ലൈംഗിക അരാജകത്വത്തിനെതിരെ മത സമുദായങ്ങള്‍ ജാഗ്രത കാണിക്കണം
ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല എന്ന് കഴിഞ്ഞ ഒക്ടോബര്‍ 18-ന് സുപ്രീം കോടതി വിധിച്ചത് പല നിലയില്‍ ചരിത്ര പ്രധാനമാണ്. മറിച്ചായിരുന്നു വിധിയെങ്കില്‍ അത് ഇന്ത്യന്‍ സാമൂഹിക ജീവിതത്തിലുണ്ടാക്കുമായിരുന്ന മാരകമായ പരിണാമങ്ങള്‍ മുന്നില്‍ വെച്ചാണ് ചരിത്ര പ്രധാനം എന്ന് പറയുന്നത്. ഈ നിലക്ക് നോക്കുമ്പോള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സുപ്രധാനമായ വിധിപ്രസ്താവങ്ങളിലൊന്നായി അത് ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമാനുസൃതത്വം നല്‍കണോ വേണ്ടേ എന്ന കോടതി വ്യവഹാരം ഉയര്‍ത്തുന്ന സുപ്രധാനമായ ഒരു ചോദ്യമുണ്ട്. വ്യക്തിയുടെ സ്വാതന്ത്ര്യമാണോ പ്രധാനം, അതോ സമൂഹത്തിന്റെ ഭാവിയോ? വ്യക്തിസ്വാതന്ത്ര്യമല്ലേ, അതില്‍ സമൂഹത്തിന് എന്ത് കാര്യം എന്ന് ചോദിക്കുന്നതില്‍ അര്‍ഥമില്ല. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത ലഭിച്ചാല്‍ അത് ഇന്ത്യന്‍ സാമൂഹിക ജീവിതത്തെയും സാംസ്‌കാരിക പാരമ്പര്യങ്ങളെയും മതമൂല്യങ്ങളെയും അടിമേല്‍ മറിക്കും എന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ അറിയാം. എന്നിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ ഏറക്കുറെ ഒറ്റക്കെട്ടായി സുപ്രീം കോടതി വിധിക്കെതിരെ നിലപാടെടുത്തു. ഒക്ടോബര്‍ 19-ന് പുറത്തിറങ്ങിയ എല്ലാ ഇംഗ്ലീഷ് പത്രങ്ങളും വിധിയില്‍ അങ്ങേയറ്റം നിരാശ രേഖപ്പെടുത്തി. നിയമജ്ഞര്‍ക്കും ഏറക്കുറെ അതേ നിലപാടായിരുന്നു. ഇന്ത്യയിലെ ഉപരി-മധ്യ വര്‍ഗങ്ങള്‍ പാശ്ചാത്യ കോര്‍പ്പറേറ്റ് മൂല്യങ്ങള്‍ക്കും ജീവിതരീതികള്‍ക്കും അടിപ്പെട്ടതിന്റെ മികച്ച ഉദാഹരണങ്ങളാണ് ഈ വിഷയത്തിലുള്ള അവരുടെ പ്രതികരണങ്ങള്‍.
കോടതിവിധിയെ ചരിത്ര പ്രധാനമെന്ന് വിശേഷിപ്പിക്കുമ്പോഴും, നിര്‍ബന്ധിതാവസ്ഥയിലാണ് ഇങ്ങനെയൊരു വിധിതീര്‍പ്പ് നടത്തേണ്ടിവന്നത് എന്ന കാര്യവും വിസ്മരിക്കരുത്. വ്യക്തി നിയമങ്ങളായാലും സ്‌പെഷ്യല്‍ മാര്യേജ് ആക്ടായാലും അവയില്‍, സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹം എന്നത് മാറ്റി രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹം എന്നാക്കി തിരുത്തുന്നതിന് ഒട്ടേെറ കടമ്പകളുണ്ട്. വിവിധ മത സമുദായങ്ങളുടെ അനന്തരാവകാശം, വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിനിയമങ്ങളില്‍ 36 എണ്ണമെങ്കിലും മാറ്റിയാലേ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്ന വകുപ്പ് എഴുതിച്ചേര്‍ക്കാനാകൂ. നിലവിലെ നിയമ ചട്ടക്കൂട്ടില്‍ അത് എഴുതിച്ചേര്‍ക്കുക അസാധ്യം തന്നെയാണ്. ഇത് മുന്നില്‍ വെച്ചു കൂടി വേണം സുപ്രീം കോടതിവിധിയെ കാണാന്‍. നിയമത്തിന്റെ ധാര്‍മിക വശങ്ങള്‍ കണക്കിലെടുത്താണ് വിധി എന്ന് പറയാനാവില്ല എന്നര്‍ഥം. സാങ്കേതിക തടസ്സങ്ങളാണ് വിധിക്ക് നിമിത്തമായത്. അവ നീക്കാന്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കരുതെന്ന് വാദിച്ച് ജംഇയ്യത്തുല്‍ ഉലമക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍, ഇതുണ്ടാക്കുന്ന ധാര്‍മിക പ്രത്യാഘാതങ്ങള്‍ കാണാതിരിക്കരുത് എന്ന് പ്രത്യേകം ഓര്‍മിപ്പിച്ചിരുന്നെങ്കിലും അതല്ല വിധിക്ക് നിദാനമായതെന്ന് വ്യക്തം. ഭരണകക്ഷി വിചാരിച്ചാല്‍ ഇക്കാര്യത്തില്‍ അനുകൂല വിധി സമ്പാദിക്കാവുന്നതേയുള്ളൂ. ഭരണകക്ഷിയായ ബി.ജെ.പിക്ക് മാത്രമല്ല, മറ്റു മുഖ്യധാരാ കക്ഷികള്‍ക്കും നാമമാത്ര എതിര്‍പ്പേ ഈ വിഷയത്തിലുള്ളൂ. സ്വവര്‍ഗ ലൈംഗികബന്ധം കുറ്റകൃത്യമല്ലാതാക്കിയതിനെ ഇവരൊക്കെ അനുകൂലിക്കുന്നുമുണ്ട്. ഇന്ത്യയിലെ മത സമൂഹങ്ങളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടത്. പാശ്ചാത്യ ദേശങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന സകല ലൈംഗിക അരാജകത്വങ്ങള്‍ക്കും നിയമാനുസൃതത്വം നല്‍കാനുള്ള നീക്കത്തിനെതിരെ അവരാണ് അണിനിരക്കേണ്ടത്. l
Comments