Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 22

3319

1445 റബീഉൽ അവ്വൽ 07

സഈദ് നൂർസിയുടെ പോരാട്ടങ്ങൾക്ക് തുടർച്ചയുണ്ട്

എ. റശീദുദ്ദീന്‍

തുര്‍ക്കിയയിലേക്കു പോകുന്ന മിക്ക വിനോദ സഞ്ചാരികളും ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ സ്മാരകങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇസ്പര്‍ട്ട നഗരത്തിലേക്ക് സ്വാഭാവികമായും എത്തിപ്പെടാറുണ്ട്. റോസാ പുഷ്പങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും തടാകങ്ങളുടെയുമൊക്കെ നഗരമായ ഇസ്പര്‍ട്ടയെ ആ നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനു വേണ്ടി മാത്രം ടൂര്‍ ഡയറിയില്‍ ഉള്‍പ്പെടുത്തുന്നവരാണ് മഹാഭൂരിപക്ഷം ടൂറിസ്റ്റുകളും. പമുക്കലെ പോലുള്ള അനത്തോലിയയിലെ ശേഷിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് റോഡുമാര്‍ഗം പോകുമ്പോള്‍ ഒരു ദിവസമെങ്കിലും ഇസ്പര്‍ട്ടയില്‍ രാപ്പാര്‍ക്കുന്നത് യാത്രാ ക്ലേശം കുറക്കാന്‍ സഹായിക്കുകയും ചെയ്യും. ഡെനിസ്‌ലിയും അനന്‍തല്യയും ഫെത്തിയേയും കൊണ്യയുമൊക്കെ ഇസ്പര്‍ട്ടയില്‍ നിന്ന് നാലു ദിശകളിലേക്കു പുറപ്പെട്ടുപോയാലെത്തുന്ന നഗരങ്ങളായതുകൊണ്ട്, സൗകര്യപ്രദമായ ഒരു ഇടത്താവളമാണ് ഈ മനോഹര നഗരം.
വാന്‍ തടാകത്തിനു സമീപമുള്ള ബിത്‌ലിസ് വിലായത്തിലായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ സുപ്രധാന മുജദ്ദിദുമാരില്‍ ഒരാളായ ഉസ്താദ് സഈദ് നൂര്‍സി ജനിച്ചതെങ്കിലും കർമജീവിതം കൊണ്ട് പില്‍ക്കാലത്ത് അദ്ദേഹം ഇസ്പര്‍ട്ടക്കാരനായി മാറുകയായിരുന്നു. രിസാലയെ നൂര്‍ എന്ന 120 വാള്യങ്ങളുള്ള ബൃഹത്തായ ഖുര്‍ആന്‍ വ്യാഖ്യാനം നൂര്‍സി എഴുതി പൂര്‍ത്തിയാക്കിയത് ഈ നഗരത്തില്‍ താമസിച്ച കാലത്താണ്. ഇസ്‌ലാമിക ഖിലാഫത്തിനെ ബ്രിട്ടീഷുകാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കമാല്‍ അത്താതുര്‍ക്ക് ചവിട്ടിക്കൂട്ടാന്‍ തുടങ്ങിയപ്പോള്‍ നൂര്‍സി തുര്‍ക്കിയയില്‍ നടത്തിയ ഐതിഹാസികമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടം ഇസ്പര്‍ട്ട കേന്ദ്രീകരിച്ചായിരുന്നു മുന്നോട്ടുപോയത്. സമീപകാലത്ത് റജബ് ത്വയ്യിബ് ഉർദുഗാന്റെ ഗവണ്‍മെന്റിനെ താഴെയിറക്കാന്‍ നടന്ന അട്ടിമറി ശ്രമത്തെ ചെറുത്തുതോൽപിച്ചതിന്റെ സ്മാരകം സ്ഥിതി ചെയ്യുന്നതും ഇസ്പര്‍ട്ടയിലാണ്. തുര്‍ക്കിയയുടെ ആത്മീയ നഗരം എന്ന ഖ്യാതി ഒരുപക്ഷേ കൊണ്യയുടേതായിരിക്കാം. പക്ഷേ, 20-ാം നൂറ്റാണ്ടില്‍ ഇസ്‌ലാമിനു വേണ്ടി നടന്ന എല്ലാ ചെറുത്തുനിൽപുകളുടെയും മർമസ്ഥാനമായിരുന്നു ഇവിടം.
