Prabodhanm Weekly

Pages

Search

2023 നവംബർ 10

3326

1445 റബീഉൽ ആഖിർ 26

പൊട്ടിത്തെറിക്കേണ്ടുന്ന കാപട്യങ്ങൾ

സി.കെ.എ ജബ്ബാർ

കേരളത്തിനൊരു പൈതൃകമുണ്ട്. പ്രബുദ്ധതയാൽ പ്രശോഭിതമാണത്. രാജ്യത്തെയാകെ ഞെട്ടിച്ച എറണാകുളം കളമശ്ശേരിയിലെ സ്ഫോടനം നടന്ന ഒക്ടോബർ 29-ന് പകൽ മുഴുവൻ കേരളം ശ്വാസമടക്കിപ്പിടിച്ചത് പ്രബുദ്ധ കേരളത്തിന്റെ ഈ നന്മ മനസ്സിന്റെ വിഹ്വലതയായിരുന്നു. നിരപരാധരായ മൂന്ന് ജീവനുകൾ കവർന്നെടുത്ത് അമ്പതോളം പേരെ പരിക്കേൽപ്പിച്ച ഭ്രാന്തമായ ഐ.ഇ.ഡി സ്ഫോടനത്തിന്റെ ഉറവിടമെന്തെന്നറിയാതെ മലയാളിയുടെ  മനം വെന്തുരുകി..

സ്ഫോടനത്തെക്കാൾ ഭയാനകമായ നുണബോംബുകളാൽ മുഖരിതമായ മണിക്കൂറുകളായിരുന്നു അത്. ഇപ്പോൾ കേരളം നെടുവീർപ്പിടുകയാണ്. ഏതോ കുടില തന്ത്രം രണ്ടായിരത്തോളം വരുന്ന ഒരു വിഭാഗം വിശ്വാസികളുടെ ഒത്തുചേരലിനെ രക്തപങ്കിലമാക്കുകയായിരുന്നു. ഉണർന്ന് പ്രവർത്തിച്ച സംസ്ഥാന ഭരണനേതൃത്വവും അവസരത്തിനൊത്തുയർന്ന പ്രതിപക്ഷ പാർട്ടികളും വിദ്വേഷ പ്രചാരണങ്ങളെ സംയമനത്തോടെ നേരിട്ട മത നേതൃത്വവും എല്ലാ വിധ വിധ്വംസക പരിശകളെയും നേരിടാൻ മാത്രം  ഹൃദയ വിശാലതയുള്ളവരാണെന്ന് തെളിയിക്കുകയായിരുന്നു. വിഷം വമിച്ച കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് ഭരണകൂടം തങ്ങളുടെ ഉത്തരവാദിത്വം  ജനങ്ങളുടെ മുന്നിൽ ഉയർത്തിക്കാട്ടി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. കേസന്വേഷണം ശരിയായ ദിശയിൽ മുന്നോട്ട് പോകുമെന്ന പ്രതീക്ഷയോടെ കേരളം കാത്തിരിക്കുന്നു.

നുണയുടെ വെടിമരുന്ന് ശാല

കളമശ്ശേരി സ്ഫോടനം നടന്ന ദിവസം നിമിഷ നേരം കൊണ്ട് ദൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദേശീയ ചാനലുകൾ വലിയ ആവേശത്തോടെ ചർച്ചക്കായി തന്നെ ക്ഷണിച്ചുവെന്ന് ജോൺ ബ്രിട്ടാസ് എം.പി പറയുന്നു. എന്തിനെയും ധ്രുവീകരണത്തിന്  ഉപയോഗിക്കുന്നവരായതുകൊണ്ട് ചർച്ചയ്ക്ക് പോവാൻ വിസമ്മതം പ്രകടിപ്പിക്കാൻ തനിക്ക് രണ്ടാമതൊന്ന്  ആലോചിക്കേണ്ടി വന്നില്ല.

