Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 11

വിഭവ വിതരണത്തിലെ നൈതികത അട്ടിമറിയാതിരിക്കാന്‍

പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍

ചരിത്രത്തിലും ചരിത്രാതീത ഗാഥകളിലും നിരവധി യുദ്ധകഥകളുണ്ട്. സാമ്രാജ്യ സമാഹരണത്തിനായി, വിത്തപ്രതാപങ്ങള്‍ക്കു വേണ്ടി, പുതു വാണിജ്യ വ്യാപാര കേദാരങ്ങള്‍ തേടി, കേവല പ്രൗഢിക്കു വേണ്ടി. അങ്ങനെ നാഗരികതയുടെ വികാസചക്രങ്ങള്‍ വട്ടമെത്തുമ്പോള്‍ പോരും പ്രതിപ്പോരും നിത്യനിദാനങ്ങളായി. ഇത്തരം പൊതു യുദ്ധ കാര്യകാരണങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കുന്നു പ്രവാചകന്‍ നയിച്ച ആദിയുദ്ധം. ബദ്ര്‍പ്പട. ഇസ്‌ലാമിന്റെ ബദ്ധശ്രദ്ധമായ അച്ചടക്കം ജീവിതത്തിന്റെ പ്രയോഗ സാകല്യത്തിലേക്ക് പടര്‍ന്നുകയറാന്‍ തുടങ്ങിയതോടെ പ്രവാചകനും അനുയായികളും ഉമ്മുല്‍ ഖുറായുടെ മലയിടുക്കുകളില്‍ തീര്‍ത്തും ഒറ്റപ്പെട്ടു. കേവലമായ ഏകദൈവാരാധന മാത്രമല്ല, മനുഷ്യ ജീവിതത്തില്‍ നിന്ന് ഭൗതിക കാമനകളുടെ സമ്പൂര്‍ണമായ വിമോചനവും കൂടി മുഹമ്മദ് ലക്ഷ്യം വെക്കുന്നുവെന്നു ഗോത്രാധികാരത്തിന്റെ ക്രൗര്യ ബോധ്യങ്ങള്‍ക്കു എളുപ്പം അഴിഞ്ഞുകിട്ടി. അധികാരം തങ്ങളില്‍ നിന്ന് അല്ലാഹുവിലേക്കും സമ്പത്ത് ജനാധിപത്യത്തിന്റെ ആര്‍ദ്ര വിനയത്തിലേക്കും കൈവിട്ടുപോകുമെന്ന് മുഹമ്മദിന്റെ സംഘാടന ചലനങ്ങളില്‍നിന്നവര്‍ ശീഘ്രം ഗ്രഹിച്ചു. ഗോത്രപരമായ പക്ഷപാതങ്ങളെ ഉത്തമമായൊരു ജീവിത ചരിത്ര നിര്‍മാണത്തിനു ഉതകുമാറ് വിശ്വാസികള്‍ സ്വയം നവീകരിക്കുന്നതു ഭീതിയോടെയവര്‍ കണ്ടുനിന്നു. ഈ സാധ്യതയെ അട്ടിമറിക്കാനും തങ്ങളുടെ പ്രമത്താധികാരങ്ങളെ ഭദ്രപ്പെടുത്താനും അറേബ്യന്‍ ഗോത്രദുരകള്‍ കൈകോര്‍ത്തപ്പോഴാണ് മക്കയില്‍ നിന്ന് പ്രവാചകന്റെ ശരണാടനമുണ്ടാവുന്നത്.
