ആഭാസമായി മാറുന്ന കല്യാണാഘോഷങ്ങൾ
“നാട്ടിലെ കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്: ആളെ തിരിച്ചറിഞ്ഞാല്‍ നിങ്ങളുടെ പ്രായം, ജാതി, മതം, രാഷ്ട്രീയം തുടങ്ങിയതൊന്നും നോക്കാതെ വീട്ടില്‍ കയറി തല്ലുന്നതായിരിക്കും”. ജാതി, ജാതകം, ജോലി തുടങ്ങിയ ഹര്‍ഡിലുകള്‍ ചാടിക്കടന്ന് വിവാഹത്തിന്റെ ഫിനിഷിംഗ് പോയന്റില്‍ എത്തിനിൽക്കുമ്പോള്‍ അതിനെ പാര വെച്ചു തകര്‍ക്കുന്ന കിട്ടുണ്ണിമാര്‍ക്കെതിരെ നിവൃത്തികേടിന്റെ സ്വയം പ്രതിരോധം എന്ന നിലക്കാണ് കുട്ടനാട്ടിലെ ഒരു ഗ്രാമത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇങ്ങനെയൊരു ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. വിവാഹവുമായി ബന്ധപ്പെട്ട അശ്ലീലാചാരങ്ങളില്‍ ഏറ്റവും ക്രൂരമായ ഒരിനമാണ് ഇമ്മാതിരി ‘കല്യാണം മുടക്കല്‍ ചടങ്ങെ’ങ്കില്‍ അതിനുമപ്പുറമാണ് വിവാഹ ദിനത്തിലും തലേന്നും ‘കല്യാണം കലക്കികള്‍’ നടത്തുന്ന വൃത്തികെട്ട ‘കേളികള്‍’. അവയാകട്ടെ ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നവരുടെ വാസനാ വൈകൃതത്തിന്റെ അതിര് വിട്ട പ്രകടനങ്ങളാവുകയും സാമൂഹിക ഇടപെടല്‍ ആവശ്യപ്പെടുന്ന ഗുരുതര പ്രശ്നമായി മാറുകയും ചെയ്തിരിക്കുന്നു. ഈ ക്രൂര തമാശകള്‍ മൂലം വിവാഹം മുടങ്ങുകയും ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്തവരുടെ എണ്ണം എത്രയെങ്കിലുമുണ്ട് നമ്മുടെ ‘സാംസ്കാരിക തിരുമുറ്റ’ത്ത്.
മനുഷ്യ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു വഴിത്തിരിവാണ് ദാമ്പത്യം. വെറുമൊരു മംഗളകര്‍മം എന്നതിനപ്പുറം ഒരാണും പെണ്ണും തമ്മിലുള്ള ‘സുദൃഢമായ ഉടമ്പടി’(വിശുദ്ധ ഖുര്‍ആന്‍ 4:21)യും ‘ദൈവം കൂട്ടിച്ചേര്‍ത്ത വേർപ്പെടുത്താനാവാത്ത ബന്ധ' (മത്തായി 19:6) വും ‘പരസ്പര സ്നേഹത്തിന്റെ ഐക്യപ്പെടലു'(ഋഗ്വേദം)മാണ് വിവാഹം. രണ്ട് മനുഷ്യര്‍ ചേര്‍ന്നുണ്ടാകുന്ന ആ കൊച്ചു വൃത്തം മനുഷ്യ സംസ്കാരത്തിന്റെ തന്നെ ആദ്യത്തെ കണ്ണിയാകുന്നു. ശരിയായ പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മുതൽ വിവാഹ ചടങ്ങുകൾ വരെ നിരവധി ഘട്ടങ്ങള്‍ താണ്ടിയാണ് വധൂവരന്മാര്‍ വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത്. മാലാഖമാരുടെ കാവലില്‍ നടക്കുന്ന പവിത്രമായ ഒരു ചടങ്ങിനെ ആഭാസങ്ങളുടെ ആഘോഷമാക്കുകയും നവമിഥുനങ്ങളെ പൈശാചികമായ ഒരു തരം ‘റാഗിംഗി’ന് വിധേയരാക്കുകയും ചെയ്യുന്ന ഏർപ്പാടിന് പ്രാദേശികമോ മതപരമോ ആയ ‘വിവേചനങ്ങള്‍’ ഇല്ലെങ്കിലും മലബാര്‍ ഭാഗങ്ങളിലെ മുസ്‌ലിം കുടുംബങ്ങളിലാണ് ഏറിയ തോതില്‍ ഇത് നടക്കുന്നത് എന്നത് ഒരു തിക്ത സത്യമാണ്.
