സമവായത്തിന്റെ ശക്തി
ഒരു ആദര്‍ശ സമൂഹത്തിന് ഉണ്ടായിരിക്കേണ്ട രണ്ടാമത്തെ ഗുണമാണ് സമവായം (ഇത്തിഫാഖ്/ Consensus). അതായത്, ആദര്‍ശത്തെയും പ്രത്യയശാസ്ത്രത്തെയും സംബന്ധിച്ച് ആ സമൂഹത്തില്‍ പൂര്‍ണമായ ഒത്തൊരുമയും സമവായവും ഉണ്ടായിരിക്കണം. അടിസ്ഥാന കാര്യങ്ങളില്‍ ഒരു ഭിന്നതയും ഉണ്ടാവാന്‍ പാടില്ല. വിശുദ്ധ ഖുര്‍ആന്‍ എവിടെയൊക്കെ ഐക്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ അവിടെയെല്ലാം അതിനെ ഇസ് ലാമിക ആദര്‍ശവുമായി ബന്ധിപ്പിച്ചാണ് പറഞ്ഞിരിക്കുന്നത്.
സമൂഹത്തിന്റെ പൊതു താല്‍പര്യങ്ങളുമായോ അത് നേരിടുന്ന പൊതു വെല്ലുവിളികളുമായോ അല്ല ഐക്യത്തെ ബന്ധിപ്പിച്ചിരിക്കുന്നത്. ''നിങ്ങള്‍ ഒറ്റക്കെട്ടായി അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുവിന്‍. ഭിന്നിച്ചുപോകരുത്. അല്ലാഹു നിങ്ങളില്‍ ചൊരിഞ്ഞ അനുഗ്രഹത്തെ ഓര്‍ക്കുക. നിങ്ങള്‍ ബദ്ധവൈരികളായിരുന്നല്ലോ; അവൻ നിങ്ങളുടെ ഹൃദയങ്ങളെ ഇണക്കിയില്ലേ. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരന്മാരായിത്തീരുകയും ചെയ്തു'' (ആലു ഇംറാന്‍ 103). ഇവിടെ 'അല്ലാഹുവിന്റെ പാശം' എന്നാല്‍ ഖുര്‍ആനാണ്. നിങ്ങള്‍ ഒന്നിക്കേണ്ടത് ഖുര്‍ആനിന്റെ അടിസ്ഥാനത്തിലാവണം എന്നര്‍ഥം. ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന മറ്റൊരു സന്ദര്‍ഭം കാണുക: ''നൂഹിനോട് അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം വഴി ഇപ്പോള്‍ നിന്നിലേക്ക് അയച്ചിട്ടുള്ളതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് അനുശാസിച്ചിരുന്നതുമായ അതേ ദീന്‍ തന്നെയാണ് നിങ്ങള്‍ക്ക് നിയമമാക്കിത്തന്നിരിക്കുന്നത്. ഈ ദീനിനെ നിലനിര്‍ത്തുവിന്‍; അതില്‍ നിങ്ങള്‍ ഭിന്നിക്കരുത്'' (അശ്ശൂറാ 13). ഐക്യമുണ്ടാകേണ്ടത് ദീന്‍ കാര്യത്തിലും ദീന്‍ നിലനിര്‍ത്തുന്ന കാര്യത്തിലുമാണെന്നര്‍ഥം.
