Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 16

3340

1445 ശഅ്ബാൻ 06

ഇബ്റാഹീം കിഴുപ്പിള്ളിക്കര 

പി.എം ഹംസത്ത്

കിഴുപ്പിള്ളിക്കര ഇബ്റാഹീം സാഹിബ് ശാരീരികമായി തളരുന്നത് വരെ സാമൂഹിക പ്രവർത്തന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ആശയപരമായ അഭിപ്രായ വൈവിധ്യങ്ങൾ ഉൾക്കൊണ്ട്‌ വ്യത്യസ്ത സരണിയിൽ പ്രവർത്തിക്കുന്നവരുമായി നിരുപാധിക സൗഹൃദം എക്കാലവും അദ്ദേഹം നിലനിർത്തി.

കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരുടെ പ്രശ്ന പരിഹാരമായിരുന്നു ഇബ്റാഹീം സാഹിബിന്റെ  എക്കാലത്തെയും മുഖ്യ ദൗത്യം. നിരവധി പേരുടെ വിദ്യാഭ്യാസ, ഭവന, ചികിത്സാ പ്രശ്നങ്ങൾക്ക് ക്രിയാത്മകവും മാതൃകാപരവുമായ പരിഹാരങ്ങൾ കണ്ടെത്തി. 

പ്രയാസപ്പെടുന്നവരുടെ അത്താണിയായിരുന്നു അദ്ദേഹം. പഞ്ഞ മാസങ്ങളിൽ പട്ടിണിപ്പാവങ്ങൾക്ക് ഭക്ഷ്യസാധനങ്ങൾ എത്തിച്ചുകൊടുത്തു. ഇബ്റാഹീം സാഹിബിന്റെ നിസ്വാർഥ സേവന മനസ്കതയാണ്  സാമൂഹിക പ്രവർത്തനത്തിൽ തന്റെ മാതൃക എന്ന് വാർഡ് മെമ്പർ ജോയ് പറഞ്ഞു.
നിരവധി കുടുംബങ്ങൾക്ക് കൃഷി ആവശ്യത്തിനും കുടിവെള്ള പദ്ധതിക്കും ഉപകാരപ്പെടുന്ന വിധത്തിൽ പമ്പ് ഹൗസ് നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം അദ്ദേഹം വിട്ടുനൽകി.  വഴി നടക്കാനുള്ള സ്ഥലം ചോദിച്ചവർക്ക്  വലിയ ലോറി പോവാനുള്ള സ്ഥലമാണ് നൽകിയത്.

സ്വന്തമായി രൂപപ്പെടുത്തിയ വഴിയിലൂടെ പ്രബോധനം മുഖ്യ കർമമേഖലയായി അദ്ദേഹം ഏറ്റെടുത്തു. നിരവധി പേർക്ക് നേർമാർഗം കാണിച്ചുകൊടുക്കുന്നതിൽ വിജയിച്ചു. അങ്ങനെയുള്ളവരുടെ സാമൂഹിക പുനരധിവാസവും അദ്ദേഹം തന്നെ നിർവഹിച്ചു. കിഴുപ്പിള്ളിക്കര ചാരിറ്റബിൾ ട്രസ്റ്റിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിനും, കെട്ടിടം ഉൾപ്പെടെ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു. സജീവ ജമാഅത്ത് പ്രവർത്തകൻ ആയിരിക്കെ മഹല്ല് സെക്രട്ടറിയുടെ ദൗത്യവും നിർവഹിച്ചു.

വാടാനപ്പള്ളി ഓർഫനേജും അതിലെ അന്തേവാസികളും എക്കാലവും ഇബ്റാഹീം സാഹിബിന്റെ  മുഖ്യപരിഗണനയിലുണ്ടായിരുന്നു. സ്വന്തമായി വീടില്ലാത്ത അനാഥ മക്കളുടെ അവധിക്കാല കേന്ദ്രം അദ്ദേഹത്തിന്റെ വീടായിരുന്നു. അനാഥ കുട്ടികളിൽ പലരുടെയും സുന്നത്ത് കർമം പോലും ഇദ്ദേഹത്തിന്റെ വീട്ടിൽ വെച്ചു നടത്തിയിട്ടുണ്ട്.

പരന്ന വായനാ ശീലമുള്ള പരേതന് ഖുർആൻ തഫ്സീറുകളുടെ തുടർ വായനയും പഠനവും ആയിരുന്നു ഏറ്റവും ഇഷ്ടം.

ഇബ്റാഹീം സാഹിബിന്റെ പ്രവർത്തനങ്ങളുടെ വിജയത്തിന് സഹായകമായ പശ്ചാത്തലം ഒരുക്കുന്നതിൽ ഭാര്യ മർഹൂം ഫാത്തിമയുടെ പങ്ക് സ്മരണീയമാണ്.
മക്കൾ: റാഫി, റിയാജ്, റസീന. മരുമക്കൾ: ഹംസത്ത്, റീന, അബ്ന. 
 

കെ. ആലി മൂഴിക്കൽ

കോഴിക്കോട് മൂഴിക്കൽ പ്രാദേശിക ജമാഅത്തിലെ പ്രവർത്തകനായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ കെ. ആലി സാഹിബ്. കേരള പോലീസിൽ കോൺസ്റ്റബിളായി പ്രവർത്തിക്കുമ്പോഴും റിട്ടയർമെന്റിന് ശേഷവും ഇസ്‌ലാമിക പ്രസ്ഥാനത്തിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. എല്ലാവരോടും സൗമ്യമായി മാത്രം ഇടപെട്ടു.

ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നത് വരെ പള്ളിയുമായി നിരന്തര ബന്ധം നിലനിർത്തിപ്പോന്നിരുന്നു. പഠന പാരായണങ്ങളിൽ അതീവ തൽപരനായിരുന്നു.

ഒരു മാസം താൻ പഠിച്ചതും പാരായണം ചെയ്തതും തർബിയത്ത് യോഗങ്ങളിൽ നോട്ട് ചെയ്ത് വായിക്കുക അദ്ദേഹത്തിന്റെ രീതിയായിരുന്നു. അദ്ദേഹത്തിന് 5 പെൺമക്കളാണ്. എല്ലാവരേയും നല്ല നിലയിൽ പഠിപ്പിച്ച് വിവാഹം കഴിപ്പിച്ചയക്കാൻ സാധിച്ചു. ഭാര്യ കദീശ മൂഴിക്കൽ വനിതാ ഹൽഖയിലെ പ്രവർത്തകയാണ്. മക്കളും മരുമക്കളും പ്രസ്ഥാന സഹയാത്രികരുമാണ്.

യൂസുഫ് മൂഴിക്കൽ   

 

പേരയില്‍ മുഹമ്മദ്

ദീനീ പ്രവര്‍ത്തനങ്ങളില്‍ സജീവ തല്‍പരനും ഭക്തനുമായിരുന്ന തിരൂർക്കാട് പേരയില്‍ മുഹമ്മദ് എന്ന മയമു കാക്ക(95) അല്ലാഹുവിങ്കലേക്ക് യാത്രയായി. ഓരാടം പാലത്തിനടുത്ത ചാലപ്പറമ്പില്‍ താമസിച്ചിരുന്ന പുരാതന കുടുംബാംഗമായ അദ്ദേഹം കര്‍ഷകനും അടക്കവ്യാപാരിയുമായിരുന്നു. അനുഷ്ഠാന മുറകളില്‍ അങ്ങേയറ്റത്തെ നിഷ്ഠ പുലര്‍ത്തിയിരുന്നു. പള്ളികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും അവയുടെ നിര്‍മാണത്തിൽ പങ്കാളിത്തം വഹിക്കുകയും ചെയ്തു. ജമാഅത്തെ ഇസ് ലാമി അനുഭാവിയായിരുന്നു. മതപ്രസംഗങ്ങളും ഖുര്‍ആന്‍-ഹദീസ് ക്ലാസുകളും ശ്രവിക്കുന്നതിലും കൂടുതൽ പഠിക്കുന്നതിലും ഉത്സുകനായിരുന്നു.

ഭാര്യ: കൈതക്കോട്ട് തൊടി ആമിന.
മക്കള്‍: ഹംസ, അബ്ദുല്ല, ബഷീര്‍, അബ്ദുര്‍റഹ്്മാന്‍, ആസിയ, സീനത്ത്, സലീന.

പി.എ.എം അബ്ദുല്‍ഖാദര്‍,  തിരൂര്‍ക്കാട്‌ 

 

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും 
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 01-03
ടി.കെ ഉബൈദ്

ഹദീസ്‌

വിട്ടുവീഴ്ചയുടെ മാഹാത്മ്യങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്