Prabodhanm Weekly

Pages

Search

2023 നവംബർ 10

3326

1445 റബീഉൽ ആഖിർ 26

അത് കേവലം നാക്കു പിഴയല്ല, മിസ്റ്റർ തരൂർ!

ബശീർ ഉളിയിൽ

“കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തി 1400 പേരെ കൊന്നു. 200 പേരെ ബന്ദികളാക്കി. അതിന്റെ മറുപടിയായി ഇസ്രായേല്‍ 6000 പേരെ കൊന്നു.

മനുഷ്യാവകാശത്തിന്റെ ഏറ്റവും മോശമായ ദുരന്തമാണ് അവിടെ നടക്കുന്നത്.” (ഹമാസ് ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രായേലിന്റെ പ്രത്യാക്രമണം അതിരു കടന്നത് -  ശശി തരൂര്‍- ഇന്ത്യന്‍ എക്സ്പ്രസ് – 26-10-2023). മുസ്‌ലിം ലീഗധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ‘ഫാതിഹ’യോടും, ഖുദ്സിന്റെ വിമോചനത്തിനും പിറന്ന മണ്ണിനു മേലുള്ള ജന്മാവകാശത്തിനു വേണ്ടി പോരാടുന്ന ഹമാസിന്റെ വിജയത്തിനു വേണ്ടിയുള്ള പ്രാർഥനയോടും കൂടി കഴിഞ്ഞ വാരം കോഴിക്കോട് കടപ്പുറത്ത് നടന്ന മുസ്‌ലിം ലീഗിന്റെ ‘ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ റാലി’യിലെ മുഖ്യ പ്രഭാഷകന്‍ ഡോ. ശശി തരൂരാണ്‌, ‘എത്ര വലിയ അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയാലും ഓരോ മനുഷ്യന്റെയും ഉള്ളില്‍ ഒരു ‘ശശി’ ഉണ്ട് എന്ന ‘ന്യൂ ജെന്‍’ ചൊല്ലിനെ അന്വർഥമാക്കിക്കൊണ്ടു ലീഗിന് പണി കൊടുത്തത്. ‘പൊരുതുന്ന പാലസ്തീന്‍’ രചിച്ച സുജനപാല്‍ എന്ന കോണ്‍ഗ്രസ്സുകാരന്റെ നാടായ കോഴിക്കോട്ടു വെച്ചാണ് ഫലസ്ത്വീന്‍ പോരാളികളെ ശശി തരൂര്‍ ഭീകരവത്കരിച്ചത്.

അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യ സമരമാണ് ഫലസ്ത്വീനികള്‍ നടത്തുന്നത് എന്ന് അബ്ദുസ്സമദ് സമദാനിയും ‘പ്രതിരോധം ഭീകരവാദമല്ലെ’ന്നു ഡോ. എം.കെ മുനീറും അതേ വേദിയില്‍നിന്ന് തരൂരിനെ തിരുത്തി. സംഭവം വിവാദമായപ്പോള്‍ തന്റെ പ്രസംഗത്തിലെ ഒരൊറ്റ വാക്ക് എടുത്ത് വിമര്‍ശിക്കരുതെന്നും താനെപ്പോഴും ഫലസ്ത്വീനികള്‍ക്ക് ഒപ്പമാണെന്നും തുടര്‍ വിശദീകരണം നടത്തിയ തരൂര്‍ ഹമാസില്‍ ചാര്‍ത്തിയ ഭീകര മുദ്ര മായാതിരിക്കാന്‍ വാക്കുകളില്‍ അപ്പോഴും ‘കരുതല്‍’ കാണിച്ചു.

