ഇഅ്തികാഫ് നേടിത്തരുന്നത്
പ്രപഞ്ചനാഥനെ മാത്രം നമിച്ച് അവന്റെ പ്രീതിയും സാമീപ്യവും കൊതിച്ച് ലൗകിക വ്യവഹാരങ്ങളില്‍ നിന്ന് താല്‍ക്കാലിക മുക്തിനേടി കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനയുമായി അവന്റെ ഭവനത്തില്‍ ഭജനമിരിക്കലാണ് ഇഅ്തികാഫ്. വിചാരപരമായ ഇബാദത്തില്‍ ഏര്‍പ്പെടുക, ഭജനമിരിക്കുക എന്നൊക്കെയാണ് 'ഇഅ്തികാഫി'ന്റെ ഭാഷാര്‍ഥം. മനസ്സും ശരീരവും മാലിന്യങ്ങളില്‍ നിന്ന് സ്ഫുടം ചെയ്ത് വിശുദ്ധിയുടെ പരമോന്നതിയിലേക്ക് നടന്നടുക്കാന്‍ മനുഷ്യന്‍ വെമ്പുന്ന അനുഗ്രഹീത റമദാന്റെ ദിനരാത്രങ്ങളിലാണ് 'ഇഅ്തികാഫി'ന്റെ അനൂഭൂതി നമുക്ക് നുകരാനാവുക. മനുഷ്യ മനസില്‍ ദൈവവിചാരം ഉറപ്പിക്കാനും ഭാവിയിലേക്കു ആത്മീയതയുടെ കരുത്താര്‍ജിക്കാനും ധാര്‍മിക ശക്തി സംഭരിക്കാനുമുള്ള പരിശീലന കളരിയാണത്. ആര്‍ത്തിയും ആസക്തിയും വെടിഞ്ഞ് മനസിനെ സംശുദ്ധമാക്കാനും ജീവിതത്തെ അര്‍ഥപൂര്‍ണമാക്കാനുമുള്ള തീവ്രയജ്ഞമാണത്.
ഇഅ്തികാഫ് സന്യാസമല്ല. ബന്ധനങ്ങളില്‍ നിന്നും ബന്ധുജനങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമല്ല. പുരാതന കാലം മുതലേ, അസ്വസ്ഥമായ മനസുകള്‍ ശാന്തി തേടി ബഹളങ്ങളിള്‍ നിന്ന് അല്‍പം മാറി ഇരിക്കാറുണ്ട്. മനഃസമാധാനത്തിനുവേണ്ടി ബാഹ്യചുറ്റുപാടുകളില്‍ നിന്ന് നിശ്ചിതസമയത്തേക്ക് മനസിനെ അടര്‍ത്തിമാറ്റി ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ച് ഏകാഗ്രത കൈവരിക്കാനും സായൂജ്യം നേടാനുമുള്ള പരിശ്രമമാണ് ഇഅ്തികാഫ്.
പ്രബലമായ സുന്നത്താണ് ഇഅ്തികാഫ്. നബി(സ) എല്ലാ വര്‍ഷവും റമദാനില്‍ ഇഅ്തികാഫിരിക്കാറുണ്ടായിരുന്നെന്നും, വിയോഗവര്‍ഷം 20 ദിവസം ഇരുന്നുവെന്നും, നബിയുടെ വിയോഗശേഷവും അദ്ദേഹത്തിന്റെ പത്‌നിമാര്‍ ഇഅ്തികാഫ് തുടരാറുണ്ടായിരുന്നുവെന്നും പ്രബല ഹദീസുകളില്‍ കാണാം. അവസാന പത്തില്‍ തന്റെ മുണ്ടുമുറുക്കിയുടുത്ത് കുടുംബത്തെ വിളിച്ചുണര്‍ത്തി രാത്രികളെ ഇബാദത്തുകളാല്‍ ജീവിപ്പിക്കാറുണ്ടായിരുന്നു നബി(സ).
