മഹ്ർ "ഇഷ്ടമുള്ള എന്തേലും' പോരാ
ഉയർന്ന ഉദ്യോഗസ്ഥയാണ്. അഞ്ചക്ക സംഖ്യ മാസ വരുമാനമുണ്ട്. തൊലിയുടെ നിറം കറുപ്പായതു കൊണ്ട് മാത്രം, സമ്പത്തും വിദ്യാഭ്യാസവും ഉണ്ടായിട്ടും വിവാഹ കമ്പോളത്തിൽ അവളുടെ 'മാർക്കറ്റ്' ഇടിഞ്ഞു. ഒടുവിൽ വിവാഹ വാഗ്ദാനവുമായി വന്ന ഒരു കൂട്ടർ പറഞ്ഞു; ഞങ്ങൾക്ക് കുട്ടിയെ തന്നാൽ മതി, മറ്റൊന്നും വേണ്ട. വരന്റെ വീട്ടുകാർ വാഴ്ത്തപ്പെട്ടു. സന്തോഷകരമായി കഴിഞ്ഞ വിവാഹം.
മാസങ്ങൾക്ക് ശേഷം ഒരു വാഹനാപകടത്തെ തുടർന്ന് സ്വന്തം വീട്ടിൽ വന്നു നിന്നപ്പോഴാണ് ഭർതൃ വീട്ടുകാരുടെ അവഹേളനത്തെ കുറിച്ച് സ്വന്തം വീട്ടുകാരോട് അവൾ പറയുന്നത്. വിവാഹം കഴിഞ്ഞ അന്ന് തൊട്ട് തുടങ്ങിയ പീഡനം. ഭക്ഷണം പോലും കൊടുക്കാത്ത ക്രൂരത. നേരം വെളുക്കുവോളം ബാത്ത്റൂമിൽ അഭയം തേടേണ്ടി വന്ന സാഹചര്യങ്ങൾ. ശമ്പളത്തിന്റെ പകുതി അമ്മായിയമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പോകണമെന്ന കരാർ.
ഇത്രയൊക്കെ അനുഭവിക്കേണ്ടി വന്നിട്ടും, സ്വന്തമായി ജോലിയും ശമ്പളവും ഉണ്ടായിട്ടും ഇനിയും വീട്ടുകാർക്ക് തന്റെ കറുപ്പും വിവാഹമോചിതയാണെന്ന പേരും ബാധ്യതയാകുമോ എന്ന ഭയം കാരണം എല്ലാം നിശ്ശബ്ദം സഹിച്ചു അവൾ. വിവാഹ പ്രായമായ പെൺകുട്ടികൾ വീട്ടിൽ ഉണ്ടെങ്കിൽ നാട്ടുകാരോട് ഉത്തരം പറഞ്ഞു ക്ഷീണിക്കുന്ന വീട്ടുകാരുടെ അവസ്ഥ അവളൊരുപാട് അറിഞ്ഞതാണല്ലോ. അതിനി വിവാഹമോചനത്തിൽ എത്തി എന്ന് കൂടി അറിയുമ്പോൾ എന്തൊക്കെ കേൾക്കേണ്ടി വരില്ല! ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ലെന്ന് ദിനേന നമ്മളിലേക്ക് വരുന്ന വാർത്തകൾ നമ്മെ ബോധ്യപ്പെടുത്തിത്തരുന്നുണ്ട്.
ഡോക്ടർ ആയ മറ്റൊരു പെൺകുട്ടി. തനിക്ക് ഉപ്പ തന്ന സ്വർണവും പണവും കൂടെ വിവാഹ മോചനവും ലഭിക്കാൻ കോടതി കയറി ഇറങ്ങുകയാണ്. നൂലാമാലകൾ കഴിഞ്ഞ് എന്ന് ലഭിക്കുമെന്നറിയാത്ത നീതി തേടിയാണ് രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും എടുത്തുള്ള നടത്തം. ഒരേ കാരണങ്ങൾ കാണിച്ച പതിനായിരക്കണക്കിന് കേസുകൾ തീർക്കാൻ കോടതിക്കും നേരം കിട്ടുന്നുണ്ടാകില്ല. കാരണങ്ങൾ മാറുന്നില്ല. വ്യക്തികളും പേരുകളും മാത്രം മാറി കേസുകൾ കൂടിക്കൊണ്ടിരിക്കുന്നു. ആത്മഹത്യകൾ നടക്കുമ്പോൾ കോളിളക്കം സൃഷ്ടിക്കപ്പെടുകയും ഉറങ്ങി എണീക്കുന്ന ലാഘവത്തിൽ അതെല്ലാം മറന്നു പോവുകയും ചെയ്യുന്നു.
