Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 27

3324

1445 റബീഉൽ ആഖിർ 12

ഇസ്രായേൽ ഉണ്ടാക്കി "ശല്യം' ഒഴിവാക്കിയ യൂറോപ്പ്

റഹ് മത്തുല്ല മഗ് രിബി

കടം വാങ്ങിയ ആൾ കാശ് തിരിച്ചു തരാൻ വൈകിയതിന്റെ പേരിൽ   ജാമ്യം നിന്ന ആളോട്  യാതൊരു ദയാദാക്ഷിണ്യവും കൂടാതെ തന്റെ ശരീരത്തിൽ നിന്ന് ഒരു റാത്തൽ ഇറച്ചി മുറിച്ചുതരണമെന്ന് ആവശ്യപ്പെട്ട ക്രൂരനായ പലിശപ്പണമിടപാടുകാരൻ ജൂതനായ  ഷൈലോക്കിനെ ഓർമയില്ലേ. വില്യം ഷേക്സ്പിയറിന്റെ വിഖ്യാതമായ 'വെനീസിലെ വ്യാപാരി' എന്ന കഥയിലെ കഥാപാത്രമാണ് ഈ ക്രൂര പണമിടപാടുകാരൻ.

മധ്യകാല യൂറോപ്പിലെ അപനിർമിക്കപ്പെട്ട ജൂത സമൂഹത്തിന്റെ നേർചിത്രം തന്നെയാണ് വില്യം ഷേക്സ്പിയറും തന്റെ കഥാപാത്രത്തിലൂടെ വരച്ചു കാട്ടിയത്.  ഷേക്സ്പിയർ സ്വന്തമായി ഉണ്ടാക്കിയ ഒരു നിർമിതി ആയിരുന്നില്ല അത്. മറിച്ച്, ജൂതൻ എന്നാൽ ക്രൂരനും വഞ്ചകനും ആണെന്നത് പൊതുവെ മധ്യ കാല യൂറോപ്പിലെ ചിന്താഗതിയായിരുന്നു. ഷേക്സ്പിയറിന്റെ 'വെനീസിലെ വ്യാപാരി' എന്ന നാടകം ജൂത വിദ്വേഷം വിളമ്പിയോ ഇല്ലയോ എന്ന ചർച്ച പിൽക്കാലങ്ങളിൽ സജീവമായി തന്നെ നടന്നിട്ടുണ്ട്. 
മധ്യകാല യൂറോപ്പിൽ മനുഷ്യാവകാശങ്ങൾ ലഭിക്കാൻ അർഹതയുള്ള വിഭാഗമായി  ജൂതരെ പരിഗണിച്ചിരുന്നില്ല. പ്രത്യേക സ്വഭാവം ഉള്ളവരും പ്രാകൃതമായ മാറാപ്പുകൾ പേറുന്നവരും അന്യഗ്രഹ ജീവികളും ആയിട്ടാണ് മിക്കവാറും യൂറോപ്യൻ നാടുകൾ ജൂതന്മാരെ കണ്ടിരുന്നത്.  വ്യക്തികൾ എന്ന നിലയിലല്ല ജൂതന്മാരിൽനിന്ന് നികുതി ഈടാക്കിയിരുന്നത്;  ഒരു സമൂഹം എന്ന നിലയിൽ തന്നെയായിരുന്നു. അതായത്, കാശുള്ളവനും ഇല്ലാത്തവനുമൊക്കെ  ജൂതൻ ആണ് എന്ന കാരണത്താൽ നികുതി കൊടുക്കേണ്ടി വന്നിരുന്നു എന്ന് സാരം.

എല്ലാ പ്രശ്നങ്ങളുടെയും ഏക കാരണം

യൂറോപ്പിലെ ക്രൈസ്തവർക്കുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളുടെയും ഏക കാരണം ജൂതനാണ് എന്നാണ് അവർ വിശ്വസിച്ചിരുന്നത്.

