Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 16

3340

1445 ശഅ്ബാൻ 06

വിവാഹച്ചടങ്ങ് ലളിതമാക്കൂ, എന്തിനാണ് പേക്കൂത്താക്കി മാറ്റുന്നത്?

പി.കെ ജമാല്‍

നല്ല വ്യക്തിയുടെ സൃഷ്ടിയാണ് ഇസ് ലാമിന്റെ ലക്ഷ്യം. ശാന്തവും ഭദ്രവുമായ സമൂഹ നിര്‍മാണത്തിനാവശ്യം നല്ല വ്യക്തികളാണ്. നല്ല കുടുംബത്തിന്റെ സൃഷ്ടിയും ഇസ് ലാമിന്റെ ലക്ഷ്യമാണ്. നല്ല സമൂഹ സംവിധാനത്തിന്റെ അനിവാര്യ ഘടകം നല്ല കുടുംബമാണ്. പുരുഷനെയും സ്ത്രീയെയും തമ്മില്‍ ബന്ധിക്കുന്ന സുവര്‍ണ പാശമാണ് വിവാഹം. ഒന്നും ഒന്നും ചേര്‍ന്ന് 'മ്മിണി ബല്യ ഒന്നായി'ത്തീരുന്ന വിവാഹത്തിന് ഇസ് ലാമിക ശരീഅത്ത് വലിയ പ്രാധാന്യമാണ് കല്‍പിച്ചിട്ടുള്ളത്. ലൈംഗിക തൃഷ്ണയുടെ ശമനത്തിന് ദൈവം നിശ്ചയിച്ചു നല്‍കിയ വിഹിത മാര്‍ഗമാണ് വിവാഹം.

സന്യാസത്തെയും ബ്രഹ്മചര്യത്തെയും ഇസ് ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുന്ന സര്‍വതന്ത്ര സ്വതന്ത്ര ജീവിതത്തെയും ഇസ് ലാം വിലക്കുന്നു.
വിവാഹവും കുടുംബവും സൃഷ്ടിക്കുന്ന ബാധ്യതകളില്‍നിന്നും കടപ്പാടുകളില്‍നിന്നും ഒളിച്ചോടുന്ന യുവാക്കളും യുവതികളും ആധുനിക യുഗത്തിന്റെ അഭിശാപങ്ങളില്‍ ഒന്നാണ്. വിവാഹേതര ലൈംഗിക ബന്ധത്തിലൂടെ പിറന്നുവീഴുന്ന സന്തതികള്‍ ഇന്ന് പാശ്ചാത്യ ലോകത്തിലെ തിക്ത യാഥാര്‍ഥ്യമാണ്. 11 യൂറോപ്യന്‍ രാജ്യങ്ങളില്‍ വിവാഹേതര ജനനങ്ങളാണ് ഭൂരിപക്ഷവും. 1960-കള്‍ക്ക് മുമ്പ് യൂറോപ്യന്‍ രാജ്യങ്ങളിലെ വിവാഹേതര ജനന നിരക്ക് 6 ശതമാനമായിരുന്നു. എന്നാല്‍, ഇന്ന് ഫ്രാന്‍സിലും മറ്റു 10 യൂറോപ്യന്‍ രാജ്യങ്ങളിലും പെറ്റ് വീഴുന്ന കുഞ്ഞുങ്ങളില്‍ ഭൂരിഭാഗവും വിവാഹേതര ബന്ധത്തില്‍ പിറക്കുന്നതാണ്. ലോകാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 15 ശതമാനം കുട്ടികളും പിറന്നത് വിവാഹേതര ബന്ധത്തിലൂടെയാണ് (Strange Maps - March 14, 2023).

