Prabodhanm Weekly

Pages

Search

2023 നവംബർ 10

3326

1445 റബീഉൽ ആഖിർ 26

ഡോ. മിസ്അബ് ഇരിക്കൂർ ഖുർആൻ ദർസിന്റെ കുറിപ്പടിയും പിടിച്ച് നാഥനിലേക്ക്

സി.കെ മുനവ്വിർ ഇരിക്കൂർ

ഡോ. മിസ്അബ് ഇരിക്കൂർ അല്ലാഹുവിന്റെ അലംഘനീയ വിധിക്ക് കീഴടങ്ങി 2023 ഒക്ടോബർ 7-ന് അവങ്കലേക്ക് മടങ്ങി. കർമോത്സുകതയുടെ നക്ഷത്ര തിളക്കം എന്നേക്കുമായി അണഞ്ഞുപോയെന്ന് ഇനിയും വിശ്വസിക്കാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കഴിഞ്ഞിട്ടില്ല. അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു എല്ലാവർക്കുമവൻ. പടച്ചവന്റെ കണക്കു ബുക്കിലെ അവധി തീരുമ്പോൾ അവൻ തിരിച്ചുവിളിക്കും. അവനുമായി കരാർ പൂർത്തീകരിച്ച് മുമ്പേ പറക്കുന്ന സംഘത്തെ കുറിച്ച് അവൻ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അവരിലൊരുവനായി ഡോ. മിസ്അബും.

കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിൽ കൂരാരിയിലാണ് ജനനം. ഇസ് ലാമിക പ്രസ്ഥാനത്തെ ഹൃദയത്തിലേറ്റിയ പി.പി.കെ അലി, എൻ. നജ്മ ദമ്പതികളുടെ അഞ്ച് ആൺമക്കളിൽ ആദ്യത്തെയാളാണ് മിസ്അബ് ഇരിക്കൂർ.

എ.എം.ഐ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും ഇരിക്കൂർ ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും കഴിഞ്ഞ ശേഷം  വാടാനപ്പള്ളി തളിക്കുളം ഇസ് ലാമിയാ കോളേജിലായിരുന്നു ഉപരി പഠനം. ബാല്യകാലത്തുതന്നെ പ്രസംഗകലയിലും അഭിനയ കലയിലും മികവ് പുലർത്തിയിരുന്ന മിസ്അബ് കഴിവുകളെ വളർത്താനുള്ള സുവർണാവസരമായി കോളേജ് പഠനകാലം പ്രയോജനപ്പെടുത്തി. അവധിക്കാലത്ത് നാട്ടിൽ വരുമ്പോൾ ചില നേരങ്ങളിൽ ഞങ്ങൾ രണ്ടു പേരും ചെറു യാത്രകൾ ചെയ്യാറുണ്ട്.

കണ്ണൂർ കോട്ടയോട് ചേർന്നുള്ള കടൽക്കരയിൽ ദീർഘസായാഹ്നം ചെലവഴിച്ചപ്പോൾ കവിതയെഴുത്തിന്റെ അറിയാവുന്ന ബാല പാഠങ്ങളാണ് പരസ്പരം പങ്കുവെച്ചത്. പഠന കാലത്ത് തന്നെ ഇസ് ലാമിക വിദ്യാർഥി പ്രസ്ഥാനത്തിൽ നേതൃപരമായ സാന്നിധ്യം അറിയിച്ചിരുന്നു. തുടർപഠനങ്ങളെയും കരിയറിനെയും കുറിച്ച് മികച്ച ചർച്ചകൾ നടക്കുന്ന കൂട്ടു കുടുംബമാണ് മിസ്അബിന്റേത്. അവരുടെ മാർഗനിർദേശവും കൂടിയാണ് മിസ്അബിനെ ഉപരി പഠനത്തിനായി ചെന്നൈയിലെത്തിച്ചത്. അവിടെ വിദ്യാർഥിയായിരിക്കെ എസ്. ഐ.ഒവിനെ നട്ടുവളർത്തുന്നതിലായിരുന്നു മുഴുസമയ ശ്രദ്ധ.

ഹ്രസ്വ സന്ദർശനാർഥം ചെന്നൈയിലെത്തിയ പി. മുജീബുർറഹ് മാൻ സാഹിബിനെ ഒരു ദിനം മുഴുവൻ കൊണ്ടുനടക്കുമ്പോൾ അദ്ദേഹത്തിന്റെ ചുറുചുറുക്കും ഉത്സാഹവും നേരിട്ടനുഭവിച്ചതിന്റെ മധുര സ്മരണകൾ അദ്ദേഹം പങ്കുവെച്ചതോർമിക്കുന്നു. പി.ജി യും എം.ഫിലും ചെന്നൈയിൽനിന്ന് പൂർത്തീകരിച്ചാണ് പി.എച്ച്.ഡിക്ക് ദൽഹി ജെ.എൻ.യുവിലെത്തിയത്. അവിടെയും പ്രസ്ഥാന പ്രവർത്തനങ്ങൾക്കും സംഘാടനങ്ങൾക്കും വേണ്ടത്ര സമയം കണ്ടെത്തി.