പ്രകാശവേഗതയെക്കാൾ തിടുക്കത്തിൽ സാമൂഹിക മാധ്യമങ്ങളിൽ നടന്ന ഈ വിസ്ഫോടനങ്ങളാണ് കളമശ്ശേരി സ്ഫോടനത്തെക്കാൾ തന്നെ അൽഭുതപ്പെടുത്തിയതെന്നും ബ്രിട്ടാസ് പറയുന്നു.
കേരളത്തെ നുണയുടെ വെടിമരുന്ന് ശാലയാക്കുകയാണ് ചിലരെന്ന് കളമശ്ശേരി സംഭവത്തെക്കുറിച്ച് നിമിഷങ്ങൾക്കകം പ്രചരിച്ച വാർത്തകൾ ഒരിക്കൽകൂടി വ്യക്തമാക്കി. മുമ്പ് പല സന്ദർഭങ്ങളിലും ‘പ്രൊപഗണ്ടാ വാർ’ നിർവഹിച്ച അതേ കേന്ദ്രങ്ങൾ തന്നെയാണ് ഇതിെൻറയും പിന്നിൽ. കേരളം വളരെയേറെ സൂക്ഷ്മദൃക്കോടെ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് ഇവിടെ രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഒരനുഭവം കൂടി ഇത് സമ്മാനിച്ചു.

കണ്ണിലെണ്ണയൊഴിച്ച് നാം ജാഗ്രത  പാലിച്ചില്ലെങ്കിൽ ഇനിയും ചിലത് ഇവിടെ ആവർത്തിക്കപ്പെടാം.
ഫലസ്ത്വീൻ അനുകൂല പ്രതികരണത്തോട് ചേർത്തുകെട്ടാൻ വളച്ചുകെട്ടില്ലാതെ ചിലർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ച രീതി അങ്ങേയറ്റം പ്രകോപനപരമായിരുന്നു. എറണാകുളം ജില്ലയുടെ ‘പാകിസ്താൻ’ എന്നറിയപ്പെടുന്ന കളമശ്ശേരിയിൽ ക്രിസ്ത്യൻ പ്രാർഥനാ സമ്മേളനത്തിൽ ബോംബ് പൊട്ടിയിരിക്കുന്നു! ഒരു വിദ്വാൻ മുഖ പേജിൽ കുറിച്ചിട്ടത് അങ്ങനെയാണ്. ദേശം, വേഷം, പേര് തുടങ്ങിയ വംശീയ ചിഹ്നങ്ങൾ ആഘോഷിച്ച്  ശീലിച്ചവരുടെ മനോ വൈകൃതം ശരിക്കും പ്രകടമായി. വൈകാരിക വിഷയങ്ങളിൽ സംഘ് പരിവാറിന്റെ തനിനിറം ചാനൽ ചർച്ചകളിൽ തുറന്നുകാട്ടുന്ന യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കൂറ്റിയെപ്പോലുള്ളവരെ പോലും ചാപ്പകുത്തിയാണ് മറുനാടനും മറ്റും വിഷം ചീറ്റിയത്.  ടാർഗറ്റ് ചെയ്യപ്പെടുന്നത് എന്താണെന്ന്  പച്ചയായി മനസ്സിലാക്കിത്തന്നു ഈ പ്രതികരണങ്ങൾ. 

മാധ്യമ ഊഹവെടികൾ 

ടൈംസ് ഓഫ് ഇന്ത്യ  പിറ്റേന്ന് നൽകിയ മുഖ പേജിലെ വാർത്തയുടെ തലക്കെട്ട് Twist in the Tale; No Terror Angle in IED Blast At Prayer Meet That Kills 2 Injures 58 എന്നായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ കഥയിൽ കണ്ട ട്വിസ്റ്റ് എന്താണെന്ന് അവർക്ക് വേറെ ചില അറിവുകളുണ്ടായതുകൊണ്ടായിരിക്കാം. ബോംബ് പൊട്ടിയ ഉടനെ അത് ഏറ്റെടുക്കാൻ ഒരു മുസ് ലിം നാമധാരിയല്ലാത്ത ഒരാൾ വരുന്നത് വരെയും പുകയിച്ചു കൊണ്ടുപോകേണ്ട വഴിയെന്താണെന്ന് അറിഞ്ഞത് കൊണ്ടാവാം തലക്കെട്ട് ഇങ്ങനെ നിരൂപണ രൂപത്തിലാക്കിയത്.  ‘സംഭവത്തിൽ ഭീകരതയുടെ ആംഗിൾ ഇല്ല’ എന്ന് തലക്കെട്ടിൽ അവർ ചേർത്തുവെച്ചത് മറ്റൊരു ലക്ഷ്യത്തിനാണ്. കുറ്റസമ്മതം നടത്തിയ പ്രതിയുമായി ബന്ധമുള്ള വേരുകൾ ഏത് ഭീകരതയിലാണ് എത്തുക എന്ന് ഇനി അറിയേണ്ടതില്ല എന്ന സൂചനയുണ്ട് ഈ വാചകത്തിൽ. 

