Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 16

3340

1445 ശഅ്ബാൻ 06

തിയഡോർ ഹെർസലിന്റെ രംഗപ്രവേശം

ഡോ. എ.എ ഹലീം

തിയഡോർ ഹെർസൽ സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തതിന് ശേഷം ഫലസ്ത്വീന്റെ കാര്യത്തിൽ ഉസ്മാനികളുമായുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായി. ചിലപ്പോൾ രഹസ്യമായും പലപ്പോഴും പരസ്യമായും പ്രസ്തുത സംഘർഷം തുടർന്നുകൊണ്ടേയിരുന്നു.

സയണിസ്റ്റുകളും അവരുടെ സഖ്യകക്ഷികളും ബ്രിട്ടീഷുകാരും അമേരിക്കക്കാരും യൂറോപ്യന്മാരുമായ, ഉസ്മാനി സാമ്രാജ്യത്തിനുള്ളിലെ അവരുടെ സഹായികളായ ഫ്രീമേസൺമാരും അതിൽ തരാതരം പോലെ പങ്കുചേർന്നു.

ഉസ്മാനി സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അർമീനിയയിലെ ക്രിസ്ത്യാനികൾ സുൽത്താൻ അബ്ദുൽ ഹമീദിന്റെ കാലത്ത്  കലാപത്തിന് ശ്രമിച്ചപ്പോൾ ഹെർസൽ പെട്ടെന്ന് തന്നെ അതിൽ ഇടപെട്ടു.

അതുവഴി സുൽത്വാനെ പ്രീതിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അർമേനിയൻ നേതാക്കളുമായി ബന്ധപ്പെട്ട് കലാപം നിർത്താനുള്ള തന്റെ ശ്രമങ്ങൾ, തുർക്കി രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ള പോളിഷ് വംശജനായ ആസ്ട്രിയൻ ജൂതൻ ഫിലിപ്പ് മൈക്കൽ ന്യൂലിൻസ്കി മുഖേന  സുൽത്താനെ അറിയിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അർമേനിയൻ കലാപം അവസാനിപ്പിക്കുന്നതിൽ തന്റെ പങ്കിനെക്കുറിച്ച് സുൽത്താൻ സംപ്രീതനാണെന്ന് ന്യൂലിൻസ്കി ഹെർസലിനെ അറിയിച്ചുകൊണ്ടുമിരുന്നു. തദ്വാരാ അബ്ദുൽ ഹമീദ്, ജൂതന്മാരുടെ ആവശ്യങ്ങളോട് അനുകൂലമായി  പ്രതികരിക്കുമെന്നാണ് ഹെർസൽ കണക്കുകൂട്ടിയത്. അതിനാൽ, അദ്ദേഹം ന്യൂലിൻസ്‌കിയെ ഇടനിലക്കാരനാക്കി ഒരു പദ്ധതി അവതരിപ്പിക്കാൻ ശ്രമിച്ചു. ഫലസ്ത്വീനിലേക്ക് ജൂത കുടിയേറ്റം അനുവദിക്കുന്നതിന് പകരമായി ഉസ്മാനി സാമ്രാജ്യ ട്രഷറിയിലേക്ക് 20 മില്യൺ ടർക്കിഷ് ലീറ നൽകാനുള്ള ജൂതന്മാരുടെ സന്നദ്ധതയായിരുന്നു അത്. എന്നാൽ, പ്രസ്തുത ഓഫറുമായി തന്നെ സമീപിച്ച ന്യൂലിൻസ്കിയെ സുൽത്താൻ അപ്പോൾ തന്നെ തന്റെ കൗൺസിലിൽ നിന്ന് പുറത്താക്കുകയാണുണ്ടായത്. വിവരമറിഞ്ഞ ഹെർസൽ കടുത്ത നിരാശയിലായി. യഹൂദരുടെ പണം ഉപയോഗിച്ച് ഉസ്മാനി സാമ്രാജ്യത്തെ പിന്തുണക്കുക വഴി സുൽത്താൻ അബ്ദുൽ ഹമീദിനെ വശീകരിക്കാനുള്ള ഹെർസലിന്റെ ശ്രമങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. സുൽത്താന് കൈക്കൂലി വാഗ്ദാനം ചെയ്യുന്നതിൽ ഹെർസലിന്റെ ഇടനിലക്കാർ നിരവധിയായിരുന്നു. അവരിൽ പ്രത്യക്ഷത്തിൽ മുസ്ലിംകളും പരോക്ഷമായി യഹൂദനുമായ (ദോനുമ) ജാവിദ് ബേ, സുൽത്താന്റെ ഏതൻസിലെ അംബാസഡർ മഹ്മൂദ് നദീം പാഷ,  ജൂത പത്രപ്രവർത്തകനും ദോൻമയുമായ അഹ്്മദ് മിദ്ഹത് പാഷ, ബെർലിനിലെ സുൽത്താന്റെ അംബാസഡർ അഹമദ് തൗഫീഖ് പാഷ തുടങ്ങിയവർ ഉൾപ്പെടുന്നു.

