റംലാ ബീഗം യാഥാസ്ഥിതികതയുടെ വലയം ഭേദിച്ച കഥാകാരി
ശ്രവണ മധുരമായ മാപ്പിളപ്പാട്ടുകളിലൂടെയും ആദര്‍ശ പ്രചോദിതമായ കഥാപ്രസംഗങ്ങളിലൂടെയും കരയും കടലും താണ്ടി പറന്ന ഗാനകോകിലം റംലാ ബീഗം എന്നന്നേക്കുമായി പറന്നകന്നു. ആറര പതിറ്റാണ്ട് ആലാപന മികവിന്റെ ഉത്തുംഗതയിലും ശബ്ദസൗകുമാര്യത്തിന്റെ മനോഹാരിതയിലും അസൂയാര്‍ഹമായ മുന്നേറ്റം കാഴ്ചവെച്ച അതുല്യ ഗായിക. മാപ്പിളപ്പാട്ടിന്റെ ആലാപനവും ആസ്വാദനവും ഒരു ഹരമായി മാറിക്കഴിഞ്ഞ ഇക്കാലത്ത് അനേകമനേകമാളുകള്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന അനശ്വര ഗാനങ്ങള്‍ സംഭാവന ചെയ്ത ഉജ്ജ്വല പ്രതിഭ.
ആലപ്പുഴയില്‍ മുസ് ലിം ഭൂരിപക്ഷ പ്രദേശമായ സക്കരിയാ ബസാറിലായിരുന്നു റംലാബീഗത്തിന്റെ ജനനം. ഹുസൈന്‍ യൂസുഫ് യമാനിയും മറിയം ബീവിയുമാണ് മാതാപിതാക്കള്‍. അറബ് വംശപരമ്പരയില്‍ പെട്ടയാളായിരുന്നു പിതാവ്; മാതാവ് കോഴിക്കോട് ഫാറൂഖ് സ്വദേശിനിയും. പ്രൈമറി വിദ്യാഭ്യാസം സക്കരിയാ ബസാറില്‍ വീടിനടുത്തുള്ള വൈ.എം.എം.എ.എല്‍.പി സ്‌കൂളിലും ഹൈസ്‌കൂള്‍ പഠനം ആലപ്പുഴയിലെ ഗവ. മുഹമ്മദന്‍ ഹൈസ്‌കൂളിലുമായിരുന്നു.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദിയില്‍ പാട്ടുപാടാന്‍ അവസരം ലഭിച്ച റംലാ ബീഗം പിന്നീടങ്ങോട്ട് ഗാനാലാപനത്തിന്റെയും കഥാപ്രസംഗത്തിന്റെയും വേദികളിലേക്ക് അടിവെച്ചടിവെച്ച് പറന്നുയരുകയായിരുന്നു.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മത്സരവേദികളില്‍ സ്‌കൂളിനെ പ്രതിനിധീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരള സംസ്ഥാനം നിലവില്‍വന്ന 1956 നവംബര്‍ ഒന്നിന് സ്‌കൂളില്‍ നടന്ന കേരളപ്പിറവി ദിനാഘോഷത്തില്‍ റംലാ ബീഗം ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍ രക്ഷിതാക്കളെയും അതിഥികളെയും ആസ്വാദനത്തിന്റെ ഉത്തുംഗതയിലെത്തിച്ചു.
ഒരു ഭാഗവതരില്‍നിന്ന് കര്‍ണാടക സംഗീതം പഠിച്ചതൊഴിച്ചാല്‍ ഗാനരംഗത്ത് മറ്റു പഠനങ്ങളൊന്നും റംലാ ബീഗം നടത്തിയിട്ടില്ല. ആസാദ് മ്യൂസിക് ട്രൂപ്പില്‍നിന്ന് ലഭിച്ച പരിശീലനത്തോടൊപ്പം ഭര്‍ത്താവായ അബ്ദുസ്സലാം മാസ്റ്ററോടൊത്തുള്ള ജീവിതവും പുതിയൊരു വഴിത്തിരിവായി.
ആലപ്പുഴയിലെ എം.എ റസാഖ് എഴുതിചിട്ടപ്പെടുത്തിയ ജമീല എന്ന കഥയാണ് ആദ്യമായി അരങ്ങേറിയ കഥാപ്രസംഗം. പിന്നീടങ്ങോട്ട് കഥാപ്രസംഗ വേദികൾ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു. ബദറുല്‍ മുനീര്‍ - ഹുസ്്നുല്‍ ജമാല്‍, കര്‍ബലയിലെ രക്തക്കളം, ബദര്‍, ഉഹ്ദ് തുടങ്ങി ഇരുപത്തി മൂന്നോളം കഥാപ്രസംഗങ്ങളാണ് റംല അവതരിപ്പിച്ചത്. കഥാപ്രസംഗത്തില്‍നിന്ന് മാപ്പിളപ്പാട്ടിലേക്ക് ചുവട് മാറ്റിയതോടെ നിരവധി ഹിറ്റ് സോംഗുകള്‍ ആസ്വാദക സഞ്ചയത്തെ ആനന്ദ നിര്‍വൃതിയിലാഴ്ത്തി. ഇരുലോകം ജയമണി നബിയുല്ല, വമ്പുറ്റ ഹംസ റളിയല്ലാ, അലിഫെന്ന മാണിക്യം, ബിസ്മില്ലാഹി എന്ന്, സ്വര്‍ഗത്തിന് അതൃപ്പത്തില്‍ തുടങ്ങിയവ ഒരിക്കലും മറക്കാനാവാത്ത മാപ്പിളപ്പാട്ടുകളായി ആയിരങ്ങളുടെ ശ്രവണപുടങ്ങളില്‍ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു.
