Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 22

3319

1445 റബീഉൽ അവ്വൽ 07

സലീം മൗലവി കൗതുകകരമായ ഓര്‍മകള്‍

ഒ. അബ്ദുർറഹ്്മാൻ

വിടപറഞ്ഞ പണ്ഡിത പ്രതിഭ എം.വി മുഹമ്മദ് സലീം മൗലവിയുടെ വൈവിധ്യപൂര്‍ണമായ വ്യക്തിത്വത്തിന്റെ നാനാ വശങ്ങള്‍ പ്രബോധനം വാരിക(2023 സെപ്റ്റംബര്‍ 08)യിലൂടെ അനാവരണം ചെയ്യപ്പെട്ടത് ഹൃദ്യമായ വായനാനുഭവമാണ് സമ്മാനിച്ചത്. 1958-ല്‍ ശാന്തപുരം ഇസ്്‌ലാമിയാ കോളേജിലെ ആറാം ക്ലാസ്സില്‍ വിദ്യാര്‍ഥിയായി ചേര്‍ന്ന കാലം മുതല്‍ എം.വിയുമായുള്ള എന്റെ സൗഹൃദവും ആരംഭിച്ചു. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജില്‍നിന്ന് പ്രസ്ഥാന ബന്ധം മൂലം പഠനം മുഴുമിക്കാന്‍ സാധിക്കാതെ ശാന്തപുരത്തെത്തിയ അദ്ദേഹം അഞ്ചാം ക്ലാസ്സിലാണ് പ്രവേശനം നേടിയത്. ഞങ്ങളാവട്ടെ ചേന്ദമംഗല്ലൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്് ലാമിയ്യയില്‍ മുഴുസമയ പഠനം പൂര്‍ത്തീകരിച്ചതിനാലാണ് ആറാം ക്ലാസ്സിൽ പ്രവേശനം ലഭിച്ചത്.  പ്രായത്തില്‍ സീനിയറാണെങ്കിലും എം.വി ഒരു ക്ലാസ് താഴെയാവാന്‍ അതാണ് കാരണം. പിന്നീട് അദ്ദേഹത്തിന് ഡബ്ള്‍ പ്രമോഷനും കിട്ടി.
കൗതുകകരമായ ഒട്ടേറെ ഓര്‍മകള്‍ അദ്ദേഹത്തെക്കുറിച്ച് പങ്കുവെക്കാനുണ്ടെങ്കിലും ചിലത് മാത്രം കുറിക്കട്ടെ: ആത്മീയമോ ഭൗതികമോ ആയ ഏതു കാര്യവും തന്റെ താല്‍പര്യമുന്നണർത്തിയാല്‍ അത് പഠിച്ചേ അടങ്ങൂ എന്ന ശാഠ്യം സലീം മൗലവി തന്റെ ജീവിതാന്ത്യം വരെ പുലര്‍ത്തിയതാണ് ആ വ്യക്തിത്വത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. ഫുട്‌ബോള്‍ അദ്ദേഹത്തിന് വശമുള്ള കളിയായിരുന്നില്ല. പക്ഷേ, ശാന്തപുരം വിദ്യാര്‍ഥികളില്‍ കാല്‍പന്തില്‍ കമ്പമുള്ളവര്‍ കൊയ്ത്ത് കഴിഞ്ഞ പാടത്ത് വൈകുന്നേരങ്ങളില്‍ പന്തുമായി ഇറങ്ങിയാല്‍ ആരും ക്ഷണിക്കാതെത്തന്നെ എം.