Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 22

3319

1445 റബീഉൽ അവ്വൽ 07

ലോകത്തിന് കാരുണ്യമായ നിയോഗം

ഡോ. അക്‌റം ദിയാഉല്‍ ഉമരി

''നിങ്ങള്‍ക്കിടയില്‍ നിങ്ങളില്‍നിന്നു തന്നെ ഒരു ദൈവദൂതന്‍ ഇതാ ആഗതനായിരിക്കുന്നു. നിങ്ങള്‍ വിഷമിക്കുന്നത് അദ്ദേഹത്തിന് അസഹ്യമാണ്. നിങ്ങളുടെ വിജയത്തില്‍ അതീവ തല്‍പരനാണദ്ദേഹം. സത്യവിശ്വാസികളോട് അലിവും കാരുണ്യവുമുള്ളവനുമാകുന്നു'' (അത്തൗബ 128).
ദൈവദൂതന്‍ അറബിയാണ്. വിശ്രുത പാരമ്പര്യമുള്ള ഖുറൈശി വംശജനാണ്. അദ്ദേഹത്തിന്റെ പാരമ്പര്യ വിശുദ്ധിയില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിട്ടില്ല. അറബികളെ സംബോധന ചെയ്ത് ദൈവദൂതന്‍ നിങ്ങളില്‍നിന്ന് തന്നെയാണെന്ന് അല്ലാഹു ഉണര്‍ത്തുന്നതിന്റെ ധ്വനി, അദ്ദേഹം അവരുടെ ഗുണകാംക്ഷിയും അവരെ സ്‌നേഹിക്കുന്നവനും അവരോട് അനുകമ്പയുള്ളവനും ആര്‍ദ്രചിത്തനും അവരുടെ സന്മാര്‍ഗ പ്രാപ്തിയില്‍ അങ്ങേയറ്റം തല്‍പരനുമാണെന്നുമാണ്. അവരുടെ അപഭ്രംശം അദ്ദേഹത്തിന് മനഃക്ലേശമുളവാക്കുന്നതും അവരുടെ സന്മാര്‍ഗ ഗമനം അദ്ദേഹത്തിന് സന്തോഷദായകമാണെന്നുമാണ്. ദൈവത്തില്‍നിന്ന് അദ്ദേഹത്തിന് ലഭിച്ച കാരുണ്യത്തിന്റെ വരപ്രസാദം സുതരാം വ്യക്തമാക്കുന്ന നിരവധി നബിവചനങ്ങള്‍ വന്നിട്ടുണ്ട്. തന്റെ മരണം തന്റെ സമുദായത്തിന് മുമ്പേ സംഭവിക്കുമെന്നത് അതില്‍ ഒന്നാണ്: ''അല്ലാഹു തന്റെ ദാസന്മാരില്‍ ഒരു വിഭാഗത്തിന് കാരുണ്യമാഗ്രഹിച്ചാല്‍ അവരുടെ പ്രവാചകനെ നേരത്തെത്തന്നെ തിരിച്ചുവിളിച്ചിരിക്കും. അത് ആ പ്രവാചകന് അല്ലാഹു നല്‍കുന്ന സന്തോഷമാണ്. തനിക്ക് ശേഷം തന്റെ കാലടികളെ അനുധാവനം ചെയ്യുന്ന സമൂഹത്തെ വിട്ടേച്ചുകൊണ്ടാണല്ലോ എന്നോര്‍ത്ത് ആ പ്രവാചകന്‍ പുളകം കൊള്ളും.
ഇനി അല്ലാഹു ഒരു സമുദായത്തെ ശിക്ഷിക്കാനുറച്ചാല്‍, ആ പ്രവാചകന്‍ ജീവിച്ചിരിക്കെത്തന്നെ അവരുടെ നാശം സംഭവിച്ചിരിക്കും. ശിക്ഷ ആ പ്രവാചകന് കണ്ടുനില്‍ക്കേണ്ടിവരും. തന്നെ ധിക്കരിക്കുകയും തിരസ്‌കരിക്കുകയും ചെയ്ത ജനവിഭാഗത്തിന്റെ അന്ത്യം കണ്ണാലെ കാണും ആ പ്രവാചകന്‍'' (മുസ്്‌ലിം).
