Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 27

3324

1445 റബീഉൽ ആഖിർ 12

പ്രതിയോഗികളുടെ ചിരിയിൽനിന്ന് രക്ഷ തേടുക

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്

عَنْ أَبي هُريَرةَ رَضِيَ اللهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيهِ وَسَلَّمَ قَالَ: تَعَوَّذُوا بِاللَّهِ مِنْ جَهْدِ الْبَلاءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَماتَةِ الأَعْدَاءِ (متفقٌ عَلَيْهِ)

 

അബൂഹുറയ്റ(റ)യിൽനിന്ന്. നബി (സ) പറഞ്ഞു: "കടുത്ത പരീക്ഷണങ്ങളിൽനിന്നും, കനത്ത ദുരിതങ്ങളിൽനിന്നും, വിനാശകരമായ വിധികളിൽനിന്നും, പ്രതിയോഗികളുടെ ചിരിയിൽനിന്നും നിങ്ങൾ അല്ലാഹുവിനോട് അഭയം തേടുക " (ബുഖാരി, മുസ്്ലിം).

 

വളരെ പ്രധാനപ്പെട്ട നാല് ആവശ്യങ്ങളാണ് ഈ പ്രാർഥനയിലുള്ളത്. കടുത്ത പരീക്ഷണങ്ങളിൽനിന്ന് രക്ഷപ്പെടുത്തണമെന്നാണ് ഒന്നാമത്തേത്. സഹിക്കാനാവാത്ത പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ബാധിക്കുന്നതിൽ നിന്ന് രക്ഷതേടുകയാണിവിടെ. മരണത്തെ പോലും കൊതിച്ചുപോവുന്ന വിപത്തുകൾ,  ചികിത്സിച്ച് മടുത്ത മാറാവ്യാധികൾ, വീട്ടാനാവാത്ത കടബാധ്യതകൾ, മനസ്സിൽ ദുഃഖവും വ്യാധിയും നിറക്കുന്ന വാർത്തകൾ,  കുടുംബ പ്രാരബ്ധങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ പെടും. വിശുദ്ധ ഖുർആൻ 2: 286-ൽ ഇപ്രകാരം ഒരു പ്രാർഥന പഠിപ്പിക്കുന്നുണ്ട്:
"ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്കു താങ്ങാനാവാത്ത കൊടും ഭാരം ഞങ്ങളെ നീ വഹിപ്പിക്കരുതേ."
കനത്ത ദുരിതങ്ങളിൽനിന്ന് രക്ഷ നൽകാനാണ് രണ്ടാമതായി പ്രാർഥിക്കുന്നത്. الشَّقَاءِ എന്നാൽ ദുരിതം, ദൗർഭാഗ്യം എന്നെല്ലാമാണർഥം.

നാശം എന്നാണ് ഇവിടെ അർഥമെന്ന് ഇബ്്നു ഹജർ (റ) പറയുന്നുണ്ട്. ഐഹികവും പാരത്രികവുമായ എല്ലാതരം ദൗർഭാഗ്യങ്ങളും കഷ്ടപ്പാടുകളും ഇതിൽ പെടും.

ഇബ്്നുൽ ഖയ്യിം (റ) പറഞ്ഞു: "പ്രാർഥന ഏറെ ഉപകാരമുള്ള മരുന്നാണ്. അത് വിപത്തുകളുടെ  ശത്രുവാണ്. അത് വിനാശങ്ങളെ ചെറുക്കുകയും പരിഹരിക്കുകയും ചെയ്യുന്നു.
ആത്മാർഥമായ  പ്രാർഥനകൾ വിപത്തുകൾ വരുന്നതിനെ തടയുന്നു. വന്നവയെ നീക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്നു."

മൂന്നാമതായി, വിനാശകരമായ ദുർവിധികളിൽനിന്ന് മോചനം തേടുകയാണ്. വിഷമകരമായ വിധികളിൽനിന്ന് രക്ഷതേടൽ അല്ലാഹുവിന്റെ ഖദാ -ഖദ്റുകളിൽ തൃപ്തിപ്പെടുക എന്ന ശരീഅത്തിന്റെ ശാസനയോട് എതിരാവുന്നില്ല. കാരണം, രക്ഷതേടലും ഖദാഇന്റെ ഭാഗം തന്നെയാണ്. ദുആ, ശർഇന്റെ നിയമമാണ്. അല്ലാഹുവിന്റെ പ്രാപഞ്ചിക വിധികളിൽ തൃപ്തിപ്പെടുന്നതോടൊപ്പം, വിനാശകരമായ വിധികളിൽനിന്ന് അഭയം തേടാനും ശരീഅത്ത് കൽപിക്കുന്നു. എന്നാൽ, അനിഷ്ടങ്ങൾ സംഭവിക്കുന്നതിന് മുമ്പാണ് പ്രാർഥനയുണ്ടാവേണ്ടത്. സംഭവിച്ച ശേഷം  വെപ്രാളപ്പെടുകയോ അതൃപ്തി പ്രകടിപ്പിക്കുകയോ ചെയ്യാതെ സഹനമവലംബിക്കുകയാണ് വേണ്ടത്.

