Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 22

3319

1445 റബീഉൽ അവ്വൽ 07

മുഹമ്മദ് നബി സ്വഭാവ മഹിമയുടെ മകുടോദാഹരണം

സയ്യിദ് അബുൽ അഅ്ലാ മൗദൂദി

അല്ലാഹുവിന്റെ സ്മരണക്ക് ശേഷം പിന്നെ ഏറ്റവുമധികം അനുഗ്രഹം ലഭിക്കുന്ന സ്മരണ പ്രവാചക സ്മരണയാണെന്നതാണ് യാഥാര്‍ഥ്യം. ദൈവദൂതരുടെ പ്രവാചകത്വത്തിന് ഖുര്‍ആന്‍ മുന്നോട്ടുവെച്ച ചില തെളിവുകളെക്കുറിച്ച് സംക്ഷിപ്തമായി പ്രതിപാദിക്കാനാണ് ഞാനിവിടെ ഉദ്ദേശിക്കുന്നത്. ആ തെളിവുകളില്‍ ഏറ്റവും വലിയ തെളിവായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത് തിരുദൂതരുടെ സല്‍സ്വഭാവമാണ്.

وَإنَّكَ لَعَلى خُلُقٍ عَظيم  (തീര്‍ച്ചയായും മഹത്തായ സ്വഭാവത്തിനുടമയാണ് താങ്കള്‍).
തിരുദൂതരുടെ പ്രവാചകത്വം തള്ളിപ്പറഞ്ഞവരുടെ മുന്നില്‍ അല്ലാഹു സമര്‍പ്പിക്കുന്നത് തിരുമേനിയുടെ സ്വഭാവ ഗുണങ്ങളാണ്. ഇത്തരം സ്വഭാവ ഗുണങ്ങളുള്ള ഒരു മനുഷ്യനെ എങ്ങനെ നിങ്ങള്‍ക്ക് തള്ളിപ്പറയാന്‍ സാധിക്കുന്നു എന്നാണ് ഖുര്‍ആന്റെ ചോദ്യം.
എല്ലാ പക്ഷപാതിത്വങ്ങളും മാറ്റിവെച്ച് ആരെങ്കിലും ആ പവിത്ര ജീവിതത്തില്‍ ദൃഷ്ടി പതിപ്പിക്കുകയാണെങ്കില്‍ ആ ജീവിതം ഒരു നബിയുടേതല്ലാതെ മറ്റാരുടേതുമാകാന്‍ സാധ്യമല്ലെന്ന് അയാളുടെ ഹൃദയം സാക്ഷ്യം വഹിക്കുന്നതാണ്.

