Prabodhanm Weekly

Pages

Search

2023 നവംബർ 10

3326

1445 റബീഉൽ ആഖിർ 26

സ്വവർഗ വിവാഹത്തിന് നിയമ സാധുതയില്ല

സഈദ് പൂനൂർ

ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ ഭൂരിപക്ഷ വിധിയിൽ സുപ്രീം കോടതി തള്ളിയതോടെ  സ്വവർഗ ദമ്പതികൾക്ക് വിവാഹം ചെയ്യാനോ സിവിൽ യൂനിയൻ നടത്താനോ ഉള്ള അവകാശം നിയമവിരുദ്ധമായിരിക്കുകയാണ്.  സ്വവർഗ വിവാഹത്തിന് നിയമപരമായ പ്രാബല്യം കൂടി ലഭിച്ചാൽ  സദാചാര മൂല്യങ്ങളും ധാർമിക വ്യവസ്ഥിതിയും  വഴിമാറുമെന്ന സൂചന കോടതി തന്നെ നൽകുന്നുണ്ട്. യാഥാർഥ്യവും വസ്തുതയും പാശ്ചാത്യ രാജ്യങ്ങളുടെ അനുഭവപാഠവും അങ്ങനെയായതിനാൽ  ഈ വിവാഹത്തിന് നിയമ പരിരക്ഷ നൽകാതിരുന്ന കോടതിയുടെ നിലപാട് സ്വാഗതാർഹമാണ്.

സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കപ്പെടണമെന്ന് അടുത്തിടെ പോപ്പ് ഫ്രാൻസിസ് അഭിപ്രായപ്പെട്ടിരുന്നു. പോപ്പിന്റെ നിലപാടിനെ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും സ്വാഗതം ചെയ്തത് പാശ്ചാത്യ മീഡിയ ആഘോഷമാക്കി. നിലവിൽ സ്വവർഗ വിവാഹത്തിന് നിയമപരിരക്ഷ ലഭിച്ചില്ലെങ്കിലും ഇന്ത്യയിൽ ഇത്തരം വിവാഹങ്ങൾക്ക് മൂന്നു പതിറ്റാണ്ടിലേറെ ചരിത്രമുണ്ട്. 1987-ൽ ഇന്ത്യയിലെ രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ വിവാഹം കഴിച്ചതായി നാഷ്നൽ പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. റൂത്ത് വനിതയും സലിം കിദ്വായിയും ചേർന്ന് എഡിറ്റ് ചെയ്ത് 2000-ത്തിൽ പുറത്തിറങ്ങിയ ‘Same Sex Love in India: Readings From Literature and History’ എന്ന പുസ്തകത്തിൽ ഇന്ത്യയിലെ സ്വവർഗ വിവാഹങ്ങളുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് സ്വവര്‍ഗ ദമ്പതിമാര്‍ക്ക് വിവാഹത്തിനുള്ള അനുമതി നിഷേധിക്കരുതെന്നും ദ്വിലൈംഗികത (Heterosexuality) പുലര്‍ത്തുന്നവരുടേത് പോലെ സ്വവര്‍ഗ വിവാഹത്തിനും ജുഡീഷ്യറി സാധുത നല്‍കണമെന്നുമുള്ള ആവശ്യം  മുമ്പേ ഉന്നയിക്കപ്പെട്ടിരുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തിച്ചേരും എന്ന് പ്രതീക്ഷിച്ച് നിരവധി ഹരജികൾ കോടതിക്ക് സമർപ്പിക്കപ്പെടുകയും ചെയ്തു. പക്ഷേ, ഇതിന്റെ പ്രത്യാഘാതങ്ങൾ സംബന്ധമായ വസ്തുനിഷ്ഠ പഠനങ്ങളും ഡാറ്റയും ഈ വാദങ്ങളുടെ നിരർഥകത ബോധ്യപ്പെടുത്തുന്നവയാണ്.

2022 നവംബര്‍ 14-നാണ് സ്വവര്‍ഗ ദമ്പതികളായ സുപ്രിയോ ചക്രബര്‍ത്തി- അഭയ് ദാങ്, പാര്‍ത് ഫിറോസ് മെഹ്റോത്ര- ഉദയ് രാജ് ആനന്ദ് എന്നിവര്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കുന്നത്.  പ്രത്യേക വിവാഹനിയമത്തിലെ സെക്്ഷന്‍ 4 വിവാഹത്തെ കുറിച്ചാണ്‌.  വിവാഹിതരായവര്‍ക്ക് രാജ്യം അനുവദിക്കുന്ന അവകാശങ്ങള്‍ സ്വവര്‍ഗ ദമ്പതിമാര്‍ക്ക് നിഷേധിക്കുന്നുവെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. 377-ാം വകുപ്പ് കോടതി റദ്ദാക്കിയെങ്കിലും പല നിയമപരിരക്ഷകളും നിഷേധിക്കപ്പെടുന്നെന്ന് ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു. 1995-ലെ ഹിന്ദു വിവാഹനിയമം, 1969-ലെ വിദേശ വിവാഹനിയമം എന്നിവയും പരിഗണിക്കണമെന്ന ആവശ്യമുയര്‍ന്നു. രാജ്യത്ത് വിവാഹത്തിനായി നിലനില്‍ക്കുന്ന വിവിധ വ്യക്തിനിയമങ്ങളിലെ അപാകതകളുള്‍പ്പെടെ 21 ഹരജികളാണ് ഇതിനോടൊപ്പം ചേര്‍ത്ത് കോടതി പരിഗണിച്ചത്. കൂടാതെ 1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം 21 വയസ്സ് കഴിഞ്ഞ പുരുഷന്നും 18 വയസ്സ് കഴിഞ്ഞ സ്ത്രീക്കും വിവാഹിതരാകാം. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം എന്നത് മാറ്റി ലിംഗ സമത്വം ഉറപ്പാക്കുന്നതിനായി രണ്ട് വ്യക്തികൾ തമ്മിലുള്ള വിവാഹമെന്ന ആവശ്യം പരിഗണിക്കുമെന്നാണ് ഹരജികളിൽ വാദം കേട്ട വേളയിൽ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചത്. സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് സ്പെഷ്യൽ മാര്യേജ് ആക്ടിലെ 'പുരുഷനും സ്ത്രീയും' എന്നത് 'വ്യക്തി' എന്നും 'ഭർത്താവും ഭാര്യയും' എന്നത് 'ദമ്പതിമാർ' എന്നും ആക്കണമെന്നായിരുന്നു ഹരജിക്കാരുടെ പ്രധാന വാദം.