'പ്രാകൃത അന്ധവിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന വിചിത്ര സമൂഹം' എന്നാണ് പ്രശസ്ത  ഫ്രഞ്ച് എഴുത്തുകാരനും ഫ്രഞ്ച് വിപ്ലവത്തിലേക്ക് നയിച്ച നവോത്ഥാനത്തിന്റെ ബുദ്ധികേന്ദ്രവുമായ വോൾട്ടയർ ജൂത സമൂഹത്തെ വിളിക്കുന്നത്.

'എല്ലാറ്റിനെയും കൊന്നു തള്ളാതിരുന്നത് നമ്മൾ ചെയ്ത അബദ്ധം' എന്ന് മത നവീകരണ പ്രസ്ഥാനത്തിന്റെ അപ്പോസ്തലൻ മാർട്ടിൻ ലൂഥറും പരിതപിക്കുന്നു.

രണ്ടു മൂന്നു പ്രധാന ആരോപണങ്ങളാണ് ജൂതന്മാർക്കെതിരെ മധ്യകാല യൂറോപ്പ് ഉന്നയിച്ചിരുന്നത്.  ഒന്ന്, ജൂതന്മാരാണ് യേശു ക്രിസ്തുവിനെ കൊല്ലാൻ വേണ്ടി റോമൻ ഗവർണർ  പീലാത്തോസിനു പിടിച്ചുകൊടുത്തത്. സ്വാഭാവികമായും, യേശു ക്രിസ്തു കുരിശിൽ  കൊല്ലപ്പെടാൻ നിമിത്തമായ ജനവിഭാഗം എന്ന അർഥത്തിൽ ജൂതന്മാരോട് ക്രൈസ്തവർ  വലിയ വിരോധം കാട്ടി. രണ്ടാമത്തെ  കാരണം പലിശയായിരുന്നു. പലിശക്ക് പണം ഇടപാട് നടത്തുന്നവരായിരുന്നു ജൂതർ; ഷേക്സ്പിയറിന്റെ 'മെർചന്റ് ഓഫ് വെനീസി'ലെ ഷൈലോക്കിനെപ്പോലെ.  ചെറുകിട കച്ചവടക്കാർക്ക് പണം പലിശക്ക് നൽകി സ്വന്തമായി അധ്വാനിക്കാതെ,  അവരുടെ ധനം തട്ടിയെടുക്കുന്ന ക്രൂരന്മാരായി ജൂതന്മാർ ചിത്രീകരിക്കപ്പെട്ടു. കൂടുതലായും ഇവരുടെ പലിശപ്പണമിടപാടിന് വിധേയരായവർ സാധാരണക്കാരും മധ്യവർത്തികളും ചെറുകിട കച്ചവടക്കാരും ആയിരുന്നു. പക്ഷേ, ഇങ്ങനെ കിട്ടുന്ന പണം നല്ലൊരു ശതമാനം പ്രഭുക്കന്മാർക്ക് തന്നെ കൊടുക്കേണ്ടിയിരുന്നു. ഒരു കണക്കിൽ പ്രഭുക്കന്മാർ  ജൂതന്മാരുടെ പലിശ ഇടപാടിനെ ഉപയോഗപ്പെടുത്തി എന്നു പറയാം. അതേസമയം, ക്രൈസ്തവലോകം പലിശ വലിയ തെറ്റായി കണ്ടിരുന്ന കാലമായിരുന്നു അത്. പലിശ വൃത്തികേടും  പൊറുക്കപ്പെടാത്ത പാപവുമായിരുന്നു ക്രൈസ്തവ യൂറോപ്പിൽ.  അങ്ങനെ പൊറുക്കാനാവാത്ത പാപം ചെയ്യുന്നവർ എന്ന അപരാധം കൂടി  ജൂതന്മാർക്ക് മേൽ ചുമത്തപ്പെട്ടു.

