ഫിത്വ്ര്‍ സകാത്ത് യഥാര്‍ഥ അവകാശികള്‍ക്കാവട്ടെ
വിശുദ്ധ റമദാന്റെ സമാപനമാണ് ഈദുല്‍ ഫിത്വ്ര്‍. നോമ്പ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വിശ്വാസികള്‍ നല്‍കുന്ന സകാത്താണ് സകാത്തുല്‍ ഫിത്വ്ര്‍. നോമ്പ് അവസാനിപ്പിക്കുക എന്ന അര്‍ഥമുള്ള 'ഫിത്വ്ര്‍' പെരുന്നാളിനും നോമ്പിനും ചേര്‍ത്ത് പറഞ്ഞത് ശ്രദ്ധേയമാണ്.
പ്രധാനമായും രണ്ട് യുക്തികളാണ് സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാക്കിയതിന്റെ പിന്നില്‍. ഇതുവരെ അനുഷ്ഠിച്ച നോമ്പ് കറകളഞ്ഞ ഇബാദത്തായി സ്വീകരിക്കപ്പെടുക എന്നതാണ് ഒന്ന്. അന്നപാനീയങ്ങളും ലൈംഗിക സംസര്‍ഗവും നോമ്പിന്റെ വേളയില്‍ ഒഴിവാക്കാന്‍ മിക്കവര്‍ക്കും സാധിച്ചേക്കും. എന്നാല്‍ നാവിനെയും കണ്ണിനെയും കാതിനെയുമെല്ലാം പൂര്‍ണമായി നോമ്പെടുപ്പിക്കുക അത്ര എളുപ്പമല്ല. അല്ലറ ചില്ലറ പോരായ്മകളും വീഴ്ചകളും കാണാതിരിക്കില്ല. കഴിഞ്ഞുപോയ നോമ്പുനാളുകളില്‍ വ്രതത്തിന്റെ ആത്മാവിന് ഭംഗം വരുന്ന വല്ലതും സംഭവിച്ചുപോയിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായി ഖേദിച്ച് അല്ലാഹുവിനോട് മാപ്പിരക്കുകയും പാപമോചനത്തിനര്‍ഥിക്കുകയും ചെയ്യണം. മഹത്തായ രാത്രി(ലൈലത്തുല്‍ ഖദ്ര്‍)യില്‍ നബി(സ) പഠിപ്പിച്ച ഏറ്റവും ഗൗരവമാര്‍ന്ന പ്രാര്‍ഥനയും അല്ലാഹുവിനോട് മാപ്പ് ഇരക്കുവാനുള്ളതാണ്.
ദാഹവും വിശപ്പും സഹിച്ചുള്ള നോമ്പുകാരന്റെ ത്യാഗം വൃഥാവിലാതിരിക്കാനും പ്രതിഫലം നഷ്ടപ്പെടാതിരിക്കാനും കേവലം പ്രാര്‍ഥനകൊണ്ട് സാധ്യമാവില്ലെന്നാണ് നബി (സ) പഠിപ്പിച്ചത്. ഫിത്വ്ര്‍ സകാത്ത് കൂടി നല്‍കുന്നതോടെ പരിഹാരം പൂര്‍ണമായി. നോമ്പുകാരന് സംഭവിച്ചുപോയ വീഴ്ചയുടെ പരിഹാരാര്‍ഥം, അഗതികള്‍ക്കും ദരിദ്രര്‍ക്കും സമൃദ്ധമായി ആഹാരം കഴിക്കാനുള്ള അവസരം കൂടി ഒരുക്കുകയാണ് ഇസ്‌ലാം. അതാണ് സകാത്തുല്‍ ഫിത്വ്‌റിന്റെ ഒരു യുക്തി. 'നോമ്പുകാരനെ അനാവശ്യങ്ങളില്‍ നിന്നും അശ്ലീലങ്ങളില്‍നിന്നും ശുദ്ധീകരിക്കാനും സാധുക്കളെ ആഹാരിപ്പിക്കാനും' എന്നാണ് നബി(സ) പഠിപ്പിക്കുന്നത്.
