Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 27

3324

1445 റബീഉൽ ആഖിർ 12

ഫലസ്ത്വീനികൾ തിരുത്തുന്പോൾ ലോകത്തിന്റെ "നീതിബോധം' ഉണരുന്നു

ബശീർ ഉളിയിൽ

പശ്ചിമേഷ്യയില്‍ ‘സുസ്ഥിരമായ അസ്ഥിരത’ സമ്മാനിച്ചുകൊണ്ട് ഏഴര പതിറ്റാണ്ടിന് മുമ്പാണ് ആധുനിക ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അധിനിവേശത്തിന്  ബ്രിട്ടീഷ് കൊളോണിയല്‍ പെരുന്തച്ചന്മാര്‍ അടിത്തറയിട്ടത്. ആ അസ്തിവാരത്തിലാണ്  ആരാന്റെ ഭൂമിക്ക് അതിര് കെട്ടി വാഗ്ദത്ത ഭൂമി എന്ന് പേരിട്ട ഒരു ‘തെമ്മാടി രാഷ്ട്രം’ പടുത്തുയര്‍ത്തപ്പെട്ടത്. ഇസ്രായേല്‍ എന്ന പശ്ചിമേഷ്യയുടെ ഈ ‘ആദിപാപ’ത്തിന്റെ അനിവാര്യമായ തുടര്‍ച്ചയായിട്ടാണ് ഇതെഴുതുമ്പോഴും ഫലസ്ത്വീനില്‍നിന്ന് പത്ത് ദിവസങ്ങളായി ബോംബൊച്ചകള്‍ നിലക്കാതെ ഉയരുന്നത്. ‘വാഗ്ദത്ത ഭൂമിയിലേക്കുള്ള മടക്കം എന്ന ‘വിശുദ്ധ ഉഡായിപ്പി'ന്റെയും ‘ഭൂമിയില്ലാത്ത ജനതക്ക് ജനതയില്ലാത്ത ഭൂമി’ എന്ന സയണിസ്റ്റ് സമവാക്യത്തിന്റെയും ബലത്തില്‍  കൂടാരത്തില്‍ കയറിക്കൂടിയ ഒട്ടകത്തെപ്പോലെ ഉടമയെ ചവിട്ടിപ്പുറത്താക്കുക മാത്രമല്ല, പിന്തുടര്‍ന്ന് വേട്ടയാടുകയുമാണ് ആധുനിക ‘ഗോലിയാത്ത്’ ചെയ്യുന്നത്.
‘ലോക പോലീസി’ന്റെ കാവലില്‍ ലോകത്തിലെ ഏറ്റവും മികച്ച ഇന്റലിജന്‍സ് സംവിധാനവും പെഗസാസ് സ്പൈവെയര്‍ പോലുള്ള ചാരക്കണ്ണുകളുമെല്ലാം ഉള്ള എമണ്ടന്‍ ജാലൂത്തി(ഗോലിയാത്ത്)നെ  രണ്ടു പതിറ്റാണ്ടായി ഉപരോധത്താല്‍ പട്ടിണി മാത്രം തിന്നു ജീവിച്ച ഗസ്സയിലെ ‘ദാവീദി'ന്റെ പിന്തുടര്‍ച്ചക്കാര്‍ വർധിത വീര്യത്തോടെയാണ് നേരിട്ടത്. “അങ്ങനെ ദാവീദ് ഒരു കവണയും ഒരു കല്ലും കൊണ്ട് ഗോലിയാത്തിന്റെ മേല്‍ വിജയം നേടി. കൈയില്‍ വാളില്ലാതിരുന്നിട്ടു പോലും ദാവീദ് ഗോലിയാത്തിനെ തോൽപിച്ചു കളഞ്ഞു” (ശമൂവേല്‍ 17:1-50). ‘പഴയ നിയമ’ത്തെ സയണിസം പുതുക്കിയെഴുതുമ്പോള്‍ ചരിത്രം ഒരിക്കല്‍ ആവര്‍ത്തിക്കപ്പെടുകയാണ്. 2023 ഒക്ടോബര്‍ 7- ന് യഹൂദരുടെ വിശുദ്ധ ദിവസമായ യോം കപ്പൂര്‍ (പാപ പരിഹാര ദിനം) ദിവസത്തില്‍ നടന്ന ‘അൽ അഖ്സ്വാ പ്രളയ’ (Operation Al Aqsa Flood) ത്തില്‍ ഇസ്രായേലിലെ ഗോലിയാത്ത് മാത്രമല്ല, കിഴക്കും പടിഞ്ഞാറുമുള്ള സയണിസത്തിന്റെ കല്ല്‌ കരട് കപ്പലണ്ടി വരെയുള്ള വകഭേദങ്ങള്‍ കൂടിയാണ് വെകിളിപ്പെട്ടത്. ദശാബ്ദങ്ങളുടെ   ഉപരോധത്താല്‍ വിശന്നും ശ്വാസം മുട്ടിയും കഴിയുന്ന ഗസ്സക്കാര്‍ക്ക് മേല്‍ ദിനചര്യ പോലെ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ബോംബ്‌ വര്‍ഷം ‘ദൈവത്തിന്റെ വിദേശ നയ’ (God’s Foreign Policy) മാണെന്ന Christians United For Israel എന്ന ക്രൈസ്തവ സയണിസത്തിന്റെ നിലപാട് ആവര്‍ത്തിച്ചുകൊണ്ട് സനാതന ഭാരതവും ചങ്ങലയില്‍ കണ്ണിചേര്‍ന്നിട്ടുണ്ട്.  യു.എസ്  റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഊര്‍ജ സ്രോതസ്സ് കൂടിയാണ് ജോണ്‍ ഹാഗി (John Hagee) സ്ഥാപിച്ച Christians United For Israel.
ശത്രുക്കളാല്‍ ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത കാലത്ത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയ യിസ്രായേല്‍ മക്കള്‍ എല്ലാവരും ഇസ്രായേലിലേക്ക് തിരികെ വരണം എന്നും അത് യേശു ക്രിസ്തുവിന്റെ രണ്ടാം തിരുവരവ് സംബന്ധിച്ച പ്രവചനത്തിന്റെ നിവൃത്തിയാണ് എന്നുമാണ് ഈ ക്രൈസ്തവ സയണിസ്റ്റ് സംഘത്തിന്റെ വാദം. മുന്‍ യു.എസ് പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യു ബുഷ്‌, ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള റിപ്പബ്ലിക്കന്മാർ എല്ലാം ഈ വിശ്വാസം പുലര്‍ത്തുന്നവരാണ്. 'ദൈവത്തിന്റെ ഈ  വിദേശ നയം' അനുസരിച്ചാണ്  ഫലസ്ത്വീനികള്‍ക്ക് നേരെയുള്ള ഏത് ആക്രമണവും ‘നിയമ വിധേയ’മാകുന്നത്.

