Prabodhanm Weekly

Pages

Search

2023 നവംബർ 10

3326

1445 റബീഉൽ ആഖിർ 26

കളമശ്ശേരി സ്ഫോടനം ഇസ് ലാമോഫോബിയയും കുറേ നുണബോംബുകളും

സി.ടി സുഹൈബ്

നാടിനെ ഞെട്ടിച്ച ദാരുണ സംഭവമാണ് കഴിഞ്ഞയാഴ്ച കളമശ്ശേരിയില്‍ നടന്നത്. യഹോവ സാക്ഷികളുടെ പ്രാര്‍ഥനാ പരിപാടിയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. 50-ലധികം പേര്‍ക്ക് പരിക്കേറ്റു. ഇതെഴുതുമ്പോൾ അതില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.  ഇതേ സമയം തന്നെ മലയാളത്തിലും രാജ്യത്തെ വിവിധ ഭാഷകളിലും കുറെ നുണബോംബുകളും പൊട്ടി. ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ നടത്തിയ മുസ്‌ലിംകളെ (പ്രത്യേകിച്ച് സോളിഡാരിറ്റി) പ്രതിസ്ഥാനത്ത് നിര്‍ത്തി കേന്ദ്രമന്ത്രിയടക്കമുള്ളവര്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തി. യഹോവ സാക്ഷികള്‍ ജൂതരോട് സമാനമായ വിശ്വാസം വെച്ചു പുലർത്തുന്നതിനാലാണ് ഫലസ്ത്വീന്‍ അനുകൂലികള്‍ അക്രമിച്ചതെന്നാണ് കേരളത്തിലെ വലിയ സംഘിനാവ് വിഷം തുപ്പിയത്. ഫലസ്ത്വീന്‍ അനുകൂല പരിപാടികള്‍ അക്രമത്തിന് കാരണമായിട്ടുണ്ടാകാമെന്ന് പൊതുവെ നിഷ്പക്ഷത പുലര്‍ത്തിയിരുന്ന അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ ചാനലിലിരുന്ന് നിരീക്ഷിക്കുന്നിടത്തേക്ക് ഇത്തരം പ്രചാരണങ്ങളെത്തി.

കാസ-സംഘ് പ്രചാരണങ്ങള്‍

മലപ്പുറത്ത് സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി നടത്തിയ ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ ഓണ്‍ലൈന്‍ സന്ദേശം നല്‍കിയത് മുതലാണ് സംഘ് പ്രചാരണങ്ങള്‍ കനത്തത്. തുടക്കമിട്ടത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനായിരുന്നു. തുടര്‍ന്ന് സംഘ്‌ സോഷ്യല്‍ മീഡിയാ ഹാന്റിലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രചാരണം കൊഴുപ്പിച്ചു.

ഇതിനിടക്കാണ് കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് പൊട്ടിയ വാര്‍ത്ത പുറത്തുവന്നത്. അതോടെ ഹമാസിനെ പിന്തുണച്ചവരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കേന്ദ്രമന്ത്രി മുതല്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. സംഘി ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യൽ മീഡിയാ ഹാന്റിലുകളും കേരളത്തിലെ ഭരണകൂടത്തെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കുന്ന നീക്കമാണ് നടത്തിയത്. അതിനെത്തുടര്‍ന്ന് കേരളത്തിലെ എല്ലാ ഇസ്‌ലാമോഫോബിയാ പ്രചാരണങ്ങളിലും സംഭവിക്കുന്നതുപോലെ മുഖ്യധാരാ മാധ്യമങ്ങള്‍ പ്രചാരണങ്ങൾ ഏറ്റെടുത്തു. കണ്ണൂരില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട കാര്യത്തിന് പിടിച്ചുവെച്ച ആളുടെ ക്ലോസപ്പ് ചിത്രങ്ങളോടെ വാര്‍ത്തകള്‍ ബ്രേക്ക് ചെയ്തു. അയാളുടെ വേഷവും രൂപവുമാണ് ആ ചാനലുകാരനെ ആകര്‍ഷിച്ചതെന്ന് ഉറപ്പ്. അതിനിടെയാണ് നിഷ്പക്ഷത പുലര്‍ത്തിയിരുന്നവര്‍ പോലും മുസ്‌ലിംവിരുദ്ധ വംശീയ നിരീക്ഷണങ്ങളുമായി രംഗത്തെത്തിയത്. സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദനും സ്‌ഫോടനത്തെ ഫലസ്ത്വീന്‍ പരിപാടിയുമായി ബന്ധപ്പെടുത്തി സംസാരിച്ചു. 

വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നല്‍കിയ കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ദേശീയ സെക്രട്ടറി അനില്‍ ആന്റണി, സന്ദീപ് വാര്യര്‍, ഹിന്ദു ഐക്യ വേദി നേതാക്കളായ ആര്‍.വി ബാബു, ശശി കല; ഹിന്ദുസ്ഥാന്‍ ടൈംസ്, ഫസ്റ്റ് പോസ്റ്റ്, ന്യൂസ് 18, ജനം ടി.വി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍; സംഘ് പരിവാര്‍ അനുകൂല സംഘടനയായ കാസ, ഓണ്‍ലൈന്‍ ചാനലുകളായ ദ ന്യൂ ഇന്ത്യന്‍, മറുനാടന്‍ മലയാളി, കർമ ന്യൂസ് തുടങ്ങി വന്‍ പടയാണ് വ്യാജ പ്രചാരണത്തിലൂടെ സാമുദായിക ധ്രുവീകരണത്തിന് ചാടിയിറങ്ങിയത്.

ഡൊമിനിക്ക് മാര്‍ട്ടിന്‍

പ്രചാരണങ്ങള്‍ ചൂടുപിടിച്ച് വരുന്നതിനിടയിലാണ് ഡൊമിനിക്ക് മാര്‍ട്ടിനെന്ന സ്വയം പ്രഖ്യാപിത ദേശീയവാദി സ്‌ഫോടനം നടത്തിയത് താനാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തുന്നത്. അതോടെ അതുവരെയുള്ള പ്രചാരണങ്ങള്‍ തിരിച്ചടിക്കുന്ന നിലയിലെത്തി. സാഹചര്യങ്ങളുടെ പ്രേരണകൊണ്ട് ഉള്ളിലെ വംശീയബോധം അറിയാതെ പുറത്തുചാടിയവര്‍ തിരുത്തിയും വീണുരുണ്ടും കളിച്ചു.  എന്നാല്‍, നുണപ്രചാരകർ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ മുൻ പ്രചാരണങ്ങള്‍ തുടര്‍ന്നു.

ഡൊമിനിക്ക് മാര്‍ട്ടിന്റെ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. 'തീവ്രവാദി സംശയം വിടാതെ' എന്നാണ് ഒരു പ്രമുഖ പത്രം ആദ്യ പേജില്‍ തലക്കെട്ട് നല്‍കിയത്. ഗള്‍ഫ് ബന്ധം, മുഖ പുസ്തകത്തിലെ ഫ്രന്റ്‌ലിസ്റ്റിലെ ആളുകളുടെ മതവിവരങ്ങള്‍ തുടങ്ങി പലതും സംഘികള്‍ ചികഞ്ഞെടുത്തു. തങ്ങളുടെ വലിയൊരു നുണപ്രചാരണം പൊളിയുകയും കേരളത്തിന്റെ സാമൂഹികാവസ്ഥ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ വെളിച്ചത്താവുകയും ചെയ്തതിന്റെ ജാള്യത മറയ്ക്കാന്‍ അവര്‍ കൊണ്ടുപിടിച്ചു ശ്രമിച്ചു. ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിഷ്‌ക്രിയത്വം

