വിട്ടുവീഴ്ചയുടെ മാഹാത്മ്യങ്ങൾ
عَنْ عَبْدِاللهِ بْنِ عُمَر قَالَ : جَاءَ رَجْلٌ إلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ: يَا رَسُولَ اللَّهِ، كَمْ نَعْفُو عَنِ الْخَادِمِ؟ فَصَمَتَ، ثُمَّ أَعَادَ عَلَيْهِ الكَلَامَ، فَصَمَتَ، فَلَمَّا كَانتِ الثَّالِثَةُ قَالَ: اُعْفُوا عَنْهُ كُلَّ يَوْمٍ سَبْعِينَ مَرَّةً (أبو داود )
അബ്ദുല്ലാഹിബ്നു ഉമർ (റ) പറഞ്ഞു: "ഒരാൾ നബി(സ)യുടെ അടുക്കൽ വന്ന് പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലേ, ഭൃത്യനോട് എത്രത്തോളമാണ് വിട്ടുവീഴ്ച ചെയ്യേണ്ടത് ?" തിരുദൂതർ മറുപടിയൊന്നും പറഞ്ഞില്ല. പിന്നെയും അദ്ദേഹം ഇതേ വാക്ക് ആവർത്തിച്ചു. അപ്പോഴും റസൂൽ
മൗനം പാലിച്ചു. മൂന്നാമതുമായപ്പോൾ റസൂൽ പറഞ്ഞു: "എല്ലാ ദിവസവും അവന്
എഴുപത് തവണ മാപ്പ് നൽകുക" (അബൂ ദാവൂദ്).
തിന്മയെ തിന്മകൊണ്ട് നേരിടുന്നവരുണ്ട്. തിന്മയെ നന്മകൊണ്ട് നേരിടുന്നവരുമുണ്ട്. വിശ്വാസികൾ തിന്മയെ ഏറ്റവും നല്ല നന്മ കൊണ്ടാണ് നേരിടേണ്ടത്. കാരണം, തിന്മയും നന്മയും ഒരുപോലെയല്ല. അക്രമത്തെ അക്രമം കൊണ്ട് ഇല്ലാതാക്കാനാവില്ല. ക്ഷമയിലൂടെയും വിട്ടുവീഴ്ചയിലൂടെയും അക്രമം അവസാനിക്കുമെന്ന് മാത്രമല്ല; അക്രമി ഉറ്റ മിത്രമായി മാറുന്നു. സഹനവും സൗഭാഗ്യവും കൈമുതലായുള്ളവർക്കേ ഇത് സാധ്യമാവൂ.
ഖുർആൻ വിശ്വാസികളെ പഠിപ്പിച്ച സാമൂഹ്യശാസ്ത്ര തത്ത്വങ്ങളാണിവ. ഒരു ദിവസം എഴുപത് തവണ തെറ്റ് ചെയ്ത തന്റെ ഭൃത്യന് എഴുപത് തവണയും മാപ്പ് നൽകാൻ ഒരാൾക്കാവണം! എന്നാൽ, എഴുപത്തിയൊന്നിൽ പ്രതികാരമാവാം എന്നല്ല ഇതിനർഥം. ജീവിതത്തിലൊരിക്കലും ഒരാളോടും അസഹിഷ്ണുത കാണിക്കരുതെന്നാണ് സൂചന. ആദ്യത്തെ രണ്ട് ചോദ്യത്തിനും മൗനം പാലിച്ചത് അതു കൊണ്ടാണ്.
എന്നും എപ്പോഴും മഹാമനസ്കത കാണിക്കണമെന്നാണ് ആ മൗനത്തിന്റെയും എഴുപതിന്റെയും പൊരുൾ. അതിരുകളില്ലാത്ത ക്ഷമയാണ് ഇസ്്ലാം ആജ്ഞാപിക്കുന്നത്.
ഇത് വെറുമൊരു ഉപദേശം മാത്രമായിരുന്നില്ല. വിനയവും ദയയും പ്രവാചകന്റെ പ്രകൃതത്തിൽ അലിഞ്ഞു ചേർന്നതായിരുന്നു. റസൂലിന്റെ ഭൃത്യനായി സേവനം ചെയ്തിരുന്ന അനസ് (റ) ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇരുട്ടിനെ ഇരുട്ടുകൊണ്ട് അകറ്റാനാവില്ല; അനീതിയെ അനീതികൊണ്ടും. വെറുപ്പിനെ ഇല്ലാതാക്കേണ്ടത് സ്നേഹം കൊണ്ടാണ്. തെറ്റുകളെ മാറ്റേണ്ടത് ശരികൾകൊണ്ടാണ്.
അല്ലാഹുവിന്റെ നാമങ്ങളിലധികവും വിട്ടുവീഴ്ചയുമായും ദയയുമായും ബന്ധപ്പെട്ടതായത് യാദൃഛികമല്ല. ഈ ഗുണ വിശേഷങ്ങളാണ് അല്ലാഹുവിനേറെ ഇഷ്ടം എന്നാണതിന്റെ അർഥം.