സ്വന്തക്കാരുടെ സാക്ഷ്യങ്ങള്‍
തിരുദൂതരുടെ വിശുദ്ധ ജീവിതത്തെ രണ്ട് ഘട്ടങ്ങളായി തരം തിരിക്കാവുന്നതാണ്: പ്രവാചകത്വത്തിന് മുമ്പുള്ള നാല്‍പത് വര്‍ഷത്തെ ജീവിതമാണ് ഒന്നാമത്തെ ഘട്ടം. പ്രവാചകത്വ ലബ്ധിക്ക് ശേഷമുള്ള 23 വര്‍ഷം രണ്ടാമത്തെ ഘട്ടവും. പ്രവാചകത്വത്തിന് ശേഷമാകട്ടെ തിരുമേനി 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലുമാണ് കഴിച്ചുകൂട്ടിയത്. പ്രവാചകത്വം ലഭിച്ച ശേഷം അതിന് മുമ്പത്തെ 40 വര്‍ഷത്തെ വിശദാംശങ്ങളിലേക്കൊന്നും പോകാതെ ഒറ്റ കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റെല്ലാവരെക്കാളും തിരുമേനിയെ കാണാന്‍ അവസരം ലഭിച്ചവരായിരുന്നു ആദ്യമായി തിരുമേനിയില്‍ വിശ്വസിച്ചിരുന്നതെന്ന് അപ്പോള്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്. ഹസ്രത്ത് ഖദീജ, ഹസ്രത്ത് അബൂബക്്ര്‍, ഹസ്രത്ത് അലി, ഹസ്രത്ത് സൈദുബ്‌നു ഹാരിസ എന്നിവര്‍ ഉദാഹരണം. ഹസ്രത്ത് അലി അന്ന് കേവലം എട്ട് വയസ്സുള്ള ബാലന്‍ മാത്രമായിരുന്നെന്ന് വേണമെങ്കില്‍ ഇസ്്‌ലാമിനോട് എതിര്‍പ്പുള്ള ഒരാള്‍ക്ക് പറയാം. നബി പോറ്റിവളര്‍ത്തിയ വ്യക്തിയായിരുന്നു അലി. അതിനാല്‍, അലി വിശ്വസിച്ചത് രക്ഷിതാവിന്റെ സമ്മര്‍ദത്താലാണെന്ന്  പറയാന്‍ പറ്റുമായിരുന്നു. എന്നാല്‍, അതായിരുന്നില്ല ഹസ്രത്ത് ഖദീജയുടെ സ്ഥിതി. അമ്പത്തിയഞ്ച് വയസ്സുകാരിയായിരുന്നു അവര്‍. പതിനഞ്ച് വര്‍ഷമായി തിരുദൂതരുടെ പത്‌നിയാണവര്‍. സ്വന്തം ഭര്‍ത്താവിന്റെ പതിവുകളും സമ്പ്രദായങ്ങളും പ്രകൃതവും സ്വഭാവ രീതികളും ഒരു ഭാര്യയെക്കാള്‍ അറിയുന്ന മറ്റാരാണുണ്ടാവുക. ഖുറൈശ് ഗോത്രത്തിലെ ഏറ്റവും വിദുഷിയായ വ്യക്തിത്വമായിരുന്നു ഹസ്രത്ത് ഖദീജ എന്നത് ചരിത്രത്തില്‍ തെളിഞ്ഞ ഒരു വസ്തുതയാണ്. പതിനഞ്ച് വര്‍ഷം തിരുനബിയോടൊപ്പം ജീവിച്ച ശേഷം അവരുടെ മുന്നില്‍ തിരുമേനി, തനിക്ക് ദൈവത്തിന്റെ വെളിപാട് ലഭിച്ചിരിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ അതിനെക്കുറിച്ച് അവര്‍ പ്രകടിപ്പിച്ച അഭിപ്രായത്തിൽനിന്ന് തന്നെ തിരുമേനിയുടെ സ്വഭാവ മഹിമ മനസ്സിലാക്കാവുന്നതാണ്. ഒരു നിമിഷം പോലും ചിന്തിക്കാന്‍ നില്‍ക്കാതെ, അല്ലാഹു താങ്കളെ ശരിക്കും നബിയാക്കിയിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് അതംഗീകരിക്കുകയാണ് അവര്‍ ചെയ്തത്. ഇത്രയും മഹത്തായ സ്വഭാവ ഘടനയോടു കൂടിയ ഒരു മനുഷ്യന്‍ തനിക്ക് അല്ലാഹുവിങ്കല്‍നിന്ന് പ്രവാചകത്വ സന്ദേശം ലഭിച്ചിരിക്കുന്നുവെന്ന് പറയുമ്പോള്‍ അദ്ദേഹം അപ്പറഞ്ഞത് തികച്ചും ശരിയാണെന്ന് അവര്‍ക്ക് ഉറച്ച ബോധ്യം വന്നത് സ്വാഭാവികം മാത്രം.
ഏതാണ്ട് തിരുമേനിയുടെ സമവയസ്‌കനായ അബൂബക്്ര്‍ ആയിരുന്നു രണ്ടാമത്തെ വ്യക്തി. പ്രായത്തില്‍ തിരുമേനിയില്‍നിന്ന് രണ്ട് വയസ്സ് മാത്രം ഇളയതായിരുന്നു അദ്ദേഹം; തിരുമേനിയുടെ പഴയ സുഹൃത്തും സന്തത സഹചാരിയും. സുഹൃത്തിനെക്കാള്‍ സുഹൃത്തിനെ അറിയാന്‍ മറ്റാര്‍ക്കാണ് കഴിയുക? സുഹൃത്തിന് സുഹൃത്തിന്റെ ഗുണങ്ങളും ദോഷങ്ങളുമെല്ലാം അറിയാന്‍ സാധിക്കും. തന്നെ അല്ലാഹു പ്രവാചക പദവിയാല്‍ അനുഗ്രഹിച്ചിരിക്കുകയാണെന്ന് തിരുമേനി അദ്ദേഹത്തോട് പറഞ്ഞപ്പോള്‍, ശരിക്കും തിരുമേനി അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയാണെന്ന് ഒരു നിമിഷം പോലും ചിന്തിക്കാന്‍ നില്‍ക്കാതെ അദ്ദേഹം സമ്മതിക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ മനസ്സില്‍ അതു സംബന്ധമായി യാതൊരു സംശയവും ഉദിച്ചില്ല. പ്രവാചകത്വത്തിന് മുമ്പ് തിരുമേനിയുടെ ജീവിതം അത്രയും പരിശുദ്ധമായിരുന്നുവെന്നാണ് അതിനര്‍ഥം. തിരുമേനി സത്യമായും പ്രവാചകത്വത്താല്‍ അനുഗൃഹീതനാണെന്ന് അബൂബക്‌റിനെപ്പോലുള്ള ഒരാള്‍ക്ക് ഉടന്‍ ബോധ്യം വരാന്‍ അത്രക്ക് ഉന്നതമായിരുന്നു പ്രവാചകന്റെ സ്വഭാവശുദ്ധിയും ക്യാരക്ടറും.
ഹസ്രത്ത് സൈദുബ്‌നു ഹാരിസയാണ് മൂന്നാമത്തെ വ്യക്തി. പരിപക്വ പ്രായത്തിലുള്ള ആളായിരുന്നു അദ്ദേഹം. കാലങ്ങളായി പ്രവാചകന്റെ വസതിയില്‍ സേവകനായി കഴിയുകയാണ്. ഒരു വീട്ടിലെ ഭൃത്യന് അല്ലെങ്കില്‍ ജോലിക്കാരന് ഗൃഹനാഥന്റെ എല്ലാ ജീവിതാവസ്ഥകളും അറിയാതിരിക്കില്ല. ഒരു ഗുണവും ദോഷവും അയാളുടെ ദൃഷ്ടിയില്‍നിന്ന് മറച്ചുവെക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ടാണ് ഹസ്രത്ത് സൈദും, തിരുമേനി പ്രവാചകത്വം അവകാശപ്പെട്ട ആ നിമിഷത്തില്‍ ലവലേശം സംശയമില്ലാതെ ഉടന്‍ പ്രവാചകനില്‍ വിശ്വസിച്ചത്; അല്ലാഹു തിരുമേനിയെ പ്രവാചകനാക്കിയിട്ടുണ്ടെങ്കില്‍ തിരുമേനി അതിനര്‍ഹനായതുകൊണ്ട് തന്നെയാണെന്ന് തല്‍ക്ഷണം അദ്ദേഹം വിശ്വസിച്ചത്.

