Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 27

3324

1445 റബീഉൽ ആഖിർ 12

വലതുപക്ഷ വംശീയതയുടെ മോദി-നെതന്യാഹു സൗഹൃദം

എ. റശീദുദ്ദീന്‍

നാസികളുടെ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ജൂതസമൂഹത്തെ അറബ് രാജ്യമായ ഫലസ്ത്വീനിലേക്ക് കുടിയേറ്റുന്നതിന് 1947-ലാണ് ഐക്യരാഷ്ട്ര സഭ സ്‌പെഷ്യല്‍ കമ്മിറ്റി ഓണ്‍ ഫലസ്ത്വീന്‍ വിളിച്ചു ചേര്‍ത്തത്. ഈ യോഗത്തില്‍ അംഗമായിരുന്ന കാലം തൊട്ടേ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച രാജ്യമായിരുന്നു ഇന്ത്യ. ഫലസ്ത്വീനിലെ മണ്ണ് അറബികളുടേതാണെന്ന മഹാത്മാ ഗാന്ധിയുടെയും, നൂറ്റാണ്ടുകളായി ജീവിച്ച മണ്ണില്‍നിന്ന് അറബികളെ കുടിയിറക്കുന്നത് അവരോട് ചെയ്യുന്ന അനീതിയാണെന്ന പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഉറച്ച ബോധ്യങ്ങള്‍ ഇസ്രായേലിനെതിരെ യു.എന്‍ സമ്മേളനത്തില്‍ അന്ന് വോട്ട് ചെയ്ത 13 രാജ്യങ്ങളോടൊപ്പം നില്‍ക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചു. നെഹ്‌റുവിനെ സ്വാധീനിക്കാനായി ഇസ്രായേല്‍ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗൂറിയന്‍ അന്ന് നിയോഗിച്ചത് ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനെ ആയിരുന്നു. ജൂതന്‍മാര്‍ക്ക് യൂറോപ്പില്‍ നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് നിരവധി ലേഖനങ്ങളെഴുതിയ, അക്കാര്യത്തില്‍ യഹൂദരോട് വളരെയധികം ദീനാനുകമ്പ ഉണ്ടായിരുന്ന നെഹ്‌റുവിനെ പക്ഷേ, ഇസ്രായേലിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ തരിമ്പുപോലും മാറ്റിയെടുക്കാന്‍ ഐന്‍സ്റ്റിന് കഴിഞ്ഞില്ല. ജൂതസമുദായത്തോട് പ്രത്യേകിച്ച് ദ്രോഹമൊന്നും ചെയ്യാതിരുന്ന ഇന്ത്യ ഇസ്രായേലിന് ഒപ്പം നില്‍ക്കണമെന്ന് സയണിസ്റ്റുകള്‍ അതി തീവ്രമായി ആഗ്രഹിച്ചിരുന്നു. നെഹ്‌റുവും ബെന്‍ഗൂറിയനുമായുള്ള കത്തിടപാടുകളില്‍ ഇക്കാര്യം വ്യക്തമായി കാണാനാവും.

നെഹ്‌റുവിന്റെ കാലശേഷം ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയുമൊക്കെ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധത്തെ അതുവരെയുള്ള നിലപാടുകളുടെ അടിസ്ഥാനത്തില്‍ തണുത്ത മട്ടില്‍ തന്നെയാണ് മുന്നോട്ടു കൊണ്ടുപോയത്. പിറവിയെടുത്ത് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ മാന്യത നേടാനാവാതെ ഇസ്രായേല്‍ തപ്പിത്തടഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും അവരെ അംഗീകരിക്കാന്‍ തയാറായില്ല. ഏറ്റവുമൊടുവില്‍ നരസിംഹറാവുവിന്റെ കാലത്താണ് സ്വന്തം ചരിത്രത്തില്‍നിന്ന് ഇന്ത്യ പിറകോട്ടു നടന്നത്. സോവിയറ്റ് കാലഘട്ടത്തിനു ശേഷം ആഗോളവല്‍ക്കരണ പദ്ധതികളിലേക്ക് നടന്നുനീങ്ങാന്‍ തീരുമാനിച്ച മന്‍മോഹന്‍ സിംഗിന്റെ ഇന്ത്യക്ക് അമേരിക്ക നിശ്ചയിച്ച പ്രധാന ഉപാധിയായിരുന്നു ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം.

