Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 22

3319

1445 റബീഉൽ അവ്വൽ 07

വിവേകപൂർവം വർത്തിക്കുക

ഡോ. താജ് ആലുവ

ബഹ്‌റൈനിൽനിന്ന് തന്നെ കാണാനായി വന്ന നിവേദക സംഘത്തിലുണ്ടായിരുന്ന അശജ്ജുബ്‌നു അബ്‌ദിൽ ഖൈസിനെ പുകഴ്ത്തിക്കൊണ്ട് നബി(സ) പറഞ്ഞു:
إن فيك خَصلتينِ يُحِبُّهما الله: الحِلمُ والأناة “താങ്കളിൽ അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് ഗുണങ്ങളുണ്ട്: വിവേകവും അവധാനതയും”. ഇതിൽ ഒന്നാമതായി പറഞ്ഞ വിവേക (ഹിൽമ്)ത്തിന്റെ വിവക്ഷ ബുദ്ധിശക്തി, ക്ഷമ, ദേഷ്യം നിയന്ത്രിക്കാനുള്ള കഴിവ് (كظم الغيظ) എന്നൊക്കെയാണ്. ഇബ്്റാഹീം നബി(അ)യുടെ, ‘എന്റെ നാഥാ നീ എനിക്ക് സദ്‌വൃത്തനായ സന്താനത്തെ നൽകേണമേ’ എന്ന പ്രാർഥനക്കുത്തരമായി ഇസ്മാഈൽ നബി(അ)യെ നൽകിയതിനെക്കുറിച്ച് അല്ലാഹു പറഞ്ഞത്, فَبَشَّرْنَاهُ بِغُلَامٍ حَلِيم (നാം അദ്ദേഹത്തിന് വിവേകമതിയായ ഒരു പുത്രനെക്കുറിച്ച് സന്തോഷ വാർത്ത അറിയിച്ചു -അസ്സ്വാഫ്ഫാത്ത് 101) എന്നാണ്. ഇബ്റാഹീം നബി (അ) യെ അല്ലാഹു വിശേഷിപ്പിക്കുന്നതും إِنَّ إِبْرَاهِيمَ لَحَلِيمٌ أَوَّاهٌ مُّنِيبٌ  (ഇബ്‌റാഹീം വളരെ ക്ഷമാശീലനും ദയാലുവും സദാ പശ്ചാത്തപിച്ചു മടങ്ങുന്നവനുമായിരുന്നു -ഹൂദ്  75) എന്നാണ്. മറ്റൊരിടത്ത് അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ട് അല്ലാഹു പറയുന്നത് إِنَّ إِبْرَاهِيمَ لَأَوَّاهٌ حَلِيمٌ (നിശ്ചയമായും ഇബ്‌റാഹീം വളരെയേറെ പശ്ചാത്തപിക്കുന്നവനും കനിവുള്ള സഹനശീലനുമായിരുന്നു -അത്തൗബ 114) എന്നാണ്.