ശത്രുക്കളുടെ സാക്ഷ്യം
തിരുമേനിയുടെ കഠിന ശത്രുക്കളുടെ പോലും സാക്ഷ്യം നേടാന്‍ കഴിഞ്ഞു എന്നതാണ് ആ സ്വഭാവ മഹിമയുടെ സത്യാവസ്ഥ എന്നത് സവിശേഷ പ രാമര്‍ശമര്‍ഹിക്കുന്നു. തിരുമേനി പ്രവാചകത്വം വാദിച്ചപ്പോള്‍ ഖുറൈശ് നേതാക്കളില്‍ തിരുമേനിയുടെ കഠിന ശത്രു പോലും, 'എങ്ങനെയാണ് മൂപ്പാ നിങ്ങള്‍ പ്രവാചകത്വം അവകാശപ്പെടുക' എന്ന് ജനമധ്യത്തില്‍ വെച്ച് ചോദിക്കുകയുണ്ടായില്ല. 'ഞാന്‍ എങ്ങനെയാണ് നിങ്ങളുടെ മധ്യേ ജീവിച്ചതെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടേ' എന്ന് തിരുമേനി ചോദിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം അത്യുന്നതവും അതീവ പരിശുദ്ധവുമായ തിരുമേനിയുടെ ജീവിതം തന്നെയായിരുന്നു. കവി, ആഭിചാരകന്‍, ഗണികന്‍ തുടങ്ങി അപഹാസ്യമായ പല ആരോപണങ്ങളും ശത്രുക്കള്‍ തിരുമേനിക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, ഒരു പരമശത്രു പോലും തിരുമേനിയുടെ ധാര്‍മികതയെയോ സദാചാരത്തെയോ ചോദ്യം ചെയ്തിട്ടില്ല.

കാല സാക്ഷ്യം
മറ്റൊരു കാര്യം കൂടി ചിന്തനീയമായിട്ടുണ്ട്. പ്രവാചകത്വത്തിന് മുമ്പത്തെ തിരുമേനിയുടെ നാല്‍പത് വര്‍ഷത്തെ ജീവിതം ഏതായാലും പരിശുദ്ധം തന്നെ. എന്നാല്‍, പ്രവാചകത്വം ലഭിക്കുന്നതിന്റെ ഒരു ദിവസം മുമ്പ് പോലും തിരുമേനി മുമ്പേ പ്രവാചകത്വത്തിനായി തയാറെടുത്തു വരികയായിരുന്നുവെന്ന് ഒരാള്‍ക്ക് പോലും പറയാന്‍ സാധിച്ചിട്ടില്ല. ഒരു ദിവസം മുമ്പ് പോലും ആരും തിരുമേനിയില്‍നിന്ന് അങ്ങനെയൊരു വര്‍ത്തമാനവും കേട്ടിട്ടില്ല. തിരുമേനി മതപരമായൊരു അവകാശവുമായി എഴുന്നേല്‍ക്കാന്‍ പോവുകയാണെന്ന് എന്നെങ്കിലും ചിന്തിക്കാന്‍ മാത്രം ഒരു കര്‍മരീതിയും തിരുമേനിയില്‍നിന്ന് കാണാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ എന്തെങ്കിലും കണ്ടിരുന്നെങ്കില്‍, താങ്കളുടെ പ്രവാചകത്വ വാദത്തിന്റെ കള്ളി എന്താണെന്ന് ഞങ്ങള്‍ക്കറിയാം എന്ന് അവര്‍ക്ക് പറയാന്‍ കഴിയുമായിരുന്നു.

ചുറ്റുപാടിന്റെ സാക്ഷ്യം
ഇതിനു ശേഷം മക്കയില്‍ നബി കഴിച്ചുകൂട്ടിയ പതിമൂന്ന് വര്‍ഷക്കാലയളവില്‍ തിരുമേനിയില്‍ വിശ്വസിച്ചവരെപ്പറ്റി കൂടി അല്‍പമൊന്ന് ചിന്തിച്ചു നോക്കുക. ആരായിരുന്നു അവര്‍? സ്വന്തം ജന്മദേശത്തിലെ സ്വന്തം ഗോത്രത്തിലെ ഏതാനും പേർ മാത്രമായിരുന്നു അവര്‍. പിന്നെ, തിരുമേനിയില്‍ വിശ്വസിക്കാന്‍ വിസമ്മതിച്ച ജനങ്ങളുമുണ്ട്. രണ്ടു കൂട്ടരുടെയും കര്‍മരീതികള്‍ നിങ്ങള്‍ നിരീക്ഷിക്കുക. നാല്‍പത് വര്‍ഷം തിരുമേനി ആരുടെ കൂടെ ജീവിച്ചോ അവര്‍ തന്നെയായിരുന്നു തിരുമേനിയില്‍ വിശ്വസിച്ചവരും. നബിതിരുമേനിയുടെ ജീവിതത്തിന്റെ ഒരു മൂലയും അവരുടെ ദൃഷ്ടികള്‍ക്കതീതമായിരുന്നില്ല. ഒരാള്‍ക്ക് സ്വന്തം ജന്മനാടിന് പുറത്ത് തന്റെ മഹത്വം കൊട്ടിപ്പാടി നടക്കാന്‍ കഴിയുമെന്ന് വ്യക്തം. ആളുകള്‍ അയാളില്‍ വിശ്വസിക്കാനും സാധ്യതയുണ്ട്. എന്നാല്‍, ശൈശവം മുതല്‍ കൗമാരം വരെ, കൗമാരം മുതല്‍ മധ്യവയസ്സ് വരെ സ്വന്തം നാട്ടില്‍ നാട്ടുകാരോടൊപ്പം ജീവിച്ച ഒരാളെ സംബന്ധിച്ച് അയാളുടെ വിശുദ്ധ ജീവിതത്തിന് നേര്‍സാക്ഷികളാകാത്ത കാലത്തോളം അയാള്‍ യഥാര്‍ഥത്തില്‍ തന്നെ പ്രവാചകനാണെന്ന് പറയാന്‍ സാധിക്കുകയില്ല.
നബിതിരുമേനിയില്‍ വിശ്വസിച്ചവര്‍ തിരുമേനിയുടെ അത്യുന്നത സ്വഭാവശുദ്ധി കണ്ടറിഞ്ഞവരായിരുന്നു. അതുകൊണ്ടാണ് തിരുമേനിയുടെ പ്രവാചകത്വ അവകാശവാദം തികച്ചും സത്യസന്ധമാണെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചത്.

