Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 27

3324

1445 റബീഉൽ ആഖിർ 12

ഇസ്രായേൽ അധിനിവേശ ഭീകരതയുടെ ചരിത്ര സാക്ഷ്യങ്ങൾ

അഹ് മദ് യാസീൻ

ഇസ്രായേലിന്റെ ഫലസ്ത്വീൻ കൂട്ടക്കുരുതി വാർത്തകളിൽ നിറയുകയാണ്. ത്വൂഫാൻ അൽ അഖ്സ്വാ എന്ന പേരിൽ ഹമാസ് നടത്തിയ ആക്രമണങ്ങളാണ് സ്ഥിതിഗതികൾ ഇത്രയും രൂക്ഷമാക്കിയത് എന്ന വാദം നിരർഥകമാണ്. ഇസ്രായേലിന്റെ അന്യായമായ കുടിയേറ്റങ്ങളും അധിനിവേശവുമാണ് ഇതിന്റെയെല്ലാം മുഖ്യ  കാരണം. 

ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക ഉൾപ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ ഒത്താശയോടെ നടന്ന കുടിയൊഴിപ്പിക്കലും അധിനിവേശവുമാണ് ഇസ്രായേൽ രാഷ്ട്രത്തിന്റെ പിറവിയിലേക്ക് വഴിവെച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിൽ കിഴക്കൻ യൂറോപ്പിൽ വ്യാപകമായി നടന്ന ജൂത ഉൻമൂലനം തങ്ങൾക്കായി ഒരു രാഷ്ട്രം വേണം എന്ന വാദത്തിന് ശക്തിപകർന്നു. വംശീയ വിദ്വേഷത്താൽ പ്രേരിതനായി തിയോഡോർ ഹെർസൽ (1860- 1904) നടത്തിയ  നീക്കങ്ങൾ ഇതിന് പ്രായോഗിക മാനം നൽകി.
1903-ൽ ലണ്ടനിൽ നടന്ന മൂന്നാമത് സയണിസ്റ്റ് സമ്മേളനം ബ്രിട്ടൻ ഒഴികെയുള്ള രാഷ്ട്രങ്ങളൊന്നും തങ്ങളെ പിന്തുണക്കുന്നില്ല എന്ന് ആരോപിച്ചിരുന്നു. പിന്നീടാണ് ഫലസ്ത്വീനിൽ ജൂത രാഷ്ട്രം സ്ഥാപിക്കാനുള്ള സയണിസ്റ്റ് ആവശ്യം അനുവദിച്ചു നൽകണം എന്ന് ഉസ്മാനി സുൽത്താൻ അബ്ദുൽ ഹമീദിനു മേൽ ലോക രാഷ്ട്രങ്ങൾ സമ്മർദം ചെലുത്താൻ തുടങ്ങിയത്. എന്നാൽ, വളരെ സ്പഷ്ടമായിരുന്നു ഈ വിഷയത്തിൽ സുൽത്താന്റെ നിലപാട്.

1917 നവംബർ രണ്ടിന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർഥർ ബാൽഫർ ജൂത നേതാവായ റോത്ത്സ് ചൈൽഡിനെഴുതിയ കത്തിലൂടെ ബ്രിട്ടൻ തങ്ങളുടെ പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒന്നാം ലോക യുദ്ധത്തിൽ ജൂതസമൂഹം തങ്ങൾക്കു നൽകിയ പൂർണ പിന്തുണക്കുള്ള പ്രത്യുപകാരം കൂടി ആയിരുന്നു 1917 നവംബർ രണ്ടിലെ ബാൽഫർ പ്രഖ്യാപനം. 1920-ൽ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഹെർബെട്ട് സാമുവൽ ഹൈകമീഷണറായി നിയോഗിക്കപ്പെട്ടുകൊണ്ടുള്ള ബ്രിട്ടീഷ് മാൻഡേറ്റ് നിലവിൽ വന്നു. 1922-ൽ ലീഗ് ഓഫ് നാഷൻസ് ഫലസ്ത്വീനിലെ ബ്രിട്ടീഷ് മാൻഡേറ്റിന് ഔദ്യോഗിക അംഗീകാരം നൽകി. 1917-ൽ പത്തു ശതമാനമായിരുന്ന ജൂത ജനസംഖ്യ, 1948 മെയ് മാസത്തിൽ മാൻഡേറ്റ് അവസാനിപ്പിച്ചു  ബ്രിട്ടൻ പിൻവാങ്ങുമ്പോഴേക്കും 30 ശതമാനമായി വർധിച്ചു. അത്രക്കും ശക്തമായിരുന്നു ഈ കാലയളവിൽ ഫലസ്ത്വീനിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള കുടിയേറ്റത്തിന്റെ തോത്. 1947-ൽ ഫലസ്ത്വീനിലെ മാൻഡേറ്റ് അവസാനിപ്പിക്കുകയാണെന്ന് ബ്രിട്ടൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേ വർഷം വിഷയം ചർച്ചക്കെടുത്ത യു.എൻ പൊതു സഭ 181-ാം പ്രമേയത്തിലൂടെ ജറൂസലമിനെ അന്താരാഷ്‌ട്ര ഭരണത്തിനു കീഴിലെ പ്രദേശമായി നിലനിർത്തി അറബികൾക്കും യഹൂദർക്കുമായി വെവ്വേറെ രാഷ്ട്രം എന്ന തീരുമാനം കൈക്കൊണ്ടു.