ഇന്ദിരയുടെ കാലത്ത് ഫലസ്ത്വീന്‍ വിമോചന മുന്നണി (പി.എല്‍.ഒ) നേതാവ് യാസര്‍ അറഫാത്തുമായി മികച്ച ബന്ധമാണ് ഇന്ത്യ പുലര്‍ത്തിയത്. തൂനിസില്‍ പി.എല്‍.ഒയുടെ കേന്ദ്ര ഓഫീസില്‍ പ്രധാനമന്ത്രി ആയിരിക്കവെ ഇന്ദിരാ ഗാന്ധി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അറഫാത്ത് ആദ്യമായി ഇന്ത്യയില്‍ വന്നപ്പോള്‍ അദ്ദേഹത്തിന് രാജ്യം നല്‍കിയ സ്വീകരണത്തില്‍ ബി.ജെ.പിയുടെ പൂർവരൂപമായ ജനസംഘം ഒഴികെയുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുത്തവരാണ്. ജനസംഘക്കാര്‍ അന്ന് അറഫാത്ത് താമസിച്ച ഹോട്ടലിന്റെ പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയാണ് ചെയ്തത്. അറഫാത്ത് ഭീകരനാണെന്നായിരുന്നു അവരുടെ ആരോപണം. ഇടക്കാലത്ത് അധികാരം ലഭിച്ചപ്പോള്‍ അറബികളുടെ മണ്ണ് അവരുടേതാണെന്ന സത്യവും ജനസംഘം ഔദ്യോഗികമായി തന്നെ വിളിച്ചുപറഞ്ഞിട്ടുമുണ്ട്. മൊറാര്‍ജി ദേശായി ഘടകകക്ഷി സര്‍ക്കാറില്‍ ജനസംഘം അംഗമായപ്പോഴാണ് അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിക്ക് നിലപാട് മാറ്റിപ്പറയേണ്ടി വന്നത്. ജനതാ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം സംസാരിക്കവെ ഫലസ്ത്വീന്റെ മണ്ണ് അറബികളുടേതാണെന്നും കൈയേറ്റക്കാര്‍ അവിടം വിട്ടുപോകണമെന്നും 1977-ല്‍ അദ്ദേഹം അര്‍ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കി. രാജീവ് ഗാന്ധിയുടെ കാലത്തും അറഫാത്ത് ഇന്ത്യയിലെ പതിവ് സന്ദര്‍ശകനായിരുന്നു. പക്ഷേ, അതേ വാജ്‌പേയി പ്രധാനമന്ത്രിയായി അധികാരമേറ്റ നാളുകളില്‍ അറഫാത്തിനെ ഇന്ത്യ പൂര്‍ണമായും അവഗണിക്കാന്‍ ആരംഭിച്ചു. വീട്ടുതടങ്കലിലെന്ന പോലെ അദ്ദേഹം റാമല്ലയിലെ വസതിയില്‍ കഴിഞ്ഞ നാളുകളായിരുന്നു അത്. എന്നു മാത്രല്ല, അറഫാത്തിന്റെ മുഖ്യ ശത്രുവായിരുന്ന ഏരിയല്‍ ഷാരോണിനെ വാജ്‌പേയി രണ്ടു തവണ ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്തുകയുമുണ്ടായി. ഇന്ത്യ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പതിറ്റാണ്ടിലേറെയായി ദല്‍ഹിയിലുണ്ടായിരുന്ന ഫലസ്ത്വീന്‍ അംബാസഡര്‍ ഖാലിദ് ശൈഖിനെ എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്ത് തിരിച്ചുവിളിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ഇരട്ടത്താപ്പുകളുടെ തുടര്‍ച്ച മാത്രമാണ് ഇന്ന് മോദിയില്‍ എത്തിനില്‍ക്കുന്ന ഇന്ത്യന്‍ വലതുപക്ഷ രാഷ്ട്രീയ വംശീയതയുടെ ചരിത്രം. ഇസ്രായേല്‍ അവര്‍ക്ക് എല്ലാ കുത്തിത്തിരിപ്പുകളുടെയും മാതാവാണ്. എതിരാളികളെ തകര്‍ക്കാനുള്ള കുരുട്ടുബുദ്ധികളുടെ ഉപദേഷ്ടാവാണ്. പെഗാസസ് മുതല്‍ സകല ജനാധിപത്യ വിരുദ്ധ അസംബന്ധങ്ങളുടെയും ദാതാവാണ്. എല്ലാറ്റിനുമുപരി മുസ്‌ലിം വംശഹത്യയുടെ കാര്യത്തില്‍ അവരുടെ മാതൃകാ പുരുഷന്‍മാരാണ്.