ജൂനിയര്‍ വിദ്യാര്‍ഥികളുടെ സങ്കോചമകറ്റുന്നതിനുള്ള രസികന്‍ നമ്പറുകളായി രംഗപ്രവേശം ചെയ്ത കലാലയങ്ങളിലെ റാഗിംഗ് പിന്നീട് മാന്യതയുടെയും മര്യാദയുടെയും വേലി തകര്‍ത്തു തിമര്‍ത്താടുന്ന ആഭാസങ്ങളായി മാറിയതു പോലെ, വിവാഹവുമായി ബന്ധപ്പെട്ടു തുടങ്ങിയ നിരുപദ്രവകരമായ തമാശകളാണ് ബീഭത്സമായ അഴിഞ്ഞാട്ടങ്ങളായി മാറിയത്. കലാലയങ്ങളിലെ റാഗിംഗ് ഇന്ത്യയില്‍ നിയമവിരുദ്ധവും തടവുശിക്ഷ ലഭിക്കുന്ന ശിക്ഷാര്‍ഹമായ കുറ്റവുമാണെങ്കില്‍ കല്യാണപ്പന്തലിലെ റാഗിംഗിന് നിയമപരമായ വിലക്കുകളില്ല!
മലബാറിലെ കല്യാണങ്ങള്‍ അത്യാര്‍ഭാടങ്ങളുടെ പേരിലായിരുന്നു ഒരു കാലത്ത് കുപ്രസിദ്ധി നേടിയിരുന്നത്. അത്തരത്തില്‍ അതിരുവിടുന്ന വിവാഹ ധൂര്‍ത്തിന്റെ ഒരു ആഖ്യാനമാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന ചെറുകഥ. കാസർകോട്ടെ തളങ്കരയിലെ കലന്തന്‍ ഹാജിയുടെ പേരമകന്‍ രിസ്്വാന്റെ വിവാഹദിവസം, ആയിരങ്ങള്‍ തിന്നിട്ടും തീരാത്ത ബിരിയാണി കുഴിയിലിട്ടു മൂടുന്നതാണ് കഥയുടെ ഇതിവൃത്തം. കല്യാണത്തിന് വേണ്ടി കലന്തന്‍ ഹാജി പഞ്ചാബില്‍നിന്ന് ഇറക്കുമതി ചെയ്ത ക്വിന്റല്‍ കണക്കിന് ബസുമതി അരികൊണ്ട് തയാറാക്കിയ ബിരിയാണി ബാക്കിയാവുകയും ഒടുവില്‍ ഗോപാല്‍ യാദവ് എന്ന അതിഥി തൊഴിലാളിയോട് അത് കുഴിയിലിട്ടു മൂടാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. ബിരിയാണി ‘നിക്ഷേപിക്കാന്‍’ വലിയ കുഴിയെടുത്തുകൊണ്ടിരിക്കെ ഗോപാല്‍ യാദവിന്റെ മനസ്സ് ഭൂതകാലത്തിന്റെ ഫ്ലാഷ് ബാക്കിലൂടെ തിരിഞ്ഞുനടക്കുന്നു. ഉത്തരേന്ത്യയിലുള്ള തന്റെ ഗ്രാമത്തിലെ ശുകൂര്‍ മിയാന്റെ കടയില്‍ വെച്ചാണ് ഗോപാല്‍ യാദവ് ഇതിനു മുമ്പ് ബസുമതി അരി കണ്ടത്. ആറു മാസം ഗര്‍ഭിണിയായ ഭാര്യ മാതംഗിയുടെ ‘ഗര്‍ഭപ്പൂതി’ തീര്‍ക്കാന്‍ ഇച്ചിരി അരിക്ക് വേണ്ടിയാണ് ഗോപാല്‍ കടയില്‍ പോകുന്നത്. കഞ്ഞിക്ക് ആവശ്യമുള്ള അരി വാങ്ങാന്‍ കാശ് തികയാതെ വന്നപ്പോള്‍ അമ്പത് ഗ്രാം ‘ബസുമതിയരി’ തൂക്കിത്തരാന്‍ ശുകൂര്‍ മിയാനോട് ഗോപാല്‍ ആവശ്യപ്പെടുന്നു. വേവിക്കാന്‍ മാത്രമില്ലാത്തതു കൊണ്ട് ചവച്ചരച്ചാണ് മാതംഗി അരി തിന്നുന്നത്. ‘‘അരിമാവ് പശുവിന്‍ പാല് പോലെ കടവായിലൂടെ ഒഴുകി വന്നപ്പോള്‍ അത് തുടക്കാന്‍ സമ്മതിക്കാതെ ഗോപാല്‍ ആ കണ്ണുകളിലേക്ക് നോക്കിനിന്നു” (ബിരിയാണി). മാതംഗി പ്രസവിച്ച കുഞ്ഞിനു ഗോപാല്‍ ഇട്ട പേര് ‘ബസുമതി’ എന്നായിരുന്നു.
