ഗ്യാൻവാപി, മഥുര .... ബാബരി ആവർത്തിക്കാതിരിക്കാൻ ജാഗ്രതയോടെ നിലകൊള്ളണം
ഇന്ത്യയിലെ ഹിന്ദുത്വ വാദികൾ നൂറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയതാണ് മുസ്‍ലിം പള്ളികൾക്കെതിരായ നീക്കം. ചില ക്രിസ്ത്യൻ പള്ളികളും അവരുടെ ഹിറ്റ് ലിസ്റ്റിലുണ്ട്. ബാബരി മസ്ജിദിന്റെ കാര്യത്തിൽ 1856- 57 കാലം മുതലേ തർക്കം ഉടലെടുത്തിരുന്നു. ആരാധനാലയങ്ങൾക്കെതിരായ നീക്കം നടത്തുന്നത് കേവലം സ്ഥലമോ കെട്ടിടമോ കൈവശപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയല്ല. മുസ്‍ലിംകളുടെ അടയാളങ്ങൾ തകർക്കുക, ആത്മാഭിമാനം നശിപ്പിക്കുക, അസ്തിത്വം പ്രതിസന്ധിയിലാക്കുക, മുസ്‍ലിം ഭരണാധികാരികൾ ക്ഷേത്രധ്വംസകരും മതഭ്രാന്തൻമാരുമായിരുന്നു എന്ന ധാരണ പടർത്തുക തുടങ്ങിയവയാണ് അതിന്റെ പ്രധാന ലക്ഷ്യങ്ങൾ. അതുവഴി ചരിത്രപരമായി മുസ്‍ലിംകളെ വില്ലൻമാരായി ചിത്രീകരിക്കാനും, മുസ്‌ലിംകൾ ആക്രമിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്യേണ്ടവരാണ് എന്ന പൊതു ധാരണ സൃഷ്ടിക്കാനും അങ്ങനെ വംശീയ ഉന്മൂലന പദ്ധതിക്ക് മണ്ണൊരുക്കാനും കഴിയുമെന്ന് ഹിന്ദുത്വർ കണക്കുകൂട്ടുന്നു.
ഈ പട്ടികയിലേക്ക് ആയിരക്കണക്കിന് പള്ളികളുടെ പേരുകൾ ഹിന്ദുത്വ സംഘടനകൾ തയാറാക്കിയിട്ടുണ്ട്. കേരളത്തിലെ കൊടുങ്ങല്ലൂർ മാലിക് ദീനാർ പോലുള്ള പള്ളികളും ആ ലിസ്റ്റിലുണ്ട്. അതിൽ ഏറ്റവും പ്രധാനമെന്ന് അവർ കരുതുന്ന രണ്ട് പള്ളികളാണ് ഗ്യാൻവാപിയും ഷാഹി മസ്ജിദും. 1991-ലെ ആരാധനാലയ നിയമം (The Place of Worship {Special Provisions} Act, 1991) അനുസരിച്ച്, 1947 ആഗസ്റ്റ് 15-ന് നിലനിന്നിരുന്ന ആരാധനാലയത്തിന്റെ മതപരമായ സ്വഭാവത്തില്‍ മാറ്റം വരുത്താൻ പാടില്ല. ബാബരി മസ്ജിദ് ഒഴികെയുള്ള ആരാധനാലയങ്ങൾക്കാണ് ഈ നിയമം ബാധകം. ബാബരി തർക്കം 1947-ന് മുമ്പേ നിലനിൽക്കുന്നതായതുകൊണ്ട് ഈ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, ഈ നിയമം അപ്രസക്തമാക്കിക്കൊണ്ടാണ് ഇപ്പോൾ മറ്റു പള്ളികൾക്കെതിരെ നീക്കം നടക്കുന്നത്. ഈ നിയമം പാസ്സാക്കിയതിന്റെ പിറ്റേ വർഷമാണ് ഹിന്ദുത്വ ഭീകരർ ബാബരി മസ്ജിദ് തകർത്തത്.