കേരള സര്‍ക്കാറിനെ കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് സംഘ് പ്രചാരണങ്ങള്‍ പൊടിപൊടിച്ചത്. കളമശ്ശേരി ബോംബ് സ്‌ഫോടനത്തില്‍ കള്ള പ്രചാരണങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പിയും പോലീസും മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഘ് വംശീയ പ്രചാരണങ്ങൾക്കെതിരെ കാര്യമായൊരു നടപടിയും എടുക്കാതിരിക്കുകയാണ് കേരള സര്‍ക്കാര്‍. സോളിഡാരിറ്റിയടക്കം വിവിധ സംഘടനകളും പൊതുപ്രവര്‍ത്തകരും പ്രതിപക്ഷവുമടക്കം പലരും കളമശ്ശേരി വിഷയത്തില്‍ കൃത്യമായ തെളിവുകളോടെ മുഖ്യമന്ത്രി, ഡി.ജി.പി മുതല്‍ പ്രാദേശിക പോലീസില്‍ വരെ പരാതികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, കാര്യമായ നടപടികളൊന്നും ഉണ്ടാകാന്‍ സാധ്യത കാണുന്നില്ല.

അടുത്ത കാലത്തായി ഇടതു സര്‍ക്കാറിന്റെയും പോലീസിന്റെയും സമാന വിഷയങ്ങളിലുള്ള നടപടികള്‍ സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വം വെളിവാക്കുന്നുണ്ട്. കടുത്ത മുസ്‌ലിംവിരോധം പ്രചരിപ്പിക്കുകയും കൂട്ടക്കൊലയും ബലാല്‍സംഗവും നടത്താന്‍ പ്രേരിപ്പിക്കുകയും  ആയുധങ്ങള്‍ വരെ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തെങ്കിലും കാര്യമായൊരു നടപടിയും കേരള പോലീസ് എടുത്തിട്ടില്ല. ഈ സംഭവങ്ങളിലെല്ലാം വ്യക്തമായ തെളിവുകളോടെ പരാതിയും നല്‍കപ്പെട്ടിരുന്നു. കണ്ണൂര്‍, എലത്തൂര്‍ ട്രെയ്ൻ കത്തിക്കല്‍, കൊല്ലത്ത് സൈനികന്റെ മുതുകില്‍ പി.എഫ്.ഐ ചാപ്പ കുത്തല്‍, മഫ്തയിടാതെ വടക്കന്‍ മലബാറില്‍ ഹിന്ദുക്കള്‍ക്ക് ബസ്സില്‍ യാത്രചെയ്യാനാകുന്നില്ലെന്ന പ്രചാരണം തുടങ്ങിയവ ഇത്തരം സംഭവങ്ങളിലെ അവസാന ഉദാഹരണങ്ങളാണ്. 