ഇസ്്‌ലാമിക പ്രബോധന ദൗത്യ നിര്‍വഹണത്തിന് പ്രവാചകന്‍ ത്വാഇഫിലേക്ക് ചെന്നപ്പോള്‍, ആ ജനത അദ്ദേഹത്തെ ആട്ടിയോടിക്കുകയും കളവാക്കി തള്ളുകയും ചെയ്തു. പ്രവാചകന്റെ കാലില്‍നിന്ന് രക്തമൊലിച്ചിറങ്ങി. അത്ര കഠിനമായ കല്ലേറായിരുന്നു. പര്‍വതങ്ങള്‍ മറിച്ചിട്ട് ആ  ജനസമൂഹത്തെ ശിക്ഷിക്കാമെന്ന അല്ലാഹുവിന്റെ നിര്‍ദേശം പ്രവാചകന്‍ നന്ദിപൂര്‍വം നിരസിച്ചതിങ്ങനെയാണ്: ''അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനില്‍ ഒരു നിലക്കും പങ്കുചേര്‍ക്കുകയും ചെയ്യാത്ത ഒരു തലമുറക്ക് അവര്‍ ജന്മം നല്‍കിയെങ്കിലോ! അതിനാല്‍ അങ്ങനെ ഒരു ശിക്ഷ വേണ്ട'' (ബുഖാരി).
പ്രവാചകന്‍ ജീവിതകാലത്ത് തന്നെ തന്റെ സമുദായത്തിന് രക്ഷാ കവചമായിരുന്നു. പ്രവാചകന്റെ മരണശേഷം അവര്‍ നടത്തുന്ന പാപമോചന പ്രാര്‍ഥന അവരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും അല്ലാഹു അറിയിച്ചു: ''എന്നാല്‍ നീ അവരില്‍ ഉണ്ടായിരിക്കെ, അല്ലാഹു അവരെ ശിക്ഷിക്കാന്‍ പോകുന്നില്ല. ജനം പാപമോചനം അര്‍ഥിച്ചുകൊണ്ടിരിക്കെ അവര്‍ക്ക് ശിക്ഷ നല്‍കുക അല്ലാഹുവിന്റെ വഴക്കവുമല്ല'' (അല്‍ അന്‍ഫാല്‍ 33). ആ പ്രവാചകന്‍ തന്റെ ജീവിതകാലത്തും മരണശേഷവും വിശ്വാസികള്‍ക്ക് കാരുണ്യമാണ്. 
ഖുര്‍ആന്‍ വ്യക്തമാക്കിയതു പോലെ പ്രവാചകന്‍ സര്‍വ ലോകത്തിനും അനുഗ്രഹമാണ്. ''പ്രവാചകാ, ലോകര്‍ക്ക് അനുഗ്രഹമായിട്ടു മാത്രമാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്'' (അല്‍ അമ്പിയാഅ് 107). ''അല്ലയോ പ്രവാചകാ, സാക്ഷിയായും സുവിശേഷകനായും മുന്നറിയിപ്പുകാരനായും അല്ലാഹുവിന്റെ ഹിതത്താല്‍ അവങ്കലേക്ക് ക്ഷണിക്കുന്നവനായും പ്രകാശിക്കുന്ന വിളക്കായും നാം നിന്നെ അയച്ചിരിക്കുന്നു'' (അല്‍ അഹ്‌സാബ് 45).
അനസുബ്‌നു മാലിക് ഓര്‍ക്കുന്നു: ''റസൂല്‍ മദീനയില്‍ കാല്‍കുത്തിയ ദിവസം, മദീനയിലെ സര്‍വ വസ്തുക്കളും വെട്ടിത്തിളങ്ങി. റസൂല്‍ വഫാത്തായ ദിവസം മദീന ഇരുട്ടിലാണ്ടു. വെളിച്ചമണഞ്ഞു. നബിയെ മറമാടിക്കഴിഞ്ഞതോടെ ഞങ്ങൾ ആകെ മാറി. ഞങ്ങള്‍ക്ക് ഞങ്ങള്‍ അന്യരായതുപോലെ തോന്നി. എല്ലാം കൈവിട്ടപോലെ'' (അഹ്്മദ്).