ഗ്യാൻവാപി മസ്ജിദ്
(വിജ്ഞാനത്തിന്റെ കിണർ)
ഉത്തർ പ്രദേശിലെ വാരണാസി ജില്ലയിലെ ബനാറസിൽ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള പള്ളിയാണ് ഗ്യാന്‍വാപി മസ്ജിദ്. 16-ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബാണ് പള്ളി നിർമിച്ചതെന്ന് കരുതപ്പെടുന്നു. അക്ബറിന്റെ കാലത്ത് ദീനെ ഇലാഹി മതത്തിന്റെ ഭാഗമായി നിർമിച്ചതാണെന്ന വാദവുമുണ്ട്. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്താണ് ഔറംഗസീബ് പള്ളി നിർമിച്ചതെന്നാണ് സംഘ് പരിവാർ വാദം. 'അയോധ്യ തോ ബസ് ജാൻകി ഹേ, കാശി, മഥുര ബാക്കി ഹേ' (അയോധ്യ വെറുമൊരു സൂചന മാത്രം, കാശിയും മഥുരയും ഇനി ബാക്കിയുണ്ട്) എന്ന മുദ്രാവാക്യം ബാബരിക്കു മുമ്പേ ഹിന്ദുത്വവാദികൾക്കിടയിൽ പോപ്പുലറാണ്. എന്നാൽ, ഗ്യാൻവാപി പള്ളിയോട് ചേർന്ന് കാണുന്ന കാശി വിശ്വനാഥ ക്ഷേത്രം നിർമിക്കപ്പെട്ടത് മുഗൾ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷമാണ്. മറാത്ത മഹാറാണിയായിരുന്ന അഹല്യാ ബായ് ഹോൽക്കറുടെ നിർദേശ പ്രകാരമായിരുന്നു ക്ഷേത്രം പണിതത്. ഹിന്ദുത്വർ പറയുന്നതുപോലെ അമ്പലം തകർത്താണ് പള്ളി പണിതിരുന്നതെങ്കിൽ പള്ളിയുടെ ഭൂമി തിരിച്ചുപിടിക്കാനുള്ള സകല അധികാരങ്ങളുമുള്ള ആളായിരുന്നു മഹാറാണി. ശിവക്ഷേത്രം തകർത്തു എന്നൊരു ആരോപണം അക്കാലത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളെക്കുറിച്ചോ ജ്യോതിർലിംഗത്തെക്കുറിച്ചോ ഒന്നും വിശ്വനാഥക്ഷേത്രം പണിയുന്ന വേളയിൽ ചർച്ചയും ഉയർന്നിരുന്നില്ല.
1991-ലാണ് കേസുമായി ബന്ധപ്പെട്ട ആദ്യത്തെ ഹരജി കോടതിയിൽ സമര്‍പ്പിക്കപ്പെട്ടത്. വാരണാസി കോടതിയില്‍ സ്വയംഭൂ ജ്യോതിര്‍ലിംഗ ഭഗവാന്‍ വിശ്വേശ്വരനാണ് ഹരജി നല്‍കിയത്. ഗ്യാന്‍വാപി വളപ്പില്‍ ശൃംഗര്‍ ഗൗരിയെ ആരാധിക്കാനുള്ള അവകാശം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹരജി. മൂന്ന് ആവശ്യങ്ങളാണ് ഹരജിക്കാരന്‍ ഉന്നയിച്ചിരുന്നത്. മുഴുവന്‍ ഗ്യാന്‍വാപി സമുച്ചയവും കാശി ക്ഷേത്രത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുക, പ്രദേശത്തുനിന്ന് മുസ്‍ലിംകളെ നീക്കം ചെയ്യുക, മസ്ജിദ് തകര്‍ക്കുക എന്നിവയായിരുന്നു അവ. 1998-ൽ അലഹബാദ് ഹൈക്കോടതിയില്‍ അൻജുമൻ ഇൻതിസാമെ മസ്ജിദ് കമ്മിറ്റി ( AIMC) ഫയല്‍ ചെയ്ത കേസില്‍ ഒരു സിവില്‍ കോടതിക്ക് കേസ് തീര്‍പ്പാക്കാന്‍ കഴിയില്ലെന്ന് വാദിച്ചു. ഇതേതുടര്‍ന്ന് കീഴ്‌ക്കോടതിയിലെ നടപടികള്‍ 22 വര്‍ഷത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇതോടെ നിയമ നടപടികൾ താൽക്കാലിമായി അടങ്ങി.