ഇസ്പര്‍ട്ടയിലൂടെയുള്ള എന്റെ യാത്രകള്‍ക്ക് വഴികാട്ടിയായിരുന്ന മുര്‍ശിദ് അബിം, നൂര്‍സി പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ജേണീസ്റ്റ് ചാനലിനു വേണ്ടി ഇസ്തംബൂളില്‍ നടത്തിയ അന്വേഷണമാണ് എന്നെ ഇദ്ദേഹത്തിലേക്കെത്തിക്കുന്നത്. സാമൂഹിക സേവനത്തിനായി ചിലര്‍ ജീവിതം മാറ്റിവെക്കുന്ന പതിവ് നൂര്‍സി സംഘടനക്കകത്തുണ്ട്. ഇസ്‌ലാമിനു വേണ്ടി ജീവിതം സമർപ്പിച്ച ഇമാം നൂര്‍സി തന്നെയും വിവാഹം കഴിച്ചിരുന്നില്ല.  അദ്ദേഹത്തിന്റെ ആ പതിവ് അതേപടി പിന്‍പറ്റുന്ന ചില അനുയായികൾ, വിവാഹം കഴിക്കുകയോ ദുനിയാവിന്റെ മറ്റ് ആകര്‍ഷണങ്ങളില്‍ അകപ്പെടുകയോ ചെയ്യാറില്ല. അക്കൂട്ടത്തില്‍ പെട്ട, പ്രസ്ഥാനത്തിനു വേണ്ടി ജീവിതം വഖ്ഫ് ചെയ്ത സൂഫിയായിരുന്നു മുര്‍ശിദ്. തുര്‍ക്കിയയിലെ മിക്ക നഗരങ്ങളിലുമുള്ള ഒരു സൗമ്യ ആത്മീയ ധാരയാണ് ഇവരുടെ സംഘടനയായ നൂര്‍ജുലാര്‍. അതു തന്നെയും പലയിടത്തും പല പേരുകളിലാണ് അറിയപ്പെടുന്നത്. വെളിച്ചം എന്ന അര്‍ഥത്തില്‍ നൂര്‍ജ എന്നോ സന്ദേശം എന്ന അര്‍ഥത്തില്‍ രിസാല എന്നോ പൊതുവെ ഈ സംഘടനകളുടെ പേരുകളില്‍ കാണാറുണ്ട്. ഞാന്‍ കണ്ടിടത്തോളം ഏറ്റവും ക്ഷമയുള്ള ആത്മീയ ജീവികളായിരുന്നു അതിനകത്തുള്ളവരെല്ലാം. എപ്പോഴെങ്കിലുമൊരിക്കല്‍ അവരുടെ ഖുര്‍ആന്‍ ദര്‍സില്‍ പങ്കെടുക്കുകയോ അവരില്‍ ആരുമായെങ്കിലും പരിചയപ്പെടുകയോ ചെയ്താല്‍ അതു തന്നെയാണ് അവരുമായുള്ള സൗഹൃദത്തിന്റെ താക്കോല്‍. വീണ്ടുമൊരിക്കല്‍ കൂടി അവരുടെ സദസ്സുകളില്‍ ചെല്ലാത്തത് ഒരു വിഷയമേ ആയിരിക്കില്ല എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. പക്ഷേ, ഏതു നഗരത്തിലും എന്ത് ആവശ്യത്തിനും നിങ്ങള്‍ക്കവരെ ബന്ധപ്പെടാം. ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത മുർശിദ് അബിം എന്ന ഒരാള്‍  എനിക്കു വേണ്ടി ഇസ്പര്‍ട്ടയില്‍ കാത്തുനിന്നത്, അദ്ദേഹത്തെ അറിയുന്ന മറ്റാരെയോ പരിചയമുള്ള തുര്‍ക്കിയയിലെ ഒരു വിദ്യാര്‍ഥി ഫോണ്‍ ചെയ്ത് അഭ്യര്‍ഥിച്ചതനുസരിച്ചാണ്. പൊതുവെ വലിയ ഗമയോടെ നടക്കുന്ന തുര്‍ക്കിയക്കാരുടെ കൂട്ടത്തില്‍ നിന്ന് തികച്ചും വ്യത്യസ്തനായി, തണുപ്പകറ്റാന്‍ ഒരു പഴയ ഓവര്‍കോട്ടും പൊട്ടിത്തുടങ്ങിയ ഒരു ഷൂസും ധരിച്ച് അങ്ങേയറ്റം വിനയത്തോടെ അബിം ഒരു ദിവസം മുഴുവന്‍ എന്റെയൊപ്പം നടന്നു. അദ്ദേഹം പറയുന്നത് എനിക്ക് പൂര്‍ണമായും മനസ്സിലാക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