പ്രവാചകന്മാര്‍ക്ക് അല്ലാഹു ഉത്തരം നല്‍കുന്ന ഒരു പ്രാര്‍ഥനയുടെ വരം നല്‍കിയിട്ടുണ്ട്. അവര്‍ ധൃതി പിടിച്ച് പ്രാര്‍ഥിച്ച് അവസരം ഉപയോഗപ്പെടുത്തി. പക്ഷേ, നബി തന്റെ സമുദായത്തിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ് ആ പ്രാര്‍ഥന. ''ഓരോ പ്രവാചകനുമുണ്ട് ഒരു പ്രാര്‍ഥനക്ക് ഉത്തരം കിട്ടുമെന്ന വരസിദ്ധി. എല്ലാ പ്രവാചകന്മാരും ആ അവസരം നേരത്തെ ഉപയോഗിച്ചു. പക്ഷേ, ഞാന്‍ എനിക്കുള്ള വരം എന്റെ സമുദായത്തിന്റെ ശഫാഅത്തിനായി കരുതിവെച്ചിരിക്കുകയാണ്'' (ബുഖാരി, മുസ്്‌ലിം).
കാരുണ്യത്തിന്റെ സാരാംശങ്ങളെല്ലാം മുഹമ്മദ് നബിയുടെ ദൗത്യത്തില്‍ പ്രകടമാണ്. പൂര്‍വ സമുദായങ്ങളില്‍ കാണായ ഭാരങ്ങളും കൂച്ചുവിലങ്ങുകളും ചങ്ങലക്കെട്ടുകളും ഈ സമുദായത്തില്‍ കാണില്ല. ഈ സമുദായത്തിന് ദീന്‍ ലളിതമാക്കുകയും ക്ലേശങ്ങളില്‍നിന്ന് മുക്തി നല്‍കുകയും ചെയ്തിരിക്കുന്നു. ''ദീനില്‍ നിങ്ങളുടെ മേല്‍ യാതൊരു ക്ലിഷ്ടതയും ഉണ്ടാക്കിവെച്ചിട്ടില്ല'' (അല്‍ ഹജ്ജ് 78).

കരുണയുടെ മനുഷ്യാകാരം
റസൂലിന്റെ അന്തരംഗം കാരുണ്യത്തിന്റെ നിറവില്‍ പ്രശോഭിതമായി. തന്റെ അനുയായികള്‍ ദയാലുക്കളും ആര്‍ദ്രചിത്തരുമാകണമെന്ന് പ്രവാചകന്‍ ഉപദേശിച്ചു. അനസുബ്‌നു മാലിക് സാക്ഷ്യപ്പെടുത്തുന്നു: ''അല്ലാഹുവിന്റെ ദൂതനെപ്പോലെ കുട്ടികളോട് കരുണാപൂര്‍വം പെരുമാറുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല'' (മുസ്്‌ലിം). സൈദുബ്‌നു ഹാരിസ അനുസ്മരിക്കുന്നു: ''തന്റെ കുഞ്ഞ് മരിച്ചെന്നും നബി ഉടനെ എത്തണമെന്നും പറഞ്ഞു മകള്‍ ആളയച്ചു. നബി ഒരു ദൂതനെ അയച്ചു. 'അവര്‍ക്ക് സലാം പറയുക. അവരോട് പറയുക: അല്ലാഹു എടുത്തതെല്ലാം അല്ലാഹുവിനുള്ളതാണ്. അവൻ നല്‍കിയതൊക്കെയും അവന്നുള്ളതാണ്. അവന്റെ പക്കല്‍ എല്ലാറ്റിനും കൃത്യമായ അവധിയുണ്ട്. അവര്‍ ക്ഷമിക്കട്ടെ. അല്ലാഹു പ്രതിഫലം നല്‍കും.'' നബി വരിക തന്നെ വേണമെന്ന് മകള്‍ ശഠിച്ചു പറഞ്ഞു. നബി അവരുടെ വീട്ടിലേക്ക് തിരിച്ചു. കൂടെ സഅ്ദുബ്‌നു ഉബാദയും മുആദുബ്‌നു ജബലും ഉബയ്യുബ്‌നു കഅ്ബും സൈദുബ്‌നു സാബിതും ഒക്കെയുണ്ട്. കുഞ്ഞിനെ നബിയുടെ സവിധത്തില്‍ കൊണ്ടുവന്നു വെച്ചു. നബി വിറച്ച് വിതുമ്പുന്നു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.