എല്ലാ അസത്യങ്ങളും കുറ്റിയറ്റു വീഴുമാറ് സാങ്കേതികവും സാമൂഹികവും രാഷ്ട്രീയവുമായ സാക്ഷരതയുള്ള ഒരു നാട്ടിലാണ് ഈ കോപ്രായങ്ങൾ മുഴുവൻ അരങ്ങേറിയത്. ഒരൽപം സൂക്ഷ്മമായി മാധ്യമങ്ങൾക്ക് വിവരം നൽകേണ്ടുന്ന ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ പോലും അഭ്യൂഹങ്ങളാൽ വഞ്ചിക്കപ്പെട്ടു. ഹിന്ദുസ്ഥാൻ ടൈംസ്, ഡി.എൻ.എ, ഫസ്റ്റ് പോസ്റ്റ്, ഇന്ത്യാ ഡോട്കോം തുടങ്ങിയ ദേശീയ മാധ്യമങ്ങളും എരിവും പുളിയും കലർത്തി. 

സംഭവം നടന്ന് രണ്ട് മണിക്കൂറിനകം കാര്യമായ ഒന്നും അന്വേഷണ നിഗമനമായി പറയാനില്ലാത്ത കേരള പോലീസിനെ പെനാൽട്ടി ഏരിയയിൽ നിർത്തി, ദേശീയ അന്വേഷണ ഏജൻസിയെ ഉദ്ധരിച്ചാണ് ഏഷ്യാനെറ്റ് ഉൾപ്പെടെ പന്ത് വംശീയ കോർട്ടിലേക്ക് എത്തിക്കാൻ ശ്രമിച്ചത്.  രാവിലെ മുതല്‍ നാടിനെയൊന്നാകെ മുൾമുനയിൽ നിർത്തിയ, മലയാളത്തിലെ മിക്ക മാധ്യമങ്ങളും കെട്ടിപ്പൊക്കിയ  'ഭീകരകഥ' മണിക്കൂറുകൾകൊണ്ട് ചീട്ട് കൊട്ടാരം പോലെ കടപുഴകുകയായിരുന്നുവല്ലോ. ദേശീയ തലത്തിൽ ചിലർ അതിൽ മോഹഭംഗപ്പെടുകയും ചെയ്തു. 

മലയാള മാധ്യമങ്ങൾ വാർത്ത ബ്രേക്ക് ചെയ്ത് ഫലസ്ത്വീനിലേക്ക് വിരൽ ചൂണ്ടിയപ്പോൾ കേരളത്തിെൻറ മനഃസാക്ഷി വിറങ്ങലിച്ചു. കാരണം, സ്വന്തം രാജ്യത്തിന് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം മറ്റൊരു നാട്ടിലേക്കും വ്യാപിപ്പിക്കരുതെന്ന് കണിശമായ നിലപാടുള്ള  സമൂഹമായ ഫലസ്ത്വീനികളെയാണ് ഇവിടെ ചാപ്പകുത്തിയത്. വിശ്വാസപരമായി സാഹോദര്യം പുലർത്തുന്ന അറബ് സമൂഹം പോലും നോക്കിനിൽക്കുേമ്പാൾ അത്തരം രാജ്യങ്ങളിലുള്ള ഫലസ്ത്വീൻ പക്ഷക്കാർ പോലും ചെയ്യാത്ത ഒരു കാര്യം കേരളത്തിൽ ഫലസ്ത്വീനിെൻറ പേരിൽ ചെയ്യുക എന്ന നട്ടാൽ മുളക്കാത്ത നുണയാണ് പ്രചരിപ്പിക്കപ്പെട്ടത്. 