ഇഅ്തികാഫ് അനുഷ്ഠിക്കുന്നവര്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. വിശേഷബുദ്ധിയുള്ളവരും, വലിയ അശുദ്ധികളില്‍ നിന്ന് (ജനാബത്ത്, ആര്‍ത്തവം, പ്രസവരക്തം) മുക്തരുമായിരിക്കണം. നിയ്യത്ത് ചെയ്യണം, പള്ളികളിലായിരിക്കണം, സമയം നിര്‍ണയിക്കണം, നേര്‍ച്ചമൂലം നിര്‍ബന്ധമായിത്തീര്‍ന്ന ഇഅ്തികാഫ് നേര്‍ച്ചക്കനുസരിച്ച് നിശ്ചിത സമയത്ത് തന്നെ നിര്‍വഹിക്കണം. എന്നാല്‍ സാധാരണ സുന്നത്തായ ഇഅ്തികാഫിന് സമയപരിധിയില്ല. നിയ്യത്തോടെ പള്ളിയില്‍ പ്രവേശിച്ച്-സമയം കൂടിയാലും കുറഞ്ഞാലും-പുറത്ത് പോകുന്നത് വരെ ഇഅ്തികാഫിലായിരിക്കും. റമദാനിലെ അവസാന പത്ത് മുഴുവന്‍ ഇഅ്തികാഫ് അനുഷ്ഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ 20-ാം ദിവസം സൂര്യാസ്തമയത്തിന് മുമ്പായി ഇഅ്തികാഫില്‍ പ്രവേശിച്ച് അവസാന ദിവസം സൂര്യാസ്തമയത്തിന് ശേഷം പുറത്തുപോകുന്നതാണ് ഉത്തമം. ഒരാള്‍ക്ക് 20-ാം ദിവസം ഇഅ്തികാഫില്‍ പ്രവേശിക്കാന്‍ സാധ്യമായില്ലെങ്കില്‍ 21-ാം ദിവസം സുബ്ഹി നമസ്‌കാരത്തോടെ പ്രവേശിക്കാവുന്നതാണ്. ഇക്കാലയളവില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പെടാന്‍ പാടില്ല.
പൊതുജനങ്ങള്‍ക്ക് ശല്യമാവാത്തവിധം മറകെട്ടി ഇരിക്കാവുന്നതാണ്. മുടി ചീകുക, നഖം മുറിക്കുക, തല വടിക്കുക, ദേഹ ശുദ്ധി വരുത്തുക, സുഗന്ധം പൂശുക എന്നിത്യാദി കാര്യങ്ങളെല്ലാം അനുവദനീയമാണ്. ഭക്ഷണം കഴിക്കുന്നവര്‍ പള്ളിയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മയ്യത്ത് സംസ്‌കരണം, രോഗിയെ സന്ദര്‍ശിക്കല്‍, ഭക്ഷണം എത്തിക്കല്‍ തുടങ്ങിയ ഒഴിച്ചുകൂടാനാവാത്ത അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകാവുന്നതാണ്. ഇഅ്തികാഫിലിരിക്കെ ലാഭേഛയില്ലാതെ ജനങ്ങളുടെ ഒരാവശ്യം നിര്‍വഹിച്ചുകൊടുക്കാന്‍ വേണ്ടി പുറത്തിറങ്ങുന്നതില്‍ തെറ്റില്ല. 'എന്റെ മദീന (മസ്ജിദുന്നബവി) പള്ളിയില്‍ ഒരു മാസം ഇഅ്തികാഫിരിക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയങ്കരം ഒരാള്‍ തന്റെ ഒരു സഹോദരന്റെ ഒരാവശ്യം നിര്‍വഹിച്ചുകൊടുക്കുന്നതിനായി പുറപ്പെടുന്നതാണെന്ന്' പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. (ത്വബ്‌റാനി, അല്‍ബാനി-സ്വഹീഹുല്‍ ജാമിഅ്). ദൈവാരാധനയും ജനസേനവും സമന്വയിക്കുന്ന കാഴ്ചയാണ് നാമിവിടെ കാണുന്നത്.
സ്വസഹോദന്റെ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടച്ച് ആരാധനാ നിമഗ്നരായി സ്വന്തം കാര്യം മാത്രം നോക്കി ചടഞ്ഞുകൂടുന്നവര്‍ക്കുള്ള ശക്തമായ ബോധവത്കരണവും പ്രേരണയുമാണ് പ്രസ്തുത ഹദീസ്.
ഇഅ്തികാഫിലിരിക്കെ അത്യാവശ്യത്തിന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവുന്നതാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും മറ്റു നല്ല കാര്യങ്ങള്‍ക്കുമാണെങ്കില്‍ അത് തെറ്റാണെന്ന് പറയാനാവില്ല. എന്നാല്‍ ഇഅ്തികാഫിന്റെ പവിത്രതക്ക് വിഘ്‌നം വരുമെന്ന് ശങ്കിക്കുന്ന പക്ഷം സൂക്ഷ്മതയുടെ പേരില്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കലാണ് ഉത്തമം.
