അപകർഷ ബോധവും സാംസ്കാരിക അധിനിവേശവും
മാൽക്കം എക്സ് തന്റെ ആത്മകഥയിൽ ഒരിടത്ത്, കറുത്ത വർഗക്കാർ തങ്ങളുടെ തലമുടി വെള്ളക്കാരുടേതു പോലെയാകാൻ നടത്തുന്ന ദീർഘവും കഠിനവും വേദനാപൂർണവുമായ ശ്രമത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്: "തലമുടി വെള്ളക്കാരുടേതു പോലെയാകുന്നത് മഹാ കാര്യമാണെന്ന് വിചാരിച്ച് ഞെളിഞ്ഞു നിൽക്കുന്ന പമ്പര വിഡ്ഢിയുടെ രൂപമാണ് കണ്ണാടിയിൽ തെളിഞ്ഞത്. എന്റെ തലമുടി ഇനി മേലിൽ ഇങ്ങനെത്തന്നെയായിരിക്കുമെന്ന് അന്ന് ഞാനൊരു പ്രതിജ്ഞയെടുത്തു. കൊല്ലങ്ങളോളം ഞാൻ അങ്ങനെത്തന്നെയായിരുന്നു. സ്വയം നിന്ദയിലേക്കുള്ള എന്റെ യാത്രയിലെ ആദ്യത്തെ ശരിയായ വലിയ കാൽവെപ്പായിരുന്നു ഇത്....കറുത്ത വർഗക്കാർ അധമന്മാരും വെള്ളക്കാർ കേമന്മാരുമാണെന്ന് വിശ്വസിക്കാൻ മാത്രം മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട എണ്ണമറ്റ നീഗ്രോ സ്ത്രീ-പുരുഷന്മാരുടെ കൂട്ടത്തിൽ ഞാനും ചേർന്നിരിക്കുന്നു. വെള്ളക്കാരുടെ മാനദണ്ഡങ്ങൾക്കൊത്ത രൂപലാവണ്യം കൈവരുത്താനുള്ള ശ്രമത്തിൽ, ദൈവം ഞങ്ങൾക്ക് കനിഞ്ഞുനൽകിയ ശരീരത്തിന് അംഗഭംഗം വരുത്താനും അതിനെ നശിപ്പിക്കാനും പോലും മടിയില്ലാത്തവരായിത്തീർന്നിരിക്കുന്നു ഇക്കൂട്ടർ.... തലമുടിയുടെ കാര്യത്തിൽ ചെലുത്തുന്ന ശ്രദ്ധയുടെ പകുതിയെങ്കിലും തലക്കുള്ളിലുള്ള തലച്ചോറിന് നൽകുകയാണെങ്കിൽ ഇപ്പോഴുള്ളതിനെക്കാൾ ആയിരം മടങ്ങ് മെച്ചപ്പെട്ട അവസ്ഥയിലായിരിക്കുമവർ."
വെള്ളക്കാർ, തങ്ങളാണ് ബുദ്ധിയും ചിന്തയും അറിവും യോഗ്യതയുമുള്ളവരെന്നും കറുത്തവർ കഴിവുകെട്ടവരും അപരിഷ്കൃതരും ഒന്നിനും കൊള്ളരുതാത്തവരുമാണെന്നും വ്യാപകമായി പ്രചരിപ്പിച്ചു. അത് കറുത്ത വർഗക്കാരെയും അഗാധമായി സ്വാധീനിച്ചു. തങ്ങൾ അധഃസ്ഥിതരും അധമരും വെള്ളക്കാരെപ്പോലെ മാറേണ്ടവരുമാണെന്ന് കറുത്തവർ ഉറച്ച് വിശ്വസിച്ചു. അതിനാൽ, തൊലി വെളുത്തവരെപ്പോലെയാകാൻ കറുത്തവർ കഠിനവും തീവ്രവുമായ ശ്രമങ്ങൾ നടത്തി. അവരുടെ വേഷവും ഭാഷാശൈലിയും ഹാവഭാവങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുകരിക്കാൻ പരമാവധി ശ്രമിച്ചു. അതോടെ അവർക്ക് തങ്ങളുടെ സ്വത്വം നഷ്ടപ്പെട്ടു; വെള്ളക്കാരെപ്പോലെയായതുമില്ല.
