Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 16

3340

1445 ശഅ്ബാൻ 06

വെട്ടത്തേക്ക്, വെളിച്ചത്തിലേക്ക്

വി. മൂസ മൗലവി/ സദ്റുദ്ദീൻ വാഴക്കാട്

തിരൂർ വെട്ടത്തേക്കുള്ള യാത്ര എന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി. ജമാഅത്തെ ഇസ്ലാമി എന്ന മഹാ പ്രസ്ഥാനത്തെ കൂടുതൽ മനസ്സിലാക്കാനും അടുത്തറിയാനും സാധിച്ചത് അവിടെ നിന്നാണ്. അഥവാ, വെട്ടത്തു വെച്ചാണ് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സമ്പൂർണ വെളിച്ചത്തിലേക്ക് ഞാൻ നടന്നുകയറിയത്. വെട്ടത്ത് ഞാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന ജുമുഅത്ത് പള്ളിയുടെ അല്പം മാറി ഒരു നമസ്കാര പള്ളി ഉണ്ടായിരുന്നു. അവർക്ക് രണ്ടുനേരം - മഗ് രിബിനും ഇശാഇനും- നമസ്കാരത്തിന് ഒരു ഇമാമിനെ ആവശ്യമായി വന്നു. അതനുസരിച്ച് ഉസ്താദ് എന്നെ അവിടെ ഇമാമായി നിശ്ചയിക്കുകയായിരുന്നു.

ഞാൻ എല്ലാ ദിവസവും വൈകുന്നേരം ആ നമസ്കാര പള്ളിയിലേക്ക് പോകും. ഇമാമത്ത് നിൽക്കാൻ അന്ന് പ്രത്യേക തൊപ്പിയോ തലപ്പാവോ ഒന്നും അവിടെ ആവശ്യമുണ്ടായിരുന്നില്ല.  ഒഴിവു സമയത്ത് വായിക്കാനായി 'ഇസ്ലാമിക പാഠങ്ങൾ' എന്ന പുസ്തകം ഞാൻ കൈയിൽ കരുതുമായിരുന്നു. നേരത്തെ കൂനംമൂച്ചിയിലെ  കുഞ്ഞമ്മദ്ക്കയിൽനിന്ന് ലഭിച്ചതായിരുന്നു ആ പുസ്തകം. അവിടെ സ്ഥിരമായി നമസ്കരിക്കാൻ വന്നിരുന്ന ബീരാൻ കുട്ടി സാഹിബ് ഞാനുമായി പരിചയത്തിലായി. 'ഇസ്ലാമിക പാഠങ്ങൾ' എന്ന പുസ്തകം വായിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം അതിനെക്കുറിച്ച് അന്വേഷിച്ചു. അപ്പോഴാണ് എന്റെ ജമാഅത്ത് ബന്ധം അദ്ദേഹത്തിന് മനസ്സിലായത്. അദ്ദേഹമാകട്ടെ നേരത്തെ തന്നെ ജമാഅത്ത് പ്രവർത്തകനായിരുന്നു. ഇത് എനിക്കും അറിയുമായിരുന്നില്ല. തന്റെ കൈയിലുള്ള പുസ്തകങ്ങൾ അദ്ദേഹം വായിക്കാനായി കൊണ്ടുവരും. അങ്ങനെ ഞങ്ങൾ പുസ്തകങ്ങളുടെ കൈമാറ്റവും വായനയും സജീവമാക്കി. അദ്ദേഹത്തിന്റെ കൈയിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് ജമാഅത്ത് സാഹിത്യങ്ങളുടെ വായന വളരെ എളുപ്പമായി. പ്രബോധനം വാരികയുടെ വായനയും തുടർന്നു. ഇത് പ്രാസ്ഥാനികമായ ഒരു ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു. ആ നമസ്കാര പള്ളി ജമാഅത്തെ ഇസ്ലാമിയുടേത് ആയിരുന്നില്ല. മുസ്ലിം ലീഗ് ആഭിമുഖ്യമുള്ള സുന്നി ആശയക്കാരുടേതായിരുന്നു. പക്ഷേ, അവിടെ പുസ്തകങ്ങൾ വായിക്കുന്നതിനോ മറ്റോ തടസ്സങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എനിക്കാവട്ടെ അവിടത്തെ പ്രമുഖരായ എല്ലാ വ്യക്തികളുമായും ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. 