കഥാന്ത്യത്തില്‍, കുഞ്ഞു ബസുമതി മരിക്കുന്നത് വിശപ്പ് സഹിക്കാന്‍ കഴിയാതെയായിരുന്നു. ബസുമതിയരി കൊണ്ടുള്ള ബിരിയാണി ‘ദം’ പൊട്ടിക്കുക പോലും ചെയ്യാതെ കുഴിയിലിട്ടു മൂടുമ്പോള്‍ വിശന്നു മരിച്ച മകള്‍ ബസുമതിയുടെ ഓര്‍മകള്‍ അയാളുടെ ഉള്ളില്‍ തേങ്ങലായി വിങ്ങുന്നുണ്ടായിരുന്നു. “ഗോപാല്‍ യാദവ് ഒരു കൈക്കോട്ട് മണ്ണ് കൂടി ബസുമതിക്ക് മേല്‍ കൊത്തിയിട്ടു. പിന്നെ കുറെ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു” എന്ന വാചകത്തോടെയാണ് ‘ബിരിയാണി’ അവസാനിക്കുന്നത്. ‘കാണം വിറ്റും കല്യാണം കേമമാക്കണം’ എന്ന പുതുചൊല്ലിന്റെ ബലത്തില്‍ കുബേര-കുചേല വ്യത്യാസമില്ലാതെ മത്സരിച്ചുനടക്കുന്ന ആഡംബര വിവാഹങ്ങള്‍ ഇന്ന് ഒരു വാര്‍ത്ത പോലുമല്ലാത്ത വിധം സാര്‍വത്രികമായിരിക്കുന്നു. അതിനാല്‍ തന്നെ ‘ബിരിയാണി’ നമ്മുടെയാരുടെയും ഉറക്കം കെടുത്തുന്നില്ല. അതേസമയം വിവാഹാഘോഷവുമായി ബന്ധപ്പെട്ടു പുതുതായി പൊട്ടിപ്പുറപ്പെട്ട അഴിഞ്ഞാട്ടങ്ങളാണ് ഇന്നിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്ന ഒരു സാമൂഹിക ദുരന്തമായി മാറിയിരിക്കുന്നത്.