ഇതു തന്നെയാണ് പാശ്ചാത്യർ പൗരസ്ത്യരോട് അനുവർത്തിച്ച സമീപനവും. ശാസ്ത്രവും സാങ്കേതിക വിദ്യയും തങ്ങളുടെതാണെന്നും ഉന്നതമായ സംസ്കാരത്തിന്റെയും നാഗരികതയുടെയും അവകാശികൾ തങ്ങളാണെന്നും വ്യാപകമായി പ്രചരിപ്പിച്ചു. പൗരസ്ത്യർ പ്രാകൃതരും കാട്ടാള സമാനരും പരിഷ്കരിക്കപ്പെടേണ്ടവരും സംസ്കരിക്കപ്പെടേണ്ടവരുമാണെന്ന പൊതുബോധം വളർത്തി. അത് പൗരസ്ത്യരെയും ആഴത്തിൽ സ്വാധീനിച്ചു. തങ്ങൾ മോശക്കാരും ഒന്നിനും കൊള്ളാത്തവരുമാണെന്ന ധാരണ അവരിലും വളർന്നുവന്നു. ഇവ്വിധം ആത്മനിന്ദക്കും അപകർഷ ബോധത്തിനും അടിപ്പെട്ട അവർ മുഴു ജീവിതമേഖലയിലും പടിഞ്ഞാറിനെ അനുകരിച്ചു.
ഇന്ത്യയിലെ മേൽജാതിക്കാർ കീഴ്ജാതിക്കാരോട് പറഞ്ഞു: "ഞങ്ങൾ ദൈവത്തിന്റെ പ്രത്യേകക്കാരാണ്. ഭഗവാന്റെ ശിരസ്സിൽനിന്നും ചുമലിൽനിന്നും തുടയിൽനിന്നും സൃഷ്ടിക്കപ്പെട്ടവരാണ്. നിങ്ങൾ ഹീന ജാതിക്കാരാണ്. നിങ്ങൾ അങ്ങനെയാകാൻ കാരണം കഴിഞ്ഞ ജന്മത്തിലെ പാപ വൃത്തികളാണ്, നിങ്ങളുടെ തന്നെ കർമഫലമാണ്. അതുകൊണ്ടുതന്നെ നിങ്ങൾ നിന്ദ്യരും നീചരും നികൃഷ്ട ജീവികളുമാണ്. നിങ്ങളുടെ ധർമം ഞങ്ങളെ സേവിക്കലാണ്. ഞങ്ങളുടെ കൽപനകൾ നടപ്പാക്കലാണ്. നിങ്ങളുടെ വീടും വഴിയും വേഷവും ഭാഷയും ആചാരവും അനുഷ്ഠാനവുമൊന്നും ഞങ്ങളുടേത് പോലെയാകാൻ പാടില്ല. ഞങ്ങളുടെ കിണറുകളോ കുളങ്ങളോ വഴികളോ മറ്റു വസ്തുക്കളോ നിങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഞങ്ങളെ സംബന്ധിച്ചേടത്തോളം നിങ്ങൾ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാണ്."