മൂന്നാമത്തെ കാരണം,  ജൂതന്മാർ മന്ത്രവാദികളും മാരണം ചെയ്യുന്നവരുമാണ് എന്ന യൂറോപ്പിന്റെ മുൻവിധിയാണ്. തങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിക്കുകയോ അസുഖം വരികയോ മറ്റേതെങ്കിലും  പ്രയാസങ്ങൾ  അനുഭവിക്കേണ്ടിവരികയോ ചെയ്താൽ അതിന്റെ പിന്നിൽ  ജൂതന്റെ മാരണമുണ്ടാവും എന്ന് യൂറോപ്യൻ ക്രൈസ്തവർ വിശ്വസിച്ചു. ചെകുത്താനുമായി അഭേദ്യമായ ബന്ധം പുലർത്തുന്നവരും ചെകുത്താനെ ഉപയോഗിച്ച് വിശ്വാസികളായ ക്രിസ്ത്യാനികളെ തകർക്കാൻ നടക്കുന്നവരുമായാണ് ഈ 'ബ്ലാക്ക് മാജിക്കി'ന്റെ ആളുകളെന്ന് മുദ്രകുത്തപ്പെട്ട ജൂതൻമാരെ  അവർ കണ്ടത്. യഥാർഥത്തിൽ ജൂതന്മാർ ഏകദൈവ വിശ്വാസികളായിരുന്നു; ഏകദൈവ വിശ്വാസം അനുശാസിക്കാത്ത പല സംഗതികളും ചെയ്തിരുന്നെങ്കിൽ കൂടി. പക്ഷേ, ചെകുത്താന്റെ ആളുകളായേ യൂറോപ്പ് അവരെ കണ്ടിരുന്നുള്ളൂ.

ബ്ലാക് ഡെത്ത് അഥവാ കറുത്ത മരണം

14-ാം നൂറ്റാണ്ടിൽ യൂറോപ്പിൽ ആകമാനം പടർന്നുപിടിച്ച, കറുത്ത മരണം എന്ന പേരിൽ അറിയപ്പെട്ട പ്ലേഗ് ജൂതന്മാരാണ് പരത്തിയത് എന്നായിരുന്നു മറ്റൊരു ആരോപണം. പ്ലേഗിന്റെ രോഗാണുക്കളെ  ജൂതന്മാർ നാട്ടിലെ പൊതു കിണറുകളിൽ കലർത്തിയതുകൊണ്ടാണ്  പ്ലേഗ് താണ്ഡവമാടിയത് എന്ന് വിശ്വസിച്ചവർ പോലുമുണ്ടായിരുന്നു. ബ്ലാക്ക് ഡെത്ത് എന്ന പേരിൽ അറിയപ്പെട്ട ഈ പ്ലേഗ് മധ്യകാല യൂറോപ്പിലെ പകുതി ജനസംഖ്യയെയും കൊണ്ടാണ് പോയത്. അതിനെ തുടർന്ന് ജൂതന്മാരെ ഓടിച്ചു പിടിച്ച്  ചുട്ടുകൊല്ലാൻ തുടങ്ങി. യൂറോപ്പിലെ ഒരുവിധം നഗരങ്ങളിലെല്ലാം ജൂതന്മാരെ കൂട്ടമായി പിടിച്ചു കൊണ്ടുപോയി ചുട്ടുകൊന്നിരുന്നു. 1438-ൽ ഫ്രാൻസിലെ പ്രോവൻസിൽ 40 ജൂതന്മാരെ ഒന്നിച്ചു തീ കൊളുത്തി കൊന്ന സംഭവം ചരിത്രത്തിലെ കറുത്ത അധ്യായം തന്നെയാണ്.  ബ്ലാക്ക് ഡെത്ത് ബാധിക്കാത്ത നാടുകളിലും ഇനി ഇവർ കാരണം പ്ലേഗ് വരും എന്നു കരുതി ജൂതന്മാരെ പിടിച്ചു കൊണ്ടുപോയി ചുട്ടുകൊന്നു. ജൂതന്മാർക്കും പ്ലേഗ് വരുന്നു എന്നുള്ളത് ആരും കണക്കിലെടുത്തതേയില്ല.

