ഹിന്ദുത്വ വംശീയതക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താൻ
അതിനിർണായകമായൊരു ഘട്ടത്തിലാണ് ഇന്ത്യൻ സമൂഹം എത്തിനിൽക്കുന്നത്. ഈ ഘട്ടത്തിൽ എടുക്കുന്ന നിലപാടുകൾക്ക് ഭാവിയെ നിർണയിക്കുന്നതിൽ വലിയ പങ്കുണ്ടാകും. ഇപ്പോൾ നടത്തുന്ന പോരാട്ടങ്ങൾ മുന്നോട്ടുള്ള പ്രയാണത്തിൽ പുതിയ വഴികൾ വെട്ടിത്തുറക്കും. സംഘ് പരിവാറിന്റെ അതിക്രമങ്ങളുമായി, വംശീയ പദ്ധതികളുമായി ബന്ധമുള്ള ഒരു വാര്‍ത്തയെങ്കിലും ഇല്ലാത്ത ദിവസമില്ല എന്നതാണ് ഇന്ന് രാജ്യത്തെ സ്ഥിതി. ക്ഷേത്രത്തിലെ പ്രസാദം കഴിച്ചെന്ന പേരില്‍ തലസ്ഥാന നഗരിയില്‍ ഭിന്നശേഷിക്കാരനായ ഒരു മുസ്‌ലിമിനെ കെട്ടിയിട്ട് അടിച്ചുകൊന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്. അതിന് തൊട്ടുമുമ്പാണ് കേരളത്തില്‍ മുസ് ലിംവിദ്വേഷം പ്രചരിപ്പിക്കാന്‍ ഒരു സൈനികന്‍ സ്വന്തം മുതുകിൽ കൂട്ടുകാരനെക്കൊണ്ട് ചാപ്പ കുത്തിച്ചത്. ഈ ഓരോ സംഭവത്തിലും സത്യം പുറത്തുവരുന്നതിന് മുമ്പ് തന്നെ സംഘ് ശക്തികള്‍ അവര്‍ക്കാവശ്യമായ പ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ടാകും. അതിന് മീഡിയയെയും ഔദ്യോഗിക സംവിധാനങ്ങളെയും വരെ അവർ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
ലൗ ജിഹാദ്, മതംമാറ്റം, മുസ് ലിം ജനസംഖ്യാ ഭീതി, ഗോരക്ഷ, ആചാരങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രകള്‍ തുടങ്ങിയ വിഷയങ്ങളിലെ പ്രചാരണങ്ങള്‍ മുതല്‍ പാര്‍ലമെന്റില്‍ വരെ മുസ് ലിംവിദ്വേഷ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ബാബരി തകര്‍ക്കപ്പെട്ടതോടെ ഏതു സമയത്തും മുസ് ലിം ശരീരവും സമ്പത്തും അടയാളങ്ങളും ആക്രമിക്കപ്പെടാം എന്ന സ്ഥിതി സംജാതമായി. ബാബരി വിധി വന്നതോടെ നിയമ സംവിധാനങ്ങളുടെ പിന്തുണയും ഇത്തരം അക്രമങ്ങള്‍ക്കുണ്ടാകുമെന്ന് വ്യക്തമാക്കപ്പെട്ടു. പിന്നെയാണ് മുസ്‌ലിമിന്റെ പൗരത്വത്തെ തന്നെ സംശയത്തിലാക്കുന്ന പൗരത്വ നിയമം കൊണ്ടുവരുന്നത്.
ചുരുക്കത്തില്‍, രാജ്യത്തെ വലിയൊരു ജനവിഭാഗമായ മുസ് ലിംകള്‍ക്കെതിരില്‍ ഒരു വംശഹത്യാ പദ്ധതിതന്നെ ജനാധിപത്യ സംവിധാനങ്ങളുപയോഗിച്ച് പ്രഖ്യാപിക്കപ്പെടുകയാണുണ്ടായത്. മുസ് ലിം വീടുകളും നിര്‍മാണങ്ങളും ഏകപക്ഷീയമായി ബുള്‍ഡോസറുകളുപയോഗിച്ച് തകര്‍ത്തുകളയുന്ന ഹിന്ദുത്വ ഉന്‍മൂലന പദ്ധതികളും ഇപ്പോള്‍ രാജ്യത്ത് വ്യാപകമാണ്. ജനാധിപത്യ സംവിധാനങ്ങളും നിയമങ്ങളും ഉപയോഗിച്ചാണ് ഈ വംശീയ ഉന്മൂലന പ്രക്രിയ.