حِلم-നോട് അഭേദ്യമായി ബന്ധപ്പെട്ട ഒരു ഗുണവിശേഷമാണ് حِكْمَة അഥവാ യുക്തി, തത്ത്വദീക്ഷ എന്നത്. അതിനാല്‍ത്തന്നെ ഈ കുറിപ്പില്‍ ഈ രണ്ട് ഗുണവിശേഷങ്ങളും ചേർത്തു പറയാനാണ് ഉദ്ദേശിക്കുന്നത്. حِكْمَة കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ഏത്‌ കാര്യവും അതിന്റെ യഥാ സ്ഥാനത്ത്‌ മാത്രം ചെയ്യുക, എന്തെങ്കിലും സംസാരിക്കുമ്പോൾ അതു മൂലം ഉപകാരം വർധിപ്പിക്കുകയും ദോഷം കുറക്കുകയും ചെയ്യുന്ന സംസാരമായിരിക്കുക എന്നൊക്കെയാണ്. حليم എന്നതും حكيم എന്നതും അല്ലാഹുവിന്റെ 99 അതിവിശിഷ്ട നാമങ്ങളില്‍ എണ്ണപ്പെടുന്നവയാണ്. വിശുദ്ധ ഖുർആനിൽ അല്ലാഹു മഹാനായ ലുഖ്‌മാനെ പുകഴ്ത്തിക്കൊണ്ട് പറയുന്നു: وَلَقَدْ آتَيْنَا لُقْمَانَ الْحِكْمَةَ أَنِ اشْكُرْ لِلَّهِ ۚ وَمَن يَشْكُرْ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَن كَفَرَ فَإِنَّ اللَّهَ غَنِيٌّ حَمِيد (നാം ലുഖ്മാന്ന് തത്ത്വജ്ഞാനമരുളിയിട്ടുണ്ടായിരുന്നു. എന്തെന്നാല്‍, അല്ലാഹുവിനോടു നന്ദി കാണിക്കേണം. ഒരുവന്‍ നന്ദി കാണിക്കുന്നുവെങ്കില്‍ അത് അവന്റെ ഗുണത്തിനു വേണ്ടിത്തന്നെയാകുന്നു. കൃതഘ്‌നനാവുകയാണെങ്കിലോ, അല്ലാഹു യഥാര്‍ഥത്തില്‍ ആരെയും ആശ്രയിക്കാത്തവനും സ്വയം സ്തുത്യനുമാകുന്നു - ലുഖ്‌മാൻ 12). ഏത് കാര്യവും വിവേകത്തോടെയും യുക്തിഭദ്രമായും ചെയ്യുക എന്നത് ഒരു വിശ്വാസി ആർജിക്കേണ്ട സ്വഭാവ വിശേഷണങ്ങളിൽ പെട്ടതാണ്.
ഏതെല്ലാം സന്ദർഭങ്ങളിലാണ് حِكْمَة പ്രയോഗിക്കേണ്ടത്‌ എന്നത് ചുരുക്കി വിവരിക്കാം: ആദ്യമായി യുക്തിയും വിവേകവും ഉണ്ടാകേണ്ടത് ദീനിന്റെ കാര്യത്തിലാണ്. അല്ലാഹുവിന്റെ ദീൻ അനുസരിച്ച്‌ ജീവിക്കുക എന്നത്‌ തന്നെ ഏറ്റവും വലിയ حِكْمَة ആണ്. ഇമാം ഹസനുൽ ബസ്വരി (റ) പറയുന്നു: رَأْسُ الْحِكْمَةِ مَخَافَةُ اللهِ (ഹിക്മത്തിന്റെ ഉയർന്ന അവസ്ഥ അല്ലാഹുവിനെ ഭയപ്പെട്ട്‌ ജീവിക്കുക എന്നതാണ്). ഒരാളിൽനിന്ന് വിവേകം നീങ്ങിപ്പോകുമ്പോഴാണ് അയാൾ തെറ്റ് ചെയ്യുന്നത്. വിശുദ്ധ ഖുർആൻ പറയുന്നു: إِنَّمَا التَّوْبَةُ عَلَى اللَّهِ لِلَّذِينَ يَعْمَلُونَ السُّوءَ بِجَهَالَةٍ ثُمَّ يَتُوبُونَ مِن قَرِيبٍ فَأُولَٰئِكَ يَتُوبُ اللَّهُ عَلَيْهِمْ ۗ وَكَانَ اللَّهُ عَلِيمًا حَكِيمًا (അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടുന്ന പശ്ചാത്താപം, അവിവേകത്താല്‍ തിന്മ ചെയ്തുപോവുകയും അനന്തരം ഉടനെത്തന്നെ പശ്ചാത്തപിക്കുകയും ചെയ്തവരുടേതു മാത്രമാകുന്നു. അക്കൂട്ടരുടെ നേരെ അല്ലാഹു അവന്റെ കരുണാകടാക്ഷം തിരിക്കുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാണല്ലോ - അന്നിസാഅ് 17). ഇത്‌ വിശദീകരിച്ചുകൊണ്ട്‌ ഇബ്‌നു അബ്ബാസ്‌ (റ) പറയുന്നത്, അല്ലാഹുവിനെ അനുസരിക്കാതെ അവനെ ധിക്കരിക്കുന്ന എല്ലാവരും വിഡ്ഢികളാണ്, വിവേകം നഷ്ടപ്പെട്ടവരാണ് എന്നാണ്.
