ജറാന്‍വാലയില്‍ തകര്‍ക്കപ്പെട്ട ചര്‍ച്ചുകളും വീടുകളും പുനര്‍ നിര്‍മിക്കും
പാക് പഞ്ചാബില്‍ ഫൈസലാബാദ് ജില്ലയിലെ നഗരമാണ് ജറാന്‍വാല. പാകിസ്താനിലെ അമ്പത്തിയെട്ടാമത്തെ വലിയ നഗരം. സ്വാതന്ത്ര്യസമര പോരാളി ഭഗത് സിംഗിന്റെ ജന്മനാട്. ഖുര്‍ആനെയും പ്രവാചകനെയും നിന്ദിച്ചു എന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് 21-ന് 19 ചര്‍ച്ചുകളും 89 ക്രിസ്ത്യന്‍ വീടുകളുമാണ് അവിടെ അഗ്നിക്കിരയാക്കപ്പെട്ടത്. കരിമ്പ് തോട്ടത്തില്‍ കയറി ഒളിച്ചാണ് പലരും രക്ഷപ്പെട്ടത്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഭരണകൂടം ഉറപ്പ് നല്‍കുന്നു. ഹ്യൂമന്‍ റൈറ്റ്‌സ് ഫോക്കസ് പാകിസ്താന്‍ (എച്ച്.ആര്‍.എഫ്.പി) നല്‍കുന്ന വിവരങ്ങളാണിത്. പാക് ജമാഅത്തെ ഇസ് ലാമി അധ്യക്ഷന്‍ സിറാജുല്‍ ഹഖ്, സമൂഹങ്ങള്‍ക്കിടയില്‍ അവിശ്വാസവും ഛിദ്രതയുമുണ്ടാക്കാന്‍ ചിലര്‍ നടത്തുന്ന കരുതിക്കൂട്ടിയുള്ള ശ്രമങ്ങളാണ് ഇതിന്റെ പിന്നിലെന്ന് ആരോപിച്ചു. ക്രിസ്ത്യന്‍ സമൂഹത്തിന് സംരക്ഷണവലയമൊരുക്കിയ നഗരവാസികളെ അദ്ദേഹം അഭിനന്ദിച്ചു.
തകർക്കപ്പെട്ട വീട് തങ്ങള്‍ പുനര്‍നിര്‍മിച്ച് നല്‍കുമെന്ന് സിറാജുല്‍ ഹഖ് ഒരു ക്രിസ്ത്യന്‍ ബാലികയോട് പറയുന്ന വീഡിയോ വൈറലായിട്ടുണ്ട്. ജമാഅത്തിന് കീഴിലുള്ള അല്‍ ഖിദ്മത്ത് ഫൗണ്ടേഷന്‍ തകര്‍ന്ന വീടുകളും ചര്‍ച്ചുകളും പുനര്‍നിര്‍മിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കലാപബാധിതരായ കുട്ടികളുടെ ഇന്റര്‍മീഡിയറ്റ് വരെയുള്ള പഠനച്ചെലവുകള്‍ സംഘടന ഏറ്റെടുക്കും. അതിനു വേണ്ട സ്‌പോണ്‍സര്‍ഷിപ്പ് കണ്ടെത്തും. ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പലിശ രഹിത കടവും നല്‍കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അല്‍ഖിദ്മത്ത് ഫൗണ്ടേഷന്‍ നേരത്തെ തുടങ്ങിയിട്ടുണ്ട്. വാട്ടര്‍ ഫില്‍റ്റര്‍ പ്ലാന്റിന്റെ പണി ആരംഭിച്ചുകഴിഞ്ഞു. ഹിന്ദു, ക്രിസ്ത്യന്‍, സിഖ് പോലുള്ള ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ദേശീയ ന്യൂനപക്ഷ കമീഷന്‍ രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്‍സ്വൂറയിലെ സംഘടനാ ആസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ട സമാധാന സമ്മേളനം കഴിഞ്ഞ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.l
വെറുപ്പ് ഉൽപാദിപ്പിക്കുന്നവര്‍ക്ക് ഫണ്ട് നല്‍കരുത്
വെറുപ്പും വിദ്വേഷവും പടര്‍ത്താന്‍ ശ്രമിക്കുന്ന സംഘങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കോര്‍പറേറ്റ് കമ്പനികള്‍ ഫണ്ട് നല്‍കരുതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബംഗളൂരുവിലെ (IIMB) ഫാക്കല്‍റ്റി അംഗങ്ങള്‍. പ്രസ്താവനയില്‍ ഒപ്പ് വെച്ചവരില്‍ പതിനൊന്ന് പേര്‍ നിലവില്‍ ഫാക്കല്‍റ്റി അംഗങ്ങളാണ്; ആറ് പേര്‍ ജോലിയില്‍നിന്ന് വിരമിച്ചവരും. ന്യൂനപക്ഷങ്ങളെ പൈശാചികവല്‍ക്കരിച്ച് അവര്‍ക്കെതിരെ ഹിംസാത്മക നീക്കങ്ങള്‍ നടത്തുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണെന്നും ഇക്കാര്യം കോര്‍പറേറ്റുകള്‍ കണക്കിലെടുക്കണമെന്നും അവര്‍ പറഞ്ഞു.