ഹിന്ദുത്വ ശക്തികള്‍ ഇന്ത്യയില്‍ ആധിപത്യം നിലനിര്‍ത്തുന്നത് ഇസ് ലാമോഫോബിയ വളര്‍ത്തിയും പ്രചരിപ്പിച്ചുമാണ്. ഇസ് ലാമും മുസ് ലിംകളുമായി ബന്ധപ്പെട്ടതെല്ലാം പ്രാകൃതമായും പൈശാചികമായും ഭീകരമായും അവർ അവതരിപ്പിക്കുന്നു.
അതുവഴി, മുസ് ലിംകളുടെ സാന്നിധ്യം തന്നെ നാടിന് അപകടകരമാണെന്നും, അവർ നാടിന്റെ സ്വൈരജീവിതത്തിന് തടസ്സമാണെന്നും, മുസ് ലിംകളുടെ സ്വയം സംഘാടനവും ഇസ് ലാമിന്റെ അടിത്തറയിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ വിധ ആവിഷ്കാരങ്ങളും തീവ്രവാദവും ഭീകരവാദവുമാണെന്നും വരുത്തിത്തീർക്കുന്നു. ഇക്കൂട്ടർ ഉന്മൂലനം ചെയ്യപ്പെടേണ്ടവർ തന്നെ എന്ന ബോധത്തിലേക്ക് ആളുകളെ എത്തിക്കുകയാണ് ഈ കള്ള പ്രചാരണങ്ങളുടെയെല്ലാം ലക്ഷ്യം.
അഥവാ, മുസ് ലിംകൾക്കെതിരെയുള്ള ഹിംസകൾക്കും അനീതികൾക്കും വംശീയ ഉന്മൂലന പദ്ധതിക്കുമുള്ള മണ്ണൊരുക്കുകയാണ് ഇസ് ലാമോഫോബിയ വളർത്തുന്നതിലൂടെ സംഘ് പരിവാർ ഉന്നമിടുന്നത്. മുസ് ലിംകളെ പട്ടാപകൽ ജനമധ്യത്തിൽ പച്ചക്ക് അടിച്ചുകൊല്ലാൻ ഒരാളുടെ മനസ്സ് എങ്ങനെ പാകപ്പെടുന്നു എന്ന ചോദ്യം അവിടെ അപ്രസക്തമാകും. കാരണം, മുസ് ലിംകൾ കൊല്ലപ്പെടാൻ അർഹരാണ് എന്ന ബോധം ഒരാളിൽ രൂപപ്പെടുമ്പോൾ അവരെ കൊല്ലാൻ അയാൾക്ക് ഒരു മനസ്സാക്ഷിക്കുത്തും അനുഭവപ്പെടുകയില്ല. അതുകൊണ്ടാണല്ലോ ആൾക്കൂട്ടക്കൊലകൾ രാജ്യത്ത് സാധാരണ സംഭവമായി മാറുന്നത്. ഇസ് ലാമോഫോബിയ എന്ന ഈ അടിസ്ഥാന പ്രശ്നത്തെ കൈകാര്യം ചെയ്തുകൊണ്ട് മാത്രമാണ് ഹിന്ദുത്വ ഫാഷിസത്തിനെതിരായ പ്രതിരോധങ്ങള്‍ ശക്തിപ്പെടുത്താനാവുക.