അപ്പോള്‍ സഅ്ദ്: ''റസൂലേ, എന്താണിങ്ങനെ?'' നബി പ്രതിവചിച്ചു: ''തന്റെ ദാസന്മാരുടെ ഹൃദയങ്ങളില്‍ അല്ലാഹു നിക്ഷേപിച്ച കരുണയാണിത്. തന്റെ ദാസന്മാരില്‍ ദയാലുക്കളോടാണ് അല്ലാഹു കരുണ കാട്ടുക'' (ബുഖാരി).
സേനാ നായകര്‍ക്ക് നബി കൊടുത്ത കല്‍പന: ''നിങ്ങള്‍ ചിത്രവധം ചെയ്യരുത്. കുഞ്ഞുങ്ങളെ കൊല്ലരുത്'' (മുസ്്‌ലിം).
മനുഷ്യരിലേക്ക് മാത്രമല്ല, ജന്തുക്കളിലേക്കും ആ കാരുണ്യം ഒഴുകിപ്പരന്നു. ഇബ്‌നു മസ്ഊദ് ഓര്‍ക്കുന്നു: ''ഞങ്ങള്‍ നബിയോടൊപ്പം ഒരു യാത്രയിലാണ്. കുറെ ഉറുമ്പു കൂട്ടങ്ങളെ ആരോ അഗ്നിക്കിരയാക്കിയത് നബിയുടെ ശ്രദ്ധയില്‍ പെട്ടു. നബി രോഷാകുലനായി പറഞ്ഞു: ''അല്ലാഹു ശിക്ഷിക്കുന്നതു പോലെ ശിക്ഷിക്കാന്‍ ആര്‍ക്കും അവകാശമില്ല'' (അഹ്്മദ്).
സഈദുബ്‌നു ജുബൈര്‍: ''ഒരു കോഴിയെ നാട്ടക്കുറിയാക്കി കെട്ടിയിട്ട് കല്ലുകൊണ്ട് എറിഞ്ഞ് രസിക്കുന്ന ആളുകളെ ഇബ്‌നു ഉമര്‍ കാണാനിടയായി. ആരാണിങ്ങനെ ചെയ്യുന്നത്? ഇങ്ങനെ ചെയ്യുന്നവരെ റസൂല്‍ ശപിച്ചിരിക്കുന്നു'' (മുസ്്‌ലിം).
ഒരാള്‍ നബിയോട്: ''ദൈവദൂതരേ, ആടിനെ അറുക്കുമ്പോള്‍ എനിക്ക് അതിനോട് ദയ തോന്നാറുണ്ട്. നബി: ആടിനോട് നീ കരുണാപൂര്‍വം പെരുമാറിയാല്‍ അല്ലാഹു നിന്നോടും കരുണ കാട്ടും. എല്ലാറ്റിലും വേണം നന്മയെന്ന് അല്ലാഹുവിന് നിര്‍ബന്ധമുണ്ട്. നിങ്ങള്‍ ജന്തുക്കളെ കൊല്ലുകയാണെങ്കില്‍ അതിലും വേണം ഉദാരത. അറുക്കുമ്പോള്‍ അതിലും ദീക്ഷിക്കണം നന്മ. കത്തിക്ക് നല്ല മൂര്‍ച്ച കൂട്ടണം. ഉരുവിന് ആശ്വാസമാകട്ടെ'' (മുസ്്‌ലിം).