സെൻസിറ്റീവായ വിഷയമായതിനാൽ മതങ്ങളുടെ വ്യക്തിനിയമങ്ങളിലേക്ക് കടക്കാതെ, സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി നല്‍കാനാകുമോയെന്ന വിഷയമാണ്  സുപ്രീം കോടതി പരിശോധിച്ചത്.  2022 നവംബര്‍ 25-ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്‌, ജസ്റ്റിസ് ഹിമ കോലി എന്നിവരടങ്ങുന്ന ബെഞ്ച് ഹരജികളില്‍ കേന്ദ്രം പ്രതികരണമറിയിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഇന്ത്യന്‍ കുടുംബസങ്കൽപത്തിനും പാരമ്പര്യത്തിനും എതിരാണെന്നതിനാല്‍ സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി നല്‍കരുതെന്ന നിലപാടാണ് ആദ്യമേ കേന്ദ്രം സ്വീകരിച്ചത്.

നിലവിൽ ഇന്ത്യയിൽ വിവാഹം റജിസ്റ്റർ ചെയ്യുന്നതിൽ വ്യത്യസ്ത നിയമങ്ങളാണ് നിലനിൽക്കുന്നത്. ഒരേ മതത്തിലുള്ളവർ തമ്മിലുള്ള വിവാഹം അവർക്കു ബാധകമായ വ്യക്‌തിനിയമ പ്രകാരവും, വ്യത്യസ്‌ത മതവിഭാഗത്തിലുള്ളവർ തമ്മിലുള്ള വിവാഹം 1954-ലെ സ്‌പെഷ്യൽ മാര്യേജ് ആക്‌ട് അനുസരിച്ചുമാണ് റജിസ്‌റ്റർ ചെയ്യേണ്ടത്. ക്രിസ്ത്യൻ മാര്യേജ് ആക്ട്, ഹിന്ദു മാര്യേജ് ആക്ട്, പാഴ്സി മാര്യേജ് ആക്ട്, ആനന്ദ് മാര്യേജ് ആക്ട്, മുസ്‌ലിം വ്യക്തിനിയമം തുടങ്ങിയവ അനുസരിച്ചാണ് ഒരേ മതവിഭാഗത്തിലുള്ളവർ തമ്മിലുള്ള വിവാഹം റജിസ്റ്റർ ചെയ്യുന്നത്. ഹിന്ദു വിവാഹ നിയമപ്രകാരം വധുവെന്നതിന്റെ വിവക്ഷയിൽ ട്രാൻസ്‌വുമണും ഉൾപ്പെടുമെന്ന് 2019-ൽ മദ്രാസ് ഹൈക്കോടതി  വ്യക്തമാക്കിയിരുന്നു. വധുവെന്നതുകൊണ്ട് അർഥമാക്കുന്നത് സ്ത്രീയെയാണെന്നും ട്രാൻസ്‌വുമണിനെ ഇതിൽ പരിഗണിക്കാനാവില്ലെന്നുമുള്ള വാദം കോടതി തള്ളി. നിയമത്തിനു മുന്നിൽ എല്ലാ പൗരന്മാരും തുല്യരാണെന്നും ട്രാൻസ്‌വുമണിനു മാത്രമായി അതു നിഷേധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

 സ്വവർഗ വിവാഹത്തിന് നിയമാനുമതി നൽകാനാവില്ലെന്നതുൾപ്പെടെ ഒട്ടുമിക്ക വിഷയങ്ങളിലും സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ യോജിപ്പുണ്ടായിട്ടുണ്ട്. അതേസമയം, സ്വവർഗ ദമ്പതിമാർക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം സംബന്ധിച്ച് മാത്രമാണ് മുഖ്യമായും ഭിന്ന വിധിയുണ്ടായത്. ദത്തെടുക്കാൻ അവകാശം നൽകാനാവില്ലെന്ന് ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ് നരസിംഹ എന്നിവരുടെ ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് എസ്.കെ കൗളും എഴുതിയ ന്യൂനപക്ഷ വിധിയിൽ മറിച്ചാണ് അഭിപ്രായപ്പെട്ടത്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 31-33
ടി.കെ ഉബൈദ്

ഹദീസ്‌

ദുൻയാവും ആഖിറത്തും
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്