ഈ പ്രചാരണത്തിനടിപ്പെട്ടവർ തങ്ങൾ അയിത്ത ജാതിക്കാരാണെന്ന് സ്വയം അംഗീകരിച്ചു. അവരിൽ അടിമ മനസ്സും അപകർഷ ബോധവും ആത്മനിന്ദയും രൂഢമൂലമായി. മേൽജാതിക്കാരുടെ കൽപനകൾ അക്ഷരംപ്രതി അനുസരിക്കാൻ തുടങ്ങി. അവരിലെ അറിവും ബോധവുമുള്ളവരുടെ ഏക മോഹം ജാതി മേധാവികളെപ്പോലെ ആകലായിരുന്നു; അത് തീർത്തും അസാധ്യമാണെങ്കിലും. അരികു വൽക്കരിക്കപ്പെട്ട കീഴ്ജാതിക്കാരുടെ അത്യുൽക്കടമായ ഈ ആഗ്രഹത്തെ ചൂഷണം ചെയ്താണ് ഇന്ത്യയിലെ സവർണരുടെ സംഘശക്തിയായ വർഗീയ ഫാഷിസ്റ്റുകൾ അവരെ കൂടെ കൂട്ടിയത്. മേൽജാതിക്കാരോടൊപ്പം പല ചടങ്ങുകളിലും വേദികളിലും പരിപാടികളിലും പങ്കാളികളാക്കിയതോടെ തങ്ങളും മേൽജാതിക്കാരെപ്പോലെയായെന്നും മഹത്വമാർജിച്ചുവെന്നും കീഴ്ജാതിക്കാർ തെറ്റിദ്ധരിച്ചു. യഥാർഥത്തിലവർ നേരത്തെ ഉണ്ടായിരുന്നതു പോലെത്തന്നെ സവർണ മേധാവികളുടെ ആജ്ഞാനുവർത്തികളും അടിമകളും പാദസേവകരുമായിത്തന്നെ തുടരുകയാണ്. ഹാവഭാവങ്ങളിലും രൂപഘടനകളിലും ഇരിപ്പിടങ്ങളിലും മറ്റും ചില മാറ്റങ്ങളുണ്ടായെന്ന് മാത്രം.
ഇപ്രകാരം തന്നെ പുരുഷ മേധാവിത്വം സ്ത്രീകളെ നിരന്തരം പറഞ്ഞ് പറ്റിച്ചു; പുരുഷന്മാരാണ് മികച്ചത്. അവരുടെ ജോലിയാണ് മഹത്തരം. വേഷമാണ് മാന്യം. നിങ്ങളുടെ പ്രത്യേകതയായ ഗർഭധാരണവും പ്രസവവും മുലയൂട്ടലും വളരെ മോശമാണ്. അസ്വാതന്ത്ര്യമാണ്. മാന്യതയ്ക്ക് ചേർന്നതല്ല. അതെല്ലാം ഒഴിവാക്കി ഞങ്ങളെപ്പോലെ വ്യവസായ ശാലകളിലും വ്യാപാര കേന്ദ്രങ്ങളിലും തെരുവുകളിലും അങ്ങാടികളിലും പോയി ജോലി ചെയ്യണം. ഞങ്ങളുടെ എല്ലാ തൊഴിലുകളും മഹത്തരമാണ്. അത് മറ്റുള്ളവരുടെ വാഹനം ഓടിക്കുന്ന ഡ്രൈവിംഗ് ആയാലും വാഹനം കഴുകി വൃത്തിയാക്കലായാലും ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യലായാലും അവിടെ വരുന്നവർക്കൊക്കെ ഭക്ഷണം വിളമ്പലായാലും അവർ കഴിച്ച പാത്രം കഴുകലായാലും അതൊക്കെയും മാന്യവും മികച്ചതുമായ ജോലിയാണ്. എന്നാൽ, നിങ്ങൾ വീടുകളിൽ ജീവിതപങ്കാളികൾക്കും മക്കൾക്കും ഭക്ഷണം ഉണ്ടാക്കലും അവ വിളമ്പിക്കൊടുക്കലും അവർ കഴിച്ച പാത്രം കഴുകലും ഹീനമായ തൊഴിലാണ്. ആണുങ്ങൾ മറ്റുള്ളവരുടെ വീടുകൾ സംരക്ഷിക്കുന്നതും പാറാവ് നിൽക്കുന്നതും നല്ലതും മാന്യവുമാണ്. എന്നാൽ, നിങ്ങൾ സ്ത്രീകൾ സ്വന്തം വീടുകൾ സംരക്ഷിക്കുന്നത് താഴ്ന്നതും നിലവാരമില്ലാത്തതുമായ പണിയാണ്. അതിനാൽ നിങ്ങൾ, എങ്ങനെയെങ്കിലും ഞങ്ങൾ പുരുഷന്മാർ ചെയ്യുന്ന ജോലികൾ നേടിയെടുക്കണം. അത് നേടലായിരിക്കണം നിങ്ങളുടെ ലക്ഷ്യം. എല്ലാ ശ്രദ്ധയും ശ്രമവും അതിനായിരിക്കണം. നിങ്ങളുടെ സൽവാറും കമ്മീസും സാരിയും പർദയും അഴിച്ചുമാറ്റി ഞങ്ങളുടെ പാന്റ്സും ഷർട്ടും ധരിക്കണം. തലമുടി മുറിച്ച് ഞങ്ങളെപ്പോലെയാകണം.
