സമുദായ ഐക്യം ഊട്ടിയുറപ്പിച്ച് ജമാഅത്തെ ഇസ്‌ലാമി ഇഫ്ത്വാര്‍ സംഗമം
കോഴിക്കോട്: മുസ്ലിം സമുദായത്തിലെ വിവിധ ചിന്താധാരകളിലെ സംഘടനാ നേതാക്കളെയും എഴുത്തുകാരെയും വ്യാപാര പ്രമുഖരെയും അണിനിരത്തി ജമാഅത്തെ ഇസ്ലാമി സംസ്ഥാന കമ്മറ്റി കോഴിക്കോട് അസ്മ ടവറില്‍ സംഘടിപ്പിച്ച ഇഫ്ത്വാര്‍ സംഗമം വിവിധ തുറകളിലെ ആളുകളുടെ പങ്കാളിത്തം കൊണ്ടും ചര്‍ച്ചകള്‍കൊണ്ടും ശ്രദ്ധേയമായി. കേരളീയ മുസ്ലിം സമുദായത്തിന്റെ വിഭവ ശേഷി പൊതുമണ്ഡലത്തിന് ഏതളവില്‍ ഉപകാരപ്പെടുന്നു എന്നതിനെക്കുറിച്ച് പൊതുസമൂഹവും സമുദായവും ഗൌരവത്തിലാലോചിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി ആമുഖ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ഐ ഷാനവാസ് എം.പി, കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി, മുന്‍ ഡി.സി.സി പ്രസിഡന്റ് ബീരാന്‍ കുട്ടി, ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, യു.എ ഖാദര്‍, എന്‍.പി ഹാഫിസ് മുഹമ്മദ്, തബ്ലീഗ് ജമാഅത്ത് നേതാവ് അബുല്‍ ഖൈര്‍ മൌലവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അസി. അമീര്‍ പ്രഫസര്‍ കെ.എ സിദ്ദീഖ് ഹസന്‍ സമാപന പ്രസംഗം നടത്തി.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി അബ്ദുല്‍ വഹാബ്, സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ശാക്കിര്‍, ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി.പി ചെറുപ്പ, മാധ്യമം പിരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ പാറക്കടവ്, സിജി ഡയറക്ടര്‍ ഡോ.അബൂബക്കര്‍, എം.എസ്.എസ് സംസ്ഥാന സെക്രട്ടറി മൊയ്തീന്‍ കുട്ടി, എം.ഇ.എസ് സംസ്ഥാന സെക്രട്ടറി സി.പി സക്കീര്‍ ഹുസൈന്‍, സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ.ടി.പി അഷ്റഫ്, നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കര്‍ നന്മണ്ട, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ നൌഷാദ്, തനിമ സംസ്ഥാന പ്രസിഡന്റ് ആദം അയ്യൂബ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, മാധ്യമം എഡിറ്റര്‍ ഒ.അബ്ദുര്‍റഹ്മാന്‍, പ്രബോധനം എഡിറ്റര്‍ ടി.കെ ഉബൈദ്, ഐ.പി.എച്ച് ചീഫ് എഡിറ്റര്‍ വി.എ കബീര്‍, വിചിന്തനം എഡിറ്റര്‍ ഇ.കെ.എം പന്നൂര്‍, ചന്ദ്രിക എഡിറ്റര്‍ നവാസ് പൂനൂര്‍, എ.പി കുഞ്ഞാമു, ഡോ.കെ മൊയ്തു, തോട്ടത്തില്‍ റഷീദ്, ഡോ.അബ്ദുല്ല ചെറയക്കാട്, ഡോ. പി.സി അന്‍വര്‍, ഡോ. പി.സി താഹിര്‍, ഡോ. കുഞ്ഞാലി, പ്രഫ. യാസീന്‍ അഷ്റഫ്, ഫ്രെെഡേ ക്ളബ്ബ് പ്രസിഡന്റ് ടി.സി അഹ്മദ്, ഹജ്ജ് കമ്മിറ്റി മെമ്പര്‍ വി.കെ അലി, വഖഫ് ബോര്‍ഡ് അംഗം പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി, പി.കെ അഹ്മദ്, നിഷാദ്, അഹ്മദ് (മലബാര്‍ ഗോള്‍ഡ്), ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍, അസി. അമീര്‍ എം.കെ മുഹമ്മദലി, സെക്രട്ടറിമാരായ ടി.കെ ഹുസൈന്‍, എന്‍.എം അബ്ദുറഹ്മാന്‍ തുടങ്ങി സാമൂഹിക സാംസ്കാരികസാമ്പത്തിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.