അറബി വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീ തന്റെ മകളുടെ വിവാഹത്തിന് വീട്ടുടമസ്ഥയോട് സഹായമഭ്യർഥിച്ചപ്പോൾ അവർ പറഞ്ഞത് ഇങ്ങനെ: "നിന്റെ മോൾ വില്പന നടക്കാത്ത ഒരു ഉരുപ്പടിയല്ലെന്ന് ആദ്യം മനസ്സിലാക്ക്. വിവരവും വിദ്യാഭ്യാസവുമുള്ള, സൽസ്വഭാവിയായ നിന്റെ മോളെ അവൾക്ക് തൃപ്തിപ്പെട്ട മഹ്ർ സ്വീകരിച്ച് വിവാഹം കഴിപ്പിച്ചു കൊടുക്ക്. ഇത്ര പണം തരാം, എന്റെ മകളെ നോക്കുമോ എന്ന് ഒരുത്തന്റെ മുന്നിലും പോയി യാചിക്കേണ്ട ആവശ്യമില്ല. അതിനായി ഒരു റിയാൽ പോലും ഞാൻ തരില്ല."
പിറന്നു വീണത് പെണ്ണാണെങ്കിൽ തല ഉയർത്തി നടക്കാൻ കഴിയാതെ അപമാനഭാരത്താൽ ചോരക്കുഞ്ഞിനെ കുഴി കുത്തി മൂടി കൊന്നുകളഞ്ഞ അറേബ്യയിൽനിന്നാണ് ഈ കരുത്തുറ്റ പെൺ ശബ്ദം എന്നോർക്കണം. പക്ഷേ, നമ്മുടെ നാട്ടുനടപ്പുകൾ നമുക്ക് തള്ളിക്കളയാൻ അല്പം പാടാണ്. കടം വാങ്ങിയും സഹായം ചോദിച്ചും ആവുന്നത്ര പൊന്ന് കൊടുത്ത് വിവാഹം നടത്തും. ആ ഉമ്മയും അത് തന്നെ ചെയ്തു. ഒരു കുഞ്ഞാവുന്നത് വരെ അവന്റെ കൊള്ളരുതായ്മകൾ അവൾ സഹിച്ചു. അവസാനം അതിനും ആവാഞ്ഞപ്പോൾ കുഞ്ഞിനെയും ഒക്കത്തിരുത്തി അവിടെനിന്ന് ഇറങ്ങി. പക്ഷേ, കൊടുത്ത സ്വർണമൊന്നും തിരിച്ചുവേണ്ടെന്ന് പറഞ്ഞു ഒപ്പിട്ട് കൊടുത്തെങ്കിൽ മാത്രം വിവാഹ മോചനം തരാമെന്ന് അവൻ തീർത്തുപറഞ്ഞു. മാനസികമായും തളർന്ന അവൾക്ക് മറ്റു വഴികൾ ഇല്ലാതെ അങ്ങനെ ചെയ്യേണ്ടി വന്നു. അവളും വിദ്യാഭ്യാസംകൊണ്ട് സമ്പന്നയായിരുന്നു.
എത്ര കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്ത ജീവിത പാഠങ്ങൾക്ക് മുന്നിൽ, പ്രതികൂല സാഹചര്യങ്ങളിൽ പോലും പൊരുതി പഠിച്ചു നേടിയ ഉന്നത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ഉയർന്ന ശമ്പള സ്കെയിലും തോറ്റുപോകുന്നു. നമുക്ക് എവിടെയാണ് പിഴക്കുന്നത് ? എന്താണിപ്പഴും നമ്മുടെ പെൺകുട്ടികൾക്ക് അവരുടെ മൂല്യം നിർണയിക്കാൻ ആവാത്തത്? എന്താണതിൽനിന്ന് അവരെ തടയുന്നത്?
മാതാപിതാക്കൾ മകളെ വിവാഹം കഴിപ്പിച്ചയക്കാൻ പണത്തിനായി പാട് പെടുന്നു. അതുപോലെ വിവാഹക്കമ്പോളത്തിൽ വില നിശ്ചയിക്കപ്പെടാൻ വേണ്ടിയുള്ള ഒരു പാടുപെടൽ മാത്രമായി പെൺവിദ്യാഭ്യാസം മാറുന്നുണ്ടോ?