വിവാഹാഘോഷത്തിന്റെ മറവില്‍ ‘പുതിയാപ്ല’യുടെ കൂട്ടുകാര്‍ നടത്തിയ വിക്രിയകള്‍ മൂലം പൊതു നിരത്തിലെ ഗതാഗതം പോലും സ്തംഭിച്ച അവസ്ഥ സമൂഹ മാധ്യമങ്ങളില്‍ വൈറലായത് കഴിഞ്ഞ മാസമാണ്. കണ്ണൂര്‍ വാരത്താണ് സംഭവം. യദൃഛയാ ‘ബിരിയാണി’യിലെ പുതിയാപ്ലയുടെ പേര് തന്നെയാണ് ഇക്കഥയിലെ നായകന്റെ പേരും. അലങ്കരിച്ച ഒട്ടകപ്പുറത്ത് പുഷ്പ കിരീടം ചൂടി നടുറോട്ടിലൂടെ കല്യാണ മണ്ഡപത്തിലേക്ക് സഞ്ചരിച്ച രിസ് വാന്റെ പിന്നില്‍ കാതടപ്പിക്കുന്ന ശബ്ദത്തോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വന്‍ ചങ്ങാതിക്കൂട്ടമാണ് താളത്തില്‍ നീങ്ങിയത്. ആഘോഷങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന തോക്കില്‍നിന്ന് പടര്‍ന്ന പുകയും തീപ്പൊരിയും യാത്രക്കാരുടെ മേല്‍ പതിക്കുകയും ആംബുലന്‍സ് വാഹനത്തിനു പോലും കടന്നുപോകാന്‍ കഴിയാത്ത വിധം തടസ്സമുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ സഹികെട്ട നാട്ടുകാര്‍ ഇടപെടുകയും തുടര്‍ന്ന് വരന്റെയും കൂട്ടുകാരുടെയും പേരില്‍ പോലീസ് കേസെടുക്കുകയും ചെയ്യുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതിനെക്കാള്‍ ഭീകരമായ മറ്റൊരു വിവാഹാഘോഷ വിക്രിയ നടന്നതും കണ്ണൂര്‍ ജില്ലയില്‍ തന്നെയായിരുന്നു. തോട്ടടയില്‍ വിവാഹാഘോഷങ്ങള്‍ക്കിടെയുള്ള ഗാനമേളയുമായി ബന്ധപ്പെട്ടു വരന്റെ കൂട്ടുകാര്‍ അക്രമാസക്തരാവുകയും കല്യാണപ്പന്തല്‍ യുദ്ധക്കളമായി മാറുകയും, തുടര്‍ന്നുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ‘കല്യാണ സൊറ’ എന്ന ഓമനപ്പേരിൽ വരന്റെ സുഹൃത്തുക്കൾ നടത്തുന്ന റാഗിംഗ് വധുവിന് സഹിക്കാവുന്നതിലും അപ്പുറമാകുന്നതും പതിവാണ്. ഏതെങ്കിലുമൊരു കല്യാണത്തിന് ചങ്ങാതിമാര്‍ കൊടുക്കുന്ന ‘പണി’ക്ക് പകരം വീട്ടിയും അതിനെക്കാള്‍ മാരകമായ പണി തിരിച്ചുകൊടുത്തുമാണ് ഒരു തമാശക്ക് തുടങ്ങിയ ഈ ഏർപ്പാട് തുടര്‍ക്കഥകളായത്; മലബാറിലെ രാഷ്ട്രീയ കൊലപാതകം പോലെ.
വിവാഹം ഒരു വിരസമായ ചടങ്ങാവണമെന്ന് ഒരു മതവും തത്ത്വസംഹിതയും പറയുന്നില്ല. ബന്ധു മിത്രാദികളും കൂട്ടുകാരും നാട്ടുകാരും ആഹ്ലാദത്തിന്റെ ഈ അനര്‍ഘ വേളയെ ആഘോഷമാക്കുക സ്വാഭാവികമാണ്. അതേസമയം ഏത് ആഘോഷവും അതിര് കവിയുമ്പോള്‍ അത് ആഭാസമായി മാറും. വിവാഹത്തെ കുറിച്ചു മാത്രമല്ല, ജീവിത മൂല്യങ്ങളെ സംബന്ധിച്ചു പോലും നിലവിലുള്ള സാമൂഹിക സങ്കല്പങ്ങളില്‍ വന്ന മാറ്റമാണ് യാഥാർഥത്തില്‍ ഇത്തരം