Prabodhanm Weekly

Pages

Search

2023 നവംബർ 10

3326

1445 റബീഉൽ ആഖിർ 26

ഞങ്ങള്‍ വേട്ടക്കാര്‍ക്കൊപ്പമല്ല

പി.കെ നിയാസ്

ഫലസ്ത്വീന്‍ അനുകൂല, ഇസ്രായേല്‍ വിരുദ്ധ പ്രകടനങ്ങള്‍ ലോകത്തിലെ വിവിധ നഗരങ്ങളില്‍ തുടരുകയാണ്. ഏറ്റവുമധികം ജൂതന്മാര്‍ താമസിക്കുന്ന വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ നഗരങ്ങളില്‍ ജ്യൂയിഷ് വോയ്സ് ഫോര്‍ പീസ് എന്ന യുദ്ധവിരുദ്ധ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ സയണിസ്റ്റ് ഭരണകൂടത്തെയും അതിന് പിന്തുണ നല്‍കുന്ന ബൈഡന്‍ സര്‍ക്കാറിനെയും അമ്പരപ്പിക്കുന്നതായിരുന്നു. ഇസ്രായേലിന്റെ യുദ്ധഭ്രാന്തിനെതിരെ പ്രതിഷേധിച്ച അഞ്ഞൂറിലേറെ ജൂതന്മാരെ ന്യൂയോര്‍ക്കില്‍ അറസ്റ്റ് ചെയ്തു. ഇസ്രായേലിനെതിരായ പ്രതിഷേധങ്ങളെ സെമിറ്റിക് വിരുദ്ധമെന്ന് മുദ്രകുത്തുന്ന സയണിസ്റ്റ് പ്രചാരണങ്ങള്‍ക്കുള്ള ശക്തമായ മറുപടി കൂടിയാണ് 'ഞങ്ങളുടെ പേരില്‍ കൂട്ടക്കൊല വേണ്ട' എന്ന ജൂതസമൂഹത്തിന്റെ മുന്നറിയിപ്പ്.  

യു.എസ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും മാത്രമാണ് ഇസ്രായേല്‍ സന്ദര്‍ശിച്ച് നെതന്യാഹുവിന്റെ യുദ്ധഭീകരതക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച ലോക നേതാക്കള്‍. എന്നാല്‍ ഈ മൂന്നു രാജ്യങ്ങളിലെ മാത്രമല്ല, സയണിസ്റ്റുകളുടെ വംശഹത്യക്ക് കൂട്ടുനില്‍ക്കുന്ന ഇതര രാജ്യങ്ങളിലെയും ജനങ്ങള്‍ വേട്ടക്കാര്‍ക്കൊപ്പമല്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ പല പ്രമുഖ നേതാക്കളും പരസ്യമായാണ് സയണിസ്റ്റ് ഭീകരതക്കെതിരെ രംഗത്തുവന്നത്. ഫലസ്ത്വീന് അനുകൂലമായ പ്രകടനങ്ങള്‍  'വെറുപ്പ് പടര്‍ത്തുന്നതാണ്' എന്ന  ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറി സുവേല ബ്രേവര്‍മാന്റെ പ്രസ്താവനക്കെതിരെ വന്‍ പ്രതിഷേധവുമുണ്ടായി.

ഇസ്രായേലുമായുള്ള ബന്ധം യൂറോപ്പ് വിഛേദിക്കണമെന്നാണ്് സ്പാനിഷ് സാമൂഹിക ക്ഷേമ ആക്ടിംഗ് മന്ത്രി ഇയോണ്‍ ബെല്ലാറ ആവശ്യപ്പെട്ടത്. സയണിസ്റ്റ് ഭീകരതക്കെതിരെ നിരവധി ട്വീറ്റുകള്‍ ചെയ്ത ബെല്ലാറ, ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെയും മറ്റു നേതാക്കളെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടു. 