ഏത് പാവപ്പെട്ടവനും അന്നേ ദിവസം പെരുന്നാള്‍ ആഘോഷിക്കുന്നത് തന്റെ വീട്ടില്‍ തന്നെ വിഭവം ഒരുക്കിക്കൊണ്ടാവട്ടെ. ചുരുങ്ങിയത് ആ ഒരു ദിവസമെങ്കിലും യാചിക്കുന്ന ഗതി സമൂഹത്തിലൊരാള്‍ക്കും ഉണ്ടാവാതിരിക്കട്ടെ, കുടുംബസമേതം വീട്ടില്‍ തന്നെ സദ്യയൊരുക്കി സന്ദര്‍ശകരെ സ്വീകരിക്കട്ടെ, അങ്ങനെ പെരുന്നാള്‍ എല്ലാവരുടെയും പെരുന്നാളാകട്ടെ, എല്ലാവരും ആതിഥേയരും അതിഥികളുമാവട്ടെ, വയറും ഹൃദയവും ഒരുപോലെ ആനന്ദം കൊള്ളട്ടെ- സകാത്തുല്‍ ഫിത്വ്ര്‍ ഇതിനൊക്കെ വേണ്ടിയാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. നബി(സ) പറഞ്ഞു: ''ഈ ദിവസം നിങ്ങളവരെ അന്യാശ്രയത്തില്‍നിന്ന് മുക്തരാക്കുക.'' മറ്റൊരു നിവേദനമനുസരിച്ച് ''നിങ്ങള്‍ ഈ ദിവസം അലയാതിരിക്കാന്‍ മാത്രം അവരെ ഐശ്വര്യവാന്മാരാക്കുക.''
ആര്‍ക്കാണ് നിര്‍ബന്ധം?
തനിക്കും തന്റെ കുടുംബത്തിനും പെരുന്നാള്‍ രാവും പകലും കഴിയാനുള്ള ആഹാരം മാറ്റിവെച്ചാല്‍ ബാക്കി ഒരു 'സ്വാഅ്' (2.200 കി.ഗ്രാം) മിച്ചം വരുന്ന ഓരോ വ്യക്തിയും ഒരു സ്വാഅ് ഫിത്വ്ര്‍ സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്. സ്ത്രീ സ്വന്തമായി വരുമാനമുള്ളവളാണെങ്കില്‍ ഭര്‍ത്താവിനെയോ പിതാവിനെയോ സന്താനങ്ങളെയോ ആശ്രയിക്കാതെ സ്വന്തം ധനത്തില്‍നിന്ന് തന്നെയാണ് ഫിത്വ്ര്‍ സകാത്ത് കൊടുക്കേണ്ടത്. കുട്ടികള്‍ക്ക് സ്വന്തമായി സമ്പത്തുണ്ടെങ്കില്‍ അതിന്റെ കൈകാര്യകര്‍ത്താവ് അതില്‍നിന്ന് കൊടുക്കണം. ഇല്ലെങ്കില്‍ ചെലവ് കൊടുക്കാന്‍ ബാധ്യതയുള്ളവരാണ് അത് നല്‍കേണ്ടത്.
എന്താണ് കൊടുക്കേണ്ടത്, എത്ര കൊടുക്കണം?
