സയണിസം എന്ന "അജയ്യ ശക്തി'
ഫലസ്ത്വീനിയന്‍ ചെറുത്തുനില്‍പിന്റെ ഏറ്റവും വലിയ നേട്ടം, അത് ഇസ്രയേലിന്റെ ദൗര്‍ബല്യങ്ങളെ വളരെ ദയനീയമാംവിധം തുറന്നുകാട്ടി എന്നതാണ്. ഇസ്രയേലിനെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ടിരുന്നത് എന്തൊക്കെയാണ്! തോല്‍പിക്കാനാവാത്ത അജയ്യ ശക്തിയാണ് ഇസ്രയേല്‍, സയണിസ്റ്റ് ഗൂഢാലോചകരുടെ നിയന്ത്രണത്തിലാണ് ലോകം തുടങ്ങി ഊതി വീര്‍പ്പിച്ച ബലൂണുകള്‍ പലതുണ്ടായിരുന്നു. അതിനെയൊക്കെ കുത്തിയുടച്ചു ത്വൂഫാനുല്‍ അഖ്‌സ്വാ. ഈ സാങ്കല്‍പിക 'ജൂത ഗൂഢാലോചന'യെക്കുറിച്ച് നാം നേരത്തെ എഴുതിയത് ഇവിടെ എടുത്തുദ്ധരിക്കുന്നത് സംഗതമായിരിക്കും. ''സകല ഗൂഢാലോചനാ സിദ്ധാന്തങ്ങളും മുന്നോട്ട് വെക്കുന്നത്, തിന്മയുടെ വക്താക്കളും ഇസ്്‌ലാംവിരുദ്ധ ശക്തികളും അതിശക്തരാണ് എന്നത്രെ. അസാധാരണ കഴിവുകളും ശേഷികളുമാണ് അവര്‍ക്കുള്ളത്. അവരുടെ തൃപ്തിക്കും ഇംഗിതത്തിനുമനുസരിച്ചാണ് ലോകം തന്നെ ചലിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ സര്‍വശക്തരും (Omnipotent) സര്‍വവ്യാപികളും (Omniscient) ആണ്.
ഇല്യൂമിനാറ്റി (Illuminati), ഫ്രീമാസന്‍സ് (Free masons), സയണിസം എന്നിവയെക്കുറിച്ചൊക്കെ ഇത്തരം ധാരണകളാണ് പലര്‍ക്കുമുള്ളത്. അതായത്, ഇവരാണ് ലോകം ഭരിക്കുന്നതെന്ന്! ഇത്തരം സംഘങ്ങളുടെ പ്ലാനനുസരിച്ചാണ് ഓരോ ചെറുതും വലുതുമായ സംഭവങ്ങള്‍ നടക്കുന്നത് എന്നും അത്തരക്കാര്‍ വിശ്വസിക്കുന്നു. രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങള്‍ തൊട്ട് ശാസ്ത്ര നേട്ടങ്ങളും പ്രകൃതി ദുരന്തങ്ങളും വരെ ആ ശക്തികള്‍ പ്ലാന്‍ ചെയ്യുന്നതാണ്. മത സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ ആശയങ്ങള്‍ എന്തായിരിക്കണമെന്നും അവര്‍ തീരുമാനിക്കുന്നു. അവരുടെ ഇഛകള്‍ക്കും പ്ലാനുകള്‍ക്കുമെതിരെ ഒരാള്‍ക്കും ചെറുവിരല്‍ അനക്കാനാവില്ല... ഇത്തരം ധാരണകളൊക്കെ കടുത്ത നിരാശയില്‍നിന്നും നിഷേധാത്മക ചിന്തകളില്‍നിന്നും ഉടലെടുക്കുന്നതാണ്. ലോകത്തെ മുഴുവന്‍ ചില ശക്തികള്‍ കൈപിടിയിലൊതുക്കി നിയന്ത്രിക്കുകയാണ് എന്ന് കരുതുന്ന ഒരാള്‍ക്ക് പിന്നെ ഇവിടെ എന്താണ് ചെയ്യാനുള്ളത്? യഥാര്‍ഥത്തില്‍ ലോകത്ത് നടക്കുന്ന സംഭവങ്ങളാണ് അന്വേഷണങ്ങളിലേക്കും കണ്ടെത്തലുകളിലേക്കും ക്രിയാത്മക വളര്‍ച്ചയിലേക്കും മനുഷ്യ സമൂഹത്തെ നയിക്കുന്നത്. ഇതൊക്കെ ഏതോ ഗൂഢ ശക്തികളുടെ പ്ലാന്‍ അനുസരിച്ച് നടക്കുന്നതാണ് എന്ന് കരുതുന്ന ഒരാള്‍, അന്വേഷണത്തിനും ഗവേഷണത്തിനും മെനക്കെടുന്നത് എന്തിനാണ്? അയാള്‍ക്ക് ഒന്നേ ചെയ്യാനുള്ളൂ. ഗൂഢാലോചന എന്ന് പറയുക, ഗൂഢാലോചകരെ ശപിക്കുക.'' 66
ഭീരുത്വത്തില്‍നിന്ന് ഉടലെടുത്ത ഇത്തരം തിയറികളെ അപ്പാടെ പൊളിച്ചടുക്കി ത്വൂഫാനുല്‍ അഖ്‌സ്വാ. ഖുര്‍ആന്റെ ആ അസന്ദിഗ്ധ പ്രഖ്യാപനമാണ് സത്യമായി പുലര്‍ന്നിരിക്കുന്നത്. ''പിശാചിന്റെ തന്ത്രങ്ങളത്രയും അതീവ ദുര്‍ബലമത്രെ'' (അന്നിസാഅ് 76).
ആളുകള്‍ പറഞ്ഞിരുന്നത് നാം കേട്ടതല്ലേ. നോക്കൂ, ഇസ്രയേല്‍ പുതുതായി ജനിച്ച രാജ്യമാണെങ്കിലും ശക്തി പ്രഭാവം കൊണ്ട് അത് അറബ് ലോകത്തെ അടക്കിവാഴുന്നു. അറബികളുടെ ശേഷിയില്ലായ്മയും ഭീരുത്വവും ഇങ്ങനെയൊരു ചിന്താഗതി ശക്തിപ്പെടുന്നതില്‍ വലിയൊരു പങ്കുവഹിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. അതേസമയം ഇസ്രയേലിനെ ഒരു മഹാ ശക്തിയായി സമ്മതിച്ചുകൊടുക്കുന്നത് വിവരക്കേടുമാണ്. ഫലസ്ത്വീനികള്‍ക്കെതിരെ ഇസ്രയേല്‍ ഒറ്റക്കല്ല യുദ്ധം ചെയ്യുന്നത്. മുഴുവന്‍ ലോക ശക്തികളും ഇസ്രയേലിനൊപ്പമുണ്ട്.
അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തിയാണ്. അമേരിക്കയില്‍നിന്ന് ഇസ്രയേലിന് കിട്ടുന്ന സഹായം നമ്മുടെ ഭാവനകള്‍ക്കപ്പുറമാണ്. സൈനിക ആവശ്യങ്ങള്‍ക്ക് മാത്രം അമേരിക്ക ഇസ്രയേലിന് നല്‍കുന്ന സഹായം വര്‍ഷംതോറും 3.8 ബില്യന്‍ ഡോളറാണ്. 67
അയല്‍രാജ്യങ്ങള്‍ക്ക് മേല്‍ ഇസ്രയേലിന് വ്യക്തമായ സൈനിക മേല്‍ക്കോയ്മ (Qualitative military edge) ഉണ്ടാക്കിക്കൊടുക്കുക എന്ന് വ്യക്തമായി എഴുതിവെച്ച് തന്നെയാണ് ഈ സഹായം കൊടുക്കുന്നത്.68 ഇതിനു പുറമെ ജര്‍മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ മിക്ക രാജ്യങ്ങളും കഴിഞ്ഞ എഴുപത്തിയഞ്ച് വര്‍ഷമായി ഇസ്രയേലിന് സഹായം നല്‍കിക്കൊണ്ടേയിരിക്കുകയാണ്.