ഫലസ്ത്വീൻ-ഹമാസ് സംഭവങ്ങളെ തുടർന്ന് യഹോവ  സാക്ഷികളെ ജൂതന്മാരാണെന്ന് തെറ്റിദ്ധരിച്ച്  ആക്രമിച്ചതാകാമെന്ന് ഇന്റലിജൻസ് പറഞ്ഞതായി ന്യൂസ് 18 ഉൾപ്പെടെ മലയാള മാധ്യമങ്ങൾ  വാർത്തകൾ തട്ടിവിട്ടു. തങ്ങൾക്ക് തോന്നിയത് പറയാൻ ഇൻറലിജൻസിനെ മറയാക്കുന്ന പതിവ് മാധ്യമ മേെമ്പാടിയായിരുന്നു അത്. ഇസ്രായേൽ-ഹമാസ് യുദ്ധവുമായി കളമശ്ശേരി സ്‌ഫോടനത്തിന് ബന്ധമുണ്ടോ എന്നു കേന്ദ്രം പരിശോധിക്കുന്നുവെന്ന് ഏഷ്യാനെറ്റ്  ആവർത്തിച്ചുകൊണ്ടിരുന്നു.

റിപ്പോർട്ടർ ചാനലിൽ വ്യക്തിപരമായി ഇടതുപക്ഷ നിലപാടുള്ള നികേഷ് കുമാർ പോലും ഇസ്രായേൽ-ഫലസ്ത്വീൻ യുദ്ധവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് തത്സമയ പരിപാടിയിൽ സംശയം ഉയർത്തുമാറ് പ്രചാരണ ലോബിയിങ് ശക്തമായിരുന്നു. യഹോവ സാക്ഷികളുടെ വിശ്വാസത്തിന് ജൂതന്മാരുടേതുമായി സാമ്യതയുണ്ടെന്നും യഹോവ സാക്ഷികളുടെയും യഹോവ ജൂതന്മാരുടെയും ദൈവം ഒന്നുതന്നെയാണെന്നും, അവർ ക്രിസ്ത്യാനികളല്ലെന്നും അപ്രതീക്ഷിതമായി വന്ന ചോദ്യത്തിന് വിശദീകരണമായി സെബാസ്റ്റ്യൻ പോൾ സമർഥിച്ചത് കൗതുകമായി.  കാരണം, യഥാർഥത്തിൽ ജൂതൻമാരുടെ രാഷ്ട്ര സങ്കൽപ വിശ്വാസത്തെ കണിശമായി എതിർക്കുന്നവരാണ്    യഹോവയുടെ സാക്ഷികളെന്ന് അറിയാതെയുള്ള ചർച്ചകളായിരുന്നു ഇവ. മറുനാടൻ മലയാളിയും ഷാജൻ സ്‌കറിയയും ശരിയായ വിഷലിപ്ത സന്ദേശങ്ങളാണ് കൈമാറിയത്. 

കരിങ്കാലി പൈതൃകം

ബോംബ് നിർമിക്കാനും ആളെ കൊല്ലാനും പരിശീലനം നൽകിയ രാഷ്ട്രീയ പാഠശാലകളുണ്ടിവിടെ.  ശ്രദ്ധ തിരിക്കാൻ മറ്റൊന്ന് രൂപപ്പെടുത്തുക എന്ന കരിങ്കാലിപ്പണി അതിെൻറ പൈതൃക വഴിയാണ്.

ശ്രദ്ധതിരിക്കാൻ നേതാവിന് നേരെ ബോംബേറ് വരാറുണ്ട്. തീവണ്ടിയിൽ, വധശ്രമവും വെടിവെപ്പ് വരെയും നടന്നിട്ടുണ്ട്. സമരങ്ങൾ ഏറ്റവും വലിയ അലോസരമാവുേമ്പാൾ സമരമുന്നണിയിൽനിന്ന് പോലീസിന് നേരെ കല്ലേറുണ്ടാവുകയും തിരിച്ചടി സ്വയം ഏറ്റുവാങ്ങുകയും ചെയ്യുന്ന ചതിപ്പയറ്റുകൾ പലതുമുണ്ട്. ഉത്തരേന്ത്യയിൽ സംഘ് പരിവാർ ഇതിെൻറ മറ്റു രൂപങ്ങളാണ് കലാപങ്ങൾക്ക് വേണ്ടി പയറ്റാറുള്ളത്. ഘോഷയാത്രകളിൽ നുഴഞ്ഞു കയറി ക്ഷേത്രങ്ങൾക്കും പള്ളികൾക്കും കല്ലെറിയുന്നതും, പള്ളിമുറ്റത്ത് പന്നിയുടെ ജഡവും, അമ്പലവളപ്പിൽ ഗോമാംസവും നിക്ഷേപിക്കുന്നതുമുൾപ്പെടെ കെട്ടിയേൽപ്പിക്കുന്ന കലാപങ്ങൾ ഏറെ നാം കണ്ടിട്ടുണ്ട്.