നമുക്ക് നിർബന്ധമായും حِكْمَة ഉണ്ടായിരിക്കേണ്ട മറ്റൊരു സന്ദർഭം, ആളുകളുമായുള്ള നമ്മുടെ പെരുമാറ്റത്തിലും സംസാരത്തിലുമാണ്. മറ്റുള്ളവരുമായി സംസാരിക്കുന്നതിലും പെരുമാറുന്നതിലുമൊക്കെ حِكْمَة ഇല്ലാതിരുന്നാൽ അത് പല പ്രശ്്നങ്ങളും സൃഷ്ടിച്ചേക്കാം. ഓരോ കാര്യങ്ങളും അതിന്റെ യഥാർഥ അർഥത്തിലും സ്ഥാനങ്ങളിലും മാത്രം കാണാതിരുന്നാൽ അത് നമ്മുടെ പരസ്‌പര ബന്ധങ്ങളിൽ വിള്ളലുണ്ടാക്കാൻ ഇടയാക്കിയേക്കാം. പലപ്പോഴും വ്യക്തികൾ തമ്മിലും കുടുംബങ്ങൾ തമ്മിലുമൊക്കെയുള്ള പ്രശ്്നങ്ങളുടെ മൂല ഹേതു حِكْمَة ഇല്ലാതെയുള്ള സംസാരമോ പെരുമാറ്റമോ ആകാം.
حِكْمَة അനുഗുണമാകുന്ന മറ്റൊരു മേഖല നമ്മുടെ തൊഴിൽ, അല്ലെങ്കിൽ നാം ഏർപ്പെട്ടുകൊണ്ടിരിക്കുന്ന വ്യവഹാരങ്ങൾ, നാം ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ എന്നിവയൊക്കെയാണ്.
ഇനി നമുക്ക് حِكْمَة നേടിയെടുക്കാൻ സഹായകമാകുന്ന മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഒന്നാമതായി إخلاص ഉണ്ടായിരിക്കണം. അതായത്, ആത്മാർഥതയോടെയും അതിയായ ആഗ്രഹത്തോടെയും അത് തന്റെ ലക്ഷ്യമാക്കി പണിയെടുക്കണം. ബോധപൂർവം حِكْمَة നേടിയെടുക്കാൻ ശ്രമിക്കുന്നതോടൊപ്പം അതിനു വേണ്ടി പ്രാർഥിക്കുകയും വേണം. നബി (സ) തന്നെ മാറോട് ചേർത്തുകൊണ്ട് اللَّهُمَّ عَلِّمْهُ الحِكْمَةَ (അല്ലാഹുവേ അദ്ദേഹത്തിനു حِكْمَة പഠിപ്പിച്ചു കൊടുക്കണേ) എന്ന് പ്രാർഥിച്ചിട്ടുണ്ടെന്ന് ഇബ്‌നു അബ്ബാസ് പറഞ്ഞതായി ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു. حِكْمَة ചിലർക്കെങ്കിലും ജന്മനാ നൽകപ്പെടുന്ന സവിശേഷ ഗുണമാണ്. എങ്കിലും ആത്മാർഥമായി ആഗ്രഹിക്കുന്നതിലൂടെയും അതിനു വേണ്ടിയുള്ള പരിശ്രമങ്ങളിലൂടെയും പ്രാർഥനയിലൂടെയും അത്‌ നേടിയെടുക്കാൻ വിശ്വാസികൾക്ക്‌ കഴിയേണ്ടതുണ്ട്‌ എന്നാണ് പ്രവാചകാധ്യാപനങ്ങളിൽനിന്ന് നമുക്ക്‌ മനസ്സിലാക്കാൻ സാധിക്കുന്നത്.  ഇബ്‌റാഹീം നബി (അ) ഇങ്ങനെ പ്രാർഥിച്ചിരുന്നതായി വിശുദ്ധ ഖുർ ആൻ പറയുന്നു: رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ  (നാഥാ, എനിക്ക് യുക്തിജ്ഞാനം പ്രദാനം ചെയ്യേണമേ, എന്നെ സജ്ജനങ്ങളില്‍ ചേര്‍ക്കേണമേ - അശ്ശുഅറാഅ് 83).