വിയും അതില്‍ പങ്കാളിയാവും. അദ്ദേഹത്തിന്റെ ആക്രമണോത്സുകമായ അരങ്ങേറ്റത്തില്‍ അമ്പരന്നോ പ്രതിഷേധിച്ചോ മറ്റുള്ളവര്‍ ഗ്രൗണ്ട് വിട്ടാലൊന്നും എം.വി കുലുങ്ങില്ല. പള്ളിപ്പറമ്പിലെ മുക്രികാക്കയുടെ പോത്തുകള്‍ വിശ്രമിക്കുന്ന ഒരു വെള്ളക്കുഴിയുണ്ടായിരുന്നു. ഒരു നാള്‍ എം.വി കുഴിയില്‍ വീണുപോയി. അന്നു മുതല്‍ പോത്തുകുഴിക്ക് എം.വി കുണ്ട് എന്ന് പേരായി! ഒരു കൈക്കോട്ട് സംഘടിപ്പിച്ചു വിശാലമായ ആ കുണ്ട് മണ്ണ് കോരിയിട്ട് നികത്തിയേ എം.വിയിലെ 'ദുർവാസാവ്' അടങ്ങിയുള്ളൂ. സാഹിത്യ സമാജം യോഗങ്ങളിലെ പല പാട്ടുകളും അദ്ദേഹം രചിച്ചതായിരിക്കും. 'മോഹന ഭാവന ഉണരുമ്പോള്‍ നാം കാണുകയായി നവലോകം, 
പത്തിവിടര്‍ത്തിയ ചൂഷകരഖിലം കമ്പിതരായി വിരണ്ടോടി...' എന്നു തുടങ്ങുന്ന ഗാനം ഇപ്പോഴും സ്മൃതിപഥത്തിലുണ്ട്. പില്‍ക്കാലത്ത് ഞാന്‍ പ്രബോധനത്തിലായിരിക്കെ വെസ്റ്റ് ചേന്ദമംഗല്ലൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ് ലാമിയ്യയുടെ വാര്‍ഷിക സമ്മേളനം തീരുമാനിക്കപ്പെട്ടു. ആകര്‍ഷകമായ ഒരു പരിപാടി വേണം. കഥാപ്രസംഗമായാലോ? ഉടനെ ഓര്‍മ വന്നത് സലീം മൗലവിയുടെ പേരാണ്. അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ സസന്തോഷം സമ്മതിച്ചു. പുല്‍പ്പറമ്പിലെ വയലില്‍ ആര്‍ഭാടപൂര്‍വം സംഘടിപ്പിക്കപ്പെട്ട വാര്‍ഷികാഘോഷത്തില്‍ 'നൈലിന്റെ തീരങ്ങളില്‍' എന്ന ശീര്‍ഷകത്തില്‍ സലീം മൗലവി അവതരിപ്പിച്ച കഥാപ്രസംഗം സദസ്സിനെ ഹഠാദാകര്‍ഷിച്ചു എന്ന് പറയേണ്ടല്ലോ. മൂസാ നബിയുടെയും ഫറോവയുടെയും ചരിത്രകഥ സ്വന്തം കാവ്യരചനയുടെ പിന്‍ബലത്തില്‍ അദ്ദേഹം തന്നെ ഗായകരുടെ അകമ്പടിയോടെ അവതരിപ്പിക്കുകയായിരുന്നു.