എന്നാല്‍, സഈദ് നൂര്‍സി സൂഫി ആയിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം പറയുക എളുപ്പമല്ല. നഖ്ശബന്ദി, ഖാദിരി ത്വരീഖത്തുകളുടെ ഭാഗമായിരുന്ന ചില ഉസ്താദുമാരാണ് അദ്ദേഹത്തെ പഠിപ്പിച്ചതെങ്കിലും ഇവരില്‍ ആരുടെയും മുരീദായി നൂര്‍സി മാറിയതിന് തെളിവുകളില്ല. ഖുഫ്‌റേല്‍വി, ലുത്വ്്ഫി, അവ്‌റേസി, ബഗ്ദാദി, സര്‍ഹിന്ദി തുടങ്ങിയ അക്കാലത്തെ അറിയപ്പെട്ട സൂഫീ ശൈഖുമാരുടെയൊക്കെ വിദ്യാര്‍ഥിയായിരുന്നു നൂര്‍സി. എന്നാല്‍, സൂഫീ ശൈഖ് എന്നതിനെക്കാളുപരി തന്നെ അധ്യാപകനായി പരിചയപ്പെടുത്താനാണ് അദ്ദേഹം ആഗ്രഹിച്ചത്. സൂഫിസത്തെ പഴങ്ങളോടും എന്നാല്‍ വിശ്വാസത്തെ ഭക്ഷണത്തോടുമാണ് നൂര്‍സി ഉദാഹരിച്ചത്. പഴങ്ങള്‍ കഴിക്കാതെയും ഒരാള്‍ക്ക് ജീവിക്കാം, എന്നാല്‍ ഭക്ഷണം കൂടാതെ കഴിയില്ല എന്നാണ് ഇതിലൂടെ അദ്ദേഹം പറയാന്‍ ശ്രമിച്ചത്.

പഴയ നൂര്‍സി, പുതിയ നൂർസി 
പ്രധാനമായും രണ്ടു ഘട്ടങ്ങളാണ് നൂര്‍സിയുടെ ജീവിതത്തില്‍ ഉണ്ടായിരുന്നത്.  ആദ്യ ഘട്ടം  തുര്‍ക്കിയയിലെ വാന്‍ പ്രവിശ്യയുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്. 1877-ല്‍ ഹിസാനിലെ നൂര്‍സ് ഗ്രാമത്തില്‍ മിര്‍സയുടെയും നൂരിയയുടെയും മകനായാണ്  നൂര്‍സിയുടെ ജനനം. പിതാവിന്റെയും മാതാവിന്റെയും വംശപരമ്പരകള്‍ പ്രവാചക പൗത്രന്‍മാരായ ഹസനിലേക്കും ഹുസൈനിലേക്കും എത്തിച്ചേരുന്ന ഒരു കുടുംബമായിരുന്നു അത്. ബിത്‌ലിസ് പ്രവിശ്യയുടെ ഭാഗമായ ഈ ഗ്രാമത്തിന്റെ ഇമാമായിരുന്ന സഹോദരന്‍ മുല്ലാ അബ്ദുല്ലയാണ് ഒന്‍പത് വയസ്സു വരെ നൂര്‍സിയെ ഖുര്‍ആന്‍ പഠിപ്പിച്ചത്. വേറെയും ധാരാളം പണ്ഡിതന്‍മാര്‍ ജീവിച്ച ആ ഗ്രാമത്തില്‍ ചര്‍ച്ചകളും സംവാദങ്ങളുമൊക്കെ പതിവായിരുന്നു. അവയിലെല്ലാം പങ്കുകൊള്ളാന്‍ തുടങ്ങിയ നൂര്‍സിയുടെ അനിതരസാധാരണമായ ഓർമശക്തിയും തത്ത്വശാസ്ത്ര യുക്തിയും വളരെ പെട്ടെന്നു തന്നെ ബിത്‌ലിസ് പ്രവിശ്യയിലെങ്ങും അറിയപ്പെടുകയും, 'കാലത്തിന്റെ പ്രകാശം' എന്ന അര്‍ഥത്തില്‍ ബദീഉസ്സമാന്‍ എന്ന പുതിയൊരു പേര് ജനങ്ങള്‍ അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. അന്നത്തെ ഉസ്മാനിയാ മദ്റസകളില്‍ പഠിപ്പിച്ച സിലബസ് ശൈഖ് മുഹമ്മദ് ജലാലി എന്ന ഉസ്താദിന്റെ കീഴില്‍ വെറും മൂന്നു മാസം കൊണ്ടാണ് ബദീഉസ്സമാന്‍ ഹൃദിസ്ഥമാക്കിയത്. അന്നത്തെ പതിവനുസരിച്ച് പണ്ഡിതന്‍മാര്‍ ധരിക്കുന്ന പ്രത്യേക തരം തലപ്പാവിന് നൂര്‍സി അര്‍ഹനായി.