വെട്ടം ഹൽഖയും ഇസ്ലാമിക് സ്റ്റഡി സെന്ററും

വെട്ടത്ത് എത്തിയതോടെയാണ് എനിക്ക് ഇസ്ലാമിക പ്രസ്ഥാന മാർഗത്തിൽ മുന്നോട്ടുപോകാൻ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചത്. ഒരുപറ്റം  ജമാഅത്ത് പ്രവർത്തകർ അക്കാലത്ത് അവിടെ ഉണ്ടായിരുന്നു. ബീരാൻ കുട്ടി സാഹിബ്, ബാവ സാഹിബ്, കെ.പി.ഒ മൊയ്തീൻ കുട്ടി സാഹിബ്, സി.വി ഉമ്മർ സാഹിബ് തുടങ്ങിയവരൊക്കെ തിരൂരിലെ ജമാഅത്ത് പ്രവർത്തകരിൽ പ്രധാനികളായിരുന്നു. കോട്ടക്കൽ താമസിക്കുന്ന ഷുക്കൂർ സാഹിബാണ് മറ്റൊരാൾ.  തണ്ണീർക്കോട് കെ.കെ കുഞ്ഞമ്മദ്ക്കയിൽനിന്നാണ് ഞാൻ ആദ്യം ജമാഅത്തിനെ മനസ്സിലാക്കിയതെങ്കിലും എന്നെ പ്രസ്ഥാനത്തിലേക്ക് കൂടുതൽ അടുപ്പിച്ചത് തിരൂർ വെട്ടത്തെ പ്രവർത്തകരാണ്. വെട്ടത്ത് ജമാഅത്ത് ഹൽഖ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. അറിവും വിശ്വാസവും മനസ്സിൽ നിറഞ്ഞാൽ പിന്നെ അതൊരു വികാരമായി വളരും. എന്റെ പ്രസ്ഥാന ജീവിതത്തിലും അത് സംഭവിച്ചുതുടങ്ങി. ദർസ് വിദ്യാർഥിയായിരിക്കെ തന്നെ, ഹൽഖാ യോഗങ്ങളിൽ പങ്കെടുക്കുന്ന പ്രവർത്തകനാകാൻ എനിക്ക് ഭാഗ്യമുണ്ടായി. പള്ളിദർസിൽ രണ്ടോ മൂന്നോ ക്ലാസ്സുകൾ ഉണ്ടാകും. അത് കഴിഞ്ഞാൽ നമസ്കാര പള്ളിയിൽ വരും. വെട്ടത്ത് രുപീകരിച്ച ഹൽഖയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. രാത്രി വൈകിയും വൈജ്ഞാനിക ചർച്ചകൾ തുടരും.

പ്രബോധനം വാരികയുടെ ഏജൻസി എന്ന ഉത്തരവാദിത്വം ബീരാൻ സാഹിബിന്റെ നിർദേശപ്രകാരം ഞാൻ ഏറ്റെടുത്തു. കോഴിക്കോട്ടുനിന്ന് അയച്ചുകിട്ടുന്ന പ്രബോധനം കോപ്പികൾ വരിക്കാർക്ക് വിതരണം ചെയ്തുതുടങ്ങി. ആഴ്ചയിൽ ഒരിക്കൽ വെട്ടത്തുനിന്ന് തിരൂരിൽ പോകും, അവിടെ ഇസ്ലാമിക് സ്റ്റഡി സെന്ററിൽ ക്ലാസ് എടുക്കും. ഇന്നത്തെപ്പോലെ വലിയ ആൾക്കൂട്ടമൊന്നും ഉണ്ടാകില്ല. കുറച്ചു പേർ, പക്ഷേ അവർ പ്രസ്ഥാനത്തെ അറിയാനും പഠിക്കാനും താൽപര്യപ്പെട്ട് വരുന്നതാണ്. തിരൂർ ഇസ്ലാമിക് സ്റ്റഡി സെന്ററിലെ അന്നത്തെ ക്ലാസ്സുകളാണ് പ്രസംഗം പരിശീലിക്കാൻ എനിക്ക് അവസരം തന്നത്. എല്ലാ ആഴ്ചയും ഞാൻ ക്ലാസ്സെടുക്കും. ക്രമേണ സാമാന്യം നന്നായി പ്രസംഗിക്കാൻ ശേഷി കൈവരിച്ചു. ആത്മവിശ്വാസം കൈവന്നതോടെ അടുത്ത പ്രദേശങ്ങളിലും പ്രസംഗിക്കാൻ പോയിത്തുടങ്ങി. കേരളത്തിലുടനീളം പിൽക്കാലത്ത് പ്രഭാഷകനായി എനിക്ക് സഞ്ചരിക്കാൻ കഴിഞ്ഞത് തിരൂരിലെ  ഇസ്ലാമിക് സ്റ്റഡി സെന്ററിൽനിന്ന് ലഭിച്ച പരിശീലനം കൊണ്ടാണ്. നാലു വർഷം ഞാൻ വെട്ടത്ത് ഉണ്ടായിരുന്നു. 