അത്യാചാരങ്ങള്‍ക്ക് ഒരു പ്രധാന കാരണമായി കാണാന്‍ കഴിയുന്നത്. മൂല്യങ്ങളില്ലെങ്കിലും ജീവിതം ‘കളര്‍ഫുള്‍’ ആവണമെന്നതാണ് പുതിയ തലമുറയിലെ ചിലരുടെയെങ്കിലും കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തെ പാട്ടും മൈലാഞ്ചിയും ആണ്‍ - പെണ്‍ ഇടകലര്‍പ്പില്ലാത്ത ഇരുത്തവും അവര്‍ക്ക് അരസികമായ ഏർപ്പാടുകളാണ്. ആഹ്ലാദക്കൂട്ടായ്മകളില്‍ പഴയ കാലത്തെ പോലെ കുടുംബക്കാരുടെയും കൂട്ടുകാരുടെയും സര്‍ഗാത്മകവും ജൈവികവുമായ ഇടപെടല്‍ പോലും ഇപ്പോഴില്ല. എല്ലാ ആഘോഷങ്ങളും ഇപ്പോള്‍ ഇവന്റ് മാനേജ്മെന്റിന്റെ ഇന്ദ്രജാല പ്രകടനങ്ങളായി മാറിയിരിക്കുന്നു. കുഞ്ഞിന്റെ പേരിടല്‍ മുതല്‍ മുത്തച്ഛന്റെ മൃതസംസ്കാരം വരെയുള്ള സകല കര്‍മങ്ങളും ‘കളര്‍ഫുള്‍’ ആക്കാന്‍ ഇവന്റ് മാനേജ്മെന്റിനെ ഏല്പിക്കുന്ന ‘ന്യൂ ജെന്‍ യുവത’യ്ക്ക് വിവാഹാഘോഷം ‘ട്രെന്‍ഡി’ ആവണമെന്നേയുള്ളൂ. ഇവന്റ് മാനേജര്‍മാര്‍ക്കാകട്ടെ വധൂവരന്മാര്‍ മജ്ജയും മാംസവുമുള്ള മനുഷ്യരല്ല, തങ്ങള്‍ക്ക് വിനിമയം നടത്താനുള്ള വെറും ‘മാര്‍ക്കറ്റിംഗ് മെറ്റീരിയല്‍സ്’ മാത്രമാണ്. അതുകൊണ്ടാണ് സഭ്യതയുടെ വരമ്പുകള്‍ ലംഘിച്ചുകൊണ്ട് വിവാഹിതരാവുന്നതിനു മുമ്പ് തന്നെ കല്യാണത്തലേന്നുള്ള ഫോട്ടോഷൂട്ട് അടക്കം ഇവന്റ് മാനേജര്‍മാര്‍ ചെയ്തുകൊടുക്കുന്നത്.
ചുരുക്കത്തില്‍, ഒത്തുചേരലുകളുടെ ആഹ്ലാദങ്ങളെ തല്ലിക്കെടുത്തുന്ന ‘ഐറ്റ’ങ്ങളാണ് ഇത്തരം വിവാഹാഘോഷങ്ങളില്‍ അധികവും അരങ്ങേറുന്നത്. വരനെയും വധുവിനെയും അസാധാരണവും അസാധ്യവുമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക, വാഹനം തടഞ്ഞുനിറുത്തി റോഡിലൂടെ നടത്തിക്കുക, മണിയറയുടെ ജനല്‍ അഴിച്ചുമാറ്റുക, വരന്റെ വ്യാജവിശേഷണങ്ങളും സ്വഭാവങ്ങളും വര്‍ണിച്ചു നോട്ടീസടിക്കുക തുടങ്ങി, വധൂവരന്മാരെ കാന്താരി ജ്യൂസ് കുടിപ്പിക്കുന്നത് വരെ കാര്യങ്ങള്‍ എത്തിനിൽക്കുന്നു. വിവാഹാഘോഷങ്ങളുടെ അവിഭാജ്യ ഘടകമെന്നോണം ഈ ആഭാസങ്ങള്‍ക്ക് ഒരു സാംസ്കാരിക സ്വീകാര്യത തന്നെ കൈവന്നിരിക്കുന്ന മട്ടാണ്. വധൂവരന്മാരുടെ ‘ചങ്ങായിമാര്‍’ മാന്യതയുടെയും സഭ്യതയുടെയും അതിരുകള്‍ ലംഘിച്ചുകൊണ്ട് വിവാഹ വേദികളെ ഇമ്മട്ടില്‍ അലങ്കോലപ്പെടുത്തുന്നത് സാധാരണക്കാരുടെ ജീവിതത്തെ പോലും ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ മത - രാഷ്ട്രീയ നേതൃത്വം ഗുരുതരമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയുണ്ടായേക്കും. l
Comments