 സ്വാഭാവികമായും കളമശ്ശേരി സ്ഫോടനത്തിനും അങ്ങനെയൊരു നിറം പകരുക യാദൃഛികമല്ല. 
സി.പി.എം സംസ്ഥാന സെക്രട്ടറി  ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണം മുകളിൽ പറഞ്ഞ ഈ അനുഭവങ്ങളെ മനസ്സിൽ കരുതിക്കൊണ്ടുള്ളതായിരുന്നു.  ഗോവിന്ദൻ മാസ്റ്റർ കരുതാത്തതാണ് സ്ഫോടനത്തിെൻറ പിന്നിലെ വസ്തുത എന്ന് സ്ഫോടനത്തിെൻറ ഉത്തരവാദിത്വം  ഒരാൾ ഏറ്റെടുത്തതോടെയാണ് തിരിച്ചറിയപ്പെട്ടത്. മാഷ് കേരളത്തിലെ പാർട്ടിയുടെ അവസാന വാക്കായതുകൊണ്ട് പാർട്ടി ദേശീയ സെക്രട്ടറി തന്നെ പ്രസ്താവനയുമായി രംഗത്ത് വന്നു. സി.പി.എമ്മിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ടെന്ന് മറ്റു പല നേതാക്കളുടെയും പ്രതികരണങ്ങളിൽ പ്രതിഫലിച്ചു. സാമൂഹികാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കേരള ജനത ഉണർന്ന് പ്രവർത്തിക്കണമെന്ന സി.പി.എം ജനറല്‍ സെക്രട്ടറിയുടെ ആഹ്വാനമാണ് മുഖ്യമന്ത്രി സന്ദർഭോചിത ഇടപെടലിലൂടെ നിർവഹിച്ചത്. പ്രതിപക്ഷ നേതാക്കളെ ചേർത്തു പിടിച്ച് മുഖ്യമന്ത്രി നടത്തിയ നീക്കം ശ്ലാഘനീയമാണ്. എല്ലാ പ്രകോപനങ്ങളെയും നേരിടാൻ കെൽപുള്ളതാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിെൻറ പക്വത എന്ന് തെളിയിക്കുന്ന വിധം ഭരണപക്ഷത്തും പ്രതിപക്ഷത്തും അഭിനന്ദനാർഹമായ ഒരുമയാണ് പ്രകടമായത്. സംഭവത്തെ ഭരണകക്ഷിക്കെതിരെ  രാഷ്ട്രീയമായി ഉപയോഗിക്കുക എന്ന പ്രതിപക്ഷത്തിെൻറ സ്വതസിദ്ധമായ നിലപാടിൽനിന്ന് യു.ഡി.എഫ് ഉയർന്നുനിൽക്കുകയായിരുന്നു.

