Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 22

3319

1445 റബീഉൽ അവ്വൽ 07

ഉപ്പയോടൊപ്പമുള്ള ജീവിതം

സുമയ്യ മുഹമ്മദ് സലീം

ഞങ്ങളുടെ കുഞ്ഞുലോകത്തിലേക്ക് ഒതുക്കപ്പെടേണ്ടതല്ല പ്രിയ പിതാവ് എം.വി മുഹമ്മദ് സലീം മൗലവിയുടെ ഓർമകള്‍ എന്നറിയാം. ഒരു പിതാവെന്ന നിലക്ക് ഞാൻ അദ്ദേഹത്തെ അനുഭവിച്ചത് മാത്രമാണിവിടെ കുറിക്കുന്നത്. ഞങ്ങൾ മക്കളുടെ എല്ലാ വിഷയങ്ങളിലും ഉപ്പയുടെ താങ്ങും തണലും എന്നുമുണ്ടായിരുന്നു. മക്കളിൽ മുതിർന്നവരെന്നോ പ്രായം കുറഞ്ഞവരെന്നോ ഉളള വ്യത്യാസം ഉപ്പക്കുണ്ടായിരുന്നില്ല. ഞങ്ങളുടെ എന്ത് പ്രശ്നവും എപ്പോഴും ഉപ്പയോട് പറയാം. എല്ലാറ്റിനും ഒരു പരിഹാരവും ആശ്വാസവും ഉപ്പയിൽനിന്ന് ലഭിച്ചിരിക്കും. മക്കളുടെ കാര്യത്തിൽ മാത്രമല്ല പേരമക്കളുടെ കാര്യത്തിലും അദ്ദേഹത്തിന്റെ ശ്രദ്ധയുണ്ടായിരുന്നു. ഞങ്ങളുടെയും അവരുടെയും മത -ഭൗതിക പഠനത്തിലും കുടുംബ ജീവിതത്തിലും വേണ്ട  നിർദേശങ്ങൾ അദ്ദേഹം സന്ദർഭാനുസാരം നൽകിപ്പോന്നിരുന്നു. നിർദേശങ്ങൾ പറയുമെന്നല്ലാതെ ഒന്നും ആരിലും  അടിച്ചേൽപ്പിച്ചിരുന്നില്ല. ഒരു കാര്യം ഒരു തവണയേ പറയുമായിരുന്നുള്ളൂ. പിന്നീടതിൽ നിർബന്ധിക്കലുണ്ടാവില്ല.
ദോഹയിൽ കൂടെ താമസിച്ച സമയത്താണ് ഉപ്പയെ അടുത്തറിയാനായത്. ഖുത്വ്്ബക്കോ ക്ലാസ്സിനോ പോകുമ്പോൾ എന്നെ കൂടെ കൂട്ടും. മടക്കത്തിൽ ഇന്നത്തെ ക്ലാസ്സിൽ /ഖുത്വ്്ബയിൽ  ഓതിയ ആയത്തേതായിരുന്നു, അത് ഏത് സൂറയിലേതാണ് തുടങ്ങിയ ചോദ്യങ്ങളുണ്ടാവും. 
മക്കളുടെ വിദ്യാഭ്യാസ-ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിലധികം  ആത്മീയ വളർച്ചയിൽ അന്വേഷണവും നിർദേശങ്ങളും ഉപ്പ നടത്താറുണ്ടായിരുന്നു.
ഉപ്പ മികവുറ്റ ഹോമിയോ ഭിഷഗ്വരനുമായിരുന്നു. എന്ത് അസുഖം വന്നാലും  ഉപ്പയുടെ ഒരു ഡോസ് അല്ലെങ്കില്‍ രണ്ടു ഡോസ് മരുന്ന് കൊണ്ട് പരിപൂർണ സുഖം പ്രാപിക്കും. നല്ലൊരു ഗാനരചയിതാവായ ഉപ്പ കുട്ടിക്കാലത്ത് സ്കൂൾ കലോത്സവങ്ങളിൽ പാടാൻ ഞങ്ങൾ മക്കൾക്ക് പാട്ട് എഴുതി ട്യൂൺ ചെയ്തു പഠിപ്പിച്ചുതരുമായിരുന്നു. സമ്മാനാർഹരായി തിരിച്ചുവരുമ്പോൾ  മക്കളെ അദ്ദേഹം അഭിമാനത്തോടെ ആലിംഗനം ചെയ്യും. ഉപ്പ ഞങ്ങളിൽ പലതരത്തിൽ ഇങ്ങനെ ആത്മവിശ്വാസം വളർത്തുകയായിരുന്നു.
കണിശക്കാരനായിരുന്നെങ്കിലും വീട്ടിലോ ഞങ്ങൾ മക്കളുടെ കാര്യങ്ങളിലോ  കാർക്കശ്യം പുലർത്തിയിരുന്നില്ല. എല്ലാ മക്കളെയും ഒരേ പോലെ ഉപ്പ പരിഗണിച്ചു. ഓരോരുത്തർക്കും, അവരെയാണ് ഉപ്പ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന് തോന്നും വിധത്തിലായിരുന്നു സമീപനം. കാൻസറിന്റെ കഠിനമായ വേദനക്കിടയിലും ഞങ്ങളെ കാണുമ്പോള്‍ പേരമക്കളുടെ വിവരങ്ങളടക്കം അന്വേഷിക്കുമായിരുന്നു.