ഇസ് ലാമിക കഥാപ്രസംഗങ്ങള്‍ക്കു പുറമെ കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി, കേശവദേവിന്റെ ഓടയില്‍നിന്ന് തുടങ്ങിയവയും റംലാ ബീഗം അവതരിപ്പിച്ച കഥാപ്രസംഗങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതോടെ മുസ് ലിം വേദികളില്‍ ഒതുങ്ങിനിന്നിരുന്ന കാഥിക ക്ഷേത്രോത്സവ വേദികളിലും സാന്നിധ്യമറിയിച്ചു. റംലാ ബീഗം കാഥികയായി വിരാജിക്കാന്‍ തുടങ്ങിയതോടെ പല മുസ് ലിം സ്ത്രീകളും ഈ രംഗത്തേക്ക് കടന്നുവന്നു. ആലപ്പുഴയിലെ ആയിഷാ ബീഗം തുടങ്ങിയവരുടെ പേരുകള്‍ പ്രത്യേകം സ്മരണീയമാണ്. വളര്‍ന്നുവരുന്ന യുവ കഥാകാരികളെ പങ്കെടുപ്പിച്ച് ആലപ്പുഴയില്‍ കഥാപ്രസംഗ മത്സരവും അരങ്ങേറിയിരുന്നു.
പ്രശസ്തിയില്‍നിന്ന് പ്രശസ്തിയിലേക്കുയര്‍ന്നതോടെ എതിര്‍പ്പുകളുടെ ആരവവും ഉയര്‍ന്നു. തട്ടമിട്ട മുസ് ലിം പെണ്‍കുട്ടി വേദിയില്‍ കയറി കഥാപ്രസംഗം അവതരിപ്പിക്കുന്നതിനെ യാഥാസ്ഥിതിക വിഭാഗം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു. എതിര്‍പ്പുകള്‍ വധ ഭീഷണിവരെ എത്തി. പക്ഷേ, റംലയും ഭര്‍ത്താവും ഭീഷണിക്കു മുമ്പില്‍ തലകുനിച്ചില്ല. ഉള്ളടക്കത്തിലെ വൈവിധ്യം കൊണ്ടും സവിശേഷമായ സ്വരമാധുരി കൊണ്ടും ശ്രോതാക്കള്‍ക്ക് ആനന്ദം നല്‍കിയ റംലാ ബീഗത്തിന് കേരളത്തില്‍ അങ്ങോളമിങ്ങോളം അംഗീകാരത്തിന്റെ പരവതാനി വിരിക്കാന്‍ സമൂഹം മുന്നോട്ടു വന്നു. ഭര്‍ത്താവുമൊത്ത് നിരവധി സ്ഥലങ്ങളില്‍ കഥാപ്രസംഗം നടത്തി. പ്രശസ്തിയുടെ പടവുകള്‍ താണ്ടിക്കയറിയ റംലാ ബീഗം പിന്നീട് മലബാറിന്റെ ഹൃദയത്തിലും സ്ഥിരപ്രതിഷ്ഠ നേടി. 500-ല്‍പരം ഓഡിയോ കാസറ്റുകളും 35-ഓളം ഡിസ്‌കുകളും റംലയുടേതായിട്ടുണ്ട്.
ഭര്‍ത്താവ് അബ്ദുസ്സലാം മാസ്റ്ററുടെ മരണാനന്തരം രണ്ടു വര്‍ഷത്തോളം വേദികളില്‍നിന്ന് മാറിനിന്ന റംലാ ബീഗം വീണ്ടും മാപ്പിളപ്പാട്ട് രംഗത്തേക്ക് തിരിച്ചുവരികയായിരുന്നു.
ഏക മകള്‍ റസിയ. ഈ അനുസ്മരണ കുറിപ്പെഴുതുന്ന എന്റെ നാട്ടുകാരിയും സഹപാഠിയുമായിരുന്ന റംലാ ബീഗത്തിന് അല്ലാഹു സ്വര്‍ഗീയാരാമത്തില്‍ എല്ലാ വിധ അനുഗ്രഹങ്ങളും പ്രദാനം ചെയ്യട്ടെ!
Comments