ദയാപരനായ ദൈവദൂതന്‍ അനുയായി വൃന്ദത്തിന് പൂര്‍വകാല കഥകള്‍ പറഞ്ഞു കൊടുക്കും. അവരില്‍ കരുണയുടെയും അലിവിന്റെയും വികാരങ്ങള്‍ ഉജ്ജീവിപ്പിക്കാന്‍ ഒരു കഥ പ റഞ്ഞു റസൂല്‍: ''ഒരാള്‍ വഴിയിലൂടെ നടന്നുപോവുകയാണ്. കഠിന ദാഹം. അരികില്‍ കണ്ട കിണറില്‍ ഇറങ്ങി അയാള്‍ വെള്ളം കുടിച്ചു. പുറത്ത് വന്നപ്പോള്‍ അയാള്‍ കാണുന്നു; ഒരു നായയുണ്ട് നാവ് നീട്ടി കിതച്ചുനില്‍ക്കുന്നു. ദാഹം സഹിക്കവയ്യാതെ മണ്ണ് തിന്നുകയാണ് അത്. അയാള്‍ ആത്മഗതം ചെയ്തു. എനിക്ക് അനുഭവപ്പെട്ടത് പോലുള്ള ദാഹം ആ നായക്കും അനുഭവപ്പെട്ടിരിക്കാമല്ലോ. അയാള്‍ കിണറ്റിലിറങ്ങി. തന്റെ പാദരക്ഷ നിറയെ വെള്ളം കോരിയെടുത്തു. വായകൊണ്ട് അത് കടിച്ചുപിടിച്ചു കിണറ്റില്‍നിന്ന് പുറത്തെത്തി. വെള്ളം നായയെ കുടിപ്പിച്ചു. അല്ലാഹു അയാള്‍ക്ക് നന്ദി രേഖപ്പെടുത്തി. അയാളുടെ പാപങ്ങള്‍ പൊറുത്തുകൊടുത്തു. അവര്‍ ചോദിച്ചു: ''ദൈവദൂതരേ, മൃഗങ്ങളെ പരിചരിച്ചാലും ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമോ?'' നബി: ''എല്ലാ പച്ചക്കരളുള്ളതിലും പ്രതിഫലമുണ്ട്'' (ബുഖാരി, മുസ്്‌ലിം).
അനുയായികളുടെ ഹൃദയങ്ങളില്‍ ആ പ്രവാചകന്‍ കരുണ നട്ടുപിടിപ്പിച്ചു. മനുഷ്യനും ജന്തുക്കളുമൊക്കെ  ആ കാരുണ്യം അനുഭവിച്ചു. മനുഷ്യാവകാശങ്ങളെക്കുറിച്ച് ആധുനിക യുഗം സംസാരിക്കുന്നതിനു മുമ്പേ തന്നെ പ്രവാചകന്‍ അതിന്റെ വക്താവും പ്രയോക്താവുമായി. സ്‌നേഹ സാമ്രാജ്യത്തിലെ ജന്തുജീവിതം എങ്ങനെയാവുമെന്നും ആ പ്രവാചകന്‍ കാണിച്ചുകൊടുത്തു.
പ്രവാചകന്റെ നിയോഗം പ്രപഞ്ചത്തിന് കാരുണ്യമാണെന്നതില്‍ അത്ഭുതമില്ല. 'ജനങ്ങളേ, ദൈവദത്തമായ കാരുണ്യമാണ് ഞാന്‍' എന്ന് പ്രവാചകന്‍ തന്നെ പരിചയപ്പെടുത്തുന്നുണ്ട്. ആ പ്രവാചകന്റെ അധ്യാപനങ്ങള്‍ മര്‍ദിതന്റെ മുറിവുകളില്‍ ആശ്വാസ ലേപനമായിരിക്കും, ദുര്‍ബലരുടെയും പീഡിതരുടെയും തപിക്കുന്ന ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ തൂവല്‍ സ്പര്‍ശമായിരിക്കും ആ പ്രവാചകന്റെ മഹദ് ജീവിത ചരിത്രം. l
(അക്‌റം ദിയാഉല്‍ ഉമരി: ഇറാഖി ചരിത്രകാരന്‍. ഇസ്്‌ലാമിക ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1996-ല്‍ ഇസ്്‌ലാമിക പഠനങ്ങള്‍ക്ക് മലിക് ഫൈസ്വല്‍ അവാര്‍ഡ് നേടി. അസ്സീറത്തുന്നബവിയ്യത്തുസ്സ്വഹീഹ എന്ന വിശ്രുത ചരിത്രഗ്രന്ഥത്തിന്റെ രചയിതാവ്)
വിവ: പി.കെ ജമാല്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 13-14
ടി.കെ ഉബൈദ്

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്