മണിപ്പൂരിലും മറ്റു ചില സംസ്ഥാനങ്ങളിലും ക്രൈസ്തവ വിഭാഗങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കുമെതിരെ സംഘ് പരിവാർ നടത്തിയ അക്രമങ്ങളിലൂടെ, മുസ് ലിംകള്‍ മാത്രമല്ല ഹിന്ദുത്വയുടെ ശത്രുക്കളായി അവര്‍ മനസ്സിലാക്കുന്ന ജനവിഭാഗങ്ങളും എപ്പോഴും ആക്രമിക്കപ്പെടാമെന്ന് തെളിഞ്ഞു. എല്ലാ ജനവിഭാഗങ്ങളും ഹിന്ദുത്വ ഉന്മൂലന പദ്ധതിയുടെ ഇരകളാണെന്നതാണ് ഇത്തരം അക്രമ സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം തന്നെ ഹിന്ദുത്വ സര്‍ക്കാറിന്റെ ജനവിരുദ്ധ നിലപാടുകളുടെ ഫലമായി രാജ്യനിവാസികൾ ഇന്ന് ഏറെ ദുരിതത്തിലുമാണ്. ദുർഭരണം സാധാരണക്കാരുടെ ദൈനംദിന ജീവിതം അങ്ങേയറ്റം ദുസ്സഹമാക്കിത്തീർക്കുന്നു.
ഇതൊരു പ്രധാന സന്ദര്‍ഭമാണ്. രാജ്യത്ത് ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ എല്ലാവരും ഒരുമിച്ച് സംഘ് വംശീയതക്കെതിരെ അണിനിരക്കണം. നമുക്കും നമ്മുടെ ശേഷം വരുന്ന തലമുറക്കും ഇവിടെ സുരക്ഷിതമായി ജീവിക്കാനാകണമെങ്കില്‍ ഇപ്പോള്‍ നമ്മള്‍ ഉണരണം. അതിനുള്ളൊരു ശ്രമമാണ് 'അപ്‌റൂട്ട് ബുള്‍ഡോസര്‍ ഹിന്ദുത്വ' -സംഘ് പരിവാര്‍ വംശഹത്യക്കെതിരെ അണിനിരക്കുക - എന്ന തലക്കെട്ടിൽ സംസ്ഥാനത്തുടനീളം സോളിഡാരിറ്റി നടത്തുന്ന കാമ്പയിൻ.
തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദര്‍ഭത്തില്‍ പല സഖ്യങ്ങളും രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍, അവയൊന്നും യഥാര്‍ഥ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ സന്നദ്ധമാകുന്നില്ല.
ബി.ജെ.പിക്കെതിരെ ദേശീയ തലത്തിൽ ഉയർന്നു വന്നിട്ടുള്ള സഖ്യത്തിലുള്ളവരിൽ പലരും ഹിന്ദുത്വ ശക്തികൾക്കെതിരെ ആർജവമുള്ള നിലപാടുകൾ എടുക്കുന്നില്ല. മുസ് ലിം വിരുദ്ധ വംശീയതക്കും ബുൾഡോസിങ് രാഷ്ട്രീയത്തിനുമെതിരെ അവർ നിശ്ശബ്ദരുമാണ്. ഇപ്പോള്‍ രൂപപ്പെട്ട പ്രതിപക്ഷ സഖ്യം മുസ് ലിം വിഷയങ്ങളിൽ കാണിക്കുന്ന നിശ്ശബ്ദത ഭീകരമാണ്. അവരുടെ പദ്ധതികളുടെ ദൗര്‍ബല്യം വ്യക്തമാക്കുന്നതാണ് അവരുടെ നേതാക്കളുടെ മക്കള്‍തന്നെ മറുപാളയത്തിലേക്ക് ചേക്കേറുന്നത്.