കൈക്കൂലിയും മറ്റു പ്രലോഭന രീതികളും പരാജയപ്പെട്ടപ്പോൾ, ഫലസ്ത്വീനിലേക്കുള്ള ജൂത കുടിയേറ്റത്തിനായി മറ്റു വഴികൾ തേടാൻ ഹെർസൽ നിർബന്ധിതനായി. പ്രസ്തുത വിഷയത്തിൽ ഉസ്മാനി സാമ്രാജ്യത്തിന്റെ നിലപാട് പാറപോലെ ഉറച്ചതാണെന്ന് അയാൾക്ക് ബോധ്യമായി. തുടർന്നാണ് ഹെർസൽ  തന്ത്രം മാറ്റിയത്. ഒരു ദ്വിമുഖ തന്ത്രം അയാൾ ആവിഷ്കരിച്ചു. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഫലസ്ത്വീനിൽ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുക എന്ന ആശയത്തെ മുൻനിർത്തിയുള്ള അന്താരാഷ്‌ട്ര ഉടമ്പടി അംഗീകരിക്കാൻ ഉസ്മാനി സാമ്രാജ്യത്തെ നിർബന്ധിക്കുന്നതായിരുന്നു ഒന്നാമത്തെ വഴി. രണ്ടാമത്തേത്, ഫലസ്ത്വീനിലേക്കുള്ള ജൂതന്മാരുടെ രഹസ്യ കുടിയേറ്റത്തെ  ചുറ്റിപ്പറ്റിയാണ്. ഫലസ്ത്വീൻ, ബൈറൂത്ത്, ജറൂസലം, ഹൈഫ എന്നിവിടങ്ങളിലെ അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങളുടെ കോൺസൽമാരുടെ പരോക്ഷ പിന്തുണയുടെ മറവിൽ അനധികൃതമായി ഭൂമി സമ്പാദിക്കാൻ ജൂതൻമാരെ പ്രാപ്തരാക്കുന്നതായിരുന്നു അത്.

സുൽത്താൻ അബ്ദുൽ ഹമീദ്, ഹെർസലിന്റെ പുതിയ തന്ത്രത്തോട് കൂടുതൽ തീവ്രമായാണ് പ്രതികരിച്ചത്. 1898 ജൂണിൽ അദ്ദേഹം പുറപ്പെടുവിച്ച നിയമത്തിൽ ഉസ്മാനി പൗരൻമാരല്ലാത്ത ഒരു വിദേശ യഹൂദനും മതപരമായ ആവശ്യങ്ങൾക്കല്ലാതെ ഫലസ്ത്വീൻ സന്ദർശിക്കാൻ അനുവാദമില്ല എന്ന് വ്യവസ്ഥ ചെയ്തു. അവിടത്തെ അവരുടെ താമസം 30 ദിവസത്തിൽ കവിയാനും പാടില്ല. കാലാവധി അവസാനിച്ചതിന് ശേഷം അവിടെ തങ്ങുന്നവരെ ബലം പ്രയോഗിച്ച്‌ പുറത്താക്കും. ഈ നിയമത്തിന് എതിരായി ഉസ്മാനി സാമ്രാജ്യത്തിലെ അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങളിലെ അംബാസഡർമാരുടെയും കോൺസൽമാരുടെയും പ്രതിഷേധം സുൽത്താൻ കാര്യമാക്കിയില്ല. പകരം, അവരും അവരുടെ രാജ്യങ്ങളും നിയമം പാലിക്കുന്നുണ്ടോയെന്ന് കൂടുതൽ ജാഗ്രതയോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു. നിയമം ലംഘിച്ച് ഫലസ്ത്വീനിൽ പ്രവേശിക്കാൻ ശ്രമിച്ച അന്ത്യോക്യയിലെ ജൂതനായ ബ്രിട്ടീഷ് കോൺസലിനെതിരെ അദ്ദേഹം നടപടിയെടുത്തു. ഹൈഫയിലെ ഉസ്മാനി ഗവർണർ, പുതിയ നിയമം ലംഘിച്ചതിന് ഒമ്പത് ബ്രിട്ടീഷ് ജൂതന്മാരെ ഫലസ്ത്വീനിൽനിന്ന് പുറത്താക്കുകയും ചെയ്തു. ജറൂസലമിലെ ബ്രിട്ടീഷ് കോൺസൽ, ഉസ്മാനി സാമ്രാജ്യത്തിന് ഇതു സംബന്ധമായ  പ്രതിഷേധ കുറിപ്പ് നൽകിയപ്പോൾ  സുൽത്താന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: “ഉസ്മാനി സാമ്രാജ്യത്തിലെ ഉദ്യോഗസ്ഥർ  നിയമപ്രകാരമുള്ള തങ്ങളുടെ ചുമതല നിറവേറ്റുക മാത്രമാണ് ചെയ്തത്.''