കുറഞ്ഞ കാലംകൊണ്ട് തന്നെഎസ്. ഐ.ഒവിന്റെ കേന്ദ്ര ശൂറാംഗമായി മിസ്അബ് തെരഞ്ഞെടുക്കപ്പെട്ടു.  അവിടെ താമസിക്കുന്ന കാലം വിഷൻ 2016-ന്റെ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്. ആ സമയങ്ങളിലാണ് 'മിസ്അബ് ഇരിക്കൂർ' എന്ന തൂലികാ നാമത്തിൽ ജമാഅത്തെ ഇസ് ലാമി ദേശീയ നേതാക്കളുടെ അഭിമുഖങ്ങൾ പ്രബോധനത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്.
പി.എച്ച്.ഡി കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ശേഷം അധ്യാപനം തെരഞ്ഞെടുക്കുകയായിരുന്നു. ജേണലിസത്തിൽ പി.എച്ച് .ഡി നേടിയിട്ട് ആ മേഖലയിലേക്ക് നീങ്ങാത്തതിനെ കുറിച്ച് ചോദിക്കുമ്പോൾ അധ്യാപനമാണ് തന്റെ പാഷൻ എന്ന് പങ്കുവെച്ചിട്ടുണ്ട്.  പെരിങ്ങോം ഗവ. കോളേജിൽ ജേണലിസത്തിൽ ഗസ്റ്റ് ലക്ചററായാണ് അധ്യാപനം തുടങ്ങിയത്.

വാദി ഹുദ വിമൻസ് അക്കാദമി, ഐഡിയൽ അറബിക് കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച കാലങ്ങൾ സ്മരണീയമാണ്. കാമ്പസ് ആക്ടിവിസത്തിലേക്ക് വിദ്യാർഥികളെ കൊണ്ടുവരുന്നതിന്  ധാരാളം പ്രോഗ്രാമുകൾ പ്രമുഖ ആക്ടിവിസ്റ്റുകളെ സംഘടിപ്പിച്ച് കോളേജുകളിൽ നടത്തിയിട്ടുണ്ട്.

ഈ അധ്യയന വർഷം മുതൽ ചുമതലയെടുത്ത കുറ്റ്യാടി ഐഡിയൽ കോളേജിലും ആ ദിശയിലേക്കുള്ള സഞ്ചാരമാർഗത്തിലിരിക്കെയാണ് വിധിക്ക് കീഴടങ്ങിയത്. മരണ ദിവസം നടന്നത് കോളേജ് മാഗസിന്റെ കവർ ചിത്ര പ്രകാശന ചടങ്ങായിരുന്നു. ഔദ്യോഗിക കൃത്യ നിർവഹണത്തോട് തികഞ്ഞ കണിശത കാണിക്കുകയും സ്നേഹ വാത്സല്യങ്ങളോടെ വിദ്യാർഥികളെ ചേർത്തു നിർത്തുകയും ചെയ്യുന്ന അധ്യാപന രസത്തിന്റെ മർമമറിഞ്ഞ നിഷ്കാമ കർമിയായ അധ്യാപകനായിരുന്നു മിസ്അബ്.

ഹൊറൈസൺ ഇംഗ്ലീഷ് സ്കൂളിന്റെ മാനേജ്മെന്റ് കമ്മിറ്റിയംഗം, അക്കാദമിക് ഡയറക്ടർ എന്നീ നിലകളിലുള്ള പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. സ്ഥാപനത്തിന്റെ വിഷനും മിഷനും സെറ്റ് ചെയ്യുന്നതിൽ അനൽപമായ പങ്കുവഹിച്ചിട്ടുണ്ട്. വിനയം, ലാളിത്യം, നിറചിരി, സൗമ്യത, ഗുണകാംക്ഷ, സ്ഥിരോത്സാഹം, ആത്മാർഥത, കുടുംബ സ്നേഹം എന്നിവ മിസ്അബിനെ വേറിട്ട് നിർത്തിയ ഗുണഗണങ്ങളാണ്. പട്ടാമ്പി എം.എൽ.എ മുഹ്സിൻ പി.ജി - പി.എച്ച്ഡി കാലത്ത് അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. മരണവാർത്തയറിഞ്ഞ് അദ്ദേഹത്തിന്റെ മുഖ പുസ്തകത്തിൽ സൗഹൃദത്തിന്റെ പരിമളത്തെ കുറിച്ച് വിസ്തരിച്ച് എഴുതിയിട്ടുണ്ട്.

