Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 16

3340

1445 ശഅ്ബാൻ 06

നടക്കുന്നത് ജ്ഞാനശാസ്ത്രപരമായ സംഘർഷം

എഡിറ്റർ

''കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി ലോകം കണ്ടുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍, പാശ്ചാത്യ ആധുനികത അടി മുതല്‍ മുടി വരെ കപടവും വംശീയവുമാണെന്നതിന്റെ സമ്പൂര്‍ണ തെളിവാണ്.'' അമേരിക്കയിലെ കൊളംബിയന്‍ യൂനിവേഴ്‌സിറ്റി സാമൂഹിക ശാസ്ത്ര വിഭാഗം പ്രഫസര്‍ വാഇല്‍ ഹല്ലാഖ് അല്‍ ജസീറ ഡോട്ട് നെറ്റിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞതാണിത്. ഫലസ്ത്വീന്റെ മണ്ണില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലില്‍ ഒരു ഭാഗത്ത് ഇസ്രയേലും അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും, മറുവശത്ത് ഫലസ്ത്വീനികളും ഹമാസും മറ്റു പോരാളി സംഘങ്ങളും. ഇരുപക്ഷവും ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. ഭൗതിക മാനദണ്ഡങ്ങള്‍ വെച്ചുള്ള ജയപരാജയങ്ങള്‍ക്ക് ഉപരിയായി, അവിടെ നടക്കുന്നത് ജ്ഞാനശാസ്ത്രപരമായ സംഘര്‍ഷം (Epistomological Conflict) ആണെന്ന തിരിച്ചറിയലാണ് ഏറെ പ്രധാനം. അതാണ് ഏറെ പ്രയാസകരമായതും. തനി പാശ്ചാത്യ പക്ഷപാതികള്‍ വരെ സമ്മതിക്കുന്ന ഒരു സത്യമുണ്ട്. യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും മാനവിക മൂല്യങ്ങള്‍ കൈവിടാതെ, സിവിലൈസ്ഡ് എന്ന വാക്കിന്റെ മുഴുവന്‍ പൊരുളും ആവാഹിച്ച് പോരാടുകയാണ് ഹമാസ്. ഇസ്രയേലിന്റെ ഓരോ ചെയ്തിയെയും പൈശാചികം എന്നല്ലാതെ വിശേഷിപ്പിക്കാന്‍ കഴിയില്ല.
ഇത് ഹമാസിന്റെയും ഇസ്രയേലിന്റെയും പ്രകൃതത്തെയും ജീവിത കാഴ്ചപ്പാടുകളെയുമാണ് പ്രതിഫലിപ്പിക്കുന്നത്. വംശഹത്യക്ക് ഇരകളാകുമ്പോഴും തങ്ങള്‍ക്കൊരു ധാര്‍മിക ഉത്തരവാദിത്വമുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് ഫലസ്ത്വീനികളും ഹമാസും. ലോകത്തെയും അതിന്റെ മുഴു സംവിധാനങ്ങളെയും ദൈവത്തിന്റെ ഉടമസ്ഥതയിലുള്ള ഒന്നായേ അവര്‍ക്ക് കാണാന്‍ കഴിയൂ. മനുഷ്യര്‍ക്കല്ല ഉടമസ്ഥതയുള്ളത്. അതിനാല്‍ പൂര്‍ണ ഉത്തരവാദിത്വത്തോടെ മാത്രമേ അവര്‍ക്കതിനെ കൈകാര്യം ചെയ്യാനാവൂ. ഇനി ശത്രുക്കള്‍ അതിഭീകരമായ അതിക്രമങ്ങള്‍ അഴിച്ചുവിടുകയാണെങ്കില്‍ പോലും, അവരെക്കുറിച്ച് തങ്ങള്‍ക്കൊരു ഉത്തരവാദിത്വമുണ്ടെന്ന കാര്യം ഈ സംഘം വിസ്മരിക്കുകയില്ല. അവരുടെ മനസ്സിനെ സംസ്‌കരിക്കാനുള്ള ഉത്തരവാദിത്വം കൂടി ആ സംഘം ഏല്‍ക്കും. ഇസ്രയേലിനോ പാശ്ചാത്യര്‍ക്കോ ഇങ്ങനെയൊരു പ്രപഞ്ച വീക്ഷണമില്ല. പ്രപഞ്ച നിയന്താവായ ദൈവത്തിലും അവര്‍ക്ക് വിശ്വാസമില്ല. മനുഷ്യനാണ് എല്ലാം. ഈ യുക്തിയനുസരിച്ച് കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍. ദുര്‍ബലര്‍ എന്ത് ചെയ്യണമെന്ന് ശക്തര്‍ തീരുമാനിക്കും. ഏറ്റവും ശക്തിയുള്ളവരാണ് തീരുമാനങ്ങളെടുക്കുക.
വാഇല്‍ ഹല്ലാഖിന്റെ ഈ നിരീക്ഷണങ്ങളെ മുന്‍നിര്‍ത്തിയുള്ള ആലോചനകള്‍ ഇസ്്‌ലാമിക ചിന്താ മണ്ഡലങ്ങളില്‍ ഇപ്പോള്‍ സജീവമാണ്. ഇരുപതോളം പ്രഗത്ഭ ചിന്തകരും അക്കാദമീഷ്യരും പങ്കെടുത്ത ഒരു ചര്‍ച്ച ഈയിടെ ബൈറൂത്തില്‍ നടന്നിരുന്നു. ചില വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കണമെന്ന തീരുമാനത്തിലാണ് അവരെത്തിയത്. പാശ്ചാത്യ നാഗരികത ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ ആ നാഗരികതയെതന്നെ തകര്‍ക്കുന്നതാണോ? അതോ, മറികടക്കാവുന്ന താല്‍ക്കാലിക പ്രതിസന്ധികള്‍ മാത്രമാണോ അവ? പുതിയ സംഭവ വികാസങ്ങളെ മുന്‍നിര്‍ത്തി ഒരു ഇസ്്‌ലാമിക നാഗരിക പ്രോജക്ടിന് രൂപം നല്‍കണമെന്നതായിരുന്നു രണ്ടാമത്തെ നിര്‍ദേശം. കാലഘട്ടം ഉയര്‍ത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള കരുത്ത് അതിനുണ്ടാവണം. മുസ്്‌ലിം ലോകത്തെ മതപരവും മറ്റുമായ അനാവശ്യ തര്‍ക്കങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണും എന്നതായിരുന്നു മറ്റൊരു ചിന്താവിഷയം. തുര്‍ക്കിയയിലും മലേഷ്യയിലുമൊക്കെ നടന്നുവരുന്ന പരീക്ഷണങ്ങളെ എങ്ങനെ വികസിപ്പിക്കാമെന്ന ചര്‍ച്ചയും സജീവമായിരുന്നു. നാഗരികതകളുടെ സംഘട്ടനത്തിന് പകരം നാഗരികതകളുടെ സംവാദം എന്ന പരികല്‍പന ഉയര്‍ത്തിക്കൊണ്ടുവരണം. ഇതിനൊക്കെയുള്ള ബൗദ്ധിക ശേഷി ഇസ്്‌ലാമിസ്റ്റ് ധാരക്കുണ്ടെന്നാണ് ത്വൂഫാനുല്‍ അഖ്‌സ്വാ തെളിയിച്ചത്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 01-03
ടി.കെ ഉബൈദ്

ഹദീസ്‌

വിട്ടുവീഴ്ചയുടെ മാഹാത്മ്യങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്