കുടിയേറ്റത്തിന്റെ വാതിൽ തുറക്കാൻ ഉസ്മാനി സാമ്രാജ്യത്തെ നിർബന്ധിക്കുന്നതിൽ പയറ്റിയ തന്ത്രങ്ങൾ പരാജയപ്പെട്ടെങ്കിലും ഹെർസൽ പിൻവാങ്ങിയില്ല. അയാൾ തന്ത്രം വീണ്ടും മാറ്റി. 1899 ആഗസ്റ്റ് 15-ന് ബാസലിൽ മൂന്നാം സയണിസ്റ്റ് കോൺഗ്രസിന്റെ ഉദ്ഘാടന വേളയിൽ സുൽത്താന് ഒരു ടെലിഗ്രാം അയച്ചുകൊണ്ടാണ് ഹെർസൽ തന്റെ പുതിയ തന്ത്രം പ്രയോഗിച്ചത്. കാപട്യവും ചതിയും തുളുമ്പിനിന്ന അതിൽ പ്രസ്താവിച്ചത് ഇപ്രകാരമാണ്: “മൂന്നാം ബാസൽ കോൺഫറൻസിൽ ഒത്തുകൂടിയ സയണിസ്റ്റുകൾ, നിങ്ങളുടെ മഹത്തായ സിംഹാസനത്തിന്റെ വാതിൽപ്പടിയിൽ കൊണ്ടുവരുന്നത് എന്തെന്നാൽ, യഹൂദ പ്രജകളോടുള്ള നിങ്ങളുടെ ദയയും പരിഗണനയും നിങ്ങളുടെ മഹത്വത്തിന്റെ നിദർശനമായി അവർ കണക്കാക്കുന്നു. ഉസ്മാനി സാമ്രാജ്യത്തിന്റെ ഉയർച്ചക്കും സമൃദ്ധിക്കുമായി സംഭാവനകൾ അർപ്പിക്കാനുള്ള അവരുടെ ആത്മാർഥമായ ആഗ്രഹം വിശ്വസ്തതയോടെ പ്രകടിപ്പിക്കുന്നത് ഒരു കടമായി അവർ കാണുന്നു”. സുൽത്താൻ അബ്ദുൽ ഹമീദ് ഇതിനോട് കൂടുതൽ തീവ്രതയോടെ പ്രതികരിക്കുകയും 1900-കളുടെ അവസാനത്തിൽ ഒരു നിയമം പുറപ്പെടുവിക്കുകയും ചെയ്തു. അതനുസരിച്ച് ഫലസ്ത്വീൻ, സിറിയ, ലബ്നാൻ, സീനായ് എന്നിവിടങ്ങളിലെ ജൂതന്മാർക്ക് ഭൂമി വിൽക്കുന്നത് അദ്ദേഹം നിരോധിച്ചു. ഈ നിയമം ഉസ്മാനി പൗരത്വമുള്ള ജൂതന്മാർക്കും ബാധകമാണ്.