തഖ്്വയോട് ഏറ്റവും അടുത്തത് (أقرب للتقوى) എന്നാണ് വിട്ടുവീഴ്ചയെ അല്ലാഹു വിശേഷിപ്പിക്കുന്നത്. യൂനുസ് നബി (അ) കടുത്ത പരീക്ഷണത്തിന് വിധേയനായത് അൽപ്പം അക്ഷമ കാണിച്ചപ്പോഴായിരുന്നു. "അവന് പ്രതിഫലം നല്‍കുക അല്ലാഹുവിന്റെ ഉത്തരവാദിത്വമത്രേ" (فَأَجْرُهُۥ عَلَى ٱللَّهِ) എന്ന് അല്ലാഹു പ്രഖ്യാപിച്ചത് ശത്രുക്കളോട് പോലും വിശാലമനസ്കത കാണിക്കുന്നവർക്കാണ്. പാപമോചനവും വിശാലമായ സ്വർഗവും സജ്ജീകരിച്ചിരിക്കുന്നത് ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവർക്കാണെന്നും അല്ലാഹു അറിയിക്കുന്നുണ്ട്.
മകൾ ആഇശ(റ)ക്കെതിരെ അപവാദം പരത്തുന്നതിൽ പങ്ക് വഹിച്ച മിസ്ത്വഹിന് മാപ്പില്ലെന്നും ഇനി അദ്ദേഹത്തെ സഹായിക്കില്ലെന്നും അബൂബക്ർ (റ) പ്രഖ്യാപിച്ചപ്പോൾ വിശുദ്ധ ഖുർആൻ ചോദിച്ചു: "അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ?"
അബൂബക്ർ (റ) ഉടൻ പറഞ്ഞു: "നാഥാ, തീര്‍ച്ചയായും നീ ഞങ്ങള്‍ക്ക് പൊറുത്തുതരാന്‍ ഞങ്ങളാഗ്രഹിക്കുന്നു" (وَاللهِ اِنَّا نُحِبُّ اَنْ تَغْفِرَ لَنَا يَا رَبّنَا).
അങ്ങനെ സ്വിദ്ദീഖ് (റ) മിസ്ത്വഹിനുള്ള സഹായം തുടര്‍ന്നു. മുമ്പത്തെക്കാള്‍ കൂടുതല്‍ ഔദാര്യം കാണിക്കുകയും ചെയ്തു.
വിട്ടുവീഴ്ച ചെയ്യുന്നവരുടെ അന്തസ്സും പ്രതാപവും വർധിക്കുകയാണ് ചെയ്യുക. വിശ്വാസികളുടെ പൊതുശത്രുക്കളോടും വിട്ടുവീഴ്ചയുടെ നിലപാടാണ് അഭികാമ്യമെന്ന് വിശുദ്ധ ഖുർആൻ സൂചിപ്പിക്കുന്നുണ്ട്.
മക്കാ കാലഘട്ടത്തിൽ ശത്രുക്കൾ വിശ്വാസികളെ ശകാരിക്കുകയും ദ്രോഹിക്കുകയും സകല തന്ത്രങ്ങളും ഇസ് ലാമിനെതിരെ പ്രയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്തപ്പോൾ അല്ലാഹു വിശ്വാസികളെ ഉപദേശിച്ചതിന്റെ ആശയമിതായിരുന്നു:
ചീത്ത കാര്യങ്ങള്‍ വിളിച്ചുപറയുന്നത് അല്ലാഹുവിനിഷ്ടമല്ല. എന്നാല്‍, നിങ്ങള്‍ മര്‍ദിതരാണെന്നതും മര്‍ദകര്‍ക്കെതിരില്‍ മര്‍ദിതന് ദുഷ്‌വാക്ക് പറയാന്‍ അവകാശമുണ്ടെന്നതും ശരിതന്നെ. എന്നിരുന്നാലും തിന്മയ്ക്കു പകരം നന്മ ചെയ്യുന്നതും തിന്മയെക്കുറിച്ച് കണ്ണടയ്ക്കുന്നതുമാണ് ഏറ്റവും ഉത്കൃഷ്ടമായ സ്വഭാവം. രഹസ്യമായും പരസ്യമായും നിങ്ങള്‍ നന്മ മാത്രം ചെയ്യുക. എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ സ്വഭാവം അല്ലാഹുവിന്റെ സ്വഭാവവുമായി സാത്മ്യം പ്രാപിക്കാന്‍ അതാവശ്യമാണ്. നിങ്ങള്‍ സാമീപ്യം ആഗ്രഹിക്കുന്ന അല്ലാഹു എത്രയും വിനയശീലനും ഏറെ മാപ്പരുളുന്നവനുമാകുന്നു. കടുത്ത ധിക്കാരികള്‍ക്ക് പോലും അവന്‍ ആഹാരം നല്‍കുന്നു.
മഹാപാതകങ്ങള്‍ കൂടി അവന്‍ വിട്ടുപൊറുക്കുന്നു. അതിനാല്‍, അവനോടുള്ള സാമീപ്യത്തിനു വേണ്ടി നിങ്ങള്‍ ഉന്നത സ്വഭാവികളും വിശാലഹൃദയരുമായി വര്‍ത്തിക്കണം (വിശുദ്ധ ഖുർആൻ 4: 148,149). l
Comments