കേരളത്തില്‍ സംഘ് വിരുദ്ധത അവകാശപ്പെടുന്ന സര്‍ക്കാറിന്റെ നടപടികളും സമാന രീതിയിലാണ്. സംഘ് പരിവാറിനെ പലതരത്തില്‍ സഹായിക്കുന്ന നിലപാടുകളാണ് അവരിൽനിന്നുണ്ടാകുന്നത്. കേന്ദ്രത്തിന്റെ സമ്മർദത്തിന് വഴങ്ങി പല നീക്കുപോക്കുകളും നടത്തുന്നു. കേരളത്തില്‍ നടന്ന പല വിദ്വേഷ പ്രചാരണങ്ങളിലും സംഘ് പരിവാറിനെതിരെ കേസില്ലെന്ന് മാത്രമല്ല, മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങളോട് പൊലീസ് ക്രൂരമായി പെരുമാറുകയും ചെയ്യുന്നു. കൊല്ലം കടക്കലിൽ സൈനികന്റെ ശരീരത്തിൽ പി. എഫ്.ഐ ചാപ്പ കുത്തി എന്ന കള്ളക്കഥ മെനഞ്ഞ് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള സൈനികന്റെ ശ്രമവും ഇതിന്റെ ഭാഗമായി വേണം മനസ്സിലാക്കാൻ. എലത്തൂരും കണ്ണൂരും അടിക്കടിയുണ്ടായ ട്രെയ്ൻ തീവെപ്പുകളുടെ പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. വംശീയ കലാപങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നത് സംഘ് പരിവാറിന്റെ കാലങ്ങളായുള്ള അജണ്ടയാണ്. കേരളത്തിൽ നടക്കുന്ന ഓരോ കലാപ ശ്രമത്തെയും ആഘോഷിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാൻ ശ്രമിച്ചത് ബി.ജെ.പി- ആർ.എസ്.എസ് നേതാക്കളും അവരുടെ മുൻകൈയിലുള്ള മാധ്യമ സ്ഥാപനങ്ങളുമാണ്.
സൈനികന്റെ പി.എഫ്.ഐ വ്യാജ ചാപ്പയെ തുടർന്ന് കേരളത്തിനെതിരെയും മുസ് ലിം സമുദായത്തിനെതിരെയും വിദ്വേഷം ജനിപ്പിക്കുന്ന പ്രചാരണം നടത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ ആന്റണിക്കെതിരെ ഇതുവരെയും നിയമനടപടി സ്വീകരിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണ്. കലാപ ശ്രമങ്ങൾക്കു പിന്നിൽ സംഘ് പരിവാർ ബന്ധമുള്ളവർ പ്രതികളാകുമ്പോൾ അത് മാനസിക രോഗം, അല്ലെങ്കിൽ പ്രശസ്തിക്കു വേണ്ടി ചെയ്യുന്നത്! മുസ് ലിം നാമധാരികളാകുമ്പോൾ മാത്രം അത് കൊടും തീവ്രവാദം! ഇതു തന്നെയല്ലേ ഇസ് ലാമോഫോബിയ. പൗരത്വ പ്രക്ഷോഭത്തിനെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി അത് നടപ്പാക്കാതെ വഞ്ചനാപരമായ സമീപനം സ്വീകരിച്ചുകൊണ്ടിരിക്കുന്നതും നമ്മൾ കാണുന്നു.
ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയ ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ ഐക്യം വളരെ അനിവാര്യമാണ്. അതിലേക്കുള്ള ഏറ്റവും പ്രധാന ചുവട് യഥാര്‍ഥ പ്രശ്‌നങ്ങൾ തിരിച്ചറിയുക എന്നതാണ്. പ്രതിപക്ഷ സഖ്യം ഈ യാഥാര്‍ഥ്യം ഉൾക്കൊണ്ട് ഐക്യത്തോടെ പരിശ്രമിക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ സംഘ് വംശീയതക്കെതിരായ പ്രതിരോധം സാധ്യമാകൂ. ജനാധിപത്യ സംവിധാനങ്ങളും നിയമങ്ങളും ഉപയോഗിച്ചുകൊണ്ട് തന്നെ സംഘ് പ രിവാർ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ ഉന്മൂലന പദ്ധതിക്കെതിരെയാണ് 'അപ്റൂട്ട് ബുൾഡോസർ ഹിന്ദുത്വ' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി കാമ്പയിൻ സംഘടിപ്പിക്കുന്നത്. ലോക്്സഭാ ഇലക്്ഷൻ കൂടി മുൻനിർത്തി ഹിന്ദുത്വ ശക്തികൾക്കെതിരെയും ഇസ് ലാമോഫോബിയക്കെതിരെയും ജനകീയ പ്രതിരോധം ഉയർത്തുക എന്നത് ഈ കാമ്പയിനിന്റെ പ്രധാന ലക്ഷ്യമാണ്. l
Comments