Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 22

3319

1445 റബീഉൽ അവ്വൽ 07

പ്രവാചക ചരിത്രത്തിന്റെ സവിശേഷതകൾ

ഡോ. മുസ്വ്്ത്വഫസ്സിബാഈ

പ്രവാചക ചരിത്രത്തെ സംബന്ധിച്ച പഠനഗവേഷണങ്ങൾ ആത്മീയവും ബൗദ്ധികവും ചരിത്രപരവുമായ ഒട്ടേറെ സവിശേഷതകൾ ഉൾച്ചേർന്നതാണ്. ഈ രംഗത്തെ  ഗവേഷകർക്കും പ്രബോധകർക്കും സാമൂഹിക പരിഷ്കർത്താക്കൾക്കും ഏറെ അനിവാര്യവും പ്രയോജനപ്രദവുമാണത്.
പ്രവാചക ചരിത്രത്തെക്കുറിച്ച ആഴത്തിലുള്ള പഠനം ഏത് പ്രതിസന്ധിഘട്ടത്തിലും, അതിശക്തമായ വെല്ലുവിളികൾക്കും സംഘർഷങ്ങൾക്കുമിടയിലും  ഇസ് ലാമിക ശരീഅത്തിനെ ജനങ്ങൾക്ക് മുമ്പിൽ കൃത്യതയോടെ അവതരിപ്പിക്കാൻ നമ്മെ പ്രാപ്തരാക്കുന്നുണ്ട്. പ്രബോധകർക്കും സാമൂഹിക പരിഷ്കർത്താക്കൾക്കും കൂടുതൽ നേരായ വഴിയും വിജയപാതയും കാണിച്ചുതരുന്നുമുണ്ട്. പ്രവാചക ചരിത്രത്തിന്റെ അത്തരം ചില സവിശേഷതകൾ:
ഒന്ന്: നബി, ദൈവദൂതൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം ഏറ്റവും ആധികാരികമായും സൂക്ഷ്മമായും രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ് പ്രവാചകന്റെത്. ആ മഹോന്നത ജീവിതത്തിലെ തിളക്കമുള്ള അധ്യായങ്ങളിൽ എവിടെയും സന്ദേഹത്തിന്റെയോ സംശയത്തിന്റെയോ ലാഞ്ഛന പോലുമില്ല.. പ്രവാചകന് അല്ലാഹു സവിശേഷമായി നൽകിയിട്ടുള്ള പദവിക്കും ഔന്നത്യത്തിനുമപ്പുറമുള്ള പെരുപ്പിക്കലും പൊലിപ്പിക്കലും പിൽക്കാലത്തെ ചരിത്ര രചനകളിൽ ഉണ്ടായിട്ടുണ്ടെങ്കിൽ, ശരിയായ ജ്ഞാനവും ഉൾക്കാഴ്ചയും പകർന്നുനൽകാൻ റസൂലിനെക്കുറിച്ച ആധികാരികമായ ചരിത്രപഠനം നമ്മെ സഹായിക്കും.
പൂർവ പ്രവാചകൻമാരെക്കുറിച്ച് രേഖപ്പെടുത്തപ്പെട്ട ചരിത്രവുമായി താരതമ്യം ചെയ്യുമ്പോൾ മുഹമ്മദ് നബി(സ)യെക്കുറിച്ച ചരിത്രം മാത്രമേ ഏറ്റവും ആധികാരികവും സത്യസന്ധവുമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ എന്ന് വ്യക്തമാവും. മൂസാ നബിയെക്കുറിച്ച ചരിത്രാഖ്യാനങ്ങളിൽ ജൂത സമൂഹം വലിയ തോതിലുള്ള കൈകടത്തലുകളും കൂട്ടിച്ചേർക്കലും നടത്തിയിട്ടുണ്ട്. ആയതിനാൽ തൗറാത്തിനെ ആധികാരികവും അവലംബയോഗ്യവുമായ ചരിത്ര ഗ്രന്ഥമായി വിശേഷിപ്പിക്കാനാവില്ല. ഒട്ടനവധി പടിഞ്ഞാറൻ അക്കാദമീഷ്യൻമാരും വിമർശകരും തൗറാത്തിൽ കടന്നുകൂടിയിട്ടുള്ള പല കഥകളുടെയും ആധികാരികതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാൽ, മൂസാ നബിയെക്കുറിച്ച യഥാർഥ ചരിത്രമറിയാൻ ആഗ്രഹിക്കുന്ന  ഒരു മുസ് ലിമിന് ഖുർആൻ അവലംബിക്കുക മാത്രമേ നിർവാഹമുള്ളൂ.