 ദൗത്യങ്ങള്‍ തനിച്ച് നിറവേറ്റുന്ന രീതിയില്‍ അല്ല അല്ലാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചിട്ടുള്ളത്. പരസ്പരാശ്രിതവും പരസ്പര പൂരകവുമായാണ് പ്രപഞ്ചത്തിലെ സര്‍വ വസ്തുക്കളും വര്‍ത്തിക്കുന്നത്. വിദ്യുത്പ്രവാഹത്തിന് പോസിറ്റീവും നെഗറ്റീവും വേണം. വെളിച്ചവും ചൂടും ചലനവും ഉണ്ടാക്കുന്നതാണല്ലോ വിദ്യുച്ഛക്തി. പ്രോട്ടോണും ന്യൂട്രോണും ചേര്‍ന്നാണല്ലോ ആറ്റം അഥവാ അണു പ്രപഞ്ചം. മരങ്ങളും സസ്യങ്ങളും ഉണ്ടാകുന്നത് ആണ്‍-പെണ്‍ പരാഗണത്തിലൂടെയാണ്. സസ്യലോകത്ത് ഈ പ്രക്രിയ നടക്കുന്നതിന്റെ ഫലമാണ് ചെടികളും വൃക്ഷങ്ങളുമെല്ലാം. ജന്തുലോകത്തും വംശപരമ്പര നിലനില്‍ക്കണമെങ്കില്‍ ആണും പെണ്ണും ചേരണം. ഇതാണ് പ്രകൃതിനിയമം; അല്ലാഹു നിശ്ചയിച്ച പ്രാപഞ്ചിക വ്യവസ്ഥ. അതാണ് ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നത്: "നാം സകല വസ്തുക്കളുടെയും ജോടികള്‍ സൃഷ്ടിച്ചു. നിങ്ങള്‍ പാഠമുള്‍ക്കൊള്ളാന്‍'' (അദ്ദാരിയാത്ത്  49). "ഭൂമിയില്‍ മുളയ്ക്കുന്ന സസ്യങ്ങളിലും ഇവരുടെ (മനുഷ്യരുടെ) തന്നെ വര്‍ഗത്തിലും ഇവര്‍ക്കറിഞ്ഞു കൂടാത്ത മറ്റെല്ലാ വര്‍ഗങ്ങളിലും ഇണകളെ സൃഷ്ടിച്ചവന്‍ എത്രയും പരിശുദ്ധൻ" (യാസീൻ 36).

ജന്തുലോകത്ത് ഉല്‍കൃഷ്ട പദവി അലങ്കരിക്കുന്ന മനുഷ്യവര്‍ഗത്തിന് ഏറ്റവും മാന്യവും അന്തസ്സുറ്റതുമായ മാര്‍ഗമാണ് അല്ലാഹു വംശവര്‍ധനവിന് വേണ്ടി നിശ്ചയിച്ചരുളിയിട്ടുള്ളത്; അതാണ് വിവാഹം. ഒരു പുരുഷനെ തേടുന്ന മനസ്സാണ് സ്ത്രീയുടേത്. സ്ത്രീയെ തേടുന്ന ഹൃദയം പുരുഷനുമുണ്ട്. പരസ്പരാകര്‍ഷണത്തിന്റെ ഈ ജന്മസിദ്ധ വാസന അല്ലാഹു സൃഷ്ടിച്ച പ്രകൃതിയാണ്. ആഹാരത്തിനും പാനീയത്തിനുമപ്പുറം, മനുഷ്യ മനസ്സിനനുഭവപ്പെടുന്ന ശൂന്യതാ ബോധം അകറ്റാനാണ് വിവാഹം. മനസ്സിനെയത് സ്വസ്ഥമാക്കും. അന്തഃസംഘര്‍ഷങ്ങള്‍ അകറ്റി ശാന്തി പകരും. മനഃശാന്തിയും സ്‌നേഹവും കാരുണ്യവും ഇരുവരിലും നിറയുന്ന ആനന്ദമുഹൂര്‍ത്തങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുള്ള കുടുംബം, ആരാമമായി മാറുന്ന അത്ഭുതമാണ് പിന്നെ സംഭവിക്കുക.