മൃദു ഹിന്ദുത്വവും സയണിസ്റ്റ് സഹാനുഭൂതിയും സമാസമം സിരകളില്‍ ഒഴുകുന്ന ഒരാള്‍ക്ക് ‘ഹമാസി’ന്റെ തിരിച്ചടിയില്‍ അരോചകത്വവും  ഇസ്രായേല്‍ കൂട്ടക്കൊലയില്‍ ‘അസാധാരണ തൽപരത്വ’വും  തോന്നും  എന്നതിന് ചരിത്രം സാക്ഷി; 14 വര്‍ഷം മുമ്പുള്ള ഇസ്രായേലി പത്രം ഹാരറ്റ്സ് സാക്ഷി. ‘ഭീകര’ വിഷയത്തില്‍ ഇന്ത്യക്ക് മറ്റൊരു ഇസ്രായേല്‍ ആവാന്‍ കഴിയാത്തതില്‍ ഇസ്രായേലിനോട്  അസൂയ പൂണ്ട ദേഹമാണ് ഈ മുന്‍ യു.എന്‍ നയതന്ത്രജ്ഞന്‍. “ഇസ്രായേലി വിമാനങ്ങളും ടാങ്കുകളും ഗസ്സയില്‍ നാശം വിതയ്ക്കുമ്പോള്‍ ഇന്ത്യയുടെ നേതാക്കളും യുദ്ധ ചിന്തകരും അസാധാരണ താൽപര്യത്തോടും അൽപം സഹാനുഭൂതിയോടെയുമാണ് അതിനെ നോക്കിക്കാണുന്നത്. ഹമാസ് നിയന്ത്രിത പ്രദേശത്തുനിന്ന് ഭീകരര്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ ഭീതിയില്‍ വേദന പേറുന്ന ഇന്ത്യയിലെ ധാരാളം ആളുകള്‍ എന്തുകൊണ്ട് ഇന്ത്യയ്ക്കിത് ചെയ്തുകൂടാ എന്ന് ചോദിച്ചുകൊണ്ടിരിക്കുന്നു.” (India’s Israel Envy – Shashi Tharoor – Haaretz 23-1-2009). സി.പി.എമ്മിലെ എം. സ്വരാജ് പറഞ്ഞതു പോലെ, “വാക്കുകള്‍ക്ക് അർഥമുണ്ടെന്ന് അറിയാത്ത ആളല്ല ശശി തരൂര്‍. ഒക്ടോബര്‍ ഏഴാം തീയതിയല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. എന്നിട്ടും ഇസ്രായേല്‍ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ്‌ നേതാവിന് കഴിയുന്നില്ല” (എം. സ്വരാജ് – ഫേസ് ബുക്ക് പോസ്റ്റ്‌).
ഫലസ്ത്വീന്‍ വിമോചനപ്പോരാട്ടം സമം ഭീകരത എന്നത് കൃത്യമായും ഇസ്്ലാമോഫോബിക് സമവാക്യമാണ്, സംഘ് പരിവാര്‍ നരേറ്റീവാണ്.  ഇടതുപക്ഷം നേരത്തെ തന്നെ കാപട്യമില്ലാത്ത  നിലപാടാണ് ഫലസ്ത്വീന്‍ വിഷയത്തില്‍ കൃത്യമായും സ്വീകരിച്ചുവന്നത്. ‘ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കും ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കും ഉള്ള അതേ അർഥത്തില്‍ ഫലസ്ത്വീന്‍ അറബികളുടെതാണ്’ എന്ന ഗാന്ധിജിയുടെ നിലപാടാണ് ഒടുവിലത്തെ വര്‍ക്കിംഗ് കമ്മറ്റിയിലടക്കം സംഘടനാ തലത്തില്‍ കോണ്‍ഗ്രസും ആവര്‍ത്തിച്ചത്. എന്നാലും ചില കോണ്‍ഗ്രസ്സുകാരെങ്കിലും ഇത്തരം വിഷയങ്ങളില്‍ ചിലപ്പോഴെങ്കിലും  വെറും ‘കോങ്കര്‍സ്’ ആയിപ്പോകുമ്പോള്‍ സ്ഥലജല വിഭ്രമത്തില്‍ പെട്ടുപോകുന്നത്  അന്ധഭക്തരായ അണികളാണ്. രണ്ടു പതിറ്റാണ്ട് മുമ്പ്  കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയും എം.