വാക്കും പ്രവൃത്തിയും
ഇനി നിങ്ങള്‍ തിരുമേനിയുടെ കര്‍മരീതി നോക്കുക.
ഇസ് ലാമിന്റെ ശത്രുക്കളുടെ തിന്മകളെ തിരുമേനി വിമര്‍ശിക്കാറുണ്ടായിരുന്നു. ആ സമൂഹത്തെ ഗ്രസിച്ചിരുന്ന ഓരോരോ ന്യൂനതകളും പിടികൂടി ആളുകളെ തിരുമേനി നന്മയിലേക്ക്  ക്ഷണിച്ചുകൊണ്ടിരുന്നു. എന്നാല്‍, തിരുമേനിയെ കളവാക്കാനും എതിര്‍ക്കാനും കച്ചകെട്ടിയിറങ്ങിയവരില്‍ ആരും തിരുമേനിയെ അഭിമുഖീകരിച്ചു, താങ്കള്‍ ഏതൊരു തിന്മയുടെ പേരില്‍ ഞങ്ങളെ വിമര്‍ശിക്കുന്നോ അത് താങ്കളില്‍ തന്നെ കാണുന്നുണ്ടല്ലോ എന്നോ, താങ്കള്‍ ഞങ്ങളെ ഉപദേശിക്കുന്ന നന്മകള്‍ താങ്കളുടെ ജീവിതത്തില്‍ കാണപ്പെടുന്നില്ലല്ലോ എന്നോ പറയാന്‍ ധൈര്യപ്പെട്ടിരുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇതു മാത്രമല്ല, പ്രവാചകന്‍ പുലര്‍ത്തിയിരുന്ന ഉന്നത ക്യാരക്ടര്‍ തിരുമേനിയുടെ ശത്രുക്കളില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നുവെന്ന് ഒറ്റ സംഭവത്തില്‍നിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്. അത്തരം സംഭവങ്ങള്‍ ധാരാളം ഉദ്ധരിക്കാന്‍ കഴിയുമെങ്കിലും ഞാനിവിടെ ഒരു സംഭവം മാത്രം ഉദാഹരണാര്‍ഥം സമര്‍പ്പിക്കുകയാണ്.

നിഷേധികളും നിസ്സഹായരാകുന്നു
മക്കയില്‍ പ്രവാചകന്റെ ഏറ്റവും വലിയ ശത്രു അബൂ ജഹ്്ലായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരിക്കല്‍ പ്രവാചകന്‍ കഅ്ബയുടെ ഒരു മൂലയില്‍ ഇരിക്കുകയായിരുന്നു. മറ്റൊരു വശത്ത് ഖുറൈശി പ്രഭുക്കന്മാര്‍ സംഘം ചേര്‍ന്ന് ഇരിക്കുന്നുണ്ട്. അതിനിടെ മക്കക്ക് പുറത്തുള്ള ഏതോ ഗോത്രത്തിലെ ഒരാള്‍ ആവലാതിയുമായി ഖുറൈശികളുടെ അരികില്‍ വന്നു. എന്നോട് അബൂ ജഹ്്ല്‍ ഒരു ഒട്ടകം വാങ്ങിയിട്ടുണ്ടെന്നും അതിന്റെ വില തരാതെ കളിപ്പിക്കുകയാണെന്നും അയാള്‍ ഖുറൈശികളോട് പരാതിപ്പെട്ടു. പുറനാട്ടുകാരനായ എനിക്ക് ഇവിടെ ബന്ധുക്കളാരുമില്ലെന്നും ഒട്ടകത്തിന്റെ വില ഈടാക്കിത്തന്ന് എന്റെ പരാതി പരിഹരിച്ചുതരണമെന്നും കൂടിയിരുന്നവരോട് അയാള്‍ അപേക്ഷിച്ചു. ഖുറൈശി തലവന്മാര്‍ ആ വ്യക്തിയെ പരിഹസിക്കാനെന്നോണം നബിയുടെ നേരെ വിരല്‍ ചൂണ്ടി, മുന്നിലിരിക്കുന്ന അയാളെ സമീപിച്ചാല്‍ ടിയാന്‍ നിങ്ങള്‍ക്കവകാശപ്പെട്ട പണം ഈടാക്കിത്തരുമെന്ന് പറഞ്ഞു. ആ ശുദ്ധാത്മാവ് നേരെ തിരുമേനിയുടെ അടുത്ത് ചെന്ന് സ്വന്തം പരാതിയുടെ കെട്ടഴിച്ചു. തിരുമേനിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് കൗതുകപൂര്‍വം നോക്കിയിരിക്കുകയായിരുന്നു ഖുറൈശികള്‍. അയാളുടെ കൈയും പിടിച്ച് തിരുമേനി അബൂ ജഹ്്ലിന്റെ വസതിക്ക് നേരെ നടന്നുനീങ്ങുന്നത് കണ്ട അവര്‍ അമ്പരന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാന്‍ അവരും അയാളുടെ പിന്നാലെ പോയി. നബിതിരുമേനി അബൂ ജഹ്്ലിന്റെ വീട്ടിന്റെ വാതിലിന് മുട്ടി. വാതില്‍ തുറന്ന് പുറത്തു വന്ന അബൂ ജഹ്്ല്‍ മുന്നില്‍ നബിതിരുമേനി നില്‍ക്കുന്നതാണ് കണ്ടത്. ഇയാളില്‍നിന്ന് ഒട്ടകത്തെ വാങ്ങിയ നിങ്ങള്‍ അതിന്റെ വില കൊടുക്കാതെ ബുദ്ധിമുട്ടിക്കുകയാണെന്നും ഉടനെ കാശ് കൊടുക്കണമെന്നും അബൂ ജഹ്്ലിനോട് നബി ആവശ്യപ്പെട്ടു. അബൂ ജഹ്്ല്‍ താമസംവിനാ വീട്ടിനകത്ത് കയറി കാശുമെടുത്ത് തിരിച്ചുവന്ന് അയാള്‍ക്ക് കൊടുത്തുവീട്ടി. തന്റെ കൊടിയ ശത്രുവിന്റെ മേല്‍ പ്രവാചക വ്യക്തിത്വത്തിന്റെ സ്വാധീനം എത്ര ഗംഭീരമായിരുന്നുവെന്ന് ഇതില്‍നിന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്. മക്കയിലൊരാള്‍ക്കും അബൂ ജഹ്്ലിനെ ഇമ്മട്ടില്‍ നേരിടാനുള്ള ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍, പ്രവാചകന്‍ അയാളുടെ അടുത്ത് ചെന്ന് ഒരു മര്‍ദിതന്റെ അവകാശം വീണ്ടെടുത്തുകൊടുത്തു. പ്രതിയോഗികള്‍ക്ക് പോലും തിരുമേനിയുടെ മുന്നില്‍ തല ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രവാചകന്റെ ജീവിതത്തില്‍ നേരിയൊരു കളങ്കമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അബൂ ജഹ്്ലിനെപ്പോലുള്ള ഒരു കൊടിയ ശത്രു അതിനു നേരെ വിരല്‍ ചൂണ്ടാതിരിക്കുമായിരുന്നില്ല. പക്ഷേ, അവിടെ അങ്ങനെയൊരു കളങ്കമേ ഉണ്ടായിരുന്നില്ല.
അതിനു ശേഷം തിരുമേനിയുടെ മദീനയിലെ ജീവിതം കൂടി ഒന്ന് നോക്കുക.