യസ്‌രിബിലേക്ക് കുടിയേറിയ പ്രവാചകനെ അപ്പോഴും മക്ക ഭയന്നു നിന്നു. കാരണം പ്രവാചക സാന്നിധ്യം കൊണ്ട് ആത്മീയ ആകാശം മാത്രമല്ല ഉടമാധികാരത്തിന്റെ ഭൗതിക ഗോപുരങ്ങള്‍ കൂടി വിസ്മയകരമായി പരിവര്‍ത്തിതമാവുന്നത് പ്രകോപനത്തോടെയവര്‍ നോക്കിനിന്നു. ഹിറയിലെ അഗാധ ധ്യാനത്തിന്റെ നിറവില്‍ നിന്നും പ്രവാചകന്‍ ഇറങ്ങിനടന്നത് കഅ്ബയുടെ ഓരത്തേക്കു മാത്രമല്ല ഉക്കാളിലെ ചന്തത്തെരുവുകളിലേക്കു കൂടിയാണ്. ഇതവര്‍ കണ്ണാലെ കണ്ടതാണ്. മതത്തില്‍ ആരാധന മാത്രം മതിയായിരുന്നുവെങ്കില്‍ അതത്രയും ഹിറയില്‍ തന്നെ ആവാമായിരുന്നു. ആരും വിഘ്‌നം ചെയ്യുമായിരുന്നില്ല. മാത്രമല്ല അതിനു സര്‍വ സന്നാഹങ്ങളും ഖുറൈശിക്കൂട്ടം ഒരുക്കി നല്‍കുമായിരുന്നു. മുഹമ്മദ് എന്നും അവര്‍ക്കു പ്രിയപ്പെട്ടവനായിരുന്നു. പ്രവാചക നിയോഗം സാക്ഷാല്‍ക്കരിക്കേണ്ടതു അനുഷ്ഠാനങ്ങളുടെ മലകന്ദരങ്ങളിലല്ല, ദ്രവ്യ വിനിമയത്തിന്റെ ഉക്കാളുകളിലും അധികാരത്തിന്റെ കഅ്ബാലയത്തിലുമാണ്. ഗോത്ര കലഹങ്ങളും കുടിപ്പകകളും ചുടല നൃത്തം ചെയ്ത യസ്‌രിബ് പ്രവാചക സാന്നിധ്യത്തില്‍ ശാന്തിപര്‍വം തീര്‍ത്തു. നീതിബോധത്തിന്റെ സമ്പൂര്‍ണത യസ്‌രിബിലെ ബഹുസ്വരതയില്‍ ആപാദം ചൂഴ്ന്നു നിന്നു. ഖുറൈശികള്‍ക്കറിയാം മുഹമ്മദിന്റെ ദൈവരാജ്യം മദീനയില്‍ അവസാനിക്കുകയില്ലെന്ന്. അതെവിടെ ആരംഭിച്ചുവോ അവിടെത്തന്നെ തിരിച്ചെത്തുമെന്നും. ചതിക്കുഴികള്‍ കൊണ്ടും അശ്വസൈന്യത്തെക്കൊണ്ടും അവര്‍ക്കാ വരവു തടയേണ്ടതുണ്ട്. എങ്കിലേ അഹംബോധത്തിന്റെ അരിയിട്ടു വാഴ്ചകള്‍ മക്കയില്‍ സംരക്ഷിക്കപ്പെടൂ.
നിങ്ങളല്ലാഹുവിനു വേണ്ടി പ്രവര്‍ത്തിക്കുക, 'ദീന്‍'’ സമ്പൂര്‍ണമായും അവനാവുന്നതുവരെ. ഈ ആഹ്വാനമാണ് പ്രവാചകനും അനുയായി വൃന്ദങ്ങളും യസ്‌രിബില്‍ പ്രയോഗിച്ചത്. 'ദീന്‍' എന്നതു ഹിറയില്‍ പ്രവാചകന്‍ നിര്‍വഹിച്ച പ്രാര്‍ഥനയല്ലെന്നും ഇരവിന്റെ ശേഷിയില്‍ സമഷ്ടിയായി നിര്‍വഹിക്കേണ്ട സമ്പൂര്‍ണമായ മനുഷ്യ വിമോചനമാണെന്നും അറബികള്‍ക്കറിയാം. ഈ വിമോചനത്തെയാണവര്‍ ഭയപ്പെട്ടത്. വരേണ്യമായ ഗോത്രനേതൃത്വത്തിന്റെ മുന്നില്‍ പ്രവാചകന്‍ ഏറെ ഭീതിദമായി തിരസ്‌കരിക്കപ്പെടാന്‍ ഇതുതന്നെയാണ് കാരണവും.
അറേബ്യന്‍ മരുഭൂമിയുടെ തുറസ്സില്‍ ഖുറൈശികള്‍ കഅ്ബാലയത്തിന്റെ ഊരാളന്മാരായി. ആ ഔദ്ധത്യത്തിന്റെ ഈടുറപ്പിലായിരുന്നു അവര്‍ ഉഷ്ണത്തിലും ശൈത്യത്തിലും വാണിജ്യ യാത്രകളെ വസന്തോല്‍സവ മാക്കിയിരുന്നത്. അങ്ങനെ ഭൂമിയിലെ ആധിപത്യവും സമ്പത്തിന്റെ കേദാരവും അവര്‍ ഒപ്പം കൈവശം വച്ചു. ആ ഉടമാധികാരത്തിന്റെ കൊത്തളത്തിലാണ് പ്രവാചകന്റെ ചവിട്ടേറ്റത്. ഇതു സ്വാഭാവികമായും യുദ്ധത്തെ ഉല്‍പ്പാദിപ്പിക്കുക തന്നെ ചെയ്യും.