ഈസാ നബിയുടെ ജീവിതം രേഖപ്പെടുത്തപ്പെട്ട ബൈബിളിനും ഈ പ്രശ്നമുണ്ട്. ഈസാ നബിയുടെ തിരോധാനത്തിനു നൂറു വർഷങ്ങൾക്ക് ശേഷം മാത്രമാണ് ബൈബിൾ എഴുതപ്പെടുന്നത്. പല ശൈലികളിൽ പല കഥകളായി നൂറിലധികം ബൈബിളുകൾ എഴുതപ്പെട്ടു. അതെഴുതിയവരെക്കുറിച്ചും രചിക്കപ്പെട്ട കാലത്തെക്കുറിച്ചുമെല്ലാം പടിഞ്ഞാറൻ ഗവേഷകർക്കിടയിൽ കടുത്ത അഭിപ്രായ ഭിന്നതകളുമുണ്ട്.
പ്രവാചകന്മാരുടെ ജീവ ചരിത്ര രചനയുടെ അവസ്ഥ ഇതാണെങ്കിൽ കൺഫ്യൂഷസ്, ശ്രീബുദ്ധൻ പോലുള്ള ലോകമെമ്പാടും ലക്ഷക്കണക്കിന് അനുയായികളുള്ള മതമേധാവികളുടെ ജീവചരിത്രത്തിന്റെ ആധികാരികതയും സത്യസന്ധതയും അത്രമേൽ ദുർബലമായിരിക്കും എന്നതിൽ സംശയമില്ല. ഇപ്രകാരം മഹാമനീഷികളായി അടയാളപ്പെടുത്തപ്പെട്ട പലരുടെയും ജീവചരിത്രങ്ങളിൽ ധാരാളം അന്ധവിശ്വാസങ്ങളും കെട്ടുകഥകളും കടന്നുകൂടിയിട്ടുണ്ട്. വൈജ്ഞാനികമായ സത്യസന്ധതയോ വസ്തുതാപരമായ പിൻബലമോ അത്തരം ചരിത്രങ്ങൾക്കില്ല. മതാന്ധതയും അന്ധമായ പക്ഷപാതിത്വവും ബാധിച്ചിട്ടില്ലാത്ത, വസ്തുതകളെ ആധികാരിക ഉറവിടങ്ങളിൽനിന്ന് മാത്രം സ്വീകരിക്കുന്ന ബുദ്ധിമാന്മാർ ഇത്തരം വ്യാജ ചരിത്രനിർമിതികളെ നിരാകരിക്കും. ഇതെല്ലാം മുന്നിൽ വെച്ചാൽ മുഹമ്മദ് നബിയുടെ ജീവചരിത്രം അങ്ങേയറ്റം ആധികാരികവും വസ്തുതാപരവും സത്യസന്ധവും ആണെന്ന് ആർക്കും അംഗീകരിക്കേണ്ടിവരും. തിരുദൂതരെ കുറിച്ച ചരിത്ര രചനയിൽ അവലംബിച്ച വൈജ്ഞാനിക സത്യസന്ധതയാണ് അത് സാധ്യമാക്കിയത്.
രണ്ട്: പ്രവാചക ജീവിതത്തിലെ ഓരോ ഘട്ടവും തെളിമിയാർന്നതാണ്. അദ്ദേഹത്തിന്റെ പിതാവ് അബ്ദുല്ല, മാതാവ് ആമിനയെ വിവാഹം കഴിച്ചതു മുതൽ റസൂലിന്റെ വിയോഗം വരെയുള്ള ചരിത്രം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവിടുത്തെ ജനനം, ബാല്യം, കൗമാരം, യൗവനം, വാർധക്യം തുടങ്ങി മക്കക്ക് പുറത്തുള്ള യാത്രകൾ, പ്രവാചകത്വ ലബ്ധിക്ക് ശേഷമുള്ള ജീവിത സാഹചര്യങ്ങൾ എല്ലാം സൂര്യ വെളിച്ചം പോലെ വ്യക്തതയുള്ളതാണ്. അതിനാലാണ്  ചില പാശ്ചാത്യ ഗവേഷകർ പ്രവാചകനെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയത്: "പകൽ വെളിച്ചം പോലെ തെളിമയുള്ള ജീവിതം ജീവിച്ച ഒരേയൊരു പ്രവാചകനാണ് മുഹമ്മദ്."