കാസയും ഡൊമിനിക്ക് മാർട്ടിനും

2019-ൽ ഒരു സൊസൈറ്റിയായി രജിസ്റ്റർ ചെയ്തതിനു ശേഷം പിന്നെ  ഒരു സജീവ സംഘടനയായി മാറിയ സംവിധാനമാണ്   കാസ (Christian Association & Alliance For Social Action) .  "എെൻറ രാജ്യം, എെൻറ വിശ്വാസങ്ങൾ" എന്നതാണ് തങ്ങളുടെ മുദ്രാവാക്യം എന്ന് കാസയുടെ ദൗത്യസന്ദേശമായി ഔദ്യോഗിക വെബ്സൈറ്റിലുണ്ട്. ദൈവശാസ്ത്രപരമായി വ്യത്യസ്തമായ യഹോവയുടെ സാക്ഷികൾ ഒഴികെ സീറോ മലബാർ, ലത്തീൻ, ഓർത്തഡോക്സ്, യാക്കോബായ തുടങ്ങിയ 17 ക്രിസ്ത്യൻ വിഭാഗങ്ങൾ തങ്ങൾക്ക് കീഴിലുണ്ട് എന്നും കാസ അവകാശപ്പെടുന്നു. അതായത്, യഹോവയുടെ സാക്ഷികളെ ദൈവശാസ്ത്രപരമായി കാസ വേറെത്തന്നെ കാണുന്നു എന്ന് ചുരുക്കം.  ‘നമ്മുടെ വിശ്വാസത്തെയും നമ്മുടെ ഭൂമിയെയും ഞങ്ങൾ വിലമതിക്കുന്നു’  എന്നതാണ് കാസയുടെ പ്രഖ്യാപനം. സ്ഫോടന പ്രതി യഹോവയുടെ സാക്ഷികൾക്കെതിരെ ഉന്നയിക്കുന്നത് അവരുടെ വിശ്വാസം ദേശവിരുദ്ധമാണ് എന്നതാണ്. ഈ പൊരുത്തപ്പെടലിനിടയിലാണ് സ്ഫോടന പ്രതി നേരത്തെ രാജിവെച്ച ആളാണെന്ന് പറയുന്ന കാസർകോട് കാസയുടെ പോസ്റ്റ് പ്രചരിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. 

ക്രിസ്ത്യാനികൾക്കായി ഒരു ആർ.എസ്.എസ് മാതൃകയിലുള്ള  സംഘടന രൂപവത്കരിക്കുക എന്ന ആശയം 2018 ലെ 'ലവ് ജിഹാദ്' കാമ്പയിനിനിടെ ഉയർന്നു പൊങ്ങിയതനുസരിച്ചാണ് തങ്ങൾ സംഘടനാ ശൈലിയിലേക്ക് മാറിയതെന്ന് കാസയുടെ ഔദ്യോഗിക വിശദീകരണത്തിലുണ്ട്. 'ഡൊമിനിക്ക് മാർട്ടിൻ എന്ന നികൃഷ്ടനായ കുറ്റവാളി ശിക്ഷിക്കപ്പെടുക തന്നെ വേണം' എന്ന് കാസ പ്രഖ്യാപിക്കുന്നുണ്ട്.   കാസ സ്ഫോടനത്തിെൻറ വ്യവസ്ഥാപിതത്വത്തെക്കുറിച്ച് പത്തു കാര്യങ്ങൾ എണ്ണിപ്പറയുന്നുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് അധ്യാപകനായ പ്രതിക്ക് ഒറ്റയ്ക്ക് ഇത്തരത്തിൽ ഒരു റിമോട്ട് കൺട്രോളിൽ നിയന്ത്രിക്കുന്ന ബോംബ് ഉണ്ടാക്കിയെടുക്കാൻ സാധിക്കുമോ എന്നും കാസ ചോദിക്കുന്നു. ദൂരെനിന്നും നിയന്ത്രിക്കുന്നതിനുള്ള റേഡിയോ ഫ്രീക്വൻസി റിമോട്ട് കൺട്രോളും (TX) അതിന്റെ റിസീവർ യൂനിറ്റും (RX) ബാറ്ററിയും ഓൺലൈനിൽ അല്ലെങ്കിൽ എറണാകുളത്ത് ഇലക്ട്രോണിക് ഷോപ്പുകളിലും മേടിക്കാൻ കിട്ടുമായിരിക്കും. പക്ഷേ, പൊട്ടിത്തെറിക്കാനുള്ള മെറ്റീരിയൽ ആക്ടീവ് ആക്കുന്നതിനുള്ള റിലേ സ്വിച്ചും ബാറ്ററിയും ഒക്കെ വയറുകൾ മാറിപ്പോകാതെ കണക്ട് ചെയ്യാൻ ബേസിക് ഇലക്ട്രോണിക്സ് പരിജ്ഞാനം ഉള്ള ഒരാൾക്ക് മാത്രമേ കഴിയൂ എന്നിരിക്കെ ഇതെല്ലാം ഇയാൾ ഒറ്റയ്ക്ക് ചെയ്തു എന്നു പറയുന്നത് വിശ്വസിക്കാനാവുന്നില്ല എന്നാണ് കാസ തെളിവ് നിരത്തുന്നത്. 