പെരുന്നാള്‍ അവധി മൂന്ന് ദിവസമാക്കണം
കോഴിക്കോട്: പെരുന്നാള്‍ അവധി മൂന്ന് ദിവസമാക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം വ്യാപകമായ ആവശ്യത്തെ തുടര്‍ന്ന് പെരുന്നാള്‍ അവധി രണ്ട് ദിവസമാക്കി പുനര്‍നിര്‍ണയിച്ചിരുന്നു. ഓണത്തിന്റെ അവധിയെ ബാധിക്കുമെന്ന കാരണം പറഞ്ഞ് പെരുന്നാളിന്റെ അവധി വെട്ടിക്കുറക്കാനുള്ള നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ എസ്.ഐ.ഒ വിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനമയച്ചു.
ആസാം ദുരിതാശ്വാസവുമായി ജമാഅത്തെ ഇസ്ലാമി
ആസാം കലാപത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി ജമാഅത്തെ ഇസ്ലാമി അഭയാര്‍ഥി ക്യാമ്പുകള്‍ തുറന്നു. ബീഹാര്‍, ബംഗാള്‍ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി വളണ്ടിയര്‍മാരും ഡോക്ടര്‍മാരും സേവന സജ്ജരായി രംഗത്തുണ്ട്. ഗവണ്‍മെന്റിന്റെ റിലീഫ് പ്രവര്‍ത്തനം പേരിന് മാത്രമാണ് നടന്നത്. അതുതന്നെ മുസ്ലിം ക്യാമ്പുകളില്‍ എത്തുന്നില്ല. ജമാഅത്തിന്റെ റിലീഫ് പ്രവര്‍ത്തനം ജാതിമതഭേദമന്യേ മുഴുവന്‍ കലാപബാധിതരെയും ലക്ഷ്യം വെച്ചുള്ളതാണ്. ബോഡോ കലാപകാരികള്‍ കൊക്രോജര്‍ പോലുള്ള പ്രദേശങ്ങളില്‍ അഴിഞ്ഞാടുകയായിരുന്നു. ജമാഅത്തെ ഇസ്ലാമി കേന്ദ്ര സെക്രട്ടറിമാരായ മൌലാനാ റഫീഖ് ഖാസിമി, ശഫീഅ് മദനി തുടങ്ങിയ നേതാക്കള്‍ക്കും വെല്‍ഫയര്‍ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസ് അഹ്മദിനും കലാപബാധിത പ്രദേശത്തേക്ക് പ്രവേശനാനുമതി പോലും അവര്‍ നിഷേധിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ സംസ്ഥാന മുസ്ലിം നേതാക്കള്‍ക്കും എം.എല്‍.എമാര്‍ക്കും അനുവാദം കൊടുത്തില്ല. പോലീസ് തികഞ്ഞ നിസ്സംഗത കാണിച്ചുവെന്ന നേതാക്കളുടെ പരാതി ഗൌരവത്തിലെടുത്തില്ലെന്നും ശംസ് അഹ്മദ് പറഞ്ഞു. ഡോ. അബുല്‍ഹസന്‍, അബ്ദുല്‍ ജലീല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉന്നതസംഘം ഡോക്ടര്‍മാര്‍ 250ഓളം ക്യാമ്പുകളില്‍ മെഡിക്കല്‍ യൂനിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. ഉടുതുണി പോലും ഉപേക്ഷിച്ചു ഓടിപ്പോന്നവര്‍ക്കായി ക്യാമ്പുകളില്‍ വസ്ത്രങ്ങളും ഭക്ഷണം ശുദ്ധജലം തടുങ്ങിയവയും എത്തിക്കല്‍ ഏറെ ശ്രമകരമാണ്. കലാപത്തിനിരയായവര്‍ക്ക് പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക സഹായം ലഭിക്കണമെങ്കില്‍ എഫ്.ഐ.ആര്‍ ശരിയാക്കേണ്ടതുണ്ട്. അഡ്വക്കേറ്റ് അബ്ദുല്‍ ഹാമിദിന്റെ നേതൃത്വത്തില്‍ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സിന്റെ ആസാം ചാപ്റ്ററിന്റെ പ്രവര്‍ത്തകര്‍ ക്യാമ്പുകളിലും പോലീസ് സ്റേഷനുകളിലും കയറിയിറങ്ങി അതിന് വേണ്ടിയുള്ള ശ്രമത്തിലാണ്.
അല്‍ജാമിഅ വിദ്യാര്‍ഥികള്‍ക്ക് ഇസ്ലാമിക ബാങ്കില്‍ ജോലി
ശാന്തപുരം: അല്‍ജാമിഅ അല്‍ ഇസ്ലാമിയില്‍ നിന്ന് ഈ വര്‍ഷം ഇസ്ലാമിക് എക്കണോമിക്സ് ആന്റ് ഫിനാന്‍സ് (പി.ജി.ഡി.ഐ.ഇ.എഫ്) ഡിപ്ളോമ കോഴ്സ് പൂര്‍ത്തിയാക്കിയ മൂന്ന് വിദ്യാര്‍ഥികള്‍ രിയാദ് അല്‍ റാജി ബാങ്കില്‍ ഉദ്യോഗം നേടി. ഹാറൂന്‍ അമീറലി, പി. യൂനുസ്, പി.എച്ച് അബ്ദുസ്സലാം എന്നീ വിദ്യാര്‍ഥികളാണ് ജോലി കരസ്ഥമാക്കിയത്.