ഭൂമിയില്‍ മനുഷ്യ വംശമെന്ന പുതിയ ജീവജാലത്തെ പണിയാന്‍ പോകുന്നുവെന്ന വാര്‍ത്തയെ മാലാഖമാര്‍ ഏറ്റെടുത്തത് നീരസത്തോടെയാണ്. നിന്നോട് അനുസരണത്തില്‍ വിമുഖത കാട്ടുന്നവരെയാണോ നീ ഭൂമിയിലേക്കയക്കുന്നതെന്ന സന്ദേഹമാണവര്‍ കൈമാറിയത്. ഇതിനല്ലാഹു മറുപടി പറഞ്ഞു- നിങ്ങളുടെ അറിവ് എന്റെ അറിവിനോട് സമം ചെയ്യരുത്. വാദിച്ചു ജയിക്കാനുള്ള മാലാഖമാരുടെ സര്‍വ ആസക്തികളെയും ഛേദിച്ചുകളയുന്ന ഉത്തരം. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാനപ്പൊരുളിനെപ്പറ്റി മാലാഖമാര്‍ നിരപരാധികള്‍. എന്നിട്ടു മനുഷ്യസൃഷ്ടിയെ നോക്കി അല്ലാഹു പറയുന്നു. ഭൂമിയില്‍ നിങ്ങള്‍ക്ക് ജരാനര ദുഃഖമുള്ള നിശ്ചിതകാലമുണ്ട്. അത് മുറിച്ചു കടന്ന് നിങ്ങള്‍ തലമുറകളായി തിരിച്ചുവരും. ഈ ഹ്രസ്വവേളയില്‍ ജീവിതം കൊണ്ടുപോകാന്‍ പാകത്തിലുള്ള വിഭവങ്ങളും (മത്താഅ്) ഭൂമിയിലുണ്ട്. അങ്ങനെ ഭൗതിക ജീവിതത്തിലെ വിശുദ്ധിയിലൂടെ അഭൗതികതയുടെ സ്വര്‍ഗത്തെ തൊട്ടുനില്‍ക്കുക. കാലാകാലങ്ങളില്‍ എന്റെ ജ്ഞാനപാഠങ്ങള്‍ വരും. അതനുസരിച്ചു നിങ്ങള്‍ സുകൃതികളാവുക. ഈ ആകാശ പാഠത്തിന്റെ അവസാന അധ്യായമാണു പ്രവാചകന്‍. ഇതൊക്കെയും അറേബ്യന്‍ ഗോത്രങ്ങള്‍ക്കു മനഃപാഠമുണ്ട്. അവര്‍ ഇബ്‌റാഹീം പ്രവാചകന്റെ അനുയായികള്‍. 'നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുക.' ഈ അനുസരണം ഭൗതിക നഷ്ടങ്ങളിലേക്ക് യാനം ചെയ്തപ്പോഴാണ് ഖുറൈശികള്‍ തെറിച്ചുനിന്നത്. അതിനവര്‍ക്ക് സമ്മതി പോര. ഈ ആഹ്വാനം നല്‍കുന്ന നഷ്ട സഹസ്രങ്ങള്‍ അവര്‍ക്കസഹ്യമാണ്. തങ്ങള്‍ ഉടമകളല്ലാതാവുകയും അല്ലാഹുവിന്റെ അടിമകളാവുകയും ചെയ്യുന്ന കാലം. ഈ ആഹ്വാനമാണ് അറേബ്യന്‍ ഗോത്ര മുഷ്‌കില്‍ പ്രകോപനമുണ്ടാക്കിയത്.