സാമ്പത്തിക സഹായം മാത്രമല്ല, ഈ രാജ്യങ്ങളെല്ലാം കണ്ടമാനം അത്യാധുനിക ആയുധങ്ങളും നല്‍കുന്നുണ്ട് ഇസ്രയേലിന്. പ്രതിരോധ ടെക്‌നോളജി നല്‍കുന്നതും അവര്‍ തന്നെ. ഇസ്രയേല്‍ സേനക്ക് സൈനിക പരിശീലനവും നല്‍കുന്നു. സംയുക്തമായി സൈനികാഭ്യാസങ്ങള്‍ നടത്തുന്നു.
ഇസ്രയേലിന്റെ സുരക്ഷക്ക് വേണ്ടി അമേരിക്ക പശ്ചിമേഷ്യയില്‍ നിരവധി സൈനിക താവളങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും മധ്യപൗരസ്ത്യ പ്രതിരോധ, വിദേശ നയങ്ങള്‍ പൂര്‍ണമായും ഇസ്രയേലിനെ കേന്ദ്രീകരിച്ചുള്ളതാണ്. ഈ രാജ്യങ്ങളുടെ ഏറ്റവും വലിയ പ്രതിരോധ പ്രോജക്ട് ഇസ്രയേലിനെ സംരക്ഷിക്കുക എന്നുള്ളതാണ്.
സൈനിക, സാമ്പത്തിക രംഗങ്ങളില്‍ മാത്രമല്ല, രാഷ്ട്രീയ, നയതന്ത്ര തലങ്ങളിലും സര്‍വ പിന്തുണയും നല്‍കി ഈ രാജ്യങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഫലസ്ത്വീനില്‍ അതിക്രമങ്ങള്‍ അവസാനിപ്പിക്കണം എന്ന് ലോകം ഒറ്റക്കെട്ടായി പറയുമ്പോള്‍ ഈ വന്‍ ശക്തികള്‍ 'വീറ്റോ'യുമായി വരും. യു.എന്‍ സുരക്ഷാ സമിതിയുടെ ചരിത്രത്തില്‍ അമേരിക്ക 82 തവണയാണ് വീറ്റോ പ്രയോഗിച്ചിട്ടുള്ളത്. അതില്‍ 46 തവണയും (പകുതിയിലധികം) ഇസ്രയേലിനെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു. ബ്രിട്ടന്‍ 29 തവണ വീറ്റോ പ്രയോഗിച്ചപ്പോള്‍ 13 തവണയും ഇസ്രയേലിന് വേണ്ടിതന്നെ. ഫ്രാന്‍സ് വീറ്റോ പ്രയോഗിച്ചത് 18 തവണ; പതിനൊന്ന് തവണയും ഇസ്രയേലിന് വേണ്ടി. തീര്‍ത്തും മനുഷ്യത്വ വിരുദ്ധമായി, ജനാധിപത്യ വിരുദ്ധമായി, പരിഷ്‌കൃത സംസ്‌കൃതിക്ക് ഒട്ടും ചേരാത്ത വിധത്തില്‍ വീറ്റോ എന്ന അനീതി വന്‍ ശക്തികള്‍ പുറത്തെടുത്തത് ഇസ്രയേലിനെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമായിരുന്നു. 69
ഇതാണ് വസ്തുതയെങ്കില്‍ ഫലസ്ത്വീനിയന്‍ വിമോചനപ്പോരാളികള്‍ ഇസ്രയേലിനോട് മാത്രമാണ് പൊരുതുന്നത് എന്ന് എങ്ങനെ പറയാനാകും? ഫലസ്ത്വീനികള്‍ പൊരുതുന്നത് മുഴുവന്‍ ലോക ശക്തികളുടെയും അതിക്രമങ്ങള്‍ക്കെതിരെയാണ്. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തിമത്തായ സൈനിക സഖ്യത്തിനെതിരെയാണ്.