അല്ലാഹു വിവരിക്കുന്നതിങ്ങനെ: "അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്ന് തന്നെ ഇണകളെ സൃഷ്ടിച്ചു തന്നതും- അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തിനുകരാന്‍- നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്" (അര്‍റൂം 21).

ഈ സൂക്തം നമ്മുടെ പരിചിന്തനം അര്‍ഹിക്കുന്നുണ്ട്. സൂക്തത്തില്‍ അല്ലാഹു ഉപയോഗിച്ച പദം 'മവദ്ദത്ത്, റഹ് മത്ത്' എന്നാണ്. എന്തുകൊണ്ടാണ് സ്‌നേഹത്തെ സൂചിപ്പിക്കാന്‍ 'ഹുബ്ബ്' എന്ന പദം ഉപയോഗിക്കാത്തത്? 'ഹുബ്ബ്' അഥവാ സ്‌നേഹം, ഇഷ്ടം എന്നിവ ഹൃദയത്തില്‍ മൊട്ടിടുന്ന ബോധവും വികാരവുമാണ്. എന്നാല്‍, 'മവദ്ദത്ത്' ഈ സ്‌നേഹത്തിന് കര്‍മാവിഷ്‌കാരം നല്‍കുന്ന വികാരമാണ്. സ്‌നേഹിക്കുന്ന വ്യക്തിയുടെയും സ്‌നേഹിക്കപ്പെടുന്ന വ്യക്തിയുടെയും പ്രസക്തിയും പദവിയും 'മവദ്ദത്ത്' അടയാളപ്പെടുത്തുന്നു. ദാമ്പത്യജീവിതം ഒരു സ്വപ്‌നലോകമോ പ്രേമലീലയോ 'റൊമാന്‍സോ' അല്ല. അവയൊക്കെ അഭിലഷണീയമാണെങ്കില്‍ത്തന്നെ അവയല്ല എല്ലാം. അധ്വാനം, കഠിന പ്രയത്‌നം, വിട്ടുവീഴ്ച, കുറ്റങ്ങളുടെയും കുറവുകളുടെയും നേരെ കണ്ണടക്കല്‍, കാവലും കരുതലും ശ്രദ്ധയും പരിഗണനയും, സുഖ-ദുഃഖങ്ങള്‍ പങ്കിടല്‍, കൊടുക്കലും വാങ്ങലും ഇവയെല്ലാം ചേരുംപടി ചേര്‍ക്കുമ്പോള്‍ മാത്രമാണ് ദാമ്പത്യ ജീവിതം വിജയിക്കുന്നത്. 

'മവദ്ദത്ത്' എന്ന സവിശേഷ സ്വഭാവത്തിന് 'ഹുബ്ബി'നെക്കാള്‍ ആഴവും പരപ്പുമുണ്ട്. ദമ്പതികളുടെ ഓരോ ജീവിത ചലനത്തിലും പ്രകടമാവുന്നതാണ് 'മവദ്ദത്ത്'. ഗൃഹകാര്യങ്ങളില്‍ പരസ്പര സഹായവും സഹകരണവും, സൗമ്യഭാഷണം, വികാരങ്ങളെ വ്രണപ്പെടുത്താതെയുള്ള ഇടപെടലുകള്‍, പരസ്പരാദരവും അംഗീകാരവും- ഇങ്ങനെ ഒട്ടനവധി ഘടകങ്ങള്‍ 'മവദ്ദ'ത്തില്‍നിന്ന് ഉണ്ടാവുന്നതാണ്. ഇങ്ങനെ ജീവിക്കുമ്പോള്‍ സ്വാഭാവികമായി സ്‌നേഹവും പ്രേമവും ഒക്കെയുണ്ടാവും.

ദാമ്പത്യജീവിതത്തില്‍ 'മവദ്ദ'ത്തിന്റെ വിത്ത് വിതച്ച് പരസ്പര സഹകരണത്തിന്റെ വളം ചേര്‍ത്ത് നന്നായി പരിചരിച്ചാല്‍ നൂറ് മേനി സ്‌നേഹത്തിന്റെ വിളവെടുക്കാം. 