എന്തായാലും മൂന്നു മാസം കൊണ്ട് തലപ്പാവ് നേടിയ വിദ്യാര്‍ഥിയുടെ പെരുമ വാന്‍ പ്രവിശ്യയിലെങ്ങും വ്യാപിച്ചതോടെ നൂര്‍സിയെ ഗവര്‍ണര്‍ സ്വന്തം കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. പിന്നീടുള്ള പതിനഞ്ച് വര്‍ഷക്കാലം ഗവര്‍ണറോടൊപ്പമായിരുന്നു നൂര്‍സിയുടെ ജീവിതം. പരമ്പരാഗത വിജ്ഞാനീയങ്ങള്‍ക്ക് പുറമെ സയന്‍സിന്റെയും ഗണിത ശാസ്ത്രത്തിന്റെയും പുതിയ ശാഖകള്‍ ഗവര്‍ണറുടെ ലൈബ്രറിയില്‍നിന്നാണ് നൂര്‍സി പരിചയപ്പെടുന്നത്. അക്കാലത്താണ്,  മുസ്‌ലിംകളെ ഖുര്‍ആനില്‍നിന്ന് അകറ്റാന്‍ പദ്ധതി തയാറാക്കണമെന്ന ആവശ്യവുമായി  കോളനിവല്‍ക്കരണത്തിന്റെ ചുമതലയുള്ള മന്ത്രി ഗ്‌ളാഡ്‌സ്റ്റണ്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ രംഗത്തെത്തുന്നത്. ഒരു കൈയില്‍ ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം ചരിത്ര പ്രസിദ്ധമായ ആ പ്രസംഗം നടത്തിയത്. ഈ ഗ്രന്ഥം കൈയിലുള്ളിടത്തോളം കാലം മുസ്‌ലിംകളെ കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്ന ഗ്‌ളാഡ്‌സ്റ്റന്റെ താക്കീത് ശ്രദ്ധയില്‍ പെട്ടതോടെ നൂര്‍സി ഒരു കാര്യം തീരുമാനിച്ചു. ബ്രിട്ടനെന്നല്ല ലോകത്താര്‍ക്കും മുസ്‌ലിംകളെ അകറ്റാന്‍ കഴിയാത്ത വിധം അതുല്യമായ, ഒരിക്കലും കെട്ടുപോകാത്ത ഒരു ഊര്‍ജസ്രോതസ്സാണ് ഖുര്‍ആനെന്ന് താന്‍ ലോകത്തിന് തെളിയിച്ചു കൊടുക്കും. അതിന് മുസ്‌ലിംകളുടെ വിദ്യാഭ്യാസ മേഖലയില്‍ കാര്യമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരും. മദ്റസത്തു സഹ്‌റ എന്ന പേരില്‍ വാന്‍ മേഖലയില്‍ ഒരു പുതിയ യൂനിവേഴ്‌സിറ്റി ആരംഭിക്കാന്‍ പദ്ധതിയിട്ട് അതിന് അനുമതി നേടിയെടുക്കുന്നതിനായി നൂര്‍സി ഇസ്തംബൂളിലേക്കു പുറപ്പെട്ടു. ഇവിടം തൊട്ടാണ് സഈദ് നൂര്‍സിയുടെ ജീവിതത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്.