കെ മുനീര്‍ പൊതുമരാമത്ത് മന്ത്രിയുമായ എ.കെ ആന്റണി മന്ത്രിസഭയില്‍ കോണ്‍ഗ്രസ്സിന്റെ ടൂറിസം മന്ത്രി കെ.വി തോമസ്‌ ‘സയണിസ്റ്റ് ബുള്‍ഡോസര്‍’ ഏരിയല്‍ ഷാരോണിനെ മുഖ്യമന്ത്രി പോലുമറിയാതെ  ദില്ലിയില്‍ കുതിച്ചെത്തി  ഉപഹാരം നല്‍കി ആദരിച്ചത് കേരളം മറന്നിട്ടില്ല. അടല്‍ ബിഹാരി വാജ്പേയ് ആയിരുന്നു അന്ന് പ്രധാനമന്ത്രി. ഷാരോണും  വാജ്പേയിയും ചരിത്രത്തിന്റെ വിസ്മൃതിയില്‍ മറഞ്ഞു. ‘കൈ’ വിട്ടു വഴിയാധാരമായ കെ.വി തോമസ്‌ ‘ഇടതോരം’ ചേര്‍ന്നു ഇടതു കേരളത്തിന്റെ വക്താവായി ഇന്ദ്രപ്രസ്ഥനസ്ഥനുമായി.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മുതിര്‍ന്ന നേതാക്കളായ രമേശ്‌ ചെന്നിത്തല, കെ. സുധാകരന്‍, കോഴിക്കോട്ടുകാരന്‍ തന്നെയായ കെ. മുരളീധരന്‍ എന്നിവരെയും ഒഴിവാക്കി ‘ദില്ലി നായരെ’ കടപ്പുറത്തെത്തിച്ചതിന്റെ രാഷ്ട്രീയ ലാക്ക് എന്തു തന്നെയായാലും ‘രാജ്യാന്തര തലത്തില്‍ ലീഗിന്റെ റാലിക്ക് ശ്രദ്ധ ലഭിക്കാന്‍’ (പി.കെ കുഞ്ഞാലിക്കുട്ടി – മാതൃഭൂമി 27-10-23) വേണ്ടിയാണ് അത് ചെയ്തത് എന്നാണ് ലീഗിന്റെ തന്നെ ഔദ്യോഗിക  ഭാഷ്യം. ആ അർഥത്തില്‍ വന്‍ വിജയം തന്നെയായിരുന്നു മുസ്‌ലിം ലീഗിന്റെ റാലി. കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തിന്റെ ഫ്രെയിമില്‍ ഒതുങ്ങാത്ത അന്താരാഷ്ട്രീയക്കാരനാണ് താനെന്നു പലപ്പോഴും വാചാ കര്‍മണാ തെളിയിച്ചയാളാണ് ഡോ. ശശി തരൂര്‍. ഫലസ്ത്വീനോടൊപ്പം തന്നെ ഇസ്രായേലിനാല്‍ ബന്ദിയാക്കപ്പെട്ട ഐക്യരാഷ്ട്ര സഭയില്‍ വാര്‍ത്താ വിനിമയവും പബ്ലിക് ഇന്‍ഫര്‍മേഷനും കൈകാര്യം ചെയ്ത ഒരന്താരാഷ്ട്രീയ വ്യക്തിത്വത്തില്‍നിന്ന് ഹമാസിനെ പരാമര്‍ശിക്കുമ്പോള്‍ ‘ഭീകരത’  എന്ന പദം അറിയാതെ വന്നുപോകുന്നത് കേവലമൊരു നാക്കുപിഴയല്ല. 'ഹമാസ് ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ല' എന്ന യു.എന്‍ സെക്രട്ടറി ജനറല്‍ ഗുട്ടറസിന്റെ ഉശിര്, പഴയ അണ്ടര്‍ സെക്രട്ടറിക്കും ഉണ്ടാവണമെന്ന് വാശി പിടിക്കേണ്ടതുമില്ല. ‘അന്താരാഷ്‌ട്ര മീഡിയാ കവറേജ്’ മാത്രം ആഗ്രഹിച്ചു അത്തരമൊരാളെ ഇത്തരം വിഷയങ്ങളില്‍ മുഖ്യ പ്രസംഗം നടത്താന്‍ ഏൽപിച്ചവരാണ് ശരിക്കും ഇവിടെ ‘ശശി’യായത്.   