ഇഅ്തികാഫ് നേടിത്തരുന്നത്
അസ്വസ്ഥമായ ഹൃദയത്തിന് ചികിത്സയും സംസ്‌കരണവും നല്‍കാന്‍ സാധിക്കുന്നു. പത്തു ദിവസത്തെ സാധനയിലൂടെ മനസിനെയും ശരീരത്തെയും മറ്റ് പ്രലോഭനങ്ങളില്ലാതെ സ്വയം മെരുക്കിയെടുക്കാന്‍ സാധിക്കുമെന്ന പാഠം വിശ്വാസിക്ക് നല്‍കുന്നു.
ആളുകളില്‍ നിന്ന് മറഞ്ഞിരിക്കുന്നതിനാല്‍ ലോകമാന്യത്തില്‍ നിന്ന് മുക്തനായി സ്വസ്ഥമായി ഇബാദത്ത് ചെയ്യാന്‍ സാധിക്കുന്നു. തന്മൂലം ഈമാന്‍ വര്‍ധിക്കുന്നു.
തന്റെ വൈകല്യങ്ങളെയും ബലഹീനതകളെയും സ്വയം ചികിത്സിച്ചുകൊണ്ട് ആത്മനിയന്ത്രണം പാലിക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനുമുള്ള കഴിവ് ആര്‍ജിക്കുന്നു. സമയം ക്രമീകരിക്കാനും അതിന്റെ വില മനസ്സിലാക്കാനും സാധിക്കുന്നു.
കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍, അനാവശ്യ വിനോദങ്ങള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയുന്നു. ദൈവവിചാരത്തെ ബലപ്പെടുത്തുന്നു.
ആയുഷ്‌കാലം പുണ്യം ചെയ്താലും ലഭിക്കാത്തത്ര പ്രതിഫലമുള്ള ലൈലത്തുല്‍ ഖദ്ര്‍ എന്ന അനുഗ്രഹീത രാത്രിയില്‍ നിര്‍ബന്ധമായും പങ്കാളിയാകാന്‍ ഭാഗ്യം ലഭിക്കുന്നു.
അല്ലാഹുവിന്റെ ഭവനത്തില്‍ ഇരിക്കുന്നതിലൂടെ ദൈവസാമീപ്യവും അനുഗ്രഹവും നേടുന്നുവെന്ന് മാത്രമല്ല, നാം അതിഥികളെ എത്രമാത്രം ബഹുമാനിക്കുമോ അതിനേക്കാള്‍ ഉപരി അല്ലാഹു അവന്റെ അടിമകളായ അതിഥികളെ ആദരിക്കുകയും ബഹുമാനിക്കുകയും മഹത്വമേറ്റുകയും ചെയ്യുന്നു.
നമസ്‌കാരങ്ങള്‍ അതിന്റെ നിര്‍ണിത സമയങ്ങളില്‍ തന്നെ ജമാഅത്തായി നിര്‍വഹിക്കാന്‍ കഴിയുന്നു.
നോമ്പുകാരന്റെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഏറെ സഹായകമാണ് ഇഅ്തികാഫ്. വൃദ്ധരില്‍ ഒതുങ്ങിപ്പോകാറുള്ള ഈ സുന്നത്തിനെ പുനരുജ്ജീവിപ്പിക്കുന്നതോടൊപ്പം, ഖുര്‍ആന്‍-ഹദീസ്-ചരിത്ര പഠനത്തില്‍ ശ്രദ്ധിക്കുകയും മനഃശുദ്ധി, ആത്മസംസ്‌കരണം തുടങ്ങിയ ഗുണങ്ങള്‍ കൂടി നേടിയെടുക്കാന്‍ മനസ്സ് വെക്കുകയും വേണം. പ്രാപഞ്ചിക പ്രതിഭാസങ്ങളെ പറ്റിയും ദൈവാസ്തിക്യത്തെ പറ്റിയും ചിന്തിക്കാനും മനനം നടത്താനും ദീനിന്റെ അടിസ്ഥാനങ്ങള്‍ മനസ്സിലാക്കാനും ഈ അസുലഭാവസരം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഇഅ്തികാഫ് സ്വാര്‍ഥകമായി.
Comments