ഞങ്ങള്‍ പതിനൊന്ന് മക്കളിൽ എട്ടും പെൺമക്കളാണ്. ഇതിൽ നാലു പെൺമക്കൾക്ക് ഏതാണ്ട് ഒരേ സമയത്ത് വിവാഹപ്രായമെത്തിയിരുന്നു. ഒരിക്കല്‍  ഒരാൾ, "മൗലവിക്ക് പെൺമക്കളുടെ കാര്യത്തില്‍ ടെൻഷനില്ലേ" എന്ന് ചോദിച്ചു.
"എനിക്ക് പെൺമക്കളെ തന്നതിന് പടച്ചവനോട് ഒരു ആവലാതിയും ഇല്ല. അവർക്ക് വൈവാഹിക ജീവിതം റബ്ബ് നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അതിന്റെ സമയത്ത് എല്ലാം അവൻ നടത്തിത്തരും" എന്നായിരുന്നു ഉപ്പയുടെ മറുപടി.
അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇന്ന് ഞങ്ങൾ പെൺമക്കളെല്ലാവരും വിവാഹിതരായി. കുടുംബത്തോടൊത്ത് സന്തോഷത്തോടെ കഴിയുന്നു.
രോഗം ചെറിയ തോതില്‍ പ്രയാസപ്പെടുത്തുന്ന സാഹചര്യത്തില്‍ ഉപ്പയെ കാണാന്‍ ഞാനെന്റെ മകനോടൊപ്പം ചെന്നു. അന്ന് മഗ്്രിബിന് മോന്റെ ഇമാമത്തിൽ ആയിരുന്നു ഉപ്പ നമസ്കരിച്ചത്. ഉപ്പ കസേരയിലായിരുന്നു. നമസ്കാരത്തിലവൻ ഓതിയതിൽ വന്ന ചെറിയ പിഴവുകൾ ഉപ്പ തിരുത്തിക്കൊടുത്തു. എല്ലാം വളരെ ശ്രദ്ധയോടെ അവൻ കേട്ടിരുന്നു. ജീവിതത്തില്‍ ഒരിക്കലും ആ പാഠങ്ങൾ അവനിനി മറക്കില്ല. അത്രയും അടുപ്പത്തോടെയും വാത്സല്യത്തോടെയുമായിരുന്നു ആ തിരുത്തലുകൾ. ഇങ്ങനെ സന്ദർഭാനുസാരം സ്നേഹത്തിൽ ചാലിച്ചായിരുന്നു ഉപ്പ ഓരോ പാഠങ്ങൾ പകർന്നുതന്നിരുന്നതും തിരുത്തുകൾ നടത്തിയിരുന്നതും. അവസാനം ഉപ്പയെ  ഹോസ്പ്പിറ്റലിൽ കൊണ്ടുപോകുന്നതിന്റെ മുമ്പ് വീട്ടില്‍ പോയി കണ്ടു. കുറേ നേരം സംസാരിച്ചു. തിരിച്ചു പോരുന്ന നേരം സലാം പറഞ്ഞപ്പോൾ "നിന്റെ ടോൺ എന്താ മാറിയതെ"ന്ന് ചോദിച്ചു. അന്ന് നെറ്റിയില്‍ മുത്തി പിരിഞ്ഞുപോരുമ്പോൾ അറിയാൻ കഴിഞ്ഞില്ല, അസ്റാഈൽ പടിവാതില്‍ക്കല്‍ കാത്തിരിക്കയാണെന്ന്.
  ഇനി ഉപ്പ ഇല്ലാത്ത ലോകത്ത് ജീവിക്കാന്‍ പരിചയിക്കണം. എന്തിനും ഏതിനും വിളിച്ചു പരിഹാരം തേടിയിരുന്ന ഉപ്പ ഇല്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളണം. ഏത് പ്രയാസഘട്ടത്തിലും  ആശ്വാസം കണ്ടെത്തിയിരുന്നത് ആ നെഞ്ചില്‍ ചാരുമ്പോഴായിരുന്നല്ലോ. അങ്ങനെ ഒരു ചുമലില്ല എന്ന ബോധ്യത്തോടെ മുന്നോട്ടു പോകാൻ പടച്ചവന്റെ അനുഗ്രഹത്തോടെ ഞങ്ങള്‍ മക്കൾ ഇനി കരുത്താർജിക്കണം. ഉപ്പയെക്കാൾ 15 വയസ്സ് മൂത്ത ഉപ്പയുടെ ജ്യേഷ്ഠൻ ഞങ്ങളുടെ മൂത്താപ്പ ഇപ്പോഴുമുണ്ട്. "എന്നെ ഈ ദുനിയാവിൽ നിർത്തി എന്റെ കുട്ടിയെ എന്തിനാണ് കൊണ്ടുപോയത്" എന്നായിരുന്നു മൂത്താപ്പയുടെ പരിഭവം. അവർ കൂടപ്പിറപ്പുകൾ തമ്മിലുള്ള സ്നേഹവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഉപ്പയുടെ വിയോഗം വലിയൊരു വിടവ് തന്നെയാണ്. അങ്ങ് ജന്നാത്തുൽ ഫിർദൗസിൽ നാഥന്റെ ചാരെ സ്വർഗീയാനുഭവങ്ങളിലാണല്ലോ എന്നോർക്കുമ്പോൾ സമാധാനവും ആശ്വാസവും. l
( സുമയ്യ മുഹമ്മദ് സലീം, സലീം മൗലവിയുടെ മൂത്ത മകൾ) 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 13-14
ടി.കെ ഉബൈദ്

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്