ഹമാസ് പോരാളികള്‍ ഇസ്രായേലില്‍ നടത്തിയ ആക്രമണത്തെ താനും പാര്‍ട്ടിയും അപലപിക്കുന്ന പ്രശ്‌നമേയില്ലെന്നാണ് ഗ്രീസിലെ മുന്‍ ധനമന്ത്രിയും ഡെമോക്രസി ഇന്‍ യൂറോപ്പ് മൂവ്‌മെന്റ് 2025-ന്റെ (ഡിയെം25) സെക്രട്ടറി ജനറലുമായ യാനിസ് വാറോഫകിസ് പറഞ്ഞത്. വര്‍ണ വിവേചനത്തിനെതിരെ പോരാട്ടം നയിച്ച ദക്ഷിണാഫ്രിക്കയിലെ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ (എ.എന്‍.സി) സായുധ വിഭാഗത്തോടാണ് ഹമാസിനെ അദ്ദേഹം ഉപമിച്ചത്.

യൂറോപ്യന്‍ പാര്‍ലമെന്റംഗം ക്ലെയര്‍ ഡാലിയാണ് ഇസ്രായേലി ഭീകരതക്കെതിരെ ആഞ്ഞടിച്ചവരില്‍ പ്രമുഖ. കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍, ഫലസ്ത്വീനികള്‍ക്കുനേരെ ഇസ്രായേല്‍ ഭരണകൂടം നടത്തിവരുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നിരപരാധികളെ വധിക്കല്‍ തുടങ്ങിയവയാണ് സംഘര്‍ഷത്തിന് അടിസ്ഥാന കാരണങ്ങള്‍. ഈയിടെ പാസാക്കിയ യൂറോപ്യന്‍ യൂനിയന്റെ പ്രമേയം ഈ കാരണങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ കുറ്റപ്പെടുത്തി. ഇസ്രായേലിനെ പിന്തുണക്കുന്ന ഇ.യുവിന്റെ നിലപാട് അമേരിക്കക്ക് കീഴൊതുങ്ങിയതില്‍നിന്ന് ഉണ്ടായതാണെന്നും ഇതിലൂടെ യൂറോപ്യന്‍ യൂനിയന്റെ അസ്തിത്വം തന്നെ ബലികഴിച്ചിരിക്കുകയാണെന്നും ഡാലി തുറന്നടിച്ചു.

ഇസ്രായേലിനെ പിന്തുണച്ച്് രംഗത്തുവന്ന യൂറോപ്യന്‍ യൂനിയന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയനെ രൂക്ഷമായി വിമര്‍ശിച്ച് ക്ലെയര്‍ ഡാലി നേരത്തെ രംഗത്തുവന്നിരുന്നു. 'ഹമാസ് ഭീകരര്‍ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും വധിക്കുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്യുക വഴി ഇസ്രായേലിന്റെ ഹൃദയത്തിലാണ് മുറിവേല്‍പിച്ചിരിക്കുന്നതെന്നും ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും' പറഞ്ഞ വോണ്‍ ഡെര്‍ ലെയന്‍ യൂറോപ്യന്‍ യൂനിയന്‍ ഇസ്രായേലിനൊപ്പമാണെന്നും ട്വീറ്റ് ചെയ്തിരുന്നു.

ഇതിനു മറുപടിയായി ക്ലെയര്‍ ഡാലി എഴുതി: 'നിങ്ങള്‍ ആരാണെന്നാണ് വിചാരം?  നിങ്ങള്‍ ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതല്ല. അതിനാല്‍, ഇ.യുവിന്റെ വിദേശ നയത്തെക്കുറിച്ച് പറയാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. ഇ.യു കൗണ്‍സിലാണ് വിദേശ നയം രൂപവത്കരിക്കേണ്ടത്. യൂറോപ്പ് ഇസ്രായേലിനൊപ്പമല്ല. ഞങ്ങള്‍ സമാധാനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്. നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടിയല്ല സംസാരിക്കുന്നത്. നിര്‍മാണാത്മകമായി ഒന്നും പറയാനില്ലെങ്കില്‍ വായടക്കുകയാണ് നല്ലത്'.    
ലേബര്‍ പാര്‍ട്ടി നേതാവും ലണ്ടന്‍ മേയറുമായ സാദിഖ് ഖാന്‍, സ്‌കോട്ടിഷ് ലേബര്‍ നേതാവ് അനസ് സര്‍വര്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബണ്‍ഹാം എന്നിവര്‍ ലേബര്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഇസ്രായേല്‍ അനുകൂല നിലപാടുകള്‍ക്കെതിരെ രംഗത്തുവന്നതും ശ്രദ്ധേയമായ മാറ്റമാണ്. 
ഇസ്രായേല്‍ നടത്തിവരുന്ന സൈനിക നടപടികള്‍ മനുഷ്യ ദുരന്തം വര്‍ധിപ്പിക്കാനേ സഹായിക്കൂവെന്നും അന്താരാഷ്ട്ര നിയമം ലംഘിക്കാന്‍ ഇസ്രായേലിനോ മറ്റേതെങ്കിലും രാജ്യത്തിനോ അവകാശമില്ലെന്നുമാണ് സാദിഖ് ഖാന്‍ പ്രസ്താവിച്ചത്.    