അടുത്ത വർഷം 1948 ഏപ്രിൽ പതിനാറിന് യു.എൻ വീണ്ടും വിഷയം ചർച്ചക്കെടുക്കുമ്പോഴേക്കും ഫലസ്ത്വീൻ ഗ്രാമങ്ങളിൽ ജൂത അധിനിവേശം ആരംഭിച്ചു കഴിഞ്ഞിരുന്നു. 1948-ലെ ആദ്യ മാസങ്ങളിൽ നിരവധി ആക്രമണങ്ങൾ ഫലസ്ത്വീനിൽ അരങ്ങേറി. ഏപ്രിൽ ആറിന് അൽ ഖസ്തൽ (Al- Qastal) യുദ്ധം നടന്നു (ജറൂസലമിന് പടിഞ്ഞാറ് ഭാഗത്തു സ്ഥിതിചെയ്യുന്ന ഗ്രാമമാണ് അൽ ഖസ്തൽ).  ബ്രിട്ടൻ മുൻകൈയെടുത്ത് തന്നെയാണ് നിരവധി ഫലസ്ത്വീൻ ഗ്രാമങ്ങൾ ഒഴിപ്പിച്ചത്. ഹൈഫാ, യാഫ തുടങ്ങിയ പ്രദേശങ്ങൾ ഇർഖുൻ, ഹഖാന, സ്റ്റേൺ തുടങ്ങിയ ജൂത തീവ്ര സംഘടനകളുടെ അധീനത്തിലായി. ഏപ്രിൽ ഒമ്പതിന് ജറൂസലമിനടുത്ത ദേർയാസീൻ ഗ്രാമത്തിൽ നടന്ന കൂട്ടക്കൊലയിൽ സ്ത്രീകളും കുട്ടികളും അടക്കം ചുരുങ്ങിയത് 107 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുനൂറ്റി അമ്പതാണെന്നും ചില റിപ്പോർട്ടുകളിലുണ്ട്.

