ദുൻയാവും ആഖിറത്തും
عَن المُسْتَوْرِدِ بْنِ شَدَّادِِ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : واللهِ مَا الدُّنْيَا فِي الآخِرَةِ إلَّا مِثْلُ مَا يَجْعَلُ أحَدُكُمْ إصْبَعَهُ فِي اليَمِّ ، فَلْيَنْظُرْ بِمَ يَرْجِعُ (مسلم)
അൽ മുസ്തൗരിദുബ്്നു ശദ്ദാദ് (റ) പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ (സ) അരുളി: "ഭൗതിക ലോകം
പരലോകത്തെ അപേക്ഷിച്ച് നിങ്ങളിലൊരാൾ സമുദ്രത്തിൽ വിരൽ മുക്കിയെടുത്താലുള്ളത് മാത്രമാണ്. അത് എത്രത്തോളമുണ്ടെന്ന് അവൻ നോക്കട്ടെ !" (മുസ്്ലിം).
ഭൗതിക ലോകത്തിന്റെ നിസ്സാരതയാണ് ഹദീസിൽ സൂചിപ്പിക്കുന്നത്. കടലാണ് പരലോകമെങ്കിൽ, അതിൽ മുക്കിയ കൈവിരലിലുള്ള ജലാംശത്തിന്റെ അളവിലുള്ളതാണ് ദുൻയാവ്. പരലോക ജീവിതത്തെ അപേക്ഷിച്ച് ലൗകിക ജീവിതം വളരെ ചെറുതാണെന്നർഥം. കാരണം, ദുൻയാവ് നശ്വരവും ആഖിറത്ത് അനശ്വരവുമാണ്. ഇവിടുത്തെ സുഖ-ദുഃഖങ്ങൾ പരിമിത കാലത്തേക്ക് മാത്രമാണെങ്കിൽ നാളത്തേത് ഒരിക്കലും അവസാനിക്കാത്തതാണ്.
വിശുദ്ധ ഖുർആനിലും പ്രവാചക വചനങ്ങളിലും ഈ യാഥാർഥ്യം വിവിധ ശൈലികളിൽ ബോധ്യപ്പെടുത്തുന്നുണ്ട്.
വിശുദ്ധ ഖുർആൻ പറയുന്നു: "നിങ്ങള്‍ക്ക് കൈവന്നതെല്ലാം കേവലം ഐഹിക ജീവിതവിഭവങ്ങളും അതിന്റെ അലങ്കാര വസ്തുക്കളുമാണ്. അല്ലാഹുവിന്റെ അടുത്തുള്ളതാണ് അത്യുത്തമം. അനശ്വരമായിട്ടുള്ളതും അതുതന്നെ. എന്നിട്ടും നിങ്ങളെന്തുകൊണ്ട് ചിന്തിക്കുന്നില്ല?" (28:60).
ഭൗതികലോക സുഖങ്ങളിൽ മാത്രം തൃപ്തിയടഞ്ഞവരോട് വിശുദ്ധ ഖുർആൻ ചോദിക്കുന്നു:
"വിശ്വസിച്ചവരേ, നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങിത്തിരിക്കുകയെന്നു പറയുമ്പോള്‍ നിങ്ങള്‍ ഭൂമിയോട് അള്ളിപ്പിടിക്കുകയാണല്ലോ. പരലോകത്തെക്കാള്‍ ഐഹിക ജീവിതംകൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കയാണോ? എന്നാല്‍, പരലോകത്തെ അപേക്ഷിച്ച് ഐഹിക ജീവിത വിഭവം നന്നെ നിസ്സാരമാണ് "(9: 38).
അൽപസമയത്തെ ആനന്ദത്തിന് മാത്രമുള്ള കളിവിനോദങ്ങളെപ്പോലെയാണ് ഭൗതിക ജീവിതം."ഈ ഇഹലോക ജീവിതം കളിയും ഉല്ലാസവുമല്ലാതൊന്നുമല്ല. പരലോക ഭവനം തന്നെയാണ് യഥാര്‍ഥ ജീവിതം. അവര്‍ കാര്യം മനസ്സിലാക്കുന്നവരെങ്കില്‍!"(29: 64).