ഒക്ടോബര്‍ ഏഴിന്റെ ഹമാസ് ഓപറേഷന് ഇടയില്‍ ചുരുങ്ങിയത് 112 ഇസ്രായേലികളെങ്കിലും കൊല്ലപ്പെട്ടത് ഇസ്രായേലി സൈന്യത്തിന്റെ ബുള്ളറ്റുകളേറ്റാണെന്ന് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനും ജൂത വിശ്വാസിയുമായ ഡാന്‍ കോഹന്‍ ചൂണ്ടിക്കാട്ടുന്നു. 2014-ല്‍ ഗസ്സക്കെതിരെ ഇസ്രായേല്‍ നടത്തിയ യുദ്ധത്തെ ആസ്പദമാക്കിയുള്ള 'കില്ലിംഗ് ഗാസ' എന്ന ഡോക്യുമെന്ററിയുടെ സംവിധായകനാണ് കോഹന്‍. ഹമാസും ഐ.ഡി.എഫും തമ്മിലുണ്ടായ വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് രക്ഷപ്പെട്ടവരിലൊരാള്‍ ഇസ്രായേലി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍, അഭിമുഖത്തിന് ഇസ്രായേല്‍ അധികൃതര്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി.
നെതന്യാഹുവിന്റെ കാരിക്കേച്ചര്‍ വരച്ചതിനാണ് നാല്‍പതു വര്‍ഷമായി ലണ്ടനിലെ ദി ഗാര്‍ഡിയന്റെ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റായിരുന്ന സ്റ്റീവ് ബെല്ലിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. 

ഇയോണ്‍ ബെല്ലാറ 
സ്പാനിഷ് ആക്ടിംഗ് മന്ത്രി 


ഗസ്സയിലെ കൂട്ടക്കൊല ഏതു സമയവും അവസാനിപ്പിക്കാനാവും. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെയും മറ്റു നേതാക്കളെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യണം. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിഛേദിക്കുകയും ആ രാജ്യത്തിനെതിരെ ആയുധ വിലക്കും സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തുകയും ചെയ്യണം. ഇത്തരം കാപട്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന യൂറോപ്പ്് കനത്ത വില കൊടുക്കേണ്ടി വരും. ഗസ്സയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഭീകരതയോട് യൂറോപ്യന്‍ നേതൃത്വം തികഞ്ഞ നിസ്സംഗത പാലിക്കുകയാണ്. വംശഹത്യ മുഖമുദ്രയാക്കിയ ഇസ്രായേലിനെതിരെ ഫലസ്ത്വീന്‍ ജനതക്ക് വേണ്ടി ഇന്നും എന്നും നമ്മള്‍ രംഗത്തുണ്ടാകും. ഗസ്സയെ ഇസ്രായേല്‍ നരകതുല്യമാക്കിക്കൊണ്ടിരിക്കുന്ന ഈ രാവിനുശേഷം യൂറോപ്യന്‍ നേതൃത്വത്തോട് എനിക്ക് പറയാനുള്ളത് ഈ കൂട്ടക്കൊലയില്‍ ഞങ്ങളെ കൂട്ടുപ്രതികളാക്കേണ്ടെന്നാണ്. ഞങ്ങളുടെ പേരില്‍ വേണ്ട ഈ ക്രൂരത. 