നമ്മുടെ കാലത്തെ സമാനതകളില്ലാത്ത ഈ ഫലസ്ത്വീനിയന്‍ ചെറുത്തുനില്‍പ് ലോകത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ലോകാഭിപ്രായം ഇസ്രയേലിനെതിരെ, ഫലസ്ത്വീനികള്‍ക്കനുകൂലമായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ലേഖനത്തില്‍ ഈ ക്രിമിനലുകളെ സൂചിപ്പിക്കാന്‍ 'പാശ്ചാത്യ ശക്തികള്‍' എന്ന് പ്രയോഗിച്ചത് മനപ്പൂര്‍വമാണ്. കാരണം, മേല്‍ പറയപ്പെട്ട രാജ്യങ്ങളിലൊക്കെ നന്മയുടെ വക്താക്കളും ഇപ്പോള്‍ ഏറെ കരുത്താര്‍ജിച്ചിരിക്കുന്നു. ഇത്രയും കാലം പാശ്ചാത്യ ഭരണകൂടങ്ങളും മീഡിയയും പറഞ്ഞു പരത്തുന്ന കള്ളങ്ങള്‍ വിശ്വസിച്ച് കഴിഞ്ഞുകൂടുകയായിരുന്നു അവിടത്തെ ജനങ്ങള്‍. ഇപ്പോഴവര്‍ക്ക് വസ്തുതകളറിയാം. അതുകൊണ്ടാണ് പ്രതിഷേധ റാലികള്‍ മുസ്്‌ലിം രാജ്യങ്ങളിലെക്കാള്‍ കൂടുതലായി പാശ്ചാത്യ രാജ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ബ്രിട്ടീഷ്, കനേഡിയന്‍ പ്രധാനമന്ത്രിമാരെ ജനം ചോദ്യങ്ങള്‍ കൊണ്ട് പൊതിയുകയാണ്. പല ഇസ്രയേലി ജനറല്‍മാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഇപ്പോള്‍ ബ്രിട്ടനില്‍ സന്ദര്‍ശനം നടത്താന്‍ കഴിയില്ല; കാരണം, അവിടത്തെ കോടതികള്‍ (ഭരിക്കുന്നവരുടെ ഇഛകള്‍ക്ക് വിരുദ്ധമായി) യൂനിവേഴ്‌സല്‍ ജൂറിസ്ഡിക്്ഷന്‍ ലോ പ്രകാരം അവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.70
പൊതുജനാഭിപ്രായത്തിന്റെ സമ്മര്‍ദത്താല്‍ ഫ്രാന്‍സിന് ഇസ്രയേലി കുടിയേറ്റക്കാരെ വിമര്‍ശിക്കേണ്ടിവന്നു;71 യു.എന്നില്‍ ഇസ്രയേലിനെതിരെ വോട്ട് ചെയ്യേണ്ടതായും വന്നു.72 കടുത്ത ജനരോഷമുയര്‍ന്നപ്പോള്‍ കനേഡിയന്‍ പ്രധാനമന്ത്രിക്ക് ഇങ്ങനെ പറയേണ്ടിവന്നു: 'ലോകം എല്ലാം കണ്ടുകൊണ്ടിരിക്കുന്നു; ടി.വിയിലൂടെ, സോഷ്യല്‍ മീഡിയയിലൂടെ. നാം വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കുന്നു; കൊല്ലപ്പെട്ട ഡോക്ടര്‍മാരുടെ, കുടുംബാംഗങ്ങളുടെ, അതിജീവിച്ചവരുടെ, രക്ഷിതാക്കള്‍ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ. സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുന്നത് ലോകം കണ്ടുകൊണ്ടിരിക്കുന്നു. ഇത് ഉടന്‍ അവസാനിപ്പിച്ചേ മതിയാകൂ.'73 ഇസ്രയേലിനെതിരെ ഉപരോധം വേണമെന്ന് സ്‌പെയിന്റെ ഉപ പ്രധാനമന്ത്രി ആവശ്യപ്പെട്ടതും74 അതേ ആവശ്യം ഒരു ബെല്‍ജിയം മന്ത്രി ആവര്‍ത്തിച്ചതും75 ജനാഭിപ്രായത്തിന്റെ സമ്മര്‍ദത്താല്‍ തന്നെ. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ നിരവധി ഉദ്യോ ഗസ്ഥര്‍ പ്രസിഡന്റ് ബൈഡന്റെ ഇസ്രയേല്‍ അനുകൂല നയത്തെ രൂക്ഷമായി വിമര്‍ശിച്ചതും മീഡിയയില്‍ ചര്‍ച്ചയായി.76
