Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 22

3319

1445 റബീഉൽ അവ്വൽ 07

മൂന്ന് വസ്വിയ്യത്തുകൾ

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്

وعَنْ أَبِي الدَّرْدَاءِ رضي الله عنه قَالَ : أَوْصَانِي حَبِيبِي صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِثَلَاثٍ لَنْ أَدَعَهُنَّ مَا عِشْتُ : بِصِيَامِ ثَلَاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ ، وَصَلَاةِ الضُّحَى ، وَبِأَنْ لَا أَنَامَ حَتَّى أُوتِرَ  (رواه مسلم).

അബുദ്ദർദാഅ് (റ) പറയുന്നു: "എന്റെ പ്രിയമിത്രം തിരുദൂതർ എന്നോട് മൂന്ന് കാര്യങ്ങൾ വസ്വിയ്യത്ത് ചെയ്തു; ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം അവ ഉപേക്ഷിക്കുകയില്ല: എല്ലാ മാസവും മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുക, ദുഹാ നമസ്കരിക്കുക, വിത്ർ നമസ്കരിക്കുന്നത് വരെ ഉറങ്ങാതിരിക്കുക" (മുസ്്്ലിം).

 

വളരെ പ്രാധാന്യമുള്ള  മൂന്ന് പുണ്യകർമങ്ങളാണ് അബുദ്ദർദാഇ(റ)നോട് അല്ലാഹുവിന്റെ റസൂൽ  ഉപദേശിക്കുന്നത്. ഇതേ ഉപദേശങ്ങൾ അബൂഹുറയ്റ (റ)ക്കും നൽകിയതായി മറ്റൊരു ഹദീസിൽ കാണാം.
മാസത്തിൽ മൂന്ന് ദിവസം വ്രതമനുഷ്ഠിക്കലാണ് ഒന്നാമത്തേത്. ഇത് മാസത്തിന്റെ  തുടക്കത്തിലോ മധ്യത്തിലോ അവസാനത്തിലോ ആവാമെങ്കിലും ചന്ദ്രമാസത്തിലെ വെളുത്ത രാവുകളായ 13,14,15 ദിനങ്ങളിലാണ് ഏറെ ഉത്തമം.
'എല്ലാ മാസവും മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുന്നത് വർഷം മുഴുവൻ നോമ്പനുഷ്ഠിക്കുന്നതിന് തുല്യമാണ്' എന്നും മറ്റൊരിക്കൽ നബി (സ) പറഞ്ഞിട്ടുണ്ട്.
തുടർച്ചയായ ദിനങ്ങളിലോ വേറിട്ടോ ഈ നോമ്പുകളനുഷ്ഠിക്കാം. മാസത്തിലെ ഏതെല്ലാം ദിനങ്ങളിലാണ് നോമ്പെടുക്കുന്നതെന്ന കാര്യം റസൂൽ (സ) അത്ര പരിഗണനയിലെടുത്തിരുന്നില്ലെന്ന് ആഇശ (റ) വ്യക്തമാക്കുന്നുണ്ട്.
ദുഹാ നമസ്കാരമാണ് രണ്ടാമത്തേത്. വളരെ പ്രാധാന്യമുള്ള സുന്നത്ത് നമസ്കാരമാണ് ദുഹാ. ചുരുങ്ങിയത് രണ്ട് റക്അത്താണ്. കൂടിയാൽ എത്രയുമാവാം. നാല് റക്അത്താണ് റസൂൽ (സ) സാധാരണ നിർവഹിച്ചിരുന്നത്. ചിലപ്പോളതിൽ കൂടുതലും.