പുറം തോടില്‍ മതേതരമായിരിക്കുമ്പോഴും ഇസ്‌ലാമാണ് എക്കാലത്തും ലീഗിന്റെ ഉള്ളടക്കം. രാഷ്ട്രീയ നേതൃത്വം തന്നെയാണ് ലീഗണികളുടെ ആത്മീയ നേതൃത്വവും. ‘ജനാധിപത്യ സമൂഹത്തില്‍ മുസ്‌ലിം ന്യൂനപക്ഷം സ്വത്വാധിഷ്ഠിതമായി സംഘടിക്കേണ്ടതുണ്ട്’ എന്ന ആശയാടിത്തറയില്‍ രൂപവത്കൃതമായ മുസ്‌ലിം ലീഗ് നയങ്ങളിലും നിലപാടുകളിലും മുറുകെ പിടിക്കുന്ന ആശയം ഇസ്‌ലാമികത തന്നെയാണ് എന്ന് മുഹമ്മദ്‌ ഇസ്മാഈല്‍ സാഹിബ് മുതല്‍ ലീഗിന് ഇപ്പോള്‍ സാരഥ്യം വഹിക്കുന്ന പാണക്കാട് തങ്ങള്‍ കുടുംബം വരെ പലവുരു പല രൂപത്തില്‍ വെളിപ്പെടുത്തിയതാണ്. കെ.എം മൗലവിയും ബാഫഖി തങ്ങളും ഉള്‍ക്കൊള്ളുന്ന ‘കേരളീയ ഇസ്‌ലാമി’ലെ രണ്ടു പ്രബല ധാരകളുടെ രാഷ്ട്രീയ ഉരുക്കുമൂശ (Political Melting Pot) കൂടിയാണ് മുസ്‌ലിം ലീഗ്.  അതുകൊണ്ട് തന്നെ മറ്റു മുസ്‌ലിം സംഘടനകളെ പോലെ ലീഗിനെ സംബന്ധിച്ചേടത്തോളവും രാഷ്ട്രീയ വിഷയം എന്നതുപോലെ തന്നെ ഖുദുസുമായി ബന്ധപ്പെട്ട ആത്മീയ വിഷയം കൂടിയാകുന്നു ഫലസ്ത്വീന്‍. ഫലസ്ത്വീന്‍ വിഷയത്തില്‍ തങ്ങള്‍ വിളിച്ചപ്പോള്‍ അണികള്‍ കടലായി വന്നതും അതുകൊണ്ടു തന്നെ. ലീഗില്‍ വര്‍ഗീയതയും സാമുദായിക വാദവും ആരോപിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ പലപ്പോഴും ഉദ്ധരിക്കുന്നതും നേതാക്കളുടെ ആത്മീയ പ്രചോദിതങ്ങളായ പ്രസ്താവനകളാണ് താനും.  ഫലസ്ത്വീന്‍ റാലി നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു പ്രാദേശിക മുസ്‌ലിം ലീഗ്  പരിപാടിയില്‍ ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നടത്തിയ പ്രസ്താവന ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ്. “പ്രതിസന്ധികള്‍ വന്നുകൊണ്ടിരിക്കും. അതില്‍ പതറി നമ്മള്‍ പിന്നോട്ട് പോകാന്‍ പാടില്ല. പതറാതെ പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കണം. നമ്മുടെ നേതാക്കള്‍ ഏല്‍പിച്ച ഈ ഹരിത പതാകയുടെ തണല്‍ നമുക്ക് എന്നുമുണ്ടാകും. ‘അര്‍ശി’ന്റെ തണലിലേക്ക് വരെ അത് മുസ്‌ലിം സമുദായത്തെ നയിക്കുമെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോവുക” (ലീഗിന്റെ ഹരിത പതാക പരലോക വിജയത്തിന് സഹായകരമാകുമെന്ന് സാദിഖലി തങ്ങള്‍ - മാതൃഭൂമി – 11-10-23). l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 31-33
ടി.കെ ഉബൈദ്

ഹദീസ്‌

ദുൻയാവും ആഖിറത്തും
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്