമെന്ന ആവശ്യമുന്നയിച്ച് 1983 മുതല്‍ ആരംഭിച്ച വംശീയ വിഘടനവാദത്തിന്റെ ഭാഗമായി നടന്ന മൂന്നാമത്തെയോ നാലാമത്തെയോ വംശീയ ശുദ്ധീകരണമായിരുന്നു ഇത്തവണത്തേത്. 2008-ല്‍ സമാനമായ ദുരന്തമുണ്ടായപ്പോള്‍ ഇതേ ഡോ. മന്‍മോഹന്‍സിംഗ് തന്നെയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. അന്നദ്ദേഹം റേസ്കോഴ്സ് റോഡിലെ വസതിയിലിരുന്ന് പ്രത്യേകിച്ച് എന്തെങ്കിലും ഇടപെടല്‍ നടത്തിയതായി രാജ്യം കേട്ടിരുന്നില്ല. അസാധാരണമായ രീതിയില്‍ ഇത്തവണ പ്രധാനമന്ത്രി രംഗത്തിറങ്ങി. പുറമെ പറയപ്പെടുന്നതിന്റെ എത്രയോ മടങ്ങ് ഭീകരമായിരുന്നു കൊക്രാജാറിലെ കലാപമെന്നാണ് ഇതിലടങ്ങിയ ഒന്നാമത്തെ സൂചന. അപ്പുറത്തെ മ്യാന്‍മറില്‍ നടക്കുന്നതും ബോഡാലാന്റില്‍ നടന്നതും എളുപ്പത്തില്‍ കൂട്ടിവായിക്കാനാവുന്ന വിഷയങ്ങളാണെന്ന തിരിച്ചറിവും ചരിത്രത്തിലാദ്യമായി കലാപത്തിന്റെ മൂന്നാംപക്കം തന്നെ കേന്ദ്രസര്‍ക്കാറിന്റെ 300 കോടി സഹായധന പ്രഖ്യാപനത്തിലേക്കു നയിച്ച ഈ അസാധാരണമായ തിടുക്കത്തിനു പിന്നിലുണ്ട്. റോഹിങ്ക്യയില്‍ നടക്കുന്നതും ബോഡോലാന്റില്‍ നടന്നതും തത്ത്വത്തില്‍ ഒരേ കലാപമാണെന്നത് സ്പഷ്ടം. റെക്കാനയില്‍ ബുദ്ധമത വിശ്വാസികള്‍ അവരല്ലാത്തവരെ ചുട്ടും കൊന്നും കുടിയൊഴിപ്പിക്കാന്‍ തീരുമാനിച്ചതു പോലെയാണ് മുസ്ലിംകളുടെ ഗ്രാമങ്ങള്‍ ചുട്ടെരിക്കാന്‍ ബോഡോകള്‍ തീരുമാനിച്ചത്. രണ്ടിടത്തും ഇരകളാക്കപ്പെട്ട സമൂഹം വലിയൊരളവോളം ഒരേ വംശീയ സവിശേഷതകള്‍ പേറിനടക്കുന്നവരുമാണ്. പഴയ അവിഭക്ത ബംഗാളിന്റെ തുടര്‍ച്ചയായിരുന്ന അരാക്കാന്‍ മുതല്‍ ഇപ്പോഴത്തെ പശ്ചിമബംഗാള്‍ വരെ ജീവിച്ച ഒറ്റ ജനതയാണ് പില്‍ക്കാലത്തുണ്ടായ രാഷ്ട്രീയ വിഭജനങ്ങളുടെ പേരില്‍ ഈ ശിക്ഷകള്‍ ഏറ്റുവാങ്ങുന്നത്.