ഇസ്ലാമിലെ വിവാഹ സങ്കല്പങ്ങളൊക്കെ പ്രമാണങ്ങളിൽ മാത്രം ഒതുങ്ങുന്നു. മഹല്ലുകൾ നോക്കു കുത്തികൾ ആവുകയും പള്ളിക്കമ്മിറ്റികൾ കത്തെഴുതിക്കൊടുത്ത് വിവാഹ സഹായത്തിന് യാചിക്കാൻ വിടുകയും ചെയ്യുന്നു. സംഗതിയൊക്കെ ശരിയാണ്, എന്നാലും നമ്മൾ ചെയ്യാനുള്ളത് നമ്മൾ തന്നെ ചെയ്യണ്ടേ എന്നാണ് നമുക്കിപ്പോഴും ബേജാറ്. നമ്മൾ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് പക്ഷേ, നാട്ടുകാർ തീരുമാനിക്കുന്നുവെന്ന് മാത്രം. ഓരോ നാട്ടിലും വ്യത്യസ്തമായ ആചാരങ്ങളുണ്ടാവാം. പക്ഷേ, ദുരാചാരങ്ങൾ ഒഴിവാക്കിയേ പറ്റൂ. അതിന് ആർജവം കാണിക്കാത്തിടത്തോളം കാലം ഇതൊന്നും അവസാനിക്കാൻ പോകുന്നില്ല. ഇതൊക്കെ അവസാനിപ്പിക്കാൻ ആരോ വരുമെന്നാണ് നമ്മുടെ ധാരണ. നാം ഓരോരുത്തരും തന്നെയാണ് അതിനു തുടക്കം കുറിക്കേണ്ടത് എന്ന് ചിന്തിക്കുകയുമില്ല.
സ്വർണമോ പണമോ വേണ്ടെന്ന് പറയാൻ ആൺമക്കളെ പഠിപ്പിക്കാൻ നിൽക്കരുത്. പൊന്നും പണവും ഏക്കറ് കണക്കിന് സ്ഥലവും അവിടെ കയറ്റി വെക്കാൻ ഒരു ആർഭാടക്കാറും തരില്ലെന്ന് പറയാൻ പെൺ മക്കൾ പറഞ്ഞു പഠിക്കുകയാണ് വേണ്ടത്. നമുക്ക് വേണ്ടത് ആരുടെയും ഔദാര്യമല്ല, മറിച്ച് അവകാശമാണെന്ന് മറക്കാതിരിക്കണം. ചോദിക്കുന്നതത്രയും കൊടുക്കാൻ ഉണ്ടെങ്കിൽ കൊടുത്തുകളയാം എന്നും ധരിക്കരുത്. അങ്ങനെ ചോദിക്കാൻ അവർക്ക് ഒരു അധികാരവുമില്ലെന്നാണ് മനസ്സിലാക്കിക്കൊടുക്കേണ്ടത്.
പിന്നെ ആർക്ക് ആരാണ് കൊടുക്കേണ്ടത്?ആർ ആരോടാണ് ചോദിക്കേണ്ടത്? പെണ്ണിന് എന്ത് കൊടുത്തു എന്നാണ് നമ്മൾ ചോദിച്ചു ശീലിച്ചത്. ഇനിയും അങ്ങനെ തന്നെയാണ് ചോദിക്കേണ്ടത്. അതു പക്ഷേ, പെൺകുട്ടിയുടെ ഉപ്പയോടായിരിക്കരുത്. വിവാഹം ചെയ്യാൻ പോകുന്ന പുരുഷനോടാവണം. വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചവരോടൊക്കെ പ്രവാചകൻ ആദ്യം ചോദിച്ചത് അവൾക്ക് മഹ്റായി നൽകാൻ നിന്റെ പക്കൽ എന്താണുള്ളത് എന്നാണ്. നമ്മളും അതു തന്നെയാണ് ചോദിക്കേണ്ടത്.
സ്ത്രീകളുടെ വിവാഹമൂല്യം ബാധ്യതയായി ഗണിച്ചുകൊണ്ട് സന്തോഷത്തോടെ കൊടുത്തു വീട്ടാൻ പറയുന്നിടത്താണ്, ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചതിന്റെ ബാധ്യത തീരാതെ വർഷങ്ങളോളം കഷ്ടപ്പെടുന്ന ബാപ്പമാർ ഓടി നടക്കുന്നത്.