അല്ലാഹുവിനെ എങ്ങനെയാണ് അനുസരിക്കുക. അല്ലാഹുവുമായി നേരിട്ടു സമ്പര്‍ക്കപ്പെടാന്‍ മനുഷ്യ പ്രകൃതിയുടെ സഹജാവസ്ഥക്ക് അസാധ്യമാണ്. കാരണം സമയം, സ്ഥലം തുടങ്ങി ഒരുപാടു പരിമിതികളില്‍ ബന്ധിതമാണു മനുഷ്യ ജീവിതം. അല്ലാഹുവിനാകട്ടെ ഇത്തരം ഭൗതികമാനങ്ങളൊന്നും ബാധകമല്ല. ഭൗതികമായ സമയ കാല ബോധങ്ങള്‍ക്കപ്പുറമാണ് അവന്റെ സത്ത. അപ്പോള്‍ അല്ലാഹുവിനെ അനുസരിക്കുന്നതിന്റെ പ്രയോഗപാഠം റസൂലിനെ അനുസരിക്കുക എന്നതാണ്. റസൂലിനെ അനുസരിക്കണമെങ്കില്‍ സുവ്യക്തമായ അനുസരണ നിയമപാഠം വേണം. അതാണു ശരീഅത്ത്. ശരീഅത്ത് എന്ന ബൃഹത് സാകല്യത്തിന്റെ കേവലം ദശാംശം മാത്രമാണു അനുഷ്ഠാനങ്ങള്‍. ബാക്കിയത്രയും ഭൂമിയിലെ (മത്താഅ്) വിഭവ സമാഹരണവും അതിന്റെ വിതരണ വിനിമയത്തിലെ നൈതിക പാഠങ്ങളുമാണ്. അതു ഉല്ലംഘിക്കുമ്പോള്‍ പ്രയോഗിക്കേണ്ട തിരുത്തല്‍ പ്രമാണങ്ങളും ശാസനകളുമാണ്. ആത്യന്തികമായി വ്യക്തിതലത്തിലുള്ള സ്വര്‍ഗ മോക്ഷവും. മത്താഅ് ഭൂമിയില്‍ എല്ലാവര്‍ക്കുമാണ്. അതിന്റെ വിതരണം നീതിപൂര്‍വമായിരിക്കണം. ഭൂമിയിലെ ജീവിത സൗകര്യങ്ങളിലും സൗഭാഗ്യങ്ങളിലും വിതരണ മണ്ഡലങ്ങളിലും പക്ഷേ വിശ്വാസവും മതവും അനുഷ്ഠാനങ്ങളും സമര്‍പ്പണവും ധിക്കാരവുമൊന്നും അല്ലാഹു മാനദണ്ഡമാക്കിയിട്ടില്ല. വിഭവങ്ങള്‍ എല്ലാവരുടേതുമാണ്. സര്‍വ വിശ്വാസ ഭേദങ്ങള്‍ക്കും, പുല്ലിനും പുഴുവിനും, പഴുതാരക്കു പോലും. ഇത് ഇസ്‌ലാമിന്റെ നിയമവും അല്ലാഹുവിന്റെ കാരുണ്യവുമാണ്.
ദൈവകാരുണ്യം ഭൂമിയില്‍ പുലരണമെങ്കില്‍ അവന്റെ നിയമ പാഠങ്ങള്‍ പുണരണം. മത്താഅ് അനര്‍ഹമായി കൂമ്പാരമാക്കാനും അതിനുവേണ്ടി പടര്‍ക്കളങ്ങള്‍ പണിയാനും അവസരമുണ്ടാകരുത്. അതിനാല്‍ നീതിയുടെയും നിയമത്തിന്റെയും വ്യവസ്ഥ (ശരീഅത്ത്) സാമൂഹിക ജീവിതത്തെ പൊതിഞ്ഞു നില്‍ക്കണം. ഈ നിയമ ശാസനകളുടെ സ്ഥാപനമാണ് പ്രവാചക ജീവിതം. ഇതിനാണ് ഇരുപത്തി മൂന്നു വര്‍ഷത്തെ കര്‍മശേഷി വ്യയം ചെയ്തത്. അനുഷ്ഠാന കല്‍പ്പനകള്‍ മാത്രമായിരുന്നുവെങ്കില്‍ രണ്ടാഴ്ചകള്‍ കൊണ്ടു പ്രവാചക ദൗത്യം ഭൂമിയില്‍ പൂര്‍ത്തീകരിക്കാമായിരുന്നു. അതത്രയും ലളിതമാണ്. അധികാരത്തിന്റെ ഈ വിമലീകരണത്തെയാണ് ഖുറൈശികള്‍ ഭയന്നത്. അതവരുടെ സ്വാര്‍ഥ മോഹങ്ങളെ തട്ടിമറിച്ചു. അങ്ങനെ ഭയക്കുമ്പോള്‍ ബദ്‌റുകള്‍ സംഭവിക്കും. നിയമവാഴ്ച അസ്തമിച്ചാല്‍ സമൂഹഗാത്രത്തില്‍ തമസ്സിന്റെ വേതാളങ്ങള്‍ തേരോടും. അപ്പോള്‍ ഭൂമിയില്‍ 'ഫസാദ്' പടരും. 'ഫസാദ്' സാത്താന്റെ രംഗഭൂമിയാണ്. അല്ലാഹു ഉദ്ദേശിക്കുന്നത് ഭൂമിയില്‍ 'ഇസ്‌ലാഹാ'ണ്. ഇത് രണ്ടും വിരുദ്ധമാണ്. മനുഷ്യജീവിതം ഭൂമിയില്‍ താളരാശികള്‍ തെറ്റാതെ പൂത്തുലയണമെങ്കില്‍ 'ഫസാദി'ന്റെ മേല്‍ 'ഇസ്‌ലാഹ്' മേല്‍കൈ നേടണം. 'ഫിത്‌ന' സമ്പൂര്‍ണമായും വിപാടനം ചെയ്യുന്നതുവരെ ഭൂമിയില്‍ ഫസാദ് അവസാനിക്കുന്നില്ല. അതിനായാണ് എല്ലാം അല്ലാഹുവിനാവുന്നതുവരെ ഭൂമിയില്‍ പരിശ്രമത്തിന്റെ പോരാട്ടം തുടരുക എന്നാഹ്വാനമുണ്ടായത്.