Improvised Explosive Device (IED) എന്ന സാങ്കേതിക വിദ്യയിൽ റിമോട്ട് കൺട്രോൾ ബോംബ് നിർമിക്കുക സാധാരണക്കാർക്ക് കഴിയുന്നതല്ല  എന്നതാണ് വസ്തുത. കാസ ഇക്കാര്യത്തിൽ ഏറെ സാങ്കേതിക പരിജ്ഞാനമുള്ളവരെപ്പോലെ പ്രതിക്കെതിരെ ഉന്നയിക്കുന്ന പത്ത് ആരോപണങ്ങൾ പരിശോ ധിക്കപ്പെടേണ്ടതാണ്. മറ്റേതോ വിദേശ ശക്തിയുമായി ബന്ധമുള്ള ആളാണ് പ്രതി എന്ന നിലയിൽ കാസ തുടർച്ചയായി അവരുടെ പേജുകളിൽ ആരോപണം ആവർത്തിക്കുന്നത് കാണുേമ്പാൾ ദൈവശാസ്ത്രപരമായി വിയോജിച്ചു മാറ്റിനിർത്തിയ ഒരു വിഭാഗത്തിന് നേരെയുണ്ടായ സ്ഫോടനം തെളിയിക്കാനുള്ള ആത്മാർഥതയാണോ,  അതോ അന്വേഷണം വഴിതിരിച്ചു വിടാനാണോ അതെന്ന് സംശയിച്ചു പോകും.  

കേരളത്തിലെ ‘ടാർഗറ്റുകൾ’

സംഘ് പരിവാർ മുെമ്പ തന്നെ കേരളത്തിൽ ആവിഷ്കരിച്ച ടാർഗറ്റുകൾക്ക് 2016-ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം  പുതിയ രൂപം കൈവന്നിരുന്നു. കേന്ദ്ര നേതൃത്വത്തെ ഇവിടെ ഇറങ്ങിക്കളിക്കാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ഈ ടാർഗറ്റ്. അത് രണ്ട് രൂപത്തിലാണ് ആവിഷ്കരിക്കപ്പെട്ടത്. സി.പി.എമ്മിെൻറ പേശീബലത്തെ കായികമായും ഒപ്പം ബാലറ്റിലും പാർട്ടി ഗ്രാമങ്ങളിൽ മുഖാമുഖം ഇറങ്ങി നേരിടുന്ന പുതിയ രീതി. തങ്ങൾ പതിനായിരം വോട്ടിന് താഴെ മാത്രം നേടിയിരുന്ന സി.പി.എമ്മിെൻറ അസംബ്ലി മണ്ഡലങ്ങളിൽ സംഘ് പരിവാർ കൂടുതൽ ഇറങ്ങിക്കളിച്ചു. ഇതിെൻറ മറവിലുള്ള പ്രശ്നങ്ങൾ ഉന്നയിച്ച് സി.പി.എമ്മിെൻറ പേശീബലത്തിൽ തങ്ങൾക്ക് കേരളത്തിൽ രക്ഷയില്ലെന്ന് ദേശീയ മാധ്യമങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമം ശക്തിപ്പെടുത്തി. സി.പി.എമ്മും കോൺഗ്രസും ചേർന്ന് കേരളത്തിൽ ന്യൂനപക്ഷ പ്രീണനവും തീവ്രവാദ മൃദുനയവും സ്വീകരിക്കുന്നതിനെ ദേശീയ തലത്തിൽ പ്രൊപഗണ്ടാ വാറിലൂടെ അവർ അവതരിപ്പിക്കുകയും ചെയ്തു.   
2016 മെയ് 19-ന് എൽ.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിനിടയിൽ  പിണറായി വിജയന്റെ ധർമടം മണ്ഡലത്തിൽ സി.പി.എം പ്രവർത്തകൻ രവീന്ദ്രന്റെ കൊലയോടെയാണ്  പുതിയ വിവാദങ്ങളുടെ തുടക്കം. മരണത്തെ തുടർന്ന് സംഘ് പരിവാർ ഭവനങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. അക്രമങ്ങൾ നടന്നേടത്ത്  ബി.ജെ.പി ദേശീയ നേതൃത്വം നേരിട്ടെത്തുകയായിരുന്നു.  2016 ജൂലൈ 11-ന് സി.പി.എമ്മിെൻറ മറ്റൊരു ശക്തിമണ്ഡലമായ പയ്യന്നൂരിൽ സി.പി.എം പ്രവർത്തകൻ സി.വി ധർമരാജ് കൊല്ലപ്പെടുകയും തൊട്ടുടനെ ബി.ജെ.പി പ്രവർത്തകൻ സി.കെ രാമചന്ദ്രൻ തിരിച്ചടിയായി കൊലക്കത്തിക്ക് ഇരയാവുകയും ചെയ്തു. 2016-ൽ തന്നെ തില്ലങ്കേരിയിലും  കൂത്തുപറമ്പിലും കൊലപാതകങ്ങൾ അരങ്ങേറി. ഈ സംഭവങ്ങളും മുൻ കൊലപാതകങ്ങളും കോർത്തിണക്കി  കൊലപാതക ചിത്രപ്രദർശനം നടത്തി ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ നേടുകയായിരുന്നു സംഘ് പരിവാർ.

