സനാതന തത്ത്വങ്ങളും സനാതന ധര്‍മങ്ങളും
പ്രബോധനത്തില്‍ കണ്ട രണ്ട് ലേഖനങ്ങളെ സംബന്ധിച്ച പ്രതികരണമാണ് ഈ കുറിപ്പ് (സെപ്റ്റംബര്‍ 29). ഡോ. വി. ഹിക്മത്തുല്ലയുടെ 'സനാതന ധര്‍മ വിവാദവും ജാതി വിമര്‍ശനവും' എന്ന ലേഖനം വായിച്ചു. നല്ല നിരീക്ഷണങ്ങള്‍. 'സനാതനം' എന്ന പദത്തിന്റെ അര്‍ഥം മാറ്റമില്ലാതെ എന്നും നിലകൊള്ളുന്ന തത്ത്വങ്ങള്‍ എന്നാണല്ലോ. അത്തരത്തില്‍ നിലനിന്നു വരുന്ന രണ്ട് ശാസ്ത്രങ്ങളാണ് ഗണിതശാസ്ത്രവും ജ്യോമട്രിയും. ഒന്നും ഒന്നും രണ്ട്, രണ്ടും രണ്ടും നാല്. മൂന്ന് കോണുകള്‍ ചേര്‍ന്നാല്‍ തൊണ്ണൂറ് ഡിഗ്രി. ഈ തത്ത്വങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. സനാതനമാണ്. അങ്ങനെയാണോ ഇന്ന് പ്രചരിപ്പിച്ചുപോരുന്ന 'സനാതന ധര്‍മം?'
'ധര്‍മം' എന്ന പദത്തിന് നിരവധി അര്‍ഥങ്ങളുണ്ട്. അവയൊന്നും സനാതനമല്ല. സ്ഥലകാലങ്ങള്‍ക്ക് യോജിക്കുന്ന കാര്യങ്ങള്‍ ഓരോരുത്തരും യുക്തിസഹമായി ചെയ്യേണ്ടവയാണ്. സനാതന തത്ത്വങ്ങളുണ്ട്, ധര്‍മങ്ങളില്ല.
ഈ കാര്യങ്ങള്‍ വേദോപനിഷത്തുകള്‍ക്ക് മുമ്പേ ഉണ്ടായിരുന്നു. 'ലോകായതം' 'ചാര്‍വാക' സംസ്‌കാരത്തില്‍ ഇവ പ്രാധാന്യത്തോടെ പരാമര്‍ശിച്ചതായി കാണാം. ലേഖകന്‍ ഇത് പരാമര്‍ശിക്കാതിരുന്നത് ഉചിതമായില്ല.
ചാതുര്‍വര്‍ണ്യം ശ്രുതി സംസ്‌കാരമല്ല, 'സ്മൃതി' സംസ്‌കാരമാണ്. അതതു കാലത്തെ ഭരണക്കാരെ പ്രീതിപ്പെടുത്താനും മറ്റുമായി 'രാജഗുരുക്കന്മാരെ'ന്ന ജനചൂഷകരും തന്ത്രശാലികളുമായ പണ്ഡിതന്മാര്‍ ഉണ്ടാക്കിയവയാണ്. 'മനുവും മനുസ്മൃതിയും' അങ്ങനെ വന്നതാണ്.