യൂറോപ്പിന്റെ ഇസ്‌ലാം വിരുദ്ധതയെ ധൈഷണികമായി നേരിടണമെങ്കില്‍ മതവിദ്യാഭ്യാസ മേഖലയില്‍ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ടെന്ന് നൂര്‍സി തിരിച്ചറിഞ്ഞു. മതത്തെ കുറിച്ച് യൂറോപ്പ് പറയുന്നത് അതേപടി പിന്‍പറ്റലാണ് പരിഷ്‌കാരമെന്ന  ചിന്ത തുര്‍ക്കിയയില്‍ ആഴത്തില്‍ തന്നെ വേരുപിടിച്ചു കഴിഞ്ഞിരുന്നു. സയന്‍സും ഇസ്‌ലാമും കൂട്ടിക്കലര്‍ത്തുന്ന തന്റെ സിലബസിന് പിന്തുണയും തേടിയാണ് അദ്ദേഹം ഇസ്തംബൂളിലെത്തുന്നത്. പക്ഷേ, സുല്‍ത്താനോടൊപ്പമുണ്ടായിരുന്ന പണ്ഡിതവ്യൂഹം അദ്ദേഹത്തെ പരിഹസിച്ചു. വിദ്യാഭ്യാസ പരിഷ്‌കരണ രംഗത്ത് നൂര്‍സി മുന്നോട്ടുവെച്ച ആശയങ്ങള്‍ ശുദ്ധ ഭ്രാന്താണെന്നായിരുന്നു കൊട്ടാര പണ്ഡിത കേസരികള്‍ സുല്‍ത്താന് നല്‍കിയ ഉപദേശം. പക്ഷേ, നഗരത്തിലെ പള്ളികളിലും വിദ്വല്‍ സദസ്സുകളിലും പിന്തുണ തേടി നൂര്‍സി മുന്നോട്ടു പോയതോടെ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ നൂര്‍സിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു.  ഒറ്റ നോട്ടത്തില്‍ വിചിത്രമെന്നു തോന്നുന്ന നൂർസിയുടെ വേഷമായിരുന്നു അന്ന് കൂടുതലും പരിഹസിക്കപ്പെട്ടത്. യൂറോപ്പിന്റെ ഇസ്‌ലാം വിരുദ്ധതക്ക്  കുടപിടിച്ചു കൊടുത്ത തുര്‍ക്കിയയുടെ സ്ഥാപക നേതാവായ കമാല്‍ അത്താ തുര്‍ക്കിനും സഈദ് നൂര്‍സി കണ്ണിലെ കരടായി മാറി. നൂര്‍സിയെ ഇസ്പര്‍ട്ടയിലേക്ക് നാടു കടത്തുകയായിരുന്നു അത്താതുര്‍ക്ക്.
അത്താതുര്‍ക്കിനെയോ അദ്ദേഹത്തിന്റെ യജമാനന്‍മാരെയോ തരിമ്പും കൂസാതിരുന്ന നൂര്‍സിയുടെ പ്രശസ്തമായ ഒരു വാചകം ഇങ്ങനെയാണ്: "ബോള്‍ഷെവിക് മൂങ്ങകളുടെ ശബ്ദമാണ് ഇസ്‌ലാമിന്റെ രാജ്യമായ തുര്‍ക്കിയയില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു വലിയ സമൂഹത്തെ, വിശിഷ്യാ ഇവിടത്തെ യുവാക്കളെ ഈ മൂങ്ങകള്‍ മതരഹിതരാക്കി മാറ്റുന്നുണ്ട്. ഞാനതിനെതിരെ സമരം ചെയ്യും. ഈ സമരത്തിലൂടെയാണ് ഞാന്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്നതെങ്കില്‍ അതിലെനിക്ക് അൽപം പോലും ഭയമില്ല." കൊന്നാലും അത്താതുര്‍ക്കിന് വഴങ്ങില്ലെന്ന പ്രഖ്യാപനമായിരുന്നു അത്. 

