Prabodhanm Weekly

Pages

Search

2023 നവംബർ 10

3326

1445 റബീഉൽ ആഖിർ 26

ജീവിത പ്രതിനിധാനം നന്മ നിറഞ്ഞതായിരിക്കാൻ

പി.പി അബ്ദുർറഹ്്മാൻ പെരിങ്ങാടി

ജീവിതത്തെ ഇസ്്ലാമീകരിക്കാനുതകുന്ന നല്ലൊരു കൈപുസ്തകമാണ് മുഹമ്മദ്‌ യൂസുഫ് ഇസ്വ്്ലാഹിയുടെ 'ആദാബെ സിന്ദഗി'. എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകരിക്കുന്ന ഈ കൃതി ഉർദുവിൽ വിരചിതമായിട്ട് അഞ്ചര ദശകം പിന്നിട്ടു, നിരവധി പതിപ്പുകൾ ഇറങ്ങി. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ഇതിനകം 26 പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. കൃതിക്ക് ലഭിച്ച ജനസ്വീകാര്യതയുടെ സാക്ഷ്യം. റഫീഖുർറഹ്്മാൻ മൂഴിക്കൽ ഈ കൃതി മലയാളത്തിലേക്ക് തർജമ ചെയ്തു. 

ജീവിതത്തിന്റെ അടക്കവും അനക്കവും ഇസ്്ലാമിക മര്യാദകൾ ദീക്ഷിച്ചുകൊണ്ടാകുമ്പോൾ അത് അല്ലാഹുവിനുള്ള ഇബാദത്തായി മാറുന്നു. വാക്കും പ്രവൃത്തിയും തമ്മിൽ വൈരുധ്യമുണ്ടാകരുതെന്ന പോലെ ചര്യയും ചമയവും (സീറത്തും സ്വൂറത്തും) തമ്മിൽ പൊരുത്തമുണ്ടാകാനും ശ്രദ്ധിക്കേണ്ടതുണ്ട്. കൊച്ചുകൊച്ചു കാര്യങ്ങൾ എന്ന് പലപ്പോഴും കരുതുന്ന കാര്യങ്ങൾ ഒന്നിച്ചു ചേരുമ്പോഴാണ് ഇസ്്ലാമിക വ്യക്തിത്വവും അതിലൂടെ ഇസ്്ലാമിക സംസ്കാരവും രൂപംകൊള്ളുന്നത്. ഒരു നന്മയെയും നിസ്സാരവൽക്കരിക്കുകയോ അവഗണിക്കുകയോ ചെയ്യരുതെന്ന് നബി (സ) ഉണർത്തിയിട്ടുണ്ട്.

സാമ്പത്തിക ശാസ്ത്രത്തിൽ ഒരു ചൊല്ലുണ്ട്: Take care of pennies, and pennies will take care of pounds - ചില്ലറ ചോരാതെ സൂക്ഷിച്ചാൽ  ആ ചില്ലറ വലിയ തുകയായി മാറും എന്ന് സാരം. കൊച്ചു കാര്യങ്ങൾ എന്ന് നാം ഗണിക്കുന്ന കാര്യങ്ങൾ അത്ര നിസ്സാരമല്ല. വ്യക്തിത്വ രൂപീകരണത്തിലും സംസ്കാരത്തെ ഭദ്രമാക്കുന്നതിലും അതിനെല്ലാം നല്ല പങ്കുണ്ട്. പല കാര്യങ്ങളും നമ്മുടെ സംസ്കാരത്തെ കാത്തുസൂക്ഷിക്കുന്ന വേലികളാണ്. നല്ല ശീലങ്ങളും നിഷ്ഠകളും വഴി പല തിന്മകളും നമ്മിൽനിന്ന് അകന്ന് മാറിപ്പോകും എന്നത് അനുഭവ സത്യമാണ്. ഇസ്്ലാമികമായ ജീവിത മര്യാദകൾ അതിന്റെ ആത്മാവ് ഉൾക്കൊണ്ട് ഉയർത്തിപ്പിടിക്കുക വഴി ബഹുസ്വര സമൂഹത്തിൽ മികച്ച പ്രതിനിധാനം നിർവഹിക്കാൻ വിശ്വാസികൾക്ക് സാധിക്കും. ശീലങ്ങളും സമ്പ്രദായങ്ങളും, മറകളും മുറകളും, ചിട്ടകളും ചട്ടങ്ങളുമെല്ലാം ഇസ്്ലാമീകരിക്കാനുള്ള മാർഗദർശനമാണ് ഈ കൃതി നൽകുന്നത്.

നിത്യജീവിതത്തിന്റെ വ്യത്യസ്ത രംഗങ്ങളിൽ ഇസ്്ലാമിക മര്യാദകൾ അതിന്റെ പൊരുളറിഞ്ഞു പാലിക്കുമ്പോൾ അത് കർമ സാക്ഷ്യവും പ്രാർഥനയുമാണ്. നിർദിഷ്ട മര്യാദകളും രീതികളും ദീക്ഷിക്കുമ്പോൾ അത് വഴിപ്പെടലുമാണ്. മര്യാദകളുടെയും പ്രാർഥനകളുടെയും പ്രമേയം (പൊരുൾ) ആഴത്തിൽ അറിഞ്ഞ് അവ ശീലമാക്കേണ്ടതുണ്ട്. മുപ്പത്തിയൊമ്പത് അധ്യായങ്ങളിലായി ഗ്രന്ഥകാരൻ വിവരിച്ച പ്രയോജനപ്രദമായ സംഗതികൾ പ്രായോഗികമാക്കാൻ നല്ല പരിശ്രമം ഉണ്ടാവണം. ഇസ്്ലാമിക മര്യാദകളുടെ നന്മയും മേന്മയും ലോകത്തിനാകെ അനുഭവവേദ്യമാക്കാൻ ഇത് വഴിവെക്കും.

ചിന്താപൂർവം ഈ കൃതിയെ സ്വാംശീകരിക്കുകയാണെങ്കിൽ ഒട്ടേറെ സൽഫലങ്ങൾ ഉണ്ടാകും, തീർച്ച. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 31-33
ടി.കെ ഉബൈദ്

ഹദീസ്‌

ദുൻയാവും ആഖിറത്തും
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്