വായനദിന മത്സരം
കണ്ണൂര്‍: ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായി വായനദിന മത്സരം സംഘടിപ്പിച്ചു. എസ്.ഐ.ഒ മുന്‍ സംസ്ഥാന സെക്രട്ടറി പി.ബി.എം ഫര്‍മീസ് ഉദ്ഘാടനം ചെയ്തു. സന്തുലിതാവസ്ഥയിലുള്ള സ്ത്രീ സംസ്കാരം രൂപീകരിച്ചെടുക്കാനും കൂടുതല്‍ അറിവ് നേടി സമൂഹത്തെ നയിക്കാനും ജി.ഐ.ഒവിന്റെ പ്രവര്‍ത്തനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 14 വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. ജി.ഐ.ഒ ജില്ല സെക്രട്ടറി നാജിയ സ്വാഗതവും നസ്രീന നന്ദിയും പറഞ്ഞു.
പലിശരഹിത സംരംഭങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം തിരിച്ചറിയണം
കോയമ്പത്തൂര്‍: ഇന്ത്യയില്‍ പലിശരഹിത സംരംഭങ്ങളെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നതെന്ന് ജമാഅത്തെ ഇസ്ലാമികേരള അമീര്‍ ടി. ആരിഫലി. സംഗമം മള്‍ട്ടി സ്റേറ്റ് കോ-ഓപറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ ആദ്യ ഡയറക്ടര്‍ ബോര്‍ഡിനു മുന്നോടിയായി ചേര്‍ന്ന ചര്‍ച്ചാ യോഗത്തില്‍ സമാപന പ്രസംഗം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട് അമീര്‍ ഷബീര്‍ അഹ്മദ് ചര്‍ച്ചയില്‍ പങ്കെടുത്തു.
തുടര്‍ന്നു ചേര്‍ന്ന പ്രൊമോട്ടര്‍മാരുടെ യോഗത്തില്‍ ഓഡിറ്ററെ നിശ്ചയിക്കുകയും എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തു. തമിഴ്നാട്ടില്‍ ആറും കേരളത്തില്‍ പതിനൊന്നും പോണ്ടിച്ചേരിയില്‍ രണ്ടും ബ്രാഞ്ചുകള്‍ ആരംഭിക്കാനും തീരുമാനിച്ചു. ചീഫ് പ്രമോട്ടര്‍ കെ. ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ടി.കെ ഹുസൈന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. പ്രമോട്ടര്‍മാരായ പി.പി അബ്ദുര്‍റഹ്മാന്‍, ഐ. കരീമുല്ല, തുഫൈല്‍ അഹ്മദ്, ശൈഖ് ദാവൂദ്, കെ. രാജേന്ദ്രന്‍, എ.യു റഹീമ, എം. സഈദ, എ. അബ്ദുല്ലത്വീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
അഡിമിഷന്‍ കാര്‍ഡ് കത്തിച്ച് പ്രതിഷേധം
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഗ്രേഡ് കാര്‍ഡും മാര്‍ക്ക്ലിസ്റും കൃത്യസമയത്ത് ലഭിക്കാത്തത് കാരണം കേന്ദ്ര സര്‍വകലാശാലകളില്‍ അഡ്മിഷന്‍ നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കേന്ദ്ര സര്‍വകലാശാല അഡ്മിഷന്‍ കാര്‍ഡിന്റെ കോപ്പികള്‍ കത്തിച്ചു. യൂനിവേഴ്സിറ്റിയുടെ മുഖ്യ കവാടത്തില്‍ നടന്ന പ്രതിഷേധ സംഗമം എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയംഗം സഫീര്‍ഷ ഉദ്ഘാടനം ചെയ്തു. അരലക്ഷത്തോളം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന യൂനിവേഴ്സിറ്റിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൌഫീഖ് മമ്പാട്, താഹിര്‍ എന്നിവര്‍ സംസാരിച്ചു.
വീടു നിര്‍മിച്ചു നല്‍കി
വാരം: കണ്ണൂര്‍ വിമന്‍സ് അസോസിയേഷനും വാരം ബൈത്തുസ്സകാത്ത് കമ്മിറ്റിയും സംയുക്തമായി വാരം ശാസ്ത്രാം കോട്ടം കോളനിയില്‍ നിര്‍മിച്ച വീടിന്റെ ഉദ്ഘാടനം കണ്ണൂര്‍ വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഷക്കീല അശ്റഫ് നിര്‍വഹിച്ചു. സെക്രട്ടറി ഫരീദ സാദിഖ്, ഷാഹിന ലത്വീഫ്, കെ.കെ ഫൈസല്‍ സംസാരിച്ചു. ടി.വി ഷരീഫ നന്ദി പറഞ്ഞു.
Comments