ഇസ്പര്‍ട്ട ജീവിതത്തിന്റെ തുടക്കം 
കമാല്‍ അത്താതുര്‍ക്കിന്റെ 'മതേതര' പോലീസിനെ ഭയന്ന് സഈദ് നൂര്‍സി ഒളിജീവിതം നയിച്ച മൂന്നോ നാലോ വീടുകള്‍ ഇസ്പര്‍ട്ടയിലുണ്ട്. അക്കാലത്ത് മതം പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യാന്‍ പാടുണ്ടായിരുന്നില്ല. ഈ വീടുകളെല്ലാം തന്നെ ഇന്ന് അദ്ദേഹത്തിന്റെ സ്മാരകങ്ങളായി രൂപം മാറിയിരിക്കുന്നു. നൂര്‍സിയുടെ പുസ്തകങ്ങളും വസ്ത്രങ്ങളും വാച്ചും കണ്ണടയും ഫ്‌ളാസ്‌കും മുതല്‍, അദ്ദേഹം ഓടിക്കാറുണ്ടായിരുന്ന ഇസ്പര്‍ട്ടയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കാറിന്റെ നമ്പര്‍ പ്‌ളേറ്റുവരെ ഇവിടെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ടൈപ്പ് റൈറ്ററും സൈക്ലോ സ്‌റ്റൈല്‍ മെഷീനും എന്നു തുടങ്ങി, നിത്യജീവിതത്തില്‍ ഉപയോഗിച്ച വേറെയും പലതരം വസ്തുക്കള്‍ അക്കൂട്ടത്തിലുണ്ട്. തന്നെ കാണാന്‍ വരുന്നവര്‍ക്ക് സഈദ് നൂര്‍സി നല്‍കാറുണ്ടായിരുന്നത് പഴങ്ങളാണ്. മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സന്ദര്‍ശക മുറിയില്‍ ബാക്കിയുണ്ടായിരുന്ന ഏതാനും ഉറുമാന്‍ പഴങ്ങള്‍ അതിനകത്തെ മാംസളമായ ഭാഗങ്ങള്‍ മാറ്റിയതിനു ശേഷം തൊണ്ട് ഉണക്കി അതേപടി എടുത്തുവെച്ചത് ഇപ്പോഴുമുണ്ട്. ഒറ്റനോട്ടത്തില്‍ വലിയ പ്രത്യേകതകളൊന്നും തോന്നാത്ത ഒരു അലമാര അദ്ദേഹത്തിന്റെ മുറിയില്‍ സൂക്ഷിച്ചതു കാണാം. പക്ഷേ, ഒരു കാലഘട്ടം അടിച്ചേൽപിച്ചുകൊണ്ടിരുന്ന ഭീതിയുടെ ബാക്കിപത്രമാണത്. അത്താതുര്‍ക്കിന്റെ മതേതര പോലീസിനെ ഭയന്ന് ഈ അലമാരക്കകത്ത് കയറിയിരുന്നാണ് സഈദ് നൂര്‍സി രാത്രി കാലങ്ങളില്‍ രിസാലയെ നൂര്‍ എഴുതി പൂര്‍ത്തിയാക്കാറുണ്ടായിരുന്നത്. അതിനകത്ത് മെഴുകുതിരി കത്തിച്ചു വെച്ചാണ് നൂര്‍സി എഴുതിയിരുന്നത്. അക്കാലത്ത് പലതവണ ഇതേ വീട്ടില്‍ പോലീസ് നൂര്‍സിയെ അന്വേഷിച്ച് എത്തിയിരുന്നു.
ഇതര മതപണ്ഡിതരില്‍നിന്ന് വ്യത്യസ്തമായി ശാസ്ത്ര വിഷയങ്ങള്‍ സ്വയം പഠിച്ചു മനസ്സിലാക്കിയ നൂര്‍സി, മേഖലയിലുടനീളം ഇസ്‌ലാമിനെ ആധുനിക സങ്കേതങ്ങളുപയോഗിച്ച് പരിചയപ്പെടുത്താനാരംഭിച്ചു. ഇസ്‌ലാമിക് മദ്റസകളും യൂനിവേഴ്‌സിറ്റികളും രണ്ട് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് അന്ന് തുര്‍ക്കിയയില്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. ഇവ രണ്ടും ഒരുമിച്ചു കൊണ്ടുപോകുന്നതിന് സഹായകമായ പുതിയൊരു വിദ്യാഭ്യാസ പദ്ധതിയും നൂര്‍സി വാന്‍ ഗവര്‍ണറുടെ മുന്നിൽ വെച്ചു. 