ജുമുഅ ഖുത്വ്്ബയും മതപ്രഭാഷണങ്ങളും അധ്യാപനവും സംവാദങ്ങളുമൊക്കെയായി അരങ്ങില്‍ നിറഞ്ഞുനില്‍ക്കെ 1971-ല്‍ ഖത്തര്‍ അല്‍ മഅ്ഹദുദ്ദീനിയില്‍ ശാന്തപുരം ഇസ്്‌ലാമിയാ കോളേജ് പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ തരപ്പെടുത്താന്‍ പ്രിന്‍സിപ്പല്‍ മര്‍ഹൂം അബുല്‍ ജലാല്‍ മൗലവി നടത്തിയ ശ്രമഫലമായി ദോഹയിലേക്ക് വിമാനം കയറിയ പ്രഥമ ബാച്ചിലെ അഞ്ചു പേരില്‍ ഒരാള്‍ സലീം മൗലവിയായിരുന്നു. എ. മുഹമ്മദലി (ആലത്തൂര്‍), ഒ.പി ഹംസ (ഒലിപ്പുഴ), പി.എ സാലിഹ് (പൊന്നാനി), സി.ടി അബ്ദുര്‍റഹീം (ചേന്ദമംഗല്ലൂര്‍) എന്നിവരായിരുന്നു മറ്റുള്ളവര്‍. ശൈഖ് യൂസുഫുല്‍ ഖറദാവി ഡയറക്ടറായ മഅ്ഹദില്‍ ഹയര്‍ സെക്കന്ററി സിലബസ്സിലെ പാഠ്യവിഷയങ്ങള്‍ക്കൊപ്പം വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ്, ഫിഖ്ഹ്, അറബി വ്യാകരണം - സാഹിത്യം, ഇസ്ലാമിക് സോഷ്യോളജി തുടങ്ങിയ വിഷയങ്ങളും ഉള്‍ക്കൊണ്ടതായിരുന്നു പ്രത്യേകത. ശാന്തപുരം പാഠ്യപദ്ധതിയില്‍ ഇല്ലാതിരുന്ന ഫിസിക്‌സും കെമിസ്ട്രിയും ശാസ്ത്ര ശാഖകളും ഗണിതവും പക്ഷേ പഠിച്ചെടുക്കാന്‍ സലീം മൗലവി ഉള്‍പ്പെടുന്ന ബാച്ചിന് പ്രയാസമുണ്ടായില്ല. ഫൈനല്‍ പരീക്ഷയില്‍ അറബികളും മലയാളികളും തമ്മില്‍ കനത്ത പോരാട്ടം തന്നെ നടന്നു. റിസല്‍ട്ട് വന്നപ്പോള്‍  ഒരൊറ്റ മാര്‍ക്കിന് മുഹമ്മദലി ആലത്തൂരിന് ഫസ്റ്റ് റാങ്ക്, സലീം മൗലവിക്ക് രണ്ടാം റാങ്കും. രണ്ടാമത്തെ ബാച്ച് ചേന്ദമംഗല്ലൂര്‍ ഇസ്വ്്ലാഹിയാ കോളേജിന്റേതായിരുന്നു. ഫൈനല്‍ പരീക്ഷയില്‍ പരേതനായ ഇ.വി അബ്ദുവും ഞാനും രണ്ടാം റാങ്ക് പങ്കിട്ടത് മാത്രമല്ല, ഖത്തരി വിദ്യാര്‍ഥികള്‍ മുഴുക്കെ പരാജയപ്പെട്ടത് കൂടിയാണ് അത്തവണത്തെ പ്രത്യേകത. അവര്‍ തോറ്റതോ, അറബി വ്യാകരണത്തിലും! മര്‍ഹൂം കെ. മൊയ്തു മൗലവിയില്‍നിന്ന് അല്‍ഫിയ്യ പഠിച്ചവര്‍ നഹ്്വ് -സ്വര്‍ഫില്‍ തോറ്റെങ്കിലേ അത്ഭുമുള്ളൂ (സലീം മൗലവിക്കാകട്ടെ അല്‍ഫിയ്യയിലെ 1000 പദ്യശകലങ്ങളും മനഃപാഠമായിരുന്നുവെന്നതും സ്മരണീയം!).