حِكْمَة ലഭിക്കാൻ നമുക്ക്‌ വേണ്ട മറ്റൊന്ന് ജ്ഞാനമാണ്. വിശുദ്ധഖുർആൻ പ്രവാചകന്റെ നിയോഗത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِّنْهُمْ يَتْلُوا عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ (നിരക്ഷരന്മാര്‍ക്കിടയില്‍ അവരിൽ നിന്നുതന്നെ ഒരു ദൈവദൂതനെ നിയോഗിച്ചത് അവനാകുന്നു. അദ്ദേഹം അവന്റെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുന്നു, അവരുടെ ജീവിതത്തെ സംസ്‌കരിക്കുന്നു. വേദവും തത്ത്വജ്ഞാനവും പഠിപ്പിച്ചു കൊടുക്കുന്നു - അല്‍ജുമുഅ 2). അറിവ്‌ നേടുന്നതിലൂടെയും വായനയിലൂടെയും حِكْمَة നേടുക എന്നത് ഒരു വിശ്വാസി ശീലിക്കേണ്ട ഒന്നാണ്. അറിവ് നേടുന്നതിലൂടെയാണ് ഒരാൾക്ക് ഉറച്ച വിശ്വാസിയാകാനും ശരിയായ നിലപാടുകളെടുക്കാനും കഴിയുക.
حِكْمَة നേടിയെടുക്കാനുള്ള മറ്റൊരു വഴി നമ്മുടെ അനുഭവങ്ങളാണ്. അബൂ ഹുറയ്റ (റ) നിവേദനം ചെയ്തതായി ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നബി (സ) പറഞ്ഞതായി കാണാം: لا يُلدَغُ المؤمنُ من جُحْرٍ واحد مرتين (ഒരു വിശ്വാസിക്ക് രണ്ട് പ്രാവശ്യം ഒരേ മാളത്തിൽനിന്ന് കടിയേല്‍ക്കുകയില്ല). അനുഭവങ്ങളുടെ അഭാവത്തിൽ നാം പല അബദ്ധങ്ങളിലും ചെന്നുചാടാറുണ്ട്. നമ്മുടെ കൗമാരക്കാരായ കുട്ടികളുടെ പ്രവർത്തനങ്ങൾ പലപ്പോഴും അപക്വമാകുന്നത് അവരുടെ അനുഭവ ജ്ഞാനത്തിന്റെ കുറവ് കൊണ്ടാണ്. മുതിർന്ന് ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് അവർ പക്വത കൈവരിക്കുന്നത്‌. ഒരാൾക്ക് സ്വന്തം അനുഭവങ്ങളിലൂടെ വിവേകവും കാര്യബോധവും യുക്തിയുമൊക്കെ നേടിയെടുക്കാൻ കഴിയുന്നില്ലെങ്കിൽ അതിനർഥം അയാൾ അനുഭവങ്ങളുടെ വെളിച്ചത്തിൽ حِكْمَة നേടിയെടുത്തിട്ടില്ല എന്നാണ്.
സ്വന്തം ജീവിതാനുഭവങ്ങൾക്ക് പുറമെ നമുക്ക്‌ ചുറ്റുമുള്ള ആളുകളെയും സംഭവങ്ങളെയും നിരീക്ഷിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുക എന്നതാണ് حِكْمَة ലഭിക്കാനുള്ള മറ്റൊരു മാർഗം. സ്വന്തം തെറ്റുകളിൽനിന്നും അനുഭവങ്ങളിൽനിന്നും പാഠങ്ങൾ പഠിക്കുന്നതു പോലെ തന്നെ മറ്റുള്ളവരുടെ തെറ്റുകളിൽനിന്നും അനുഭവങ്ങളിൽനിന്നും പാഠം പഠിക്കുന്നവരാണ് ബുദ്ധിമാന്മാർ. അങ്ങനെ ചെയ്തില്ലെങ്കിൽ പല അബദ്ധങ്ങളിലും ചെന്നുചാടുക എന്നത് സ്വാഭാവികമാണ്. ഉദാഹരണത്തിന് സാമ്പത്തിക രംഗത്ത് നടക്കുന്ന പല വിധ തട്ടിപ്പുകൾ, കുടുംബ ജീവിതത്തിലും വ്യക്തി ജീവിതത്തിലുമൊക്കെ നമുക്ക് ചുറ്റുമുള്ള ആളുകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ എന്നിവയൊക്കെ നാം കേൾക്കുകയോ അറിയുകയോ ചെയ്യുമ്പോൾ അത്തരം അബദ്ധങ്ങളിൽ വീഴാതിരിക്കാനുള്ള വിവേകം നമുക്കുണ്ടാകുന്നത്‌ അവരുടെ അനുഭവങ്ങളിൽനിന്ന് നാം പാഠം പഠിക്കുന്നതു കൊണ്ടാണ്.