1914-ലെ ഒന്നാം ലോക യുദ്ധത്തെ തുടര്‍ന്ന് യൂനിവേഴ്‌സിറ്റിയുടെ നിർമാണം പാതി വഴിയില്‍ അവസാനിച്ചു. ഉസ്മാനീ ഖിലാഫത്ത് അവസാനിക്കുകയും കമാലിസത്തിന്റെ 'മതേതര' ഭരണം തുര്‍ക്കിയയില്‍ ശക്തിപ്പെടുകയും ചെയ്ത രണ്ട് ദശാബ്ദങ്ങളായിരുന്നു അത്. വാന്‍ പ്രവിശ്യയിലെ വിദ്യാഭ്യാസ പരിഷ്‌കരണ സംരംഭങ്ങള്‍ ഉപേക്ഷിച്ച് കുറെക്കൂടി വിശാലമായ ഇസ്‌ലാമിക നവോത്ഥാന ലക്ഷ്യങ്ങളുമായി നൂര്‍സി ഇസ്തംബൂളിലെത്തി. അവിടെനിന്നാണ് അത്താ തുര്‍ക്ക് ആദ്യം സ്വാധീനിക്കാന്‍ ശ്രമിക്കുകയും അത് പരാജയപ്പെട്ടപ്പോള്‍ ഇസ്പര്‍ട്ടയിലേക്ക് നാടു കടത്തുകയും ചെയ്തത്. ഇസ്പര്‍ട്ടയുമായുള്ള നൂര്‍സിയുടെ ബന്ധത്തിലേക്ക് വഴിയൊരുക്കിയത് ഇസ്തംബൂളിലെ ഈ താമസ കാലമാണ്. മതപരിഷ്‌കരണം എന്ന പേരില്‍ ഭൂമിയിലെ സകല അസംബന്ധങ്ങളും തുര്‍ക്കിയയിലേക്ക് അത്താ തുര്‍ക്ക് ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന കാലമാണത്. ബാങ്ക് വിളി തുര്‍ക്കിയ ഭാഷയിലേക്ക് മാറ്റുകയും സ്‌കാര്‍ഫ് നിരോധിക്കുകയുമൊക്കെ ചെയ്ത കാലം. നൂര്‍സിയെ നിശ്ശബ്ദമാക്കാന്‍ അദ്ദേഹത്തെ തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്ന വാഗ്ദാനവുമായി അത്താതുര്‍ക്ക് രംഗത്തുവന്നു. നൂര്‍സി അത് തള്ളി തന്റെ വിമര്‍ശനങ്ങളുമായി മുന്നോട്ടു പോയി.  ജീവന്‍ അപകടത്തിലാകുമെന്ന  ഘട്ടത്തിലാണ് അദ്ദേഹം ഇസ്പര്‍ട്ടയിലേക്ക് വരുന്നത്.

ഫത്ഹുല്ലാ ഗുലനും നൂര്‍സിയും 
ഇസ്‌ലാമും ശാസ്ത്രവും പരസ്പര വിരുദ്ധമല്ലെന്നും യുക്തിയെ ഇസ്‌ലാം നിരാകരിക്കുന്നില്ലെന്നുമുള്ള നൂര്‍സിയുടെ പാഠങ്ങളെ പുതിയ കാലത്ത് ഗുലന്‍ പ്രസ്ഥാനങ്ങളും മറ്റും ദുര്‍വ്യാഖ്യാനം ചെയ്തതാണ് കാണാനാവുക. അവിശ്വാസികളുടെ കാഴ്ചപ്പാടുകളാണ് മാനവികതയെ ലോകത്തുടനീളം ദുര്‍ബലമാക്കിയതെന്നും ഇതിനെ ചെറുക്കാന്‍ ഇസ്‌ലാം മതവിശ്വാസികളും മറ്റു മതവിശ്വാസികളും ഒരുമിച്ചു നില്‍ക്കണമെന്നും ഒരു ലേഖനത്തില്‍ നൂര്‍സി ആവശ്യപ്പെടുന്നുണ്ട്. പടിഞ്ഞാറും ഇസ്‌ലാമിക ലോകവും ധാർമികതക്കും അധാർമികതക്കുമിടയില്‍ ഒരുമിച്ചു നില്‍ക്കേണ്ടതുണ്ടെന്ന ഗുലന്‍ സങ്കൽപം ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെട്ടത്. അതുപക്ഷേ, ധാർമികത എന്ന തട്ടകത്തെക്കാളുപരി രാഷ്ട്രീയമായ ചില നീക്കുപോക്കുകളാവുകയാണ് ഗുലന്‍ പ്രസ്ഥാനത്തിനകത്ത് സംഭവിച്ചത്. അന്താരാഷ്ട്ര സാമ്പത്തിക-രാഷ്ട്രീയ സിദ്ധാന്തങ്ങളുമായി ഇസ്‌ലാം യോജിച്ചു പോകണമെന്നിടത്തോളം വിചിത്രമായ നിലപാടുകള്‍ വരെ ഗുലന്റേതായി പുറത്തു വന്നു. നൂര്‍സിയുടെ ആദ്യ ഘട്ടത്തില്‍ അദ്ദേഹം കാര്‍ക്കശ്യത്തോടെ രാഷ്ട്രീയത്തില്‍ ഇടപെട്ടതിന് തെളിവുകളുണ്ടെങ്കിലും രണ്ടാം ഘട്ടത്തില്‍ അദ്ദേഹം പൂര്‍ണമായും വിട്ടുനിന്നതാണ് ചരിത്രം. പിശാചില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും താന്‍ അല്ലാഹുവിനോട് ശരണം തേടുന്നു എന്ന  ഒരു പ്രാര്‍ഥന പോലും സഈദ് നൂര്‍സിയുടേതായി ഉദ്ധരിക്കപ്പെടാറുണ്ട്. സൂഫിയാണെന്ന് അവകാശപ്പെടുന്ന ഗുലന്റെ ജീവിതമാകട്ടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍കൊണ്ട് സമൃദ്ധവുമാണ്. 