പ്രസ്ഥാന പ്രവർത്തനത്തിന്റെ സന്തോഷം ഉണ്ടായിരിക്കെത്തന്നെ, ഞങ്ങളുടെ ജീവിതം പ്രാരബ്ധങ്ങൾ നിറഞ്ഞതായിരുന്നു.  വാപ്പ അസുഖബാധിതനാവുകയും പിന്നീട് മരണപ്പെടുകയും ചെയ്തു. മൂത്ത മകൻ എന്ന നിലയിൽ, താഴെയുള്ള സഹോദരങ്ങളുടെ  ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കേണ്ട സാഹചര്യമായിരുന്നു. വാപ്പയുടെ ആഗ്രഹ പ്രകാരം, ഞാൻ വിവാഹിതനുമായി. 20- 21 വയസ്സുള്ള ആ സമയത്ത്, വീട് പരിപാലനവും എട്ട് അംഗങ്ങളുള്ള കുടുംബത്തിന്റെ സംരക്ഷണവും ഏറ്റെടുക്കേണ്ടി വരുന്ന എന്റെ അവസ്ഥ ആലോചിച്ചു നോക്കൂ. വലിയ പട്ടിണിയിലാണ്, മറ്റു പലരെയും പോലെ ഞങ്ങളുടെ വീടും. 45 രൂപ വീതം പളളിയിൽനിന്നും മദ്റസയിൽനിന്നുമായി, മാസത്തിൽ ആകെ 90 രൂപ കിട്ടും. പള്ളിയുടെ ഹൗളിൽ നിറക്കാൻ വേണ്ടി വെള്ളം വലിച്ചു കയറ്റിയതിനാൽ കൈയൊക്കെ പൊട്ടിയിട്ടുണ്ടാകും. ഭക്ഷണത്തിന്റെ ലഭ്യതക്കുറവും വിശ്രമമില്ലാത്ത കഠിനാധ്വാനവും കാരണം തളർന്ന്, ചിലപ്പോൾ തല കറങ്ങി വീഴും. 

വീട്ടു ചെലവ് മാത്രമായിരുന്നില്ല പ്രശ്നം. സഹോദരങ്ങളുടെ വിദ്യാഭ്യാസവും വലിയ ബാധ്യതയായിരുന്നു. ആൺമക്കളെ പണിക്ക് പറഞ്ഞയച്ച് ചെലവ് കാശ് കണ്ടെത്താൻ ഉമ്മ തയാറായില്ല.  മക്കളുടെ മത-ഭൗതിക വിദ്യാഭ്യാസത്തിനാണ് അവർ ഊന്നൽ കൊടുത്തത്. 'ഈമാൻ കുട്ടികൾ' എന്നാണ് നാട്ടുകാർ ഞങ്ങളെ വിളിച്ചിരുന്നത്. മുഖത്ത് ഈമാനിന്റെ വെളിച്ചവും ജീവിതത്തിൽ ആ വിശുദ്ധിയും ഉണ്ടായിരുന്നതുകൊണ്ടായിരുന്നു ഈ വിശേഷണം. നാട്ടിൽ അലഞ്ഞു നടക്കാനോ, പട്ടിണി മാറ്റാൻ സഹായം ചോദിച്ച് യാചിക്കാനോ ഞങ്ങളാരും പോയിരുന്നില്ല, ഉമ്മ ഞങ്ങളെ അതിന് സമ്മതിച്ചിരുന്നില്ല.

