Prabodhanm Weekly

Pages

Search

2023 നവംബർ 10

3326

1445 റബീഉൽ ആഖിർ 26

ഫറോവ, കംസൻ, നെതന്യാഹു ... ഒരേ തൂവൽ പക്ഷികൾ

ജി.കെ എടത്തനാട്ടുകര

തോട് പൊട്ടാതെ ഒരു വിത്തും മുളക്കില്ല.
രക്തം ചിന്താതെ ഒരു കുഞ്ഞും ജനിക്കില്ല.

പ്രകൃതിയിലെ ദൈവിക നിയമങ്ങളാണിത്. ഫലസ്ത്വീൻ മണ്ണിൽ പിടഞ്ഞുവീഴുന്ന പിഞ്ചുമക്കളുടെ രക്തത്തുള്ളികൾ ആ രണഭൂമിയിൽ വറ്റിപ്പോവില്ല. ഒരു പുതു ലോകത്തിന്റെ പിറവിക്ക് മണ്ണൊരുങ്ങുകയാണവിടെ. ഇതൊരു ആഗ്രഹം പറച്ചിലല്ല; ഫലസ്ത്വീൻ വിഷയത്തിൽ അന്ത്യപ്രവാചകൻ അരുളിത്തന്ന പ്രവചനത്തിലെ അകം പൊരുളാണിത്.

ഫലസ്ത്വീൻ വെറും കുറേ മണ്ണല്ല; അതൊരു പുണ്യഭൂമിയാണ്. സത്യ സന്ദേശവാഹകരായ  പ്രവാചകന്മാരുടെ പാദസ്പർശമേറ്റിട്ടുണ്ടവിടെ. സത്യവിശ്വാസികളുടെ ആദ്യ ഖിബ് ലയായിരുന്ന മസ്ജിദുൽ അഖ്സ്വാ നിലകൊള്ളുന്നതും അവിടെയാണ്. ഈസാ നബിയുടെ രണ്ടാം വരവിന് കളമൊരുങ്ങേണ്ടതും അവിടെത്തന്നെ. ഇത്തരമൊരു മണ്ണിനെ അക്രമികൾക്ക് അടക്കിഭരിക്കാൻ പ്രപഞ്ചനാഥൻ വിട്ടുകൊടുക്കാൻ  ന്യായമെവിടെ?

"നിന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമാണ്. അവര്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍ അവരെയവന്‍ പിടികൂടുകയാണെങ്കില്‍ അവര്‍ക്കവന്‍ വളരെ പെട്ടെന്നു തന്നെ ശിക്ഷ നല്‍കുമായിരുന്നു. എന്നാല്‍ അവര്‍ക്കൊരു നിശ്ചിത കാലാവധിയുണ്ട്. അതിനെ മറികടക്കാന്‍ ഒരഭയകേന്ദ്രവും കണ്ടെത്താൻ അവര്‍ക്കാവില്ല."

വിശുദ്ധ ഖുർആനിലൂടെയുള്ള പ്രപഞ്ചനാഥന്റെ ഈ മുന്നറിയിപ്പ് സംഭവിക്കാതിരിക്കുന്നതെങ്ങനെ?
സത്യമാർഗത്തിലെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്ന് വിശുദ്ധ ഗ്രന്ഥത്തിൽ നാഥൻ പറഞ്ഞു വെച്ചിട്ടുണ്ട്. എന്തിന് താൻ രക്തസാക്ഷിയായി എന്നറിയാത്ത കുഞ്ഞുങ്ങൾ മുതൽ ജന്മനാടിന്റെ വിമോചനത്തിനു വേണ്ടി വീറോടെ മരിച്ചുവീഴുന്നവർ വരെ ഫലസ്ത്വീൻ രക്തസാക്ഷികളുടെ കൂട്ടത്തിലുണ്ട്. ഉമ്മമാരുടെ ഗർഭാശയങ്ങളിൽനിന്ന് പോലും രക്തസാക്ഷികൾ ജൻമം കൊള്ളുന്നു. ഏഴ് ദിവസം മാത്രം ജീവിച്ച ഒരു ഫലസ്ത്വീൻ രക്തസാക്ഷിയെ കണ്ടില്ലേ? ജനന തീയതിയും മരണ തീയതിയും അവളുടെ ഇളം കൈയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ചാൽ മയ്യിത്ത് തിരിച്ചറിയാനായി ഫലസ്ത്വീനിലെ കുഞ്ഞുങ്ങൾ  സ്വന്തം കൈകളിൽ പേരെഴുതിവെക്കുന്നത് ശ്രദ്ധിച്ചില്ലേ? സ്വർഗ പൂന്തോപ്പിലേക്കുള്ള രജിസ്ട്രേഷനല്ലാതെ മറ്റെന്താണത്!