ഇങ്ങനെ നന്മയെ സ്‌നേഹിക്കുന്ന മുഴുവന്‍ മനുഷ്യരും തങ്ങളുടെ ഭരണാധികാരികളുടെ ക്രൂരതകള്‍ക്കെതിരെ രംഗത്തുവരുന്ന കാഴ്ചയാണ് നാം കാണുന്നത്. ദൈവം ഉദ്ദേശിച്ചാല്‍, ഈ ഉണര്‍വ് ആഗോള തലത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്ക് തിരികൊളുത്തുമെന്നും നാം പ്രതീക്ഷിക്കുന്നു. ലോകത്തെ ഇങ്ങനെയൊരു ധാര്‍മിക ബോധത്തിലേക്ക് ഉണര്‍ത്താന്‍ നമ്മുടെ പങ്കാളിത്തവും ആവശ്യമുണ്ട്. സത്യങ്ങള്‍ നാം പുറത്ത് കൊണ്ടുവരണം. പൊതുജനാഭിപ്രായത്തെ ശരിയായ ദിശയിലേക്ക് നയിക്കണം. ഫലസ്ത്വീനികളുടെ ബലിദാനങ്ങള്‍ പാഴായിപ്പോകാന്‍ നാം അനുവദിച്ചുകൂടാ. നീതി പുലരുന്ന ഒരു ലോകത്തിന്റെ അടിത്തറയാകാന്‍ ആ ത്യാഗസമര്‍പ്പണങ്ങള്‍ക്ക് സാധിക്കണം.
നമ്മുടെ നാട്ടിലെ പൊതുജനാഭിപ്രായവും വളരെ പ്രധാനമാണ്. നമുക്ക് ഫലസ്ത്വീനികള്‍ക്ക് ചെയ്യാനാവുന്ന ഏറ്റവും വലിയ സേവനം, നമ്മുടെ നാട്ടിലെ ജനങ്ങളെ എന്താണ് യഥാര്‍ഥ വസ്തുത എന്ന് അവരെ ബോധ്യപ്പെടുത്തുകയാണ്. l
(അവസാനിച്ചു)
അടിക്കുറിപ്പുകള്‍
66. സആദത്തുല്ലാ ഹുസൈനി: ഇശാറാത്ത് (2020 ജൂണ്‍, സിന്ദഗി നൗ മാസിക)
67. https://www.bbc.com/news/57170576
68. Congressional Research Service (2023) - US Foreign Aid to Israel: CRS Report; pp. 5
69. https://research.un.org/en/docs/sc/quick
70. https://www.theguardian.com/uk/2010/jan/05/israeli-military-uk-arrest-fears
https://www.theguardian.com/uk/2005/sep/12/ israelandthepalestinians.warcrimes
https://www.ynetnews.com/articles/0,7340, L-3221339,00.html
https://www.ynetnews.com/articles/0,7340,L-3883985,00.html
71. https://www.jpost.com/breaking-news/article-773533
72. https://onu.delegfrance.org/france-voted-in-favor-of-the-resolution-presented-on-behalf-of-the-arab-group
73. https://www.thehindu.com/news/international/canadian-pm-tells-israel-killing-of-babies-must-stop/article67537556.ece
74. https://www.middleeastmonitor.com/20231116-spanish-deputy-pm-calls-for-sanctions-and-arms-embargo-against-israel/
75. ttps://www.euronews.com/2023/11/09/crimes-are-being-committed-belgium-deputy-pm-petra-de-sutter-calls-for-sanctions-against-i
76. https://www.middleeastmonitor.com/20231113-internal-us-state-department-memo-biden-spreading-misinformation-israel-committing-war-crimes-in-gaza/
Comments