യാസീന്‍ വാണിയക്കാടിന്റെ 'ശ്രീനാരായണ ഗുരുവിനെ കാവിയുടുപ്പിക്കല്‍' വായിച്ചു. നാരായണ ഗുരു കാവി വസ്ത്രമോ മഞ്ഞ വസ്ത്രമോ ധരിച്ചിട്ടില്ല; പുലിത്തോലില്‍ ഇരുന്നിട്ടുമില്ല. ഇവയെല്ലാം ശിവകാശിയിലെ അച്ചടിശാലക്കാര്‍ ഉണ്ടാക്കിയതാണ്. ഗുരു വെള്ളമുണ്ടുടുക്കും, മറ്റൊരു വെള്ളമുണ്ട് കൊണ്ട് ശരീരവും മൂടും. നാരായണ ഗുരുവിനെ ഞാനോ എന്റെ തലമുറയോ കണ്ടിട്ടില്ല. പക്ഷേ, നാരായണ ഗുരുവിനെ കണ്ടിട്ടുള്ളവരെ ഞാന്‍ കണ്ടിട്ടുണ്ട്. തിരുവനന്തപുരം പേട്ട, പാല്‍ക്കുളങ്ങര പ്രദേശങ്ങളിലെ ഏതാനും കുടുംബാംഗങ്ങളെ (അമ്പത് വര്‍ഷം മുമ്പ്) കാണാന്‍ കഴിഞ്ഞു. നാരായണ ഗുരുവിനെ സംബന്ധിച്ചും അദ്ദേഹത്തിന്റെ ശീലങ്ങളെ സംബന്ധിച്ചും പല കാര്യങ്ങളും അറിയാന്‍ കഴിഞ്ഞു.
'പിന്നാക്ക സമുദായ'ക്കാരെന്ന് അക്കാലത്ത് വിശേഷിപ്പിച്ചുപോന്നവര്‍ക്ക് അമ്പലങ്ങളിലും മറ്റും പ്രവേശിക്കാന്‍ പറ്റുമായിരുന്നില്ല. തിരുവനന്തപുരം പ്രദേശത്തെ പ്രാദേശിക 'ദേവീ ദേവ'ന്മാരുടെ ക്ഷേത്രങ്ങളും നാരായണ ഗുരു ഉണ്ടാക്കി. ജനങ്ങളോട് നിഷേധാജ്ഞ പ്രകടിപ്പിച്ചാല്‍ അവര്‍ക്ക് ഭ്രമം കൂടും. അതില്ലാതാക്കാന്‍ വേണ്ടിയായിരുന്നു ഗുരു അമ്പലങ്ങളുണ്ടാക്കിയത്. അവ 'ദീപം' , 'കണ്ണാടി' എന്നിവയിലെത്തി. ഗുരു പിന്നീട് പറഞ്ഞു: ഇനി ക്ഷേത്രങ്ങളല്ല വേണ്ടത്, പ്രാദേശിക വസ്തുക്കളുപയോഗിച്ച് ചെറിയ വ്യവസായ സംരംഭങ്ങളുണ്ടാവണം; വിദ്യാലയങ്ങളുണ്ടാവണം.'
ഡോ. പി.വി ഉണ്ണികൃഷ്ണന്‍
Former Head, Dept. of Philosophy, University of Calicut
ഉൾക്കൊള്ളലും
പുറംതള്ളലും; ആത്മ പരിശോധന വേണം
പി.കെ ജമാൽ എഴുതിയ 'ഉൾക്കൊള്ളൽ നയമായിരുന്നു തിരുദൂതരുടേത്' എന്ന ലേഖനം (ലക്കം 19) കാലിക പ്രസക്തവും ഇസ്‌ലാമിക പണ്ഡിതന്മാരെയും സംഘടനകളെയും നേതാക്കളെയും ആത്മപരിശോധനക്ക് പ്രേരിപ്പിക്കുന്നതുമാണ്. ഇസ്‌ലാമിക സംഘടനകളും നേതാക്കളും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളിൽ വ്യാപൃതരാവുമ്പോൾ, തങ്ങളുടെ വൃത്തങ്ങളിൽ അരങ്ങേറുന്ന ആഭ്യന്തര പ്രശ്നങ്ങളിൽ അവർ അവലംബിക്കുന്ന രീതികളും ആത്മപരിശോധനക്ക് വെക്കേണ്ടിവരും.