മറ്റു പ്രവാചകന്മാർക്കോ മഹാന്മാരായ പൂർവികർക്കോ ഈ സവിശേഷതകൾ ഇല്ല. മൂസാ നബിയുടെയോ ഈസാ നബിയുടെയോ ബാല്യ-കൗമാരങ്ങളെ കുറിച്ച വിശദ ചിത്രങ്ങൾ ലഭ്യമല്ല. കേവലം ഭാഗികമായ ചരിത്ര സന്ദർഭങ്ങളാണ് അവരുടേതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. പൂർവ പ്രവാചകന്മാരുടെ ജീവിതത്തിന്റെ ഓരോ അടക്ക - അനക്കങ്ങളും കൃത്യമായി രേഖപ്പെടുത്തപ്പെട്ടതല്ല. എന്നാൽ, പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതരേഖകൾ നോക്കൂ. റസൂൽ ഭക്ഷണം കഴിക്കുന്ന രീതി മുതൽ അവിടുത്തെ നിറുത്തം, ഇരുത്തം, വസ്ത്രധാരണം, രൂപം, സംസാരം, കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ, പ്രാർഥന, ആരാധന, നമസ്കാരം, അനുയായികളോടുള്ള ഇടപഴകൽ തുടങ്ങി ഓരോ കാര്യവും സൂക്ഷ്മമായും സ്ഥൂലമായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
മൂന്ന്: പ്രവാചക ജീവചരിത്രം പച്ചയായ ഒരു മനുഷ്യനെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. അത് കെട്ടുകഥകളിൽനിന്നും അപസർപ്പക വിവരണങ്ങളിൽനിന്നും അതിശയോക്തികളിൽനിന്നും മുക്തമാണ്. ശ്രീബുദ്ധനെയും യേശുക്രിസ്തുവിനെയും മനുഷ്യൻ എന്ന അവസ്ഥയിൽനിന്ന്  ദൈവമെന്ന പരിവേഷത്തിലേക്ക് ഉയർത്തുന്ന ചരിത്ര നിർമിതികളാണ് ഉണ്ടായത്. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന യഥാർഥ മനുഷ്യർ എന്ന നില അവരിൽനിന്ന് എടുത്തുമാറ്റപ്പെട്ടു. എന്നാൽ, മുഹമ്മദ് നബിയുടെ ജീവിതം ഒരിക്കൽപോലും ദിവ്യ പരിവേഷത്തിലേക്ക് ഉയർത്തപ്പെടുകയുണ്ടായില്ല. ഏതൊരാൾക്കും അനുധാവനം ചെയ്യാൻ സാധിക്കുന്ന എല്ലാ സൽഗുണങ്ങളും ഒത്തുചേർന്ന പരിപൂർണ മനുഷ്യൻ എന്നതിന്റെ ഉദാത്ത മാതൃകയായി പ്രവാചകൻ ചരിത്രത്തിൽ നിലകൊണ്ടു. 
നാല്: പ്രവാചക ജീവിതം സമഗ്രവും സമ്പൂർണവുമാണ്.  മനുഷ്യ ജീവിതത്തിലെ എല്ലാ വശങ്ങളെയും അത് ഉൾക്കൊള്ളുന്നുണ്ട്. വിശ്വസ്തനും ഉത്തരവാദിത്വ ബോധമുള്ളവനുമായ ചെറുപ്പക്കാരൻ എന്ന തലത്തിൽനിന്ന് അല്ലാഹുവിന്റെ മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന പ്രബോധകൻ എന്ന തലം വരെ അത് വികസിക്കുന്നു. ഭരണ നൈപുണിയുള്ള രാഷ്ട്ര നായകനായിരുന്നു അദ്ദേഹം. കാരുണ്യവും ആർദ്രതയും സഹാനുഭൂതിയും ഉൾച്ചേർന്ന പിതാവും ഭർത്താവും  ആ വ്യക്തിത്വത്തിലുണ്ട്.  