 എന്നാല്‍, ഇതേ ആര്‍.എസ്.എസിന്റെ യഥാര്‍ഥ നിലപാട് എന്തായിരുന്നു? രണ്ടാം ലോക യുദ്ധകാലത്ത് അഡോള്‍ഫ് ഹിറ്റ്‌ലറാണ് ശരിയെന്നും ജൂതന്‍മാര്‍ കൊല്ലപ്പെടേണ്ടവരാണെന്നുമാണ് ആര്‍.എസ്.എസ് വിശ്വസിച്ചത്. രാജ്യത്തെ വലതുപക്ഷ ഹിന്ദുസംഘങ്ങളുടെ ഈ ബോധ്യം ഒരു നിലപാടെടുക്കുന്നതില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഇന്ത്യയെ സ്വാഭാവികമായും അന്ന് സഹായിക്കുകയാണ് ചെയ്തത്. ജൂതന്‍മാരുടെ രാജ്യത്തെ തള്ളിപ്പറയുമ്പോള്‍ ഇന്ത്യയിലന്ന് പ്രതിഷേധത്തിന്റെ ചെറുവിരല്‍ പോലും ഉയര്‍ന്നിരുന്നില്ല. പിന്നെയാണ് ഇസ്രായേലില്‍ നമുക്ക് മാതൃകയുണ്ടെന്ന് ആര്‍.എസ്.എസ് ആചാര്യന്‍മാര്‍ക്ക് ബുദ്ധിയുദിച്ചത്. ഏതടിസ്ഥാനത്തിലാണോ നെഹ്‌റു ഇക്കാര്യത്തില്‍ നിലപാടെടുത്തത്, അതിന്റെ നേര്‍വിപരീത സിദ്ധാന്തങ്ങളുടെ പിന്‍ബലത്തില്‍ മോദികാലത്തെ ഇന്തോ-ഇസ്രായേല്‍ ബന്ധം മുന്നോട്ടു പോകുന്നതിന്റെ കാരണവും ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടില്‍ വന്ന അടിസ്ഥാനപരമായ ഈ മാറ്റങ്ങളാണ്. അന്ന് വംശീയതയുടെ കണ്ണടയിട്ട് നോക്കുമ്പോള്‍ ഹിറ്റ്‌ലറായിരുന്നു ആര്‍.എസ്.എസിന് ശരിയെങ്കില്‍ ഇന്നത് നെതന്യാഹുവും കൂട്ടരുമാണ്. ഇസ്രായേല്‍ വിഷയത്തില്‍ ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ അടിസ്ഥാന ചോദന മറ്റെന്തെങ്കിലുമാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇന്ത്യയെ പോലൊരു രാജ്യത്തിന് അനിവാര്യമായ ഒരു തത്ത്വവും തെൽ അവീവുമായുള്ള ബന്ധത്തിന് കാരണമായി ബി.ജെ.പി ചൂണ്ടിക്കാണിച്ചിട്ടുമില്ല. ദുരൂഹമായ ആയുധക്കച്ചവടങ്ങള്‍ക്കും സേനാ വിഭാഗങ്ങളുടെ 'ഭീകര വിരുദ്ധ' പരിശീലനത്തിനുമാണ് ഇന്ത്യ പ്രധാനമായും ഇസ്രായേലിനെ ആശ്രയിക്കുന്നത്. രണ്ടും ചോദ്യം ചെയ്യാനാവാത്ത ഇടപാടുകളാണ്.