നബി(സ)യുടെ കാലത്ത് ഗോതമ്പ്, യവം, ഈത്തപ്പഴം തുടങ്ങിയ മുഖ്യ ആഹാര ഇനങ്ങളാണ് ഫിത്വ്ര്‍ സകാത്തായി നല്‍കിയിരുന്നത്. നമ്മുടെ നാട്ടില്‍ മുഖ്യാഹാരം അരിയായതിനാല്‍ മുന്തിയ ഇനം അരി നല്‍കുന്നതാണ് കൂടുതല്‍ അഭികാമ്യം. സാധാരണ അരിക്ക് ഇന്ന് നമ്മുടെ നാട്ടില്‍ ആര്‍ക്കും പഞ്ഞമില്ല. എന്നാല്‍ ആഘോഷാവസരങ്ങളില്‍ പ്രത്യേക വിഭവങ്ങള്‍ക്ക് ഉപയോഗിക്കുന്ന മുന്തിയ ഇനം അരി ലഭിച്ചാല്‍ പെരുന്നാള്‍ ദിവസം സദ്യയൊരുക്കാന്‍ ദരിദ്രര്‍ക്ക് പ്രയാസമുണ്ടാവില്ല. ഇത്തരം അരിക്ക് സാധാരണ അരിയേക്കാള്‍ വില കൂടുതലായതിനാല്‍ സകാത്തിന്റെ അളവില്‍ കുറവ് വന്നാലും കുഴപ്പമില്ല. സ്വഹാബി അബൂ സഈദില്‍ ഖുദ്‌രി(റ) പറയുന്നു: ''അല്ലാഹുവിന്റെ ദൂതന്‍ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നപ്പോള്‍ ഭക്ഷ്യ ധാന്യത്തില്‍ നിന്ന് (ഗോതമ്പ്) ഒരു സ്വാഅ്, അല്ലെങ്കില്‍ കാരക്കയില്‍നിന്ന് ഒരു സ്വാഅ്, അതുമല്ലെങ്കില്‍ തൊലിഗോതമ്പില്‍ നിന്ന് ഒരു സ്വാഅ്, അല്ലെങ്കില്‍ ഉണക്ക മുന്തിരിയില്‍ നിന്ന് ഒരു സ്വാഅ്, അല്ലെങ്കില്‍ പാല്‍ക്കട്ടിയില്‍ നിന്ന് ഒരു സ്വാഅ് എന്നിങ്ങനെ ഞങ്ങള്‍ ഫിത്വ്ര്‍ സകാത്ത് കൊടുത്തുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഖലീഫ മുആവിയ(റ) മദീനയില്‍ വരികയുണ്ടായി. അദ്ദേഹം മിമ്പറില്‍ കയറി ജനങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കുന്നതിനിടയില്‍ ഇങ്ങനെ പറയുകയുണ്ടായി: രണ്ട് മുദ്ദ് (അര സ്വാഅ്) സിറിയന്‍ ഗോതമ്പ് ഒരു സ്വാഅ് (നാല് മുദ്ദ്) കാരക്കക്ക് തുല്യമാവുമെന്നാണ് എന്റെ അഭിപ്രായം. അനന്തരം ജനങ്ങളത് സ്വീകരിച്ചു.'' എന്നാല്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത സ്വഹാബി അതുപോലെ പിന്തുടര്‍ന്നു. ഇതിന്റെ വെളിച്ചത്തില്‍ വില ഇരട്ടിവരുന്ന മുന്തിയ ഇനമാവുമ്പോള്‍ പകുതി കൊടുത്താല്‍ മതിയെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. എന്നാല്‍, വിലയെന്തായാലും ഇനം എത്ര മുന്തിയതായാലും ഒരു സ്വാഅ് തന്നെ കൊടുക്കണമെന്നാണ് മറുഭാഗത്തിന്റെ വീക്ഷണം. സ്വഹാബിമാരില്‍ മുആവിയ, ഉസ്മാന്‍, അലി, അബൂഹുറയ്‌റ, ജാബിര്‍, ഇബ്‌നു അബ്ബാസ്, ഇബ്‌നുസ്സുബൈര്‍ തുടങ്ങിയവരുടെയും, താബിഉകളില്‍ ഉമറുബ്‌നുല്‍ അബ്ദില്‍ അസീസ്, താവൂസ്, മുജാഹിദ്, സഈദുബ്‌നുല്‍ മുസയ്യബ് തുടങ്ങിയവരുടെയും വീക്ഷണമാണ് ഇന്ന് നമ്മുടെ നാട്ടില്‍ കൂടുതല്‍ അനുയോജ്യം. 2.200 കിലോ ഗ്രാം സാധാരണ അരിക്ക് പകരം അതിന്റെ പകുതിയോ അല്ലെങ്കില്‍ ഒന്നരയോ ബിരിയാണി അരി കൊടുത്താല്‍ മതി എന്നര്‍ഥം. കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ കൂടുതല്‍ കൊടുത്തു കൊള്ളട്ടെ.
