ചരിത്ര സംഭവങ്ങളെ കൂട്ടിവായിക്കണം
ഇസ്രയേലിന്റെ ഫലസ്ത്വീന്‍ അധിനിവേശത്തിനും അക്രമത്തിനും എതിരെ ഐക്യരാഷ്ട്രസഭയില്‍ ലോക രാഷ്ട്രങ്ങള്‍ ഭൂരിഭാഗവും വോട്ടുചെയ്തു പ്രമേയം പാസ്സായിട്ടും അമേരിക്ക വീറ്റോ ചെയ്തു നിഷ്‌ക്രിയമാക്കി. സുഊദി ഭരണാധികാരി ഫൈസല്‍ രാജാവിന് ഇത് സഹിച്ചില്ല. അദ്ദേഹം അമേരിക്കയോട് പ്രതികരിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഫൈസല്‍ രാജാവ് അമേരിക്കന്‍ സമ്പദ് ഘടനയ്ക്ക് പ്രഹരമേല്പിക്കും വിധം എണ്ണ ഉത്പാദനം പകുതിയായി കുറച്ചു. അമേരിക്കന്‍ സയണിസ്റ്റുകളുടെ വന്‍ വ്യവസായങ്ങളെ അത് ബാധിക്കുകയും സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്തു. അമേരിക്കന്‍ പട്ടണങ്ങളിലെ പെട്രോള്‍ പമ്പുകള്‍ക്ക് സമീപം എണ്ണക്ക് വേണ്ടി കാത്തുനില്‍ക്കുന്ന വാഹനങ്ങളുടെ നീണ്ട ക്യൂ പത്രങ്ങളില്‍ വന്നു. യഹൂദിയായ അമേരിക്കന്‍ സെക്രട്ടറി കിസിഞ്ജര്‍ രിയാദിലെത്തി രാജാവുമായുള്ള സംഭാഷണത്തില്‍ എണ്ണ ഉത്പാദനം വര്‍ധിപ്പിക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും രാജാവ് സമ്മതിച്ചില്ല.
അമേരിക്ക അക്രമിയായ ഇസ്രയേലിനെ സഹായിക്കുന്നത് നിര്‍ത്തിയാലേ പരിഗണിക്കുകയുള്ളൂവെന്ന് പറഞ്ഞു. കിസിഞ്ജറുടെ തുടര്‍ന്നുള്ള സംഭാഷണത്തില്‍ ഭീഷണി സ്വരം ശ്രദ്ധിച്ച രാജാവ് അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ട പ്രകാരം അയാള്‍ ഒരു ഗ്ലാസ് വെള്ളവും ഒരു പ്ലേറ്റില്‍ ഉണക്ക കാരക്കയും മേശപ്പുറത്തു വെച്ചു. അത് ചൂണ്ടി രാജാവ് കിസിഞ്ജറോട് പറഞ്ഞു. ഈ കാരക്കയും വെള്ളവും കഴിച്ചായിരുന്നു ഞങ്ങളുടെ പൂര്‍വികര്‍ ഇവിടെ ജീവിച്ചത്. അതുപോലെ ഞങ്ങള്‍ക്ക് ഇവിടെ ജീവിക്കാനറിയാം. സുഊദിയിലെ എണ്ണക്കിണറുകളെല്ലാം തീയിട്ട് നശിപ്പിച്ചു കളയൂ.
ഈ സംഭവം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ഫൈസല്‍ രാജാവ് ഒരു യോഗത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ രാജകുടുംബത്തിലെ ഒരു യുവാവിന്റെ വെടിയേറ്റ് മരിച്ചു. ആ യുവാവ് ആറ് മാസം അമേരിക്കയില്‍ താമസിച്ചു മടങ്ങിവന്നതിന് ശേഷമാണ് അത് സംഭവിച്ചത്. അമേരിക്കയിലെ തൽപ്പര കക്ഷികള്‍ക്ക് അവരുടെ ഏറ്റവും മികച്ച ആയുധ വിപണി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുതയും സംഘര്‍ഷവുമാണ്. ആ വിപണി നഷ്ടപ്പെടുത്തുന്നവര്‍ അവരുടെ ശത്രുക്കളാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും പാകിസ്താൻ പ്രസിഡന്റ് സിയാഉൽ ഹഖും കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ച നടന്നു രണ്ട് മാസമായപ്പോഴേക്ക് സിയാഉൽ ഹഖ് വിമാനാപകടത്തില്‍ മരിച്ചു. രാജീവ് ഗാന്ധി വധിക്കപ്പെടുന്നതിന് രണ്ട് മാസം മുമ്പ് രണ്ട് അമേരിക്കന്‍ പത്രപ്രവര്‍ത്തകര്‍ക്ക് അദ്ദേഹവുമായി അഭിമുഖത്തിന് അവസരം ലഭിച്ചു. സംസാരത്തിനിടയില്‍ പത്രപ്രവര്‍ത്തകര്‍ കശ്മീര്‍ പ്രശ്‌നം അടുത്ത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടോയെന്ന് ചോദിച്ചു. 'സിയാഉല്‍ ഹഖ് മരിച്ചില്ലായിരുന്നുവെങ്കില്‍ പരിഹരിച്ചേനെ. ഞങ്ങള്‍ രണ്ടുപേരും ചര്‍ച്ചയ്ക്കു ശേഷം ഇന്ത്യയുടെയും പാകിസ്താന്റെയും കശ്മീരിന്റെയും മാപ്പുകള്‍ നിവര്‍ത്തി അടയാളപ്പെടുത്തി. അടുത്ത പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസ്സായതിന് ശേഷം വീണ്ടും കാണുവാന്‍ തീരുമാനിച്ചതായിരുന്നു.'
സിയാഉല്‍ ഹഖിന്റെ മരണം കൊലപാതകമാണെന്ന് കരുതുന്നുവോ എന്ന ചോദ്യത്തിന് അതെ എന്ന ഭാവത്തിലായിരുന്നു മറുപടി. ആ സംഭവത്തിന് ശേഷം മൂന്ന് മാസത്തിനുള്ളിലായിരുന്നു രാജീവ് ഗാന്ധി മദ്രാസിനു സമീപം ശ്രീ പെരുമ്പത്തൂരില്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ തനു എന്ന എൽ.ടി.ടി.ഇ പ്രവര്‍ത്തക സ്വയം പൊട്ടിത്തെറിച്ചു രാജീവ് ഗാന്ധിയെ വധിച്ചത്. ഇത്തരം സംഭവങ്ങളെ ചേർത്ത് വായിക്കുമ്പോഴാണ് ആഗോള രാഷ്ട്രീയത്തിലെ പിന്നാമ്പുറ കളികളുടെ ആഴം നമുക്ക് വ്യക്തമാവുക.
808678727
Comments