ഞങ്ങളുടെ രണ്ട് ബാച്ചുകളും ഹോസ്റ്റലില്‍ കഴിഞ്ഞ പ്രഥമ വര്‍ഷത്തില്‍ നടന്ന ഒരു കോമഡിയും ഓർക്കാതെ വയ്യ. ഒരുനാള്‍ വൈകിട്ട് മധ്യ വയസ്സ് പ ിന്നിട്ട ഒു മലയാളി കാക്ക ഹോസ്റ്റലില്‍ കയറിവരുന്നു. നാട്ടില്‍നിന്ന് പഠിക്കാനെത്തിയവരെയാണ് അയാള്‍ക്ക് കാണേണ്ടത്. ഞങ്ങള്‍ അദ്ദേഹത്തെ ആദരപൂര്‍വം ബെഡ്ഡിലിരുത്തി, എന്തിനാണ് വന്നതെന്ന് അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു തുടങ്ങി: 'ഞാന്‍ പെരിന്തല്‍മണ്ണക്കാരന്‍ ഉണ്ണിച്ചേക്കു. ശൈഖ് അഹ്്മദ് ബിന്‍ അലി ആല്‍ഥാനി ഖത്തര്‍ അമീറായിരുന്ന കാലത്ത് ഉരുവില്‍ ഖത്തറില്‍ എത്തിയതാണ്. മനുഷ്യസ്‌നേഹിയായ ശൈഖ് അഹ്്മദിനെ കൊട്ടാരത്തില്‍ ചെന്നു കണ്ടു, തനിക്കൊരു ജോലി വേണമെന്ന് അപേക്ഷിച്ചപ്പോള്‍ തല്‍ക്കാലം കൊട്ടാരത്തില്‍ തന്നെ സേവകനാവാന്‍ അനുമതി നല്‍കി. പാചകവും അനുബന്ധ ജോലികളും ചെയ്തു കഴിയവെ ഖത്തര്‍ മൃഗബംഗ്ലാവില്‍ ഒഴിവുണ്ടെന്ന് അറിഞ്ഞപ്പോള്‍ അവിടേക്ക് മാറ്റി. രണ്ട് സിംഹങ്ങള്‍, ഒരാന, രണ്ട് ഒട്ടകപ്പക്ഷികള്‍ മുതലായവയായിരുന്നു മൃഗശാലയിലെ അന്തേവാസികള്‍. ഫലസ്ത്വീനികളും ബലൂചികളുമായിരുന്നു മൃഗബംഗ്ലാവിലെ സ്റ്റാഫ്. മൃഗങ്ങളുടെ ഭക്ഷണം യഥേഷ്ടം ഭുജിച്ചും പാവം നാല്‍ക്കാലികളെ പട്ടിണിക്കിട്ടും അവരങ്ങനെ സസുഖം വാഴവെ ഉണ്ണിച്ചേക്കു അവര്‍ക്ക് കണ്ണിലെ കരടായി. അയാളാവട്ടെ പച്ച മലയാളം ജീവികളെ പഠിപ്പിച്ചും സമയത്തിന് മതിയായ ആഹാരം തീറ്റിച്ചും കുളിപ്പിച്ചും മൃഗശാലയെ വേണ്ടവിധം പരിരക്ഷിച്ചു വന്നു. ഒരുനാള്‍ ഉണ്ണിച്ചേക്കു പുറത്തു പോയ നേരം നോക്കി ബലൂചി-ഫലസ്ത്വീനി കിങ്കരന്മാര്‍ മൃഗശാലയുടെ ഗേറ്റ് തുറന്നിട്ടു. സിംഹങ്ങള്‍ രണ്ടും പുറത്ത് ചാടി. പെട്രോളിയമോ ഗ്യാസോ കണ്ടെത്തിയിട്ടില്ലാത്ത കാലത്ത്, ഖത്തറിനെപ്പോലെ കാടും മലകളുമില്ലാത്ത ഒരു കൊച്ചു രാജ്യത്ത് സിംഹങ്ങള്‍ പട്ടണത്തിലിറങ്ങിയാലുള്ള കഥ ഓര്‍ത്തുനോക്കൂ. ജനങ്ങള്‍ പേടിച്ച് വിറച്ച് നാലുപാടും