"പ്രിയ സുഹൃത്ത് മിസ്അബ് നമ്മെ വിട്ടുപിരിഞ്ഞു എന്നത് വിശ്വസിക്കാനാവുന്നില്ല. മദ്രാസ് യൂനിവേഴ്സിറ്റിയിൽ ചേരാൻ ചെന്നൈയിലെത്തിയ സമയത്ത് ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ആദ്യമായി കാണുന്നത്. അന്ന് സംസാരിച്ചപ്പോൾ, ഒരുപാട് കാലമായി സുഹൃത്തുക്കളായിരുന്നു എന്ന അനുഭവമാണ് ഞങ്ങളുടെ പിന്നീടുള്ള ഒന്നിച്ചുള്ള യാത്രക്ക് കാരണം. "ഞാൻ ചേരുന്ന അതേ കോഴ്സിന് ചേരാൻ താൽപര്യം ഉണ്ടെങ്കിൽ വാ.." എന്ന് അന്ന് പറയുകയും ചെയ്തു. പിറ്റേ ദിവസം മിസ് അബ് വിളിക്കുകയും ഡിപ്പാർട്ട്മെന്റിൽ വന്ന് അപേക്ഷ കൊടുക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് മദ്രാസ് യൂനിവേഴ്സിറ്റിയിലെ എം.ഫിൽ കാലം ഞങ്ങളൊരുമിച്ചു ചെന്നൈയിലെ ഒരുപാട് പരിപാടികൾക്ക് പോവുകയും യാത്രകൾ നടത്തുകയും ചെയ്തു. പരസ്പരം കടപ്പെടുന്ന ഒരുപാട് നല്ല ഓർമകളുടെ കാലമാണ് പിന്നീടങ്ങോട്ട് ഞങ്ങൾക്കുണ്ടായത്. ഒരുമിച്ചാണ് ജെ.എൻ.യുവിൽ ചേരാൻ തീരുമാനിച്ചത്. ഒരുമിച്ചു ദൽഹിയിലെത്തിയ കാലവും, എല്ലാ അവധി ദിവസങ്ങളിലും ദൽഹിയിലെ വിവിധ സ്ഥലങ്ങൾ കാണാനിറങ്ങിയതുമെല്ലാം ആ നല്ല കാലത്തിന്റെ ഓർമകളാണ്.

മദ്രാസ് ക്ലബ്ബിന്റെ ഭാഗമായി മരുഭൂമിയിൽ നാലു ദിവസം ഒരുമിച്ച്, വാഗാ ബോർഡർ-ഗോൾഡൻ ടെമ്പിൾ-ജാലിയൻവാലാബാഗ് ... അങ്ങനെ പഠിക്കുന്ന കാലത്ത് നിരവധി സ്ഥലങ്ങളിൽ ഒരുമിച്ച് യാത്ര ചെയ്യുകയും പരസ്പരം സഹായിക്കുകയും സ്നേഹിക്കുകയും ചെയ്ത ആ നല്ല ഓർമകൾ മാത്രം ബാക്കി.. "
മറ്റൊരനുഭവമാണ് മരണ വിവരമറിഞ്ഞ് തൃശൂരിൽനിന്ന് വീട്ടിലെത്തിയ രാജീവേട്ടൻ പങ്കുവെച്ചത്.
''ഞാൻ ബസ്സിന്റെ ബോർഡ് വായിക്കാൻ കൂടി അറിയാത്ത നിരക്ഷരൻ. മോൾക്ക് ദൽഹിയിൽ അഡ്മിഷനെടുക്കേണ്ട അവസാന ദിവസം മിസ്അബിനെയാണ് മറ്റൊരാളിലൂടെ ബന്ധപ്പെട്ടത്. ഒരു ദിവസം മുഴുവൻ എന്നെയും കൂട്ടി മോളുടെ അഡ്മിഷൻ ശരിയാക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. നാട്ടിലെത്തിയപ്പോൾ തൃശൂരിലുള്ള എന്റെ വീട് തേടിപ്പിടിച്ചു വന്ന് സൗഹൃദം പുതുക്കി. അത്യപൂർവ വ്യക്തികൾക്ക് മാത്രം സാധ്യമാവുന്നതാണ് ഇത്രയും അഗാധമായ മനുഷ്യ ബന്ധം.''