അങ്ങനെ ഫ്രാങ്ക്ഫർട്ട്, ന്യൂറംബർഗ് , മെയിൻസ് എന്നിവിടങ്ങളിൽ ജൂത വംശജർ തീർത്തും ഇല്ലാതായി.

പ്രായപൂർത്തിയാവാത്ത ആൺകുട്ടികളെ പിടിച്ചുകൊണ്ടുപോയി അവരുടെ രക്തവും ആന്തരികാവയവങ്ങളും ബ്ലാക്ക് മാജിക് നടത്താൻ വേണ്ടി ജൂതന്മാർ ഉപയോഗിക്കുന്നുണ്ട് എന്ന  പ്രചാരണവും മധ്യകാല യൂറോപ്പിൽ ശക്തിപ്പെട്ടിരുന്നു.  അതുകൊണ്ട് കൗമാരപ്രായക്കാരായ കുട്ടികളുള്ളവർ ജൂതനെ അറപ്പോടും വെറുപ്പോടും പേടിയോടും കൂടിയാണ് കണ്ടിരുന്നത്.
നവോത്ഥാന കൃതികളിൽ എണ്ണപ്പെടുന്ന ജെഫ്രി ചോസറുടെ 'കാന്റർബറി കഥകളി'ൽ പെട്ട ഒരു കഥയാണ് കന്യാ മഠാധിപയുടെ മകൻ (The Prioress's Son). ഈ കഥയിൽ ഇവരുടെ മകനെ ഒരു കൂട്ടം ജൂതന്മാർ പിടിച്ചുകൊണ്ടുപോയി കുരിശിൽ തറച്ചു കൊന്ന്, അവന്റെ രക്തം കുടിച്ച് ആന്തരികാവയവങ്ങൾ പുറത്തെടുത്ത് ബ്ലാക് മാജിക്കിന് ഉപയോഗിക്കുകയാണ്.

പ്രശസ്ത എഴുത്തുകാർ ഉൾപ്പെടെ ജൂതന്മാരെ പൈശാചികവൽക്കരിക്കാൻ മുമ്പിൽ നിന്നു എന്ന് സാരം.

കൂട്ടക്കൊലയുടെ ഒരു സഹസ്രാബ്ദം

ക്രിസ്തുവിന് ശേഷം പലയിടങ്ങളിൽനിന്നും പീഡനങ്ങൾ അനുഭവിച്ചിരുന്ന ക്രിസ്ത്യാനികളുടെ അവസ്ഥ മെച്ചപ്പെട്ടത് റോമാ ചക്രവർത്തി കോൺസ്റ്റന്റൈൻ ക്രിസ്തുമതം സ്വീകരിച്ചതോടു കൂടിയാണ്. റോമാ ചക്രവർത്തി ക്രിസ്തുമതത്തിലേക്ക് മാറിയപ്പോൾ പലയിടത്തും ജൂതന്മാർക്ക് പീഡനങ്ങൾ നേരിടേണ്ടി വന്നു. തുടർന്ന് ജൂതന്മാർ അറേബ്യയിൽ പലയിടങ്ങളിലായി അഭയം തേടി.  ഖലീഫാ ഉമറിന്റെ കാലത്ത് ഖൈബറിലെ യഹൂദികൾ യമനിലേക്കും ഈജിപ്തിലേക്കും മറ്റും കുടിയേറി.

ഫലസ്ത്വീൻ പിടിച്ചടക്കിയപ്പോൾ ജെറുസലേമിന് ചുറ്റും ജൂതന്മാർ ഇല്ലാത്തത്  എന്തുകൊണ്ടാണ് എന്ന് ഖലീഫ അന്വേഷിച്ചിരുന്നു. എന്നാൽ, ഫലസ്ത്വീനിൽ ജൂതന്മാർ ഉണ്ടായിരുന്നു.  ക്രമേണ അവർ റോമാ സാമ്രാജ്യത്തിലും അറേബ്യയിലും യൂറോപ്പിലുമായി ചിതറിപ്പോയി.