ഏറ്റവും ഉന്നതവും മാതൃകാ യോഗ്യവുമായ ഒരു കുടുംബ ജീവിതം അവിടുന്ന് വരച്ചുകാണിച്ചുതന്നു. അനുയായികളെ ഏറ്റവും ഉന്നത സ്വഭാവ ഗുണങ്ങളുള്ള വ്യക്തിത്വങ്ങളായി രൂപപ്പെടുത്തിയെടുത്തു. അവർക്കാവശ്യമായ ശിക്ഷണങ്ങൾ നൽകി ജേതാക്കളും നേതാക്കളുമായി അവരെ വളർത്തിക്കൊണ്ടുവന്നു. ആ അനുയായികൾ സ്വന്തം കുടുംബക്കാരെക്കാളും ബന്ധുക്കളെക്കാളും പ്രവാചകനെ സ്നേഹിച്ചു. ധീരനായ പടയാളി, വിജയശ്രീലാളിതനായ നായകൻ, തികവുറ്റ രാഷ്ട്രീയക്കാരൻ, വിശ്വസ്തനായ അയൽക്കാരൻ, കരാറുകളിൽ സത്യസന്ധത പാലിക്കുന്നവൻ തുടങ്ങിയ വിശേഷണങ്ങൾ മായാത്ത മുദ്രകളായി പ്രവാചകനിൽ പതിഞ്ഞു. ചുരുക്കത്തിൽ, എല്ലാ പ്രബോധകർക്കും നേതാക്കൾക്കും പിതാക്കൾക്കും ഇണകൾക്കും കൂട്ടുകാർക്കും മെന്റർമാർക്കും രാഷ്ട്രീയക്കാർക്കും രാഷ്ട്രനായകന്മാർക്കും പ്രവാചക ജീവിതം അതുല്യ മാതൃകയായിരുന്നു.
ഈ സവിശേഷതകൾ ഒത്തിണങ്ങിയ പൂർവ പ്രവാചകന്മാരുടെയോ മഹാ മനീഷികളുടെയോ ചരിത്രങ്ങൾ നമുക്ക് കണ്ടെത്തുക സാധ്യമല്ല. മൂസാ നബി തന്റെ ജനതയെ ഫറോവയുടെ അടിമത്തത്തിൽനിന്ന് വിമോചിപ്പിച്ചു എന്നത് ചരിത്ര സത്യമാണ്. എന്നാൽ, രാഷ്ട്ര നായകൻ, മാതൃകാ യോഗ്യനായ പിതാവ്, ഇണ എന്നീ നിലകളിൽ മൂസാ പ്രവാചകന്റെ ജീവിതം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഈസാ നബി ഭൗതിക വിരക്തനായ ഒരു പ്രവാചകനായിരുന്നു. സ്വന്തമായി വീടോ സമ്പത്തോ വിഭവങ്ങളോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അതൊക്കെയും വസ്തുതാപരമാണ്. എന്നാൽ രാഷ്ട്രനായകൻ, ഭർത്താവ്, പിതാവ് എന്നീ നിലകളിൽ ഈസാ നബിയുടെ ചരിത്രം എവിടെയും രേഖപ്പെടുത്തിയിട്ടില്ല.  കൺഫ്യൂഷസ്, അരിസ്റ്റോട്ടിൽ, പ്ലാറ്റോ, നെപ്പോളിയൻ തുടങ്ങിയ ചരിത്ര പുരുഷന്മാരുടെയെല്ലാം ജീവിതത്തിന്റെ വളരെ ഭാഗികമായ രേഖകൾ മാത്രമേ നമുക്ക് ലഭ്യമായിട്ടുള്ളൂ. എന്നാൽ, പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം പരിപൂർണമായി കൃത്യതയോടെയും വ്യക്തതയോടെയും രേഖപ്പെടുത്തപ്പെട്ട ഒന്നാണ്. 