ഹമാസ് ആക്രമണം തങ്ങളുടെ 9/11 ആണെന്നാണ്‌ ഇസ്രായേലിന്റെ പ്രതികരണം. ഇരട്ട ഗോപുര ആക്രമണത്തിന് ശേഷം അറബ് ദേശങ്ങളിലുണ്ടായ അമേരിക്കന്‍ അധിനിവേശത്തിനു സമാനമായ നടപടികളെ കുറിച്ച സൂചനയാണ് ഇതിലൂടെ ഇസ്രായേല്‍ നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ആ പ്രഖ്യാപനത്തിന്റെ പ്രയോഗങ്ങളാണ് ‘സുരക്ഷിത ഇടനാഴി’കളില്‍ പോലും നടക്കുന്ന നരഹത്യയിലൂടെ ലോകം കണ്ടുകൊണ്ടിരിക്കുന്നതും. 9/11- ന് ശേഷം രൂപപ്പെട്ട ഇസ്‌ലാം ഭീതിയെ ‘പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക’ (Do or Die) എന്ന 7/10 സമവാക്യംകൊണ്ട് ഫലസ്ത്വീനികള്‍ തിരുത്തിയപ്പോഴാണ് ലോകത്തിന്റെ നീതിബോധം സടകുടാ ഉണര്‍ന്നത്. അതു വരെ ഒരു ദിവസം ശരാശരി ഒരു ഫലസ്ത്വീനിയെങ്കിലും കൊല്ലപ്പെടുക എന്നത് ആര്‍ക്കും പരാതിയില്ലാത്ത വെറുമൊരു നാട്ടുനടപ്പ്‌ മാത്രമായിരുന്നു. ഈ നാട്ടുനടപ്പിന് ഹമാസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ‘ഹറകത്തുല്‍ മുഖാവമ അല്‍ ഇസ് ലാമിയ’ (ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനം) യുടെ ഭാഗത്തുനിന്ന് ഒരു കിടിലന്‍ തിരുത്ത് വന്നപ്പോള്‍ നമ്മുടെ സനാതന ധര്‍മം പോലും പ്രകമ്പിതമായി, ‘മറുനാടന്‍ മലയാളി’യുടെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി. ‘കൃപാസനം ഇട്ടിക്കോരാസ്’ ഹമാസിനെ ‘തവിട് പൊടിയാക്കാന്‍’ ഇരുമ്പു വാളുമായി വന്ന ഇസ്രായേലിന് മുഖപുസ്തകത്തില്‍ ഹലേലുയ പാടി. നേരത്തെ ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ച ചക്രപാണി സ്വാമി ഹമാസിനെ ഭൂമിയില്‍നിന്ന് തുടച്ചുനീക്കാന്‍ വണ്ടിക്ക് ടിക്കറ്റെടുത്തു.  ചുരുക്കത്തില്‍, അളമുട്ടിയപ്പോള്‍ തിരിഞ്ഞു നിന്ന് മതില്‍ തകര്‍ത്ത ഫലസ്ത്വീനികള്‍  എല്ലാവര്‍ക്കും ഭീകരരായി മാറി. സംഘി- ക്രിസംഘി ദ്വയം ഉയര്‍ത്തിയ ഈ സംകൃത പമഗരികള്‍ക്കിടയില്‍  ‘ഭൂമി, സ്വയം ഭരണം, അന്തസ്സോടെയും ആദരവോടെയും ജീവിക്കാനുള്ള ഫലസ്ത്വീന്‍ ജനതയുടെ അവകാശങ്ങള്‍ എന്നിവ അംഗീകരിക്കപ്പെടണം' എന്ന് ഒരു പ്രമേയത്തിലൂടെ ഔദ്യോഗികമായി പ്രതികരിച്ച മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സായിരുന്നു. 