ഇന്ത്യന്‍ മുസ് ലിംകളെ സംബന്ധിച്ചേടത്തോളം അവരുടെ മുന്നില്‍ ധാരാളം സാമൂഹിക പ്രശ്‌നങ്ങളും ലക്ഷ്യങ്ങളുമാണ്. സമുദായത്തിന്റെ പ്രതിരോധവും സംരക്ഷണവും, ഭൗതിക പുരോഗതിയും ക്ഷേമവും തുടങ്ങിയവ അവരുടെ ഉപലക്ഷ്യങ്ങളല്ലെന്ന് മാത്രമല്ല, മുഖ്യ ലക്ഷ്യങ്ങള്‍ കൂടിയാണ്. ഒരു പൊതു സ്വപ്‌നം അവര്‍ പങ്കുവെക്കുന്നില്ല. ഇതു തന്നെയാണ് അവരുടെ ഏറ്റവും വലിയ ന്യൂനതയും. അവര്‍ ദീനിനോട് ചേര്‍ന്നുനില്‍ക്കുന്നുണ്ടെങ്കിലും ആ ആദര്‍ശം അവരുടെ ജീവിത ലക്ഷ്യമോ അതിന്റെ പ്രയോഗവത്കരണം അവരുടെ ജീവിതാഭിലാഷമോ ആകുന്നില്ല. ആദര്‍ശത്തില്‍ ഒത്തൊരുമയില്ലാത്ത പക്ഷം ഒരു വിഭാഗത്തിനും ഗണ്യമായ ശക്തിയായിത്തീരാന്‍ സാധിക്കുകയില്ല.
ആശയവിനിമയം
ആശയവിനിമയം(Communication / ഇബ് ലാഗ്) ആണ് ആദര്‍ശ സമൂഹത്തിന്റെ മൂന്നാമത്തെ ഗുണം. ഇതിന് രണ്ട് തലമുണ്ട്. ഒന്ന്, മൃദു (Soft) എന്ന് വിളിക്കാവുന്ന ധൈഷണിക തലമാണ്. അതായത്, ജനങ്ങള്‍ക്ക് ബോധ്യമാകുന്ന വിധം അവര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ ഈ ആദര്‍ശത്തെ അവതരിപ്പിക്കുക. ആനുകാലിക പ്രശ്‌നങ്ങളുമായും നടന്നുകൊണ്ടിരിക്കുന്ന ഡിബേറ്റുകളുമായും അതിനെ ബന്ധിപ്പിക്കണം. ചര്‍ച്ചകളിലെ അവതരണവും തെളിവ് നിരത്തലുമെല്ലാം പ്രബോധിത സമൂഹത്തെ മുന്നില്‍ കണ്ടുകൊണ്ടാവണം. അങ്ങനെ ജനത്തെ സ്വാധീനിക്കുന്ന ഒരു ആഖ്യാനം (narrative) ഉണ്ടാക്കിയെടുക്കാനാവണം. അതിനെ അവലംബിച്ച് ശക്തമായ ഒരു വ്യവഹാരം (discourse) വളര്‍ത്തിയെടുക്കാനുമാവണം.
ഈ മേഖലകളിലെല്ലാം ഇന്ത്യന്‍ മുസ് ലിംകള്‍ ഇപ്പോഴും വളരെ പിന്നിലാണ്. ഇന്ത്യന്‍ സമൂഹത്തെയോ അവരുടെ സാമൂഹിക മനസ്സിനെയോ ഒരു പ്രബോധന/ദഅ്‌വത്തീ പരിപ്രേക്ഷ്യത്തില്‍ മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ അപൂര്‍വമായേ ഉണ്ടാകുന്നുള്ളൂ. നമുക്കിപ്പോഴുമുള്ളത് രണ്ടു തരം ശൈലികളാണ്. ഒന്ന്, മുസ് ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുള്ള പരമ്പരാഗത ശൈലി. രണ്ട്, ആധുനികതയെ നേരിടാന്‍ നമ്മുടെ കാലത്തെ മുസ് ലിം ചിന്തകന്മാര്‍ വികസിപ്പിച്ചെടുത്ത ശൈലി.1 ഈ രണ്ട് ശൈലികള്‍ക്കും അതിന്റേതായ പ്രസക്തിയും മേന്മയും ഇന്നുമുണ്ട്. പക്ഷേ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍മ നസ്സിനെ പഠിക്കേണ്ടതും വളരെ അനിവാര്യമാണല്ലോ. അത്തരം ശ്രമങ്ങള്‍ വളരെക്കുറച്ചേ ഉണ്ടാവുന്നുള്ളൂ.