ഉൾക്കൊള്ളൽ നയമായിരുന്നു നബിയുടേത് എന്ന് പറയുമ്പോഴും പ്രവാചകൻമാരുടെ അനന്തരാവകാശികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പണ്ഡിതന്മാരുടെ സമീപനവും ഇടപെടലും അഭിമുഖീകരണവും വിധി തീർപ്പുകളും പലപ്പോഴും ലേഖകൻ പറഞ്ഞ പുറന്തള്ളലായി അനുഭവപ്പെടുന്നു. അനുയായികൾ ഏതെങ്കിലും പ്രശ്നങ്ങളിൽ അകപ്പെടുമ്പോഴോ തങ്ങൾ അനുഭവിക്കുന്ന എന്തെങ്കിലും പ്രയാസങ്ങൾ ശ്രദ്ധയിൽ പെടുത്തുമ്പോഴോ അവയെ കൃത്യമായി അഭിമുഖീകരിക്കാനും അവർക്കാവശ്യമായ ഉപദേശനിർദേശങ്ങളും പരിഹാരങ്ങളും നൽകാനും പലപ്പോഴും നേതൃത്വത്തിന് കഴിയാതെ വരുന്നു. അതു കാരണം വ്യക്തികൾ ഒറ്റപ്പെടുകയോ ഇസ്‌ലാമിക സംഘടനാ പരിസരങ്ങളിൽനിന്ന് അകലുകയോ ചെയ്യുന്നു.
മുസ്‌ലിം സമുദായത്തിനകത്ത് വൈവിധ്യമാർന്ന സംരംഭങ്ങളും സ്ഥാപനങ്ങളും സംവിധാനങ്ങളും എമ്പാടും ഉണ്ട്. ഇവിടങ്ങളിലും ആഭ്യന്തര പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഉൾക്കൊള്ളലിനെക്കാൾ പുറംതള്ളൽ ശൈലിയാണ് കണ്ടുവരുന്നത്. ഇസ്‌ലാമിക കൂട്ടായ്മകൾ നേതൃത്വം കൊടുക്കുന്ന സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും ഉണ്ടാവേണ്ടിയിരിക്കുന്നു. ഇപ്പറഞ്ഞതിനർഥം, മൊത്തം പ്രശ്നങ്ങളാണെന്നോ മറ്റുള്ളവർ കൈകാര്യം ചെയ്യുന്നവയെല്ലാം ന്യൂനതകൾ ഇല്ലാത്തതാണെന്നോ അല്ല. ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്നവർ മേൽനോട്ടം വഹിക്കുന്ന എല്ലാ വിഷയങ്ങളിലും കൂടുതൽ ജാഗ്രതയും സൂക്ഷ്മതയും ഉറപ്പുവരുത്തണമെന്ന് ഉണർത്തുക മാത്രമാണ്. ഇസ്‌ലാമിക നേതൃത്വങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും പണ്ഡിതന്മാർക്കും അബദ്ധങ്ങൾ സംഭവിക്കുന്നത്, ലേഖകന്റെ ഭാഷയിൽ പറഞ്ഞാൽ, ഭീമമായ വിപത്താണ് സമുദായത്തിന് വരുത്തിവെക്കുക.