പ്രത്യേകിച്ചും വലതുപക്ഷ ഹിന്ദുത്വ സംഘടനകളുമായി ബന്ധപ്പെട്ട മിക്ക പ്രമുഖര്‍ക്കും ഇസ്രായേലുമായി അടുത്ത ബന്ധമുണ്ടെന്നത് അത്ര വലിയ രഹസ്യമൊന്നുമല്ല. ബി.ജെ.പിയില്‍ ചേരുന്നതിനു മുമ്പുള്ള കാലത്ത് രാജീവ് ഗാന്ധിയെ വധിക്കാനായി മൊസാദ് വഴി എല്‍.ടി.ടി.ഇയെ സ്വാധീനിച്ചത് ആര്‍.എസ്.എസ് ആണെന്ന് ഇന്ത്യാ ടുഡെ വാരികയില്‍ ലേഖനമെഴുതി പിന്നീടത് മാപ്പു പറഞ്ഞ് പിന്‍വലിച്ച നേതാവാണ് ഡോ. സുബ്രഹ്മണ്യം സ്വാമിയെന്നോര്‍ക്കുക. ഈ ആരോപണത്തിന്റെ നിജസ്ഥിതി എന്തായിരുന്നാലും ആര്‍.എസ്.എസിന് മൊസാദുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ സ്വാമിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല.

  ധനകാര്യ മന്ത്രി എന്ന നിലയിലും പ്രധാനമന്ത്രി എന്ന നിലയിലും ഡോ. മന്‍മോഹന്‍ സിംഗിന്റെ രണ്ട് കാലഘട്ടങ്ങളെയും വിലയിരുത്തുമ്പോള്‍ അതില്‍ ആദ്യത്തേതില്‍ ഇസ്രായേല്‍ അമേരിക്ക വഴി ചെലുത്തിയ സമ്മർദമായിരുന്നു മുഴച്ചുനിന്നത്. അദ്ദേഹം പ്രധാനമന്ത്രിയായപ്പോഴാകട്ടെ 'ഭീകര വിരുദ്ധ യുദ്ധം' എന്ന അന്താരാഷ്ട്ര നാടകം കൊടുമ്പിരിക്കൊണ്ട കാലവുമായിരുന്നു. അക്കാലത്ത് സുരക്ഷയുടെ പേരു പറഞ്ഞാണ് ഇസ്രായേലുമായുള്ള ബന്ധത്തെ ഇന്ത്യ ന്യായീകരിച്ചത്. മറുഭാഗത്ത് ഇസ്രായേലുമായി ബന്ധമുണ്ടാക്കിയെന്നത് ശരിയാണെങ്കില്‍ പോലും ഒറ്റ കോണ്‍ഗ്രസ് പ്രധാനമന്ത്രിയും ആ രാജ്യം സന്ദര്‍ശിക്കാന്‍ പോയിട്ടില്ല. എന്നാല്‍, 1960-ല്‍ നെഹ്‌റു ഗസ്സയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അപ്രഖ്യാപിത സന്ദര്‍ശനമായിരുന്നു അതെന്നു മാത്രം. അല്ലറ ചില്ലറ ഇറക്കുമതിയും കയറ്റുമതിയുമൊക്കെയായി ഇഴഞ്ഞു നീങ്ങി മുന്നോട്ടുപോയ ഈ ഉഭയകക്ഷി ബന്ധം 2014-നു ശേഷമാണ് അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ചത്.