ഗൂഢാലോചനയുടെയും അധിനിവേശത്തിന്റെയും വംശീയ ഉൻമൂലനത്തിന്റെയും ബാക്കി പത്രമാണ് 1948 മെയ് പതിനാലിന് രൂപംകൊണ്ട ഇസ്രായേൽ. പതിനയ്യായിരം പേരെങ്കിലും കൊല്ലപ്പെട്ടു; ഏഴര ലക്ഷം പേർ തങ്ങളുടെ ഭൂമിയിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി. രാഷ്ട്രം നിലവിൽവന്ന ശേഷവും അധിനിവേശം ഇതഃപര്യന്തം തുടർന്നുപോരുന്നു. 1948-ലെ അറബ് - ഇസ്രായേൽ യുദ്ധത്തിൽ നിരവധി ഗ്രാമങ്ങൾ ഇസ്രായേലിനു കീഴിൽ വന്നു. അഭയാർഥികളുടെ എണ്ണവും വർധിച്ചു. അധിനിവേശത്തിന്റെ മറ്റൊരു ഏടായിരുന്നു 1967-ലെ ആറ് ദിന യുദ്ധം. ഈജിപ്ത്, ജോർദാൻ, സിറിയ, ലബനാൻ തുടങ്ങിയ അറബ് രാഷ്ട്രങ്ങൾ അണിനിരന്ന ഈ യുദ്ധത്തിലും ഏറെ തിരിച്ചടികൾ നേരിട്ടു. സീനാ മരുഭൂമി, ഗോലാൻ കുന്നുകൾ, ഫലസ്ത്വീന്റെ പടിഞ്ഞാറ് ഭാഗം എന്നിവ നഷ്ടപ്പെട്ടു. 330000 ഫലസ്ത്വീനികൾ അഭയാർഥികളായി; കുടിയൊഴിഞ്ഞു പോയ ഇടങ്ങളിൽ ജൂത കോളനികൾ സ്ഥാപിക്കപ്പെട്ടു. 1948 - ൽ പിടിച്ചെടുത്ത പ്രദേശങ്ങൾ ഉൾപ്പെട്ട ഫലസ്ത്വീന്റെ വിമോചനം എന്ന മൗലിക ബിന്ദുവിൽനിന്ന് പിൻമാറി,  1967-ൽ അധിനിവേശം ചെയ്ത മേഖലകൾ ഉൾപ്പെട്ട ഫലസ്ത്വീനിന്റെ വിമോചനം എന്ന സമവായം രൂപപ്പെടുന്നതിന് ഈ യുദ്ധം കാരണമായി.
തുടർന്നുള്ള നാളുകളിലും മേഖലയിൽ സംഘർഷം നിറഞ്ഞുനിന്നു. 1969 ജൂലൈ 21-ന് മസ്ജിദുൽ അഖ്സ്വാ അഗ്നിക്കിരയായി. നൂറുദ്ദീൻ സങ്കിയുടെ കാലത്ത് പണിതുടങ്ങുകയും സ്വലാഹുദ്ദീൻ അയ്യൂബിയുടെ കാലത്ത് പൂർത്തിയാവുകയും ചെയ്ത മിമ്പർ കത്തിനശിച്ചു. 1973-ലെ ഒക്ടോബർ യുദ്ധത്തിൽ (യോംകിപ്പൂർ യുദ്ധം/ റമദാൻ യുദ്ധം) വലിയ തിരിച്ചടികൾ ഇസ്രായേൽ നേരിടുന്നുണ്ട്. 1982 സെപ്റ്റംബർ പതിനാറിനും പതിനെട്ടിനുമിടയിൽ ലബനാനിലെ സ്വബ്റാ, ശാത്തീലാ അഭയാർഥി കേമ്പുകളിൽ ഇസ്രായേൽ സൈന്യത്തിന്റെ പിന്തുണയോടെ അതി ദാരുണമായ കൂട്ടക്കൊല നടന്നു. ഈ കൂട്ടക്കൊലയെ പല അന്താരാഷ്ട്ര ഏജൻസികളും വംശഹത്യ എന്നാണ് വിശേഷിപ്പിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം മൂവായിരത്തി അഞ്ഞൂറോളം വരുന്ന അഭയാർഥികൾ കൊലക്കിരയായി. 40 മണിക്കൂറിനുള്ളിൽ നിരവധി പേർ മാനഭംഗത്തിനും വിധേയരായി. ഭീകരവാദികൾ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് ആരോപിച്ചായിരുന്നു ക്രിസ്ത്യൻ വലതുപക്ഷ മിലീഷ്യ അഭയാർഥി കേമ്പുകളിലേക്ക് ഇരച്ചുകയറിയത്. പിൽക്കാലത്ത് ഇസ്രായേലിന്റെ പ്രധാനമന്ത്രിയായിത്തീർന്ന ഏരിയൽ ഷാരോൺ ഇതിൽ മുഖ്യ പങ്കുവഹിച്ചുവെന്ന് ഇസ്രായേലിലെ ജുഡീഷ്യൽ കമീഷനടക്കം രേഖപ്പെടുത്തിയിട്ടുണ്ട്.

