തീന്മേശകളിലെ ആഡംബരങ്ങൾ
ആഹാരത്തിന്റെ മേന്മകളെക്കുറിച്ച് മാത്രം ജനങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലം വരുമെന്ന പ്രവചനം സത്യമായി പുലർന്നിരിക്കുന്നു. വിശപ്പ് മാറാനുള്ള ഭക്ഷണമല്ല, രുചിവൈവിധ്യങ്ങൾ വിളമ്പുന്ന ഭക്ഷണശാലകളാണ് ആളുകളിന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. എത്ര സമയം ചെലവഴിച്ചും എത്ര ദൂരം സഞ്ചരിച്ചും പുതിയ രുചികൾ തേടിപ്പോകാൻ ആളുകളിന്ന് ഒരുക്കമാണ്. മൊബൈൽ ഫോണിൽ വിരലൊന്നമർത്തിയാൽ പേരുപറയാൻ പോലുമറിയാത്ത വിഭവങ്ങൾ വീട്ടുപടിക്കലെത്തുമെങ്കിലും കുടുംബത്തോടൊപ്പം ഭക്ഷണം പുറത്ത് പോയി കഴിക്കുന്നതാണ് പുതിയ ട്രെന്റ്.
കല്യാണ വീടുകളിലും പാർട്ടികളിലും പല നിറത്തിലും രുചികളിലും നിറച്ചുവെച്ചിരിക്കുന്ന വെൽകം ഡ്രിങ്ക്സ് മുതൽ തീന്മേശകളിൽ ധാരാളിത്തത്തോടെ നിരത്തിവെച്ചിരിക്കുന്ന പരസ്പര വിരുദ്ധങ്ങളായ വിഭവങ്ങളും അതു കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ലഭിക്കുന്ന ഡെക്കറേറ്റഡ് പലഹാരങ്ങളും ക്രീമുകളും കഴിച്ച് അതിഥികൾ തളർന്നുപോകുന്നു.
സുഭിക്ഷമായൊരു ഊണിന് കറിയൊരുക്കാനായി രാവിലെത്തന്നെ മൽസ്യവും മാംസവും തേടിയിറങ്ങുന്നവരുടെ തിരക്കാണ് മാർക്കറ്റുകളിൽ. ഉച്ചയ്ക്കൊരു ഊണൊരുക്കാൻ തന്നെയാണ് പല വീട്ടമ്മമാരും അടുക്കളയിൽ കൂടുതൽ സമയവും ഊർജവും ചെലവഴിക്കുന്നതും. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുക എന്നതിൽനിന്ന് ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുക എന്നതിലേക്ക് പലരും മാറിക്കൊണ്ടിരിക്കുന്നു.
പുതുമയുള്ള പേരുകളിൽ, വർണങ്ങളിൽ, ആകൃതികളിൽ ആഹാരമുണ്ടാക്കുകയും അത് കാണിക്കുകയും ചെയ്യുന്ന വീഡിയോകൾക്കാണ് യൂട്യൂബിൽ ഏറ്റവും കൂടുതൽ അന്വേഷകരുള്ളത്. വെറൈറ്റി ഫുഡ് ലഭിക്കുന്ന റെസ്റ്റോറന്റുകളെയും സ്ഥലങ്ങളെയും പരിചയപ്പെടുത്തുന്ന വ്ലോഗർമാർക്കാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ളത്. തീൻമേശകൾ അലങ്കരിക്കുന്നതിനെപ്പറ്റിയുള്ള ടിപ്സുകളും റീൽസുകളുമാണ് ഇന്ന് ഏറെ ഷെയർ ചെയ്യപ്പെടുന്നത്.
ഗ്രാമങ്ങളിൽ പോലും ഇന്ന് വിരലിലെണ്ണാവുന്നതിലധികം ഫുഡ് ഔട്ട്ലെറ്റുകളും അത്ര തന്നെ മെഡിക്കൽ ഷോപ്പുകളുമുണ്ട്. അമിതമായി ഭക്ഷണവും മരുന്നും കഴിച്ചു കഴിച്ച് നമ്മൾ അറിയാതെ രോഗികളായിപ്പോവുകയാണ്.
ഒരു ഡോക്ടർ പോലുമില്ലാത്ത അറേബ്യയിലെ പഴയൊരു നഗരത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. അവിടെ ഒരാൾക്കുപോലും രോഗമില്ലാത്തതിന്റെ കാരണമന്വേഷിച്ചുപോയവർക്ക്, അവിടെയുള്ളവരെല്ലാം മിതമായി ഭക്ഷണം കഴിക്കുന്ന ശീലമുള്ളവരാണെന്നാണ് അറിയാനായത്.
ആഹാരത്തിന്റെ ആഡംബരത്തിനായി അമിതമായി പണവും സമയവും ധൂർത്തടിക്കുമ്പോൾ, യുദ്ധംകൊണ്ടും പ്രകൃതിദുരന്തങ്ങൾ കൊണ്ടും ഭക്ഷണവും വെള്ളവും കിട്ടാതെ ആർത്തുകരയുന്ന ആയിരങ്ങളെ ഒരു നിമിഷമെങ്കിലും നമ്മൾ മനസ്സിലോർക്കുക!
Comments