ഓടി. പോലീസ് പോരാഞ്ഞിട്ട് പട്ടാളത്തെയും ഇറക്കി. അവര്‍ തോക്കുമായി നിലയുറപ്പിക്കെ എന്തും സംഭവിക്കാവുന്ന സ്ഥിതി. അന്നേരമതാ സാക്ഷാല്‍ ഉണ്ണിച്ചേക്കുകാക്ക ഒന്നുമറിയാതെ പ്രത്യക്ഷപ്പെടുന്നു. സിംഹങ്ങളെ കണ്ടപ്പോള്‍ അയാള്‍ക്ക് സംഗതി പിടികിട്ടി. മൂപ്പര്‍ സൗമ്യനായി നീട്ടി വിളിച്ചു: 'മക്കളേ വാ!' മലയാളം മാത്രം അറിയാവുന്ന സിംഹങ്ങള്‍ അനുസരണയോടെ അന്നദാതാവിന്റെ മുന്നിലെത്തി. സുരക്ഷാ സേനയെയും കാണികളെയും അമ്പരപ്പിച്ചുകൊണ്ട് മൃഗരാജാക്കള്‍ രണ്ടും ഉണ്ണിച്ചേക്കുകാക്കയുടെ കൂടെ ബംഗ്ലാവിലേക്ക് മടങ്ങി. പക്ഷേ, അപ്പോഴേക്ക് ബലൂചി-ഫലസ്ത്വീന്‍ ടീമിന്റെ സാക്ഷിമൊഴിയുടെ ബലത്തില്‍ കൃത്യവിലോപത്തിനും ഭീതിജനകമായ അവസ്ഥ സൃഷ്ടിച്ചതിനും ഉണ്ണിച്ചേക്കുവിന്റെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് നഗരസഭാധികൃതർ ആഭ്യന്തര വകുപ്പിനെ വിവരമറിയിച്ചു കഴിഞ്ഞിരുന്നു. ആഭ്യന്തര മന്ത്രാലയം ആ പാവത്തെ ഉടനടി പിരിച്ചുവിട്ടു. വഴിയാധാരമായ ഉണ്ണിച്ചേക്കുകാക്കക്ക് തന്റെ കദനകഥ അമീറിനെ അറിയിക്കണം. അത് അറബിയില്‍ എഴുതിക്കൊടുക്കാനാണ് ആരോ പറഞ്ഞുകേട്ടത് പ്രകാരം മലയാളി വിദ്യാര്‍ഥികളായ ഞങ്ങളെ തേടിയെത്തിയത്. ഉടനെ സലീം മൗലവി പെന്നും കടലാസുമെടുത്ത് ഹൃദയസ്പൃക്കായ ഭാഷയില്‍ പാവത്താന്റെ പരിവേദനം തയാറാക്കി ഉണ്ണിച്ചേക്കുകാക്കയെ ഏല്‍പിച്ചു. സ്‌നേഹപൂര്‍വം പറഞ്ഞയക്കുമ്പോള്‍ അയാള്‍ പറഞ്ഞതെന്തെന്നോ? ''മക്കളേ, ആ ലക്ഷണം കെട്ടവര്‍ എന്റെ പേരും മാറ്റിക്കളഞ്ഞു. 'അണ്‍ ഷെക്ക്' എന്നാണ് അവര്‍ എനിക്കിട്ട പേര്.'' ഞങ്ങള്‍ അമ്പരന്നു ഒരു നിമിഷം ആലോചിച്ചു: ഇതെന്ത് പേര്! പെട്ടെന്നെനിക്ക് തോന്നി, ടിയാന്റെ പാസ്‌പോര്‍ട്ട് ഒന്ന് കാണണമെന്ന്. ഉടനെ പാസ്‌പോര്‍ട്ട് അയാള്‍ കീശയില്‍നിന്നെടുത്തുതന്നു. ഞാന്‍ അതെടുത്തു നോക്കിയപ്പോള്‍ പൊട്ടിച്ചിരിച്ചു പോയി. Unnichekku എന്ന് എഴുതിയ പേര്‍ ഇംഗ്ലീഷ് ഉച്ചാരണ പ്രകാരം അൺഷെക്ക് എന്ന് വായിക്കാം!