സ്‌റ്റോക്ക് ഹോം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്റ് റിസര്‍ച്ച് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇസ്രായേലില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യം നിലവില്‍ ഇന്ത്യയാണ്.  അവരുടെ ആയുധക്കച്ചവടത്തിന്റെ 37 ശതമാനം വരും ഇന്ത്യയുമായുള്ള ഇടപാടുകള്‍. മറ്റു മേഖലകളിലും നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ അതിശക്തമായ വ്യാപാര ബന്ധങ്ങളുണ്ട്. 1992-ല്‍ ഇന്ത്യയും ഇസ്രായേലും തമ്മിലുണ്ടായിരുന്ന വ്യാപാര ഇടപാടുകളുടെ വ്യാപ്തി വെറും 200 മില്യൻ ഡോളര്‍ മാത്രമായിരുന്നുവെങ്കില്‍ നരേന്ദ്ര മോദിയുടെ കാലത്ത് 5.2 ബില്യന്‍ ഡോളറായി ഉയര്‍ന്നു. എന്‍.ഡി.എ അധികാരത്തിലേറുമ്പോള്‍ വെറും 250 മില്യൻ ഡോളര്‍ മാത്രമായിരുന്നു ഇസ്രായേലുമായുള്ള ആയുധക്കരാര്‍. ഇപ്പോഴത് 1.5 ബില്യൻ ഡോളറിലെത്തിയെന്നോര്‍ക്കുക.

  കോണ്‍ഗ്രസ്സാണ് ഇസ്രായേലുമായുള്ള നയതന്ത്ര നീക്കങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ തുടങ്ങിവെച്ചതെങ്കിലും ബി.ജെ.പിയാണത് മുന്നോട്ടു കൊണ്ടുപോയത്. ചരിത്രത്തിലാദ്യമായി ഇസ്രായേല്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറുകയും ചെയ്തു. കൂട്ടത്തില്‍ റാമല്ലയില്‍ പോയി മഹ്മൂദ് അബ്ബാസിന്റെ ബഹുമതി കൂടി ഏറ്റുവാങ്ങിയെങ്കിലും അത് അപ്പുറത്ത് നടത്തിയ സന്ദര്‍ശനത്തിനുള്ള സമാശ്വാസ നീക്കം മാത്രമായിരുന്നു. അതേസമയം മന്‍മോഹൻ സിംഗ് സര്‍ക്കാര്‍ പരസ്യമായി ഇസ്രായേലിനൊപ്പം ചേരുന്നതില്‍നിന്ന് എപ്പോഴും മടിച്ചുനിന്നു. ഇസ്രായേലുമായി ചേര്‍ന്ന് നടത്താനിരുന്ന സംയുക്ത സൈനികാഭ്യാസത്തില്‍നിന്ന് ഇന്ത്യ പിന്‍വാങ്ങിയത് ഉദാഹരണം.