സകാത്തുല്‍ ഫിത്വ്ര്‍ കൊടുക്കേണ്ടത് അഗതികള്‍ക്കും ദരിദ്രര്‍ക്കുമാണ്. 'അഗതികള്‍ക്ക് ആഹാരമായി' എന്നാണ് നബി(സ) പറഞ്ഞിട്ടുള്ളത്. നമ്മുടെ നാട്ടില്‍ സാധാരണ കണ്ടുവരാറുള്ളതുപോലെ ഫിത്വ്ര്‍ സകാത്ത് കൊടുക്കുന്ന എല്ലാവരും അത് വാങ്ങുകയും ചെയ്യുന്ന ഏര്‍പ്പാട് പ്രോത്സാഹിപ്പിക്കേണ്ടതല്ല. കൊടുക്കുന്നവരില്‍ അഗതികളും ദരിദ്രരുമുണ്ടെങ്കില്‍ അവര്‍ക്ക് വാങ്ങാമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരായവരും, അല്ലാഹു സമ്പത്തും ഐശ്വര്യവും നല്‍കി അനുഗ്രഹിച്ചവരും 'ബര്‍ക്കത്തുള്ള അരിയല്ലേ' എന്ന് വിചാരിച്ച് അത് സ്വീകരിക്കരുത്. അവര്‍ക്കത് അനുവദനീയമല്ല. സാധുക്കളുടെ അവകാശമാണത് എന്ന് മനസ്സിലാക്കി ധനികര്‍ അത് വാങ്ങാതിരിക്കുകയാണ് വേണ്ടത്.
പണ്ടത്തെ അപേക്ഷിച്ച് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇന്ന് കേരളത്തില്‍ പെരുന്നാളിന് സദ്യയൊരുക്കാന്‍ വകയില്ലാത്തവര്‍ വളരെ വിരളമായിരിക്കും. അത്തരം മഹല്ലുകളില്‍ ഒരു ചടങ്ങുപോലെയായിരിക്കുകയാണ് സകാത്തുല്‍ ഫിത്വ്ര്‍. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ പശിയടക്കാന്‍ കഴിയാത്ത അനേകായിരങ്ങള്‍ ഉണ്ട് എന്ന യാഥാര്‍ഥ്യം നാം വിസ്മരിച്ചുകൂടാ. അവരെ സഹായിക്കാനുള്ള സംവിധാനങ്ങളും വളരെ അപൂര്‍വം. അത്തരക്കാര്‍ക്ക് ഫിത്വ്ര്‍ സകാത്ത് എത്തിച്ചുകൊടുക്കാനായെങ്കില്‍ ആ സാധുക്കള്‍ക്കും പെരുന്നാളാഘോഷത്തില്‍ പങ്കുചേരാനാവും. അതിനുള്ള സംവിധാനങ്ങളുണ്ടങ്കില്‍ കേരളത്തിലെ ഫിത്വ്ര്‍ സകാത്തിന് ഏറ്റവും അര്‍ഹര്‍ അവരാണ്.