ശത്രുക്കളുടെ സന്തോഷത്തിൽനിന്നാണ് നാലാമതായി കാവൽ തേടുന്നത്. ഒരാൾക്ക് എന്തെങ്കിലും കഷ്ടപ്പാടുകളുണ്ടാവുമ്പോൾ അവന്റെ എതിരാളികൾ സന്തോഷിക്കും. എന്തെങ്കിലും അനുഗ്രഹങ്ങളുണ്ടാവുമ്പോൾ അവർ ദുഃഖിക്കും. ഇപ്രകാരം, പ്രതിയോഗികളെയും അസൂയാലുക്കളെയും ആനന്ദിപ്പിക്കുന്ന പരീക്ഷണങ്ങൾ നൽകരുതെന്നാണ് ഈ പ്രാർഥനയുടെ പൊരുൾ.

ഹാറൂൻ നബി (അ), മൂസാ നബി(അ)യോട് നടത്തിയ അഭ്യർഥന വിശുദ്ധ ഖുർആൻ ഉദ്ധരിച്ചിട്ടുണ്ട്: فَلَا تُشْمِتْ بِىَ ٱلْأَعْدَآءَ (എതിരാളികള്‍ക്ക് എന്നെ നോക്കിച്ചിരിക്കാന്‍ ഇടവരുത്താതിരിക്കുക - 7: 150). നബി (സ) ഇപ്രകാരം പ്രാർഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ, ശത്രുവിനെയും അസൂയക്കാരനെയും ആഹ്ലാദിപ്പിക്കുന്ന രീതിയിൽ എന്നെ നീ പരീക്ഷിക്കരുതേ" (അൽ ഹാകിം).

കൂടുതൽ പരീക്ഷണങ്ങൾക്ക് വിധേയനായ അയ്യൂബ് നബി(അ)യോട്, ഏറെ പ്രയാസകരമായ ദുരനുഭവം ഏതായിരുന്നുവെന്ന് ചോദിച്ചപ്പോൾ പ റഞ്ഞു: "വിപത്തുകൾ സംഭവിച്ചപ്പോൾ എന്റെ ശത്രുക്കൾക്കുണ്ടായ നിര്‍വൃതി" (ഉയൂനുൽ അ ഖ്ബാർ).

തന്റെ സ ഹോദരനെ ബാധിക്കുന്ന ദുരിതങ്ങളിൽ  സന്തോഷിക്കരുതെന്ന സന്ദേശവും ഈ പ്രാ ർഥനയിലുണ്ട്. നബി (സ) പറഞ്ഞു: "നിന്റെ സഹോദരനെ ബാധിച്ച വിപത്തിൽ സന്തോഷിക്കരുത്. അപ്പോൾ അല്ലാഹു അവനെ അനുഗ്രഹിക്കുകയും നിന്നെ പരീക്ഷിക്കുകയും ചെയ്യും" (തിർമിദി).
ഫറസ്ദഖ് പാടി:

فَقُلْ لِلشَّامِتِينَ بِنَا أَفِيقُوا
           سَيَلْقَى الشَّامِتُونَ كَمَا لَقِينَا
(ഞങ്ങളുടെ വിഷമങ്ങളിൽ ആഹ്ലാദിക്കുന്നവരോട് നീ പറയുക: ആനന്ദിക്കുന്ന നിങ്ങളും ഞങ്ങളനുഭവിച്ചത് നേരിടേണ്ടിവരും).

  ഈ  ഹദീസിന്റെ പ്രാർഥനാ രൂപം ഇങ്ങനെയാണ്:
اللّٰهُمَّ إِنِّي أَعُوذُ بِكَ مِنْ جَهْدِ الْبَلاءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَماتَةِ الأَعْدَاءِ

(കടുത്ത പരീക്ഷണങ്ങളിൽനിന്നും, കനത്ത ദുരിതങ്ങളിൽനിന്നും, വിനാശകരമായ വിധികളിൽനിന്നും, പ്രതിയോഗികളുടെ ചിരിയിൽ നിന്നും അല്ലാഹുവേ, നിന്നോട് ഞാൻ അഭയം തേടുന്നു). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 24-27
ടി.കെ ഉബൈദ്

ഹദീസ്‌

പ്രതിയോഗികളുടെ ചിരിയിൽനിന്ന് രക്ഷ തേടുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്