പ്രഭാഷണ വേദികളിൽ

കേരളത്തിലുടനീളം ഇസ്ലാമിക പ്രഭാഷണവേദികളിൽ ധാരാളമായി പങ്കെടുക്കാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള ഓർമകളിലൊന്ന്. ഇസ്ലാമിക പ്രഭാഷണം എന്നു പറഞ്ഞാൽ അക്ഷരാർഥത്തിൽ തന്നെ ദീനീ പ്രസംഗങ്ങൾ തന്നെയായിരുന്നു. വിശുദ്ധ ഖുർആനും ഹദീസുകളും പണ്ഡിതന്മാരുടെ വചനങ്ങളും ഉദ്ധരിച്ച് സംസ്കരണത്തിന് ഉതകുന്നതും ആത്മീയ അനുഭൂതി നൽകുന്നതും പരലോക ബോധം ഉണ്ടാക്കുന്നതുമായിരുന്നു ആ പ്രസംഗങ്ങൾ. ഓരോ സന്ദർഭത്തിലും അതിനോട് ചേർന്ന വിഷയങ്ങളാണ് പ്രസംഗിക്കുക. റമദാനിനോട് അടുത്ത സമയമാണെങ്കിൽ നോമ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടർച്ചയായി പ്രസംഗിക്കും. ചിലപ്പോൾ സകാത്തിനെ കുറിച്ച നീണ്ട പ്രഭാഷണ പരമ്പരകൾ നടത്തും. പരലോക വിശ്വാസം ഊട്ടി ഉറപ്പിക്കുക എന്നത് ഒരു പ്രത്യേക വിഷയം തന്നെയായിരുന്നു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് പ്രസംഗിക്കുമ്പോൾ, ഒരു ദീനീ പ്രസ്ഥാനത്തിന്റെ സവിശേഷതകളുള്ള സംഘടനയായി അതിനെ അവതരിപ്പിക്കും. കേരളീയ മുസ് ലിം സമൂഹത്തിലെ ഭൂരിപക്ഷത്തിനും മനസ്സിലാകുന്ന ഭാഷയും ശൈലിയും ജമാഅത്തിനെക്കുറിച്ച അവതരണത്തിൽ പ്രധാനമാണ്.

ഒരിക്കൽ എന്റെ പ്രസംഗം കേൾക്കാൻ സുന്നി വിഭാഗത്തിൽപെട്ട ചിലർ വന്നു. പേരിലെ 'മൗലവി' കണ്ട്, 'മൗലവിയുടെ പ്രസംഗം' കേൾക്കാനാണ് അവർ എത്തിയത്. പക്ഷേ, അവർ കണ്ടതും കേട്ടതും സുന്നി മുസ്ലിയാരെയാണ്. കാരണം, എന്റെ വേഷവും അവതരണവും ഒരു മുസ്ലിയാരുടേതായിരുന്നു. വലിയ കിതാബുകളിൽനിന്നുള്ള ഉദ്ധരണികൾ സഹിതമാണ് അന്ന്  പലരും മതപ്രസംഗങ്ങൾ നടത്തിയിരുന്നത്. പക്ഷേ ഞാൻ, സാധാരണക്കാർക്ക് തിരിയുന്ന ഭാഷയിൽ, ലളിതമായ ശൈലിയിൽ, ആളുകൾക്ക് പരിചിതമായ ഹദീസുകളും മറ്റും പറഞ്ഞ്, ശാഫിഈ ഫിഖ്ഹ് ഉദ്ധരിച്ച്, നാട്ടുകാർക്ക് പരിചിതമായ ദീനീ പ്രസംഗമാണ് പൊതുവിൽ നടത്തുക.

1970 - 80 കാലത്ത് സകാത്ത് ഇന്നത്തെപ്പോലെ ഒരു ചർച്ചാവിഷയമല്ല. പ്രസംഗത്തിൽ ഞാൻ സകാത്ത് വിശദമായി അവതരിപ്പിക്കും. ഖുദ് മിൻ അംവാലിഹിം സ്വദഖ എന്ന ആയത്തും മറ്റും മുന്നിൽവെച്ച് സകാത്തിന്റെ സംഘടിത സ്വഭാവം വ്യക്തമാക്കും. അക്കാലത്ത് സംഘടിത സകാത്ത് പൊതുവിൽ ഇല്ലായിരുന്നു. സകാത്ത് വിഷയാവതരണം കേൾക്കാൻ നല്ല താൽപര്യമായിരുന്നു ആളുകൾക്ക്. അഹ് ലുസ്സുന്നത്തിന്റെ കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ട്, കിതാബിയായി തന്നെയാണ്  അവതരണം.