ഇതിനിടയിലാണ് ഇടതു കളത്തില്‍നിന്ന് ചില സെല്‍ഫ് ഗോളുകൾ സംഭവിക്കുന്നത്. 2001 സെപ്റ്റംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം യാങ്കി – സയണിസ്റ്റ് മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട ഇസ് ലാമോഫോബിയ, പരിണത പ്രജ്ഞരെന്നു കരുതപ്പെടുന്ന നമ്മുടെ ഇടത് നേതാക്കളെപ്പോലും ബാധിക്കുന്നു എന്നതാണ് പ്രതികരണങ്ങളില്‍ ചിലതെങ്കിലും സൂചിപ്പിക്കുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ ശൈലജയില്‍നിന്നും മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനില്‍നിന്നുമാണ് ‘ഹമാസ് ഭീകരത’ യെ കുറിച്ച പരാമര്‍ശമുണ്ടായതെങ്കില്‍ (ശൈലജ തന്റെ പരാമർശം പിന്നീട് തിരുത്തി) ‘മാര്‍ക്സിയന്‍ മാനവികതാവാദ’  ത്തിന്റെ അടിസ്ഥാനത്തില്‍ വളരെ കൃത്യമായി പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും യുവനേതാവ് എം. സ്വരാജും ഹമാസിന്റെ പ്രതിരോധാക്രമണത്തെ വിലയിരുത്തി. ഹമാസിന്റെത് ആക്രമണമല്ല, പ്രത്യാക്രമണം ആയിരുന്നു എന്നായിരുന്നു ബേബിയുടെ പ്രസ്താവന. അതേസമയം ഹമാസിനെതിരെയുള്ള ‘അമാര്‍ക്സിയന്‍ പ്രസ്താവന’കൾക്ക് ശക്തമായ ഖണ്ഡനം വന്നത് സി.പി.എമ്മിന്റെ തന്നെ യുവനിരയില്‍നിന്നായിരുന്നു. “ഇതിനിടയില്‍ ചില സമദൂരക്കാരുണ്ട്. ഹമാസ് റോക്കറ്റ് അയച്ചത് തെറ്റായിപ്പോയെന്ന് ആവര്‍ത്തിക്കുന്ന ‘സമാധാന വാദികള്‍’. ഇപ്പോള്‍ സംഘര്‍ഷം തുടങ്ങിവെച്ചത് ഫലസ്ത്വീനാണെന്ന് രോഷം കൊള്ളുന്നവര്‍. അത് ഇസ്രായേലിന് തിരിച്ചടിക്കാന്‍ അവസരമായെന്നു വിലപിക്കുന്നവര്‍. തങ്ങള്‍ നിഷ്പക്ഷരാണ്, യുദ്ധത്തിനെതിരാണ് എന്ന് ഉപന്യാസം എഴുതുന്നവര്‍. ഉറപ്പിച്ചു പറയുന്നു, ഇസ്രായേലിനെയും ഫലസ്ത്വീനെയും ഇരുവശത്തായി നിര്‍ത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നുകഴിഞ്ഞു. ഫലസ്ത്വീനികള്‍ എന്ത് തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ നിരപരാധികളാണ്. അതെ, അതെന്തു തന്നെയായാലും!'' (എം. സ്വരാജ് – ഫേസ്ബുക്ക് പോസ്റ്റ്‌).

ഫലസ്ത്വീന്‍ വിഷയത്തിലെ നീതിയും ധര്‍മവും ഇടതുപക്ഷ വീക്ഷണ കോണില്‍നിന്നുകൊണ്ട് വളരെ കൃത്യമായിട്ടാണ്  സ്വരാജ് വിശദീകരിച്ചത്. ഫലസ്ത്വീന്‍ കേവലമൊരു മത വിഷയമാണെന്ന അബദ്ധ ബോധ്യവും ഫലസ്ത്വീന്‍ വിഷയത്തിലെ ഇടത് സാന്നിധ്യത്തെ കുറിച്ച അജ്ഞതയുമാണ് ചില കമ്യൂണിസ്റ്റുകാർക്കെങ്കിലും ഇപ്പോഴുമുള്ളത് എന്നത് ഒട്ടും ക്ഷന്തവ്യമല്ല. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 24-27
ടി.കെ ഉബൈദ്

ഹദീസ്‌

പ്രതിയോഗികളുടെ ചിരിയിൽനിന്ന് രക്ഷ തേടുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്