Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 27

3324

1445 റബീഉൽ ആഖിർ 12

ആശുപത്രികളെയും രക്തക്കളമാക്കുന്നു

എഡിറ്റർ

ഗസ്സയിലെ ഏറ്റവും പുരാതനമായ ആശുപത്രികളിലൊന്നാണ് അല്‍ അഹ് ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റല്‍. അല്‍ അഹ് ലി അറബ് ഹോസ്പിറ്റല്‍ എന്നും ഇതിനെ പേര് വിളിക്കാറുണ്ട്. അധിനിവിഷ്ട ജറൂസലമിലെ ആംഗ്ലിക്കന്‍ എപിസ്‌കോപല്‍ ചര്‍ച്ചാണ് ഇതിന്റെ നടത്തിപ്പുകാര്‍. 1882-ൽ ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ മിഷന്‍ ആണ് ഈ ആശുപത്രി നിര്‍മിച്ചത്. അന്നു തൊട്ട് ഇന്നു വരെ, അധിനിവേശത്തിന് മുമ്പും ശേഷവും, വളരെ മികച്ച വൈദ്യസഹായമാണ് ഈ ആശുപത്രി ഗസ്സക്കാര്‍ക്ക് നല്‍കിവന്നിരുന്നത്. ഈ ആശുപത്രി സമുച്ചയമാണ് ഇസ്രായേല്‍  േബാംബിട്ട് തകര്‍ത്തത്. ആശുപത്രിയില്‍ അഭയം തേടിയ അഞ്ഞൂറിലധികം പേരെയാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്. അവരില്‍ ധാരാളം കുഞ്ഞുങ്ങളുമുണ്ട്. ഇതിന്റെ തൊട്ടടുത്ത് തന്നെയാണ് ഗസ്സയിലെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ ദേവാലയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സെന്റ് പെര്‍ഫ്യൂഷ്യസ് ചര്‍ച്ചുമുള്ളത്. ബോംബിംഗില്‍ അതിനും കാര്യമായ കേടുപാട് പറ്റി. ഇസ്രായേല്‍ നരമേധത്തെ ന്യായീകരിക്കുന്ന യൂറോപ്പിലും ഈ കൂട്ടക്കൊല കടുത്ത പ്രതിഷേധമുയർത്തിയപ്പോൾ ഇസ്രായേൽ ശരിക്കും പ്രതിരോധത്തിലായി. പിന്നെ പതിവു പോലെ പച്ചക്കള്ളങ്ങള്‍ എഴുന്നള്ളിച്ചു. ഫലസ്ത്വീനിയന്‍ ഇസ്്‌ലാമിക് ജിഹാദ് (പി.ഐ.ജെ) ഇസ്രായേലിലേക്ക് തൊടുത്തുവിട്ട റോക്കറ്റ് ഇടക്ക് വഴിതെറ്റി നേരെ ഗസ്സയിലേക്ക് തന്നെ വന്നുപതിച്ചതാണത്രെ. ഒരാളും ഈ കള്ളം വിശ്വസിക്കുമെന്ന് തോന്നുന്നില്ല. പ്രതിരോധത്തിലാവുമ്പോള്‍ ഇസ്രായേല്‍ തങ്ങള്‍ നടത്തിയ കുറ്റകൃത്യത്തില്‍നിന്ന് കൈകഴുകുക മാത്രമല്ല, ഏതെങ്കിലുമൊരു ഫലസ്ത്വീന്‍ വിമോചന സംഘത്തിന് മേല്‍ ഒരു തെളിവുമില്ലാതെ ആ കുറ്റകൃത്യം കെട്ടിവെക്കുകയും ചെയ്യും. അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ശിറീന്‍ അബൂ ആഖ്‌ലയെ ഇസ്രായേലി സ്‌നൈപര്‍ വെടിവെച്ചു കൊന്നത് വലിയ വിവാദമായപ്പോഴും ഇത്തരം നുണകള്‍ പടച്ചുണ്ടാക്കിയിരുന്നു ഇസ്രായേല്‍.
ഇസ്രായേല്‍ എന്തൊക്കെ നുണകള്‍ പടച്ചാലും അല്‍ അഹ് ലി ബാപ്റ്റിസ്റ്റ് ആശുപത്രി ബോംബിട്ട് തകര്‍ത്തത് ഇസ്രായേല്‍ ആണെന്ന കാര്യത്തില്‍ അതിന്റെ ഉടമസ്ഥര്‍ക്ക് യാതൊരു സംശയവുമില്ല. ജറൂസലമിലെ ആംഗ്ലിക്കന്‍ എപിസ്‌കോപല്‍ ചര്‍ച്ച് ഇതിനെ വിശേഷിപ്പിച്ചത് മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യം എന്നാണ്. ഇസ്രായേലി ക്രൂരതയെ ലോകം അപലപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതെഴുതുമ്പോഴും ഇസ്രായേലിന്റെ നരമേധം തുടരുകയാണ്. ഭക്ഷണവും വെള്ളവും മരുന്നും വൈദ്യുതിയും തടഞ്ഞ് ഭീകരമായ വംശഹത്യക്ക് വഴിയൊരുക്കുകയാണ്. ഇസ്രായേല്‍ കരയുദ്ധത്തിലേക്ക് കടന്നാല്‍ പശ്ചിമേഷ്യ എന്തായിത്തീരുമെന്ന് പ്രവചിക്കാനാവില്ല. ഈ പശ്ചാത്തലത്തിലാണ് ഒ.ഐ.സി രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ അടിയന്തരമായി സുഊദി അറേബ്യയിലെ ജിദ്ദയില്‍ യോഗം ചേര്‍ന്നത്. ഫലസ്ത്വീന്‍ അതോറിറ്റി വിദേശകാര്യ മന്ത്രി രിയാദുല്‍ മാലികി എന്താണ് ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് വിശദീകരിച്ചു. ഓരോ പതിനഞ്ച് മിനിറ്റിലും ഗസ്സയില്‍ ഒരു കുഞ്ഞ് കൊല്ലപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. സുഊദി വിദേശകാര്യ മന്ത്രി ഫൈസലുബ്‌നു ഫര്‍ഹാന്‍ ഗസ്സക്കാരെ സംരക്ഷിക്കാനുള്ള ബാധ്യത ലോക സമൂഹത്തിനുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇറാനിയന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അബ്ദുല്ലഹ് യാന്‍, ഇസ്രായേല്‍ മുന്നുപാധികളില്ലാതെ ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. മുസ് ലിം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ മാത്രം കൂടിയിരുന്നതുകൊണ്ട് കാര്യമില്ല. ലോക നേതാക്കള്‍ നേരിട്ടിറങ്ങി എന്തെങ്കിലും ഉടനടി ചെയ്‌തേ പറ്റൂ. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 24-27
ടി.കെ ഉബൈദ്

ഹദീസ്‌

പ്രതിയോഗികളുടെ ചിരിയിൽനിന്ന് രക്ഷ തേടുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്