2019-ൽ തര്‍ക്കപ്രദേശം മുഴുവനും പുരാവസ്തു സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് വാരണാസി ജില്ലാ കോടതിയില്‍ സ്വയംഭൂ ജ്യോതിര്‍ലിംഗ ഭഗവാന്‍ വിശ്വേശ്വരന് വേണ്ടി റസ്‌തോഗി എന്നയാള്‍ ഹരജി നല്‍കി. സ്വയംഭൂ ജ്യോതിര്‍ലിംഗ ഭഗവാന്‍ വിശ്വേശ്വരന്റെ അടുത്ത സുഹൃത്താണ് താനെന്ന് ഹരജിക്കാരന്‍ അവകാശപ്പെട്ടിരുന്നു. 2021 ആഗസ്റ്റില്‍ സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തില്‍ വാരണാസി കോടതി 2022 ഏപ്രിലിൽ ഒരു അഭിഭാഷക കമീഷണറെ നിയമിക്കുകയും സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സര്‍വേ നടത്തുന്നതിന് ഉത്തരവിടുകയും ചെയ്തു. ഈ തീരുമാനത്തെ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയില്‍ വീണ്ടും ചോദ്യം ചെയ്തു. എന്നാല്‍, അലഹബാദ് ഹൈക്കോടതി ഉത്തരവ് ശരിവെക്കുകയാണ് ചെയ്തത്.
2022 മേയ് 17-ന് കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ കോടതി നിർദേശപ്രകാരം നടക്കുന്ന വീഡിയോ സർവേക്കിടെ ശിവലിംഗം കണ്ടെത്തിയെന്ന് അവകാശവാദം ഉയർന്നു. തുടർന്ന് മസ്ജിദിന്റെ ഒരുഭാഗം അടച്ചിടാൻ സിവിൽ കോടതി ഉത്തരവിട്ടു. 1995-ൽ അന്നത്തെ ലോക്സഭാ പ്രതിപക്ഷ നേതാവ് എ.ബി വാജ്പേയിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: ‘‘ചരിത്രത്തെ മാറ്റിമറിക്കാൻ നിങ്ങൾക്കാവില്ല. അയോധ്യ പോലെയല്ല കാശി. അതിപ്പോഴും സജീവമായ ഒരു പള്ളിയാണ്. ആയിരക്കണക്കിന് മുസ്‍ലിംകൾ അവിടെ നമസ്കരിക്കുന്നു. ഗ്യാൻവാപി മസ്ജിദ് തകർക്കാനുള്ള വി.എച്ച്.പി നീക്കത്തെ അപലപിക്കുന്നു.’’
മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദ്
ഉത്തർ പ്രദേശിലെ മഥുരയിൽ കത്ര കേശവ് ദേവ് ക്ഷേത്രത്തോട് ചേർന്നുനിൽക്കുന്ന മസ്ജിദാണ് ഷാഹി ഈദ് ഗാഹ് മസ്ജിദ്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്ത് ക്ഷേത്രം തകർത്താണ് പള്ളി പണിതത് എന്നാണ് സംഘ് പരിവാർ വാദം. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ അടുത്ത സഹകാരിയായിരുന്ന ബീരസിംഗ് ബണ്ടലയാണ് ക്ഷേത്രം നിർമിച്ചത്. കേശവറായ് ക്ഷേത്രത്തിന്റെ സംരക്ഷണ കാര്യത്തിൽ മുഗൾ ചക്രവർത്തി ജഹാംഗീർ അതിയായ താൽപര്യം കാണിച്ചിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഈ ക്ഷേത്രത്തിന്റെ നിർമാണത്തിനും അവിടത്തെ വിഗ്രഹപ്രതിഷ്ഠക്കും വേണ്ടി അദ്ദേഹം വലിയ സംഭാവന നൽകിയതായി ചരിത്രകാരൻ പ്രഫ. കെ.എൻ പണിക്കർ പറയുന്നുണ്ട്.