വ്യക്തികളെ നേരിട്ട് സ്വാധീനിക്കുക വഴി രൂപപ്പെടുന്ന ആത്മീയ സംസ്‌കരണത്തിനാണ് നൂര്‍സി പ്രാധാന്യം നല്‍കിയതെങ്കില്‍ സാമൂഹികമായ മാറ്റങ്ങള്‍ക്ക് നവ ലിബറല്‍ രാഷ്ട്രീയ-സാമ്പത്തിക മാര്‍ഗങ്ങളാണ് ഗുലന്‍ പ്രസ്ഥാനങ്ങള്‍ അവലംബിക്കുന്നത്. ഗുലന്റെ കീഴില്‍ ലോകത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തികച്ചും ആധുനികമായ ഒരു വിദ്യാഭ്യാസ ശൈലി മുന്നോട്ടു വെക്കുമ്പോള്‍, ഇസ്‌ലാമിക മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതാണ് നൂര്‍സിയുടെ വിദ്യാഭ്യാസ സങ്കല്‍പ്പം.
ചിന്താപരമായി എതിരാണെങ്കിലും നൂര്‍ജു പ്രസ്ഥാനം ഇന്ന് തെരഞ്ഞെടുത്ത മാര്‍ഗം വലിയൊരളവില്‍ സൂഫിസമാണ്. നൂര്‍സിയുടെ ശിഷ്യനെന്ന് അഭിമാനിക്കുന്ന ഫത്ഹുല്ലാ ഗുലന്റേതാകട്ടെ കൃത്യമായ രാഷ്ട്രീയവുമാണ്. മുര്‍ശിദ് അബിം ഇതേകുറിച്ചൊക്കെ സംസാരിച്ചുവെങ്കിലും വിശദാംശങ്ങളിലേക്ക് എത്തുമ്പോഴൊക്കെ സംസാരം തുര്‍ക്കിയ ഭാഷയിലേക്ക് വഴിമാറിയതുകൊണ്ട് എനിക്കത് പൂര്‍ണമായും പകര്‍ത്തിയെടുക്കാനായില്ല. സഈദ് നൂര്‍സി പ്രസ്ഥാനത്തിന് ഉര്‍ദുഗാന്‍ ഗവണ്‍മെന്റുമായി നിലവില്‍ പ്രത്യക്ഷമായ വിയോജിപ്പുകളില്ല. മാത്രമല്ല, തന്റെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുന്നതില്‍ നര്‍ണായക പങ്കുവഹിച്ച ഉസ്താദുമാരില്‍ ഒരാളായാണ് ഉര്‍ദുഗാന്‍ നൂര്‍സിയെ അനുസ്മരിക്കുന്നത്. അതേസമയം ഉര്‍ദുഗാനെതിരെ വിമതനീക്കം നടത്തിയ ഫത്ഹ് ഗുലന്‍ മൂവ്‌മെന്റ് ഇസ്പര്‍ട്ട നഗരത്തിലാണ് ഏറ്റവും സജീവമായി പ്രവര്‍ത്തിച്ചിരുന്നത്. 'ജൂലൈ 15 അട്ടിമറി' എന്ന പേരില്‍ അറിയപ്പെടുന്ന ഈ നീക്കത്തെ അടിച്ചമര്‍ത്തിയതിന് നഗരത്തില്‍ വലിയൊരു സ്മാരകം തന്നെ ഉര്‍ദുഗാന്‍ സ്ഥാപിക്കുകയുമുണ്ടായി.  നൂര്‍സി മുന്നോട്ടുവെച്ച മഹത്തായ ആശയങ്ങളെ തെറ്റായി വായിച്ച ഒരു സംഘമായിരുന്നു ഈ കലാപത്തിന് വഴിമരുന്നിട്ടത്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 13-14
ടി.കെ ഉബൈദ്

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്