ഖുര്‍ആന്റെ അവതരണങ്ങള്‍ നോക്കുക. എല്ലാം തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള അവതരണങ്ങളാണ്. അഭിസംബോധിതര്‍ മാറുന്നതിനനുസരിച്ച് തെളിവുകളും മാറിക്കൊണ്ടിരിക്കും. ചിലപ്പോള്‍, പ്രപഞ്ചത്തിലും സ്വന്തം ശരീരത്തിലും ദൈവാസ്തിക്യത്തിന്റെ തെളിവുകൾ പരതൂ എന്നായിരിക്കും ഖുർആന്റെ ആഹ്വാനം. ചിലപ്പോൾ ചരിത്രത്തില്‍നിന്നും ചരിത്ര സ്മാരകങ്ങളില്‍നിന്നുമായിരിക്കും ഖുര്‍ആന്‍ തെളിവുകള്‍ കണ്ടെത്തുന്നത്. മക്കയിലെ ഖുറൈശികളെയാണ് അഭിസംബോധന ചെയ്യുന്നതെങ്കില്‍, അവര്‍ നിത്യേന കടന്നുപോകുന്ന ചരിത്ര സ്മാരകങ്ങളെ ചൂണ്ടിയാവും അവരോട് സംസാരിക്കുക. അഭിസംബോധന വേദക്കാരോടാവുമ്പോള്‍, ഇസ്രായേല്‍ സന്തതികളെയും അവരില്‍ വന്ന പ്രവാചകന്മാരെയും പുണ്യപുരുഷന്മാരെയുമൊക്കെയാണ് ഖുര്‍ആന്‍ എടുത്തുകാണിക്കുക. അതായത്, ഒരേ ആശയം തന്നെ സമര്‍പ്പിക്കുമ്പോള്‍, അഭിസംബോധിതരുടെ മാറ്റത്തിനനുസരിച്ച് തെളിവുകളും വ്യത്യസ്തമാകും എന്നത് ഖുര്‍ആനിന്റെ ശൈലിയാണ്. 'തസ്വ്്രീഫുല്‍ ആയാത്ത്' എന്നാണ് ഖുര്‍ആന്‍ ഈ ശൈലിക്ക് നല്‍കുന്ന പേര്. ''ഇങ്ങനെ വിവിധ രൂപത്തില്‍ നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വിവരിക്കുകയാകുന്നു. നീ ആരില്‍നിന്നോ പഠിച്ചുവന്നിരിക്കുന്നു എന്ന് അവര്‍ പറയുന്നതിനും, ജ്ഞാനമുള്ള ജനത്തിന് യാഥാര്‍ഥ്യം തെളിയിച്ചുകൊടുക്കുന്നതിനും വേണ്ടിയാകുന്നു ഇങ്ങനെ ചെയ്യുന്നത്'' (അല്‍ അന്‍ആം 105).
'നാം മനുഷ്യര്‍ക്ക് സന്ദേശം നല്‍കുന്നതിനായി അയച്ച ഏത് ദൈവദൂതനും സ്വജനത്തിന്റെ ഭാഷയില്‍ തന്നെയാണ് അവരോട് സംസാരിച്ചിട്ടുള്ളത്; അദ്ദേഹം അവരെ കാര്യങ്ങള്‍ സുവ്യക്തമായി ഗ്രഹിപ്പിക്കേണ്ടതിന്' എന്നും ഖുര്‍ആന്‍ (ഇബ്‌റാഹീം 4) പറയുന്നുണ്ട്. 