ഫലസ്ത്വീന്‍ പ്രശ്‌നവും ഹിന്ദുത്വയും

ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ ഇന്ത്യക്കാർ സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ അധിനിവേശ വിരുദ്ധ നിലപാട് പ്രഖ്യാപിച്ചതാണ്. ആ നിലപാട് ബി.ജെ.പി അധികാരത്തിലെത്തുന്നതുവരെ തുടരുകയും ചെയ്തു. അതിനിടക്ക് സയണിസ്റ്റ് നേതാവിനെ രാജ്യത്ത് സ്വീകരിച്ചത് ആദ്യ സംഘി പ്രധാനമന്ത്രിയെന്ന് ഇപ്പോഴും പലരും പറയുന്ന നരസിംഹറാവു മാത്രമാണ്. അതൊഴിച്ചാല്‍ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ്, ഇടത് പാര്‍ട്ടികളടക്കം എല്ലാവരും ഫലസ്ത്വീനെ പിന്തുണച്ചവരാണ്. എന്നാല്‍, ബി.ജെ.പി തുടക്കം മുതല്‍ തന്നെ ഫാഷിസ്റ്റ് വംശീയതയുടെ ആരാധകരായിരുന്നു. ജര്‍മനിയിലെ നാസിസത്തിൽ തങ്ങളുടെ പ്രത്യയശാസ്ത്ര അടിത്തറ കണ്ട ഗോള്‍വാള്‍ക്കറും ഇറ്റലിയിലെ ഫാഷിസത്തെ ആരാധനയോടെ കണ്ട മൂഞ്ചെയുമെല്ലാം അതിന്റെ തുടക്കക്കാരായിരുന്നു.  അധികാരത്തിലേറിയതോടെ സയണിസത്തെ നേരിട്ട് പിന്തുണക്കുന്ന നിലപാടാണ് സംഘ് പരിവാർ സ്വീകരിച്ചത്. എങ്കിലും, ഇത്തവണ ഗസ്സക്കെതിരെ ആക്രമണമുണ്ടായപ്പോഴും പഴയ കീഴ്‌വഴക്കമനുസരിച്ച്  വിമാനത്തില്‍ അടിയന്തര സഹായം നല്‍കാന്‍ ഇന്ത്യ തയാറായതും കാണാം.

രാജ്യത്തിന്റെ  നിലപാട് മാറ്റാന്‍ സംഘ്‌ പരിവാർ തുടക്കം മുതലേ ശ്രമിച്ചു. അതിന്റെ ഭാഗമായി സയണിസ്റ്റുകളെ ഇവിടെ സ്വീകരിച്ചു. രഹസ്യാന്വേഷണ-ചാര പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി പല പരിശീലനങ്ങള്‍ക്കും അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പെഗസസ് നല്ല ഉദാഹരണമാണ്. ഈയൊരു സാഹചര്യത്തിലാണ് സംഘ് പരിവാറിന്റെ ഫലസ്ത്വീന്‍ അനുകൂല പരിപാടികള്‍ക്കെതിരായ വിദ്വേഷ പ്രചാരണങ്ങളെ നാം കാണേണ്ടത്.

കാസയും  മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങളും 

കേരളത്തില്‍ സംഘ് പരിവാറിനെ തോല്‍പിക്കുന്ന തരത്തില്‍ മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്ന ക്രിസ്ത്യന്‍ ഗ്രൂപ്പാണ് കാസ. കളമശ്ശേരി വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ കാസ മുസ്‌ലിംവിരുദ്ധ വംശീയത തുപ്പിക്കൊണ്ടിരിക്കുകയായിരുന്നു. മറ്റൊരു ദേശീയവാദി ക്രിസ്ത്യാനിയാണ് രാജ്യസ്‌നേഹത്തിന്റെ പേരില്‍ കുറ്റം നടത്തിയതെന്ന് അറിഞ്ഞതോടെ ഗൂഢാലോചനാ സിദ്ധാന്തവുമായി അവര്‍ ഇറങ്ങുകയാണ് ചെയ്തത്. നമ്പറിട്ട് മുസ്‌ലിംബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളും കാണാം.

കേരളത്തില്‍ അടുത്ത കാലത്തുണ്ടായ എല്ലാ മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങളിലും കാസയുടെ പങ്ക് വ്യക്തമായിരുന്നു. മുസ്‌ലിം ഹോട്ടലുകള്‍ക്കെതിരായ പ്രചാരണം, ഹലാല്‍ ഭക്ഷണം ചില മേഖലകളില്‍ അധികരിക്കുന്നെന്ന തള്ളലുകള്‍, ഭക്ഷണത്തിലും മറ്റും സന്താന നിയന്ത്രണത്തിനുള്ള കെമിക്കല്‍ ചേര്‍ക്കുന്നുവെന്ന കള്ളം തുടങ്ങി ഇസ്രായേല്‍-ഫലസ്ത്വീന്‍ വിഷയത്തില്‍ വരെ കേരളത്തിലെ കാസയുടെ വ്യാജ കഥകള്‍ സുലഭമാണ്.

ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ പരിപാടികളും  ഹമാസ് പങ്കാളിത്തവും

രാജ്യത്ത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമായി പല സ്ഥലങ്ങളിലും ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ സംഗമങ്ങളും പരിപാടികളും നടക്കുന്നത് സംഘ് പരിവാര്‍ തുടക്കത്തില്‍ തന്നെ വലിയ പ്രശ്‌നമായി കണ്ടിരുന്നു. തങ്ങള്‍ക്ക് ആധിപത്യമുള്ള രാജ്യ തലസ്ഥാനമടക്കമുള്ള ഭാഗങ്ങളില്‍ ഇത്തരം പരിപാടികൾക്കെതിരെ കേസെടുത്തും പോലീസിനെ ഉപയോഗിച്ച് അക്രമങ്ങളഴിച്ചുവിട്ടും തടഞ്ഞിരുന്നു. അവസാനം കളമശ്ശേരി സ്‌ഫോടനത്തിന് പിന്നിലെ യാഥാര്‍ഥ്യം പുറത്തുവന്ന ശേഷവും മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ എസ്.ഐ.ഒ നടത്തിയ ഫലസ്ത്വീന്‍ പരിപാടിയെ ഈ സ്‌ഫോടനവുമായി ബന്ധപ്പെടുത്തി ഗോഡി മീഡിയ പ്രചരിപ്പിക്കുന്നത് കാണാം. കേരളത്തിലും ഇത്തരത്തില്‍ പോലീസ് നടപടികള്‍ വേണമെന്നാണ് കേന്ദ്രമന്ത്രിമാരടക്കം ആവശ്യപ്പെടുന്നത്.

ഹമാസ് ഫലസ്ത്വീനിലെ പ്രധാന അധിനിവേശ വിരുദ്ധ പോരാട്ട സംഘമാണ്. ലോകം മറന്നുകൊണ്ടിരിക്കുകയായിരുന്ന ഫലസ്ത്വീന്‍ പ്രശ്‌നത്തെ ലോകത്തിന്റെ മനസ്സില്‍ സജീവമാക്കി നിര്‍ത്താന്‍ അവരുടെ പല ഇടപെടലുകള്‍ക്കും സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ ഇടതുപക്ഷമടക്കമുള്ള മിക്ക ആക്ടിവിസ്റ്റുകളും ഹമാസിന് പിന്തുണ നല്‍കുന്നുണ്ട്. മാത്രമല്ല, രാജ്യം ഇതുവരെ ഭീകരസംഘടനയായി പ്രഖ്യാപിക്കാത്ത സംഘടനയാണ് ഹമാസ്. ഇന്ത്യയില്‍ ഇത് പ്രവര്‍ത്തിക്കുന്നുമില്ല. അതുകൊണ്ടുതന്നെ അതിന്റെ പ്രതിനിധി ഇവിടെ പരിപാടിയില്‍ പങ്കെടുക്കുന്നത് ഇന്ത്യന്‍ നിയമപ്രകാരം പ്രശ്‌നമുള്ള കാര്യമല്ല.