മോദികാലത്തേതില്‍നിന്ന് വ്യത്യസ്തമായി അന്ന് ഇന്ത്യന്‍ പാര്‍ലമെന്റ് താരതമ്യേന ശക്തമായി തന്നെ പല വിഷയങ്ങളിലും ഇടപെടുന്നതും പതിവായിരുന്നു. പാര്‍ലമെന്റിലെ സമ്മർദത്തെ തുടര്‍ന്നായിരുന്നു ഇന്ത്യ അന്ന് പിന്‍വാങ്ങിയത്. പിന്നീടുള്ള കാലത്ത് അതിവേഗതയിലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. 2017-ലെ മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ഇസ്രായേലും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ന്യൂ ദല്‍ഹിയിലെ ഭരണമാറ്റം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ഉറപ്പുനല്‍കുന്നുണ്ട്. ഇനിയുള്ള കാലത്തെ ഗവണ്‍മെന്റുകളെ സംബന്ധിച്ചേടത്തോളം മോദി അടിച്ചേൽപിച്ച ബാധ്യതയാണ് ഈ വാചകം. പക്ഷേ, ഇസ്രായേല്‍ ആ അര്‍ഥത്തില്‍ അവരുടെ താല്‍പര്യങ്ങളുടെ ഭാഷയിലല്ലാതെ ഇന്ത്യയോട് പ്രതികരിച്ചിട്ടില്ല. 2021-ല്‍ 'ഓപ്പറേഷന്‍ ഗാര്‍ഡിയന്‍ ഓഫ് ദ വാള്‍' എന്ന പേരിട്ട് ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ബോംബുവര്‍ഷത്തിനു ശേഷം തന്നെ പിന്തുണച്ച 25 ലോകരാഷ്ട്രങ്ങളുടെ പേരെടുത്തുപറഞ്ഞ് ബെഞ്ചമിന്‍ നെതന്യാഹു നന്ദി രേഖപ്പെടുത്തിയപ്പോള്‍, വിചിത്രമെന്നു പറയട്ടെ, അക്കൂട്ടത്തില്‍ ഇന്ത്യയുടെ പേര് ഉണ്ടായിരുന്നില്ല. തത്ത്വത്തില്‍ ഈ ആക്രമണത്തെ അംഗീകരിച്ചുവെങ്കിലും ഔദ്യോഗികമായി ഇന്ത്യ പ്രസ്താവന ഇറക്കാതിരുന്നതു കൊണ്ടായിരുന്നു അത്. ഗസ്സയിലെ നിസ്സഹായരായ മനുഷ്യരെ ബോംബിട്ടു കൊല്ലുന്നതില്‍ മോദിക്കോ അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ അന്നും ഇന്നും ഒരു ഖേദവും ഇല്ലാതിരുന്നിട്ടും ആ അപമാനം പോലും മോദി സഹിക്കുകയാണ് ചെയ്തത്. ഇത്തവണ 'തെറ്റു തിരുത്തി' നരേന്ദ്ര മോദി ആഹ്ലാദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വിദേശകാര്യ മന്ത്രാലയം ഈ ലേഖനമെഴുതുന്നതുവരെ ഔദ്യോഗികമായി  ഇസ്രായേലിനെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയിട്ടില്ല എന്നുകൂടി ശ്രദ്ധിക്കുക. അന്താരാഷ്ട്ര സമൂഹത്തിനു മുമ്പാകെ മോദിയുടെ പ്രസ്താവന ഉണ്ടാക്കിയ ആഘാതത്തെ കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് ഒരുപക്ഷേ, ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ലെന്നാണ് സൂചനകള്‍. 
മാനവികതയുടെ പക്ഷത്തു നിന്ന് വലതുപക്ഷ വംശീയതയുടെ പക്ഷത്തേക്കാണ് ഇന്ത്യ പരസ്യമായി കൂറുമാറുന്നത്. അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലെ പൊതുസമൂഹത്തിനു മുമ്പാകെ തകര്‍ന്നു തുടങ്ങിയ ഇന്ത്യയുടെ പ്രതിഛായ കൂടുതല്‍ അപകടകരമായ വിതാനത്തിലേക്കാവും ഇതോടെ എത്തിപ്പെടുക.