സ്വർഗം വിലപ്പെട്ടതാണെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ വ്യാമോഹത്തിന് കിട്ടുന്നതല്ല അതെന്ന് പ്രത്യേകമായിത്തന്നെ പറഞ്ഞിട്ടുണ്ട്. ചോര കൊടുത്ത് സ്വർഗം വാങ്ങുന്ന ഫലസ്ത്വീനികൾ  അസൂയപ്പെടുത്തുന്നില്ലേ? ഇല്ലെങ്കിൽ പേടിക്കണം. കാരണമെന്തെന്നല്ലേ? സത്യമാർഗത്തിലെ മരണമോഹം സ്വർഗത്തിനുള്ള ഗ്യാരണ്ടിയാണ്; മരണഭയം നരക കാരണവുമാണ്. ഐഹിക പരാജയത്തിന്റെ കാരണങ്ങളിൽ പോലും ഒന്ന് മരണഭയമാണെന്ന് അന്ത്യദൂതൻ പറഞ്ഞിട്ടുണ്ട്.      
ഹമാസ് എന്ന കൊച്ചു സംഘത്തിന്റെ ഒന്നാമത്തെ കൈമുതൽ മരണഭയമില്ലായ്മയാണ്. കാരണം, അവർ സംഘടിച്ചത് അറബി ദേശീയതയുടെ പേരിലല്ല; ഇസ് ലാമിക ആദർശത്തിന്റെ പേരിലാണ്. വിശുദ്ധ ഖുർആനിലെ പാഠപ്രകാരം ആദർശമാർഗത്തിലെ മരണം  വിപത്തല്ല; വിജയമാണ്.  ഈ തിരിച്ചറിവാണ് പ്രധാനം. ഇതില്ലാതെ പോയതാണ് അറബ് ലോകത്തിന്റെ പരാജയം. ഹമാസിന്റെ വിജയകാരണം കണ്ടെത്തേണ്ടത് ഇവിടെയാണ്. ഒരു കൊതുക് കടന്നാൽ പോലും കണ്ടെത്തി നശിപ്പിക്കാൻ മാത്രം സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഇസ്രായേലിന്റെ ഇരുമ്പു കോട്ടയെയാണല്ലോ ഹമാസ് തകർത്തത്. അവരെ നയിക്കുന്ന ആദർശത്തിന്റെ കരുത്താണത്; ആയുധങ്ങളുടെ മേന്മയല്ല.
'അറബികൾ വരിക്ക് നിന്നൊന്ന് മൂത്രമൊഴിച്ചാൽ ഒലിച്ചു പോകാവുന്നതേയുള്ളൂ ഇസ്രായേൽ' എന്ന് വൈക്കം മുഹമ്മദ് ബഷീർ പണ്ട് പറഞ്ഞിട്ടുണ്ട്. അത്രയേയുള്ളൂ ഇസ്രായേൽ എന്ന് ഹമാസ് എന്ന കൊച്ചു സംഘം 2023 ഒക്ടോബർ 7-ന് തെളിയിച്ചു കഴിഞ്ഞു. ചട്ടമ്പി രാജ്യങ്ങളുടെ പിൻബലത്തോടെ ഹമാസിനെ തുടച്ചു നീക്കിയേക്കാം. അതിനർഥം, ഇസ്രായേൽ ജയിച്ചെന്നോ ഫലസ്ത്വീൻ തോറ്റെന്നോ ആവില്ല.

സത്യവും ശക്തിയും ഏറ്റുമുട്ടിയാൽ തൽക്കാലം ശക്തി ജയിച്ചെന്നു വരാം. അന്തിമ വിജയം സത്യത്തിന്റേതായിരിക്കും എന്നാണ് വേദപാഠം. അതിനുള്ള യോഗ്യത കൈവരിക്കുക എന്നത് പ്രധാനമാണ്. സത്യത്തിന്റെ പ്രതിനിധാനത്തിലെ അപാകത തീർത്ത് ശക്തി സംഭരിക്കാൻ കഴിയണം. അതിനുള്ള മാതൃകകൾ ഫലസ്ത്വീനികളുടെ ജീവിതത്തിൽനിന്ന് വായിച്ചെടുക്കാം.