ഖുദ്സിനെ ജൂതവൽക്കരിക്കാനുള്ള ശ്രമങ്ങളും മറുഭാഗത്ത് തുടരുന്നുണ്ടായിരുന്നു. പൊതുജനങ്ങൾക്കു നേരെപ്പോലും അക്രമം അഴിച്ചുവിട്ടു. എഴുപതുകളുടെ അവസാനത്തോടെ അറബ് - ഇസ്രായേൽ യുദ്ധം എന്നതിൽനിന്ന് കാര്യങ്ങൾ മാറിമറിഞ്ഞു. അൻവർ സാദത്ത് ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഈജിപ്ഷ്യൻ പ്രസിഡന്റായി. ക്യാമ്പ് ഡേവിഡ് സംഭാഷണങ്ങളെ തുടർന്ന് 1979 മാർച്ചിൽ ഇസ്രായേലുമായി ധാരണയിലെത്തി. ഫലസ്ത്വീൻ പ്രശ്നം അഭിസംബോധന ചെയ്യാതെ സീനാ താഴ്‌വരയിൽനിന്ന് ഇസ്രായേലിന്റെ പിൻമാറ്റം എന്നതിൽ ചർച്ച ഊന്നി ഇസ്രായേലിനെ അംഗീകരിച്ചത് വലിയ വിമർശനത്തിന് ഇടവരുത്തി. 1993-ൽ പി.എൽ.ഒയും ഇസ്രായേലും ഒപ്പുവെച്ച ഓസ് ലോ ഉടമ്പടി മറ്റൊരു നിർണായക രേഖയാണ്. പി.എൽ.ഒ അധ്യക്ഷൻ യാസർ അറഫാത്തും ഇസ്രായേൽ പ്രധാനമന്ത്രി ഇസാക് റെബിനും തമ്മിൽ നടന്ന കൂടിക്കാഴ്ചകളുടെ ഫലമായിരുന്നു  ഓസ് ലോ ഉടമ്പടി. ഈ രേഖ പ്രകാരം പി.എൽ.ഒയെ ഇസ്രായേലും ഇസ്രായേലിനെ പി.എൽ.ഒയും അംഗീകരിച്ചു. എല്ലാ വിഷയങ്ങളും പരാമർശിക്കുന്നില്ല എന്നതായിരുന്നു ഈ കരാറിന്റെ മുഖ്യ പോരായ്മ. 1967-ലെ അധിനിവിഷ്ട പ്രദേശങ്ങളും വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവ ചേർന്ന ഫലസ്ത്വീൻ രാഷ്ട്രവും അംഗീകരിക്കാൻ ഇസ്രായേലും, 1967-നു മുമ്പുള്ള ഇസ്രായേലിനെ അംഗീകരിക്കാൻ പി.എൽ.ഒ യും സന്നദ്ധമായി. 1948 മുതൽ അഭയാർഥികളാക്കപ്പെട്ടവരുടെ പുനരധിവാസം വിഷയമായില്ല.

ഹമാസ്, ഇസ് ലാമിക് ജിഹാദ് ഉൾപ്പെടെയുള്ള സംഘടനകൾ ഓസ് ലോ കരാറിനെ പൂർണമായും നിരാകരിച്ചു. ഉടമ്പടിക്ക് നേരെ ഇസ്രായേലിൽനിന്നുതന്നെ എതിർപ്പുകൾ ഉയർന്നു. 1994-ൽ യാസർ അറഫാത്തിന്റെ അധ്യക്ഷതയിൽ ഫലസ്ത്വീൻ അതോറിറ്റി നിലവിൽ വന്നു. 2004-ൽ യാസിർ അറഫാത്തിന്റെ നിര്യാണത്തെ തുടർന്ന് മഹ്മൂദ് അബ്ബാസ് അതോറിറ്റിയുടെ അധ്യക്ഷനായി. ഓസ് ലോ ഉടമ്പടിയിലെ ഉപാധികൾ കാറ്റിൽ പറത്തിക്കൊണ്ടുള്ളതായിരുന്നു ഇസ്രായേലിന്റെ ഓരോ നീക്കവും. വെസ്റ്റ് ബാങ്കിൽ കുടിയേറ്റ കോളനികൾ സ്ഥാപിക്കൽ നിത്യ കാഴ്ചയായി. അവിടങ്ങളിലെ ഫലസ്ത്വീനികൾ വംശീയ വിവേചനത്തിനും ഉൻമൂലനത്തിനും ഇരകളായി. അവർ രണ്ടാംകിട പൗരന്മാരായി പരിഗണിക്കപ്പെട്ടു.  സ്വവസതികളിലേക്കു വരുന്നതിനും, തൊഴിലിടങ്ങളിലേക്ക് പോകുന്നതിനും ദിനേനയെന്നോണം അവർക്ക് ചെക്ക് പോസ്റ്റുകൾക്കു മുമ്പാകെ പരിശോധനക്ക് വിധേയമാകേണ്ടി വരുന്നു.