ദാമ്പത്യ ജീവിതത്തിന്റെ ആദ്യഘട്ടം സ്‌നേഹത്തിന്റെയും അനുരാഗത്തിന്റെയും പ്രണയത്തിന്റെയുമൊക്കെയാണെങ്കില്‍, രണ്ടാമത്തെ ഘട്ടം 'റഹ് മത്ത്' അഥവാ കരുണയും കരുതലും ആവശ്യമായ സന്ദര്‍ഭമാണ്. മധ്യവയസ്‌കരും വൃദ്ധരുമായിത്തീരുന്ന പഴയ 'സുന്ദരന്മാര്‍ക്കും സുന്ദരികള്‍ക്കും' ഇനിയാവശ്യം കാരുണ്യവും ആര്‍ദ്രതയുമാണ്. അതാണ് ഖുര്‍ആനിന്റെ പദവിന്യാസം സൂചിപ്പിക്കുന്ന സത്യം. താബിഈ പണ്ഡിതനായ സുഫ്്യാനുസ്സൗരിയോട് ഒരു പിതാവിന്റെ ചോദ്യം: "ഞാന്‍ ആര്‍ക്കാണ് എന്റെ മകളെ വിവാഹം ചെയ്തുകൊടുക്കേണ്ടത്?'' സുഫ് യാന്‍: "ഒരു സത്യവിശ്വാസിക്കാണ് താങ്കൾ മകളെ നല്‍കേണ്ടത്. അവന്‍ അവളെ ഇഷ്ടപ്പെട്ടാല്‍ മവദ്ദത്തോടെ പെരുമാറും. ഇഷ്ടപ്പെട്ടില്ലെങ്കിലോ അവളോട് കരുണയോടെ വര്‍ത്തിക്കും, അവളെ ഉപദ്രവിക്കുകയോ ആക്രമിക്കുകയോ ഇല്ല.'' സന്തുഷ്ട കുടുംബത്തിന്റെയും ആനന്ദ ഭവനത്തിന്റെയും അടിത്തറയായി ഇസ് ലാം സിദ്ധാന്തിക്കുന്നത് - മവദ്ദത്ത്, റഹ്്മത്ത്, സകീനത്ത് എന്നീ മൂന്നെണ്ണമാണ്.

ഭദ്രമായ സാമൂഹികാടിത്തറ

ശക്തവും ഭദ്രവുമായ സമൂഹത്തിന്റെ അടിത്തറയാണ് വിവാഹത്തിലൂടെയുണ്ടാകുന്ന കുടുംബം എന്ന സ്ഥാപനം. പിതാവ്, മാതാവ്, മക്കള്‍, സഹോദരന്മാര്‍, സഹോദരിമാര്‍- എല്ലാം നിറഞ്ഞ കുടുംബ സംവിധാനത്തില്‍ സ്‌നേഹവും വാത്സല്യവും അലിവും ദയയും ആര്‍ദ്രതയും അനുഭവിച്ചറിയാം.

അന്തിമ വിശകലനത്തില്‍ സമൂഹത്തിനാണ് ആ നന്മകളൊക്കെയും കൂടുതൽ പ്രയോജനപ്പെടുന്നത്. 
വിവാഹത്തിലൂടെ സാമൂഹിക ബന്ധങ്ങള്‍ വളരുന്നു, പുഷ്ടിപ്പെടുന്നു. നിരവധി കുടുംബങ്ങള്‍ രൂപപ്പെടുന്നു. കുടുംബ വൃക്ഷം നിരവധി ശാഖകളായും ചില്ലകളായും പടരുന്നു. ഈ വസ്തുത ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു: "ജലത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനും അവന്‍ തന്നെയാകുന്നു. എന്നിട്ട് അവനില്‍ വംശപാരമ്പര്യത്തിന്റെയും വിവാഹത്തിന്റെയും രണ്ട് വ്യത്യസ്ത ബന്ധങ്ങളും ഉണ്ടാക്കി. നിന്റെ നാഥന്‍ വമ്പിച്ച കഴിവുള്ളവനാകുന്നു'' (അല്‍ ഫുര്‍ഖാന്‍ 54).