1096-ൽ തന്നെ ജൂതന്മാർക്കെതിരെയുള്ള കൂട്ടക്കൊലകൾ യൂറോപ്പിൽ ആരംഭിച്ചിട്ടുണ്ട്. റോമാ സാമ്രാജ്യത്തിൽനിന്നാണ് അതിന്റെ തുടക്കം. 1182-ൽ ഫ്രാൻസിൽനിന്ന് ജൂതന്മാരെ കൂട്ടത്തോടെ പുറത്താക്കുന്നുണ്ട്. ഏത് കാലത്തും കച്ചവടവും ബാങ്കിങ്ങും  പണമിടപാടുമൊക്കെയായിരുന്നു  ജൂതന്മാരുടെ പ്രധാന തൊഴിലുകൾ. അതുകൊണ്ടുതന്നെ നാടിന്റെ സാമ്പത്തിക സ്ഥിതിയിൽ ജൂതന്മാർ നല്ല പങ്കുവഹിച്ചുപോന്നിരുന്നു. നാടിന്റെ സമ്പത്തൊക്കെ ജൂതന്മാർ കൊണ്ടുപോവുകയാണ് എന്ന നിലക്കായിരുന്നു പലയിടത്തും പൊതുജന സംസാരം.  ക്രിസ്ത്യൻ യൂറോപ്പിൽ ജൂത വിരോധത്തിന്റെ പ്രധാന കാരണം യേശു ക്രിസ്തുവിനെ ഒറ്റിക്കൊടുക്കുകയും തൂക്കിലേറ്റുകയും ചെയ്തവർ എന്ന  വിദ്വേഷാത്മക പ്രചാരണം തന്നെയായിരുന്നു. ഈ ഒരൊറ്റ കാരണം കൊണ്ടാണ് യൂറോപ്പിൽ മിക്കവാറും എല്ലാ രാജ്യങ്ങളിലും മധ്യകാലത്ത് ജൂതന്മാർക്കെതിരെ കടുത്ത കലാപങ്ങളും അടിച്ചമർത്തലുകളും ഉണ്ടായത്. 1290-ൽ ഇംഗ്ലണ്ടിലും,  1300-നു ശേഷം ഫ്രാൻസിലും,  1350-ല്‍ ജർമനിയിലും, 1496-ൽ പോർച്ചുഗലിലും, 1512-ൽ ഫ്രാൻസിലെ പ്രോവെൻസിലും, 1569-ൽ ഇറ്റലിയിലെ പേപ്പൽ സ്റ്റേറ്റുകളിലും  ജൂതന്മാർക്കെതിരെ കലാപങ്ങളുണ്ടായി;  അവിടങ്ങളിൽനിന്ന് അവർ പുറത്താക്കപ്പെടുകയുമുണ്ടായി. ഇതിൽ പേപ്പൽ സ്റ്റേറ്റുകൾ മാർപ്പാപ്പ നേരിട്ട് ഭരിക്കുന്ന ഇടങ്ങളായിരുന്നു എന്നോർക്കുക.

1492-ൽ, സ്പെയിനിൽ ദീർഘകാലമായി സേവനം ചെയ്തുവന്നിരുന്ന  പല ജൂത പ്രമുഖരെയും ബലം പ്രയോഗിച്ച് പുറത്താക്കുകയുണ്ടായി. സ്പാനിഷ് ഇൻക്വിസിഷൻ ( മത ദ്രോഹ വിചാരണ)  എന്ന പേരിൽ കുപ്രസിദ്ധി നേടിയ ഈ നടപടി യഥാർഥത്തിൽ ജൂത മതത്തിൽനിന്ന് പേടിച്ച് ക്രിസ്തുമതത്തിലേക്ക് മാറിയ ആളുകൾ തങ്ങളുടെ ജൂതമതം രഹസ്യമായി പ്രാക്ടീസ് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനും, ഉണ്ടെങ്കിൽ അവരെ ശിക്ഷിക്കാനും വേണ്ടിയുള്ളതായിരുന്നു. കൂട്ടത്തിലെ ചാരൻമാരായിരിക്കും  ഒറ്റിക്കൊടുക്കുക.  കത്തോലിക്കരായ രാജാവ് ഫെർഡിനാന്റും ഭാര്യ ഇസബെല്ലയും ചേർന്നാണ് ഈ കിരാത വൃത്തി ചെയ്തിരുന്നത്. കുറഞ്ഞ കാലയളവുകൊണ്ട് ഒന്നരലക്ഷം ജൂതന്മാരാണ് സ്പെയിൻ വിട്ട് ഓടിയത്.