മാനവ ചരിത്രത്തിൽ  ഒരേയൊരു ഉദാഹരണം
നബിതിരുമേനി മദീനയില്‍ 13 വര്‍ഷം ജീവിക്കുകയുണ്ടായി. 'ദൈവദൂതനിൽ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്' എന്ന് ഖുര്‍ആനില്‍ പറഞ്ഞ വിധം ജനങ്ങള്‍ക്ക് ഉത്തമ മാതൃകയായിട്ടായിരുന്നു മദീനയില്‍ തിരുമേനിയുടെ ജീവിതം. ഒരു സമൂഹത്തില്‍ രാജ്യത്തെ മുഴുവന്‍ ആളുകളോട്, ഇന്ന വ്യക്തി നിങ്ങള്‍ക്ക് ഉത്തമ മാതൃകയാണെന്ന് പറയുക ഒരു ചില്ലറക്കാര്യമല്ല. നബിതിരുമേനി തന്റെ ജീവിതത്തെ ഒരു തുറന്ന പുസ്തകം പോലെ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചിരുന്നു എന്നതാണ് യാഥാര്‍ഥ്യം. അദ്ദേഹത്തിന്റെ യാതൊന്നും സ്വകാര്യമായിരുന്നില്ല. എല്ലാം പബ്ലിക്ക് ആയിരുന്നു. ഏതു നിമിഷം വേണമെങ്കിലും ആളുകള്‍ക്ക് അദ്ദേഹത്തിന്റെ ജീവിതം കാണാനും വാക്കുകള്‍ കേള്‍ക്കാനും അവ ആളുകള്‍ക്ക് എത്തിച്ചുകൊടുക്കാനും മാത്രമല്ല, പരിശുദ്ധകളായ തിരു പത്‌നിമാരോട് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സ്വകാര്യതകള്‍ പോലും അന്വേഷിച്ചറിയാനും അനുവാദമുണ്ടായിരുന്നു. ജീവിതത്തിന്റെ ഒരു വശവും തങ്ങളില്‍നിന്ന് ഒട്ടും മറഞ്ഞുപോകാതെ അത്രയും തുറന്ന ഒരു ജീവിതം പൊതുജനമധ്യേ പത്ത് വര്‍ഷത്തോളം ഒരു വ്യക്തി നയിക്കുകയായിരുന്നു എന്നതാണ് അതിന്റെ അര്‍ഥം. അല്ലാഹുവിന്റെ ദൂതന്നല്ലാതെ ഒരു മനുഷ്യന്നും ഈ പരീക്ഷണത്തെ പൂര്‍ണമായി അതിജീവിക്കാന്‍ സാധ്യമല്ല എന്നതാണ് യാഥാര്‍ഥ്യം. ഓരോ നിമിഷവും ഓരോരോ വശവും അവലോകനം ചെയ്യുക, എന്നിട്ട് ഏതെങ്കിലും വശത്തില്‍ അയാളില്‍ എന്തെങ്കിലും ന്യൂനതയും പോരായ്മയും ദൗര്‍ബല്യവും അസംസ്‌കൃത ഘടകവും കണ്ടെത്താന്‍ കഴിയാതിരിക്കുക - ഒരാൾക്കുംതന്നെ പരീക്ഷിക്കുന്നതിന് സമര്‍പ്പിക്കാന്‍ കഴിയാത്ത ഒരു ഉരകല്ലാണിത്. ഒരിടത്തും ഒരു ന്യൂനതയും കണ്ടെത്താന്‍ കഴിയാത്തത് എന്നു മാത്രമല്ല, അയാളെ ഏതൊരു വശത്തിലൂടെ നോക്കിയാലും അവിടെയത്രയും പൂര്‍ണതയുള്ള ഒരു മനുഷ്യനായി കാണാം എന്നത് കൂടിയായിരുന്നു ഈ പരീക്ഷണത്തിന്റെ സവിശേഷത. യഥാര്‍ഥത്തില്‍ തന്നെ ആളുകള്‍ക്ക് അയാളെ സംബന്ധിച്ച്, ഇയാള്‍ തന്നെയാണ് തങ്ങളുടെ ഉത്തമ മാതൃക എന്ന് ജനം സമ്മതിക്കുന്നതായിരുന്നു ആ മാതൃക. മാനവ ചരിത്രത്തില്‍ ദൈവദൂതന് മാത്രം അവകാശപ്പെടാവുന്നതായിരുന്നു ഇങ്ങനെയൊരു പദവി.
തിരുമേനിയുടെ ഗാര്‍ഹിക ജീവിതം നിരീക്ഷിച്ചു നോക്കുക: അവിടെ ഏറ്റവും നല്ല ഒരു ഭര്‍ത്താവും ഏറ്റവും നല്ല ഒരു പിതാവുമാണദ്ദേഹം. വീടിനു പുറത്തെ ജീവിതം നോക്കുക; ഏറ്റവും നല്ല സുഹൃത്തും ഏറ്റവും നല്ല അയല്‍വാസിയുമാണദ്ദേഹം. ഇടപാടുകളില്‍ ഏത് ഇടപാടാകട്ടെ അവിടെയെല്ലാം തനിത്തങ്കമായി നിങ്ങള്‍ക്കദ്ദേഹത്തെ കാണാന്‍ കഴിയും. ന്യായാസനത്തിലിരുന്നാല്‍ കലര്‍പ്പറ്റ നീതി പുലർത്തും. ദുഃഖിതനും സന്തോഷഭരിതനും കോപിഷ്ഠനും സ്‌നേഹരൂപനുമായെല്ലാം അദ്ദേഹത്തെ കണ്ടെന്നു വരാം. എന്നാല്‍, ഈ അവസ്ഥകളിലൊന്നിലും തിരുവക്ത്രത്തില്‍നിന്ന് സത്യവിരുദ്ധമായ ഒരു വാക്കും പുറത്തുവന്നതായി കാണാന്‍ കഴിയില്ല. പത്ത് വര്‍ഷങ്ങളായി ജനം തിരുമേനിയുടെ വാക്കുകള്‍ കേട്ടുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ മുമ്പാകെ അത് എത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ജിഹ്വയില്‍നിന്ന് ഒരിക്കല്‍പോലും സത്യവിരുദ്ധമായ ഒരു വാക്കും ഉദ്ധരിക്കപ്പെടുകയുണ്ടായില്ല. എത്രത്തോളമെന്നാല്‍, രോഷാവസ്ഥയില്‍ പോലും ആരോടും ഒരു ചീത്ത വാക്ക് ഉപയോഗിക്കുകയുണ്ടായില്ല. ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചേടത്തോളം ഇങ്ങനെയൊന്ന് സാധ്യമല്ലാത്തതാണ്.