പുരുഷ മേധാവിത്വത്തിന്റെ നിരന്തരവും ആസൂത്രിതവുമായ ഈ പ്രചാരണം സ്ത്രീകളിൽ അറ്റമില്ലാത്ത അപകർഷ ബോധവും ആത്മനിന്ദയും വളർത്തി. തങ്ങൾ ആണുങ്ങളായി ജനിക്കാത്തതിൽ അങ്ങേയറ്റം ദുഃഖം അനുഭവിച്ചു. തങ്ങളുടെ ശരീരം പോലും ആണുങ്ങളുടേത് പോലെയാകണമെന്ന് ആഗ്രഹിച്ചു. ശസ്ത്രക്രിയയിലൂടെ അങ്ങനെയാകാൻ സാധിക്കാത്തവരും ആണുങ്ങളെപ്പോലെ ജീവിച്ചു. പുരുഷന്മാരെ പൂർണമായും അനുകരിച്ചും അനുധാവനം ചെയ്തും അവരോടൊപ്പം കഴിയാൻ തീരുമാനിച്ചു. പെണ്ണുങ്ങളോട് ചേർന്നിരിക്കൽ മോശമാണെന്നും ആണുങ്ങളോട് ചേർന്നിരിക്കുന്നതിലാണ് മഹത്വമെന്നും ഉറപ്പിച്ചു. അങ്ങനെ ലിംഗസമത്വം നേടിയതായി അവകാശപ്പെട്ടു.
ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കമായിത്തീർന്ന മുസ്്ലിംകളെയും കടുത്ത അപകർഷ ബോധവും ആത്മനിന്ദയും പിടികൂടി. മേധാവിത്വം പുലർത്തുന്ന സംസ്കാരത്തോടും നാഗരികതയോടും അങ്ങേയറ്റത്തെ അഭിനിവേശവും ആദരവും വളർന്നുവന്നു. സ്വന്തം ആദർശ വിശ്വാസത്തോടും ആചാരാനുഷ്ഠാനങ്ങളോടും മതപരമായ ചിഹ്നങ്ങളോടും ഇസ്്ലാമിക സംസ്കാരത്തോടും കടുത്ത പുച്ഛവും മതിപ്പുകേടും. മേധാവിത്വം പുലർത്തുന്ന വിഭാഗത്തിന്റെ ആചാരങ്ങളും ജീവിതരീതികളും സ്വീകരിക്കാനും പിന്തുടരാനുമായി അഭിനിവേശം. അങ്ങനെയാണ് സമുദായത്തിൽ ഇക്കാണുന്ന വിധം സാംസ്കാരിക അധിനിവേശം സംഭവിച്ചത്. ആരാധനയിൽ പോലും അനിസ്്ലാമിക രീതികൾ കടന്നുകൂടി. വിവാഹാഘോഷങ്ങളിലും ജന്മദിന പരിപാടികളിലും മാത്രമല്ല, പെരുന്നാൾ ആഘോഷങ്ങളിൽ പോലും ഇത് പ്രകടമാണ്.