അവിടുന്ന് പഠിപ്പിക്കുന്നു: "മനുഷ്യ ശരീരത്തിലെ എല്ലാ പേശികൾക്കും ദാനമുണ്ട്. തസ്ബീഹ് ദാനമാണ്. തഹ്്മീദ് ദാനമാണ്. തഹ് ലീൽ ദാനമാണ്. തക്ബീർ ദാനമാണ്. നന്മ കൽപിക്കൽ ദാനമാണ്. തിന്മ തടയൽ ദാനമാണ്. ഇതിനെല്ലാം പകരം ദുഹാ സമയത്തുള്ള രണ്ട് റക്അത്ത് നമസ്കാരം മതിയാകുന്നതാണ്" (മുസ്്ലിം).
അല്ലാഹു വാഗ്ദാനം ചെയ്യുന്നു: "മനുഷ്യാ, പകലിന്റെ ആദ്യത്തിൽ നീ നാല് റുകൂഅ് ചെയ്താൽ അതിന്റെ അവസാനത്തിൽ നിനക്ക് വേണ്ടതെല്ലാം ഞാൻ നൽകും" (തിർമിദി).
ദുഹാ നമസ്കാരം അല്ലാഹുവിലേക്ക് മടങ്ങുന്നവർക്കല്ലാതെ നിർവഹിക്കാനാവില്ലെന്നും, അത് صَلَاةُ الأَوَّابِين (അല്ലാഹുവിലേക്ക് മടങ്ങുന്നവരുടെ നമസ്കാരം) ആണെന്നും റസൂൽ പ്രഖ്യാപിച്ചു.
സൂര്യനുദിച്ച് ഇരുപത് മിനുട്ടായാൽ ദുഹായുടെ സമയം തുടങ്ങും. ളുഹ്ർ ബാങ്കിന്റെ പതിനഞ്ച് മിനുട്ട് മുമ്പ് സമയം തീരും.
മൂന്നാമത്തേത് വിത്ർ നമസ്കാരം. വളരെ ശ്രേഷ്ഠതകളുള്ള സുന്നത്ത് നമസ്കാരമാണ് വിത്ർ. ഇശാഇന്റെ സുന്നത്ത് നമസ്കാരം നിർവഹിച്ചശേഷം സുബ്ഹ് ബാങ്ക് വരെയാണ് സമയം. 'അല്ലാഹു ഒരുവനാണ്. ഒറ്റയെ അവൻ ഇഷ്ടപ്പെടുന്നു. അതിനാൽ ഖുർആനിന്റെ ആളുകളേ, നിങ്ങൾ വിത്ർ നമസ്കരിക്കുക' എന്ന് നബി ആഹ്വാനം ചെയ്യുന്നുണ്ട് (തിർമിദി).
ചുരുങ്ങിയത് ഒന്നും കൂടിയാൽ പതിനൊന്നും റക്അത്തുകളാണ് നമസ്കരിക്കേണ്ടത്.  മൂന്ന് റക്അത്തെങ്കിലും നിർവഹിക്കലാണുത്തമം. വിത്ർ നമസ്കാരത്തിലെ അവസാന ഇഅ്തിദാലിൽ വിത്റിന്റെ ഖുനൂത് (قنوت الوتر) സുന്നത്താണെന്ന് ഇബ്നു ബാസിനെപ്പോലുള്ള പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്.
ഇമാം നവവി എഴുതുന്നു:
വിത്ർ നമസ്കാരത്തിനുശേഷം سُبْحَانَ الْمَلِكِ الْقُدُّوسِ എന്ന് മൂന്ന് തവണ ചൊല്ലൽ സുന്നത്താണ്.
അതുപോലെ വിത്റിന് ശേഷം اللَّهُمَّ إنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذُ بِكَ مِنْكَ لَا أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ (അല്ലാഹുവേ, നിന്റെ തൃപ്തിയാൽ നിന്റെ കോപത്തിൽ നിന്നും, നിന്റെ മാപ്പിനാൽ നിന്റെ ശിക്ഷയിൽനിന്നും ഞാൻ രക്ഷ ചോദിക്കുന്നു. നിന്നനിന്നും നിന്നോട് തന്നെയാണ് എനിക്ക് കാവൽ തേടാനുള്ളത്. നിനക്കുള്ള പ്രകീർത്തനങ്ങൾ എനിക്ക് കണക്കാക്കാനാവില്ല. നീ നിന്നെ തന്നെ പ്രകീർത്തിച്ചതു പോലെ) എന്ന് പ്രാർഥിക്കലും സുന്നത്താണ്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 13-14
ടി.കെ ഉബൈദ്

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്