'ജനങ്ങളുടെ ഭാഷ' എന്ന് പറഞ്ഞാല്‍ അറബി, ഹീബ്രു, പാര്‍സി പോലുള്ള ഏത് ഭാഷയും. പക്ഷേ, ഭാഷ എന്നു പറയുമ്പോള്‍ അതില്‍ സാങ്കേതിക ശബ്ദങ്ങള്‍, വാക്കുകള്‍, മിത്തുകള്‍, രൂപകാലങ്കാരങ്ങള്‍, ശൈലികള്‍ ഇതെല്ലാം ഉള്‍പ്പെടുന്നുണ്ട്. ഭാഷ എന്ന് പറയുമ്പോള്‍ ഖുര്‍ആന്‍ ഇതെല്ലാം ഉദ്ദേശിക്കുന്നുണ്ട്. അതുകൊണ്ടാണ്, ഖുര്‍ആന്റെ ഭാഷ മനസ്സിലാക്കാനുള്ള ഏറ്റവും പ്രധാന സ്രോതസ്സ് ഖുര്‍ആന്‍ അവതരിച്ച കാലത്തെ ജാഹിലീ സാഹിത്യമാണെന്ന് ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നത്.2
പറഞ്ഞുവരുന്നത് ഇതാണ്: നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള ഭാഷകളില്‍ ആശയവിനിമയം നടത്താനുള്ള ശേഷി മുസ് ലിംകള്‍ക്ക് ഉണ്ടാവണം. ഇക്കാലത്തെ അവതരണ രീതികളെക്കുറിച്ച് അവര്‍ക്ക് ആഴത്തില്‍ അവബോധമുണ്ടാവണം. നമ്മുടെ കാലത്ത് പലതരം 'ഭാഷകള്‍' ഉണ്ട്. അക്കാദമിക, വൈജ്ഞാനിക ഭാഷയാണ് അതിലൊന്ന്. മറ്റൊന്ന് ശാസ്ത്രഭാഷയാണ്. ശാസ്ത്രഭാഷയില്‍ തന്നെ ശുദ്ധ ശാസ്ത്രത്തിന് ഒരു ശൈലിയുണ്ട്. സാമൂഹിക ശാസ്ത്ര വിഷയങ്ങള്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ മറ്റു ശൈലികളാണ്. ഇനി ഓരോരുത്തരും നടത്തുന്ന യുക്തിവിചാരം നോക്കൂ. ഓരോരുത്തര്‍ക്കും അവരുടേതായ അവതരണ ശൈലിയും സാങ്കേതിക ശബ്ദങ്ങളും ഉണ്ട്. ഇനി സാഹിത്യ ഭാഷയാണെങ്കില്‍ അത് മറ്റൊരു തരത്തിലാണ്. പത്ര/മാധ്യമ ഭാഷ എന്ന മറ്റൊന്നുണ്ട്. രാഷ്ട്രീയ വിശദീകരണങ്ങള്‍ നടത്തുന്ന, വൈകാരിക ആഹ്വാനങ്ങള്‍ നടത്തുന്ന, മുദ്രാവാക്യങ്ങള്‍ നിര്‍മിക്കുന്ന സാധാരണക്കാരുടെതായ ഒരു 'പ്രസംഗ' ഭാഷയും ഉണ്ട്. ഒരു ആദര്‍ശ സമൂഹത്തിന് ഭാഷക്കകത്തെ ഈ ഭാഷാ വൈവിധ്യങ്ങളെക്കുറിച്ചെല്ലാം നല്ല അവബോധം വേണം. അവയോരോന്നും വേണ്ടിടത്ത് പ്രയോഗിക്കാനാവുമ്പോള്‍ മാത്രമാണ് ആ ഗ്രൂപ്പിന് ശക്തി കൈവരിക.