യാനിസ് വാറോഫകിസ് 
മുന്‍ ധനമന്ത്രി, ഗ്രീസ്

അധിനിവേശത്തിനും വംശീയതക്കും അടിപ്പെട്ടു ജീവിക്കുന്ന മനുഷ്യര്‍ ഒന്നുകില്‍ എല്ലാം സഹിച്ച് മരിക്കും, അല്ലെങ്കില്‍ പോരാടി വീരമൃത്യു വരിക്കും.  ആ പോരാട്ടത്തില്‍ നിരപരാധികളുടെ ജീവനുകളും നഷ്ടപ്പെട്ടേക്കാം. ഇവിടെ ക്രിമിനലുകള്‍ ഹമാസല്ല, ഫലസ്ത്വീനികള്‍ കൊല്ലപ്പെടുമ്പോള്‍ ഞങ്ങളുടെ വായ മൂടിക്കെട്ടിയ യൂറോപ്യന്‍ നേതൃത്വമാണ്. ഞാനും എന്റെ പാര്‍ട്ടിയും ഹമാസിനെ അപലപിക്കുന്ന പ്രശ്‌നമേയില്ല. ദക്ഷിണാഫ്രിക്കയില്‍ വര്‍ണ വിവേചനത്തിനെതിരെ പോരാട്ടം നയിച്ച ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ (എ.എന്‍.സി) സായുധ വിഭാഗമായ എംഖോന്‍തോ വി സിസ്‌വെയെപ്പോലെയാണ് ഹമാസ്. വിവേചനത്തിന്റെ മറയില്ലാതെ മനുഷ്യരെ പരിഗണിക്കുന്ന, ജൂതനെയും അറബിയെയും ഒരുപോലെ കാണുന്ന മനുഷ്യ സ്‌നേഹികള്‍ സ്വന്തത്തോട് ചോദിക്കേണ്ട ലളിതമായ ചോദ്യമിതാണ്: ശത്രുതയും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കുന്നതിന് നിങ്ങള്‍ കാണുന്ന പരിഹാരമെന്താണ്?  ഒരു അപ്പാർത്തൈഡ് സ്റ്റേറ്റ് നിരന്തരം ശ്വാസം മുട്ടിക്കുമ്പോള്‍ ആയുധങ്ങള്‍ അടിയറ വെച്ച് ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലില്‍ കഴിഞ്ഞുകൊള്ളണമെന്നാണോ?  

അലസ്സാണ്ട്രോ ഡി ബാറ്റിസ്റ്റ
ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവ്, ആക്ടിവിസ്റ്റ്, എഴുത്തുകാരന്‍

ഗസ്സയില്‍ ഇസ്രായേല്‍ നടത്തിവരുന്ന കൂട്ടക്കൊലയെ അപലപിക്കാന്‍ പോലും തയാറാവാത്ത പാശ്ചാത്യ നേതൃത്വത്തിന്റെ നിലപാട് ക്രൂരമാണ്. പതിനേഴു കൊല്ലമായി ഗസ്സയിലെ തുറന്ന ജയിലില്‍ ഉപരോധിക്കപ്പെട്ട ജനതക്കുവേണ്ടി ഒന്നും ചെയ്യാത്ത യൂറോപ്യന്‍ സര്‍ക്കാറുകള്‍ മാപ്പര്‍ഹിക്കുന്നില്ല.

