Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 22

3319

1445 റബീഉൽ അവ്വൽ 07

സ്‌നേഹവാത്സല്യത്തിന്റെ വലിയ തണല്‍

ഡോ. സുഹൈല മുഹമ്മദ് സലീം

പഠനകാലത്ത് ഒരുപാട് കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട് ഞങ്ങളുടെ ഉപ്പ എം.വി മുഹമ്മദ് സലീം മൗലവിക്ക്. പാല്‍ വിറ്റ് നടന്ന സ്‌കൂള്‍ കാലവും താഴെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു ഫീസിനുള്ള കാശ് കണ്ടെത്തിയ കോളേജ് പഠനകാലവുമൊക്കെ ഉപ്പ കഥയായി പറഞ്ഞുതരുന്നത് കേട്ടിരിക്കുമ്പോള്‍ അതൊരു മോട്ടിവേഷന്‍ തന്നെ. നന്നായി പഠിക്കണമെന്നും എപ്പോഴും ഒന്നാമനാകണമെന്നും പറയും. ഒന്നാം സ്ഥാനം ഒരു തവണ ലഭിച്ചാല്‍ വീണ്ടും വീണ്ടും അത് ലഭിക്കാന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യും. ഒന്നാമന്‍ എന്നതിന്റെ ആവേശം ഞങ്ങള്‍ മക്കള്‍ക്കും പകര്‍ന്നുതന്നിരുന്നു. വിജയങ്ങളെ സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കാനും ഉപ്പ മറന്നിരുന്നില്ല. ആ പ്രചോദനം തന്നെയാണ് പഠിച്ച സ്ഥാപനങ്ങളിലൊക്കെ ഒന്നാമതായി പാസ്സാകാനും വിജയങ്ങള്‍ കരസ്ഥമാക്കാനും ഞങ്ങള്‍ മക്കളെയെല്ലാം സഹായിച്ചത്. അടുത്തിടെ ജ്യേഷ്ഠത്തിയുടെ മകൾ 'ഹെവന്‍സി'ല്‍ ഖത്ത്മുല്‍ ഖുര്‍ആന്‍ പൂര്‍ത്തീകരിച്ചപ്പോള്‍ അവള്‍ക്ക് മുസ്വ്്ഹഫ് സമ്മാനമായി കൊടുത്തത് വരെ നീളും ഈ പ്രചോദനങ്ങളുടെ കഥ.
കരാട്ടെ, സൈക്കിളിംഗ്, നീന്തല്‍, ഡ്രൈവിംഗ് ഇതൊക്കെ ഞങ്ങള്‍ മക്കളെ പഠിപ്പിച്ചിരുന്നു. സ്‌കൂള്‍ കഴിഞ്ഞു വന്നാല്‍ വീട്ടില്‍ ഉപ്പയുടെ കരാട്ടെ ക്ലാസ് ഉണ്ടാകും. അതു കഴിഞ്ഞാണ് കുളിക്കാനൊക്കെ പോവുക. മഗ്്രിബ് ബാങ്ക് കൊടുത്താല്‍ ജമാഅത്ത് നമസ്‌കാരം. അതു കഴിഞ്ഞാല്‍ മേശക്ക് ചുറ്റുമിരുന്ന് എല്ലാവരും ഖുര്‍ആന്‍ പാരായണം ചെയ്യലും ഹിഫ്‌ളും നിര്‍ബന്ധമായിരുന്നു. ശേഷം ഓരോരുത്തരും അവരവര്‍ക്ക് പഠിക്കാനും എഴുതാനുമുള്ളത് ചെയ്യണം. ഉപ്പ ഖത്തറിലേക്ക് തിരിച്ചു പോയിക്കഴിഞ്ഞാലും ഈ ശീലങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ ഉമ്മമാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓരോ വഖ്്ത്ത് നമസ്‌കാരവും ഉപ്പയുടെ നേതൃത്വത്തില്‍ ജമാഅത്തായി നിർവഹിക്കുക പണ്ടു മുതലേയുള്ള ശീലമാണ്. നമസ്‌കാര ശേഷം അല്‍പസമയം ചോദ്യോത്തര സെഷനുണ്ടാവും. റദമാനില്‍ ഉപ്പയുടെ നേതൃത്വത്തിലുള്ള തറാവീഹ് നമസ്‌കാരം വളരെ സ്‌പെഷ്യല്‍ ആയിരുന്നു. നാല് റക്അത്ത് കഴിഞ്ഞാല്‍ അതുവരെ ഓതിയ ഖുര്‍ആന്‍ ഭാഗത്തിന്റെ ചരിത്ര സഹിതമുള്ള ഒരു ക്ലാസ് ഉണ്ടാകും. കുട്ടികള്‍ക്കും മനസ്സിലാകുന്ന ലളിതമായ വിശദീകരണങ്ങള്‍.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് യുവജനോത്സവത്തിന് ഉപ്പ എഴുതി ഈണം നല്‍കി പഠിപ്പിച്ചു തന്ന പാട്ടുകള്‍ പാടി സമ്മാനങ്ങള്‍ വാങ്ങിക്കാന്‍ ഞങ്ങള്‍ക്ക് വലിയ ആവേശമായിരുന്നു. ടെക്‌നോളജിയില്‍ എപ്പോഴും അപ്‌ഡേറ്റഡ് ആയിരുന്നു ഉപ്പ. ഓരോ പുതിയ ഉപകരണവും പെട്ടെന്ന് തന്നെ ഉപയോഗിച്ചു തുടങ്ങുമായിരുന്നു. എല്ലാ നൂതന സാങ്കേതിക സംവിധാനങ്ങളും ആദ്യം തന്നെ ഞങ്ങളുടെ വീട്ടിലെത്തിയിരിക്കും.
എല്ലാവരും സ്വയം പര്യാപ്തരാകണമെന്നതായിരുന്നു ഉപ്പയുടെ രീതി. പെണ്‍കുട്ടികളായതിന്റെ പേരില്‍ അറിവ് നേടുന്നതില്‍ പിന്നോട്ട് പോകാന്‍ അനുവദിച്ചിരുന്നില്ല. മൂത്തവര്‍ കുറെ പേര്‍ ഉള്ളതുകൊണ്ടും കുറച്ചധിക കാലം ചെറിയ കുട്ടിയായി നടന്നതുകൊണ്ടുമാകാം വീട്ടില്‍നിന്ന് മാറിനില്‍ക്കുന്നത് എനിക്ക് വലിയ പ്രയാസമായിരുന്നു. ഉമ്മയെ വിട്ട് ഞാന്‍ എവിടെയും പോകാറുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എസ്.എസ്.എല്‍.സിക്ക് ശേഷം ഫാറൂഖ് കോളേജ് ഹോസ്റ്റലിലേക്കും ശേഷം ഹോമിയോ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്കും മാറേണ്ടിവന്ന ആദ്യകാലങ്ങള്‍ എനിക്ക് വളരെയധികം പ്രയാസമുള്ളതായിരുന്നു. BHMS-ന് മംഗലാപുരം Fr. Muller's ആണ് ഇന്ത്യയില്‍ തന്നെ നല്ല കോളേജ് എന്ന് പറഞ്ഞ് ഉപ്പയാണ് എന്നെ അവിടെ കൊണ്ട് ചേര്‍ത്തിയത്. ആദ്യത്തെ കുറച്ചു മാസങ്ങള്‍ സങ്കടവും കണ്ണീരുമായിരുന്നു. ഖത്തറിലായിരുന്ന ഉപ്പ ഉമ്മയില്‍നിന്ന് വിവരമറിഞ്ഞ് എനിക്കൊരു കത്തെഴുതി. എട്ട് പേജുള്ള ദീര്‍ഘമായ കത്ത്. അതിന്റെ തുടക്കത്തില്‍ എഴുതിയിരുന്നു: ''ഈ എഴുത്ത് വായിച്ചു കഴിഞ്ഞ് കീറിക്കളയാനുള്ളതല്ല. മോള്‍ ഇടക്കിടക്ക് എടുത്ത് വായിച്ചു നോക്കണം.'' വലിയ സപ്പോര്‍ട്ട് ആയിരുന്നു ആ എഴുത്ത്. പഠനകാലം ഭംഗിയായി കഴിയാനും ഉയര്‍ന്ന മാര്‍ക്കോടുകൂടി കോളേജില്‍നിന്ന് പുറത്തിറങ്ങാനും ആ കത്ത് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
എല്ലാവരോടും സ്‌നേഹമായിരുന്നു ഉപ്പാക്ക്. തനിക്ക് ഉപദ്രവം ചെയ്തവരോട് പോലും യാതൊരു പരിഭവവും ഇല്ലായിരുന്നു. ഒരിക്കല്‍ പോലും ഒരാളെക്കുറിച്ചും പരാതിയോ പരിഭവമോ പറഞ്ഞു കേട്ടിട്ടില്ല. കഴിഞ്ഞ റമദാനില്‍ ഉപ്പ അയച്ച ക്ഷമാപണത്തിന്റെ ശബ്ദസന്ദേശത്തില്‍ പറഞ്ഞ വാക്കുകള്‍ അക്ഷരംപ്രതി ശരിയാണ്- ''എന്റെ മനസ്സ് ശുദ്ധമാണ്, അതുപോലെ നിങ്ങളുടെ മനസ്സും എന്റെ നേരെ ശുദ്ധമായിരിക്കണം എന്ന് പ്രത്യേകം അപേക്ഷിക്കുകയാണ്.''
രോഗത്തിന്റെ അവസാന ഘട്ടം വരെ ശുഭപ്രതീക്ഷയോടെയാണ് ഉപ്പ ട്രീറ്റുമെന്റുകള്‍ എടുത്തിരുന്നത്. ഓരോ ചികിത്സ സ്വീകരിക്കുമ്പോഴും ഇതില്‍ എന്റെ റബ്ബ് എനിക്ക് ശിഫ തരും എന്ന ഉറച്ച വിശ്വാസമായിരുന്നു. ഇടക്കാലത്ത് കഠിന വേദന സഹിക്കുന്നത് കണ്ട് ഞങ്ങള്‍ വിഷമിക്കുമ്പോള്‍ ഉപ്പ പറയുമായിരുന്നു, ഇതൊക്കെ ഉപ്പാന്റെ പാപങ്ങള്‍ പൊറുത്തു തരാനാണ് മോളേ എന്ന്.
ഉപ്പ ഞങ്ങള്‍ക്ക് സ്‌നേഹനിധിയായ പിതാവ് മാത്രമായിരുന്നില്ല. അധ്യാപകനായിരുന്നു, ഡോക്ടറും എഞ്ചിനീയറുമായിരുന്നു, എല്ലാറ്റിലുമുപരി താങ്ങും തണലുമായിരുന്നു. ആ തണല്‍ നഷ്ടപ്പെട്ടതിന്റെ വിടവ് ഒരിക്കലും നികത്താനാവില്ല; വലിയ ഒരു ശൂന്യതയാണിപ്പോള്‍. ദാറുല്‍ അമാനിലെ ഓരോ തൂണിലും തുരുമ്പിലും ഉപ്പയുടെ ഓര്‍മകളാണ്. ഓരോ ചെടിക്കും മരങ്ങള്‍ക്കുപോലും പറയാനുണ്ട്, ഒരായിരം കഥകള്‍; സ്‌നേഹവാത്സല്യത്തിന്റെ കഥകള്‍! കാരുണ്യവാനായ റബ്ബ് ഉപ്പയോടൊപ്പം ജന്നാത്തുല്‍ ഫിര്‍ദൗസില്‍ നമ്മുടെ കുടുംബത്തെ ഒരുമിച്ചു കൂട്ടുമാറാകട്ടെ. l
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 13-14
ടി.കെ ഉബൈദ്

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്