അഭയം നൽകിയത് മുസ് ലിം രാജ്യങ്ങൾ

മധ്യകാല യൂറോപ്പിൽനിന്ന് എല്ലാ രാജ്യങ്ങളും ജൂതന്മാരെ ഓടിച്ചപ്പോൾ ഏകദേശം മൂന്നു ലക്ഷം മുതൽ 5 ലക്ഷം വരെ ജൂതന്മാർ യൂറോപ്പ് വിട്ട് ഓടേണ്ടി വന്നിട്ടുണ്ട്. യൂറോപ്പ് വിട്ട് ഓടിയ ജൂതന്മാർ എവിടേക്കാണ് പോയത്? യൂറോപ്പിലെ ക്രിസ്ത്യാനികൾ ജൂതന്മാരെ യേശു ക്രിസ്തുവിന്റെ ഘാതകരും വിചിത്ര ജീവികളുമായി  കണ്ടപ്പോൾ, യൂറോപ്പ് വിട്ട് ഓടിയ ജൂതന്മാർക്ക് അഭയം കൊടുക്കുകയാണ് മുസ് ലിം നാടുകൾ ചെയ്തത്. ഉസ്മാനികളുടെ തുർക്കിയിൽ ലക്ഷക്കണക്കിന് ജൂതന്മാർ അഭയാർഥികളായി എത്തി. ഉസ്മാനി ഭരണാധികാരികൾ അവരെ സ്വീകരിക്കുകയും തുർക്കിയിൽ അവർക്ക് താമസിക്കാൻ സൗകര്യം നൽകുകയും ചെയ്തു. ഉസ്മാനികളുടെ കീഴിലുള്ള സിറിയയിലും ലബനാനിലും ജോർദാനിലും മറ്റു മുസ് ലിം രാജ്യങ്ങളായ യമനിലും ഇറാനിലും ഇറാഖിലുമൊക്കെ നാടും വീടും നഷ്ടപ്പെട്ട ജൂതന്മാരെ സ്വീകരിക്കുകയുണ്ടായി.

വേദഗ്രന്ഥക്കാർ എന്ന പരിഗണന നൽകി ദിമ്മി എന്ന പേരിൽ ഒരു മുസ് ലിം പൗരന്റെ അത്ര തന്നെ പൂർണ അവകാശത്തോടു കൂടി ജൂതന്മാർക്ക് എല്ലാ മുസ് ലിം രാജ്യങ്ങളിലും സ്വതന്ത്രമായി വിഹരിക്കാൻ സാധിച്ചു.

ഇങ്ങനെ, മധ്യ നൂറ്റാണ്ടുകളിലുടനീളം തങ്ങൾക്ക് അഭയം നൽകിയ ഒരു ജനവിഭാഗത്തോടാണ് ഇസ്രായേൽ ഈ കൊടും ക്രൂരതകൾ കാണിക്കുന്നത്. അതിന് വേണ്ടതൊക്കെ ചെയ്തുകൊടുക്കുന്നത് അവരുടെ പീഡകരായിരുന്ന ക്രൈസ്തവ യൂറോപ്പും. ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 24-27
ടി.കെ ഉബൈദ്

ഹദീസ്‌

പ്രതിയോഗികളുടെ ചിരിയിൽനിന്ന് രക്ഷ തേടുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്