വീട് നോക്കാനും കുടുംബ കാര്യങ്ങള്‍ ശ്രദ്ധിക്കാനും മക്കളെ വളര്‍ത്താനും തന്റെ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധയും പരിചരണവും നല്‍കാനും ഒരാളുണ്ടെന്ന ബോധം വ്യക്തിയില്‍ സുരക്ഷിതത്വബോധം ഉളവാക്കും. ഇതിന്റെയൊക്കെ അന്തിമ ഗുണഫലങ്ങൾ ലഭിക്കുക സമൂഹത്തിനും രാജ്യത്തിനുമായിരിക്കും.

വിവാഹാഭാസങ്ങളുടെ കാലം

വിവാഹം ലളിതമാവണമെന്നാണ് ഇസ് ലാം നിഷ്‌കര്‍ഷിക്കുന്നത്. വിവാഹാഘോഷങ്ങള്‍ ആഭാസമായിത്തീരുന്ന കാലത്താണ് നാം ജീവിക്കുന്നത്. വിവാഹത്തോടെ സാമ്പത്തികമായി തകരുന്ന പല കുടുംബങ്ങളുമുണ്ട്. ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും ആര്‍ഭാടങ്ങളുടെയും പൊങ്ങച്ചത്തിന്റെയും വിലാസ വേദിയാണ് ഇന്നത്തെ പല വിവാഹങ്ങളും. വൈവാഹിക ജീവിത വിജയം സമ്പത്തിനെ ആശ്രയിച്ചല്ല, ദൈവബോധത്തെ ആശ്രയിച്ചാണ്. ലളിത വിവാഹത്തിലാണ് അല്ലാഹുവിന്റെ തിരുനോട്ടം പതിയുന്നത്. നബി പറഞ്ഞു: "മഹത്തായ, ബറകത്തുള്ള വിവാഹം ഏറ്റവും ചെലവ് കുറഞ്ഞ വിവാഹമാണ്'' (അഹ്്മദ്).

ഇസ് ലാമിക പ്രമാണങ്ങളില്‍ പരതിയാല്‍ ആധാരം കാണാത്ത നാട്ടാചാരങ്ങളും സമ്പ്രദായങ്ങളുമാണ് ഇന്ന് വിവാഹ ചടങ്ങുകളിൽ കാണാനാവുക.  ദിനംപ്രതി പുതിയ രീതികളും പതിവുകളും രംഗം കൈയടക്കുന്നു. മഞ്ഞള്‍ കല്യാണം, മെഹന്തി, ജല്‍സ, ഇങ്ങനെ പല പല പേരുകളില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വിവാഹ മാമാങ്കങ്ങളാണ് ഇന്നത്തെ ദുരന്തം. പണക്കാര്‍ സൃഷ്ടിച്ചുവിടുന്ന നാട്ടുനടപ്പുകളും ആചാരങ്ങളും സമ്പ്രദായങ്ങളും പാവപ്പെട്ടവരും അനുകരിക്കാൻ തുടങ്ങുമ്പോൾ സ്ഥിതി കൂടുതല്‍ വഷളാവുന്നു.