ഹമാസാണ് ഫലസ്ത്വീനില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന വാദവും അടിസ്ഥാന രഹിതമാണ്. കാരണം, ഹമാസ് രൂപവത്കരിക്കപ്പെട്ടത് 1987-ല്‍ മാത്രമാണ്. എന്നാല്‍, ഫലസ്ത്വീനില്‍ സയണിസ്റ്റുകള്‍ അധിനിവേശം നടത്തി ആളുകളെ കൂട്ടക്കൊലകള്‍ നടത്താന്‍ തുടങ്ങിയിട്ട് മുക്കാല്‍ നൂറ്റാണ്ടെങ്കിലുമായി. ഹമാസിന്റെ സാന്നിധ്യമാണ് അക്രമങ്ങള്‍ക്ക് കാരണമെന്ന് പറയുന്നവരും ഹമാസിനെ തീവ്രവാദികളെന്ന് വിളിക്കുന്നവരും അധിനിവേശ യുക്തിയാണ് പ്രയോഗിക്കുന്നത്. അമേരിക്ക സെപ്റ്റംബര്‍ 11-നെ മുന്‍നിര്‍ത്തി ആരംഭിച്ച 'വാര്‍ ഓണ്‍ ടെറര്‍' എന്ന അധിനിവേശ പദ്ധതിയുടെ ഭാഗമായ വാദമാണ് അറിഞ്ഞോ അറിയാതെയോ ഇവര്‍ ഉന്നയിക്കുന്നത്. ഭീകരതാ വിരുദ്ധ യുദ്ധത്തിന്റെ ഭാഗമായി അമേരിക്ക ഉയര്‍ത്തിയ 'ഒന്നുകില്‍ തീവ്രവാദികള്‍ക്കൊപ്പം അല്ലെങ്കില്‍ ഞങ്ങള്‍ക്കൊപ്പം തീവ്രവാദത്തിനെതിരില്‍' എന്ന അടിച്ചമര്‍ത്തല്‍ നയമാണ് ഫലസ്ത്വീന്‍ വിഷയത്തിലും അമേരിക്ക പയറ്റുന്നത്. ഫലസ്ത്വീനിനെയും ഹമാസിനെയും പിന്തുണക്കുന്നവര്‍ക്ക് മനുഷ്യത്വത്തെ പിന്തുണക്കാനാവില്ലെന്നാണ് അവരുണ്ടാക്കുന്ന നരേഷന്‍. ഫലസ്ത്വീനികളെ സ്വന്തം മണ്ണില്‍നിന്ന് ആട്ടിപ്പുറത്താക്കിയാണ് ഈ വാദം ഉന്നയിക്കുന്നതെന്നതാണ് വലിയ ദുരന്തം.

ഹിന്ദുത്വ-സയണിസ്റ്റ് കൂട്ടുകെട്ട്

വംശീയ പ്രചാരണങ്ങളിലും വംശീയ പദ്ധതികള്‍ നടപ്പാക്കുന്നതിലും ഇന്ത്യയിലെ ഹിന്ദുത്വയും സയണിസവും ഒന്നിക്കുന്നത് ഈ സംഭവങ്ങളിലും കാണാം. കേരളത്തിലെ ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ പരിപാടികളെ കുറിച്ചും കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ചും സയണിസ്റ്റ് സോഷ്യൽ മീഡിയാ ഹാന്റിലുകളും ഇസ്രായേല്‍ ബന്ധമുള്ള നയതന്ത്ര പ്രതിനിധികളും നടത്തിയ പ്രചാരണങ്ങള്‍ ഇത് തെളിയിക്കുന്നതാണ്. കടുത്ത വിവേചന നയങ്ങളാണ് സയണിസ്റ്റുകള്‍ ഇസ്രായേലില്‍ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ ഫലസ്ത്വീനടക്കമുള്ള മേഖലകളില്‍ സയണിസം വലിയ വെല്ലുവിളിയാണ്. അതുപോലെ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരുടെ വീടുകളും സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന ബുള്‍ഡോസര്‍ ഹിന്ദുത്വ രാജ്യത്തിന്റെ നിലനില്‍പ്പിന് വലിയ വെല്ലുവിളിയാണ്.

ഈ സാഹചര്യത്തിലാണ് സോളിഡാരിറ്റി 'അപ്‌റൂട്ട് ബുള്‍ഡോസര്‍ ഹിന്ദുത്വ ആന്റ് അപ്പാര്‍ത്തീഡ് സയണിസം' എന്ന തലക്കെട്ടില്‍ കാമ്പയിന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. l
(സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ) 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 31-33
ടി.കെ ഉബൈദ്

ഹദീസ്‌

ദുൻയാവും ആഖിറത്തും
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്