പുതിയ കാലത്തെ ആശയ പ്രചാരണ രീതികള്‍ രണ്ടു തരത്തിലാണ്. മനുഷ്യന്റെ ചിന്തയോടും ബുദ്ധിയോടും സംവദിക്കുകയാണ് ഒന്നാമത്തെ രീതി. തെളിവുകള്‍ നിരത്തിയും വ്യവകലന-അനുമാന യുക്തിയിലൂടെയുമാണ് ആശയ സമര്‍പ്പണം. യുക്തിയുടെ ചിന്താ മാതൃക (Rational world paradigm) എന്നാണിതിനെ വിളിക്കുന്നത്. കഥാവതരണങ്ങളിലൂടെയും മറ്റും മനുഷ്യന്റെ വൈകാരിക തലങ്ങളെ അഭിസംബോധന ചെയ്യുകയാണ് രണ്ടാമത്തെ രീതി. ഇതിനെ narrative paradigm എന്നാണ് വിളിക്കുന്നത്. ഈ രണ്ടു തരത്തിലുള്ള അഭിസംബോധനാ രീതികളും വേണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ''നബിയേ, യുക്തിപൂർണമായും സുന്ദരമായ സദുപദേശം നല്‍കിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. നല്ല രീതിയില്‍ ജനങ്ങളോട് സംവദിക്കുക'' (അന്നഹ് ല്‍ 125). ഇതില്‍ 'സുന്ദരമായ സദുപദേശം' എന്താണെന്ന് മൗലാനാ മൗദൂദി വ്യാഖ്യാനിക്കുന്നത് കാണുക:
''സംബോധിതരെ തെളിവുകള്‍ നിരത്തി സമാധാനിപ്പിക്കുന്നതില്‍ പരിമിതമാക്കാതെ അവരുടെ വികാരങ്ങളെക്കൂടി തട്ടിയുണര്‍ത്തേണ്ടതുണ്ട്. തിന്മകളും ദുര്‍വൃത്തികളും ബുദ്ധിപരമായ സമീപനത്തിലൂടെ മാത്രം ഉന്മൂലനം ചെയ്യാന്‍ സാധ്യമല്ല. മറിച്ച്, അതോടൊപ്പം അവയോട് മനുഷ്യന്നുള്ള നൈസര്‍ഗികമായ വെറുപ്പിന്റെ വികാരവും കൂടി ഉജ്ജീവിപ്പിക്കുകയും അവയുടെ പരിണാമത്തെക്കുറിച്ച് ഭീതി ജനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അതേപോലെ, നേര്‍മാര്‍ഗത്തിന്റെയും സദ് വൃത്തികളുടെയും ഗുണം ബുദ്ധിപരമായി സ്ഥാപിച്ചാല്‍ മാത്രം പോരാ, അവയോട് ആഭിമുഖ്യവും ആഗ്രഹവും ജനിപ്പിക്കുകയും കൂടി വേണം.'' ഈ വൈകാരിക അഭിസംബോധനയെയാണ് നാം 'നരേറ്റീവ് പാരഡൈം' എന്നു പറഞ്ഞത്.
നമ്മുടെ കാലത്ത് ഡിബേറ്റുകളുടെയും ചര്‍ച്ചകളുടെയും ദിശ നിശ്ചയിക്കാനാവുക എന്നത് ഏറ്റവും മികച്ചൊരു കല തന്നെയാണ്. മനുഷ്യരുടെ ശ്രദ്ധ വഴിതെറ്റിച്ചു വിടാന്‍ പലതരം കുതന്ത്രങ്ങളും പയറ്റുന്ന കാലമാണിത്. നമ്മള്‍ ഉദ്ദേശിക്കുന്ന വിഷയങ്ങളിലേക്ക് ജനശ്രദ്ധ എങ്ങനെ കൊണ്ടുവരാം? എല്ലാവര്‍ക്കും സ്വീകാര്യമാവുന്ന ചിന്താപ്രതലം (acceptable spectrum) രൂപപ്പെടുത്തി ചിന്തകളെയും ആശയങ്ങളെയും അതില്‍ എങ്ങനെ തളച്ചിടാം? ആളുകളെ തങ്ങളുദ്ദേശിക്കുന്ന ദിശയിലേക്ക് കൊണ്ടുവരാന്‍ സംഭവങ്ങളെ ഏത് രൂപത്തില്‍ വിശകലനം ചെയ്യണം? ഇതൊക്കെയും കലാപരമായ മിടുക്കായി കാണുന്ന കാലമാണ്.
അതുകൊണ്ടുതന്നെ നമ്മുടെ പോരാട്ടം ജാഹിലിയ്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളോട് ആകുന്നതിന് പകരം അത് ഉല്‍പാദിപ്പിക്കുന്ന കള്ളപ്രചാരണ തന്ത്രങ്ങളോട്/ പ്രോപഗണ്ടയോട് ആയി മാറിയിരിക്കുന്നു. ഇതെക്കുറിച്ചൊക്കെ നല്ല ധാരണയുണ്ടെങ്കിലേ ശാസ്ത്രീയമായ ആവിഷ്‌കാര രീതികള്‍ പരിചയപ്പെടുത്താന്‍ നമുക്ക് കഴിയൂ.
ആശയപ്രചാരണത്തിന്റെ രണ്ടാമത്തെ തലം മീഡിയ/മാധ്യമങ്ങള്‍ ആണ്. ഞാനെഴുതിയ മറ്റൊരു ലേഖനത്തില്‍നിന്നുള്ള ഭാഗം ഇവിടെ എടുത്ത് ചേര്‍ക്കുകയാണ്: ''ഏതൊരു സമൂഹത്തിലും മീഡിയയുടെ സ്വാധീനം വര്‍ധിക്കുന്നതിനനുസരിച്ച്, സംഭവങ്ങളെ യഥാര്‍ഥ രീതിയില്‍ (real perspective) മനസ്സിലാക്കാനുള്ള കഴിവ് ആ സമൂഹത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കും. അപ്പോള്‍ വ്യക്തിയുടെ അഭിപ്രായങ്ങള്‍ രൂപപ്പെടുക അയാളുടെ ബോധ്യങ്ങള്‍ക്കനുസരിച്ചായിരിക്കില്ല; ഒരു പുറം ശക്തിയായിരിക്കും അവയെ രൂപപ്പെടുത്തുക. സംഭവങ്ങളെ എങ്ങനെ കാണണമെന്ന് മീഡിയ ഇഛിക്കുന്നുവോ ആ വിധത്തിലേ ഏതൊരാളും സംഭവങ്ങളെ കാണുകയുള്ളൂ. വ്യക്തിക്ക് പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യമുണ്ടല്ലോ എന്നൊക്കെ നമുക്ക് പറയാമെങ്കിലും, ഒരു ബാഹ്യശക്തിക്ക് അടിമപ്പെട്ട നിലയിലായിരിക്കും അയാള്‍ ... ഇങ്ങനെ ജനങ്ങള്‍ക്ക് ലഭ്യമാവുന്ന വിവരങ്ങളെയും അവരുടെ അഭിപ്രായങ്ങളെയും വരിഞ്ഞുമുറുക്കുന്നു എന്നതാണ് പുതിയ നാഗരികതയുടെ ശാപങ്ങളിലൊന്ന്. മനുഷ്യന്റെ ചിന്ത, സ്വാതന്ത്ര്യം, സ്വതന്ത്ര മനസ്സാക്ഷി എന്നിവക്കു മേല്‍ വലിയ വിലങ്ങുകള്‍ ഇട്ടിരിക്കുന്നു ആ നാഗരികത. ഈ വിലങ്ങണിയിച്ചിട്ടുള്ളത് മുഖ്യമായും മീഡിയ വഴിയാണ്. പഴയ കാലത്തെ കൊടും സ്വേഛാധിപതിക്ക് പോലും ചെയ്യാന്‍ കഴിയാത്തത് ഇന്ന് പുതിയ ടെക്‌നോളജിയുടെയും അതിനെ ഉപയോഗപ്പെടുത്തുന്ന മീഡിയയുടെയും സഹായത്തോടെ ചെയ്യാന്‍ കഴിയും. ജനങ്ങള്‍ക്കാകട്ടെ പ്രത്യക്ഷത്തില്‍ സ്വാതന്ത്ര്യമുണ്ടായിരിക്കുകയും ചെയ്യും!