2003-ല്‍ ഉണ്ടാക്കിയ സമാധാന കരാറിന്റെ ഭാഗമായി ബോഡോകള്‍ ആയുധം ഉപേക്ഷിച്ചെങ്കിലും അവരേക്കാള്‍ മറ്റു മതവിഭാഗങ്ങള്‍ തന്നെയാണ് ഇപ്പോഴും ബോഡോലാന്റില്‍ ജനസംഖ്യാപരമായി കൂടുതലുള്ളത്. 30 ശതമാനത്തില്‍ താഴെയാണ് ബോഡോ ജനസംഖ്യ. ശേഷിച്ച ഭൂരിപക്ഷത്തില്‍ മുസ്ലിംകളും ഹിന്ദുക്കളും രാജബംശികളും നേപ്പാളികളും ഉള്‍പ്പെടുന്നു. പക്ഷേ മുസ്ലിംകളാണ് കൂടുതല്‍. '60കളില്‍ ആരംഭിച്ച് '90കളുടെ ആദ്യകാലഘട്ടം വരെ ബോഡോലാന്റിന്റെ വടക്കന്‍ മേഖലയില്‍ ഉദയാചല്‍ എന്ന പേരില്‍ ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനം വേറെ രൂപീകരിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ബോഡോലാന്റിന്റെ സമീപസ്ഥ ജില്ലകളായ ബൊംഗയ്ഗാംവ്, ദുബ്രി, ഗോല്‍പാറ മുതലായവ മുസ്ലിം ഭൂരിപക്ഷ ജില്ലകളാണ്. ബൊംഗയ്ഗാംവിനോടു ചേര്‍ന്ന അഭയ്പുരി ഈ കലാപങ്ങളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായ ഒരു മുസ്ലിം ഭൂരിപക്ഷ പട്ടണമാണ്. ബോഡോലാന്റ് പ്രോഗ്രസീവ് പീപ്പിള്‍സ് പാര്‍ട്ടിയും (ബി.പി.പി.പി) കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ കുട്ടുകെട്ടിന്റെ സഹായത്തോടെ ബോഡോലാന്റ് ഓട്ടോണമസ് കൌണ്‍സിലിലെ നാല് ജില്ലകളും ബോഡോകള്‍ക്ക് ഭരിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍, തികച്ചും ജനാധിപത്യവിരുദ്ധമായ ഈ ആധിപത്യത്തിനെതിരെ ബോഡോകളില്‍ തന്നെയുള്ള ചെറിയ ഗ്രൂപ്പുകളും മുസ്ലിം യുവാക്കളും ഈയിടെയായി പ്രതിഷേധമുയര്‍ത്താന്‍ തുടങ്ങിയിരുന്നു. ബോഡോലാന്റ് ടെറിട്ടോറിയല്‍ കൌണ്‍സിലില്‍ തങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് ഈയിടെ മുസ്ലിം യുവാക്കള്‍ പ്രക്ഷോഭത്തിനിറങ്ങി. അവരുമായി ബോഡോ യുവാക്കള്‍ കൊമ്പുകോര്‍ക്കാനാരംഭിച്ചതും അതിന്റെ തുടര്‍ച്ചയെന്നോണം മേഖലയില്‍ സംഘര്‍ഷം ഉടലെടുക്കുന്നതും ഈ ജൂണ്‍ മുതല്‍ വാര്‍ത്തകളിലുണ്ടായിരുന്നു.
സങ്കുചിത വംശീയവാദത്തിന്റെ പ്രയോക്താക്കളായ ബോഡോ ജനതക്ക് മറ്റുള്ള ആരെയും ഉള്‍ക്കൊള്ളാനുള്ള വിശാലമായ കാഴ്ചപ്പാടോ സന്നദ്ധതയോ ഉണ്ടായിരുന്നില്ല. ബോഡോ ദേശീയതയുടെ കാര്യത്തില്‍ ഇവര്‍ക്കിടയില്‍ തന്നെ കടുത്ത അഭിപ്രായവ്യത്യാസമുള്ള മറ്റൊരു ഗ്രൂപ്പും നിലനില്‍ക്കുന്നുണ്ട്. തീവ്രവാദ സ്വഭാവം മൂലം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച നാഷ്നല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് (ബി.ഡി.എഫ്.പി) എന്ന ഈ സംഘടനയുടെ ആസ്ഥാനമാകട്ടെ ബംഗ്ളാദേശിലാണെന്നതാണ് കൂടുതല്‍ വിചിത്രം. പക്ഷേ മുസ്ലിംകള്‍ക്കെതിരെ ആക്രമണമഴിച്ചുവിടാന്‍ ബി.പി.പി.പിയും ബി.ഡി.എഫ്.പിയും പലപ്പോഴും ഒരുപോലെ വ്യാജവിലാസവുമായി രംഗത്തിറങ്ങുന്നു എന്നതാണ് യാഥാര്‍ഥ്യം. 2008-ലെ കലാപത്തില്‍ ഈ സംഘടനകളായിരുന്നു ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ടായിരുന്നത്. ഇത്തവണ മൂന്നാമതൊരു സംഘടനയുടെ പേരാണ് കൂടുതലും പറഞ്ഞു കേള്‍ക്കുന്നത്. നാഷ്നല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് (എന്‍.ഡി.എഫ്.ബി) എന്ന ഈ സംഘടനയും ഒരു ഭാഗത്ത് കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ചയിലാണ് എന്നതാണ് വിചിത്രം. ഈ സംഘടനയുടെ ഗുണ്ടകള്‍ ഹിന്ദി സംസാരിക്കുന്ന ഒരു കുടുംബത്തെ കൊക്രാജാറിനു സമീപം വെട്ടിക്കൊന്നതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ കലാപം. എന്‍.ഡി.എഫ്.ബിയുടെ രഞ്ജന്‍ ദൈമാരി നയിക്കുന്ന വിമത വിഭാഗമാണ് ആസാമില്‍ ഈയിടെയായി നടന്ന മിക്ക സ്ഫോടനങ്ങളുടെയും പിറകില്‍ ഉണ്ടായിരുന്നത്. പക്ഷേ തങ്ങളുടെ മൂക്കിന്‍ ചുവട്ടില്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്നുണ്ടായിരുന്നെങ്കിലും രഹസ്യാന്വേഷണ ഏജന്‍സികളും ഗൊഗോയി സര്‍ക്കാറും കുറ്റകരമായ മൌനം പാലിച്ചു. വേണമെങ്കില്‍ ഗവണ്‍മെന്റിന് നിയന്ത്രിക്കാനും ഇടപെടാനും കഴിയുമായിരുന്ന കലാപമായിരുന്നു ഇത്.