എല്ലാം അല്ലാഹുവിനാവുക എന്നാല്‍ എല്ലാം എല്ലാ മനുഷ്യര്‍ക്കുമാവുക എന്നാണ്. 'ഇസ്‌ലാഹി'നു എതിരായിരുന്നു ഖുറൈശികള്‍. അപ്പോഴാണ് ബദ്ര്‍ സംഭവിച്ചത്. അവര്‍ ഇസ്‌ലാഹിനു പകരം ഫിത്‌നയും ഫസാദും സ്വയം വരിച്ചു. അതു ഭൂമിക്കു വേണ്ട. മനുഷ്യര്‍ക്കു വേണ്ട. അതുകൊണ്ടു തന്നെ അല്ലാഹുവിനു വേണ്ട. ഈ ഫിത്‌നക്കെതിരായാണു ബദ്‌റില്‍ പ്രവാചകന്‍ വ്രതം നോറ്റു പൊരുതിയത്. ഇതിനാല്‍ തന്നെയാണു രണ്ടിലൊരു സംഘത്തെ വാഗ്ദാനം ലഭിച്ചിട്ടും നിരായുധരായ വര്‍ത്തക സംഘത്തെ പിന്നിലുപേക്ഷിച്ചു പ്രവാചകന്‍ ശുദ്ധ രാഷ്ട്രീയ സൈന്യത്തിന്റെ മുഖത്തേക്കു ചെന്നത്. ഈ കുടില സൈന്യമാണു ഭൂമിയില്‍ മത്താഇന്റെ നീതിപൂര്‍വമായ വിതരണം അട്ടിമറിക്കാന്‍ കാവല്‍ നില്‍ക്കുന്നത്. ഈ കാവല്‍ സൈന്യത്തെ തുരത്തിയില്ലെങ്കില്‍ പ്രവാചകന്‍ മദീനയില്‍ സ്ഥാപനം ചെയ്ത ബഹുസ്വര രാഷ്ട്രവ്യവസ്ഥയും അതിലെ വിഭവ വിതരണത്തിലെ നൈതികതയും അട്ടിമറിഞ്ഞുപോവും. ബദ്ര്‍ പടയുടെ അങ്കണത്തുറവില്‍ നിന്നു പ്രവാചകന്‍ ചെയ്യുന്ന ഏറെ കാതരമായ ഒരു പ്രാര്‍ഥനയുണ്ട്. നാഥാ ഈ സത്യാസത്യ സംഘര്‍ഷത്തില്‍ ഞങ്ങള്‍ക്കു തോല്‍വി ഏറ്റാല്‍ ഭൂമിയില്‍ നിന്റെ ആധിപത്യം അംഗീകരിക്കുന്നവര്‍ ഇല്ലാതെ പോകും. ഈ പ്രാര്‍ഥന അവസാന ഇലന്തമരത്തില്‍ തട്ടി അല്ലാഹുവിലെത്തി. ഭൂമി അല്ലാഹുവിന്റേയാണ്. ഭൂമിയിലെ സര്‍വ വിഭവങ്ങളും. ഭൂമിയില്‍ പുലരേണ്ട നിയമങ്ങളും അവന്റേയാണ്. എങ്കിലേ അവന്റെ സൃഷ്ടിജാലങ്ങള്‍ക്ക് നീതി കിട്ടൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