അതത് കാലത്തെ രാഷ്ട്രീയ പ്രശ്‌നങ്ങളിലൊതുങ്ങും മീഡിയയുടെ സ്വാധീനം എന്നൊരു പൊതു ധാരണയുണ്ട്. അതത് കാലത്തെ സാമ്പത്തിക, രാഷ്ട്രീയ കാഴ്ചപ്പാടുകളെ മീഡിയ സ്വാധീനിക്കും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പ്രത്യയശാസ്ത്രത്തെയും സാംസ്‌കാരിക അടിത്തറകളെയും മീഡിയ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ടെന്ന കാര്യവും കണക്കിലെടുക്കണം. ഉപഭോക്താക്കള്‍ അറിയാതെ, വളരെ നിശ്ശബ്ദമായി പാശ്ചാത്യ തത്ത്വചിന്തയും സംസ്‌കാരവുമാണ് മീഡിയ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ഥ വിവരങ്ങള്‍ മൂടിവെക്കുന്നു, ചില ധാര്‍മിക ചിട്ടകളെ പൊളിക്കാന്‍ നോക്കുന്നു, അല്ലെങ്കില്‍ പൊതുജനാഭിപ്രായത്തെ വഴിതിരിച്ചുവിടാന്‍ നോക്കുന്നു - ഇത്യാദി കാര്യങ്ങളില്‍ ഒതുങ്ങുന്നില്ല മീഡിയാ പ്രവര്‍ത്തനം എന്നര്‍ഥം. ഒരു സാംസ്‌കാരിക അട്ടിമറിക്ക് തന്നെയാണ് അത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചിന്തയെ മാത്രമല്ല ചിന്തയുടെ, അഭിപ്രായ രൂപവത്കരണത്തിന്റെ ചട്ടക്കൂട് തന്നെ മാറ്റിമറിക്കുകയാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും മനസ്സിനെയും ഉപബോധ മനസ്സിനെയും അത് സ്വാധീനിക്കുന്നു. അതിനാല്‍ പൊതുബോധത്തെ സ്വാധീനിക്കുക മാത്രമല്ല, അഭിപ്രായ രൂപവത്കരണത്തിന് ഒരു ചിന്താ മാതൃക (Paradigm) നിര്‍മിച്ചുകൊടുക്കുക കൂടിയാണ് മീഡിയ.'' 3
ദിനപത്രമോ മാഗസിനോ ചാനലോ നടത്തിയാല്‍ തീരുന്നതല്ല പ്രശ്‌നം എന്ന് ചുരുക്കം. നമുക്ക് ഉണ്ടായിവരേണ്ടത് മാധ്യമ വിദഗ്ധര്‍/ മീഡിയാ എക്‌സ്‌പേര്‍ട്ട്‌സ് ആണ്. മീഡിയാ ഡൈനമിക്‌സിനെക്കുറിച്ച് ആഴത്തില്‍ അറിയുന്ന വിദഗ്ധര്‍. അവര്‍ക്കാണ് പുതിയ മീഡിയാ ആഖ്യാനങ്ങള്‍ നിര്‍മിക്കാനാവുക. അത്തരം വിദഗ്ധരുണ്ടെങ്കില്‍ നിലവിലുള്ള വിഭവങ്ങള്‍ കൊണ്ടുതന്നെ നമുക്ക് പലതും ചെയ്യാനാവും. മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള മീഡിയയെ സ്വാധീനിക്കാനുമാവും. അല്ലാത്തപക്ഷം 'നമ്മുടെ മീഡിയ' ഉപരിപ്ലവമായി നമ്മുടെ ചില വൈകാരികതകളെ ശമിപ്പിക്കാന്‍ ഉതകിയേക്കാം. അത്തരം മീഡിയാ സംവിധാനങ്ങള്‍ക്ക് നിലനില്‍ക്കുന്ന ട്രെന്‍ഡുകളെ ചെറുക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, ചിലപ്പോഴെങ്കിലും അവ മുഖ്യധാരക്കൊത്ത് ഒഴുകുകയും ചെയ്യും.
(അവസാനിച്ചു)
വിവ: അബൂ സ്വാലിഹ
കുറിപ്പ്
1. സആദത്തുല്ലാ ഹുസൈനിയുടെ 'ഇഖാമത്ത് ദീന്‍ കി ശാഹ്‌രാഹ്' (2018) എന്ന പുസ്തകം.
2. ഉദാഹരണത്തിന്, മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്വ് ലാഹിയുടെ 'തദബ്ബുറെ ഖുര്‍ആന്‍' (2009), ആമുഖം, ഒന്നാം വാള്യം, പേജ് 14-17.
3. സയ്യിദ് സആദത്തുല്ലാ ഹുസൈനി, 'ഇശാറാത്ത്', സിന്ദഗി നൗ, 2020 മാര്‍ച്ച്, പേജ് 9.
Comments