ഹനാന്‍ അഷ്‌റാവി
ഫതഹ് നേതാവ്

ഹമാസിനെ വിഘടനവാദ പ്രസ്ഥാനമെന്നും ഐ.സി.സിന്റെ ആശയങ്ങളാണ് അവര്‍ പിന്തുടരുന്നതെന്നും ജൂതന്മാരോട് അവര്‍ക്ക് വെറുപ്പാണെന്നുമൊക്കെ പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം ദുരുപദിഷ്ടമാണ്. ഹമാസ് ഐ.സി.സല്ല. ഞാന്‍ ഹമാസ് അനുകൂലിയല്ല. എന്നാല്‍, ഫലസ്ത്വീനി സമൂഹത്തില്‍ അവര്‍ മുപ്പത് ശതമാനമുണ്ട്. അവര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നു. പാര്‍ലമെന്റില്‍ അവര്‍ അംഗങ്ങളായിരുന്നു. അവര്‍ക്ക് രാഷ് ട്രീയ വിഭാഗവും സൈനിക വിംഗുമുണ്ട്. സാമൂഹിക മേഖലയിലും അവര്‍ സജീവമായുണ്ട്. വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സംഘടനകളുണ്ട്. ഗസ്സയിലും മറ്റു പലയിടങ്ങളിലും അവര്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. എന്തര്‍ഥത്തിലാണ് ഹമാസിനെ ഭീകര സംഘടനയായി നിങ്ങള്‍ മുദ്രകുത്തുന്നത്? എന്തുകൊണ്ട് വിശാലാര്‍ഥത്തില്‍ നിങ്ങള്‍ അവരെ കാണുന്നില്ല? നിങ്ങള്‍ക്ക് ഹമാസിനെ ഇല്ലാതാക്കാനാവില്ല. മുപ്പതു ശതമാനം ഫലസ്ത്വീനികളെ കൊന്നുതീര്‍ക്കാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്?

സ്വെലിവെലില മണ്ടേല
നെല്‍സണ്‍ മണ്ടേലയുടെ പൗത്രന്‍

ദക്ഷിണാഫ്രിക്കന്‍ ജനതക്ക് അപാർത്തൈഡിന്റെ ദൂഷ്യവശങ്ങള്‍ നന്നായറിയാം. അതുകൊണ്ട് എന്റെ ജനത ഫലസ്ത്വീനികള്‍ക്കൊപ്പമാണ്. ഇസ്രായേല്‍ ചെയ്യുന്നത് വംശീയ വിവേചനമാണെന്നും അതൊരു കുറ്റമാണെന്നും പാശ്ചാത്യ രാജ്യങ്ങള്‍ക്ക്് നല്ല ബോധ്യമുണ്ട്. എന്നാല്‍, ഇസ്രായേലിനെ അപാർത്തൈഡ് രാഷ്ട്രമെന്നു വിളിക്കാന്‍ അവര്‍ ഒരുക്കമല്ല. അധിനിവേശത്തിനെതിരെ പോരാടാന്‍ ഫലസ്ത്വീനികള്‍ക്ക് നൂറു ശതമാനം അവകാശമുണ്ട്.

ജെയിംസ് ഷ്‌നൈഡര്‍     
ലേബര്‍ പാര്‍ട്ടി മുന്‍ വക്താവ്
ഇസ്രായേലും ബ്രിട്ടനും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കൊച്ചനിയന്മാരാണ്. യു.എസ് എന്തു പറയുന്നുവോ അത് അനുസരിക്കാന്‍ മാത്രമേ ബ്രിട്ടന് കഴിയൂ എന്നായിരിക്കുന്നു. യു.എസിന്റെ താല്‍പര്യങ്ങള്‍ മിഡിലീസ്റ്റില്‍ സംരക്ഷിക്കാന്‍ ഇസ്രായേല്‍ ഇല്ലെങ്കില്‍ മറ്റൊന്ന് ഉണ്ടാക്കേണ്ടി വരുമെന്നാണ് 1986-ല്‍ സെനറ്റ് അംഗമായിരിക്കെ ജോ ബൈഡന്‍ പ്രസ്താവിച്ചത്. 

ഡാന്‍ കോഹന്‍
മാധ്യമ പ്രവര്‍ത്തകന്‍

ഗസ്സയുടെ കണ്ണുനീരിനെക്കാള്‍ വേദനിപ്പിക്കുന്ന ഒരേയൊരു കാര്യമാണ്് അവിടത്തെ യാഥാര്‍ഥ്യങ്ങള്‍ പുറം ലോകം അറിയാതിരിക്കുന്നത്. ഗസ്സയെ നിശ്ശബ്ദമാക്കി ഇസ്രായേലിന് കൂട്ടക്കൊല നടത്താന്‍ പാകപ്പെടുത്തിയിരിക്കുകയാണ് ലോകത്തിലെ സൂപ്പര്‍ ശക്തി. നീതിക്കൊപ്പം ആര് നിലയുറപ്പിച്ചുവെന്നും ആരാണ് എതിര്‍ ചേരിയിലുണ്ടായിരുന്നതെന്നും ചരിത്രം അടയാളപ്പെടുത്തും.