മരണ വിവരമറിഞ്ഞത് മുതൽ നാടിന്റെ നാനാ ഭാഗത്തുനിന്നും ഒഴുകിയെത്തിയ പ്രസ്ഥാന നേതാക്കളും പ്രവർത്തകരും സഹപാഠികളും വിദ്യാർഥികളും തെളിമയാർന്ന ആ ജീവിതത്തിന്റെ മഹത്വമാണ് പങ്കു വെച്ചത്. ഒക്ടോബർ 7, 8 തീയതികളിൽ അവനെ അറിയുന്നവരുടെ മുഖ പുസ്തകം നിറയെ ഡോ. മിസ്അബായിരുന്നു.

പ്രിയപ്പെട്ടവളോട്, ചേതനയറ്റ മേനി കണ്ട് കരയരുതെന്നും തന്റെ അധ്വാന വിഹിതം കൊണ്ട് കഫൻ പുടവ വാങ്ങണമെന്നും പറഞ്ഞതറിയുമ്പോൾ എല്ലാം മുൻകൂട്ടി മാലാഖ വന്ന് അവന്റെ കാതിൽ പറഞ്ഞിരുന്നു എന്നല്ലാതെ മറ്റെന്താണ് നമുക്ക് വിശ്വസിക്കാനാവുക.

കുടുംബം മിസ്അബിന്റെ പ്രധാന കൺസേണായിരുന്നു. ജോലി നോക്കിയ ഇടങ്ങളിൽ കുടുംബത്തോടൊപ്പം കഴിയാൻ സൗകര്യം ചോദിച്ചു വാങ്ങിയിട്ടുണ്ട്. ഒടുവിൽ അനുജൻ മുബശ്ശിറുമായി സംസാരിച്ചതും, സഹോദരങ്ങളും അവരുടെ കുടുംബവും മാതാപിതാക്കളുമൊത്തുള്ള ദീർഘയാത്രയെക്കുറിച്ചാണ്.

'വന്നു കണ്ടവർ മണ്ണിട്ട് മണ്ണിട്ട് നിന്റെ മീസാൻ കല്ല് നിറഞ്ഞതു പോലെ എന്റേതും നിറഞ്ഞെങ്കിൽ' എന്ന് പ്രിയ കവി കൂടിയായ ജമീൽ അഹ്്മദ് കുറിച്ചത് അക്ഷരം പ്രതി ശരിയാണ്.

അത്രയധികമുണ്ടായിരുന്നു ഒഴുകിയെത്തിയ ജനാവലി; വിശേഷിച്ച് ചെറുപ്പം. സ്വർഗത്തിലേക്ക് യാത്രയായ മദീനയിലെ മുസ്വ്അബിനോടാണ് മിസ്അബ് ഇരിക്കൂറിനെ അധിക പേരും ഉപമിച്ചത്.
ചേതോഹരമായ മരണമുഹൂർത്തങ്ങൾ ഓർത്തെടുത്ത്, എത്ര മനോഹരമീ യാത്ര എന്ന് പറയാത്തവരാരുമില്ല. പിറ്റേ ദിവസം നടക്കേണ്ട പ്രസ്ഥാന കൺവെൻഷനിൽ അവതരിപ്പിക്കേണ്ട ഖുർആൻ ദർസിനും, വൈകുന്നേരമുള്ള 'വെളിച്ചമാണ് തിരുദൂതർ' എന്ന പ്രഭാഷണത്തിനുമുള്ള കുറിപ്പടികൾ തയാറാക്കവെയാണ് കുഴഞ്ഞു വീണത് ....


ശ്വാസം നിലക്കുമ്പോൾ നെഞ്ചകം നിറയെ ഖുർആനും റസൂലും ...
ആർക്കാണ് ഈ യാത്രയോട് അസൂയ തോന്നാതിരിക്കുക ...
ആരാണ് ഈ മരണം കൊതിക്കാതിരിക്കുക .. 
എല്ലാ വേദനയും കടിച്ചിറക്കി സമാധാനപ്പെടാൻ കുടുംബത്തിന് അന്ത്യനിമിഷ ഒരുക്കങ്ങൾ ധാരാളം മതിയാവും ....

ഒമ്പതും അഞ്ചും മൂന്നും വയസ്സുള്ള പിഞ്ചു പൈതങ്ങൾക്ക് നാഥനെ കാവലാക്കിയാണ് മിസ്അബ് പോയത്. നാഥാ ... കാവൽ നൽകി സഹായിക്കേണമേ ... l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 31-33
ടി.കെ ഉബൈദ്

ഹദീസ്‌

ദുൻയാവും ആഖിറത്തും
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്