ശത്രുക്കള്‍ക്കും സൗഹൃദം
ഇതോടൊപ്പം നിങ്ങള്‍ മറ്റൊന്നു കൂടി നോക്കുക. കടുത്ത ശത്രുക്കളുമായി അദ്ദേഹത്തിന് ഏറ്റുമുട്ടേണ്ടിയും വന്നിട്ടുണ്ട്. എങ്കിലും ശത്രുക്കളോടും നീതിപൂര്‍വകമായേ അദ്ദേഹം പെരുമാറിയിട്ടുള്ളൂ. നീതി മാത്രമല്ല, കരുണയും കാണിക്കുകയുണ്ടായി. മക്കാ വിജയ കാലത്ത് ശത്രുക്കള്‍ അദ്ദേഹത്തിന്റെ മുന്നില്‍ കൈയും കെട്ടി തലകുനിച്ചു നിന്ന സംഭവം പ്രസിദ്ധമാണ്. പതിമൂന്ന് വര്‍ഷം മക്കയില്‍ തിരുമേനിയെ പലവിധേനയും ദ്രോഹിച്ചവരായിരുന്നു അവര്‍. പലായനം ചെയ്ത് മദീനയിലെത്തിയ ശേഷവും അദ്ദേഹത്തിന് സ്വസ്ഥത നല്‍കിയില്ല. എന്നിട്ടും അന്ന് അവര്‍ക്കെല്ലാം മാപ്പ് നല്‍കി. 'ഇന്ന് നിങ്ങളോട് ഒരു പ്രതികാരവുമില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്. യുദ്ധക്കുറ്റവാളികള്‍ മാത്രമായിരുന്നു അതില്‍നിന്നൊഴിവ്. വിരലിലെണ്ണാവുന്ന ഏതാനും യുദ്ധക്കുറ്റവാളികളൊഴികെ എല്ലാവര്‍ക്കും മാപ്പ് കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്.