2017 ജനുവരിയിൽ കണ്ണൂരിൽ നടന്ന സംസ്ഥാന യുവജനോൽസവ വേളയിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ബി.ജെ.പി പ്രവർത്തകൻ സന്തോഷ് വെട്ടേറ്റ് മരിച്ച  ദിവസം കലോൽസവ നഗരിക്ക് മുന്നിലൂടെ വിലാപയാത്ര പോകുന്നത് സംബന്ധിച്ച് പോലീസുമായി കശപിശ നടന്നപ്പോൾ അവിടെ ദേശീയ ഹ്യൂമൺ റൈറ്റ്സ് ഫോറം എന്ന പേരിൽ ഒരു സംഘം ജില്ലാ പോലീസ് അധികാരികളുമായി സംസാരിച്ചത് മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടു. ഇതെക്കുറിച്ച് അന്വേഷിച്ചപ്പോൾ കേരളത്തിലേക്ക് നിയോഗിക്കപ്പെട്ട നിരവധി സംഘ് പരിവാർ പ്രൊപഗണ്ടാ ഗ്രൂപ്പുകളിൽ ഒന്നാണിതെന്ന് ഇൻറലിജൻസ് അന്ന് റിപ്പോർട്ട് ചെയ്യുകയുണ്ടായി. സോഷ്യൽ മീഡിയ, ചാനൽ ചർച്ച, പൊതു ചർച്ചകൾ എന്നിവിടങ്ങളിലെല്ലാം പ്രചാരണ സംഘങ്ങളായി നൂറുകണക്കിന് പ്രഫഷണലുകളെയാണ്  രംഗത്തിറക്കിയത്. രാജീവ് ചന്ദ്രശേഖരനെ പോലുള്ള ഇലക്ട്രോണിക് കോർപറേറ്റുകളും, അവരുടെ നിയന്ത്രണത്തിലുള്ള ഏഷ്യാനെറ്റ് പോലുള്ള വ്യവസ്ഥാപിത മാധ്യമങ്ങളും ഈ അന്തർധാരകളെ ശക്തിപ്പെടുത്തി. ഈ അണിയറ  ദുർബോ ധനങ്ങളാണ്  കാള പെറ്റു എന്ന് കേൾക്കുേമ്പാൾ കയറെടുക്കുന്ന നിലപാടിലേക്ക് ചില മാധ്യമങ്ങളെ പോലും എത്തിക്കുന്നത്ത്.

എന്തായിരുന്നാലും, ഓരോ ബോംബ് സ്ഫോടനവും നൽകുന്ന വലിയ പാഠങ്ങളിലൊന്ന് പൊട്ടിത്തെറിക്കാനും കുറ്റിയറുക്കാനും കുറെ കാപട്യങ്ങൾ ഇവിടെയുണ്ട് എന്നതാണ്. അത് തിരിച്ചറിയുക മാത്രമാണ് പരിഹാരം. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 31-33
ടി.കെ ഉബൈദ്

ഹദീസ്‌

ദുൻയാവും ആഖിറത്തും
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്