ദിവസങ്ങള്‍ കഴിഞ്ഞു. ഒരു വൈകുന്നേരം ഉണ്ണിച്ചേക്കു സുസ്മേര വദനനായി ഹോസ്റ്റലിലേക്ക് കയറിവരുന്നു. 'എന്തായി?' ഞങ്ങള്‍ ഉത്കണ്ഠാകുലരായി ചോദിച്ചപ്പോള്‍ മറുപടി: 'എല്ലാം ശരിയായി മക്കളേ, അമീര്‍ ശൈഖ് അഹ്്മദ് എന്റെ കത്ത് ശ്രദ്ധയോടെ വായിച്ചു. ഞാനൊന്നും പറയേണ്ടിവന്നില്ല. എന്നെ ഉടനെ തിരിച്ചെടുക്കാന്‍ ഉത്തരവ് നല്‍കി.' ആ പാവത്തിന്റെ പ്രാര്‍ഥന മാത്രം മതി സലീം മൗലവിക്ക് അല്ലാഹുവിന്റെ കോടതിയില്‍ രക്ഷപ്പെടാന്‍ എന്ന് തോന്നിയ നിമിഷം. അതേസമയം ചിലര്‍ക്ക് വിയോജിക്കേണ്ടിവന്ന ചില നടപടികളും സലീം മൗലവിയുടെ പ്രവാസ ജീവിതത്തിലുണ്ടായി എന്നോര്‍ക്കുന്നത് സാന്ദര്‍ഭികമാവും. ഞങ്ങളുടെ ഖത്തര്‍ ജീവിതത്തിന്റെ തുടക്കത്തില്‍, അക്കാലത്തെ കേരളത്തിലെ സുന്നി യുവജന സംഘം ഭാരവാഹിയും പ്രമുഖ സുന്നി നേതാവുമായ ബി. കുട്ടി ഹസ്സന്‍ ഹാജി ഖത്തറില്‍ സന്ദര്‍ശനത്തിന് വന്നു. അന്ന് ആര് വന്നാലും സ്വീകരണം സംഘടിപ്പിക്കുന്നതും പ്രഭാഷണം നടത്തുന്നതും പള്ളിയിലാണ്. വേറെ ഓഡിറ്റോറിയങ്ങളൊന്നുമില്ല. കുട്ടി ഹസ്സന്‍ ഹാജിക്ക് ആതിഥേയര്‍ സ്വീകരണമൊരുക്കിയതും പള്ളിയില്‍ തന്നെ. അദ്ദേഹം സ്ഥലകാല ബോധമില്ലാതെ നാട്ടില്‍ ചെയ്യാറുള്ള പ്രസംഗത്തിന്റെ ട്രൂ കോപ്പി ഖത്തര്‍ മാര്‍ക്കറ്റിലെ പള്ളിയില്‍ ആവര്‍ത്തിച്ചു. എന്നു വെച്ചാല്‍, വഹാബി-മൗദൂദികളാകുന്ന പുത്തന്‍ പ്രസ്ഥാനക്കാരെ കണക്കിന് ശകാരിക്കുകയും മതഭ്രഷ്ട് പ്രഖ്യാപിക്കുകയും ചെയ്തു. സലീം മൗലവിക്ക് സഹിച്ചില്ല. സാക്ഷാല്‍ സലഫി പണ്ഡിതന്മാര്‍ നിര്‍ണായക പദവികളിലിരിക്കുന്ന ഖത്തറിലും കേരള മോഡല്‍ 'മതോപദേശമോ?' പ്രമുഖ സലഫി പണ്ഡിതന്‍ ശൈഖ് അഹ്്മദ് ഇബ്‌നു ഹജര്‍ ആലു ബൂത്വാമിയുടെ ശരീഅത്ത് കോടതിയില്‍ സലീം മൗലവി പരാതി ബോധിപ്പിച്ചു. മണിക്കൂറുകള്‍ക്കകം കുട്ടി ഹസ്സന്‍ ഹാജി പിടിയിലായി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഹാജിക്ക് തന്റെ ഭാഗം ന്യായീകരിക്കാന്‍ സാധിച്ചില്ല. മൂന്നു ദിവസം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. നാട്ടിലേക്ക് തിരിച്ചയക്കാനായിരുന്നു കോടതി ഉത്തരവിട്ടത്. സംഭവം മലയാളി സമൂഹത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ക്ക് വഴിവെച്ചുവെങ്കിലും പിന്നീടൊരിക്കലും ഒരു അതിഥി പണ്ഡിതനും ഈ അബദ്ധം ആവര്‍ത്തിച്ചില്ല.
ബുദ്ധിയും വിവരവും പഠനോത്സുകതയും കഠിനാധ്വാനവും ഒത്തുചേര്‍ന്ന അപൂര്‍വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന എം.വി മുഹമ്മദ് സലീം മൗലവിയുടെ വിയോഗം നികത്താന്‍ പ്രയാസമേറിയ നഷ്ടം തന്നെ എന്ന് അനുസ്മരിക്കാതെ വയ്യ. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 13-14
ടി.കെ ഉബൈദ്

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്