ജാഹിലിയ്യാ കാലത്ത് സ്ത്രീക്ക് സ്വന്തം സമ്പത്ത് പോലും കൈകാര്യം ചെയ്യാൻ അവസരം ഉണ്ടായിരുന്നില്ല. അവൾ എല്ലായ്‌പോഴും മർദിതയും ചൂഷിതയുമായിരുന്നു. പക്ഷേ, ഇസ്ലാം ഈ വിലക്കുകളെല്ലാം എടുത്തെറിഞ്ഞു കളഞ്ഞു. അവൾക്ക് സമ്പാദിക്കാനും ചെലവഴിക്കാനും അധികാരം നൽകി. അവളുടെ സമ്പത്തിന്റെ അവകാശി അവൾ മാത്രമായി. അവൾക്ക് വിവാഹമൂല്യം നിശ്ചയിച്ചു. അത് പുരുഷന് സ്ത്രീയോടുള്ള ബാധ്യതയായി സ്ഥിരപ്പെടുത്തി. അതിൽ നിന്ന് അവളുടെ അനുവാദമില്ലാതെ യാതൊന്നും എടുക്കാൻ പിതാവിനോ അടുത്ത ബന്ധുക്കൾക്കോ ഇണക്കോ തന്നെയും അവകാശമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.
പരിശുദ്ധ ഖുർആനിലെ നാലാം അധ്യായം നാലാം സൂക്തത്തിൽ പറയുന്നു, "സ്ത്രീകൾക്ക് അവരുടെ വിവാഹ മൂല്യം മനഃസംതൃപ്തിയോടെ നൽകുക. എന്നാൽ, അതിൽ നിന്ന് വല്ലതും അവർ മനസാ നിങ്ങൾക്ക് വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷപൂർവം സുഖമായി ഭക്ഷിച്ചു കൊള്ളുക."
അഥവാ, അവൾക്ക് തരാൻ ഉദ്ദേശ്യമില്ലെങ്കിൽ അതിൽ ആരും നോട്ടം വെക്കേണ്ടതില്ല. അവൾക്ക് ആരെയും പണം കൊടുത്ത് തൃപ്തിപ്പെടുത്തേണ്ടതുമില്ല.
മഹ്റിന്റെ അളവ് എത്രയെന്ന് ഇസ്ലാമിൽ നിയമം മൂലം നിശ്ചയിക്കപ്പെട്ടിട്ടില്ല. അളവുകൾ നിശ്ചയിച്ചില്ലെങ്കിലും ഇസ്ലാമിന്റെ മുദ്ര മിതത്വമാണ്. ഏറിയോ കുറഞ്ഞോ എന്നതിനെക്കാൾ വധുവിന്റെ തൃപ്തിയിൽ ആണ് അതിന്റെ സൗന്ദര്യം കിടക്കുന്നത്.
ഓരോ നാട്ടിലെയും സമ്പ്രദായമനുസരിച്ചും അല്ലാതെയും മഹ്ർ ആവശ്യപ്പെടാവുന്നതാണ്. നമ്മുടെ നാട്ടിലെ അവസ്ഥ വെച്ച് സ്വന്തമായൊരു വീടെല്ലാം ചോദിച്ചാൽ സാധാരണക്കാരായ പുരുഷന്മാർക്ക് വിവാഹ ജീവിതം അപ്രാപ്യമായ ഒന്നാകും. പല നാടുകളിലും വിവാഹമൂല്യത്തിന്റെ ആധിക്യം സാധാരണക്കാരായ പുരുഷന്മാരെ പ്രയാസപ്പെടുത്തുകയും അവിവാഹിതരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, വിലപ്പെട്ട ഒന്ന് തന്നെയായിരിക്കണം വിവാഹമൂല്യമായി നൽകേണ്ടത്. അവൾക്ക് വിലപ്പെട്ടത് എന്തെന്ന് അവൾ നിശ്ചയിക്കട്ടെ. ഖുർആനും ഒരു രൂപാ നാണയവും നമസ്കാരപ്പടവും ഒക്കെ വിവാഹമൂല്യമായി ആവശ്യപ്പെടുന്നവർ ഈയിടെയായി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അതൊരു മോശം കാര്യമൊന്നുമല്ല. പക്ഷേ, സ്ത്രീകൾക്ക് വിലയിടുന്ന കാലത്ത് നമ്മൾ നമ്മുടെ മൂല്യം നിർണയിക്കുമ്പോൾ ജാഗ്രതപ്പെടേണ്ടതുണ്ട്. നമ്മൾ സമൂഹത്തിനു നൽകുന്ന മെസ്സേജ് എന്താണെന്ന് ആലോചിക്കേണ്ടതുണ്ട്.