ആസാമിലെ കലാപത്തില്‍ ഭവനരഹിതരായവര്‍ക്കും ഉടുതുണിക്ക് മറു തുണിയില്ലാത്തവര്‍ക്കും, അഭയാര്‍ഥി ക്യാമ്പുകളില്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന മറ്റു ഹതഭാഗ്യര്‍ക്കും കേരള മുസ്‌ലിംകളുടെ സകാത്തുല്‍ ഫിത്വ്‌റിന്റെ ഒരു ഭാഗം എത്തിക്കാനുള്ള സംവിധാനമുണ്ടാക്കാന്‍ സമുദായ നേതൃത്വം മുന്നോട്ടുവരേണ്ടിയിരിക്കുന്നു. സമാന സംഭവങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സകാത്തുല്‍ ഫിത്വ്ര്‍ നല്‍കാന്‍ ഡോ. യൂസുഫുല്‍ ഖറദാവി ആഹ്വാനം ചെയ്തത് ഇവിടെ സ്മരണീയമാണ്.
നിര്‍ബന്ധമാകുന്നതെപ്പോള്‍?
അവസാന നോമ്പും പൂര്‍ത്തിയായി ശവ്വാല്‍ മാസപ്പിറവി കാണുന്നതോടെയാണ് സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാവുക. അതിന് മുമ്പ് മരണപ്പെടുന്നവര്‍ക്ക് അത് ബാധകമല്ല. അപ്പോള്‍ ജനിച്ച കുട്ടിക്ക് അത് ബാധകമാവുകയും ചെയ്യും.
നിര്‍ബന്ധമാകുന്നത് റമദാന്‍ അവസാനത്തോടു കൂടിയാണെങ്കിലും നേരത്തെ അത് നല്‍കാമെന്നാണ് ബഹുഭൂരിപക്ഷം ഫുഖഹാക്കളുടെയും ഇമാമുകളുടെയും വീക്ഷണം. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് തന്നെ അത് നല്‍കിയിരിക്കണമെന്നും നിര്‍ബന്ധമുണ്ട്. റമദാനില്‍ അവസാനത്തേക്ക് വെക്കാതെ നേരത്തെ അത് നല്‍കാമെന്ന് ഇമാം ശാഫിഈ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്വന്തം പരിസരത്ത് അര്‍ഹരായ സാധുക്കളുണ്ടെങ്കില്‍ അവര്‍ക്കാണ് പ്രഥമ പരിഗണന. അവരെ അവഗണിച്ചുകൊണ്ടാവരുത് ദൂരെ ദിക്കുകളിലേക്ക് കൊടുത്തയക്കല്‍.
പ്രവാസികളായ സഹോദരന്മാര്‍ തങ്ങള്‍ വസിക്കുന്ന ഗള്‍ഫ് പ്രദേശത്ത് തന്നെ അര്‍ഹരായ ധാരാളം ആളുകള്‍ ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. ജോലി കിട്ടാതെ അലയുന്നവര്‍, ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ടവര്‍, ജയിലുകളിലും മറ്റും കഴിയുന്നവര്‍, ശമ്പളം കിട്ടാതെ കഷ്ടപ്പെടുന്നവര്‍, ഹോസ്പിറ്റലുകളില്‍ കഴിയുന്നവര്‍, ലേബര്‍ ക്യാമ്പുകളിലും മറ്റും നരകയാതന അനുഭവിക്കുന്നവര്‍ തുടങ്ങി പലതരത്തില്‍ കഷ്ടപ്പെടുന്നവര്‍ സകാത്തുല്‍ ഫിത്വ്‌റിന് അര്‍ഹരായി അവിടങ്ങളിലുണ്ട്. അവരുടെ പെരുന്നാളും അവരുടെ കുടുംബത്തിന്റെ പെരുന്നാളും ആനന്ദകരമായ ആഘോഷമാക്കാന്‍ പറ്റിയില്ലെങ്കിലും നന്നെ ചുരുങ്ങിയത് നല്ല ഭക്ഷണം കഴിക്കാനുള്ള വകയെങ്കിലും സകാത്തുല്‍ ഫിത്വ്ര്‍ വഴി ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് വളരെ പുണ്യകരമായ പ്രവൃത്തിയായിരിക്കും.
Comments