1998-ൽ ലോക്സഭ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ്, ജന്മാഷ്ടമി ദിനത്തോടനുബന്ധിച്ച് മഥുര പള്ളി സമുച്ചയത്തിൽ വിഷ്ണു മഹായജ്ഞം നടത്തുമെന്ന വി.എച്ച്.പിയുടെ പ്രഖ്യാപനം രാജ്യത്ത് അസ്വസ്ഥതകൾ സൃഷ്ടിച്ചിരുന്നു. പിന്നീട് വേദി അൽപം അകലേക്ക് മാറ്റുകയായിരുന്നു. ശ്രീകൃഷ്ണന്റെ അടുത്ത കൂട്ടുകാരെന്ന വിശേഷണത്തോടെ, ലഖ്നൗ സ്വദേശിയായ രഞ്ജന അഗ്നിഹോത്രിയും മറ്റ് ആറുപേരുമാണ് 2020 സെപ്റ്റംബർ 25-ന് സിവിൽ കോടതിയെ സമീപിച്ചത്. ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റിന്റെ 13.37 ഏക്കർ ഭൂമിയിൽ ഒരു ഭാഗത്താണ് ഷാഹി ഈദ് ഗാഹ് മസ്ജിദ് നിർമിച്ചിരിക്കുന്നതെന്നാണ് അവരുടെ അവകാശവാദം. അതുകൊണ്ടുതന്നെ പള്ളി പൊളിച്ചുമാറ്റി ഭൂമി ട്രസ്റ്റിന് തിരിച്ചുകൊടുക്കണമെന്നും അവർ വാദിച്ചു. ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കും അവരവരുടെ ആരാധനാലയങ്ങളിൽ പ്രാർഥന നടത്താൻ അനുമതി നൽകുമെന്ന കരാർ 1968-ൽ ഷാഹി ഈദ് ഗാഹ് മസ്ജിദ് ഇൻതിസാമിയ കമ്മിറ്റിയുമായി കൃഷ്ണജന്മഭൂമി സൻസ്താൻ കമ്മിറ്റി ഉണ്ടാക്കിയിരുന്നു. ഈ കരാർ നിയമവിരുദ്ധമാണെന്നും ഹരജിക്കാർ അവകാശപ്പെട്ടു. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.
ഇന്ത്യയിലെ പള്ളികളുടെ നിർമാണത്തിൽ കാണപ്പെടുന്ന ക്ഷേത്രങ്ങളോടുള്ള സാദൃശ്യം ചൂണ്ടിക്കാണിച്ചാണ്, ക്ഷേത്രം തകർത്താണ് പള്ളി പണിതത് എന്ന ആഖ്യാനം പലപ്പോഴും സംഘ് പരിവാർ സൃഷ്ടിക്കുന്നത്. എന്നാൽ, പണ്ടുകാലത്ത് എല്ലാതരം നിർമിതികളും ഇന്ത്യൻ വാസ്തുശിൽപികൾ തന്നെയാണ് നിർമിച്ചത് എന്നതിനാലും ഇന്ത്യൻ ആർകിടെക്ച്ചറിനെ പള്ളികളുടെ നിർമാണത്തിന് അവലംബിക്കുന്നതിന് മറ്റ് തടസ്സങ്ങളില്ല എന്നതുമാണ് ഇതിന് കാരണമെന്ന് കാണാൻ കഴിയും. ഇന്ത്യയിൽ തർക്കരഹിതമായി നിലനിൽക്കുന്ന പല മുസ്‍ലിം ദർഗകളിലും നിർമിതികളിലും ഇത്തരം വാസ്തുശിൽപങ്ങൾ കണ്ടെത്താൻ കഴിയും. അതിനാലാണ് 1991-ലെ ആരാധാനാലയ നിയമം അനുസരിച്ച് 1947-ലെ ആഗസ്റ്റ് 15-ലെ സ്റ്റാറ്റസ്കോ നിലനിർത്തണമെന്ന് പറയുന്നത്.
സംഘ് പരിവാർ പദ്ധതികളെ വിലകുറച്ചു കാണുകയും മൗനംകൊണ്ട് നേരിടാൻ ശ്രമിക്കുകയും ചെയ്യുന്നത് ഭീമാബദ്ധമാണ്. പ്രതികരിക്കുന്നത് സംഘ് പരിവാറിന് കൂടുതൽ രാഷ്ട്രീയ ലാഭം നൽകുമെന്ന ആഖ്യാനം മുസ്‍ലിം സമുദായത്തിൽ പലരും ഉയർത്തുന്നുണ്ട്. പക്ഷേ, സമുദായം അവഗണിച്ചാലും മൗനം പാലിച്ചാലും, സംഘ് പരിവാർ മാസ്റ്റർ പ്രോജക്ടിന്റെ ഭാഗമാണ് ഈ നീക്കങ്ങൾ എന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി. മുസ്‍ലിം സമുദായം അധിനിവേശ ശക്തികളാണെന്നും മുച്ചൂടും തുടച്ചുനീക്കപ്പെടേണ്ടവരുമാണെന്നും ഹിന്ദുത്വർ അടിയുറച്ച് വിശ്വസിക്കുന്നുണ്ട്. ഈ പ്രചാരണത്തെ തകർക്കാനും മറു പ്രചാരണങ്ങൾ ഏറ്റെടുക്കാനും സമുദായത്തിന് കഴിയണം. കേവലം ചില തെരഞ്ഞെടുപ്പുകളിൽ ജയിച്ചുകയറലോ അധികാരം നിലനിർത്തലോ അല്ല ഹിന്ദുത്വ ലക്ഷ്യമിടുന്നത്. മറിച്ച്, ഇന്ത്യയുടെ സ്വഭാവം അടിമുടി അട്ടിമറിച്ച് മറ്റൊരു ‘ഭാരതം’ അവർ ലക്ഷ്യംവെക്കുന്നുണ്ട്. അതിലേക്ക് നൂറു കൊല്ലമായി നടത്തുന്ന യാത്രയുടെ ഭാഗാമാണിതൊക്കെ.