   ഉപരോധത്തിനു നടുവിലാണ് ഗസ്സയിലെ ജീവിതങ്ങൾ. പതിറ്റാണ്ടുകളായി വെള്ളവും വൈദ്യുതിയും ചികിത്സയും നിഷേധിക്കപ്പെടുന്നു. അതിർത്തികൾ നിരന്തരമായി അടച്ചിടുന്നതിലൂടെ ഗസ്സാ നിവാസികളുടെ തൊഴിൽപരമായ അവകാശങ്ങളെയും അത് ബാധിക്കുന്നു. 2006-നു ശേഷം ഗസ്സാ നിവാസികൾ പല തവണ യുദ്ധങ്ങൾക്ക് സാക്ഷികളായി.

2008 ഡിസംബർ, 2009 ജനുവരി, 2012 നവംബർ, 2014 ജൂലൈ, ആഗസ്റ്റ്, 2021 മെയ് വേളകളിലായി നടന്ന യുദ്ധങ്ങളിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. 2014-ലെ യുദ്ധത്തിൽ മാത്രം 2500 പേർ കൊല്ലപ്പെട്ടു.

യുദ്ധങ്ങൾക്ക് പുറമെ ഏകപക്ഷീയമായ ആക്രമണങ്ങൾ സർവസാധാരണം. ഈ വർഷം മാത്രം 200 പേർ കൊല്ലപ്പെട്ടു എന്നാണ് കണക്ക്.

ഇതെഴുതുമ്പോൾ അൽ അഹ്‌ലി  അൽ അറബി  ആശുപത്രി തകർക്കപ്പെട്ടതിന്റെ വാർത്തകളും ചിത്രങ്ങളുമാണ് മുന്നിൽ.

കൂട്ടക്കുരുതിയുടെ മറ്റൊരു കേന്ദ്രം കൂടിയാവുകയാണ് ഗസ്സയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ആശുപത്രി.

മരണസംഖ്യ  500 കടന്നു എന്നാണ് ഔദ്യോഗിക വിവരം; ആയിരം കടന്നു എന്ന അനൗദ്യോഗിക കണക്കുകളും വരുന്നു.

ജല ലഭ്യത ഉറപ്പുവരുത്തും എന്ന പ്രഖ്യാപനം വന്നിട്ട് ദിവസങ്ങളായി. അതിനുള്ള നീക്കങ്ങളൊന്നും ഉണ്ടാകുന്നില്ല.

1949 ഏപ്രിൽ മാസം യു.എൻ പാസാക്കിയ 196 നമ്പർ പ്രമേയം, 1948-ൽ ഇസ്രായേൽ അധിനിവേശത്തെ തുടർന്ന് അഭയാർഥികളായവരുടെ മടങ്ങിവരാനുള്ള അവകാശത്തെക്കുറിച്ച് സംസാരിക്കുന്നു.

മടങ്ങിവരാതെ അവിടെത്തന്നെ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അന്താരാഷ്ട്ര മാനദണ്ഡ പ്രകാരമുള്ള നഷ്ടപരിഹാരം നൽകണമെന്ന് അതനുശാസിക്കുന്നു. ഇതുൾപ്പെടെ നിരവധി പ്രമേയങ്ങൾ മുഖവിലയ്ക്കെടുക്കാൻ ഇസ്രായേൽ തയാറായിട്ടില്ല.  സ്വാതന്ത്ര്യവും വിമോചനവും മാത്രം സ്വപ്നം കാണുന്ന ഒരു ജനതയുടെ പോരാട്ടത്തെയും പ്രത്യാക്രമണത്തെയും വിലയിരുത്തേണ്ടത് നിരായുധീകരണ  സിദ്ധാന്തത്തിലുപരി, മുകളിൽ കൊടുത്ത യാഥാർഥ്യങ്ങളെ മുൻനിർത്തിക്കൊണ്ടാകണം. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 24-27
ടി.കെ ഉബൈദ്

ഹദീസ്‌

പ്രതിയോഗികളുടെ ചിരിയിൽനിന്ന് രക്ഷ തേടുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്