സ്വന്തം ആദർശ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും നൈതിക മൂല്യങ്ങളെയും സംബന്ധിച്ച മതിപ്പുകേടും അപകർഷ ബോധവുമാണ് ആദർശ, വിശ്വാസ ദൗർബല്യങ്ങൾക്കും മൂല്യ നിരാസത്തിനും സാംസ്കാരിക അധിനിവേശത്തിനും വഴിയൊരുക്കുന്നത്.
ഇങ്ങനെ സംഭവിക്കാതിരിക്കാൻ വിശുദ്ധ ഖുർആൻ ഇസ്്ലാമിക സമൂഹത്തിൽ അന്തസ്സും ആത്മവിശ്വാസവും ആത്മാഭിമാനവും വളർത്താനാവശ്യമായ പാഠങ്ങൾ നൽകുന്നു. അല്ലാഹു പറയുന്നു: "നിങ്ങള്‍ ദുര്‍ബലരോ ദുഃഖിതരോ ആവരുത്. നിങ്ങള്‍ തന്നെയാണ് അത്യുന്നതര്‍; നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍!" (3: 139). ഏത് സാഹചര്യത്തിലും സത്യവിശ്വാസിയിൽ ഈ ഔന്നത്യബോധം നിലനിൽക്കണം. വിശ്വാസം, ജീവിതവീക്ഷണം,സ്വഭാവ മര്യാദകൾ, പെരുമാറ്റ രീതികൾ, ആരാധനാനുഷ്ഠാനങ്ങൾ, മൂല്യങ്ങൾ, മാനദണ്ഡങ്ങൾ, നീതി സങ്കൽപങ്ങൾ തുടങ്ങി മാനവതയുടെ സകല അടിസ്ഥാനങ്ങളിലും ഇസ്്ലാമിന്റെ ഔന്നത്യത്തെ പ്രതിനിധാനം ചെയ്യുന്ന വിശ്വാസി അപകർഷ ബോധത്തിനോ ആത്മനിന്ദക്കോ അടിപ്പെടരുതെന്ന ആഹ്വാനവും ഈ വിശുദ്ധ സൂക്തം ഉൾക്കൊള്ളുന്നു.
ഇസ്്ലാമിക സമൂഹത്തിൽ അർപ്പിതമായ ദൗത്യനിർവഹണത്തിനും ആത്മവിശ്വാസവും ആത്മാഭിമാനവും അനിവാര്യമാണ്. അതിനാലാണ് വിശുദ്ധ ഖുർആൻ ഇസ്്ലാമിക സമൂഹത്തെ ഇങ്ങനെ വിശേഷിപ്പിച്ചത്:
"മനുഷ്യസമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമായിത്തീര്‍ന്നിരിക്കുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു" (3: 110).
വിശ്വാസ ദൗർബല്യം കാരണമായി സമുദായത്തിൽ വളർന്നുവന്ന അപകർഷ ബോധത്തിനും ആത്മ നിന്ദക്കും അറുതി വരുത്തണമെങ്കിൽ അവരിൽ ഇസ്്ലാമിന്റെ സമാനതകളില്ലാത്ത മഹത്വത്തെയും നന്മയെയും മേന്മയെയും സംബന്ധിച്ച വിശ്വാസവും ബോധവും വളർത്തണം. അങ്ങനെ ചെയ്യുന്നതിലൂടെ മാത്രമേ, സമുദായത്തിൽ വ്യാപകമായിത്തീർന്ന സാംസ്കാരിക അധിനിവേശത്തെ ഫലപ്രദമായി ചെറുക്കാൻ സാധിക്കുകയുള്ളൂ. സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ആദർശ വിശ്വാസങ്ങളിലും ജീവിത മൂല്യങ്ങളിലും സാംസ്കാരിക പരിസരങ്ങളിലും നിലനിൽക്കുന്ന അധിനിവേശത്തെ പ്രതിരോധിക്കാതെ ഇസ്്ലാമിക സമൂഹത്തിന്റെ അതിജീവനം സാധ്യമാവുകയില്ല.
l
Comments