"ബ്രിക്‌സി'ലേക്ക് ക്ഷണിക്കപ്പെട്ട നാലും "മിന'യില്‍നിന്ന്
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് BRICS. യഥാക്രമം ഈ രാജ്യങ്ങളുടെ പേരിന്റെ ആദ്യാക്ഷരം ചേര്‍ത്താണ് ഈ ചുരുക്കപ്പേര് ഉണ്ടാക്കിയിരിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏഴ് രാഷ്ട്ര കൂട്ടായ്മയായ ജി 7-ന്റെ എതിര്‍ചേരിയായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയില്‍ ചേര്‍ന്ന 'ബ്രിക്‌സി'ന്റെ സമ്മേളനത്തില്‍ ആറ് രാഷ്ട്രങ്ങളെക്കൂടി കൂട്ടായ്മയിലേക്ക് ക്ഷണിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതില്‍ നാലും 'മിന' (MENA- Middle East and North Africa) മേഖലയില്‍ നിന്നുള്ളവയാണ്. ഈ മേഖലയില്‍ 21 രാജ്യങ്ങളുണ്ട്. സുഊദി അറേബ്യ, യു.എ.ഇ, ഇറാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്കാണ് ക്ഷണം കിട്ടിയിരിക്കുന്നത് (അര്‍ജന്റീനയും എത്യോപ്യയുമാണ് മറ്റു രണ്ട് രാജ്യങ്ങള്‍). നാലു രാജ്യങ്ങളും ഇതു വരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും ക്ഷണത്തോട് അവ അനുകൂലമായി പ്രതികരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ക്ഷണം സ്വീകരിക്കുന്ന പക്ഷം അടുത്ത വര്‍ഷം ജനുവരി ഒന്നിന് അവ ബ്രിക്‌സില്‍ ഔദ്യോഗികമായി അംഗങ്ങളാകും. l
അവര്‍ സംഗമിച്ചു, നീതിക്കും സമാധാനത്തിനും വേണ്ടി
രാജ്യത്ത് സമാധാനവും നീതിയും പുലരുന്ന ഒരു നല്ല നാളെക്ക് വേണ്ടി അവര്‍ അസം തലസ്ഥാനമായ ഗുവാഹത്തിയിലെ മാക്കുവ പ്രഗ്‌ജ്യോതി ഐ.ടി. എ സെന്ററില്‍ കഴിഞ്ഞ ആഗസ്റ്റ് 22-ന് ഒത്തുചേര്‍ന്നു. ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ്, ജമാഅത്തെ ഇസ് ലാമി, ആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍, ജംഇയ്യത്ത് അഹ് ലെ ഹദീസ്, ഇമാറ ശറഇയ്യ എന്നീ സംഘടനകളാണ് സമ്മേളനത്തിന്റെ സംഘാടകര്‍. 'പീസ് ആന്റ് ജസ്റ്റിസ്' കാമ്പയിന്റെ ഭാഗമായിരുന്നു സമ്മേളനം. വിവിധ കൂട്ടായ്മകളെ പ്രതിനിധാനം ചെയ്ത് രണ്ടായിരം പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ മതവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നവരും സമ്മേളനത്തില്‍ സംബന്ധിച്ചു.
ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാനാ സയ്യിദ് മഹ്്മൂദ് അസ്അദ് മദനിയായിരുന്നു സമ്മേളന അധ്യക്ഷന്‍. ഇന്ത്യന്‍ ജമാഅത്തെ ഇസ്്ലാമി അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി, ഇമാറ ശറഇയ്യ പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഫൈസല്‍ വാലി റഹ് മാനി, അഹ് ലുസ്സുന്ന വല്‍ ജമാഅ പ്രസിഡന്റ് പീര്‍ എസ്.ഡി തന്‍വീര്‍, പീസ് ആന്റ് ജസ്റ്റിസ് സമ്മേളന അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ മുജ്തബ ഫാറൂഖ് എന്നിവരായിരുന്നു മുഖ്യ പ്രഭാഷകര്‍. മണിപ്പൂര്‍ സംഘര്‍ഷവും ട്രെയിനില്‍ ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ മുസ് ലിംകളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതും മറ്റു നിരവധി വിഷയങ്ങളും ചര്‍ച്ചയായി. പ്രഗ് ജ്യോതി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ദയാനന്ദ പഥക്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അദീപ് കുമാര്‍, ശ്രീചൈതന്യമഠ് പ്രചാരക് ബിഷ്ണു മഹാരാജ്, ബുദ്ധമത നേതാവ് ഖൈമാനന്ദ ദിക്കു, ആര്‍ച്ച് ബിഷപ്പ് തോമസ് മെനാംപറമ്പില്‍, സിഖ് മതനേതാവ് ദേവേന്ദ്ര സിംഗ് സെഹ്്മി, ശ്രീരാമകൃഷ്ണ മിഷ നിലെ സ്വാമി റിഥതമാനന്ദ, ജൈനനേതാവ് ചന്ദന്‍ മാന്‍ ജെയ്ന്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
Comments