ഭൗതികതയിൽ ഭ്രമിക്കുന്നവരെ കണ്ട് വിശ്വാസികൾ വഞ്ചിതരാകരുതെന്നും ഖുർആൻ താക്കീത് നൽകുന്നു:
"മനുഷ്യരില്‍ വിവിധ വിഭാഗങ്ങള്‍ക്കു നാം നല്‍കിയ ഐഹിക സുഖാഡംബരങ്ങളില്‍ നീ കണ്ണുവെക്കരുത്. അതിലൂടെ നാമവരെ പരീക്ഷിക്കുകയാണ്. നിന്റെ നാഥന്റെ ഉപജീവനമാണ് ഉല്‍കൃഷ്ടം. നിലനില്‍ക്കുന്നതും അതുതന്നെ"(20: 131).
ഭൗതികലോകത്തിന്റെ നിസ്സാരത വ്യക്തമാക്കുന്ന ധാരാളം ഹദീസുകളുണ്ട്. ചത്ത ചെവിമുറിഞ്ഞ ആടിനെ ചൂണ്ടി പ്രവാചകൻ പറഞ്ഞു: "ഇതിനെക്കാൾ നിസ്സാരമാണ് അല്ലാഹുവിന് ഈ ദുൻയാവ്" (മുസ്്ലിം). പരുക്കൻ പായയുടെ അടയാളങ്ങൾ പ്രവാചകന്റെ മേനിയിൽ പതിഞ്ഞുകണ്ടപ്പോൾ അതൊഴിവാക്കി മിനുസമുള്ള വിരിപ്പ് ഉപയോഗിച്ചു കൂടേ എന്ന് ചോദിച്ചതിന് നബി (സ) പറഞ്ഞു: "ഈ ദുൻയാവും ഞാനും തമ്മിലെന്ത് ബന്ധം! മരത്തണലിൽ വിശ്രമിച്ച് എഴുന്നേറ്റു പോയ യാത്രക്കാരൻ മാത്രമാണ് ഞാനിവിടെ" (തിർമിദി). സ്വർഗത്തിലെ ഒരടി മണ്ണ് ദുൻയാവിലുള്ള സകലതിനെക്കാളും ഉത്തമമാണെന്നും നബി പറഞ്ഞിട്ടുണ്ട് (തിർമിദി).
അബൂ അബ്ദില്ലാ അന്നബാജി (റ) അൽഭുതത്തോടെ ചോദിക്കുന്നു: "അല്ലയോ മനുഷ്യാ...നിന്റെ കൈയിൽ നൂഹിനും ഇബ്റാഹീമിനും മൂസാക്കും ഈസാക്കും മുഹമ്മദിനും നൽകപ്പെട്ടവ ഉണ്ടെങ്കിലും അതിനൊന്നും നീ വലിയ പ്രാധാന്യം നൽകുന്നില്ല. അപ്പോഴും നംറൂദിനും ഫറോവക്കും ഹാമാന്നും നൽകിയതിനാണ് നീ മുൻഗണന നൽകുന്നത്. പിന്നെ എങ്ങനെയാണ് നിനക്ക് വിജയിക്കാനാവുക?" (സ്വിഫതുസ്സഫ്്വ)
ഇമാം ശാഫിഈ (റ) വിവേകശാലികളെ പരിചയപ്പെടുത്തുന്നത് കാണുക:
إِنَّ لِله عِبَاداً فُطَنَا
تَرَكُوا الدُنْيَا وَخَافوا الفِتَنَا
نَظَرُوا فِيهَا فَلَمَّا عَلِمُوا
أَنَّهَا لَيْسَتْ لِحَيٍّ وَطَنًا
جَعَلُوهَا لُجَّةً وَاتَّخَذُوا
صَالِحَ الأَعْمَالِ فِيهَا سُفُنًا
(അല്ലാഹുവിന് ബുദ്ധിശാലികളായ ചില ദാസൻമാരുണ്ട്. ഭൗതിക ലോകത്തെ അവർ വെടിഞ്ഞു; കുഴപ്പങ്ങളെ ഭയന്നു. ഭൗതികതയിലേക്ക് അവർ സൂക്ഷ്മം നോക്കി. അത് ഒരാളുടെയും ശാശ്വത നാടല്ലെന്ന് അവർക്കപ്പോൾ ബോധ്യമായി. ദുൻയാവിനെ അവർ സമുദ്രവും, സൽക്കർമങ്ങളെ അതിലെ കപ്പലുകളുമാക്കി).
Comments