എങ്കിലും ഹെർസൽ നിരാശനായില്ല. തന്റെ സുഹൃത്ത് ഹംഗേറിയൻ ജൂത ഓറിയന്റലിസ്റ്റ് ആർമിനിയസ് ഫാബ്രിയുടെ സഹായത്തോടെ സുൽത്താൻ അബ്ദുൽ ഹമീദുമായി കൂടിക്കാഴ്ച നടത്താനുള്ള ശ്രമം തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ അയാൾ അതിൽ വിജയിക്കുകയും ചെയ്തു. ഹെർസൽ തന്റെ ഡയറിയിൽ എഴുതി: “തന്റെ കോപം ഉണർത്തുന്ന രണ്ട് കാര്യങ്ങളെക്കുറിച്ച് സുൽത്താന്റെ സമക്ഷത്തിൽ സംസാരിക്കരുതെന്ന് ഫാബ്രി എന്നെ ഉപദേശിക്കുകയുണ്ടായി: ഒന്ന്, സയണിസത്തിന്റെ പ്രശ്നം. രണ്ട്, ഫലസ്ത്വീനിലേക്കുള്ള ജൂത കുടിയേറ്റത്തിന്റെ പ്രശ്നം.''

1901 മെയ് 18-ന് സുൽത്താൻ ഹെർസലിന് കൂടിക്കാഴ്ചക്ക് അനുവാദം നൽകി. ഹെർസലിനെയും കൂട്ടാളികളെയും കൊട്ടാരത്തിൽനിന്ന് പുറത്താക്കുന്നതിലാണ് ആ അഭിമുഖം കലാശിച്ചത്.

ഫലസ്ത്വീനിലേക്ക് കുടിയേറാൻ ജൂതന്മാരെ അനുവദിക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ പ്രസിദ്ധമാണ്. സുൽത്താൻ അബ്ദുൽ ഹമീദിന്റെയും ഉസ്മാനി സാമ്രാജ്യത്തിന്റെയും ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തേണ്ടതാണ് അവ. അത് ഇപ്രകാരമാണ്: “ഫലസ്ത്വീനിലെ ഓരോ ഇഞ്ച് മണ്ണും ഞങ്ങളുടെ പൂർവികർ രക്തം ചിന്തി നേടിയെടുത്തതാണ്. അന്ന് അവർ ചിന്തിയതിനെക്കാൾ കൂടുതൽ ചോര ചിന്താതെ അതിലെ ഒരു ഇഞ്ച് ഭൂമി പോലും വഞ്ചകരായ തൽപരകക്ഷികൾക്ക് വിട്ടുകൊടുക്കാൻ ഞങ്ങൾ തയാറല്ല.”

ഹെർസൽ, ഇസ്തംബൂളിലെ തന്റെ താമസസ്ഥലത്ത് മടങ്ങിയെത്തിയ ശേഷം സുൽത്താനുമായുള്ള അഭിമുഖം തന്നിലുണ്ടാക്കിയ എല്ലാ രോഷവും നിരാശയും ഡയറിയിൽ (1901 മെയ് 18) ഇങ്ങനെ രേഖപ്പെടുത്തി: “അബ്ദുൽ ഹമീദ് എന്നത് ഒരുകൂട്ടം നികൃഷ്ട വ്യക്തികളുടെ പേരാണ്.”  പിന്നീട് അയാൾ സുൽത്താൻ അബ്ദുൽ ഹമീദിനോട് തനിക്കുള്ള പകയും വിദ്വേഷവും തീർക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് ഏർപ്പെട്ടത്. ഉസ്മാനി സാമ്രാജ്യത്തിനെതിരായി സയണിസ്റ്റ് പ്രസ്ഥാന നേതൃത്വത്തിന് സമർപ്പിച്ച രഹസ്യ റിപ്പോർട്ടിൽ അയാൾ പറഞ്ഞു: “സുൽത്താൻ അബ്ദുൽ ഹമീദുമായി ബന്ധപ്പെട്ട് എന്റെ ഇതുവരെയുള്ള നീക്കങ്ങളുടെ വെളിച്ചത്തിൽ ഒരു കാര്യം ഞാൻ തീർത്തു പറയാം:

ഫലസ്ത്വീനിലേക്കുള്ള ജൂത കുടിയേറ്റത്തിന്റെ കാര്യത്തിൽ ഉസ്മാനി സാമ്രാജ്യത്തിന്റെ നയം മാറ്റാത്തിടത്തോളം കാലം നമുക്ക് ഒരടി പോലും മുമ്പോട്ട് പോകാനാവില്ല. അതിനാൽ, ഒന്നുകിൽ നാം തുർക്കികളെ അവർ പരാജയപ്പെടുമെന്ന് ഉറപ്പുള്ള യുദ്ധങ്ങളിൽ തളച്ചിടുകയോ അല്ലെങ്കിൽ അന്തർദേശീയ പ്രശ്‌നങ്ങളിൽ കുരുക്കിയിടുകയോ ചെയ്യണം. അല്ലെങ്കിൽ ഒരേസമയം രണ്ട് വഴികളിലൂടെയും നീങ്ങണം”.

സയണിസ്റ്റുകൾ രണ്ട് വഴിയും സ്വീകരിച്ചുവെന്നതാണ് പിന്നീട് നാം കാണുന്നത്. ഉസ്മാനി ഭരണ പ്രദേശങ്ങളിൽ ഉടനീളം വിവിധ വംശീയ വിഭാഗങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചതോടൊപ്പം ഒന്നാം ലോക യുദ്ധത്തിലേക്ക് ഖിലാഫത്തിനെ വലിച്ചിഴക്കുകയും ചെയ്തു; സുഹൃദ് രാജ്യമായ ജർമനിയുടെ സഖ്യകക്ഷിയെന്ന നിലയിൽ. ഒടുവിൽ ഫലസ്ത്വീൻ ജനതയുടെ കാര്യത്തിൽ സവിശേഷമായും, മുസ്്ലിം ലോകത്തെ സംബന്ധിച്ച് പൊതുവിലും നിർഭാഗ്യകരമായ ആ ദുരന്തം സംഭവിക്കുക തന്നെ ചെയ്തു. സയണിസ്റ്റ് പ്രസ്ഥാനത്തിലെ ഹെർസലിന്റെ പിൻഗാമികൾ അവരുടെ  മുഖ്യ എതിരാളിയായ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമനെ അധികാര ഭ്രഷ്ടനാക്കുന്നതിൽ (1909) വിജയിച്ചു. അതോടെ ഫലസ്ത്വീനിൽ ഒരു ജൂത രാഷ്ട്രം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലും അതിന് തടസ്സമായി നിന്ന ഉസ്മാനി സാമ്രാജ്യത്തെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികൾ ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിലും  സയണിസ്റ്റുകൾക്ക് ഏറെ മുന്നോട്ട് പോകാനായി.

ഖിലാഫത്തിന്റെ തകർച്ചയോടെ മുസ്്ലിം ലോകത്തിന് നഷ്ടപ്പെടുന്നത് എന്താണെന്ന് തിരിച്ചറിയാൻ അറബികൾക്കും സാധിച്ചില്ല. മഹ്മൂദ് അബൂ ഗനീമ എഴുതുന്നു: “ഉസ്മാനി രാഷ്ട്രത്തെ ഉന്മൂലനംചെയ്യുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ അറബികൾ അന്താരാഷ്ട്ര സയണിസത്തെ അറിഞ്ഞോ അറിയാതെയോ സഹായിച്ചു എന്നത് ഖേദകരമാണ്. ഫലസ്ത്വീനിലെ സയണിസ്റ്റ് അഭിലാഷങ്ങൾക്ക് പ്രതിരോധ നിര തീർക്കാൻ അവസാന നിമിഷം വരെ പോരാടിയ ഉസ്മാനികളെ പിന്തുണക്കാൻ അവർക്ക് സാധിച്ചില്ല. അങ്ങനെയാണ് അറബ്-മുസ്്ലിം ഹൃദയഭൂമിയിൽ ഒരു രാഷ്ട്രം സ്ഥാപിക്കാനുള്ള ജൂതന്മാരുടെ സ്വപ്നം സാക്ഷാത്കൃതമായത്.” l

(അവസാനിച്ചു)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 01-03
ടി.കെ ഉബൈദ്

ഹദീസ്‌

വിട്ടുവീഴ്ചയുടെ മാഹാത്മ്യങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്