മക്കൾക്ക് ഉമ്മ കൊടുത്ത് രണഭൂമിയിലേക്ക് പറഞ്ഞയക്കുന്ന ഉമ്മമാരുള്ള നാടാണത്. മരണശയ്യയിൽ കിടക്കുന്ന ജ്യേഷ്ഠന് മീശ മുളച്ചിട്ടില്ലാത്ത അനിയൻ സത്യസാക്ഷ്യ വാചകം ചൊല്ലിക്കൊടുക്കുന്ന 'ധീര രംഗങ്ങൾ' അവിടെ കണ്ടില്ലേ? ജീവനറ്റു വീണ കുഞ്ഞിന്റെ കഫൻ പുടവയണിയിച്ച മൃതശരീരത്തെ മാറോട് ചേർത്തുപിടിച്ച, മാതൃത്വത്തിന്റെ തേങ്ങലുകൾ, പ്രാർഥനകളായി അവിടെനിന്ന് ഉയരുന്നുണ്ട്. പൊന്നുമോന്റെ രക്തത്തുള്ളികൾ പ്രാർഥനയോടെ തറയിൽനിന്ന് തുടച്ചെടുക്കുന്ന ഉമ്മയെ കണ്ടില്ലേ?
ഉമ്മമാരുടെ കണ്ണുകളിൽനിന്ന് അടർന്നു വീഴുന്ന കണ്ണീർ തുള്ളികളും മക്കളുടെ സിരകളിൽനിന്ന് തെറിച്ചു വീഴുന്ന രക്തത്തുള്ളികളും സംഗമിക്കുന്നുണ്ടവിടെ. ദൈവത്തെ ഓർത്ത് കിനിയുന്ന കണ്ണീർത്തുള്ളികളുടെയും രക്തസാക്ഷികളുടെ രക്തത്തുള്ളികളുടെയും വില നിശ്ചയിക്കാൻ ഭൗതിക മാനദണ്ഡങ്ങൾക്കാവില്ല. കാര്യകാരണങ്ങൾക്കപ്പുറം ചിലത് സംഭവിക്കാൻ ഇതൊക്കെത്തന്നെ മതിയാവില്ലേ?

തല പൊട്ടിയവർ, കൈകാലുകൾ നഷ്ടപ്പെട്ടവർ, എല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ടവർ, ആരോരുമില്ലാതെ മരുഭൂമിയിൽനിന്ന് ആകാശത്തേക്ക് നോക്കി വിലപിക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾ...

ഇതെല്ലാം കണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് ഫലസ്ത്വീൻ മക്കൾക്കുള്ള പ്രാർഥനകൾ ഉയർന്നുകൊണ്ടിരിക്കുന്നു. ആകാശകവാടങ്ങളിൽ ചലനങ്ങളുണ്ടാക്കാൻ ഇതൊന്നും പര്യാപ്തമല്ലെന്ന് കരുതാൻ ന്യായമെന്താണ്! പെറ്റു വീണ കുഞ്ഞിന് ആഹാരമായി, ആരോരുമറിയാതെ ഉമ്മമാരുടെ മാറിൽ അമ്മിഞ്ഞപ്പാൽ കരുതിവെച്ച കാരുണ്യവാനായ നാഥൻ ഈ നിരപരാധികൾക്കു വേണ്ടി ഒന്നും കരുതിവെക്കുകയില്ലെന്നു കരുതാൻ മനുഷ്യ മനസ്സാക്ഷിയിൽ എവിടെയാണ് പഴുതുള്ളത്?
ലോകതലത്തിൽ തന്നെ നോക്കിയാൽ പ്രധാനമായും രണ്ട് പക്ഷം രൂപപ്പെടുന്നുണ്ട്. ഒന്ന് ഫലസ്ത്വീൻ പക്ഷമാണ്. രണ്ടാമത്തേത് ഇസ്രായേൽ പക്ഷവും. യഥാർഥത്തിൽ ധർമവും അധർമവുമാണിവിടെ വേർതിരിയുന്നത്.

ഹഖും ബാത്വിലും, ഇസ് ലാമും ജാഹിലിയ്യത്തുമാണ് വേർതിരിയുന്നത്. അന്ത്യനാളിനു മുമ്പ് സംഭവിക്കേണ്ട ഒരു അനിവാര്യതയാണത്‌.