حِكْمَةَ നേടാനുള്ള മറ്റൊരു മാർഗമാണ് ചരിത്ര പാഠങ്ങൾ. ചരിത്രം ആവർത്തിക്കുന്ന പ്രതിഭാസമാണ്. മുൻ കാല സമൂഹങ്ങളുടെയും വ്യക്തികളുടെയും രാജ്യങ്ങളുടെയും ഉത്ഥാന-പതനങ്ങളും വിജയ-പരാജയങ്ങളും വിശകലനം ചെയ്തുകൊണ്ട് പാഠമുൾക്കൊള്ളുന്നവരാണ് വിവേകമതികൾ. വിശുദ്ധ ഖുർആനിൽ മുൻകാല സമൂഹങ്ങളുടെ ചരിത്രങ്ങൾ ആവർത്തിച്ച് പ്രതിപാദിക്കുന്നത് അതിൽനിന്ന് വിശ്വാസികൾ പാഠമുൾക്കൊള്ളുന്നതിന് വേണ്ടിയാണ്. അത്തരം ചരിത്രങ്ങൾ വിശദീകരിച്ച ശേഷം ഖുർആൻ തന്നെ, ഇതിൽ തീർച്ചയായും ചിന്തിക്കുന്നവർക്ക് പാഠമുണ്ട് എന്ന് പല തവണ പറയുന്നുണ്ട്. ഉദാഹരണത്തിന്, ഖുർആൻ പറയുന്നു:
  إِنَّ فِي ذَٰلِكَ لَعِبْرَةً لِّأُولِي الْأَبْصَار (ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക് അതില്‍ മഹത്തായ പാഠമുണ്ട്- ആലു ഇംറാന്‍ 13). മറ്റൊരിടത്ത് പറയുന്നു: لَقَدْ كَانَ فِي قَصَصِهِمْ عِبْرَةٌ لِّأُولِي الْأَلْبَابِ (പൂര്‍വജനങ്ങളുടെ ഈ കഥകളില്‍, ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് പാഠമുണ്ട്- യൂസുഫ് 111). സൂറത്ത് ഖാഫിൽ പറയുന്നു: إِنَّ فِي ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُ قَلْبٌ أَوْ أَلْقَى السَّمْعَ وَهُوَ شَهِيد (നിശ്ചയമായും ചിന്തിക്കുന്നവർക്ക്, അല്ലെങ്കില്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുന്ന ഓരോ മനുഷ്യന്നും ഈ ചരിത്രത്തില്‍ പാഠം പഠിപ്പിക്കുന്ന ഉദ്‌ബോധനമുണ്ട്- ആയത്ത് 37).
ചുരുക്കത്തിൽ, ആത്മാർഥമായ പരിശ്രമങ്ങളിലൂടെ വിവേകവും യുക്തിബോധവും ആർജിച്ചെടുക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. സ്വന്തം അനുഭവങ്ങളും മറ്റുള്ളവരുടെ അനുഭവങ്ങളും വായനയും ശരിയായ അറിവ് നേടലും ചരിത്ര പഠനവുമൊക്കെ അത് നേടിയെടുക്കാനുള്ള മാർഗങ്ങളാണ്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 13-14
ടി.കെ ഉബൈദ്

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്