പ്രകടന വാഞ്ഛയും പൊങ്ങച്ചവും കൊടികുത്തിവാഴുന്ന ഇക്കാലത്ത് മിതവ്യയ സംസ്‌കാരം വളര്‍ത്തി കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭദ്രതയും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. വിവാഹകര്‍മങ്ങള്‍ ഏറെ ലളിതവും സരളവും ആവണം എന്നതാണ് ഇസ് ലാമിന്റെ കാഴ്ചപ്പാട്. പക്ഷേ, ഇന്നത് ഏറെ സങ്കീര്‍ണമായിരിക്കുന്നു. മാമൂലുകൾ അഴിഞ്ഞാടുകയാണ്.  വിവാഹാലോചനകള്‍ മുതൽ തന്നെ തുടങ്ങും മാമൂലുകള്‍. ഭക്ഷണ വൈവിധ്യങ്ങളുടെ ഘോഷയാത്രയായ പെണ്ണ് കാണല്‍ ചടങ്ങ്, ഇഷ്ടപ്പെട്ടാല്‍ മിഠായിക്കൂമ്പാരങ്ങളുമായി പുരുഷന്റെ വീട്ടില്‍നിന്നുള്ള നടവരവും എഴുന്നള്ളത്തും വരവേല്‍പും, മോതിരം ഇടല്‍, സമ്മാനം കൈമാറല്‍, കല്യാണ വസ്ത്രമെടുക്കാനുള്ള വൻ യാത്ര, സേവ് ദ ഡേറ്റ് വീഡിയോ, പ്രമോ വീഡിയോ, നിശ്ചയം, നികാഹ്, കല്യാണം തുടങ്ങി പല ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകള്‍, പരിപാടികള്‍, മാമാങ്കങ്ങള്‍, ജെ.സി.ബിയിലും മയ്യിത്ത് കട്ടിലിലും കാളവണ്ടിയിലും വധുവിനെയും വരനെയും ഇരുത്തി വേദിയിലേക്ക് ആനയിക്കല്‍, കാതടപ്പിക്കുന്ന ഗാനമേള, ആഭാസങ്ങള്‍ അരങ്ങേറുന്ന പുത്യാപ്‌ള വരവ്, കുതിരപ്പുറത്തും ആനപ്പുറത്തും എഴുന്നള്ളി തെരുവോരങ്ങളില്‍ ഗതാഗതക്കുരുക്ക് വരെ സൃഷ്ടിച്ചു ഇതര മതസ്ഥരുടെ കണ്ണില്‍ പരിഹാസ്യരാകുന്ന ദയനീയാവസ്ഥ- ഇതൊക്കെ ഇന്നത്തെ മുസ് ലിം വിവാഹത്തിലെ കളങ്കങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഇസ് ലാമിലെ വിവാഹരീതി എത്ര ലളിതമാണ്! സ്ത്രീയും പുരുഷനും പരസ്പരം ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ വിവാഹത്തിന് വേദിയൊരുങ്ങുന്നു. ഞാന്‍ നിങ്ങള്‍ക്ക് എന്റെ മകളെ/പെണ്‍കുട്ടിയെ നികാഹ് ചെയ്തുതരുന്നു' എന്ന് രക്ഷിതാവും 'ഞാന്‍ അത് സ്വീകരിച്ചു' എന്ന് പുരുഷനും പറയുന്നതോടെ വിവാഹം പൂര്‍ണമായി. രണ്ട് സാക്ഷികള്‍ വേണം. മഹ്‌റും നല്‍കുന്നു. വിവാഹത്തോടനുബന്ധിച്ച് സല്‍ക്കാരം -'വലീമത്ത്'- പുണ്യകര്‍മമാണ്. സന്തോഷസന്ദര്‍ഭമാണത്. ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഭക്ഷണം നല്‍കാം. ആനന്ദത്തിന്റെ അടയാളമെന്ന നിലക്ക് വിനോദങ്ങൾ ആവാം.  പാട്ടും ദഫ്മുട്ടും ഒപ്പനയും ഒക്കെയായി ആനന്ദവേളകള്‍ എന്നും ഓര്‍മിക്കാവുന്ന അനുഭവങ്ങളാക്കി മാറ്റാം. ഇതെല്ലാം ഇസ് ലാം അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളുമാണ്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 01-03
ടി.കെ ഉബൈദ്

ഹദീസ്‌

വിട്ടുവീഴ്ചയുടെ മാഹാത്മ്യങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്