Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 27

3324

1445 റബീഉൽ ആഖിർ 12

ശഹാദത്ത്

എസ്. കമറുദ്ദീൻ

സൽവ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയാണ്. അവളുടെ കൈയിലുള്ള കുഞ്ഞു പാവയുടെ  രണ്ട് കൈകളും മുറിഞ്ഞു പോയതാണ്. വെളുത്ത മുടിയുള്ള, തിളങ്ങുന്ന കണ്ണുള്ള പെൺപാവ.

തകർന്നുപോയ വീടിന്റെ സമീപത്തു നിന്നാണ് അവള്‍ക്ക് ആ പാവ കിട്ടിയത്. ആരുടേതാണെന്ന് അറിയില്ല.  എങ്കിലും എടുത്തു. അതിന്റെ നീല കണ്ണുകൾ ചലിക്കുന്നതായിരുന്നു. ഉമ്മയുടെ മയ്യത്തിന് അടുത്ത് ഇരിക്കുമ്പോൾ അവൾ അതിനെ ചേർത്തുപിടിച്ച് മുത്തം കൊടുത്തു.

ചുറ്റും പുകപടലം നിറഞ്ഞിരുന്നു. അന്തരീക്ഷത്തിന് നല്ല ചൂടുണ്ടായിരുന്നു. പരിസരം ആകെ ശബ്ദമുഖരിതമായിരുന്നു.

അവർക്ക് ചുറ്റും യുദ്ധമായിരുന്നു. അതിനിടയിൽ വീണു കിട്ടുന്ന ഇത്തിരി സമയത്ത് ഓടിക്കളിക്കുകയാണ് കുട്ടികൾ. ആരും അവരെ ശാസിക്കുന്നില്ല.

ഒരു യുദ്ധവിമാനത്തിന്റെ ശബ്ദം അങ്ങ് ദൂരെനിന്ന് കേൾക്കുന്നുണ്ട്. ഒരു മൂളൽ പോലെ. എത്ര പെട്ടെന്നാണ് അത് അടുത്തേക്കെത്തിയത്. എല്ലാവരും വീട്ടിനകത്തേക്ക് ഓടി. ഷെൽട്ടറുകൾക്കുള്ളിൽ ഒളിക്കാൻ കഴിയുന്നവർ അതിനകത്തേക്ക് ...കളിപ്പാട്ടങ്ങൾ അവിടെ ഉപേക്ഷിച്ച് വീടിനകത്തേക്ക് പാഞ്ഞു വന്ന കുട്ടികളെ ഉമ്മമാർ വാരിയെടുത്തു. സൽവയെ കോരിയെടുക്കാൻ ഉമ്മയുണ്ടായിരുന്നില്ല. ഉമ്മുമ്മ അവളെ അണച്ചുപിടിച്ചു.

അവൾ ഒരു പേപ്പറും പെൻസിലുമെടുത്ത് ഹൻളലയെ വരച്ചു.

യുദ്ധ വിമാനത്തിൽനിന്ന് നിരനിരയായി വീണ ബോംബുകൾ  തൊട്ടടുത്തുള്ള കെട്ടിടം അപ്പാടെ തകർത്തു. സൽവ രണ്ട് ചെവിയും പൊത്തി. നിലവിളികളും ഞരക്കങ്ങളും അന്തരീക്ഷത്തിൽ ഉയർന്നു. വിമാനം തിരിച്ചുപോകുന്ന ഒച്ച കുറഞ്ഞ് കുറഞ്ഞ് ഇല്ലാതായി. അവൾ ഹൻളലയുടെ ചിത്രം പൂർത്തിയാക്കി.

അൽപം കഴിഞ്ഞ് വീടുകളുടെ വാതിൽ തുറന്നു. ആണുങ്ങളൊക്കെ കെട്ടിടം തകർന്നിടത്തേക്ക് ഓടിപ്പോയി. പരിക്കേറ്റവരെ പുറത്തെടുക്കാനും ഹോസ്പിറ്റലിൽ എത്തിക്കാനും അവർ ധൃതിപിടിച്ചു. പെണ്ണുങ്ങൾ പരിസരത്ത് പാറി വീണ പൊടിതട്ടി. കുഞ്ഞുങ്ങൾ അവരുടെ കളിപ്പാട്ടങ്ങൾ വീണ്ടും പെറുക്കിയെടുത്ത്  കളിക്കാൻ മുറ്റത്തിറങ്ങി. സൽവ കൈകളില്ലാത്ത തന്റെ പാവയെ പരതി. തകർന്ന കെട്ടിടത്തിന്റെ ഓരത്ത് ഉരുകിയ മുടിയും അടഞ്ഞ കണ്ണുമായി പാവ. അതിന് സമീപത്ത് രണ്ടായി പിളർന്ന ബോംബിന്റെ കവചങ്ങൾ. സൽവ അതെടുത്തു.  ഇസ്രായേല്യർ വിക്ഷേപിച്ച, ഉപയോഗശൂന്യമായ ബോംബുകൾകൊണ്ട് സൽവയുടെ ഉമ്മ ഒരു പൂന്തോട്ടം തന്നെ ഉണ്ടാക്കിയിരുന്നു. അവൾ ഒഴിഞ്ഞ ഷെല്ലുകൾ ചേർത്തു വെച്ചു. തകർന്ന കെട്ടിടത്തിൽ പാറി വീണ കീറത്തുണി നീളത്തിൽ ചീന്തി അവയെ ചേർത്തു കെട്ടി. ഇത്തിരി മണ്ണും പൊടിയും നിറച്ചു. അരികിൽ കുത്തിവെച്ചിരുന്ന കടലാസുചെടി, കുഞ്ഞു ചെടി, അതിനുള്ളിൽ നട്ടുപിടിപ്പിച്ചു. ആരോ വലിച്ചെറിഞ്ഞ കുപ്പിയിൽ ബാക്കി വന്ന വെള്ളത്തുള്ളികൾ അതിന് മുകളിൽ കുടഞ്ഞു.

ചെടിയുമെടുത്ത് അവൾ വീടിന്റെ പിന്നാമ്പുറത്തേക്ക് ഓടി. അവിടെയാണ് ഖബറിസ്ഥാൻ. അവളുടെ ഉമ്മയുടെ ഖബറിനരികിൽ അവൾ വെച്ചൊരു അടയാളമുണ്ട്... പെട്ടെന്ന് തിരിച്ചറിയാൻ. ബോംബിന് മുകളിൽ  നട്ട പൂച്ചെടി അവൾ തലഭാഗത്ത് തന്നെ വെച്ചു. ഒരു നിമിഷം കണ്ണടച്ചു പ്രാർഥിച്ചു. കാറ്റിൽ കടലാസു പൂക്കൾ ഇളകിയാടി. ദൂരെനിന്ന് വീണ്ടും യുദ്ധവിമാനത്തിന്റെ ഇരമ്പം. അത് മുഴക്കമായി മുകളിലെത്തുമ്പോഴും അവൾ കണ്ണടച്ചു പ്രാർഥിച്ചുകൊണ്ടേയിരുന്നു. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 24-27
ടി.കെ ഉബൈദ്

ഹദീസ്‌

പ്രതിയോഗികളുടെ ചിരിയിൽനിന്ന് രക്ഷ തേടുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്