കരാര്‍ പാലനം
സദാ തിരുമേനിയുമായുള്ള ഉടമ്പടികള്‍ ലംഘിച്ച ശത്രുക്കളോടു പോലും പകരം അദ്ദേഹം ഉടമ്പടികള്‍ ലംഘിച്ചില്ല. കരാര്‍ ലംഘിച്ചതായി ഒരു ശത്രുവിന് പോലും അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കാന്‍ സാധിക്കുകയുണ്ടായില്ല. എന്തായിരുന്നു ആ കരാറുകളുടെ അവസ്ഥ എന്നതിന്റെ മകുടോദാഹരണമാണ് ഹുദൈബിയാ സന്ധി. ആ സന്ധിയിലെ ഉപാധികളിലൊന്ന്, മക്കയില്‍നിന്ന് മുസ് ലിമായി ആരെങ്കിലും മദീനയില്‍ തിരുമേനിയുടെ അടുത്തെത്തിയാല്‍ അവരെ മടക്കി അയക്കണം എന്നതായിരുന്നു. എന്നാല്‍, മദീനയില്‍നിന്ന് ആരെങ്കിലും മക്കയിലേക്ക് ഒളിച്ചോടി വന്നാല്‍ അവരെ ഖുറൈശികള്‍ മടക്കി അയക്കേണ്ടതില്ല എന്നതും സന്ധിയുടെ ഭാഗമായിരുന്നു. ആ ഉപാധികള്‍ അംഗീകരിച്ചപ്പോഴാണ് മക്കയിൽനിന്ന് അബൂ ജന്‍ദല്‍ മുസ് ലിമായി നബിതിരുമേനിയുടെ സന്നിധിയിലെത്തിയത്. ശരീരമാസകലം മര്‍ദനത്തിന്റെ പാടുകളുമായാണ് അദ്ദേഹം എത്തിയത്. കാലുകളില്‍ ഭാരമുള്ള ചങ്ങലയുണ്ടായിരുന്നു.  താന്‍ മുസ് ലിമായാണ് വന്നിരിക്കുന്നതെന്ന് അദ്ദേഹം തിരുമേനിയോട് പറഞ്ഞു. അതിന്റെ പേരില്‍ കടുത്ത മര്‍ദനങ്ങൾക്കിരയായിരിക്കുകയാണ് താന്‍. അതിനാല്‍, ദൈവത്തെ ഓര്‍ത്ത് ആ മര്‍ദകരില്‍നിന്ന് എനിക്ക് രക്ഷ നല്‍കിയാലും എന്ന് അദ്ദേഹം നബിയോട് യാചിച്ചു. 'സഹോദരാ, കരാറിലൊപ്പിട്ടു കഴിഞ്ഞുപോയി, ഇനി എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല' എന്നാണ് അപ്പോള്‍ തിരുമേനി അദ്ദേഹത്തോട് പറഞ്ഞത്. ആലോചിച്ചു നോക്കൂ: പതിനാലായിരം പടയാളികള്‍ അപ്പോള്‍ തിരുമേനിയോടൊപ്പമുണ്ട്. എല്ലാവരും ഖഡ്ഗധാരികള്‍. തിരുമേനിയുടെ ഒരാംഗ്യം മാത്രം മതിയായിരുന്നു അബൂ ജന്‍ദലിനെ രക്ഷിച്ചെടുക്കാന്‍. പക്ഷേ, ഉടമ്പടിയുടെ ഉപാധികള്‍ അംഗീകരിച്ചു കഴിഞ്ഞതിനാല്‍ ഉടമ്പടി പാലിച്ചുകൊണ്ട് അബൂ ജന്‍ദലിന്റെ അപേക്ഷ അദ്ദേഹം സ്വീകരിച്ചില്ല. മക്കയിലേക്ക് തന്നെ അദ്ദേഹത്തെ തിരിച്ചയച്ചു. ഇതിനെക്കാള്‍ വലിയ കരാര്‍ പാലനത്തിന്റെ മാതൃക വേറെയുണ്ടോ?
സമ്പൂര്‍ണ നേതാവ്
ചുരുക്കത്തില്‍, നബിതിരുമേനിയുടെ ജീവിതത്തിന്റെ ഏത് മേഖല പരിശോധിച്ചാലും അവിടെയൊക്കെ ഒരു പൂര്‍ണ മനുഷ്യനെയായിരിക്കും നിങ്ങള്‍ കാണുക. തിരുമേനിയുടെ വിശുദ്ധാസ്തിത്വം മാനവതയുടെ ഏറ്റവും ഉന്നതമായ നിദര്‍ശനമായിരുന്നു. അതിന്റെ ഏത് വശം പരിശോധിച്ചാലും യാതൊരു കളങ്കവും അസംസ്‌കൃതഭാവവും നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയുകയില്ല. തിരുമേനി അല്ലാഹുവിന്റെ ദൂതനും നമുക്ക് ഏറ്റവും അവലംബിക്കാവുന്ന നേതാവുമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഘടകവും ഇതുതന്നെ. എല്ലാ അര്‍ഥത്തിലും ഒരാള്‍ വിശ്വസനീയമാണെന്ന് ഉറച്ച ബോധ്യം ഉണ്ടാവാത്ത കാലത്തോളം ഒരാള്‍ക്കും അയാളുമായി കൈകോര്‍ക്കാനോ സമാധാനത്തോടെ അയാളെ പിന്തുടരാനോ സാധ്യമല്ല. ഇവ്വിധം സമ്പൂര്‍ണവും വിശ്വസനീയവുമായ ക്യാരക്ടറോടു കൂടി നബിതിരുമേനിയെയല്ലാതെ മറ്റാരെയാണ് മനുഷ്യ ചരിത്രത്തില്‍ കാണാനാവുക? മാനവതയുടെ തികവുറ്റ നേതാവായി നബിതിരുമേനിയുടെ സവിശേഷ ഗുണങ്ങളോടു കൂടി അംഗീകരിക്കാവുന്ന മറ്റൊരാളുമില്ലെന്നതാണ് യാഥാര്‍ഥ്യം എന്ന് പറയുന്നത് ഇക്കാരണത്താലാണ്. ഇതര പ്രവാചകന്മാരും അല്ലാഹുവാല്‍ നിയുക്തരായവരാണെന്ന് നാം വിശ്വസിക്കുന്നത് നമ്മുടെ നബി മുഖേന നമുക്കത് ലഭിച്ചിട്ടുള്ളതിനാലാണ്. കാരണം, അവരെ സംബന്ധിച്ച് പരാമര്‍ശിക്കുന്ന ഇതര വേദങ്ങളുടെയൊക്കെ ഇന്നത്തെ അവസ്ഥ കോലം കെട്ട നിലയിലാണുള്ളത്. അവരുടെ സ്വഭാവ ഘടനയെക്കുറിച്ച് ആ വേദങ്ങള്‍ സമര്‍പ്പിക്കുന്ന ചിത്രം അബദ്ധജടിലമാണ്.