അതായത്, എടുത്താൽ പൊങ്ങാത്ത ബാധ്യതയിലേക്ക് പുരുഷനെ തള്ളിവിടണമെന്നല്ല. സ്ത്രീകളുടെ വില ഇടിഞ്ഞുകൊണ്ടിരിക്കുകയും അവളുടെ നിലനിൽപ്പ്, കേവലം അണിഞ്ഞുപോകുന്ന സ്വർണത്തിന്മേലും കൊണ്ടുപോകുന്ന പണത്തിന്മേലും മാത്രം ആയിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ നമ്മുടെ മൂല്യം നമ്മൾ തന്നെ നിശ്ചയിക്കേണ്ടതുണ്ട്, സമൂഹത്തെ പഠിപ്പിക്കാൻ വേണ്ടിയെങ്കിലും.
എന്താണ് മഹ്ർ വേണ്ടതെന്ന് ചോദിക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടിയിട്ടുണ്ട്. പക്ഷേ, മറുപടിയായി "ഇഷ്ടമുള്ളത് എന്തേലും" തന്നാൽ മതിയെന്ന് നിസ്സാരമായി പറയുന്ന പെൺകുട്ടികൾ നിരാശപ്പെടുത്തുന്നുമുണ്ട്. നമുക്ക് ചുറ്റുമുള്ളവർക്ക് വേണ്ടിയെങ്കിലും പെൺകുട്ടികൾ അതൊക്കെ മടിക്കാതെ ഉറക്കെ ചോദിച്ചു പഠിച്ചേ തീരൂ.
ആർജവം കാണിക്കേണ്ടിടത്ത് ലജ്ജ കാണിക്കരുത്. ഇത്തരം അനാവശ്യ ലജ്ജകൊണ്ട് നമ്മൾ തീർക്കുന്നത് നമുക്കുള്ള കെണിയാണ്.
ആഇശ (റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെയുണ്ട്: 'നബി (സ) പറഞ്ഞു: ഏറ്റവും ചെലവ് കുറഞ്ഞ വിവാഹമാണ് ഏറ്റവും മഹത്തായ അനുഗ്രഹമുള്ള വിവാഹം.'
ഇത്തരം പ്രവാചക വചനങ്ങൾ മഹ്ർ ചുരുക്കാൻ മാത്രം ഉപയോഗിക്കപ്പെടുന്ന ടൂൾ ആവുകയും പണം പൊടിപൊടിക്കുന്ന, ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന കല്യാണ മാമാങ്കങ്ങൾ അതിനപ്പുറത്ത് നടക്കുകയും ചെയ്യുന്നു. പെൺകുട്ടികൾക്ക് പിതാവ് സ്വർണം നല്കുന്നില്ലെങ്കിൽ പോലും കടങ്ങളിൽ മുങ്ങേണ്ടിവരുന്നു. ഒരൊറ്റ തവണ മാത്രം ഉപയോഗിക്കാൻ പറ്റുന്ന വസ്ത്രങ്ങൾ ലക്ഷങ്ങൾ നൽകി വാങ്ങി ഉടുക്കുന്നു. നാട്ടിലെയും മറുനാട്ടിലെയും ഭക്ഷണങ്ങൾകൊണ്ട് പെരുമ കാണിക്കേണ്ടി വരുന്നു. വീടും 'അറ'യും ആർഭാടമാക്കേണ്ടി വരുന്നു. പോക്കറ്റ് കാലിയാകുന്നു. കൈയിലുള്ളത് മതിയാകാതെ വരുന്നു. ബാങ്ക് ലോണുകൾ ഭീഷണികളായി തലക്കുമേലെ തൂങ്ങിനിൽക്കുന്നു. സമാധാനം തന്നെ നഷ്ടപ്പെടുന്നു. ഏറ്റവും ലളിതവും മനോഹരവുമായി നടക്കേണ്ട ഒന്ന് കാലങ്ങളോളം ഉറക്കം കളയുന്നു. മരിച്ചു കഴിഞ്ഞാലും തീരാത്ത ബാധ്യതകൾകൊണ്ട് ജീവിച്ചിരിക്കുന്ന ബാക്കിയായ പ്രിയപ്പെട്ടവരും ബുദ്ധിമുട്ടുന്നു.
ഇസ്ലാം ഉറപ്പായും സമാധാനമാണ്.
പക്ഷേ, നമുക്കത് അനുഭവിക്കണമെങ്കിൽ നമ്മൾ ആ ഇസ്ലാമിനെ സകല മേഖലയിലും എടുത്തണിഞ്ഞേ മതിയാകൂ. l
Comments