1983 മുതല്‍ ആസാമില്‍ കൊല്ലപ്പെട്ട മുസ്ലിംകളുടെ എണ്ണം 10,000ത്തില്‍ കുറയില്ലെന്നാണ് ചില സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. '93ലും '94ലും '97ലും 2008ലുമൊക്കെ ആസൂത്രിതമായ കലാപങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കു പുറമെ ഇടക്കിടെയുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളില്‍ അതിലേറെ പേര്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നെല്ലി കലാപത്തില്‍ മാത്രം 3300 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം ആസാമിലെ മുസ്ലിംകള്‍ ബംഗ്ളാദേശി നുഴഞ്ഞുകയറ്റക്കാരാണ് എന്ന ആരോപണമുന്നയിച്ച് ഈ സംഭവങ്ങളെ ചെറുതാക്കി കാണിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ആസാമും ബംഗാളും മുസ്ലിംകളും ഉണ്ടായതിനു ശേഷമാണ് ബംഗ്ളാദേശ് ഉണ്ടായതെന്നും ഈ മേഖലയിലുടനീളം നൂറ്റാണ്ടുകളായി മുസ്ലിംകള്‍ താമസക്കാരായിരുന്നുവെന്നതും മറച്ചുപിടിച്ചാണ് ഈ വേട്ടയാടല്‍ അരങ്ങേറുന്നത്. ആസാമിലെയും ബംഗാളിലെയും മുസ്ലിംകള്‍ പുതിയ രാജ്യത്തേക്ക് ഓടിപ്പോവാതെ ബാക്കിയായതിലുള്ള വര്‍ഗീയവൈരമാണ് അവരെ ബംഗ്ളാദേശികളാക്കി ചിത്രീകരിക്കുന്നതിന്റെ രാഷ്ട്രീയം. മുസ്ലിംകളാകട്ടെ ജീവിക്കുന്ന ഗ്രാമത്തില്‍ നിന്ന് പലപ്പോഴും പുറത്തുകടക്കാന്‍ പോലും കഴിയാത്ത ദുരവസ്ഥയിലാണ് നാളുകള്‍ കഴിച്ചു കൂട്ടുന്നത്. ഒരു ഗ്രാമത്തില്‍ നിന്ന് മറ്റൊന്നിലേക്കു പോയാല്‍ പോലും ബംഗ്ളാദേശിയായി ചിത്രീകരിക്കപ്പെടുന്ന ദുരന്തമാണിവരുടേത്. ബംഗാളി ഭാഷയും താടിയും തൊപ്പിയുമാണ് മുസ്ലിംകള്‍ക്കെതിരെയുള്ള ഈ പ്രചാരണത്തിന്റെ ആയുധമായി മാറുന്നത്. അതേസമയം ബോഡോലാന്റ് ഏരിയയില്‍ ആസാമി ഭാഷ മാത്രം അറിയുന്ന മുസ്ലിംകളെ പോലും വേട്ടയാടാനുള്ള ആയുധമാകുന്നതും വേഷത്തെക്കുറിച്ച ഇതേ ആരോപണമാണ്.
53 പേര്‍ കൊല്ലപ്പെട്ട, ഏകദേശം നാലു ലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളായ ഇപ്പോഴത്തെ കലാപത്തിന് ശേഷം പഴയ ആരോപണങ്ങള്‍ തന്നെയാണ് ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ചക്കെടുത്തത്. കേന്ദ്രസര്‍ക്കാറിന്റെ കെടുകാര്യസ്ഥതയെ വിമര്‍ശിക്കുന്ന എല്‍.കെ അദ്വാനി പോലും നുഴഞ്ഞുകയറ്റക്കാരും തദ്ദേശീയരും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന ആരോപണം ആവര്‍ത്തിച്ചു. ഈ പ്രചാരണം ഗുരുതരമായ പ്രത്യാഘാതമാണ് ആസാമില്‍ സൃഷ്ടിക്കാന്‍ പോകുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