കെന്നത്ത് ഒ കീഫ്  
മുന്‍ യു.എസ് മെറീന്‍

ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി (ഐ.ആര്‍.എ) എങ്ങനെയാണോ അയര്‍ലണ്ടില്‍ അതുപോലെയാണ് ഫലസ്ത്വീനില്‍ ഹമാസ്. ഇരു വിഭാഗവും സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഏര്‍പ്പെട്ടവരാണ്. നെല്‍സണ്‍ മണ്ടേലയും ഹമാസും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഏതെങ്കിലും അധിനിവേശ ശക്തി എന്റെ രാജ്യത്ത് വന്ന് അതിക്രമം കാണിച്ചാല്‍ മരണം വരെ ഞാന്‍ പോരാടും. അതു തന്നെയാണ് ഹമാസ് ചെയ്യുന്നത്.
(തന്റെ നികുതിപ്പണംകൊണ്ട് ലോകത്ത് അധിനിവേശവും കൊലയും നടത്തുന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പൗരത്വം ഉപേക്ഷിച്ചയാളാണ് ഒ കീഫ്).  

റബ്ബി യിസ്രയേല്‍ ഡോവിഡ് വെയിസ്സ്
ആക്ടിവിസ്റ്റ്

ജൂതായിസം എന്നത് ദൈവത്തിന് കീഴൊതുങ്ങി ജീവിക്കലാണ്. അതിന് മൂവായിരത്തിലേറെ വര്‍ഷം പഴക്കമുണ്ട്. എന്നാല്‍, സയണിസമെന്നത് 150 വര്‍ഷം മാത്രം പഴക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്. ഭൂമി പിടിച്ചടക്കാനുണ്ടാക്കിയ, ഭൗതികമായി മാത്രം ചിന്തിക്കുന്ന സംഘടനയാണത്. സ്റ്റാര്‍ ഓഫ് ഡേവിഡിനെ ദുരുപയോഗം ചെയ്യുകയാണ് സയണിസ്റ്റുകള്‍. ജൂതന്മാരും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒത്തൊരുമയോടെ ജീവിച്ചിരുന്നവരാണ്. ഈജിപ്ത്, മൊറോക്കോ, തുനീഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മുസ്‌ലിംകളും ജൂതന്മാരും സാഹോദര്യത്തോടെയാണ് ഇന്നും കഴിയുന്നത്. സയണിസത്തിന്റെ വരവോടെയാണ് വെറുപ്പ് പ്രചരിപ്പിക്കപ്പെടുന്നത്. ഇസ്രായേല്‍ എന്ന രാഷ്ട്രം തന്നെ അനധികൃതമാണ്. അതിന്റെ നിലനില്‍പിന് യാതൊരു അടിസ്ഥാനവുമില്ല.

ഡേവിഡ് ഹേസ്റ്റ്
മിഡില്‍ ഈസ്റ്റ് ഐ

ഇസ്രായേൽ ഒരേയൊരു ജൂത രാഷ്ട്രമെന്ന നിലപാടിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. 'ഭൂമിക്ക് പകരം സമാധാനം' എന്ന ആശയത്തെ അവര്‍ അട്ടിമറിച്ചിരിക്കുന്നു. ദ്വിരാഷ് ട്ര ഫോര്‍മുലയും അവര്‍ ഉപേക്ഷിച്ചിരിക്കുന്നു. നമ്മള്‍ ഇപ്പോഴുള്ളത് അപ്പാർത്തൈഡ് സ്റ്റേറ്റിലാണ്. പടിഞ്ഞാറിന് അതറിയാം. അവര്‍ മൗനം പാലിച്ചുകൊണ്ടേയിരിക്കും. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 31-33
ടി.കെ ഉബൈദ്

ഹദീസ്‌

ദുൻയാവും ആഖിറത്തും
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്