കൂടാതെ ആ പ്രവാചകന്മാരുടെ ജീവിതത്തിന്റെ വിശദാംശങ്ങള്‍ അവരെ പിന്‍പറ്റാന്‍ കഴിയുംവിധമുള്ള യാതൊരു രേഖകളും സുരക്ഷിതമായി ഇന്ന് നിലനില്‍ക്കുന്നുമില്ല. നാം അവരില്‍ വിശ്വസിക്കുന്നു എന്നത് ശരി തന്നെ. പക്ഷേ, അവരുടെ ജീവിതരേഖകള്‍ സംരക്ഷിക്കപ്പെടാത്തതിനാല്‍ അവരില്‍നിന്ന് നമുക്ക് മാര്‍ഗദര്‍ശനം ലഭിക്കുക സാധ്യമല്ല. ഇതില്‍നിന്ന് ഭിന്നമാണ് നബിതിരുമേനിയുടെ ജീവിതം. നമ്മുടെ ജീവിതത്തിന്റെ ഓരോ വശത്തിനും ആ ജീവിതത്തില്‍നിന്ന് വെളിച്ചം ലഭിക്കുമാര്‍ സമ്പൂര്‍ണവും സുവിശദവുമായ രീതിയില്‍ സുരക്ഷിതമാണ് ആ ജീവിത രേഖകള്‍. മനുഷ്യ ജീവിതത്തിന്റെ ഒരു വശവും നബിതിരുമേനി മാര്‍ഗദര്‍ശനം ചെയ്യാത്തതായോ ശിഷ്യന്മാര്‍ അത് സംരക്ഷിക്കാത്തതായോ ഇല്ല. സ്വകാര്യ ജീവിതമാകട്ടെ, കുടുംബ ജീവിതമാകട്ടെ, വ്യാപാര മേഖലയാകട്ടെ, ഭരണമണ്ഡലമാകട്ടെ, സമാധാനമാകട്ടെ, യുദ്ധമാകട്ടെ ജീവിതത്തിന്റെ ഏത് വശം നിങ്ങള്‍ നോക്കിയാലും ആ വശങ്ങളിലെല്ലാം  തിരുമേനിയുടെ സമ്പൂര്‍ണ മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയുന്നതാണ്. ചുരുക്കത്തില്‍, എല്ലാ അര്‍ഥത്തിലും തിരുമേനി പൂര്‍ണത നേടിയ ഒരു നേതാവായിരുന്നു. അങ്ങേയറ്റം അവലംബനീയമായ ജീവിത ചര്യയുടെ ഉടമ. മാനവ സമൂഹത്തിന് സമ്പൂര്‍ണ മാര്‍ഗദര്‍ശനം ചെയ്യുന്ന മഹദ് ജീവിതം.
നബിതിരുമേനിയുടെ ഈ അസ്തിത്വം ഉള്ളതോടൊപ്പം മറ്റുള്ളവരെ ആരെങ്കിലും നേതാക്കളായി അംഗീകരിച്ച് അവരെ പിന്തുടരുകയാണെങ്കില്‍ അന്ധനെന്നാണ് അയാളെപ്പറ്റി ഞാന്‍ പറയുക. എവിടെയാണ് വെളിച്ചമെന്ന് അയാള്‍ കാണുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഒരുവശത്ത് അയാളെ നയിക്കാന്‍ ഏറ്റവും ഉത്തമനായൊരു മാര്‍ഗദര്‍ശി നിലവിലുണ്ട്. മറുവശത്ത് അയാള്‍ ആരുടെ പിന്നാലെയാണോ പോകുന്നത് അയാളുടെ ജീവിതം പരസഹസ്രം ന്യൂനതകളുടെ കൂമ്പാരമാണെന്ന് അയാള്‍ക്ക് തന്നെ അറിയാം. ഇനി ഒരാളുടെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു വശം ഉന്നതമാണെന്ന് സങ്കല്‍പിച്ചാല്‍ തന്നെ മറ്റെല്ലാ വശങ്ങളിലും മാര്‍ഗദര്‍ശനത്തിന് കൊള്ളാത്ത അത്യന്തം ന്യൂനതകളുള്ള ആളായിരിക്കും അയാള്‍.
ദൈവദൂതന്റെ ഗുണ മാഹാത്മ്യങ്ങള്‍ എണ്ണിക്കണക്കാക്കാന്‍ കഴിയാത്ത ഒരു മഹാ സാഗരമാണ്. എന്നാല്‍, അത് വര്‍ണിക്കുകയല്ല നമ്മുടെ ദൗത്യം. അതും പ്രതിഫലാര്‍ഹമായ ഒരു സംഗതി തന്നെയാണ്. നബിയെ പിന്തുടരുകയും ആ ഉത്തമ മാതൃകയില്‍ ചരിക്കുകയുമാണ് നമുക്ക് ചെയ്യാനുള്ള കടമ. തിരുമേനിയെ പിന്തുടരലാണ് തിരുമേനിക്കുള്ള നമ്മുടെ യഥാര്‍ഥ സ്തുതികീര്‍ത്തനം* (ആയീന്‍ വാരിക, 1970 മെയ് 14). l
വിവ: വി.എ.കെ
* 1970 മെയ് 7-ന് 'നബി സ്മരണ' എന്ന ശീര്‍ഷകത്തില്‍ പാകിസ്താനിലെ ഹോട്ടല്‍ ഇന്റര്‍ കോണ്ടിനെന്റില്‍ ചെയ്ത പ്രഭാഷണം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 13-14
ടി.കെ ഉബൈദ്

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്