ആഫ്രിക്കയിലെ ഒട്ടുമിക്ക രാജ്യങ്ങളും, ഈജിപ്ത് ഉള്‍പ്പെടെ മോദിയുടെ പ്രസ്താവനയെ ലാഘവത്തിലെടുക്കാന്‍ സാധ്യതയില്ല. ആഗോള മനുഷ്യാവകാശ സംഘടനകളും നിഷ്പക്ഷ യൂറോപ്യന്‍ രാജ്യങ്ങളുമൊക്കെ  ഇന്ത്യയുടെ ഇപ്പോഴത്തെ നീക്കത്തെ ചുവന്ന പേന കൊണ്ടാവും അടയാളപ്പെടുത്തുക. സമീപകാലത്തായി വിദേശ മാധ്യമങ്ങള്‍ ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തെ ആഗോള ഭീഷണിയായി കാണാന്‍ തുടങ്ങിയ സാഹചര്യത്തില്‍ പരസ്യമായി ഇസ്രായേലിനൊപ്പം ചേരാനുള്ള മോദിയുടെ നീക്കം പ്രത്യേകിച്ചും ബുദ്ധിശൂന്യമായ ഒന്നായി മാറുന്നുണ്ട്. ഗസ്സയിലൊഴുകുന്ന ചോരപ്പുഴയുടെ വംശീയ ദുര്‍ഗന്ധത്തില്‍ തനിക്ക് സുപരിചിതമായ ഒരു രാഷ്ട്രീയ ചേരുവയുള്ളത് വളരെയെളുപ്പം മോദിക്ക് തിരിച്ചറിയാനാവുന്നുണ്ടാവാം. മണിപ്പൂരിലെ ചോരപ്പുഴയില്‍ അദ്ദേഹം പാലിച്ച കുപ്രസിദ്ധ മൗനം അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞ കാലത്ത് ഇസ്രായേല്‍ മോദിയുടെ പുറം ചൊറിഞ്ഞതും മോദി കൃതജ്ഞതയോടെ ഓര്‍ക്കുന്നുണ്ടാവാം. തീര്‍ന്നില്ല, മൂന്നു വര്‍ഷം മുമ്പെ തന്റെ മറ്റൊരു പ്രതിസന്ധി ഘട്ടത്തിലും അവര്‍ പിന്തുണ നല്‍കിയതും ഉപകാരസ്മരണയുടെ കാരണമായി മാറിയിരിക്കാം. 2019-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പൗരത്വ നിയമം കൊണ്ടുവന്നപ്പോള്‍ ലോകത്ത് അതിനെ പരസ്യമായി പിന്തുണച്ച ഒരേയൊരു രാജ്യമായിരുന്നു ഇസ്രായേല്‍. പരമാധികാര രാഷ്ട്രമായ ഇന്ത്യക്ക് അതിന്റെ പൗരന്‍മാരുടെ കാര്യം എങ്ങനെയാവണമെന്ന് തീരുമാനിക്കാനുള്ള എല്ലാ അധികാരവുമുണ്ട്, അക്കാര്യത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റുകള്‍ ഇടപെടേണ്ട ആവശ്യമില്ല എന്നായിരുന്നു ഇസ്രായേലിന്റെ കൗണ്‍സിലര്‍ ജനറല്‍ ദാനാ കുര്‍ഷ് ഈ വിഷയത്തില്‍ പ്രതികരിച്ചത്.

സൂക്ഷ്മ വായനയില്‍ ഇസ്രായേലിന്റെ കുപ്രസിദ്ധമായ 'ലോ ഓഫ് റിട്ടേണ്‍' ആയിരുന്നു മോദിയുടെ സി.എ.എ നിയമമെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ പൗരന്‍മാരായി താമസിക്കുന്ന യഹൂദര്‍ക്ക് ഇസ്രായേലിലേക്ക് മടങ്ങിവന്നാല്‍ പൗരത്വം അനുവദിക്കുന്ന നിയമമാണിത്. അങ്ങനെ മടങ്ങിയെത്തുന്നവര്‍ക്കു വേണ്ടിയാണ് ഫലസ്ത്വീനില്‍ പുതിയ കൈയേറ്റങ്ങള്‍ നടക്കുന്നത്. ആ കൈയേറ്റങ്ങള്‍ ന്യായമാണെന്നും അതിനോട് ലോകം പ്രതികരിക്കരുതെന്നുമാണ് മോദി ആഗ്രഹിക്കുന്നതും. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 24-27
ടി.കെ ഉബൈദ്

ഹദീസ്‌

പ്രതിയോഗികളുടെ ചിരിയിൽനിന്ന് രക്ഷ തേടുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്