സാധാരണക്കാർക്ക് വിഷയങ്ങൾ പെട്ടെന്ന് മനസ്സിലാകുമായിരുന്നു. അന്തർദേശീയ പ്രശ്നങ്ങളെക്കാൾ, പ്രാദേശിക വിഷയങ്ങളാണ് സാധാരണക്കാർക്ക് പെട്ടെന്ന് ഉൾക്കൊള്ളാനാവുക എന്നതാണ് ആ അവതരണങ്ങളിൽനിന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളത്.

ശരീഅത്ത് വിവാദകാലത്ത് കേരളത്തിലുടനീളം ധാരാളം പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. ഇസ്ലാമിനെക്കുറിച്ച അവതരണങ്ങൾ സമൂഹം ശ്രദ്ധിച്ച സന്ദർഭമായിരുന്നു അത്. എന്റെ സഹധർമിണി ഫാത്വിമയും വിഷയങ്ങൾ പഠിച്ചിരുന്നു. പലപ്പോഴും ഞങ്ങൾ ഒന്നിച്ചാണ് പ്രസംഗിക്കാൻ പോവുക. ശരീഅത്തിലെ സ്ത്രീ നിയമങ്ങൾ പ്രധാന ചർച്ചാ വിഷയമായിരുന്നതിനാൽ ഫാത്വിമ സ്ത്രീ സദസ്സുകളിൽ നടത്തിയ പ്രസംഗങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ബസ് യാത്രയാണ് അന്നത്തെ രീതി.

പലയിടത്തും പ്രസംഗ സമയം തീരുമാനിക്കുക തിരിച്ചുപോരാനുള്ള അവസാനത്തെ ബസ്സിന്റെ സമയം നോക്കിയാണ്. ബസ് വരുന്നതിനോടടുത്ത് പ്രസംഗം നിർത്തി, നേരെ ബസ്സിലേക്ക് കയറും. തിരക്കുള്ള ബസ്സാണെങ്കിൽ പ്രസംഗകനെ തിരിച്ചറിഞ്ഞ്, പലപ്പോഴും ആളുകൾ  സീറ്റ് ഒഴിഞ്ഞ് തരുമായിരുന്നു.
വിഷയത്തിന്റെ ഉള്ളടക്കത്തോടൊപ്പം, വേഷഭൂഷകളിലെ മൗലവി സ്വഭാവവും ജനങ്ങളിൽ മതിപ്പ് ഉളവാക്കുന്നതിൽ കാര്യമായ പങ്കു വഹിച്ചു. സുന്നികളെ എതിർക്കുന്ന ഒരു ജമാഅത്തെ ഇസ്ലാമിയെ അവർ എന്റെ പ്രസംഗത്തിൽ ഒരിക്കലും കേൾക്കുകയില്ല.  ഉദാഹരണമായി, ഖുത്വ്്ബയിലെ രണ്ട് സമീപന രീതികൾ സംബന്ധിച്ച് രണ്ട് അനുഭവങ്ങൾ പറയാം: ഞാൻ കണ്ണൂർ താണയിൽ ഖുത്വ്്ബ നടത്തുന്ന കാലം. മകളുടെ പ്രസവത്തിന് ഹോസ്പിറ്റലിലേക്ക് പോകുന്ന ഒരാൾ തികച്ചും യാദൃഛികമായി എന്റെ ഖുത്വ്്ബ കേൾക്കാനിടയായി. അടുത്ത ദിവസങ്ങളിലൊന്നിൽ കണ്ണൂർ ടൗണിലെ പള്ളിയിൽ പെരുന്നാൾ ഖുത്വ്്ബ സംബന്ധിച്ച ചർച്ച നടക്കുകയാണ്. പെരുന്നാളിന് പുതിയ ഖത്വീബിനെ കൊണ്ടുവരുന്നതാണ് വിഷയം.  യോഗത്തിൽ ഇങ്ങനെയൊരു അഭിപ്രായം ഉയർന്നു; 'താണ പള്ളിയിലെ ഖത്വീബിനെ കിട്ടിയാൽ നന്നായിരുന്നു, എന്താണ് വഴി'? കഴിഞ്ഞ ആഴ്ച എന്റെ ഖുത്വ്്ബ കേട്ട വ്യക്തിയാണ് ഈ നിർദേശം മുമ്പോട്ട് വെച്ചത്. അത് അംഗീകരിക്കപ്പെട്ടു. അദ്ദേഹമായിരുന്നു കണ്ണൂർ ടൗൺ പള്ളിയുടെ മുതവല്ലി. അന്ന് ബന്ധപ്പെടാൻ ഫോൺ ഇല്ല. എന്റെ അഡ്രസും തപ്പിപ്പിടിച്ച് അവർ കണ്ണൂരിൽനിന്ന് കപ്പൂരിലെ എന്റെ വീട്ടിൽ വന്നു. നോമ്പിന്റെ അവസാനമാണ്, പെരുന്നാൾ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആകാം. പെരുന്നാളായാൽ വെള്ളിയാഴ്ച പെരുന്നാൾ ഖുത്വ്്ബ നടത്തണം, അല്ലെങ്കിൽ റമദാനിലെ അവസാനത്തെ ജുമുഅ ഖുത്വ്്ബ നിർവഹിക്കണം. ഖുത്വ്്ബ മലയാളത്തിലാകാം, പക്ഷേ ഒരു നിബന്ധനയുണ്ട്; താണ പള്ളിയിലെ പ്രാർഥന ഞാൻ കേട്ടിരുന്നു.