ഇസ്‌ലാമിന്റെ ആകത്തുക നീതിയാണ്. സത്യസന്ധമായും നീതിയുക്തമായും കാര്യങ്ങളെ അഭിമുഖീകരിക്കുക എന്നത് പണ്ഡിതന്മാരുടെയും സംഘടനാ നേതാക്കളുടെയും കർത്തവ്യമാണ്. മുൻവിധികളോടെയും ഏകപക്ഷീയമായും തങ്ങൾക്ക് ചുറ്റിലുമുള്ളവയെ സമീപിക്കുന്നത് അനീതിക്ക് തുല്യമാണ്. ഇസ്‌ലാമിക ചരിത്രത്തിൽ, അധികാരികൾക്കെതിരെ പരാതി വരുമ്പോൾ പോലും അവർക്കെതിരെ നടപടിയെടുക്കുക ഇസ്‌ലാമിക ഭരണാധികാരികളുടെ രീതിയായിരുന്നു. ഖലീഫമാരോട് തങ്ങളുടെ ഗവർണർമാരെ കുറിച്ചോ അവർക്ക് കീഴിലുള്ള ഏതെങ്കിലും സംവിധാനങ്ങളെ കുറിച്ചോ പരാതി പറയുന്നവരോട് അതിൽ തങ്ങൾ ഇടപെടുകയില്ലെന്നും അതത് പ്രദേശങ്ങളിലുള്ളവരെ ഉത്തരവാദപ്പെടുത്തിയിട്ടുണ്ടെന്നും അവർ കൈകാര്യം ചെയ്തുകൊള്ളുമെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുന്നവരായിരുന്നില്ല ഖലീഫമാർ. തങ്ങളുടെ സ്വാധീന വൃത്തത്തിൽ വരുന്ന എവിടെയെങ്കിലും ഒരു ആട്ടിൻകുട്ടി വിശന്നു ചത്താൽ പോലും നാളെ അല്ലാഹുവിന്റെ മുമ്പിൽ മറുപടി പറയേണ്ടത് ഒന്നാമതായി തങ്ങളായിരിക്കുമെന്ന ഉത്തമ ബോധ്യമായിരുന്നു അവരെ അതിനു പ്രേരിപ്പിച്ചിരുന്നത്. ഇന്ന് ഇത് ഉദ്‌ഘോഷിക്കുന്ന നേതാക്കൾക്ക് പോലും അതിന്റെ ഗൗരവം വേണ്ട രീതിയിൽ ഉൾക്കൊള്ളാനായിട്ടുണ്ടോ എന്നത് ആത്മവിചാരണക്ക് പ്രേരകമാവേണ്ടതാണ്.
ജസീർ അബൂനാസിം തിരുവനന്തപുരം
പലിശരഹിത മൈക്രോ ഫിനാന്‍സ് സംവിധാനം വ്യാപകമാക്കണം
മുകളിലെ തലക്കെട്ടില്‍ മന്ത്രി അഡ്വ. ആന്റണി രാജുവിന്റെ പ്രസ്താവന (ഒക്ടോബര്‍ 6) ആശ്വാസജനകമാണ്. വ്യക്തികളില്‍നിന്ന് വന്‍ പലിശ ഈടാക്കുന്നത് അവരില്‍ പലരെയും ആത്മഹത്യക്ക് വരെ പ്രേരിപ്പിക്കുന്നു. ഇതെങ്ങനെ നടപ്പാവും എന്നതാണ് പ്രശ്‌നം. കാരണം, എല്ലാ രംഗത്തും അഴിമതിയും സ്വജനപക്ഷപാതവുമാണ്.
ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയത് കാരണം ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നപ്പോള്‍ കുടുംബം മൊത്തം ആത്മഹത്യ ചെയ്ത സംഭവം വരെ ഉണ്ടായി. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും 15 ശതമാനം മാത്രം വരുന്ന സവര്‍ണരുടെ കൈയിലാണ് എല്ലാറ്റിന്റെയും കടിഞ്ഞാണ്‍. കൊള്ളപ്പലിശ അധഃസ്ഥിതരായ ആയിരക്കണക്കിന് മനുഷ്യരുടെ ജീവനെടുത്തു.
ആ ലക്കത്തില്‍ തന്നെ 'എ.ഐ തുറന്നിടുന്ന സാധ്യതകള്‍' (മുഖവാക്ക്), അക്‌റം ദിയാഉല്‍ ഉമരി എഴുതിയ 'പ്രവാചക സ്‌നേഹം വിശ്വാസത്തിന്റെ കാതല്‍, യാസീന്‍ വാണിയക്കാട് എഴുതിയ 'ആക്രോശ സംസ്‌കാരത്തില്‍ റണ്ണൗട്ടാകുന്ന ഇന്ത്യ', 'മതത്തെ നിരാകരിക്കാതെ, ശാസ്ത്രത്തെ അവഗണിക്കാതെ' (അബ്ദുല്ലത്വീഫ് കൊടുവള്ളി) എന്നീ ലേഖനങ്ങളും വളരെ പ്രയോജനപ്പെട്ടു.
ആര്‍. ദിലീപ് പുതിയവിള, മുതുകുളം 8593017884
Comments