അഞ്ച്: മുഹമ്മദ് നബിക്ക് മറ്റു പ്രവാചകന്മാർക്ക് നൽകപ്പെട്ടതു പോലുള്ള അസാധാരണത്വമുള്ള ദിവ്യാത്ഭുതങ്ങളോ മുഅ്ജിസത്തുകളോ നൽകപ്പെട്ടിട്ടില്ല. മരിച്ചവരെ ജീവിപ്പിക്കുക,  തലോടലിലൂടെ കുഷ്ഠരോഗികളെയും പാണ്ഡ് ബാധിച്ചവരെയും രോഗമുക്തരാക്കുക തുടങ്ങിയ ദൈവിക സഹായങ്ങളല്ല മുഹമ്മദ് നബിക്ക്  ലഭിച്ചത്. മറിച്ച്,  ഖുർആനായിരുന്നു അവിടുത്തെ മുഅ്ജിസത്ത്. ഖുർആൻ അനുസരിച്ചുള്ള ഉന്നതമായ ജീവിത മാതൃക അടയാളപ്പെടുത്തുകയായിരുന്നു പ്രവാചകൻ ചെയ്തത്. അദ്ദേഹം മനുഷ്യ  ഹൃദയങ്ങളോടും ബുദ്ധിയോടും സംവദിച്ചു. ഖുർആനിൽ പലയിടത്തായി, മക്കയിലെ ബഹുദൈവ വിശ്വാസികൾ പ്രവാചകനോട്, എന്തുകൊണ്ട് നീ ആകാശത്തുനിന്ന് ദിവ്യാത്ഭുതങ്ങൾ ഇറക്കുന്നില്ല എന്ന് നിരന്തരം ചോദിക്കുന്നത് ആവർത്തിച്ച് എടുത്തുദ്ധരിക്കുന്നുണ്ട്. ദിവ്യാത്ഭുതങ്ങളെക്കാൾ ഞാൻ നിങ്ങൾക്ക് പാരായണം ചെയ്തുതരുന്ന ഖുർആനിക സൂക്തങ്ങൾ തന്നെ ധാരാളമല്ലേ,  വിശ്വസിക്കുന്നവർക്ക് അതിൽതന്നെ അനുഗ്രഹവും ഉദ്ബോധനവും ഉണ്ട് എന്നായിരുന്നു പ്രവാചകൻ അത്തരം ചോദ്യങ്ങളോട് പ്രതികരിച്ചത് (അൽ അൻകബൂത്ത്  50,51).
ഖുർആൻ മറ്റൊരിടത്ത് ഈ കാര്യം ഇപ്രകാരം വ്യക്തമാക്കുന്നു: "അവര്‍ പറഞ്ഞു: നീ ഞങ്ങള്‍ക്കായി ഭൂമി പിളര്‍ന്ന് ഒരു ഉറവ ഒഴുക്കുന്നതുവരെ ഞങ്ങള്‍ നിന്റെ സന്ദേശം വിശ്വസിക്കുന്നതല്ല. അല്ലെങ്കില്‍, നിനക്ക് ഈത്തപ്പഴവും മുന്തിരിയും നിറഞ്ഞ ഒരു തോട്ടമുണ്ടാകട്ടെ; അതില്‍ നീ നദികള്‍ ഒഴുക്കുകയും വേണം. അതല്ലെങ്കില്‍ നീ വാദിക്കുംപോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷണങ്ങളായി വീഴ്ത്തുകയോ, ദൈവത്തെയും മലക്കുകളെയും ഞങ്ങളുടെ മുന്നില്‍ നേരിട്ട് ഹാജരാക്കുകയോ ചെയ്യുക. അതുമല്ലെങ്കില്‍, നിനക്ക് ഒരു സ്വര്‍ണമാളികയുണ്ടാവട്ടെ. അല്ലെങ്കില്‍, നീ മാനത്തേക്കു കയറിപ്പോവുക. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം നീ ഇറക്കിക്കൊണ്ടു വരുന്നതുവരെ നിന്റെ ആകാശാരോഹണവും ഞങ്ങള്‍ വിശ്വസിക്കുകയില്ല'- പ്രവാചകന്‍ അവരോടു പറയുക: 'എന്റെ നാഥന്‍ പരമ പരിശുദ്ധന്‍. ഞാനോ, സന്ദേശവാഹകനായ ഒരു മനുഷ്യനല്ലാതെ മറ്റെന്തെങ്കിലുമാണോ?" (അൽ ഇസ്റാഅ്  91-94). 
ഇങ്ങനെ, പ്രവാചകൻ ഒരു തികഞ്ഞ മനുഷ്യനായിരുന്നു എന്ന് വളരെ വ്യക്തതയോടെയും കൃത്യതയോടെയും ഖുർആൻ രേഖപ്പെടുത്തുന്നു. പ്രവാചകത്വ സന്ദേശം പ്രബോധനം ചെയ്യുന്നതിന് ദിവ്യാത്ഭുതങ്ങളോ അസാധാരണത്വമുള്ള മുഅ്ജിസത്തുകളോ പ്രവാചകന് കൂട്ടുണ്ടായിരുന്നില്ല. l
(അസ്സീറതുന്നബവിയ്യ - ദുറൂസുൻ വഇബർ എന്ന ഗ്രന്ഥത്തിന്റെ ആമുഖം)
വിവർത്തം: എ.പി ശംസീർ

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 13-14
ടി.കെ ഉബൈദ്

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്