ഇസ് ലാമിക സമൂഹം ആദർശത്തിന്റെ അടിസ്ഥാനത്തിൽ ഐക്യപ്പെടുവോളം, ഒരു പക്ഷേ ഫലസ്ത്വീൻ പ്രശ്നം നിലനിന്നേക്കാം. അത് സംഭവിക്കൽ ഒരു പക്ഷേ, ഈസാ നബിയുടെ രണ്ടാം വരവോടനുബന്ധിച്ചായിരിക്കാം. അത് സംഭവിക്കുന്നതോടെ 'പാത്രത്തിലേക്ക് വെള്ളമൊഴുകും പോലെ ഇസ്‌ലാമിലേക്ക് ആളുകൾ ഒഴുകിക്കൊണ്ടിരിക്കുമെന്നും അങ്ങനെ ലോകത്തിന്റെ കലിമ ഒന്നായിത്തീരുമെന്നും' ദൈവത്തിന്റെ അന്ത്യദൂതൻ പഠിപ്പിച്ചതായി കാണാം. സയ്യിദ് അബുൽ അഅ്ലാ മൗദൂദി തന്റെ വിഖ്യാത ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുൽ ഖുർആനിൽ ഇത് വിശദീകരിച്ചിട്ടുണ്ട്.

ഇത് സംഭവിക്കണമെങ്കിൽ ലോകജനത ആ സംഭവം നേരിൽ കാണണ്ടേ? ലോകത്തിന്റെ കാഴ്ചക്കും കേൾവിക്കും അകലം തടസ്സമാകാതിരിക്കുമ്പോഴാണല്ലോ അത് നടക്കുക. അതിനെന്നോണം 'സൈബർ ലോകം' ലോകത്തിന്റെ അകലങ്ങളെ കുറച്ചിരിക്കുന്നു! ആ മഹാസംഭവം ഇന്ന് ലോകത്തിന്റെ ഏത് മുക്കു മൂലകളിലിരിക്കുന്നവർക്കും കാണാനും കേൾക്കാനും അകലം എന്ന തടസ്സമില്ല.

മാത്രമല്ല, ലോകത്ത് ഒരുപാട് ദർശനങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നിട്ടും ഇസ് ലാം ചർച്ച ചെയ്യപ്പെടുന്ന പോലെ മറ്റൊരു ദർശനവും ഇന്ന്  ചർച്ച ചെയ്യപ്പെടുന്നില്ല. ലോകത്ത് ഒരുപാട് മഹാൻമാരുണ്ടായിട്ടുണ്ട്, എന്നിട്ടും അന്ത്യപ്രവാചകൻ ചർച്ച ചെയ്യപ്പെടുന്ന പോലെ മറ്റൊരു മഹാനും ചർച്ച ചെയ്യപ്പെടുന്നില്ല. ലോകജനതക്ക് സന്മാർഗം നൽകാൻ, പതിനാല് നൂറ്റാണ്ടുകൾക്കു  മുമ്പ് അറേബ്യയിൽ അവതരിച്ച വിശുദ്ധ ഖുർആനിലെ 'അല്ലയോ ജനങ്ങളേ' എന്ന അഭിസംബോധനയുടെ ആഗോള ഭാഷ്യമാണ് ലോകത്ത് മുഴങ്ങുന്നത് എന്നതല്ലേ യാഥാർഥ്യം?    

ഭൂമിയിൽ മണ്ണൊരുങ്ങിക്കഴിഞ്ഞു. വിത്തിറക്കേണ്ടവർ കണ്ടത്തിലിറങ്ങിയോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.  ആകാശത്തെ തീരുമാനം നാഥന് മാത്രമാണല്ലോ അറിയുക.

ഭാവിയിൽ നിലനിൽപിന് ഭീഷണിയാവും എന്ന് കരുതി പിഞ്ചോമനകളെ തെരഞ്ഞുപിടിച്ച് സ്വർഗത്തിലേക്കയച്ച നരകാവകാശികൾ മുമ്പും ഉണ്ടായിട്ടുണ്ട്. ബൈബിളിന്റെ ഭാഷയിലെ ഫറോവ എന്ന ഫിർഔനെക്കുറിച്ച് ഖുർആനിലുമുണ്ട്. അധികാരം നഷ്ടപ്പെടുമെന്നു കരുതി ആൺകുട്ടികളെ കൊല്ലാൻ കൽപിച്ച രാജാവാണ് ഫറോവ. ഭാരത പുരാണങ്ങളിൽ അങ്ങനെ ഒരാൾ കംസനാണ്. കാലത്തിന്റെ അന്തരം മാറ്റിവെച്ചാൽ, ഫറോവയും കംസനും നെതന്യാഹുവും ഒരേ തൂവൽ പക്ഷികളാണ്. അതൊരു പക്ഷമാണ്; അധർമത്തിന്റെ പക്ഷം. 

ഫലസ്ത്വീൻ ചോദിക്കുന്നു: 'മനുഷ്യകുലമേ, നിങ്ങൾ ആരുടെ പക്ഷത്താണ്?' l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 31-33
ടി.കെ ഉബൈദ്

ഹദീസ്‌

ദുൻയാവും ആഖിറത്തും
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്