അതുപോലെ നീണ്ട ദുആ വേണം, നമസ്കാര ശേഷം കൂട്ടുപ്രാർഥന തന്നെ. ഞാൻ അംഗീകരിച്ചു. അടുത്ത ദിവസം കണ്ണൂരിലേക്ക് പുറപ്പെട്ടു, രാത്രിയോടെ അവിടെ എത്തി. ഖുത്വ്്ബയും ദുആയും പൊതുവിൽ എല്ലാവർക്കും സ്വീകാര്യമായി. അതായിരുന്നു കണ്ണൂർ ടൗൺ പള്ളിയിലെ എന്റെ ഖുത്വ്്ബയുടെ തുടക്കം. കുറച്ചു കാലം ഞാൻ അവിടെ ഖത്വീബായി തുടർന്നു. ജമാഅത്തിനോട് എതിർപ്പുണ്ടായിരുന്ന കുറച്ചു പേർ, ഈ ഖുത്വ്്ബയുടെ സ്വാധീനം വഴി പിന്നീട് പ്രസ്ഥാനത്തിൽ ആകൃഷ്ടരാവുകയുണ്ടായി. 

ഒരു പള്ളിയിലെ ജുമുഅ ഖുത്വ്്ബ നഷ്ടപ്പെടുത്തിയ അനുഭവവും എനിക്കുണ്ട്. കൂറ്റനാടിനടുത്ത് ചാലിശ്ശേരിയിലെ പള്ളിയിൽ ഞാൻ ഖുത്വ്്ബ നടത്തിയിരുന്നു. മാനംകണ്ടത്ത് മയ്മുണ്ണി ഹാജിയാണ് മുതവല്ലി. മലയാളത്തിലാണ് ഖുത്വ്്ബ, നമസ്കാര ശേഷം കൂട്ടുപ്രാർഥന നടത്തണം. ഏതാനും ആഴ്ചകൾ ഞാൻ പ്രാർഥന നടത്തി. പിന്നീട് എന്നിലെ 'വിപ്ലവകാരി' ക്ഷമിച്ചില്ല. നമസ്കാരത്തിനു ശേഷം കൂട്ടുപ്രാർഥന നടത്തില്ല എന്ന് ഞാൻ നിർബന്ധം പിടിച്ചു. അതോടെ എന്റെ ഖുത്വ്്ബ അവസാനിച്ചു, തുടർന്ന് മലയാള ഖുത്വ്്ബ തന്നെ അവിടെ നിർത്തി. അന്നത്തെ എന്റെ തീരുമാനം അബദ്ധമായിരുന്നു.

അന്നത്തെ അപക്വത കാരണം, ചെറുപ്പത്തിന്റെ വികാരത്തള്ളിച്ചയിൽ എടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്. അന്ന് കൂട്ടുപ്രാർഥനയുടെ പേരിൽ ഞാൻ ഖുത്വ്്ബ നിർത്തിയിരുന്നില്ലെങ്കിൽ ഇപ്പോഴും അവിടെ മലയാള ഖുത്വ്്ബ നടക്കുകയും അത് ഒരുപാട് പേരുടെ പരിവർത്തനത്തിന് കാരണമാവുകയും ചെയ്യുമായിരുന്നല്ലോ എന്ന് ഞാൻ ചിന്തിക്കാറുണ്ട്.

(തുടരും) l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 01-03
ടി.കെ ഉബൈദ്

ഹദീസ്‌

വിട്ടുവീഴ്ചയുടെ മാഹാത്മ്യങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്