ബാബരി മസ്ജിദിനെതിരായ നീക്കം നടത്തുന്ന കാലത്ത്, അത് കേവലം വോട്ടുബാങ്കിനു വേണ്ടിയുള്ള പ്രചാരണം മാത്രമാണെന്നും പള്ളി ഒരിക്കലും അവർ തകർക്കില്ലെന്നുമായിരുന്നു ഇന്ത്യയിലെ മുസ്‍ലിം സമൂഹം മാത്രമല്ല, പൊതു സമൂഹവും വിശ്വസിച്ചിരുന്നത്. രാമക്ഷേത്ര നിർമാണം പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ ഘട്ടത്തിലും പ്രതിപക്ഷ കക്ഷികൾ അത് വെറും തെരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്ന് പരിഹസിച്ചിരുന്നു. പക്ഷേ, ഇവയൊക്കെയും നമ്മുടെ കൺമുന്നിലെ യാഥാർഥ്യങ്ങളാണ്.
അതായത്, ആർ.എസ്.എസ് ഉയർത്തുന്ന വാദങ്ങൾ പുലരാനുള്ളതാണെന്ന കൃത്യമായ ബോധ്യം അവർക്കുണ്ടെന്നർഥം. അതിനെ മൗനംകൊണ്ടോ അവഗണനകൊണ്ടോ നേരിട്ടുകളയാമെന്നത് മൗഢ്യമാണ്.
അനീതി നേരിടുമ്പോൾ മൗനം പാലിച്ചാൽ അനീതി ഇല്ലാതാവില്ലെന്നതും, അത് അനീതി തുടരാനുള്ള വഴി എളുപ്പമാക്കുകയേ ചെയ്യൂ എന്നതും അടിസ്ഥാന സാമൂഹിക പാഠമാണ്.
കേവല നിയമ പോരാട്ടത്തിലൂടെ നീതി സ്ഥാപിക്കപ്പെടും എന്നതും അസ്ഥാനത്താണെന്ന് ബാബരി വിധി തെളിയിക്കുന്നു. മുസ്‍ലിം സമുദായം അതിന്റെ പരമാവധി ഊർജം ചെലവഴിച്ചു നടത്തിയ പോരാട്ടമായിരുന്നല്ലോ അത്. നീതിയും ന്യായവും മുസ്‍ലിം പക്ഷത്തായിരുന്നിട്ടും വിധി മറിച്ചായത് തെളിയിക്കുന്നത് നീതി പോലും നിരപേക്ഷമായ ഒന്നല്ല എന്നാണ്. രാജ്യത്തിന്റെ 'പൊതുബോധ'ത്തിന് അനുസൃതമായാണ് ഭരണകൂടങ്ങൾ മാത്രമല്ല, നീതിപീഠങ്ങൾ പോലും പെരുമാറുന്നത്. രാജ്യത്തെ സാമൂഹികാവസ്ഥയിൽ സക്രിയമായി ഇടപെടാൻ മുസ്‍ലിം സമൂഹം സന്നദ്ധമാവേണ്ടതുണ്ട്. സമുദായ നേതൃത്വങ്ങൾ ആർജവമുള്ള നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ട്. തെരുവിലിറങ്ങേണ്ട സന്ദർഭങ്ങളിൽ തെരുവിലിറങ്ങണം. ജനകീയ ചെറുത്തുനിൽപ്പുകൾ ഈ സമുദായത്തിന് സാധ്യമാവും എന്ന് പൗരത്വ പ്രക്ഷോഭം തെളിയിച്ചതാണ്. അതിനാൽ, തെരുവുകൾ നമുക്ക് അന്യമല്ല. സംവിധാനങ്ങളിലും ഭരണകൂടങ്ങളിലും രാഷ്ട്രീയ പാർട്ടികളിലും അമിത പ്രതീക്ഷയർപ്പിച്ച് രക്ഷകരെ കാത്തിരിക്കുന്ന സമുദായങ്ങൾ രക്ഷപ്പെടില്ല തന്നെ. l
Comments