Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 27

3324

1445 റബീഉൽ ആഖിർ 12

അലിജാ ഇസ്സത്ത് ബെഗോവിച്ചിന്റെ ജയിൽ കുറിപ്പുകൾ

നൗഷാദ് ചേനപ്പാടി

ഇസ് ലാം ബിറ്റ് വീൻ ഈസ്റ്റ് ആന്റ് വെസ്റ്റ്  (ഇസ് ലാം രാജമാർഗം) എന്ന ലോക പ്രശസ്ത ഗ്രന്ഥത്തിന്റെ കർത്താവും ബോസ്നിയൻ പ്രസിഡന്റുമായിരുന്ന അലിജാ അലി ഇസ്സത്ത് ബെഗോവിച്ചിന്റെ ജയിൽ കുറിപ്പുകളാണ് ഈ ഗ്രന്ഥം; 1983-1988 കാലയളവിൽ അദ്ദേഹത്തിന്റെ  ജയിൽവാസത്തിനിടെ എഴുതിയ കുറിപ്പുകൾ. ചിന്തകൻ, ദാർശനികൻ, നിയമജ്ഞൻ, ബോസ്നിയൻ രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം  മലയാളികൾക്ക്  അപരിചിതനല്ല. പാശ്ചാത്യ കലകളോടും സാഹിത്യത്തോടും സാംസ്കാരിക പാരമ്പര്യത്തോടും ദർശനങ്ങളോടും യൂറോപ്പിനകത്തുനിന്നുതന്നെ അനുഭാവപൂർവം മുഖാമുഖം നിൽക്കുകയും അവയെ ആഴത്തിൽ മനസ്സിലാക്കുകയും ഇസ് ലാമിന്റെ ദാർശനിക ചട്ടക്കൂടിനകത്തുനിന്ന്, സാമ്പ്രദായിക കർമശാസ്ത്ര പരിഗണനകൾക്കപ്പുറം, അവയെ വിശകലനം നടത്തുകയും  ചെയ്തവർ ബെഗോവിച്ചിനെപ്പോലെ അധികമാരും ഉണ്ടാവില്ല. ഇസ് ലാം രാജമാർഗവും ഈ ജയിൽ കുറിപ്പുകളും വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ പരന്ന  വായനയുടെ നിദർശനം കൂടിയാണ്.

ജയിൽവാസകാലത്തെ ഏകാന്തപീഡകളെ തെല്ലെങ്കിലും ശമിപ്പിച്ചത് മക്കളായ സബീനയും ലൈലയും ബാകിറും അയച്ച കത്തുകളായിരുന്നുവെന്ന് അദ്ദേഹം പറയുന്നുണ്ട്. ഗാർഹികമായ വിശേഷങ്ങളും പേരക്കുട്ടിയുടെ വികൃതികളെക്കുറിച്ച നർമങ്ങളും ജീവിതത്തെക്കുറിച്ച ദാർശനിക വ്യഥകളും മോചനപ്രതീക്ഷകളും ഇടകലരുന്ന തികച്ചും വ്യക്തിപരമായ ആ കത്തുകൾക്കൂടി ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നത്, ഒരു വലിയ ദാർശനികൻ തന്റെ മക്കളുടെ ചിന്താമണ്ഡലത്തെയും ജീവിതത്തെയും രൂപപ്പെടുത്തുന്നതിൽ തടവറക്കകത്തിരുന്നുപോലും വഹിച്ച പങ്കിനെയും സ്വാധീനങ്ങളെയും അടയാളപ്പെടുത്തുന്നതിനാണ്.

ആമുഖം കൂടാതെ ഏഴ് അധ്യായങ്ങളാണ് ഈ കുറിപ്പുകളിലുള്ളത്. ഓരോ കുറിപ്പിനും നമ്പറിട്ടിട്ടുണ്ട്.

ജീവിതത്തെയും ജനങ്ങളെയും സ്വാതന്ത്ര്യത്തെയും കുറിച്ച്...
മതത്തെയും ധാർമികതയെയും കുറിച്ച്... രാഷ്ട്രീയക്കുറിപ്പുകൾ...
'ഇസ് ലാം: രാജമാർഗം' എന്ന കൃതിയുടെ അരികിൽ കുറിച്ചിട്ട വരികൾ...
കമ്യൂണിസവും നാസിസവും...
മറക്കാൻ പാടില്ലാത്ത ചില വസ്തുതകൾ...
ഇസ് ലാമിനെക്കുറിച്ച ചില ആലോചനകൾ...
ചരിത്രപരവും അല്ലാത്തതുമായ നിരീക്ഷണങ്ങളും...
എന്റെ കുട്ടികളുടെ കത്തുകളിൽനിന്ന്... ഇങ്ങനെ ഏഴ് അധ്യായങ്ങൾ.

ഡോ. അബ്ദുല്ലാ മണിമയും എം. നൗഷാദും ചേർന്നൊരുക്കിയ പരിഭാഷ മനോഹരമാണ്.

ബെഗോവിച്ചിന്റെ ദാർശനിക ശൈലി സാധാരണ വായനക്കാരെ തൃപ്തിപ്പെടുത്തിക്കൊള്ളണമെന്നില്ല. അദ്ദേഹത്തിന്റെ ദാർശനിക കൃതിയായ ഇസ് ലാം രാജമാർഗത്തിന് ഒരനുബന്ധം കൂടിയാണീ കൃതി. നല്ലൊരു വായനാനുഭവം സമ്മാനിച്ചു ഈ പുസ്തകം. l

പേജ്: 498, വില: 690. പ്രസാധനം: അദർ  ബുക്സ്, കോഴിക്കോട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 24-27
ടി.കെ ഉബൈദ്

ഹദീസ്‌

പ്രതിയോഗികളുടെ ചിരിയിൽനിന്ന് രക്ഷ തേടുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്